ഭാര്യയുടെ പ്രണയം – എഴുത്ത്: Shimitha Ravi
ഓർക്കും തോറും ചങ്കു കിടന്നു പിടയുവാണ്. കാര്യം ശരിയാണ്. പണ്ടത്തെ പോലെ അവളെ സ്നേഹിക്കാനിപ്പം നേരം കിട്ടാറില്ല. മര്യാദക്കൊന്നു പ്രേമിച്ചു നടന്നിട്ടില്ല. പുതുമോടി കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മുരടനായി പോയിട്ടുണ്ടാവാം. പക്ഷെ അന്നും ഇന്നും എന്റെ മനസ്സിൽ അവളല്ലാതെ മറ്റൊരു പെണ്ണിനെ പറ്റി ചിന്തിച്ചിട്ടുകൂടിയില്ല. എന്നിട്ടും അവളിങ്ങനെ ചെയ്തല്ലോ…
എന്തോ ഇത്രയും സംഭവിച്ചിട്ടും അങ്ങട് അംഗീകരിക്കാൻ പറ്റണില്ല. എന്റെ പെണ്ണ്….അവൾ അങ്ങനെ ചെയ്യുവോ…എനിക്കറിയാവുന്ന എന്റെ ദിയ അങ്ങനെ അല്ല…ഞാൻ മരിച്ചുപോയാൽ കൂടെ അവളും അങ്ങ് വരുമെന്ന് തോന്നിയിട്ടുണ്ട്…പാറ പോലത്തെ മനസൊന്നും അല്ല..എന്നിട്ടും എത്രയോ സങ്കടങ്ങളിൽ ആ തൊട്ടാവാടി പെണ്ണാണെനിക്ക് ധൈര്യം തന്നത്…കൂടെ നിന്നത്…എന്നിട്ടും അവനൊന്നു നാല് പഞ്ചാര വാക്കു പറഞ്ഞപ്പോൾ…കോഫീ കുടിക്കാൻ ഇറങ്ങി പോയിരിക്കുന്നു. കോഫി എന്താ ഇവിടെ കിട്ടാത്ത സാധനം ആണോ…
ചങ്കു പുകഞ്ഞു നീറി ആ പുക സ്പോഞ്ച് പോലുള്ള ശ്വാസകോശത്തിൽ കയറിയിട്ടാവണം വല്ലാത്തൊരു ചുമ….എവിടെ ആ സാമദ്രോഹികൾ…?
ഭാര്യയും കൂട്ടുകാരനുമാണ് ഏതാൾകൂട്ടത്തിലും തിരിച്ചറിയാം. കൂട്ടുകാരനോ…ആരുടെ എന്റെയോ…അതിന്നലെ വരെ…ഇനി അവനെ ന്റെ ….ഹ് മ് എന്നെ കൊണ്ട് പറയിപ്പിക്കണ്ട….
**********
ദിയ….എന്റെ ഭാര്യ…
വീട്ടിന്നു എന്റെ കൂടെ ഇറങ്ങി വാടി എന്ന് പറഞ്ഞപ്പോൾ നട്ടെല്ലില്ലാത്തവന്റെ പെണ്ണല്ലാ ഞാൻ എന്നും പറഞ്ഞു സ്വന്തം അപ്പന്റെ മുൻപിലേക്ക് തള്ളി വിട്ടവളാണ്…ക്രൂര…
ആ ക്രൂരയെ അവരെനിക്ക് സ്വമനസ്സാലെ കെട്ടിച്ചു തരണ വരെ അവളനങ്ങിയില്ല. ഒറ്റ ഡയലോഗ്…നിങ്ങളെ വേദനിപ്പിച്ചു ഞാൻ ഇറങ്ങിപോവില്ല. അങ്ങനൊരു ജീവിതം എനിക്ക് വേണ്ട. പക്ഷെ മറ്റൊരു വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്.
ആരെയും വഞ്ചിച്ചില്ല….തേച്ചില്ല… പറ്റിച്ചില്ല….സ്നേഹിച്ച ആരെയും നോവിക്കാതെ അവളെടുത്ത ആ സ്റ്റാൻഡ് ആണ് ഇന്ന് അടയും ചക്കരയും പോലെ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ അടിത്തറ….കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി…(almost അടി മാത്രമേ നടക്കാറുള്ളൂ എന്നത് സ്വകാര്യം..) അങ്ങനങ്ങു സുന്ദര സുരഭിലമായി ജീവിച്ചു പോവുമ്പോഴാണ് ഇടക്കെപ്പോഴോ പ്രാരാബ്ധങ്ങളിൽ മറന്നുവച്ച എഴുത്തിനെ അവളങ്ങു പോടീ തട്ടി എടുക്കുന്നത്.
സ്വന്തമായിട്ടു ജോലി വാങ്ങിയിട്ടേ കെട്ടു എന്ന് പ്രഖ്യാപിച്ചിരുന്ന പെണ്ണാണ്. ഇപ്പൊ ഞാനായിട്ടു വച്ച് കൊടുത്ത ഒരു പണിം കൂടി ഉണ്ട് ഒക്കത്ത്. എന്തൊക്കെ പറഞ്ഞാലും എന്റെ കൊച്ചിനേം ഒക്കത്ത് വച്ച് അടുക്കളയിലേക്കും റൂമിലേക്കും മാറി മാറി ഓടുന്ന അവളെ കാണുമ്പോ പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നാറുണ്ട്. (എന്നു വച്ച് പുരുഷ പ്രജയായ ഞാൻ അടുക്കളയിൽ സഹായിക്കും എന്നൊന്നും ആരും വ്യാമോഹിക്കണ്ട). കൊച്ചിനെ അര മണിക്കൂറിൽ കൂടുതല് എന്റെ കയ്യിൽ തന്നാൽ അറിയാതെ ഞാൻ അവളെ അങ്ങ് പൂജിച്ചാലോ എന്നോർക്കും. (പുരുഷ പ്രജ…ഡോണ്ട് ടു ഡോണ്ട് ടു…)
പറഞ്ഞുവന്നത് അതൊന്നും അല്ല. ക്ലാർക്ക് ഉദ്യോഗവും അടുക്കള പണിയും വാവയെ നോക്കലും ഒക്കെ ആയിട്ടു പാവം ഒത്തിരി കഷ്ടപ്പെട്ടു. അപ്പൊഴാണ് എഴുത്തിനെ പൊടീ തട്ടി എടുത്തത്. ആകെ ഉള്ള ഇച്ചിരി സമയം വിശ്രമിക്കാതെ എഴുതാൻ പോകുന്നതിനു ആദ്യം മൂക്കിനൊരിടി വച്ച് കൊടുത്താലോ എന്നോർത്തതാണ്….(അകെ എനിക്കവളെ ഫ്രീ ആയിട്ട് കിട്ടുന്ന സമയത്ത് അവൾ എഴുതാൻ പോണ കലി ഒന്നും അല്ല കേട്ടോ…) പിന്നെ അവളുടെ സന്തോഷം അതാണെങ്കിൽ അങ്ങ് ആയിക്കോട്ടെ എന്ന് വച്ച്…ആ വിശാല മനസ്കതയാണ് ഇപ്പൊ എനിക്ക് തന്നെ കെണിയായത്…
പണ്ടേ എഴുത്തു കൊണ്ട് മായാജാലം കാണിക്കുന്നവളായിരുന്നു അവളുടെ വിരലുകൾ. അതിവിടേം സംഭവിച്ചു. പെണ്ണിന് ഫാൻസ് ചില്ലറയൊന്നും അല്ലാതായി . സഹധർമ്മിണിയുടെ കഴിവിൽ ഒരല്പം അഭിമാനം എനിക്കും തോന്നിയില്ല എന്ന് പറഞ്ഞാൽ നുണ ആവും.
ഇനി പണി വന്ന വഴി…പണിയുടെ പേര് വിനയകുമാർ…വിനു എന്നാ എന്റെ ചങ്ങായി….പേര് പോലെ തന്നെ വിനയം അല്പം കൂടുതലാണ്. പെണ്ണുങ്ങളോട് പ്രത്യേകിച്ചും….ഭാര്യ അങ്ങ് ഗൾഫിൽ….
കാര്യം എത്ര തല്ലിപ്പൊളി ആയാലും നുമ്മടെ കൂട്ടുകാരെ നമ്മള് തള്ളി പറയില്ലലോ…അവന്റെ അത്യാവശ്യം കുറുത്തകേടൊക്കെ എനിക്കറിയാമായിരുന്നു. ഞാൻ അതു ചിരിച്ചു തള്ളുകയായിരുന്നു പതിവ്…എന്റെ ചിരി…കൊലച്ചിരി….
ഇവൻ എന്നും പറയുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ ആണ് ആരതി എന്നാ പേര് ആദ്യം വന്നത്. എഴുത്തു കണ്ടു ഫ്ലാറ്റ് ആയിപോയെടാ…എന്ന് പറഞ്ഞപ്പോൾ പതിവ് ചിരി ഞാൻ പാസാക്കി. പിന്നെ പിന്നെ വർണ്ണനകൾ കൂടി കൂടി വന്നു. കോംപ്ലിമെന്റ് കൊടുത്തു. മിണ്ടി എന്നൊക്കെ പറഞ്ഞപ്പോൾ അവനു തലക്കു പിടിച്ചല്ലൊ എന്ന് പറഞ്ഞ ഞാൻ കളിയാക്കി. അങ്ങനെയങ്ങനെ ആ പേരെനിക്ക് സുപരിചിതമായി.
ഒരിക്കൽ തുള്ളിച്ചാടി വന്ന അവൻ കോഫി കുടിക്കാൻ ക്ഷണിച്ചെന്നും മറുപടി വന്നില്ലെന്നും പറഞ്ഞപ്പോൾ…ഞാൻ വേറെന്തു ഛെ യ്യാനാ…ചിരിച്ചു…അതന്നെ…പക്ഷെ ആ ചിരിയങ്ങോട്ടു മാഞ്ഞത് അവനെ ന്റെ ടേബിളിൽ വച്ചിട്ട് പോയ ഫോണിൽ ബീപ് ശബ്ദം കേട്ടപ്പോളാണ്.
മെസ്സന്ജരിന്റെ തല സ്ക്രീനിൽ തെളിഞ്ഞപ്പോൾ കണ്ണ് അറിയാതെ ഒന്ന് നോക്കി പോയി…ആ പൂവ് നല്ല പരിചയം….അവശ്യകാരന് ഔചിത്യം ഇല്ലലൊ….എടുത്തു നോക്കി. sure…monday evng 5.00 pm..beech restaurant…
കണ്ണ് മഞ്ഞളിച്ചുപോയി ആദ്യം…ആരതി… “ക്യൂട്ട് ആരതി എന്നാ എന്റെ ഗ്രൂപ്പിലെ പേര്. ചേതൻ ഭാഗതിന്റെ പുസ്തകം വായിച്ച ഓർമയിൽ ഇട്ടതാ….” ഉറക്കത്തിന്റെ ഏതോ ഇടവേളയിൽ കാതിൽ പതിഞ്ഞൊരു വാക്യം.
ഫോൺ തിരികെ വച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഫയൽ നോക്കാൻ ഇരുന്നപ്പഴും ബോധമണ്ഡലത്തിൽ ആ mesaage തെളിഞ്ഞു നിന്നു. sure….monday…മനസിനെ അത്തങ്ങോട്ടു അംഗീകരിക്കാൻ മടിയായിരുന്നു. ആയിരിക്കില്ല, തോന്നലായിരിക്കും എന്നൊക്കെ…പിന്നെ പിന്നെ മനസ് സ്വയം ആശ്വസിപ്പിച്ചു. ഒരു കാപ്പി കുടിക്കണല്ലേ…അതിലെന്താ ഇപ്പൊ….എന്നിട്ടും നെഞ്ച് കരഞ്ഞുകൊണ്ടേയിരുന്നു. എന്നാലും എന്റെ പെണ്ണേ…നീ….
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ ചോദിച്ചു…നാളെ ഞാനെന്റെ വീടുവരെ ഒന്ന് പൊയ്കോട്ടെ…? മ് മ് മ്….എന്ന് നീട്ടിമൂളി ഞാൻ പുതപ്പു വലിച്ചു മുഖത്തോട്ടിട്ടപ്പോൾ അമ്പരന്നു കാണണം. അങ്ങാനൊന്നും വിടാറില്ല ഞാൻ….
അവളില്ലാത്ത ഒരു ദിവസം…അതിന്റെ നീളം….ഹ്ഹോ…
വൈകുന്നേരം നേരത്തെ ഇറങ്ങി.. മനസ് ശരിയല്ലാത്തത് കൊണ്ട് ചെയ്യുന്നതൊന്നും…അതാണ്…വീട്ടിലേക്കു പോകണം എന്നാണ് ആദ്യം കരുതിയത്…പക്ഷെ…അവളിപ്പോൾ പോയിട്ടുണ്ടാകും….മോളെ കൊണ്ടുപോയിട്ടുണ്ടാകുമോ…? ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടികളെ എല്ലാവരും ഒഴിവകുമല്ലോ…ആരാധകനും കഥാകാരിയും…
എന്തോ മനസ്സ് വല്ലാത്ത വെപ്രാളം കാട്ടുന്നു…അവളെ എനിക്കറിയാം. ആ മെസ്സേജ് എന്നിലേല്പിച്ചത് ഒരു അസ്വസ്ഥത മാത്രം ആണ്. ഒരു നിമിഷത്തേക്ക് പോലും എന്റെ പെണ്ണിനെ മറ്റൊരുവന്റെ കൂടെ സമയം ചിലവഴിക്കുന്ന കാണാൻ വയ്യാത്തത്കൊണ്ട്…പക്ഷെ അവളുടെ ആ നുണ….അതെന്നെ വല്ലാതെ പോറൽ ഏല്പിച്ചു കളഞ്ഞു. വീട്ടിൽ പോകണം പോലും…എന്തിനെന്നോട് കള്ളം പറഞ്ഞു…? അല്ലെങ്കിൽ ഓരോ വിശേഷ്വ പൊട്ടും പൊടിയും പോലും എന്റെ നെഞ്ചിൽ ചേർന്നിരുന്നു പറയുന്നവൾ എന്തിനിത് മാത്രം മറച്ചുവച്ചു…അതായിരുന്നു എന്നെ കൂടുതൽ വിഷമിപ്പിച്ചത്.
എങ്ങോട്ട് പോകാണമെന്നറിയാതെ വെറുതെ വണ്ടി ഓടിച്ചു. സ്ഥലകാല ബോധം തീരെ ഉണ്ടായിരുന്നില്ല. മനസ് എവിടേക്കോ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും ശരി. പറയണ്ടല്ലോ…ഞാൻ ബൈക്ക് നിർത്തിയത് ബീച്ച് റോഡിൽ തന്നെ ആയിരുന്നു.
ഒരിക്കൽ കൂടി ചിന്തിക്കാതെ ഇരുന്നില്ല. വേണോ…തിരിച്ചു പോയാലോ…പക്ഷെ എനിക്ക് കഴിഞ്ഞില്ല…ഞാൻ restaurent ലക്ഷ്യമാക്കി നടന്നു. സമയം നാല് കഴിഞ്ഞതേ ഉള്ളു. നോക്കി ദാ ഇരിക്കുന്നു എന്റെ സുന്ദര കുട്ടൻ. വിനു…
ഓഹ് കുളിച്ചൊരുങ്ങി വല്ലവന്റേം ഭാര്യയെ നോക്കി ഇരിക്കണ ഇരിപ്പ് കണ്ടില്ലേ…എന്റെ ദിവ്യെ നിനക്കിവനെ നാട്ടുകാർക്ക് ഭാരം ആകാതെ അങ്ങ് കൊണ്ട് പോയ്ക്കൂടെ….ആദ്യമായി ഞാനവനെ മനസ്സിൽ പ്രാകി…
ആളനക്കം കൂടിയ മൂലയിൽ പെട്ടെന്ന് ശ്രദ്ധ കിട്ടാതെ ഞാൻ ഇരുന്നു…സമയം 4.5…4.10…4.35….ആയി….അവന്റെ മുഖം വിയർത്തു തുടങ്ങി. കയ്യിലിരിപ്പ് അത്യാവശ്യം മോശം ആയത് കൊണ്ട് തന്നെ ഈ കാത്തിരിപ്പിന് അവനു വ്യക്തമായ ഉദ്ദേശം ഉണ്ടെന്നു എനിക്കുറപ്പായിരുന്നു.
ദിയ വരില്ലാ എന്നെന്റെ മനസ് മന്ത്രിച്ചു തുടങ്ങിയതായിരുന്നു. പെട്ടെന്നാണ് പരിചിതമായ ഒരു റോയൽ എൻഫീൽഡ്ന്റെ ശബ്ദം. അവിടേക്ക് നോക്കിയാ എന്റെ സകല പ്രതീക്ഷകളും അസ്തമിച്ചു. ദിയയുടെ അനിയന്റെ ബൈക്ക് ആണ്. വന്നിറങ്ങുന്നത് ദിയ തന്നെയാണെന്ന് ഒട്ടൊരു തളർച്ചയോടെ ഞാൻ തിരിച്ചറിഞ്ഞു. അവലേറ്റവും സുന്ദരിയായി എനിക്ക് തോന്നാറുള്ള ആ ഓറഞ്ച് ചുരിദാരിൽ….എണീറ്റു പോയാലോ എന്നോർത്തതാണ്. പക്ഷെ വഴി ഒന്നേ ഉള്ളു. വയ്യ…അവളുടെ മുൻപിലേക്ക്…
ഞാൻ വികാരാധീനം ആയിപോയത് കൊണ്ട് എന്തൊക്കെയോ മിസ്സ് ആയപോലെ…
ദിയയെ കാണുന്നില്ലല്ലോ…ആദി…എന്റെ പുന്നാര അളിയൻ അതാ വിനുവിന്റെ മുൻപിൽ നില്കുന്നു….ദിയ എവിടെ…? ഞാൻ ചുറ്റും നോക്കി.
ഹായ് വിനുവേട്ടാ…സോറി കുറച്ചു ലേറ്റ് ആയിപ്പോയി. എന്താ ബ്ലോക്ക്…അവൻ കോളർ വിടർത്തികൊണ്ടു സ്വതസിദ്ധമായ കുസൃതി ചിരിയോടെ സീറ്റിലേക്കിരുന്നു. ഇരിക്ക്…മുൻപിൽ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി വിനു നില്കുന്നു. ആരാ….മന…മനസ്സിലായില്ല…എന്നെ എങ്ങനെ…? വിനുവിന്റെ ശബ്ദത്തിൽ ഇത്തിരി തളർച്ച ഫീൽ ചെയ്ത പോലെ.
അത് ശരി….അതെന്തു പറച്ചില…ആദി അത്ഭുതം ഭാവിച്ചു. എന്റെ എഴുത്തിൽ എന്റെ മുഖം പ്രതിഫലിച്ചു കാണുന്നു, എന്റെ ശബ്ദം കേൾക്കാൻ മനസു വെമ്പുന്നത് കേൾക്കുന്നില്ലേ…എന്നൊക്കെ ചോദിച്ചിട്ട് ഇപ്പൊ മനസിലായില്ലെന്നോ…
സത്യം…എനിക്കെന്റെ അളിയനെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി. എന്താ അവന്റെ ഒരു ആക്ടിങ്. അവനെ അളിയനായി കിട്ടിയത് എന്റോരു ഭാഗ്യമാ…ഞാൻ ബാക്കി ഒന്നും കേൾക്കാൻ നിന്നില്ല കേട്ടോ…കാര്യം അലവലാതി ആണെങ്കിൽ ലും വിനു അവനെന്റെ ചങ്ക് അല്ലെ….ഇതിൽ കൂടുതൽ വിളറി വെളുത്ത അവന്റെ മുഖം എനിക്കിനി കാണാൻ വയ്യായെ…
ഇറങ്ങി പൊരുമ്പോ ഞാൻ കണ്ടു… ഓടിയകലുന്ന തിരക്ക് പിന്നാലെ ഓടുന്ന എന്റെ കുഞ്ഞുമോളെ…അവളെ കഷ്ടപ്പെട്ട് അടക്കി നിർത്താൻ പാടുപെടുന്ന എന്റെ ദിയയെ….ഓടിച്ചെല്ലണമെന്നും ഇന്നലെ കാണിച്ച അവഗണനക്ക് പകരമായി നെഞ്ചോട് ചേർക്കണം എന്നും തോന്നാഞ്ഞിട്ടല്ല…കഷ്ടപ്പെട്ട് അടക്കി…എങ്ങാനും കണ്ണിൽ പെട്ടാൽ അവളേം കൊച്ചിനേം വീട്ടിൽ പറഞ്ഞുവിട്ടിട് ഞാൻ ആഘോഷിക്കാൻ വന്നു എന്നും പറഞ്ഞു ആ പെണ്ണേ എന്നേ ഒരാഴ്ച കിടതിയുറക്കില്ല….എന്തൊക്കെ പറഞ്ഞാലും പെണ്ണല്ലേ വർഗം….(ആരും തല്ലരുത് പപ്ളീസ്….പുരുഷ പ്രജ…ഒന്ന് ചമ്മിയ ചമ്മൽ മാറ്റാൻ വേറൊരു വഴിം ഇല്ലാത്തൊണ്ടാണ്…)
തിരികെ ബൈക്ക് ഓടിക്കുമ്പോൾ എനിക്ക് എല്ലാം തെളിഞ്ഞു വന്നു. പെണ്ണൊരു അത്ഭുതമാണ്. അവൾക്കറിയാം തന്നെ നോക്കുന്ന കണ്ണിൽ എന്താണെന്ന്….എന്നോട് പറയാതിരുന്നത് ഒരു പക്ഷെ ഞാനവളുടെ എഴുത്തിനെ തന്നെ അങ്ങ് തടഞ്ഞാലോ എന്ന തോന്നൽ മൂലമായിരിക്കാം….
എന്റെ വണ്ടി ഇത്തവണ എന്നെ കൊണ്ടുപോയി നിർത്തിയത് അവളുടെ വീടിനു മുൻപിലാണ്….എന്റെ പെണ്ണെ നീയിങ്ങു വേഗം വാ….ഞാനും എന്റെ കൈ കൊണ്ടുണ്ടാക്കിയ കാപ്പിയും ഇവിടെ വെയ്റ്റിംഗ്….