ഓളങ്ങൾ ~ ഭാഗം 11, എഴുത്ത്: ഉല്ലാസ് OS

ഭാഗം 10 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വൈശാഖൻ ഇറങ്ങി വന്നപ്പോൾ അവൾ അവൾ ഉറക്കം നടിച്ചു കിടക്കുക ആണ്..

ഇവളുടെ അഹങ്കാരം ഒക്കെ മാറ്റണം, എന്റെ വരുതിയിൽ കൊണ്ടുവരാൻ അറിയാൻ മേലാഞ്ഞിട്ടല്ല….

പക്ഷേ… അതിനു തനിക്കു കുറച്ചു സമയം വേണം.. എന്തായാലും എടുത്തു ചാടി വിവാഹം കഴിച്ചത് മോശം ആയി പോയി എന്നു കെട്ടു കഴിഞ്ഞ അന്ന് അവനു മനസിലായി..

അവനും കട്ടിലിൽ കയറി കിടന്നു.

എടീ പുല്ലേ… നിന്നെ ഞാൻ ആരാണെന്നു കാണിച്ചു തരാൻ പോകുന്നതേ ഒള്ളു…. കെട്ടോടി…

***********

കാലത്തേ വൈശാഖൻ ആണ് ആദ്യം ഉണർന്നത്…

അവൻ നോക്കിയപ്പോൾ ലക്ഷ്മി സുഖമായി ഉറങ്ങുക ആണ്..

ഉറങ്ങിക്കിടക്കുമ്പോൾ എന്തൊരു പാവം ആണ്… ഉണർന്നു കഴിഞ്ഞാലോ രാക്ഷസി….

ബ്രെഷ് ചെയ്തു കഴിഞ്ഞു ഇറങ്ങി വന്നപ്പോളും ലക്ഷ്മി എഴുന്നേറ്റിട്ടില്ല..

കാലത്തേ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു നേരെ വിജിയുടെ വീട്ടിലേക്ക് പോകണം… അവിടെ നിന്നും അധികം വൈകാതെ ദീപ ചേച്ചിയുടെ വീട്ടിൽ പോകണം… ഇന്ന് തന്നെ തിരിച്ചു പോരുകയും ചെയ്യണം… നാളെ ആണ് തനിക്ക് ഇന്റർവ്യൂ.. അവൻ കണക്കു കൂട്ടലുകൾ ഒക്കെ നടത്തി.

ഇവൾ ഇങ്ങനെ ഉറക്കം തന്നെ ആണെങ്കിൽ എല്ലാം പൊളിയും..

ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്നു തലയിലോട്ട് കമഴ്ത്താൻ ഉള്ള മനസ് ഉണ്ട് അവനു…

“എടോ… ലക്ഷ്മി… എടോ… എഴുന്നേൽക്കു… “

“എന്താ എന്റെ വൈശാഖേട്ട…. ഉറക്കം പോയില്ല “… അവൾ ചിണുങ്ങി..

“അതേയ്…. തന്റെ മുത്തശ്ശി താഴെ വന്നിട്ടുണ്ട്…. തന്റെ അമ്മ കിടന്നു വിളിക്കുന്നത് കേട്ടില്ലേ “

“ങേ…. മുത്തശ്ശിയോ… അവൾ ചാടി എഴുന്നേറ്റു താഴേക്ക് പോയി “

“മുത്തശ്ശി “

….. അവൾ വിളിക്കുന്നത് അവൻ റൂമിൽ ഇരുന്നു കേട്ടു…..

“അമ്മേ… മുത്തശ്ശി എവിടെ… എന്താ രാവിലെ മുത്തശ്ശി വന്നത് “

“മുത്തശ്ശിയോ… നീ എന്തേ വല്ല സ്വപ്നവും കണ്ടോ കുട്ട്യേ “…

“അല്ലമ്മേ… ഞാൻ വെറുതെ….” അവൾ വേഗം തന്നെ തന്റെ മുറിയിലേക്ക് കയറി പോയി… വൈശാഖൻ ഫോണിൽ നോക്കി ഇരിക്കുക ആണ്…

ഫോൺ മേടിച്ചു ഒരേറു കൊടുക്കാൻ തോന്നി അവള്ക്ക്..

“അവിടെ വന്നതിൽ പിന്നെ എനിക്കൊന്നു നേരാം വണ്ണം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.., കിടക്കുമ്പോൾ 12മണി ആകും,കാലത്തേ എഴുനേൽക്കുകയും വേണം “

പറച്ചില് കേട്ടാൽ തോന്നും അവൾ ഭർത്താവിനെ സുഖിപ്പിച്ചു കൊല്ലുവാണെന്നു… വൈശാഖൻ ഓർത്തു..

“അല്ലാ… ഭവതി എന്റെ വീട്ടിൽ വന്നിട്ട് എത്ര ദിവസം ആയി….. അപ്പോളേക്കും മടുത്തോ… “..

“ഞാൻ അങ്ങോട്ടൊന്നും പറഞ്ഞില്ലാലോ… പിന്നെ എന്തിനാണ് എന്നോട് കോർക്കാൻ വരുന്നത്….

“നമ്മൾ ആരോടും ഒന്നും പറഞ്ഞില്ലേ… “

ലക്ഷ്‌മി വാഷ്‌റൂമിലേക്ക് കയറി പോയി. .കുറച്ചു കഴിഞ്ഞതും അവൾ ഫ്രഷ് ആയി ഇറങ്ങി വന്നു..അപ്പോളേക്കും അശോകൻവന്നു അവരെ ഭക്ഷണം കഴിക്കുവാനായി വിളിച്ചു.

പാലപ്പവും മട്ടൺ സ്റ്റൂവും ആയിരുന്നു..

വൈശാഖന്റെ അമ്മയുടെ കൈപ്പുണ്യം ഒന്നും നമ്മൾക്ക് കിട്ടില്ല കെട്ടോ “.. ശ്യാമള മട്ടൺ സ്റ്റൂ പ്ലേറ്റിലേക്ക് ഒഴിച്ച് കൊടുത്തു.

“അയ്യോ അങ്ങനെ ഒന്നും ഇല്ലാ അമ്മേ…. അമ്മ ഉണ്ടാക്കിയത് എല്ലാം നന്നായിട്ടുണ്ട്….”

“വൈശാഖേട്ടന്റെ അമ്മയുടെ കറികൾ ഒക്കെ സൂപ്പർ ആണ്… “

“മോനേ… വൈശാഖാ…. ഇന്ന് നിങ്ങൾ ദീപ മോളുടെ വിട്ടിൽ സ്റ്റേ ചെയ്യണം കെട്ടോ മോനേ “

ഒക്കെ അമ്മേ…. എന്ന് പറഞ്ഞു കൊണ്ട് അവൻ കഴിച്ചിട്ട് എഴുനേറ്റു…

“മോനേ… ഒരു അപ്പം കൂടി കഴിക്ക്..രണ്ടെണ്ണം കഴിച്ചാൽ എന്താകാനാ… .” അശോകൻ നിർബന്ധിച്ചു എങ്കിലും അവൻ സ്നേഹപൂർവ്വം അതു നിരസിച്ചു.

“വൈശാഖൻ ഒരുപാട് സംസാരിക്കുന്ന ആൾ അല്ല,,,,, “

പ്ലേറ്റുകൾ എല്ലാം എടുത്തു കഴുകുകയാണ് ലക്ഷ്മിയും അമ്മയും കൂടെ. .

“മ്… അതേ അമ്മേ…. ഒരുപാട് മിണ്ടില്ല… “

വീണയോടും, ഉണ്ണിമോളോടും ഒക്കെ വാതോരാതെ സംസാരിക്കുന്ന ആൾ ആണ്…എന്നിട്ട് ഇവിടെ വന്നപ്പോൾ വായിൽ നാക്കില്ല… ലക്ഷ്മിക്ക് ദേഷ്യം വന്നു എങ്കിലും അവൾ ഒന്നും പുറത്തു കാണിച്ചില്ല….

“മോളേ… അവിടുത്തെ അമ്മ ഒന്നും കുഴപ്പമില്ലല്ലോ അല്ലേ…….”

“ഇല്ലമ്മേ…. ഒരു കുഴപ്പവും ഇല്ലാ…. അമ്മ ഇനി എന്നു വരും അങ്ങോട്ട്?? “

“അടുക്കള കാണൽ “എന്നൊരു ചടങ്ങ് ഉണ്ട്… അതു ഇനി എന്നാണ് എന്നു അച്ഛൻ തീരുമാനിച്ചു അറിയിക്കും “

ലക്ഷ്മി……. വൈശാഖൻ ഉറക്കെ വിളിച്ചു..

അവൾ ചെന്നപ്പോൾ അവൻ ഡ്രസ്സ്‌ ഒക്കെ മാറി നിൽക്കുക ആണ്…..

“ഇങ്ങനെ നിന്നാൽ മതിയോ… പോകണ്ടേ… ടൈം എത്ര ആയിന്നു കണ്ടോ… “….

“9മണി ആയതല്ലേ ഒള്ളു… കുറച്ചു കഴിയട്ടെ.. “

“അതേയ്… എന്റെ പെങ്ങൾ കാരണം ആണ് ഈ വിവാഹം തന്നെ നടന്നത്..അവളുടെ വീട്ടിൽ ചെന്നിട്ട് കുറച്ചു സമയം സ്പെന്റ്‌ ചെയ്തിട്ട് വേണം ദീപേച്ചിയുടെ വീട്ടിൽ പോകാൻ… “

സ്വന്തം പെങ്ങടെ വീട്ടിൽ പോകാൻ എന്തൊരു ഉത്സഹം ആണ്…ലക്ഷ്മി ഒന്നു മിണ്ടാതെ താഴേക്ക് ഇറങ്ങി പോകാൻ ഭവിച്ചതും അവൻ വേഗം അവളുടെ കൈയിൽ ചാടി പിടിച്ചു.

“ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ…. വേഗം ഡ്രസ്സ്‌ മാറിക്കോ…അതോ ഞാൻ സഹായിക്കണോ “

“ഇവിടെ നിന്നും എപ്പോൾ ഇറങ്ങണം എന്നു തീരുമാനിക്കേണ്ടത് ഞാൻ ആണ്… ആ സമയം ആകുമ്പോൾ ഞാൻ ഇറങ്ങുo…”

അതും പറഞ്ഞു കൊണ്ട് അവൾ ചാടി തുള്ളി ഇറങ്ങി പോയി..

കൂടുതൽ ഒന്നും വേണ്ടാ… ഒറ്റ ഒരെണ്ണം കൊടുത്താൽ മതി…. എല്ലാം ശരിയാകും…തനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല….. ക്ഷമയുടെ നെല്ലിപ്പലക വരെ ഒന്നു എത്തി നോക്കുവാൻ തീരുമാനിച്ചിരിക്കുക ആണ്…. വൈശാഖൻ ഓർത്തു…

എന്തായാലും ഇതിനുള്ള പണി നിനക്കിട്ടു ഉണ്ടെടി….

അവൾ ഇറങ്ങി പോയി, കുറച്ചു കഴിഞ്ഞതും വൈശാഖൻ താഴേക്ക് ചെന്നു..

ആഹ്ഹ്… മോൻ റെഡി ആയോ… മോളേ…. ലക്ഷ്മി…. അശോകൻ നീട്ടി വിളിച്ചു..

വൈശാഖൻ റെഡി ആയി ഇറങ്ങി വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…

“ലക്ഷ്മി… നീ വരുന്നില്ലേ… രാജീവേട്ടൻ ഒക്കെ നേരത്തെ ചെല്ലണം എന്ന് പറഞ്ഞതല്ലേ…ഇനി വിജിടെ വീട്ടിൽ കൂടെ കയറണം… “

മോളേ… നീ പോയി ഒരുങ്ങി വാ…. വൈശാഖൻ പറഞ്ഞ പോലെ അവിടെ ഒക്കെ പോകേണ്ടത്…. അ ല്ലേ… ശ്യാമള പറഞ്ഞു…

ഒടുവിൽ ലക്ഷ്മി പോയി റെഡി ആയി വന്നു…

അവൾക്ക് കോളേജിൽ പോയി തുടങ്ങേണ്ടത് കൊണ്ട് അവളുടെ ഡ്രെസ്സും പുസ്തകങ്ങളും ഒക്കെ അവൾ പാക്ക് ചെയ്തു കഴിഞ്ഞിരുന്നു….

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.

ടൗണിൽ നിന്നും വൈശാഖൻ കുറച്ചു പലഹാരം ഒക്കെ മേടിച്ചു കൊണ്ട് ആണ് പോയത്..

ഇത്രയും ആയിട്ട് പോയാൽ നാണക്കേടാകില്ലേ…. ലക്ഷ്മി അവനെ നോക്കി….

“സ്ഥിരവരുമാനം ഇല്ലാത്ത ഒരു പാവം ചെറുപ്പക്കാരന് ഇതൊക്കെ ധാരാളം ആണ്…. ഈ പാവങ്ങളെ വെറുതെ വിട്ടേക്ക് “

“എന്റെ ചേച്ചിടെ വീട്ടിൽ പോകുന്പോൾ ഈ എച്ചിത്തരം കാണിക്കല്ലേ…പറഞ്ഞേക്കാം.. “

“ഞാൻ ആരോടും എച്ചിത്തരം കാണിക്കില്ല… പിന്നെ എന്റെ പോക്കറ്റ് എങ്ങാനും കാണിച്ചാൽ ഞാൻ ഉത്തരവാദി അല്ല.. “

കുറച്ചു ദൂരം മുൻപോട്ട് പോയ ശേഷം അവൾ കാർ ഒതുക്കി നിറുത്തി..

ഒരു ബേക്കറി ലക്ഷ്യമാക്കി ആണ് അവൾ പോകുന്നത്..

ഇവൾക്കിത് എന്തിന്റെ കേടാണ്… ഇനി എന്നാ മേടിക്കാൻ ആണോ ആവോ… അവൻ തലയിൽ കൈ വെച്ചു..

ആഹ് മേടിച്ചു കൊണ്ട് വരട്ടെ.. എന്നിട്ട് അതു അവളുടെ ചേടത്തിക്ക് കൊടുക്കാം… അവൻ കണക്കു കൂട്ടി..

“എടോ… ഞാൻ ആവശ്യത്തിന് എല്ലാം മേടിച്ചിട്ടുണ്ട്… ഇത് എന്തിനാണ്… “

അവൻ അവളുടെ കൈയിൽ ഇരുന്ന പലഹാരപൊതിയിലേക്ക് നോക്കി..

ഇ”ത് എന്റെ ചേടത്തീടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആണ്…..ഈ ബേക്കറി എന്റെ ഫ്രണ്ടിന്റെ ആണ്…ഇതിലെ പോയപ്പോൾ ഞാൻ വെറുതെ കയറിയതാണ്.. .”

അവൾ പറഞ്ഞപ്പോൾ വൈശാഖന്റെ മനസ്സിൽ ലഡ്ഡു പൊട്ടി..

നാളെ ഇന്റർവ്യൂന് പോകാൻ അച്ഛന്റെ കൈയിൽ കൈ നീട്ടാതെ രക്ഷപെടാം…..

വിജിയുടെ വീടിന്റെ മുറ്റത്തു കാർ വന്നു നിന്നതും വിജിയും അമ്മയും കൂടി ഓടി മുറ്റത്തേക്ക് ഇറങ്ങി വന്നു..

വിജി ഓടി വന്നു ലക്ഷ്മിയുടെ കൈയിൽ പിടിച്ചു..

“എന്തൊക്കെ ഉണ്ട് വിശേഷം…. ഞങളുടെ വീട് ഒക്കെ ഇഷ്ടായോ… “

“ഉവ്വ് ചേച്ചി…. അതു പിന്നെ ചോദിക്കേണ്ട കാര്യം ഉണ്ടോ? “….

അവൾ വൈശാഖനും അവളും മേടിച്ച കവറുകൾ ആയിട്ട് അവരുടെ വീട്ടിലേക്ക് കയറി..

അതു കണ്ടതും വൈശാഖൻ അന്താളിച്ചു… പതിയെ അവൻ തന്റെ പോക്കറ്റിലേക്ക് നോക്കി..

കക്ക തോരനും, താറാവ് മപ്പാസും, പള്ളത്തി വറുത്തതും മോരുകാച്ചിയതും കാബേജ് തോരനും അവിയലും….. അങ്ങനെ പോകുന്നു വിജിയുടെ വീട്ടിലെ വിരുന്നൊരുക്കാൻ…

“എന്റെ അളിയാ…. വയറു പൊട്ടാറായി… ഈ വിരുന്നു കഴിയുമ്പോൾ നമ്മളെ കണ്ടാൽ തിരിച്ചറിയാൻ മേലാതെ വരുമോ ആവോ “

“ഇപ്പോളത്തെ ഇതൊക്കെയേ ഒള്ളു മോനേ, ഇത് കഴിഞ്ഞാൽ പിന്നെ തീർന്നു ” ഗോപൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

———-

സുമിത്രയും മക്കളും കൂടി മുളകും മല്ലിയും ഒക്കേ വെയിലത്ത്‌ ചിക്കി ഇടുകയാണ്…

ഓണം അല്ലേ വരുന്നത്, അതിനു മുൻപ് പൊടിപ്പിച്ചു വെയ്ക്കാൻ ആണ്..

ഓണം സെലിബ്രേഷൻ ആണ് വീണയുടെ കോളേജിൽ അടുത്തത്തിന്റെ പിന്നത്തെ ആഴ്ച…

എല്ലാവരും സെറ്റ് സാരീ ആണ് ഉടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്..

“അമ്മേ… ഞാൻ ഏടത്തിയുടെ സെറ്റ് സാരീ ഒന്നു മേടിച്ചു ഉടുത്തോട്ടെ അതാകുമ്പോൾ സൂപ്പർ ആയിരുന്നു.”

“വേണ്ടാ… വേണ്ട… നീ വെറുതെ ആവശ്യം ഇല്ലാത്ത പരിപാടിക്കൊന്നും പോകേണ്ട… ഉള്ളത് ഉടുത്തു കൊണ്ട് പോയാൽ മതി. “

“എന്റെ അമ്മേ… ഒറ്റ ദിവസത്തെ കാര്യം അല്ലേ ഒള്ളു… ഞാൻ അതു ഒന്നു ഉടുക്കുന്നത് അല്ലേ ഒള്ളു.. “

“മോളേ… ഉള്ള സ്നേഹം നീ കളയണ്ട… അവൾക്ക് അതു ഇഷ്ടമാകണമെന്നില്ല….ചിലർക്കു അവരുടെ ഡ്രസ്സ്‌ വേറെ ആരും ഇടുന്നത് ഇഷമല്ല…തന്നെയുമല്ല ആ കുട്ടിയും ചിലപ്പോൾ കോളേജിൽ ഉടുത്തോണ്ട് പോകുവായിരിക്കും..”

“ശരിയാണ് ചേച്ചി… അമ്മ പറഞ്ഞതാണ് ശരി… “…ഉണ്ണിമോൾ കൂടി പറഞ്ഞപ്പോൾ വീണ പിന്നീട് അതിനെ കുറിച്ചൊന്നും പറഞ്ഞില്ല…

“നിനക്ക് വേണച്ചാ ഒരെണ്ണം മേടിച്ചോ… കാശ് ഞാൻ തരം…. “അച്ഛൻ പറഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു.

അയ്യോ… അച്ഛൻ എല്ലാം കേട്ടോ ആവോ…

“വേണ്ട അച്ഛാ… ഇനി ഒരു ദിവസത്തേക്ക് പുതിയതിന്റെ ഒന്നും ആവശ്യം ഇല്ലാ…ഞാൻ അമ്മയുടെ ഒരു സാരീ ഉടുത്തോളം “

“ആഹ്,,, ഇനി പുതിയത് മേടിക്കാത്ത കുഴപ്പം ഒള്ളു… ഈ പൈസ ഇല്ലാത്തപ്പോൾ,,ഹോ, കാല് കഴച്ചു… ഒന്നിരിക്കട്ടെ “സുമിത്ര ചവിട്ടുപടിയിൽ പോയി ഇരുന്നു..

“സുമിത്രേച്ചിയെ… എന്നാ പരിപാടി ആണ്,,, ഊണൊക്കെ കാലം ആയോ… “

അടുത്ത കരയിൽ താമസിക്കുന്ന രാധ ആണ്.. അവർ തലച്ചുമടായി മീനും ആയിട്ട് വരുന്നതാണ്..

ഇ”ന്നൊന്നും വേണ്ട രാധേ… ശേഖരേട്ടൻ വല വെച്ചായിരുന്നു.. രണ്ട് വരാലിനെ കിട്ടി, അതു പറ്റിച്ചു.. “

“പുതിയ പെണ്ണ് എന്ത്യേ… ഞാൻ അതിനെ ഒന്നു കാണാം എന്നോർത്ത് കേറിയതാ “

“ആഹ് ഹാ… അവർ നല്ലപ്പം വിരുന്നുണ്ണാൻ പോയതാ… ഇന്നോ നാളെയോ വരും “

“ആണോ…. വടക്കേതിലെ കല്യാണി പറഞ്ഞു, പെണ്ണ് മിടുക്കത്തി ആണെന്ന്.. പിന്നെ നിങ്ങടെ മോൻ ആയത് കൊണ്ട് പറയുവല്ല, ഇത്രയും നല്ലോരു ചെറുക്കൻ ഈ കരയിൽ ഇല്ലാ കേട്ടോ “

ശരി എന്നാൽ ഇറങ്ങട്ടെ….. രാധ വന്ന വഴിയേ പോയി..

************

“ലക്ഷ്മിയുടെ വീടിന്റെ അത്രയും തന്നെ വരുമായിരുന്നു രാജീവന്റെ ഒക്കെ വീടും….

അവരോട് കിട പിടിക്കാവുന്ന കൂട്ടർ ആണ് രാജീവനും ഫാമിലിയും എന്നു വൈശാഖൻ ഓർത്തു.

“വൈശാഖന്റെ അച്ഛൻ എന്ത് ചെയുന്നു…? “…. തന്തപ്പടിയോട് ഒരു തവണ ഞാൻ പറഞ്ഞതാണ് ഒരു കർഷക കുടുംബം ആണെന്ന്… അയാൾ പിന്നെയും അത് തന്നെ ചോദിക്കുക ആണ്..

“ഞങ്ങൾക്ക് പത്തിരുപതു ഏക്കർ നിലം ഉണ്ട്, അതിൽ നൂറുമേനി വിളവ് കൊയ്യുന്ന ഒരു കർഷകൻ ആണ് എന്റെ അച്ഛൻ…. “

“ബലേഭേഷ്… അങ്ങനെ വേണം താനും… അച്ഛന്റെ പാത പിന്തുടരുന്നത് അല്ലേ വൈശാഖൻ കുറച്ചു കൂടി നല്ലത്.. “

അപ്പനും മോനും ഒരേ ലെവൽ ആണ്… വൈശാഖൻ പല്ല് ഞെരിച്ചു..

രാജീവൻ ഫിറ്റ്‌ ആണെന്ന് ഒറ്റ നോട്ടത്തിലെ അറിയാം..

അനിയൻ കുടിക്കുമോ? അയാൾ ഇടയ്ക്കു വന്നു ചോദിച്ചു.

“നോ.. താക്സ്… “

എല്ലാവരുടെയും മുൻപിൽ കൂട്ടുകാരന്റെ മുത്തശ്ശി മരിച്ചു എന്ന ഒരു ചെറിയ നാടകം അവതരിപ്പിച്ചിട്ട് വൈശാഖൻ ലക്ഷ്മിയും ആയിട്ട് വീട്ടിലേക്ക് വണ്ടി തിരിച്ചു.

“അതേയ്,,,ഇപ്പോൾ കൂട്ടുകാരന്റെ വീട്ടിലൊന്നും കേറാൻ നിൽക്കേണ്ട.. മരിച്ച വീട്ടിൽ പോയാൽ എനിക്ക് ഉറക്കം വരത്തില്ല “..

“മ്… ഞാൻ നാളെയെ പോകുന്നുള്ളൂ… ഇന്ന് ആകെ ടയേർഡ് ആയി “

“നാളെ രാവിലെ വന്നാൽ മതിയായിരുന്നു.. ചേച്ചിക്ക് ആണെങ്കിൽ നല്ല വിഷമം ഉണ്ട് !

“അതു പറഞ്ഞിട്ട് കാര്യം ഉണ്ടോ, എപ്പോൾ ചെന്നാലും സംഭാരവും ആയിട്ട് കാത്തു നിൽക്കുന്ന ഒരു പാവം മുത്തശ്ശി ആയിരുന്നു…ആ മുത്തശ്ശിയെ അവസാനമായി ഒന്നു കാണുവാൻ വേണ്ടി അല്ലേ….. “

“അല്ല… എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ….. നിങ്ങൾ എന്തിനാണ് എന്റെ അച്ഛൻ തന്ന ആ ഓഫർ നിരസിച്ചത്… അച്ഛന് നല്ല വിഷമം ഉണ്ട്, ഞാൻ വിചാരിച്ചു നിങ്ങൾ സമ്മതിക്കുമെന്നു “

“അച്ചിവീട്ടിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റാൻ എനിക്ക് ആഗ്രഹം ഇല്ലാ, അത്രതന്നെ ഒള്ളു കാര്യം.. “

“അതിനെന്താ നാണക്കേട്… ചുമ്മാ ഇങ്ങനെ തെക്കു വടക്കു നടക്കുന്നതിലും ഭേദം അല്ലെ “

“അതിനെ കുറിച്ചൊന്നും നീ ബേജാറാവണ്ട… തന്നെയുമല്ല, ഞാൻ തെക്കു വടക്ക് നടക്കുവാനെന്നു അറിഞ്ഞോണ്ട് അല്ലേ നീയും നിന്റെ വീട്ടുകാരും ഈ വിവാഹത്തിന് സമ്മതിച്ചത് “

“അതു എന്റെ ഭാഗത്തു നിന്നുണ്ടായ മിസ്റ്റേക്ക് ആണ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്, പത്തു പൈസ വരുമാനം ഇല്ലാതെ അച്നന്റെ മുൻപിൽ കൈ നീട്ടാൻ യാതൊരു ഉളുപ്പും ഇല്ലാത്ത ആളാണ് എന്നു അറിയാൻ വൈകി പോയി…. നാണമില്ലേ വൈശാഖേട്ടന് “ഉള്ളിൽ അത്രയും നേരം അടക്കിപിടിച്ചത് എല്ലാം പറഞ്ഞപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്..

“നിനക്ക് പണം ആണല്ലേ വലുത്,അത് ഇപ്പോൾ ആണ് എനിക്കും മനസിലായത്…. അതിനേക്കാൾ ഏറെ ഇതിനൊരു ബന്ധം ഉണ്ടെടി… “നിന്നെ പോലെ പണത്തിന്റെ മേലെ നടക്കുന്നവൾക്ക് അതൊന്നും പറഞ്ഞാൽ മനസിലാകില്ല…. അവൻ അവളുടെ താലിമാലയിലേക്ക് വിരൽ ചൂണ്ടി…

പെട്ടന്ന് അവൾ ഒരു മറുപടി പറഞ്ഞില്ല… ആ ഒരു വാചകത്തിന്റെ മുൻപിൽ അവൾ പതറി പോയി..

താൻ വിചാരിച്ചതിനേക്കാൾ കൂടിയ വിഷം ആണ് ഇവൾ….. വൈശാഖൻ നൂറുശതമാനം ഉറപ്പിച്ചു.

ഇവളുടെ അപ്പനെ അനുസരിക്കാഞ്ഞതിൽ ആണ് ഇവൾ ഇത്ര വയലന്റ് ആയത്….അവൻ ഓർത്തു.

വൈശാഖേട്ടനോട് പറഞ്ഞത് ഇത്തിരി കൂടി പോയി എന്നു ലക്ഷ്മിക്കു തോന്നി…

രാത്രി 9മണിയോട് കൂടി ആണ് അവർ മേലേടത്തു വീട്ടിൽ എത്തിയപ്പോൾ..

വീണയ്ക്കും ഉണ്ണിമോൾക്കും സുമിത്രയ്ക്കും ഒക്കെ ഭയങ്കര സന്തോഷം ആയി..

“ഏട്ടത്തി… വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നോ “?…. വീണ…

“മ്… എല്ലാവർക്കും സുഖം, നിങ്ങളെ എല്ലാവരെയും അമ്മയും അച്ഛനും ദീപേച്ചിയും ഒക്കെ തിരക്കിയതായി പറഞ്ഞു.. “

“അവരോടൊക്കെ ഒരു ദിവസം ഇറങ്ങാൻ പറയണം കെട്ടോ മോളേ “…

“പറഞ്ഞിട്ടുണ്ട് അമ്മേ,,, ഒരീസം ഇറങ്ങും “

എല്ലാവരും മുറിയിലേക്ക് കയറി.

“നിന്റെ മുഖം എന്താ മോനേ, വാടിയിരിക്കുന്നത് “…സുമിത്ര അതു ചോദിച്ചപ്പോൾ ലക്ഷ്മി ചെറുതായി ഒന്നു ഞെട്ടി…

“ഞാനും ശ്രദ്ധിച്ചു,,,,, ഏട്ടനൊരു ഉഷാർ ഇല്ലാ…. “വീണ അവന്റെ വയറിൽ ഒരു ഇടി വെച്ചു കൊടുത്തു.

“ഓഹ്… ഇന്നലെ വീട് മാറി കിടന്നത് കൊണ്ട് ഉറക്കം വന്നില്ല… അതാ അമ്മേ”…….അവൻ മുറിയിലേക്ക് കയറി പോയി.

ശേഖരൻ അപ്പോൾ ആണ് കുളി കഴിഞ്ഞു ഇറങ്ങി വന്നത്..

“ആഹ് മോളെത്തിയോ…..? “

അയാളും കുറച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു .”വാ മോളേ…. അത്താഴം കഴിക്കാം… എന്നിട്ട് പോയി കിടന്നോ, നേരം ഇത്ര ആയില്ലേ “..

“അയ്യോ… വേണ്ടമ്മേ… ഇപ്പോൾ തന്നെ വയറു നിറഞ്ഞു…. “

“അതു പറ്റില്ല… ഇത്തിരി എങ്കിലും കഴിയ്ക്ക്,, ഞാൻ അവനെ കൂടി വിളിച്ചോണ്ട് വരാം” സുമിത്ര പതിയെ അകത്തേ മുറിയിലേക്കു പോയി..

“മോനേ…. വൈശാഖാ…. അവർ കുലുക്കി വിളിച്ചു.. “

അവൻ നല്ല ഉറക്കത്തിൽ ആണ്… അവർ അടുക്കളയിൽ വന്നു പെൺമക്കളോട് പറഞ്ഞു

ലക്ഷ്മി മുറിയിൽ ചെന്നപ്പോൾ വൈശാഖൻ കണ്ണുകൾ അടച്ചു കിടക്കുക ആണ്…

ഉറങ്ങുക അല്ല… ഉറക്കം നടിച്ചു കിടക്കുക ആണെന്ന് അവൾക്ക് മനസിലായി.

ദേഹം കഴുകി ഡ്രസ്സ്‌ മാറി അവൾ വന്നപ്പോളും അവൻ അങ്ങനെ കിടക്കുക ആണ്…

അവൾക്കു മനസ്സിൽ ആകെ ഒരു നീറ്റൽ അനുഭവപെട്ടു…

വൈശാഖേട്ട.. . അവൾ അവന്റെ കാലിൽ പതിയെ തൊട്ടു.

അവൻ പക്ഷെ അവളോട് ഒന്നും സംസാരിച്ചതേ ഇല്ലാ….

***************

കാലത്തേ ലക്ഷ്മി എഴുന്നേറ്റപ്പോൾ വൈശാഖൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുക ആണ്..

“ഏട്ടൻ എങ്ങോട്ടു പോകുക ആണ്? “..

“ഞാൻ ടൗണിൽ വരെ പോകുക ആണ്, അതു കഴിഞ്ഞു മരിച്ച വീട്ടിലും പോകണം… “

“ടൗണിൽ ഇത്രയും കാലത്തേ പോകണോ… കുറച്ചു കഴിഞ്ഞാൽ ഞാനും കൂടി വരാം “

“വേണ്ട…. തന്റെ സഹായം ഇപ്പോൾ ആവശ്യം ഇല്ലാ “

അവൻ വേഗം പുറത്തേക്ക് ഇറങ്ങി പോയി.

ഇറങ്ങി വന്നപ്പോൾ അച്ഛൻ ഉമ്മറത്തിരുപ്പുണ്ട്…

മ്…. എങ്ങോട്ടാ മോനേ… “

“അച്ഛാ… എനിക്ക് ഇന്നൊരു ഇന്റർവ്യൂ ഉണ്ട്.. അച്ഛനല്ലാതെ ആർക്കും ഈ വിവരം അറിയില്ല, ആരോടും പറയുകയും വേണ്ട “

“ശരി,,,, നീ പോയിട്ട് വരൂ മോനേ ” ..അയാൾ പറഞ്ഞതും അവൻ മുറ്റത്തേക്ക് ഇറങ്ങി പോയി.

“അവനിത് എവിടെ പോയതാ കാലത്തേ…. “അവരുടെ സംഭാഷണം കേട്ടുകൊണ്ട് വന്ന സുമിത്ര ചോദിച്ചു.

“അവൻ ഇന്നലെ മരിചെന്നു പറഞ്ഞ ആ കൂട്ടുകാരന്റെ മുത്തശ്ശിയെ കാണാൻ അവരുടെ വീട്ടിൽ പോയതാ… “

“ഇത്രയും രാവിലെയോ, ഒരു ഗ്ലാസ്‌ കാപ്പി പോലും കുടിയ്ക്കാതെ “

“ആ… ആരോ കുട്ടുകാർ അവിടെ വന്നു നിൽപ്പുണ്ട് എന്നു പറഞ്ഞു ആണ് അവൻ പോയത്… ബാക്കി ഒക്കെ നീ വന്നിട്ട് അവനോട് ചോദിക്ക് “

മുറിയിൽ നിന്നും ഇറങ്ങി വന്ന ലക്ഷ്മിയും അതു കേട്ടു….

തുടരും..

ഹായ്… കഥ വായിച്ചിട്ട് അഭിപ്രായം പറയുക….