Story written by ARJUN VS
പതിവ് ബസ് കിട്ടാഞ്ഞതിനാൽ അല്പം വൈകിയാണ് അജിത്തും സുഹൃത്ത് ഹരീഷും അന്ന് കോളേജിലേക്ക് പോയത് . വൈകിയതിന് രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തുന്നുമുണ്ട് . കോഴിക്കോട്ടെ അറിയപ്പെടുന്ന കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ് രണ്ടുപേരും…
ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും ഇരുവർക്കും സീറ്റ് കിട്ടി.
ആ സമയത്താണ് പുറകിൽ നിന്നും തന്റെ ദേഹത്തേയ്ക്ക് വീണ ഒരുത്തനെ ചീത്ത വിളിയ്ക്കുന്ന ഒരു കുട്ടിയെ അജിത്ത് ശ്രദ്ധിച്ചത്. ബസ്സിലെ യാത്രക്കാർ ഇരുപക്ഷത്തുമായി നിന്നു. ‘തിരക്കുള്ള ബസ് അല്ലേ’ എന്ന് കുറച്ചുപേർ….. മാറി നിന്നുകൂടെ എന്ന് മറ്റുള്ളവർ…… എന്തൊക്കെ ആയാലും അത്രയും ആളുകളുടെ ഇടയിൽ നിന്നും പ്രതികരിച്ച അവളുടെ ആ ചങ്കുറപ്പ് അവനെ അവളിലേക്കടുപ്പിച്ചു. പിറ്റേന്നും അതേ ബസ്സിനു പോവാൻ അജിത്ത് മനഃപൂർവ്വം വൈകി..ഹരീഷിനോട് ഒന്നും പറഞ്ഞതുമില്ല. ആ ചൂടൻ പെൺകുട്ടിയെ ഒന്നുകാണാൻ…..അന്നും അവളെ കണ്ടു….. അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. അവൾ നോക്കുമ്പോൾ പേടിച്ച് നോട്ടം മാറ്റും. അവളുടെ പ്രതികരണശേഷി നേരിട്ട് കണ്ടതാണല്ലോ.
അങ്ങനെ അജിത്തും സുഹൃത്തും ആ ബസ്സിലെ സ്ഥിരം യാത്രക്കാരായി…..
യാത്രയിലെവിടെയോ താൻ സമ്മാനിച്ച പുഞ്ചിരിയ്ക്ക് ആ പെൺകുട്ടി ഒരു പുഞ്ചിരി മടക്കം നൽകി… മനസ്സിൽ താൻ നട്ടുവളർത്തിയ മുന്തിരി വള്ളികൾ തളിർക്കാൻ തുടങ്ങിയപോലെ…………അജിത്ത് ഇറങ്ങുന്ന സ്റ്റോപ്പിന് തൊട്ടുമുന്നെ ആയിരുന്നു അവളിറങ്ങുന്ന കോളേജ് സ്റ്റോപ്പ്…… “സോനാ…. ഒന്നു നിന്നേ.” കൂട്ടുകാരിയുടെ വിളി അവനെ സന്തോഷവാനാക്കി. അതുവരെ അറിയാനാഗ്രഹിച്ച അവളുടെ പേര്…”സോന….. ” അവൻ ചുണ്ടുകളനക്കി…. പതിയെ വീണ്ടും വീണ്ടും മനസ്സിൽ മന്ത്രിച്ചു..
എങ്ങനെ പ്രതികരിക്കുമെന്ന ഭയം,സോനയോടൊന്ന് സംസാരിക്കുന്നതിൽ നിന്നും അവനെ പിൻതിരിപ്പിച്ചു..ഒരു ദിവസം സോന വന്ന് നിന്നത് അജിത്തിന്റെ സീറ്റിന്റെ തൊട്ടരികിൽ….. ബസ്സിൽ തിരക്കേറിയപ്പോൾ ബാഗ് അജിത്തിന്റെ കയ്യിൽ കൊടുത്തിട്ട് ഒന്നു പിടിക്കാൻ പറഞ്ഞു. ഒന്നു മൂളുക മാത്രം ചെയ്ത് അവനത് വാങ്ങി. പിന്നെ അതു പതിവായി…… പക്ഷേ, അജിത്ത് ഒരുവാക്കുപോലും മിണ്ടിയില്ല.ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവളും ഇറങ്ങും.
ആയിടെ ഒരു ദിവസം ബാഗിന്റെ മുകൾ ഭാഗത്ത് നിന്നും എന്തോ ഒന്നു അജിത്തിന്റെ കയ്യിൽ തടഞ്ഞു.. ഒരു മൊബൈൽ ഫോൺ….തന്റെ ഇഷ്ടം അറിയിക്കാൻ കിട്ടിയ ഒരവസരമായിരുന്നു അത്. പക്ഷേ, ബാഗ് തുറന്ന് ഫോൺ എടുക്കുന്നതെങ്ങാൻ സോന കണ്ടാൽ പിന്നെ ഭൂകമ്പമായിരിക്കുമെന്ന് അവൻ ഭയന്നു. ഒന്നുകൂടെ നോക്കിയപ്പോൾ ആണ് മനസ്സിലായത് അത് തന്റെ കയ്യിൽ മുൻപ് ഉണ്ടായിരുന്ന നോക്കിയ യുടെ കീപാഡ് മോഡൽ ഫോൺ ആണെന്ന്….. ഈ കാലത്തു ഒരു സ്മാർട്ഫോൺ ഇല്ലാത്ത കുട്ടിയോ എന്നു അജിത് ചിന്തിച്ചു… എന്തായാലും ഈ ഫോൺ ആയതു നന്നയെന്നു കണക്കുകൂട്ടി…… അവൻ ബാഗിന് മുകളിലൂടെ തന്നെ അതിന്റെ കീപാഡിൽ വിരൽ അമർത്തി…… കണ്ണുകെട്ടിയാൽ പോലും ആ മോഡൽ ഫോണിലെ സ്വിച്ചുകൾ അവനു മനഃപാഠമായിരുന്നു… തന്റെ നമ്പറിലേക്ക് ഒരു മിസ്കാൾ അടിച്ചു…. പതിവുപോലെ ബാഗുമെടുത്ത് ഒരു പുഞ്ചിരിയും നൽകി സോന പോയി.
വൈകുന്നേരം വീട്ടിൽ എത്തിയ അജിത് ആ നമ്പറിലേക്കൊരു മെസേജ് അയച്ചു..” മഞ്ഞ ചുരിതാർ രസമായിരിക്കുന്നു.. താൻ കൂടുതൽ സുന്ദരിയായിരിക്കുന്നു…”
‘ഹൂ ആർ യൂ’ എന്ന മെസേജ് ഉടൻ വന്നു.എന്നും കാണാറുണ്ട്….ശ്രദ്ധിക്കാറും എന്ന് മറുപടി കൊടുത്തു… ഇയാൾ അവിടുന്ന് ശ്രദ്ധിച്ചോ എന്നും പറഞ്ഞ് സോന ആ ചാറ്റിങ് നിർത്തി…… വല്ല പൂവാലന്മാരും ആയിരിക്കും,നമ്പർ ഒന്നും കിട്ടാൻ ഇന്നത്തെ കാലത്ത് വലിയ പണി ഒന്നും ഇല്ലല്ലോ. ശ്രദ്ധിക്കാതിരുന്നാൽ താനെ നിർത്തും എന്നവൾ കരുതി.
എന്നാൽ പിറ്റേന്നും വന്നു മെസേജ്….”ചുവന്ന പൊട്ട് തനിയ്ക്ക് രസമുണ്ട്. കഥ പറയുന്ന തന്റെ കണ്ണുകൾക്ക് തിളക്കം ഒന്നുകൂടെ കൂടി”യെന്നും അവൾ മറുപടിയൊന്നും നൽകിയില്ല.
ഈ വർണ്ണന അവൾക്കൊരു ശല്ല്യമായി തോന്നി.. എന്നായാലും മുന്നിൽ വരുമല്ലോ അപ്പോൾ നോക്കാമെന്നവൾ കണക്കുകൂട്ടി.മെസേജുകൾ എന്നും വന്നുകൊണ്ടിരുന്നു…….
മോശമായിട്ട് ഒന്നും തന്നെയില്ല…സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന മെസേജുകളോട് എപ്പോഴോ അവൾക്ക് ചെറിയൊരു താൽപര്യം തോന്നി. പിന്നെ പിന്നെ മെസേജുകളുടെ രൂപം മാറി…….ഇന്നിട്ട ഡ്രസ്സ് കൊള്ളില്ല……..മുടി അങ്ങനെ കെട്ടരുത്….. അവളിൽ അവൾപോലും ശ്രദ്ധിക്കാത്ത കാര്യങ്ങൾ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത്……
വൈകുന്നേരങ്ങളിൽ അവന്റെ മെസേജുകൾക്കായി അവൾ കാത്തിരിപ്പ് തുടങ്ങി……. ഒരിക്കൽ അവൾ മറുപടി നൽകി……”എന്റെ കാര്യങ്ങൾ ഇത്രയധികം ശ്രദ്ധിക്കുന്ന ഇയാളെ എനിക്കൊന്നു കാണണം.അതിനു പറ്റുമെങ്കിൽ മാത്രം എനിയ്ക്കിനി മെസേജ് അയച്ചാൽ മതി.
“നിന്റെ മുന്നിൽ ഞാൻ വരാം….. പക്ഷേ ഇയാൾ ചൂടാകില്ല എന്ന് ഉറപ്പ് തരണം……”
“ഓക്കെ” അവൾ മറുപടി നൽകി. എപ്പോൾ?,എവിടെ? എന്ന ചോദ്യത്തിനു”നിന്റെ മുന്നിൽ നാളെ ഞാൻ ഉണ്ടാകും” എന്ന് മാത്രമായിരുന്നു മറുപടി.
പിറ്റേന്ന് ഒരുങ്ങി തന്നെയാണ് അജിത്ത് പോയത്… അല്ലെങ്കിലും അവനെ കാണ്ടാൽ ഏതു പെൺകുട്ടിയ്ക്കും ഇഷ്ടപ്പെടുമായിരുന്നു…..സോന ഇറങ്ങാറുള്ള സ്റ്റോപ്പിൽ അജിത്ത് ഇറങ്ങി…. ഹരീഷിനോട് കാര്യങ്ങളെല്ലാം ആദ്യമേ പറഞ്ഞിരുന്നു.
“സോനാ… വൺ മിനിറ്റ്…” ഇയാൾ എന്താ ഇവിടെ ഇറങ്ങിയത്? തൊട്ടടുത്ത കോളേജിൽ അല്ലേ പഠിക്കുന്നത്?
” ഒരാളെ കാണാൻ ഇറങ്ങിയതാ…”അജിത്ത് മറുപടി നൽകി.ആരെ എന്ന് ചോദിച്ചപ്പോൾ അജിത്തിന്റെ വിരൽ തനിയ്ക്ക് നേരെ ചൂണ്ടുന്നത് കണ്ട് സോനയൊന്നു ഞെട്ടി… അവൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു
അതെ….ഞാൻ തന്നെയാണ് മെസേജുകൾ അയച്ചുകൊണ്ടിരുന്നത്..എനിയ്ക്ക് തന്നെ ഇഷ്ടമാണ്……….സോന വാക്കുകൾക്കായി പരതി…..താൻ ടെൻഷൻ ആവേണ്ട ആലോചിച്ച് പറഞ്ഞാൽ മതി.
പിറകോട്ട് നടക്കവേ വന്ന ഒരു ഓട്ടോയിൽ കയറി അജിത്ത് പോയി.. സോന എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു..
അജിത്തിനെ അവൾക്കു ഇഷ്ട കുറവൊന്നും ഇല്ലായിരുന്നു … വൈകുന്നേരം വീട്ടിൽ എത്തിയ സോന മെസേജ് അയച്ചു. “എനിയ്ക്കൊന്ന് സംസാരിക്കണം.നാളെ രാവിലെ 10 മണിയ്ക്ക് സ്വീറ്റി കോഫീ ഷോപ്പിൽ വരണം.”
കൃത്യ സമയത്ത് തന്നെ അജിത്ത് എത്തി.വൈകാതെ തന്നെ സോനയും..ദിവസവും കണ്ട് പരിചയമുള്ളതുകൊണ്ട് തന്നെ ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചു…ഒടുവിൽ ഇനിയുള്ള യാത്ര ഒരുമിച്ചാക്കാമെന്ന് തീരുമാനിച്ചു….
ക്ലാസ് ഏകദേശം അവസാനിക്കാറായിരുന്നു…മിക്കപ്പോഴും രണ്ടുപേരും സരോവരത്തിലും, ബീച്ചിലും,കാപ്പാടും എല്ലാം കണ്ടുമുട്ടി……. ക്ലാസും കഴിഞ്ഞ് എക്സാമും തുടങ്ങി.. പിരിമുറുക്കം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്….അവസാന പരീക്ഷയും കഴിഞ്ഞു.
അത്യാവശ്യം പഠിക്കാൻ മിടുക്കനായതിനാൽ പരീക്ഷയിൽ പാസായി.സോന സെക്കന്റ് ഇയർ ലേക്ക് കടന്നതേയുള്ളൂ…… അജിത്ത് തന്റെ പഠനം തൽക്കാലത്തേക്ക് നിർത്തിവെച്ച് ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ തുടങ്ങി..നിർഭാഗ്യവശാൽ ജോലിയൊന്നും ശരിയായതുമില്ല.
ആയിടെയാണ് അജിത്തിന്റെ അമ്മ കാര്യങ്ങളെല്ലാം അറിയുന്നത്. മോനെ ഒരുപാട് സ്നേഹിച്ച ആ അമ്മ ഉപദേശിക്കാൻ നിന്നില്ല. സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കികൊണ്ട് വരുന്നതൊക്കെ ആണത്വം ആയിരിക്കാം.പക്ഷേ, അത് ജീവൻ നൽകിയ ആ അച്ഛന്റെ കണ്ണുനീരിൽ ചവിട്ടിക്കൊണ്ടാവരുത്.അച്ഛന്റെ ഇഷ്ടപ്രകാരം സ്നേഹിച്ച പെണ്ണിനെ നിന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോഴാണ് എന്റെ മോനൊരാണാണെന്ന് ഞാൻ പറയുകയുള്ളൂ.അതിനു വേണ്ടിയുള്ള കാര്യം മോൻ ചെയ്യണം എന്നുമാത്രം പറഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം സോന ഫോൺ ചെയ്ത് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു….രണ്ടുപേരും അവരുടെ പതിവ് സ്ഥലത്ത് കണ്ടുമുട്ടി.
“അജിത്ത്, വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നു.ഇപ്പോൾ നല്ലൊരു ആലോചന വന്നിട്ടുണ്ട്.അച്ഛൻ ഉറപ്പിക്കാൻ പോവുകയാണ് എന്നു പറയുന്നു.ഞാൻ എന്തു ചെയ്യണം?”
നമ്മുടെ കാര്യം നീ പറഞ്ഞില്ലേ?
“ഇല്ല” എന്ന അവളുടെ മറുപടി കേട്ട് അവനു തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല..
“ഓ….. ഏതോ കാശുകാരനെ കണ്ടപ്പോൾ നിനക്കെന്നെ വേണ്ടാതായി അല്ലേ…. നീ അവന്റെ കൂടെ പോയിക്കോ. അല്ലെങ്കിലും ഇത് പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാണ്….. പ്രേമിക്കാനും ചുറ്റിയടിക്കാനും ഞങ്ങൾ വേണം…..എന്നിട്ട് നല്ല ആലോചനകൾ വരുമ്പോൾ നമുക്ക് പിരിയാം എന്ന്……തേപ്പ്…..ത്ഫൂ…പെണ്ണു ചതിക്കുമെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.ഇപ്പോൾ തൃപ്തി ആയി….എനിയ്ക്കിപ്പോൾ പുശ്ചം തോന്നുന്നു ഇങ്ങനെ ഒരുത്തിയെ ആണല്ലോ ഞാൻ സ്നേഹിച്ചത്…………”
എല്ലാം കേട്ട ശേഷം സോന പ്രതികരിക്കാൻ തുടങ്ങി. ” അജിത്ത് താൻ പറഞ്ഞല്ലോ തേപ്പെന്ന് ആരാ തേച്ചത് ? തേച്ചു , ചതിച്ചു എന്നൊക്കെ പറയുമ്പോൾ നിങ്ങൾ ആണുങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അവൾ അങ്ങനെ പറയുന്ന ചെയ്യുന്നതെന്ന് ? ഇല്ല അതിനു നിങ്ങൾക്കാവില്ല. ഒരു പ്രേമം തകരുമ്പോൾ അവിടെ പെണ്ണ് തേപ്പുകാരി ആവുന്നു… പ്രണയം മാത്രമല്ല ജീവിതം എന്നു മനസ്സിലാക്കി ,ജോലിയ്ക്കു വേണ്ടി കഷ്ടപ്പെട്ട് അതു നേടിയെടുക്കുന്ന ആണുങ്ങളും ഉണ്ടിവിടെ…അവരുടെ ആലോചനയും ഒരു പണിയും ഇല്ലാത്ത തന്റെ ആലോചനയും വീട്ടുകാർക്ക് മുന്നിലേക്ക് എത്തുമ്പോൾ ജോലിക്കാരന്റെ ആലോചന തന്നെ ആയിരിക്കും അവർക്കു വലുത് …”
പ്രേമിക്കുമ്പോൾ ഇല്ലാത്ത അച്ഛനും അമ്മയും ഏട്ടന്മാരുമൊക്കെ വിവാഹ സമയമാമ്പോൾ മാത്രം എവിടെ നിന്നും വരുന്നു നിങ്ങൾക്ക്?.” അജിത് ദേഷ്യം കൊണ്ട് വിറച്ചു
അവരെല്ലാം ആദ്യവും ഉണ്ട്. പക്ഷേ , എല്ലാം ശരിയാവും എന്ന വിശ്വാസത്തിൽ സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാൻ തന്നെയാണ് ഏത് പെണ്ണും ആഗ്രഹിക്കുന്നത്…. “അത് ശരിയാവാതെ സ്നേഹിച്ച പുരുഷൻ സ്വന്തം കാലിൽ നിൽക്കാൻ ശേഷിയില്ലാത്തവനാകുമ്പോഴാണ് ഏതൊരു പെണ്ണും നിങ്ങൾക്കൊരു തേപ്പുകാരി ആയിമാറുന്നത് ” അവളുടെ മറുപടി പെട്ടെന്നായിരുന്നു.
മനസ്സ് നീറിക്കൊണ്ട് തന്നെയാണ് താൻ ജീവന് തുല്യം സ്നേഹിക്കുന്നയാളെ കാലത്തിന്റെ ഓർമ്മകളിലേക്ക് തള്ളിവിട്ടുകൊണ്ട് ഏതൊരുപെണ്ണും കതിർ മണ്ഡപത്തിൽ മറ്റൊരുത്തന്റെ താലിയ്ക്കായി കഴുത്ത് നീട്ടുന്നത് .അല്ലാതെ നീ ഈ പറഞ്ഞ ക്യാഷ് കണ്ടിട്ടല്ല. അതിനിനിയൊരു പെണ്ണിനും ആവുകയുമില്ല.
പിന്നെ എല്ലാം മറക്കാൻ………… പറ്റിയിട്ടല്ല. പക്ഷേ , സ്വന്തം കുടുംബം നന്നായി പോവാൻ ഉള്ള അഡ്ജസ്റ്റ്മെന്റാണത്.എല്ലാം മറക്കാനും പൊറുക്കാനും ദൈവം സ്ത്രീയ്ക്ക് നൽകിയ കഴിവ്.”
നീ ജീവിയ്ക്ക് ഞാൻ പോവുകയാണ്. ഇനി വരില്ല. എല്ലാം പറഞ്ഞവസാനിപ്പിച്ച് സോന തിരിഞ്ഞു നടന്നു. അമ്മയോട് അവൾ പോയി എന്നു മാത്രം പറഞ്ഞു. എല്ലാം സത്യം ആണെങ്കിലും പിന്നീടങ്ങോട്ട് വാശിയായി. സ്വന്തം കാലിൽ നിൽക്കുന്ന പുരുഷനാണ് താനെന്ന് കാണിച്ചുകൊടുക്കാനുള്ള വാശി. അതിനുവേണ്ടി അവൻ കഷ്ടപ്പെട്ടു……
ആ ഒരു കഷ്ടപ്പാടിന്റെ ഫലം അവനു ലഭിക്കു കയും ചെയ്തു.സബ് ഇൻസ്പെക്ടർ അജിത്ത് എന്ന മേൽവിലാസം നേടിയെടുത്തു.
ഇനി നിനക്കൊരു വിവാഹം കഴിച്ചൂടെ എന്ന് അമ്മ ചോദിച്ചപ്പോൾ അജിത്ത് സമ്മതിച്ചു. മനസ്സിലെ ആഗ്രഹവും വാശിയും താൻ നേടിയിരിക്കുന്നു. സ്വന്തം കാലിൽ നിൽക്കുന്ന ഒരു പുരുഷൻ ആയിരിക്കുന്നു.
അടുത്ത ഞായറാഴ്ച ബ്രോക്കർ ദാമുവിന്റെ കൂടെ നീയൊന്ന് പോയി വാ എന്ന് അമ്മ പറഞ്ഞു.
ചായയുമായി വന്ന പെണ്ണിനെ കണ്ടു അവൻ ഞെട്ടി…. സോന…അടുത്ത നിമിഷം പുറത്തേക്ക് വന്ന ആളെ അവനൊന്ന് നോക്കി തന്റെ സ്വന്തം അമ്മ. അജിത്തിനു ഒന്നും മനസ്സിലായില്ല. തരിച്ചിരിക്കുന്ന അവനെ നോക്കി അമ്മ പറഞ്ഞു തുടങ്ങി….
“നിങ്ങളുടെ പ്രണയം മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു ദിവസം സോനമോളെന്നെ കാണാൻ വന്നിരുന്നു… “അജിയേട്ടനു ഭാവിയെക്കുറിച്ച് ഒരു വിചാരവും ഇല്ലമ്മേ….ഞാൻ കുറച്ചു മാറി നിന്നാൽ മാത്രമേ ഏട്ടന് എന്തെങ്കിലുമൊരു ചിന്ത ഉണ്ടാവുകയുള്ളൂ….. ഏട്ടനു നല്ല വിഷമമുണ്ടാകും എന്നറിയാം പക്ഷേ, നല്ലൊരു ജീവിതത്തിലേക്ക് നയിക്കാൻ ചിലപ്പം അതിനു സാധിച്ചേക്കും…ഏട്ടൻ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ വെറുത്തോട്ടെ , അത് എന്നോടുള്ള സ്നേക്കൂടുതലായി കണ്ട് ഞാൻ സന്തോഷിച്ചോളാം….”
ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് എനിയ്ക്കും തോന്നി. വലിയ ജോലിക്കാരനൊക്കെ ആവുമ്പോൾ അമ്മേടെ മോനെ വേറെ ആർക്കും കൊടുക്കല്ലേ എന്നുമാത്രമേ എന്റെ മോളെന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ. അത് ഞാൻ നിറവേറ്റി…… ഇനി നിനക്കു തീരുമാനിക്കാം.
ഞങ്ങൾക്ക് പൂർണ്ണ സമ്മതം എന്ന് സോനയുടെ അച്ഛൻ അഭിപ്രായപ്പെട്ടു.. എന്നാൽ പിന്നെ അവന്റെ സമ്മതം ഇവിടെ ആർക്ക് വേണം എന്ന് അമ്മയും പറഞ്ഞു….
എല്ലാവരുംകൂടി വിവാഹത്തിന് നല്ലൊരു ദിവസം നോക്കാൻ ഇരിയ്ക്കുമ്പോഴും അവന്റെ കണ്ണുകൾ തിരഞ്ഞത് ആ തിളങ്ങുന്ന കണ്ണുകളുടെ അവകാശിയായ ചൂടൻ പെൺകുട്ടിയെയായിരുന്നു……??