കുറച്ചുനേരം കഴിഞ്ഞു തിരിച്ചു വന്നു , അസ്വസ്ഥതയോടെ ആൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു…

പ്രിയപ്പെട്ടവൾ…

Story written by NITYA DILSHE

പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?”

ഇച്ചായന്റെ ശബ്ദത്തിൽ ആകാംക്ഷയും പരിഭ്രമവും കലർന്നിരുന്നു. നെഞ്ചോട് മുഖം ചേർത്തുറങ്ങിയിരുന്ന എന്നെ പതുക്കെ നീക്കി കിടത്തി…, ഫോണുമെടുത്തു ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ “നാളെ ഞാനങ്ങോട്ടു വരാം” എന്നു ശബ്ദം താഴ്ത്തി പറയുന്നത് കേട്ടു..

കുറച്ചുനേരം കഴിഞ്ഞു തിരിച്ചു വന്നു , അസ്വസ്ഥതയോടെ ആൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടു. നേരം പുലരാറായപ്പോഴാണ് ഞാനും ഒന്നു മയങ്ങിയത്..എണീറ്റപ്പോൾ കുറച്ച് ലേറ്റ് ആയി. ഇച്ഛായൻ കുളിയും കഴിഞ്ഞു റെഡി ആകുന്നു. സാധാരണ ഞാൻ എണീറ്റു ഒരു നൂറു വിളി വിളിച്ചാലേ എണീക്കുന്നതിനെ പറ്റി ചിന്തിക്കു, ആ ആളാണ്..എന്റെ മുഖഭാവം കണ്ടാണെന്നു തോന്നുന്നു പറഞ്ഞു,

“അന്ന, ഒന്നു വേഗം റെഡി ആവു, കുറച്ച നേരത്തെ ഇറങ്ങണം, ഓഫീസിൽ കുറച്ചു urgent വർക്കുണ്ട്.”

കുളി കഴിഞ്ഞു റെഡി ആയപ്പോഴെക്കും ഇച്ചായൻ ചായ റെഡി ആക്കി ടേബിളിൽ വച്ചിരുന്നു.വേഗം തന്നെ ഇറങ്ങി…ഇന്നലത്തെ ഫോൺ കോളിനെ കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. ആ മുഖത്തേക്ക് നോക്കിയപ്പോൾ, മനസ്സു അവിടെങ്ങുമല്ലെന്നു തോന്നി. എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ.

ഓഫീസിനു മുൻപിൽ വണ്ടി നിർത്തി.ഞാൻ ഇറങ്ങുന്നില്ലെന്നു കണ്ടപ്പോൾ തല ചെരിച്ചുനോക്കി,

“എന്തുപറ്റി ഇച്ചായ, പതിവൊന്നുമില്ലേ “ന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഓഹ് സോറി അന്ന” എന്നുപറഞ്ഞു ഇടതുകൈകൊണ്ടു ചേർത്തു പിടിച്ചു നെറ്റിയിൽ പതിവുമ്മ തന്നു.

“ഓഫീസിൽ എന്തെങ്കിലും സീരിയസ് ഇഷ്യൂ ഉണ്ടോ ?”

“നത്തിങ് ഡിയർ” എന്നുപറഞ്ഞു കവിളിൽ തട്ടി. ഞാൻ കാറിൽ നിന്നിറങ്ങി കൈ വീശി. കാർ അകന്നു പോകുന്തോറും ഒരു സങ്കടം എന്നിൽ വന്നു നിറയുന്നതറിഞ്ഞു. ഒന്നുമില്ലെന്ന്‌ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.

ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സു അസ്വസ്‌ഥമായിരുന്നു. ഒന്നു വിളിച്ച് നോക്കാമെന്ന് കരുതി ഫോണെടുത്തു, പിന്നെ തോന്നി വേണ്ടാന്നു.പെട്ടെന്ന് തോന്നി ഓഫീസ് നമ്പരിലേക്കൊന്നു വിളിച്ചു നോക്കാമെന്ന്.റീസെപ്ഷനിലേക്കു വിളിച്ചപ്പോൾ പറഞ്ഞു, ആൾ ഇന്ന് ലീവാണെന്നു. …ആരാണെന്നു ചോദിച്ചപ്പോൾ പേര് മാറ്റി പറഞ്ഞു. ഒരഗ്നി പർവ്വതം മനസ്സിൽ വീണു പൊട്ടുന്നതറിഞ്ഞു.എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി. ടേബിളിൽ തലചായ്ചു കുറച്ചു നേരം കിടന്നു.

ഇച്ഛായനെ ഞാൻ ആദ്യമായി കാണുന്നത് ,ഡോക്ടറെ കാണാൻ വെയിറ്റ് ചെയ്ത് അമ്മയുടെ തോളിൽ ചാരിയിരിക്കുമ്പോഴാണ്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തേങ്ങിക്കൊണ്ടിരിക്കുന്ന എന്നെ നോക്കി എന്തുപറ്റിയെന്നു പപ്പയോട് മടിച്ചു ചോദിച്ചു.

” ഓ…ഹ്, ഒരു പട്ടിക്കുട്ടി മാന്തിയതാ” കേട്ടതും ആൾ ഉറക്കെ ചിരിച്ചു, എന്നെ കളിയാക്കി നോക്കി. എന്റെ രൂക്ഷമായ നോട്ടം കണ്ടിട്ട് പപ്പയുടെ ചിരി പെട്ടെന്ന് മാഞ്ഞു..

” അതേ, അവളെ ചെറുപ്പത്തിൽ ഒരു പട്ടി കടിച്ചാരുന്നു, അതിൽ പിന്നെ ഈ വർഗത്തെ കാണുന്നതെ പുള്ളിക്കാരിക്കു പേടിയാ.ഇതുങ്ങൾ വീട്ടുള്ളവരോടും കൂട്ടില്ല. ഇതു അറിയാതെ കൂട്ടുകാരിടെ വീട്ടിൽ പോയതാ, ഇതിനെ കണ്ടതും ആൾ ഇറങ്ങി ഓടി, അതു പിന്നാലെ ഓടി വന്നൊന്നു മാന്തി”

അല്ലെങ്കിലും പപ്പ ഇങ്ങനെയാ ,ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ ഡീറ്റൈൽസ് മൊത്തം വിളമ്പും. ഭാഗ്യം അപ്പോഴേക്കും നമ്പർ വിളിച്ചു, ഡോക്ടറെ കണ്ടു കഴിഞ്ഞതും ഞാൻ പപ്പയെ വലിച്ചു ധൃതിയിൽ നടന്നു. ഇച്ചായൻ അപ്പോഴും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഓഫീസിലെ പാതി അടഞ്ഞ ലിഫ്റ്റിലേക്കു ഞാൻ ഓടി വന്നപ്പോഴേക്കും ആരോ ഓപ്പൺബട്ടൻ അമർത്തിയിരുന്നു.ആശ്വാസത്തോടെ അകത്തു കയറിയപ്പോൾ ദേ നിൽക്കുന്നു ഒരു കള്ളച്ചിരിയോടെ ഇച്ചായൻ.

“ഇവിടെയാണോ വർക് ചെയ്യുന്നത്, ഇതുവരെ കണ്ടിട്ടില്ലല്ലോ”

“അതെ, ഇന്നലെയാ ജോയിൻ ചെയ്തത്” ഗൗരവത്തോടെ മറുപടി പറഞ്ഞു.

“ഏതാ ഫ്ലോർ?”

“3”

” ഞാൻ 7ത് ലാ” കമ്പനിയുടെ പേരും പറഞ്ഞു. ഞാൻ താൽപര്യമില്ലാത്ത പോലെ നിന്നു.

പിന്നീട് എന്നും ഞാൻ പോകുമ്പോഴും വരുമ്പോഴും ഓഫീസിന്റെ മുൻപിൽ അല്ലെങ്കിൽ തൊട്ടടുത്ത കോഫി ഷോപ്പിൽ ആൾ ഉണ്ടാവും. പോകുമ്പോൾ എന്റെ കൂടെ വന്നു ലിഫ്റ്റിൽ കേറും, പറയാതെ തന്നെ 3 അമർത്തും.ലിഫ്റ്റിൽ ആൾ കൂടുമ്പോൾ, എന്നെ പ്രൊട്ടക്ട് ചെയ്ത് മുന്പിലുണ്ടാവും. ഓഫീസ് കഴിഞ്ഞു വരികയാണെങ്കിൽ പുഞ്ചിരിയോടെ മുന്നിലെത്തും.

ഒരു ദിവസം പതിവുപോലെ ലിഫ്റ്റിനു കാത്തു നില്ക്കുമ്പോൾ പറഞ്ഞു,

” ഞാൻ 1 വീക് കൂടിയേ ഇവിടെ ഉണ്ടാവൂ, വേറൊരു ജോബ് റെഡിയായിട്ടുണ്ട്, നല്ല പാക്കേജ്, അപ്പോൾ മാറാംന്നു വിചാരിച്ചു. എനിക്കിഷ്ടമാണ് ഇയാളെ, വീട്ടിൽവന്നു ചോദിച്ചോട്ടെ ” ഒരു കാര്യം ചോദിക്കാൻ വിട്ടു ,”എന്താ പേര് ?”

പെട്ടെനെനിക്കു ചിരിയാണ് വന്നത്, “ആൻ മേരി” പിന്നീടുള്ള ഒരാഴ്ച ഞങ്ങൾ കുറച്ചുകൂടി അടുത്തു.

ഇച്ചായൻ പോയപ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ട ഫീലിംഗ് ആയിരുന്നു. ഇച്ചായൻ വീട്ടുകാരെയും കൊണ്ടുവന്നു പെണ്ണ് ചോദിചു… പറഞ്ഞു വന്നപ്പോൾ പപ്പയുടെ അകന്ന ബന്ധു കൂടിയായിരുന്നു അവർ.കോട്ടയത്തായിരുന്നു തറവാട്. അച്ചായൻ മാത്രം ഇവിടെ വീടെടുത്തു താമസിക്കുന്നു…പിന്നെ മനസമ്മതവും കല്യാണവും എടുപിടിന്നു കഴിഞ്ഞു.കല്യാണം കഴിഞ്ഞു ഇച്ചായൻ എന്റെ ഇഷ്ടങ്ങൾ നോക്കിയാണ് ജീവിക്കുന്നതെന്നു തോന്നിയിട്ടുണ്ട് .ഇതുവരെ എന്റെ കണ്ണൊന്നു നിറയാൻ ഇടവരുത്തീട്ടില്ല.

“എന്തുപറ്റി, ചെലവിനുള്ള വകുപ്പുണ്ടോ” അപ്പുറത്തെ ടേബിലിലെ വീണചേച്ചി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്നുണർന്നത്.

“ഒന്നുമില്ല ചേച്ചി, നല്ല തലവേദന” എന്നുപറഞ്ഞൊഴിഞ്ഞു.

വൈകീട്ട് വിളിക്കാൻ ഇച്ചായൻ വന്നു.രാവിലത്തെ മുഖമല്ല, പഴയ ഇച്ചായനായിട്ടുണ്ട്”

“ഓഫീസിലെ പ്രോബ്ലെംസ് ഒക്കെ സോൾവ് ആക്കിയോ ഇച്ചായാ ?”

” ആ… സോൾവായി..” വാക്കുകളിൽ പതർച്ചയുണ്ടായിരുന്നു.

വീട്ടിലെത്തി ഇച്ചായൻ കുളിക്കാൻ കയറിയപ്പോൾ ഓടിപ്പോയി ഫോണെടുത്തു ഇൻകോമിങ് കാൾ ലിസ്റ്റ് പരിശോധിച്ചു, ഇന്നലെ രാത്രി 11:30 ..വിളിച്ചത് ഹർഷനായിരുന്നു.ഇച്ഛായന്റെ ചങ്ക് ഫ്രണ്ട്‌. അതോടെ ആ ഭാഗത്തുനിന്നും ഒരു വിവരവും കിട്ടില്ലെന്നു മനസ്സിലായി.

പിന്നീടങ്ങോട്ട് ഇച്ചായനു വരുന്നതും പോകുന്നതുമായ കോളുകൾക്കു ഞാൻ ചെവിയോർത്തു തുടങ്ങി. ആൾ ഫോണെടുത്തു പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത് കാണാം. ഫുഡ്‌ , ചെക്കപ്പിന്റെ കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു അന്വേഷണം.. അതിനിടയിൽ പേര്‌ കിട്ടി ജുവൽ.ഇച്ഛായന്റെ ഫേസ് ബുക്കും വാട്സാപിലും എത്ര തിരഞ്ഞിട്ടും ആ പേര് കണ്ടെത്താനായില്ല.

ഒരുദിവസം രാത്രി ഹർഷന്റെ കാൾ വന്നതും “പെയ്ൻ തുടങ്ങിയോ ഞാനങ്ങോട്ടു വരാം, ഞാനുള്ളത് അവൾക്കൊരാശ്വാസമാവും..” ധൃതിയിൽ ഡ്രസ്സ് ചെയ്ത് ആൾ പുറത്തേക്കിറങ്ങി..

” അന്ന, കിടന്നോ, ഞാൻ വരാൻ താമസിക്കും”

“എങ്ങോട്ടാ ഈ രാത്രി..ആരാ ഈ ജുവൽ? ” എന്റെ ശബ്ദത്തിനും കടുപ്പം കൂടി. അതുകേട്ടതും അമ്പരന്നു എന്നെ നോക്കി…

” എല്ലാം ഞാൻ വന്നിട്ടു പറയാം”

ആൾ വണ്ടിയെടുത് പാഞ്ഞുപോയി. ഇചായൻ വരുമ്പോഴേക്കും ഞാനും ചില തീരുമാനങ്ങൾ എടുത്തിരുന്നു.

പിറ്റേന്ന് ഉച്ചയോടെയാണ് ഇച്ഛായൻ എത്തിയത്.എന്റെ അടുത്തുവന്നു ചേർത്തു പിടിച്ചു പറഞ്ഞു

” ജുവൽ, നീ വരും മുൻപ് എന്റെ കൂടെ ഉണ്ടായിരുന്നവൾ” ബാക്കി കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല.

വെറുപ്പോടെ ഇച്ഛായനെ തള്ളിമാറ്റി ബാഗും എടുത്തു പുറത്തേക്കു നടന്നു ..പിന്നിൽ നിന്നും ഇച്ഛായന്റെ വിളികേട്ടിട്ടും നിൽക്കാതെ കിട്ടിയ ഓട്ടോയിൽ കയറി വീട്ടിലേക്കു പോയി. എന്നെ പ്രതീക്ഷിചെന്നപോലെ ഗേറ്റിൽ പപ്പയും മമ്മിയുമുണ്ടായിരുന്നു..അവരുടെ മുഖത്തു നിറഞ്ഞ ചിരി..

“നീ അവിടുന്നിറങ്ങിയെന്നു ആൽബി വിളിച്ചു പറഞ്ഞിരുന്നു. ..ജുവൽ ആരെന്നാ നിന്റെ വിചാരം, അവന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയാ..നിനക്കീ വർഗത്തെ ഇഷ്ടമല്ലല്ലോ അതാ അവൻ നിന്നോട് പറയാതിരുന്നത്”..

ചിരിക്കണോ കരയണോ എന്നവസ്ഥയിലായിരുന്നു ഞാൻ. അപ്പോഴേക്കും ഇച്ഛായൻ വണ്ടിയിൽ നിന്നും ഇറങ്ങി വന്നിരുന്നു. പിന്നൊന്നും നോക്കിയില്ല പപ്പയും മമ്മിയും നിൽക്കുന്നത് ശ്രദ്ധിക്കാതെ ഇച്ഛായനെ അടിക്കുകയും മാന്തുകയും ഒക്കെ ചെയ്തു . എന്നെ ചേർത്തുപിടിച്ചു ഇച്ഛായൻ ചെവിയിൽ പതുക്കെ പറഞ്ഞു ” ഇതിനുള്ള മറുപടി റൂമിലേക്ക്‌ വാ..അവിടെ വച്ചു തരാട്ട.”.

ഹർഷന്റെ വീട്ടിലെത്തി ,ഇച്ചായന്റെ കൈകൾക്കുള്ളിൽ എന്റെ കൈ ചേർത്തുപിടിച്ച് പഞ്ഞി തുണ്ടുപോലെയുള്ള 4 കുഞ്ഞുങ്ങളിലൊന്നിൽ എന്റെ കൈയ്യിൽ വച്ചു തന്നു..പേടിയോടെ ഞാൻ കണ്ണുകൾ ഇറുകെയടച്ചു..

ഇന്ന് ജുവൽ ഇച്ഛായന്റെ മാത്രമല്ല, എന്റേയും പ്രിയപ്പെട്ടവളാണ്…