എത്രയോ രാത്രികൾ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഞാൻ കൊതിച്ചിട്ടുണ്ട് മടിയിൽ കിടത്തി നെറുകിൽ തലോടി ഉറക്കാൻ ഒരമ്മ ഉണ്ടായിരുന്നെങ്കിലെന്ന്…

Story written by DHANYA SHAMJITH

“എനിക്ക് അച്ഛനേം അമ്മയേം വേണം”

പെട്ടന്നുള്ള വാക്കുകൾ കേട്ട് കുടിച്ചു കൊണ്ടിരുന്ന ബിയർ ശിരസിൽ കയറി ചുമച്ചു കൊണ്ട് തലയിലൊന്ന് തട്ടി നിഷാം വാ പിളർന്നു.

ന്തു വാന്ന്??

അവൻ മിഴിപ്പോടെ നോക്കി.

പ്രത്യേകം പറഞ്ഞെടുത്ത ക്യാബിൻ്റെ കണ്ണാടി ടേബിളിനപ്പുറം സാഗർ ശാന്തതയോടെ അവനെ നോക്കി.

“എനിക്ക് ഒരു അച്ഛനേം അമ്മയേം വേണം “

അനക്ക് പെട്ടന്ന് കിക്കായാ അതും ഒറ്റ ബിയറില്…. ചിരിച്ചും കൊണ്ട് നിഷാം ബോട്ടിൽ വായിലേക്ക് കമിഴ്ത്തി.

ഐ ആം സീരിയസ്,,ഞാൻ കാര്യായിട്ട് പറഞ്ഞതാടാ… സാഗർ ഒരു സിപ്പെടുത്തു.

അളിയാ… നീയെന്താ പറഞ്ഞത് ന്ന് വല്ല ബോധോം ഉണ്ടോ? ഇതെന്താ സൂപ്പർ മാർക്കറ്റീ ന്നോ മറ്റോ വാങ്ങാൻ കിട്ടുന്നതാണെന്നാണോ വിചാരം?

റിസ്ക്കാണെന്ന് എനിക്കറിയാം,, ഓടിപ്പോയി വാങ്ങാൻ പറ്റുന്നതല്ല എന്നും നല്ല ബോധ്യമുണ്ട്, പക്ഷേ…. എനിക്കു വേണം.

എൻ്റെ സാഗറേ…. ഈ ലോകത്തൊള്ള വേറെ എന്ത് വേണേലും നീ ചോദിച്ചോ ഞാൻ കൊണ്ട്ത്തരാം, പക്ഷേ ഇത്… നടക്കുന്ന കാര്യം വല്ലോം പറ.

നിഷാം കൂളായി പറഞ്ഞു.

അതേടാ… ലോകത്തുള്ള എന്തും സ്വന്തമാക്കാൻ എനിക്ക് പറ്റും, നല്ല ജോലി,ഹൈക്ലാസ് ജീവിതം.. ഡെയ്ലി ഡ്രസുകൾ മാറ്റുന്ന പോലെ വാങ്ങിക്കൂട്ടുന്ന കാറുകൾ.. മോഹിച്ചതെന്തും സ്വന്തമാക്കാൻ സാഗറിന് ഒരൊപ്പുമതി.. പക്ഷേ…..അതിനൊന്നും “അനാഥൻ” എന്ന ലേബൽ മാറ്റാൻ പറ്റില്ലല്ലോ.

സാഗറിൻ്റെ സ്വരം നേർത്തിരുന്നു.

ഓ തൊടങ്ങി കോംപ്ലക്സ്.. ടാ നിനക്ക് ഞങ്ങളൊക്കെയില്ലേ പിന്നെന്താ? നിഷാം അവനെ നോക്കി.

നിനക്കത് പറഞ്ഞാ മനസിലാവില്ലടാ, എത്ര തിരക്കുണ്ടെങ്കിലും രാത്രി ഓടിപ്പാഞ്ഞ് നീ വീടെത്തുന്നത് എന്തിനാ? നിനക്കറിയാം നിന്നേം കാത്ത് അവിടൊരുമ്മ പ്രാർത്ഥനയോടെ ഇരിപ്പുണ്ടാവുംന്ന്… പക്ഷേ എനിക്കോ? എന്നെ കാത്തിരിക്കുന്നത് വീടിനുള്ളിലെ ഇരുട്ടും മടുപ്പിക്കുന്ന ഏകാന്തതയും മാത്രമാ..

എത്രയോ രാത്രികൾ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഞാൻ കൊതിച്ചിട്ടുണ്ട് മടിയിൽ കിടത്തി നെറുകിൽ തലോടി ഉറക്കാൻ ഒരമ്മ ഉണ്ടായിരുന്നെങ്കിലെന്ന്, കഴിച്ച് പാതി ബാക്കി വയ്ക്കുന്ന പ്ലാസ്റ്റിക് കൂടകൾക്ക് പകരം സ്നേഹത്തോടെ ഒരൽപ്പം കഞ്ഞിയും ചമ്മന്തിയും വിളമ്പിത്തരാൻ ഒരമ്മയുണ്ടായിരുന്നെങ്കിലെന്ന്… എന്തിന്,,പകരം കൂട്ടിനൊരുത്തി മതിയെന്നു കരുതി പ്രാണനെ പോലെ സ്നേഹിച്ചിട്ടും എല്ലാം അറിഞ്ഞിട്ടും എൻ്റെ അഡ്രസ്സെന്താണെന്ന അവളുടെ വീട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ വീണ്ടും ഞാൻ അനാഥനാക്കപ്പെട്ടില്ലേ….

സാഗറിൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു.

നിഷാമിന് വാക്കുകളുണ്ടായിരുന്നില്ല മറുപടി പറയാൻ.

അന്ന് ഞാൻ കരുതിയതാണ് ഇങ്ങനെയൊരു കാര്യം.. എത്രയോ ഓൾഡ് ഏജ് ഹോമുകൾ ഉണ്ട് അവിടെ നിന്നും കണ്ടെത്തിക്കൂടെ എനിക്കൊരച്ഛനേം അമ്മയേം?

അവൻ്റെ ചോദ്യം കേട്ട് നിഷാം തലയൊന്ന് കുടഞ്ഞു..

കാര്യം ശരിയാ, പക്ഷേ അതിലൊരു റിസ്ക്കുണ്ട്.പ്രായമായി മക്കൾ റോഡിലും മറ്റും തളളുന്നോരാ അവിടെ മുഴുവൻ.. ഇക്കാര്യത്തിന് നമ്മൾ അവിടെ ചെന്നാൽ ആശ കൊടുക്കുന്നത് അവർക്കു മുഴുവനുമാണ്, അവസാനം അവരിൽ ഒരാളെ മാത്രം തിരഞ്ഞെടുത്ത് പോരുമ്പോൾ വീണ്ടും ഉപേക്ഷിക്കപ്പെട്ട വേദന അവർക്ക് തോന്നില്ലേ? മാത്രല്ല,, നമ്മൾ കൂട്ടിക്കൊണ്ടു പോന്നിട്ട് എന്തെങ്കിലും സംഭവിച്ചാൽ നാളെ ഒരു പക്ഷേ അവരുടെ മക്കളോ മറ്റോ നമ്മളെ കുറ്റക്കാരാക്കില്ലെന്ന് എന്താ നിശ്ചയം?

നിഷാം ചോദ്യഭാവത്തിൽ അവനെ നോക്കി.

നീ പറഞ്ഞത് ശരിയാണ്, പക്ഷേ …. സാഗർ നിരാശയോടെ തല കുനിച്ചു.

ഹാ… നീ വിഷമിക്കാതെ ഞാനൊന്ന് അന്വേഷിക്കട്ടെ.. അതു കണ്ട് നിഷാം അവൻ്റെ തോളിൽ തട്ടി.

നീ വാ… ഇപ്പത്തന്നെ വൈകി രാത്രിക്ക് മുന്നേ തിരിച്ചാലേ ബാംഗ്ലൂരെത്തൂ..നിഷാം എഴുന്നേറ്റു.

ബിൽ പേ ചെയ്ത് കാറിൻ്റെ ലോക്ക് എടുത്ത് പുറത്തേക്കിറക്കി സാഗർ വീട്ടിലേക്ക് പായിച്ചു.. കുറച്ചു ദൂരം പോയതും വഴിയരികിലൊരു ആൾക്കൂട്ടം കണ്ട് അവൻ ഹോൺ നീട്ടിയടിച്ചു. പെട്ടന്നൊരാൾ അവർക്കു നേരെ ഓടി വന്നു.

സാറേ…. ഒരാശുത്രിക്കേസാ,, ഒന്ന് കൊണ്ടുപോവാമോ? അയാളുടെ മുഖത്തെ പരിഭ്രമം കണ്ട് സാഗർ നിഷാമിനെ നോക്കി. വേണ്ട എന്നർത്ഥത്തിൽ നിഷാം തല വെട്ടിച്ചു.

ഓക്കെ…. സാഗർ പെട്ടന്ന് പറഞ്ഞു.

കേട്ടപാതി അയാൾ ആൾക്കൂട്ടത്തിലേക്കോടി നിമിഷ നേരം കൊണ്ട് ഒരാളെ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു, സാഗർ കാറിൻ്റെ ബാക്ക് ഡോർ തുറന്നു.

അയാൾ പരിക്കേറ്റ ആളെ ഉള്ളിലേക്ക് കയറ്റി ഒതുങ്ങിയിരുന്നു,

മെലിഞ് കവിളൊട്ടിയ ഒരു രൂപം തലയിലൊട്ടിപ്പിടിച്ച ചോരയുമായി അയാൾക്കരികിൽ ഇരിക്കുന്നത് കണ്ട് സാഗറിന് വല്ലായ്മ തോന്നി.

അടുത്ത് ഒരു സർക്കാരാശുത്രി ഉണ്ട് സാറേ അവിടേക്ക് നിർത്തിയാ മതി. അയാൾ പറഞ്ഞു.

തല കുലുക്കിക്കൊണ്ട് സാഗർ കാറെടുത്തു.

ഇതെന്ത് പറ്റീതാ? നിഷാം ചോദിച്ചു.

ഓ.. ഇത് പതിവാ സാറേ, മോൻ തള്ളിയിട്ടതാ തലയടിച്ച് വീണ് പൊട്ടി. അയാൾ ഭാവഭേദമില്ലാതെ പറഞ്ഞതു കേട്ട് സാഗർ പെട്ടന്ന് തിരിഞ്ഞു നോക്കി. കുഴിഞ്ഞ കണ്ണുകൾ താഴ്ന്നിരുന്നുവെങ്കിലും ഉയർന്നുപൊങ്ങിയ നെഞ്ചിലൊരു ഏന്തലുണ്ടെന്ന് അവനറിഞ്ഞു.

അടിപിടിക്കേസാ അല്ലേ ,നേരത്തെ പറഞൂടാർന്നോ ശ്ശെ ഇനീപ്പം പുലിവാലാകുവോ എന്തോ? നിഷാം അരിശപ്പെട്ടതും സാഗർ താക്കീതോടെ അവനെ നോക്കി.

ഓ അതൊന്നും പേടിക്കണ്ട സാറേ, ഇത് പതിവായകൊണ്ട് അവിടെ കേസാക്കൂല..ക ള്ളും ക ഞ്ചാവും കേറ്റി ഓരോത്തൻമാര് ഓരോന്ന് കാട്ടിക്കൂട്ടും പെറ്റത്തള്ളേന്നോ തന്തേന്നോ ഓർക്കില്ല.. ഇങ്ങേരോട് പലവട്ടം പറഞ്ഞതാ നല്ല സ്ഥലത്ത് വല്ലോം കൊണ്ടാക്കാംന്ന് സമ്മതിക്കണ്ടേ,, ചുമ്മാ നാട്ടാർക്ക് പണീണ്ടാക്കാൻ. അയാൾ ദേഷ്യത്തോടെ പറഞ്ഞു.

കാർ ആശുപത്രി വളപ്പിലെത്തി നിന്നു.

ഞാൻ ടോക്കണെടുത്തേച്ച് വരാം സാറേ… ഒന്ന് കാഷ്വാലിറ്റിലോട്ട് കൊണ്ടരണേ.. അയാൾ ധൃതിയിൽ അകത്തേക്ക് നടന്നു.

സാഗർ പതിയെ സീറ്റിൽ നിന്ന് വൃദ്ധനെ പുറത്തേക്കിറക്കി, വേച്ചുപോയതും അയാൾ അവൻ്റെ കൈകളിൽ പിടിച്ചു ഒരാശ്രയമെന്ന പോലെ.. അത് മനസിലാക്കിയ പോലെ അവനാ കൈകൾ മുറുക്കെപ്പിടിച്ച് കാഷ്വാലിറ്റിക്കകത്തേക്ക് നടത്തി.

ആ വന്നോ, ഇത്തവണ എന്താ കാര്യം? സിസ്റ്റർ പരിഹാസത്തോടെ ചോദിച്ചു.

കാര്യമൊന്നൂല്ല സിസ്റ്ററേ.. കുടിച്ചേച്ച് വന്നേന് ചോദ്യം ചെയ്തപ്പോ മോൻ തള്ളിത്താഴെയിട്ടു. അത്ര തന്നെ.. കൂടെ വന്ന ആൾ ചീട്ട് കൊടുത്തു.

ആ ബെഡിലേക്ക് കിടത്തിക്കോ,, മുറിവ് ഡ്രസ് ചെയ്ത് വിടാം.. ബിപി കുറവാ ഡ്രിപ്പ് ഇട്ടിട്ട് പോയാ മതി. താനിങ്ങ് വാ…അവരാ ചീട്ടുമായി ഡോക്ടറുടെ റൂമിലേക്ക് നടന്നു.

സാഗർ ബെഡിൽ കിടക്കുന്ന അയാളെ സൂക്ഷിച്ചു നോക്കി. കൂനിക്കൂടിയുള്ള ആ കിടപ്പും മരവിച്ച നോട്ടവും അവൻ്റെ ഉള്ളിലൊരു നീറ്റലുണ്ടാക്കി.

വേദനയുണ്ടോ? അവൻ അലിവോടെ അയാളുടെ കൈകളിൽ തൊട്ടു.

ഇല്ലെന്ന് അയാൾ ചുമൽകൂച്ചി.

എന്നും ഇങ്ങനെ തല്ലാറുണ്ടോ ? അവൻ ചോദ്യഭാവത്തിൽ നോക്കി.

ഇല്ലെന്ന് ശിരസനക്കി അയാൾ കണ്ണുകൾ താഴ്ത്തി.

നുണ പറയുന്നതാ അല്ലേ? എന്തിനാ ഇങ്ങനെ സഹിക്കുന്നേ അവരൊക്കെ പറയുന്ന പോലെ നല്ലൊരിടത്ത് പോയി നിന്നൂടെ അച്ഛന്?

അവൻ്റെ ചോദ്യത്തിനും അച്ഛനെന്ന വിളിയിലുമാവണം അയാളൊന്ന് വിളറിച്ചിരിച്ചു.

ഞാമ്പോയാ ൻ്റ മോന് ആരുണ്ട്? അയാളുടെ വാക്ക് കേട്ട് സാഗറിൻ്റെ ഉള്ളം പിടച്ചു.

കള്ളും കുടിച്ച് വഴക്കൊക്കെ ഇണ്ടാക്കും, എത്ര പറഞ്ഞാലും കേൾക്കില്ല..പ്രായത്തിൻ്റയാ.. അവൻ്റെ നാലാം വയസിലാ ഓള് മരിക്കണേ, അന്ന് മൊതല് അവളില്ലാത്ത കൊറവ് അറിയിക്കാണ്ടാ ഞാനവനെ വളർത്തിയെ.. എന്നെ വല്യ കാര്യാ അവന് പക്ഷേ ദേഷ്യം കൂടുതലാ അവൻ്റെ അമ്മേനെപ്പോലെ.. എടുക്കും കൈയ്ക്ക് ഓരോന്ന് ചെയ്യും കുറച്ച് കഴീമ്പോ അത് മാറുകേം ചെയ്യും. എനിക്കിതൊരു ശീലായി അയാൾ ചിരിച്ചു.

ഞാൻ…. ഞാനൊരു കാര്യം ചോദിക്കട്ടെ ? സാഗർ വാക്കുകളില്ലാതെ അയാളെ നോക്കി.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാതെയാവുന്ന അവസ്ഥ, അതെനിക്ക് നല്ലപോലെ അറിയാം. അനാഥനെന്ന ലേബലിൽ ജീവിക്കുന്നതിനേക്കാൾ വേദന മറ്റൊന്നിനുമില്ല.

ആരെന്നോ പേരെന്തെന്നോ എനിക്കറിയില്ല, ചോദിക്കാൻ പാടോന്നും അറിയില്ല എന്നാലും ചോദിക്കുവാ,,

എൻ്റെ കൂടെ വരാമോ അച്ഛന്? ഞാൻ നോക്കിക്കോളാം പൊന്നു പോലെ… ഈ വില നല്ല പോലെ അറിയുന്നത് കൊണ്ടാ ഞാൻ….സാഗറിൻ്റെ വാക്കുകൾ ഇടറി…

ഒന്നും മിണ്ടാതെ അയാൾ അവനെത്തന്നെ നോക്കി കിടന്നു, ആ കണ്ണുകൾ നിറഞ്ഞിരുന്നു. അലിവോടെ അവൻ്റെ കൈകൾ നെഞ്ചിലേക്ക് ചേർത്തു വച്ച് അയാൾ മെല്ലെ തഴുകി.

ഇതു പോലെയാ എൻ്റമോനും, അറിയാതെ പറ്റീതാ അച്ഛാ ഇനി ആവർത്തിക്കല്ലാന്ന് പറഞ് ൻ്റ നെഞ്ചോട് ചേർന്ന് കിടക്കും അപ്പോ അവന് വയസ് ആ പഴയ നാലാ…അതോടെ ഞാനെല്ലാം മറക്കും. എല്ലാ അച്ഛനമ്മമാരും അങ്ങനെയാ… മോൻ്റെ സങ്കടം എനിക്കറിയാം, പക്ഷേ ഞാൻ മോൻ്റെ കൂടെ വന്നാ നാളെ എൻ്റെ മോനും അനാഥനെന്ന ലേബലിൽ ജീവിക്കേണ്ടി വരില്ലേ? അതോർത്ത് എങ്ങനെ എനിക്ക്സ്വസ്ഥനായി കഴിയാൻ പറ്റും?

ശരിയാണ്, ഞാൻ… ഞാനതോർത്തില്ല…… സാഗർ മെല്ലെ ചിരിച്ചു.

കൂടെ വന്നില്ലെങ്കിലും ഈ അച്ഛൻ എന്നും മോനെ ഓർക്കും മറ്റൊന്നും കൊണ്ടല്ല, അച്ഛാ…ന്ന് വിളിച്ച ആ വിളിയിൽ ഒരു ജന്മത്തിൻ്റെ സ്നേഹം മുഴുവൻ നീ ചേർത്തിട്ടുണ്ടായിരുന്നു എന്നതു കൊണ്ട്..

കൂടെ കഴിഞ്ഞില്ലെങ്കിലും, നീ എൻ്റെ മോൻ തന്നെയാ. എപ്പോ വേണമെങ്കിലും എൻ്റെ മോന് ഈ അച്ഛൻ്റടുത്ത് വരാം…..

ഇനി ആരോടും തല ഉയർത്തി പറഞ്ഞോ എനിക്കൊരച്ഛനുണ്ട്, വാസുദേവക്കൈമൾ….. എന്ന്.

അയാൾ ചിതറിയ വാക്കുകളോടെ അവനെ മുറുകെ പിടിച്ചു.

നിറഞ്ഞൊഴുകിയ മിഴികളോടെ സാഗറാ മെല്ലിച്ച കൈകളെ നെഞ്ചോടു ചേർത്ത് അത്രയും കാലമുളളിൽ ഒതുക്കിയ സ്നേഹത്തെ പുറത്തേക്കൊഴുക്കി വിളിച്ചു….

“അച്ഛാ……….”.

ആ വിളിയിൽ ചോരയൊട്ടി പുഞ്ചിരിച്ച മുഖവുമായി കിടന്നയാളെ കണ്ട് വാതിൽക്കൽ നിന്ന നിഷാമിൻ്റെ നെഞ്ചും വിങ്ങുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ.