തിരിച്ചറിവ്
Story written by KANNAN SAJU
” സ്വന്തം ഭാര്യ വേറൊരുത്തന്റെ കൂടെ പോയില്ലേ സർ…! ഇനി ഇപ്പൊ ഞാൻ എന്നാ വലിയ പോലീസുകാരൻ ആണെന്ന് പറഞ്ഞിട്ടും എന്നാ കാര്യം? “
ക്ലബ്ബിൽ ഇരുന്നു തന്റെ ഏട്ടാമത്തെ പെഗ് മ ദ്യവും അകത്താക്കിക്കൊണ്ട് ഗണേഷ് മേലുദ്യഗസ്ഥനോട് പറഞ്ഞു…
” ഒരാളുടെയും മനസ്സ് നമ്മുടെ കയ്യിൽ അല്ലല്ലോ ഗണേഷ്.. തന്നെ പോലെ കഴിവുള്ള ഒരു പോലീസ് ഓഫീസർ ഇങ്ങനെ കുടിച്ചു നശിക്കുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു…
” എന്ത് കഴിവുണ്ടായിട്ടും കാര്യമില്ലല്ലോ സർ…! ഭാര്യയെ സംതൃപ്തി പെടുത്താൻ കഴിയാത്തവനെ ആണായി കാണാൻ ആരേലും തയ്യാറാവോ? “
” പക്ഷെ ഇങ്ങനെ കുടിച്ചതുകൊണ്ട് എല്ലാം മാറുവോ ഗണേഷ്? തന്റെ മകന്റെ കാര്യം കൂടി ഓർക്കണ്ടേ? “
ഗണേഷ് മൗനമായി ഇരുന്നു..
” താൻ ഇടയ്ക്കെങ്കിലും തന്റെ ഇപ്പോഴത്തെ കോലം ഒന്ന് കണ്ണാടിയിൽ നോക്കണം…എന്നിട്ടു പഴയ ഫോട്ടോയും ഒന്ന് നോക്കണം.. എട്ടു ഗുണ്ടകളെ ആയുധങ്ങൾ ഏതും ഇല്ലാതെ ഒറ്റയ്ക്ക് നേരിട്ട് കീഴടക്കിയ ഒരു ഗണേഷ് ഉണ്ടായിരുന്നു. കണ്ടു നിന്ന നാട്ടുകാർ ഒക്കെ ഒരു സൂപ്പർ ഹീറോ സിനിമ കാണുന്ന പോലെ കയ്യടിച്ച നിമിഷങ്ങളും.. ബുദ്ധികൊണ്ടും ശക്തികൊണ്ടും തന്നെ വെല്ലാൻ പൊന്നൊരു പോലീസ് ഓഫീസറെ എന്റെ ഓദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.. അങ്ങനൊരാൾ ഈ അവസ്ഥയിൽ “
” എല്ലാം പോയി സർ… അവളായിരുന്നു എനിക്ക് എല്ലാം… അവൾ കൂടെ ഉള്ളതായിരുന്നു എന്റെ ധൈര്യം… ഇപ്പൊ ഞാൻ ആരും അല്ലാ.. “
” ഉം.. എന്തായാലും ഞാൻ പറയാൻ ഉള്ളതു പറഞ്ഞു.. ബാക്കി എല്ലാം തന്റെ കയ്യിൽ ആണ് “.
വീട്ടിൽ എത്തിയ ഗണേഷ് മകന്റെ റൂമിലേക്ക് കണ്ണോടിച്ചു…
” മോൻ ഇതുവരെ ഉറങ്ങിയില്ലേ? “
അവൻ ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ ഇരുന്നു..
” എന്നാടാ.. ശൂ വാങ്ങാൻ ഉള്ള പൈസ അച്ഛൻ അക്കൗണ്ടിലേക്ക് ഇട്ടിരുന്നല്ലോ..കിട്ടിയില്ലേ? “
അവൻ മുഖമുയർത്തി ഗണേഷിനെ നോക്കി
” എനിക്കിവിടെ മടുത്തു അച്ഛാ “
ഗണേഷിന്റെ നെഞ്ചു തകർന്നു… ” നീ എന്നാ പറഞ്ഞെ? “
” അമ്മ ഇല്ലാത്ത ഈ വീട്ടിൽ എനിക്ക് ശരിക്കും മടുത്തു “
” മോനേ.. എടാ.. അച്ഛൻ ഇല്ലേ നിനക്ക്…? “
” ഉണ്ടോ? “
അവന്റെ ചോദ്യം ഗണേഷിന്റെ ഉള്ളിൽ ആഴത്തിൽ കൊണ്ടു… ” നീ എന്താ ഇങ്ങനൊക്കെ ചോദിക്കുന്നെ? “
” അമ്മയെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നച്ഛാ.. ഈ വീട്ടിൽ ഞാൻ ഒറ്റക്കായ പോലെ.. എനിക്ക് പറ്റുന്നില്ല “
” കൊച്ചു കുട്ടികളെ പോലെ സംസാരിക്കല്ലേ ഉണ്ണി… അച്ഛനില്ലേ നിന്റെ കൂടെ..? നിനക്കിവിടെ എന്തിനാ ഒരു കുറവുള്ളത്? “
” എനിക്ക് എല്ലാം ഉണ്ടച്ചാ.. ഇഷ്ടം ഉള്ള ഭക്ഷണം ഉണ്ടാക്കി തരാൻ വേലക്കാരി ഉണ്ട്..തുണി കഴുകി തരാൻ ജോലിക്കാർ ഉണ്ട്… ആവശ്യം ഉള്ളത് എന്തും വാങ്ങാൻ അക്കൗണ്ടിൽ പണം ഉണ്ട്… പക്ഷെ ഒന്ന് മാത്രം ഇല്ല “
ഗണേഷ് അവനെ സൂക്ഷിച്ചു നോക്കി
” സ്നേഹം… ഈ പ്രായത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അതാണ്…”
” അച്ഛന് നിന്ന ഇഷ്ടമല്ലെന്നാണോ മോൻ പറയുന്നത്..??? അച്ഛൻ നിന്നെ സ്നേഹിക്കുന്നില്ലെന്നാണോ മോൻ പറയുന്നത്? “
” അല്ല! സ്നേഹം ഉണ്ടായിരിക്കാം.. ഒരുപാട് ഉണ്ടായിരിക്കാം… പക്ഷെ ഒന്നും എനിക്ക് കിട്ടുന്നില്ല.. ഇപ്പൊ അമ്മയുടെയും.. അച്ഛന് ജോലി കഴിഞ്ഞിട്ടു സമയം ഇല്ല.. “
” നിനക്ക് വേണ്ടി അല്ലേ അച്ഛൻ കഷ്ട്ടപെടുന്നതെല്ലാം? “
” ആണോ ??? അച്ഛൻ എത്ര കഷ്ടപ്പെട്ടാലും കോടികൾ സമ്പാദിച്ചാലും ഒരു നിമിഷം പോലും എനിക്ക് വേണ്ടി മാറ്റി വെക്കാൻ അച്ഛന്റെ കയ്യിൽ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം അച്ഛാ “
” അവളെങ്ങാനും വന്നിരുന്നോ..??? നിന്നെ ബ്രെയിൻ വാഷ് ചെയ്തോ? “
” വെറുതെ എന്റെ അമ്മയെ കുറ്റം പറയരുത്? “
അവന്റെ മുഖം മാറുന്നത് കണ്ടു ഗണേഷിനു സങ്കടം തോന്നി…
” മോനേ അവളു നമ്മളെ ചതിച്ചിട്ടു പോയവൾ ആണ്… അവളെ നീ ഇപ്പോഴും “
” ആര് ചതിച്ചു.. എനിക്ക് പതിനഞ്ചു വയസ്സായി… ഇന്നത്തെ കാലത്തു സാമാന്യമെല്ലാം തിരിച്ചറിയാൻ എനിക്ക് പറ്റുന്നുണ്ട്.. അച്ഛനെപ്പോഴും അച്ഛന്റെ പ്രശസ്തി മാത്രമാണ് വലുത്.. ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ പരിഗണിക്കം പക്ഷെ ഒപ്പം കുടുംബം എന്നൊന്ന് ഇല്ലെന്നു കരുതി നടന്നാൽ എന്ത് ചെയ്യും…ജോലിക്കിടയിൽ എപ്പോഴെങ്കിലും ഒരു നിമിഷം അച്ഛൻ ഞങ്ങളെ പറ്റി ഓർത്തിട്ടുണ്ടോ? ഒന്ന് വിളിച്ചിട്ടുണ്ടോ? എത്ര രാത്രികളിൽ അച്ഛൻ വരുന്നതും കാത്തിരുന്ന് ഞാൻ തളർന്നു കിടന്നുറങ്ങിയിട്ടുണ്ടെന്നു അച്ഛനാറിയുവോ? നല്ല മാർക് വാങ്ങി ആ മാർക്ക് ലിസ്റ്റ് കാണിക്കാൻ കാത്തിരുന്നു ഒടുവിൽ അതിനു കഴിയാതെ കത്തിച്ചു കളഞ്ഞിട്ടുണ്ടെന്നു അച്ഛന് അറിയുവോ? “
ഗണേഷ് നിശബ്ദനായി….അല്പ നേരത്തെ മൗനത്തിനു ശേഷം
” അപ്പൊ അവളു പോവാൻ കാരണം ഞാൻ ആണെന്നാണോ നീ പറയുന്നേ? “
” ഞാൻ അമ്മയെ ന്യായീകരിച്ചതോ അച്ഛനെ കുറ്റപ്പെടുത്തിയതോ അല്ലാ.. ജീവിതം ഒന്നേ ഉള്ളൂ.. എല്ലാവര്ക്കും അവരവരുടേതായ ലക്ഷ്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാവും. പക്ഷെ അതൊരിക്കലും കൂടെ ഉള്ളവരെ മറന്നുകൊണ്ട് ആവരുത്. എല്ലാവരും ഒരുപോലെ അല്ലാ.. അച്ഛനെ പോലെ ചിലർ സ്നേഹം ഉള്ളിൽ ഒതുക്കും. അമ്മയെ പോലെ ചിലർ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കും.. ചിലർക്ക് ഒരുപാടു നാൾ പിടിച്ചു നിക്കാൻ ആയെന്നു വരില്ല.. ഇങ്ങനെ ഓടി നടന്നു ജോലി ചെയ്തിട്ട് ഒരല്പ സമയം പോലും കുടുംബത്തിന് വേണ്ടി മാറ്റി വെക്കാൻ ഇല്ലങ്കിൽ പിന്നെ ആ കുടുംബത്തിന് വേണ്ടി ആണെന്ന് പറഞ്ഞിട്ട് എന്താ അച്ഛാ കാര്യം… അച്ഛന്റെ കൂടെ ഒന്ന് സ്വസ്ഥമായി സംസാരിക്കുക എന്നത് പോലും വർഷങ്ങൾ ആയി ഞങ്ങൾക്ക് സ്വപ്നം മാത്രം ആയിരുന്നു. അച്ഛൻ ജോലിക്കും ഞാൻ സ്കൂളിലും പോയാൽ പിന്നെ അമ്മക്ക് ആരാ? എനിക്കു മിണ്ടാനും പറയാനും കൂട്ടുകാർ എങ്കിലും ഉണ്ട്.. ഏതു വണ്ടിയുടെ ശബ്ദം കേട്ടാലും അച്ഛൻ ആണെന്ന് കരുതി ഓടി എത്തി സന്തോഷത്തോടെ മുറ്റത്തേക്ക് നോക്കുന്ന അമ്മയെ എനിക്ക് ഇന്നും ഓർമയുണ്ട്. അവിടെ നിന്നും ഈ മാറ്റം എങ്ങനെ ഉണ്ടായി?
പരിഗണിക്കപ്പെടാനും സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും കൊതിക്കുന്നവർ ആണ് ഏതൊരു മനുഷ്യനും. അത് കിട്ടാതെ വരുമ്പോൾ അവര് വിഷമിക്കും. അച്ഛനിപ്പോഴും ഭാര്യ ഒളിച്ചോടി പോയതുകൊണ്ടുള്ള നാണക്കേടാണ് കൂടുതൽ.. അല്ലാതെ ഭാര്യയോടുള്ള സ്നേഹം കൊണ്ടുള്ള വേദന അല്ല.. ശരിയല്ലേ…? ആ വേദന അറിയണം എങ്കിൽ സ്നേഹം പ്രകടിപ്പിക്കണമായിരുന്നു.. അപ്പോൾ അതിനു തിരിച്ചു കിട്ടുന്ന സ്നേഹം അറിയണമായിരുന്നു.അത് അനുഭവിച്ചു അറിയാതിടത്തോളം നഷ്ടപ്പെട്ടാലും അതിന്റെ വില മനസ്സിലാവില്ല. അച്ഛനിനി ഷെർലോക് ഹോംസ് ആയാലും അലക്സാണ്ടർ ചക്രവർത്തിയെ പോലെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും സ്വന്തം ഭാര്യയെയും മകനെയും സ്നേഹിക്കുന്നതിൽ അച്ഛൻ പരാജയം അണച്ചാ.. “
പ്രായത്തെക്കാൾ പക്വതയോടെ ഉള്ള അവന്റെ സംസാരം അയ്യാളെ അതിശയിപ്പിച്ചു.
” ഇനി ഇപ്പൊ എന്റെ മനസ്സും മടുത്തു.. അമ്മയ്ക്കും അച്ഛനും ഒപ്പം ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല.. ഞാൻ അപ്പൂപ്പനെ വിളിച്ചിരുന്നു.. എന്നെ കൊണ്ടോവാൻ വരും.. തടയരുത്. ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്താവും! “
ഗണേഷ് ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു. നേരം വെളുത്തു ഗണേഷിന്റെ അച്ഛൻ വന്നു മോനേ കൂട്ടിക്കൊണ്ടു പോയി. ഒന്നും മിണ്ടാതെ ഗണേഷ് അതെല്ലാം നോക്കി നിന്നു.
അയാളിലെ വിഷാദ രോഗിയെ കൂടുതൽ ആഴത്തിലേക്കു താഴ്ത്തുന്നതായിരുന്നു ആ സംഭവങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾ അയ്യാളെ ഒരു ഭ്രാന്തനാക്കി. ജോലി ഉപേക്ഷിച്ചു. ഭക്ഷണം കുറഞ്ഞു മദ്യപാനം മാത്രമായി.
ഒരു രാത്രിയിൽ മടങ്ങി വരും വഴി ഗുണ്ടകൾ അയാളോടുള്ള പ്രതികാരം തീർത്തു. റോഡിൽ അയ്യാളെ വളഞ്ഞിട്ടു വെട്ടി. ബോധം വരുമ്പോൾ ആശുപത്രി കിടക്കയിൽ അയ്യാൾ ഒറ്റക്കായിരുന്നു. സുഖ വിവരങ്ങൾ അന്വേഷിച്ചു മടങ്ങിയ മകൻ ഒരു നിമിഷം കൂടി തന്റെ അരികിൽ നിന്നിരുന്നെങ്കിൽ എന്നയ്യാൾ ആഗ്രഹിച്ചു.
ആ വലിയ വീട്ടിലെ വീൽ ചെയറിൽ അയ്യാൾ ഒറ്റക്കായി… അക്കൗണ്ടിലെ പണം കുറഞ്ഞു കുറഞ്ഞു വന്നു. ജോലിക്കാരെ ഓരോരുത്തരെ ആയി പിരിച്ചു വിട്ടു. ഊന്നു വടിയുടെ സഹായത്തോടെ നടക്കാൻ തുടങ്ങിയപ്പോഴും ഒരു കൈക്കും ഒരു കാലിനും ബലക്കുറവ് ഇണ്ടായിരുന്നു.
ഒടുവിൽ ആ വീടും വിറ്റു… മിച്ചം വന്ന പണം അയ്യാൾ ഓൾഡ് ഏജ് ഹോമിൽ നൽകി അവിടെ അന്തേവാസി ആയി.
അവിടെ എല്ലാം നോക്കി നടത്തിക്കൊണ്ടിരുന്നത് ചെറുപ്പക്കാരി ആയ ഒരു പെൺകുട്ടി ആയിരുന്നു. അവൾ എല്ലാവരിലും പോസിറ്റീവ് ആയ ഒരു മനോഭാവം ഉണർത്തുന്നതായി അയ്യാൾക് അനുഭവപ്പെട്ടു. അമ്മമാരും അച്ഛന്മാരും അവളെ മകളെ പോലെ കണ്ടു സ്നേഹിക്കുന്നു. താൻ മാത്രമാണ് അവിടെ പ്രായം കുറഞ്ഞ ആൾ. അത്രയും വേഗം അവിടെ അഭയം പ്രാപിച്ച മറ്റാരും ഇല്ലായിരുന്നു. ആ പെൺകുട്ടി എപ്പോഴും സന്തോഷവതി ആയി കാണപ്പെട്ടു. അവുടുത്തെ ജോലിക്കാരിൽ നിന്നും അവൾ വലിയൊരു കുടുംബത്തിലെ കുട്ടിയാണെന്നും ഡോക്ടർ ആണെന്നും അയ്യാൾ മനസ്സിലാക്കി.
” കുട്ടി ഡോക്ടർ ആണല്ലേ? ” ഒടുവിൽ അവളെ ഒറ്റയ്ക്ക് കിട്ടിയ സമയം അദ്ദേഹം അവളോട് സംസാരിക്കുവാൻ ആരംഭിച്ചു
” അതെ ” അയ്യാളുടെ ചോദ്യം അവൾക്കു കൗതുകമായി തോന്നി..
” എന്തെ ഇവിടെ വന്നു ജോലി ചെയ്യാൻ? “
” ഇതെന്റെ സ്ഥാപനം ആണ് “
” ഓഹ്.. അറിയില്ലായിരുന്നു.. കുട്ടീടെ വീട്ടുകാർ ഒക്കെ പുറത്തല്ലേ.. പിന്നെന്തേ അങ്ങോടൊന്നും പോവാൻ നോക്കാത്തത്? “
” എനിക്ക് നാടാണ് ഇഷ്ടം “
അയ്യാൾ മൗനമായി
” ഭാര്യയെയും മകനെയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ അങ്കിളേ? “
അയ്യാൾ അത്ഭുദത്തോടെ അവളെ നോക്കി
” മ്മ്.. “
” ഇവിടെ ഉള്ളവരിൽ കൂടുതൽ പേരും അങ്ങനാണ്.. വേണ്ടപ്പെട്ടവരുടെ സ്നേഹം കിട്ടാത്തവർ “
” പക്ഷെ ഞാനിതു ചോദിച്ചു വാങ്ങിയതാണ് “
അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
” എനിക്ക് ജീവിതം മടുത്തു… എല്ലാത്തിനോടും ഒരു മടുപ്പു “
” നമുക്കു ഇഷ്ടപ്പെടുന്നതെന്തെങ്കിലും ചെയ്‌താൽ മാറ്റി എടുക്കാവുന്നതേ ഉളളൂ ഈ മടി “
” എനിക്കിഷ്ടപ്പെട്ടത് എന്റെ പോലീസ് ജോലി ആയിരുന്നു… അതുകൊണ്ടാണ് എനിക്ക് എന്റെ ഭാര്യയെയും മകനെയും നഷ്ടപെട്ടത് “
” അങ്ങനെ ഞാൻ പറയില്ല “
” പിന്നെ? “
” ഇഷ്ടപ്പെടുന്നതാണ് ഒരാൾ ചെയ്യുന്നതെങ്കിൽ അയ്യാൾ പൂർണ്ണ സന്തോഷവാനായിരിക്കും. ആ ഒരവസ്ഥയിൽ അവർ കൂടെ ഉള്ളവരെ പറ്റി ചിന്തിക്കും. അവരെയും സന്തോഷമായി വെക്കാൻ ആഗ്രഹിക്കും. പോലീസ് ഉദ്യോഗത്തിനിടയിൽ എപ്പോഴെങ്കിലും അങ്കിൾ ഭാര്യയെയും മകനെയും പറ്റി ചിന്തിച്ചിരുന്നോ? “
അയ്യാൾ നിശബ്ദനായി…
” ഓരോ കേസ് തെളിയിക്കുമ്പോഴും കിട്ടിയിരുന്ന അംഗീകാരത്തിലും പ്രശസ്തിയിലും കൈ തട്ടലുകളിലും അങ്കിള് ഹാപ്പി ആയിരുന്നിരിക്കും, പക്ഷെ ആ പ്രോസസ്സ് അങ്കിൾ ഒരിക്കലും എന്ജോയ് ചെയ്തിരുന്നില്ല എന്ന് വേണം പറയാൻ. കേസന്വേഷണം നിങ്ങൾക്കൊരു തലവേദന ആയിരുന്നു. ഓരോ കേസ്സു എടുക്കുമ്പോഴും ഇതിൽ പരാജയ പെട്ടാലോ എന്ന് നിങ്ങൾ ഭയന്നു . വിജയം തുടർച്ചയക്കാൻ നിങ്ങൾ ഓടിക്കൊണ്ടേ ഇരുന്നു. അതല്ലേ വാസ്തവം? “
അയ്യാൾ കണ്ണു മിഴിച്ചു നിന്നു.
” മനുഷ്യർ വളരെ സിമ്പിൾ ആണ്… അവർ എപ്പോഴും തങ്ങളുടെ കൂടെ ഉള്ളവർ അവരെ സ്നേഹിക്കാനും അഭിനന്ദിക്കാനും ഒപ്പം സമയം ചിലവഴിക്കാനും ഒക്കെ ആഗ്രഹിക്കും.പ്രത്യേകിച്ചും സ്ത്രീകൾ.. എല്ലാവരുടെയും വിചാരം കുറെ പണവും സൗകര്യങ്ങളും പ്രശസ്തിയും ഒക്കെ ഉണ്ടങ്കിൽ ഭാര്യമാർ ഹാപ്പി ആണെന്നാണ്.. ഒരിക്കലും അല്ല.. പ്രത്യേകിച്ചും വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ. അവർ എല്ലാത്തിലും ഉപരി ആഗ്രഹിക്കുന്നത് പങ്കാളിയാൽ പരിഗണിക്കപ്പെടാൻ ആണ്. സ്നേഹിക്ക പെടാൻ ആണ് … അങ്കിളിന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടം എന്ത് ചെയ്യാൻ ആയിരുന്നു? “
അയ്യാൾ ആലോചിച്ചു
” അവൾക്കു ചിത്രങ്ങൾ വരക്കുന്നത് ഇഷ്ടമായിരുന്നു “
” എപ്പോഴെങ്കിലും അങ്കിൾ ആ ചിത്രങ്ങൾ അവൾക്കു മുന്നിൽ എടുത്തു നോക്കിയിട്ടുണ്ടോ? അതിനെ കുറിച്ച് അവളോട് വാചാലനായിട്ടുണ്ടോ?അവളുടെ വരയ്ക്കാനുള്ള കഴിവിനെ പ്രശംസിച്ചിട്ടുണ്ടോ? “
” ഇല്ല “
” മകന്റെ കാര്യത്തിലോ? അവന്റെ ഏറ്റവും നല്ല സുഹൃത്തു? ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണം? ഏറ്റവും ഇഷ്ട്ടപെട്ട വിഷയം? അങ്ങനെ എന്തെങ്കിലും അറിയുമോ? “
” ഇല്ല “
” രാപ്പകൽ ഇല്ലാതെ ജോലി ചെയ്തു ഒടുവിൽ ഒരുനാൾ മരിച്ചു പോവാൻ ആണോ അങ്കിളേ നമ്മൾ ജീവിക്കുന്നത്? ഇടയ്ക്കു കുറച്ചു സമയം എങ്കിലും നമ്മൾ ആർക്കു വേണ്ടിയാണോ ജീവിക്കുന്നത് അവർക്കു വേണ്ടി മാറ്റി വെക്കണ്ടേ? എന്റെ അച്ഛനും അമ്മയും ഓർമ്മ വെച്ച നാൾ മുതലേ വെളിയിൽ ആണ്. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ആണ് ഞാൻ വളർന്നത്. അവരുടെ അവസാന കാലത്തും വന്നു നിക്കാനോ ശുശ്രൂഷിക്കാനോ എന്റെ അച്ഛനും അമ്മയ്ക്കും കഴിഞ്ഞിട്ടില്ല. ചോദിച്ചാൽ പറയും എന്റെ ഭവിക്കു വേണ്ടി ആണെന്ന്.. അപ്പൊ ഞാൻ വളർന്നു വലുതായി എനിക്കു കുട്ടികൾ ആവുമ്പോൾ എന്റെ അച്ഛനും അമ്മയും കിടപ്പവുന്ന സമയം ഞാനും ഇതുപോലെ അവരെ നോക്കാതെ എന്റെ കുട്ടിക്ക് വേണ്ടി ജീവിക്കട്ടെ എന്ന് തിരിച്ചു ചോദിക്കുമ്പോൾ ഉത്തരം ഇല്ല. എല്ലാം ഒരുതരം പ്രഹസനം ആണ്.എല്ലാവർക്കും ഇരുപത്തി നാല് മണിക്കൂർ സമയം മാത്രമേ ഉള്ളൂ അങ്കിളേ…! വേണമെങ്കിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി മാറ്റി വെക്കാൻ ആവശ്യത്തിന് സമയം ഉണ്ട്.മനസ്സ് വെക്കണം എന്ന് മാത്രം… അങ്കിളിന്റെ ടേബിളിൽ ഇരുന്ന ബുക്കു ഞാൻ വെറുതെ മറച്ചു നോക്കി. അതിൽ എഴുതിയിരുന്ന നോവൽ അങ്കിളിന്റെ ജീവിതം ആണെന്ന് എനിക്ക് മനസ്സിലായി. ഓരോ വരികളും ഞാൻ വായിക്കുമ്പോൾ അത് മനസ്സിൽ ചിത്രങ്ങളായി തെളിഞ്ഞു വന്നു.ആ കഥ കൂടുതൽ ആളുകളിലേക്ക് എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഒരു തിരക്കഥ പോലെ ആണ് അത് വായിച്ചപ്പോൾ എനിക്ക് തോന്നിയത്. അങ്കിൾ അത് ഒരു തിരക്കാത്തയാക്കു. എന്റെ സുഹൃത്തു ഒരു നിർമാതവുണ്ട്. അവനോടു ഞാൻ സംസാരിക്കാം. ഈ കഥ ആളുകൾ അറിയണം മനസ്സിലാക്കണം. ആരുടെയെങ്കിലും ജീവിതത്തെ അതിനു സ്വാധീനിക്കാൻ കഴിഞ്ഞാൽ അത് തന്നെ വലിയ കാര്യം ആണ് “.
അവളുടെ വാക്കുകൾ അയാളിൽ കൊണ്ടു. അന്ന് മുതൽ അയ്യാൾ അത് തിരക്കഥ ആക്കാനുള്ള ശ്രമം തുടങ്ങി. അവൾ പറഞ്ഞത് പോലെ തന്നെ അത് ആസ്വദിച്ചു ചെയ്തപ്പോൾ ഓരോ സീനും അവളുമായി ഡിസ്‌കസ് ചെയ്യാനും സന്തോഷം പങ്കു വെക്കാനും അയ്യാൾ മറന്നില്ല. അവളുടെ കൂട്ടുകാരൻ നിർമാതാവ് കഥ കേട്ടു.
” കൊള്ളാം.. നമുക്കിത് ചെയ്യാം അങ്കിളേ.. അങ്കിള് തന്നെ ഇത് സംവിധാനം ചെയ്താൽ മതി. ടെക്നികൽ സൈഡിനെ പറ്റി ആലോചിച്ചു വിഷമിക്കണ്ട. നല്ല അസോസിയേറ്റിനെയും ടീമിനെയും ഞാൻ തരാം “
അവൻ അധ്വാൻസ് കൊടുത്തു. വളരെ ആവേശത്തോടെ തന്റെ നാല്പത്തി ആറാം വയസ്സിൽ ഗണേഷ് സ്വന്തം സിനിമ സംവിധാനം ചെയ്യാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി. കാസ്റ്റിംഗിന്റെ ഒഡിഷൻ നടക്കുന്ന സമയം.കഥയിലെ ഗണേഷിന്റെ ഭാര്യയുടെ റോളിൽ അഭിനയിക്കാൻ എത്തിയ നാൽപതു കാരി പെർഫോമൻസ് തുടങ്ങി
” ഒരു വാക്ക് ഏട്ടനെന്നോട് മിണ്ടാൻ ഞാൻ കൊതിച്ചിട്ടുണ്ട്… എന്റെ ചിത്രങ്ങളിലൂടെ ഏട്ടൻ കണ്ണോടിക്കുന്നത് കാണാൻ ഞാൻ കൊതിച്ചിട്ടുണ്ട്… ” ആ ഡയലോഗ് അങ്ങന നീണ്ടു പോയി.. അവരുടെ പെർഫോമൻസ് അവസാനിച്ചപ്പോൾ ഗണേഷിന്റെ കണ്ണു നിറഞ്ഞു. ഒപ്പം ആ സ്ത്രീയും ആഴത്തിൽ പതിഞ്ഞു. അന്വേഷിച്ചപ്പോൾ അവർ വിധവയാണെന്നു അറിഞ്ഞതോടെ ഗണേഷിന്റെ ഉള്ളിൽ പ്രതീക്ഷകൾ ആരംഭിച്ചു.
ഷൂട്ട് തുടങ്ങി.. വൈകാരികമായ നിമിഷങ്ങളിലൂടെ ആദ്യ ദിനങ്ങൾ കടന്നു പോയി എങ്കിലും ഒഴിവു വേളകളിൽ അഭിനേതാക്കളെ അഭിനന്ദിക്കാനും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയാനും ആ സ്ത്രീയെ പ്രത്യേകം പരിഗണിക്കാനും ഗണേഷ് മറന്നില്ല.
അന്നന്നു വൈകുന്നേരങ്ങളിൽ സിനിമട്ടോഗ്രാഫർക്കും സ്പോട് എഡിറ്ർക്കും ഒപ്പം ഇരുന്നു അദ്ദേഹം അന്ന് ചിത്രീകരിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ മറന്നില്ല. തന്റെ അസോസിയേറ്റ് ഡയറകടറോട് ഓരോ കാര്യങ്ങളിലും മുന്നെ പരസ്പര ധാരണ വരുത്താനും തനിക്കു വേണ്ടത് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനും മറന്നില്ല. ഓരോ രാത്രികളിലും അസിസ്റ്റന്റ് ഡയറകടർ മാരെ വിളിച്ചിരുത്തി അന്ന് ദേഷ്യപ്പെട്ടതിനു ക്ഷമ പറയാനും അവർ നേരിട്ട ബുദ്ധിമുട്ടുകളെ ചോദിച്ചറിയാനും മറന്നില്ല. ഇടവേളകളിൽ ലൈറ്റ് ബോയ്സിനും ജൂനിയർ ആർട്ടിസ്റ്റുകൾക്കും ഒപ്പം വിശേഷങ്ങൾ പങ്കു വെക്കാനും ചായ കുടിക്കാനും ഇടയ്ക്കു ഓരോ പുക എടുക്കാനും അദ്ദേഹം മറന്നില്ല. അതെ, അവൾ പറഞ്ഞ പോലെ അത്രയും ഭരപ്പെട്ട പണി ചെയ്തിട്ടും അത് ആസ്വദിച്ചു ചെയ്തതിനാൽ ഒപ്പം ഉള്ളവരെ അറിയാനും മനസ്സിലാക്കാനും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അദ്ദേഹം മറ്റുള്ളവരിൽ ജനിപ്പിച്ച താല്പര്യം അത് തങ്ങളുടെ ഓരോരുത്തരുടെയും സിനിമ ആണെന്ന് കണ്ടു വർക്ക് ചെയ്യാൻ അവരെ പ്രേരിപ്പിച്ചു. ചിത്രം ഇറങ്ങി..വൻ വിജയം നേടി…
തന്റെ മകനെ വിളിച്ചു അയ്യാൾ അതിൽ അഭിനയിച്ച സ്ത്രീയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അറിയിച്ചു. അവനൊപ്പം അദ്ദേഹം അവരെ വീട്ടിൽ ചെന്നു കണ്ടു. അവരും ആ സ്നേഹം സ്വീകരിച്ചതോടെ ഇരുവരും ഒന്നായി. അവരുടെ മകളും അവർക്കൊപ്പം വീട്ടിലേക്കു പോന്നു. കുറച്ചു നാളുകൾക്കു ശേഷം മകനും അയ്യാൾക്കൊപ്പം താമസമാക്കി. മകനെയും മകളെയും ഒരേപോലെ സ്നേഹിക്കുന്നതിൽ അയ്യാൾ വിജയിച്ചു. പഴയതിനേക്കാൾ സന്തോഷത്തിൽ ആ കുടുംബം നിറഞ്ഞു നിന്നു.
” എല്ലാത്തിനും ഞാൻ മോളോടാണ് നന്ദി പറയേണ്ടത്.. “
” അങ്ങനൊന്നും ഇല്ല അങ്കിളേ… നമ്മൾ നമ്മളെ അറിയുക മാത്രമെ ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കാൻ ഉള്ള ഒരേ ഒരു വഴി… അതിനു ഞാൻ ഒരു കാരണമായെന്നു മാത്രം “
” എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ട് “
” അതിനെന്താ തീർച്ചയായും പോയി കാണണം.. സംസാരിക്കണം.. കഴിഞ്ഞു പോയ കാലങ്ങൾക്കു ഇനി ഒന്നും ചെയ്യാനില്ല. ഒരു പക്ഷെ അന്ന് നിങ്ങളുടെ ഭാര്യ നിങ്ങളെ ഉപ്രക്ഷിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും സന്തോഷം അറിയാതെ നിങ്ങൾ മരിച്ചേനെ.. “
അയ്യാൾ ചിരിച്ചു…
” ജീവിതത്തിൽ ഒരു കാര്യം ഒരിക്കലും മറക്കരുത് അങ്കിളെ.. ഒഴിവു കിഴിവുകൾ പറഞ്ഞു മാറി നിക്കാനും മാറ്റി നിർത്താനും എളുപ്പമാണ്.. പക്ഷെ മനസ്സിലാക്കി കൂടെ നീക്കാനാണ് ബുദ്ധിമുട്ടു.. അത് ചെയ്യുന്നവനെ ബന്ധങ്ങളെ നേടു.. ജീവിതത്തെ വിജയിക്കു.. “.
The End