എഴുത്ത്: Shenoj TP
എന്റെ കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ വീട്ടില്‍ പോകൂമ്പോള് അവിടത്തെ ആളുകൾക്ക് എന്നെ കാണുമ്പോൾ പരിഹാസം കലർന്ന ഒരു ചിരിയുണ്ടായിരുന്നു. അതിന്റെ കാരണം എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. ഞാന്‍ പലപ്പോഴും മനസ്സില്‍ ഓര്‍ക്കും എനിക്കെന്തേലും കുഴപ്പമുണ്ടോയെന്ന്…ഒന്നും അറിയാതിരുന്ന കൊണ്ടാവണം ഞാൻ അവളുമൊത്ത് സന്തോഷം നിറഞ്ഞ കുടുംബജീവിതം നയിക്കുവായിരുന്നു.
അങ്ങനെ മൂന്നാം വിവാഹവാർഷികത്തിന് ഭാര്യക്ക് അവളറിയാതെ ഒരു പുതിയ നെക്ളസ്സ് വാങ്ങുന്നതിനായീ ജുവലറിയിൽ പോയി. അവിടെ വെച്ച് വർഷങ്ങൾക്ക് ശേഷം എന്റെ ഒരു ബാല്യകാല സുഹൃത്തിനെയും അവന്റെ ഭാര്യയെയും കാണാനിട വന്നു. അവനെ കല്യാണം വിളിക്കാത്തതിന്റെ പരിഭവം, വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ അവനെന്നോട് പറഞ്ഞു. ഈ ഞായറാഴ്ച ഞങ്ങളുടെ മുന്നാം വിവാഹ വാർഷികമാണെന്നും, അതിന് ഭാര്യക്ക് ഗിഫ്ട് വാങ്ങാൻ വന്നതാണ് ഞാനെന്നും അവനോട് ഞാൻ പറഞ്ഞു. ആദ്യത്തെ വാര്‍ഷികത്തിനു വാങ്ങിതന്നതാ ഒരു ഗിഫ്റ്റ്, പിന്നെ ഇതുവരെ എനിക്കൊന്നും ഇങ്ങേരു വാങ്ങിതന്നിട്ടില്ലാട്ടോ എന്നവന്റെ ഭാര്യ തമാശരുപേണ ഒരു ഫലിതം കാച്ചി.
ആഘോഷമൊന്നുമില്ലടാ, എന്നിരുന്നാലും നീയും ഭാര്യയും വരണം കല്യാണം വിളിക്കാഞ്ഞ നിന്റെ പരാതിയും തീരുമല്ലോ ഞാൻ അവനെ വീട്ടിലോട്ട് ക്ഷണിച്ചു. അവന് വരാമെന്നേറ്റു…
അങ്ങനെ ഞായറാഴ്ച വന്നെത്തീ. കൂട്ടുകാരനും ഭാര്യയും ഉണ്ടാകുമെന്നറിഞ്ഞ രഞ്ചു ഒരുപാട് വിഭവങ്ങളും ഉണ്ടാക്കിയിട്ടുമുണ്ടായി. അവള് ഒരു മികച്ച കുക്ക് ആണ്, അതവര് അറിയട്ടേയെന്ന് ഞാന്‍ മനസ്സില്‍ അഹങ്കരിച്ചു. അവര്‍ വന്നപ്പോള്‍ അടുക്കളയില്‍ തിരക്കു പണിയിലായിരുന്ന രഞ്ചു സ്വീകരിക്കാന്‍ ഹാളിലേക്കെത്തിയിരുന്നില്ല. അഥിതികള്‍ക്ക് വെള്ളവുമായി ചിരിച്ച മുഖവുമായി എത്തിയ അവളെ കണ്ടതും സുഹൃത്തിന്റെ മുഖം മാറിയത് എനിക്കു ശരിക്കും മനസ്സിലായി. അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞ് വിശേഷങ്ങള്‍ പങ്കുവെച്ച് അവര്‍ മടങ്ങിപ്പോയി.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന് എന്നെ ഫോണ്‍ ചെയ്തു. സംസാരത്തിനിടക്ക് അവന് പറഞ്ഞു. നിന്റെ ഭാര്യ എന്റെ നാട്ടുകാരിയാണെടാ….എനിക്കറിയാം അവളെ…നീ അന്നിട്ടെന്താ അതന്ന് പറയാഞ്ഞത് ഞാന്‍ ചോദിച്ചു. അതിനവന്റെ മറുപടി ഒരു ചോദ്യരൂപത്തിലായിരുന്നു…”എല്ലാം അറിഞ്ഞാണോ നീയവളെ കെട്ടിയത്.” സത്യത്തില്‍ എന്റെ നെഞ്ചില്‍ ഒരു ഇടിത്തീ കോരിയിട്ട ചോദ്യമായിരുന്നു അത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഞങ്ങള്‍ പ്രണയിച്ചാണ് ജീവിച്ചത്. ഇന്നേവരെ അവളെുടെ സ്വഭാവത്തെപ്പറ്റി എനിക്കു ഒരു സംശയവും തോന്നിയിട്ടില്ല. എനിക്കവള് ഭാര്യ മാത്രമല്ല ഒരു നല്ല സുഹൃത്തും കൂടി ആയിരുന്നു. എന്തൊക്കെ ആയിരുന്നാലും അവന്റെ ആ ചോദ്യം എന്റെ ഉള്ളൊരു നീറ്റലില്‍ ആക്കിയിരുന്നു. അങ്ങനെ ഞാനും രഞ്ചുവുമായി ഒരു ദിവസം രാത്രി ഭക്ഷണത്തിനു ശേഷം എന്തൊക്കെയോ പറഞ്ഞിരുന്നപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു. നീയെന്നോടെന്തേലും ഇതുവരെ പറയാതെ മറച്ചുവെച്ചിട്ടുണ്ടോ…?
അതെന്താ അങ്ങനെ ചോദിച്ചത് ചേട്ടനറിയാത്ത എന്തു രഹഹ്യമാണെനിക്കുള്ളത്. അവള് പറഞ്ഞു നിര്‍ത്തി. നമ്മുടെ വിവാഹവാര്ഷികത്തിനു വന്നവന് നിന്റെ നാട്ടുകാരന് ആയിരുന്നു. “അയാളെന്തെങ്കിലും പറഞ്ഞോ…?” അവള് ഇടറിയ സ്വരത്തില്‍ ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. അവളുടെ കണ്ണു നിറഞ്ഞൊഴുകി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അവളുടെ കണ്ണീര് കാണുന്നത് ഇതാദ്യമായാണ്. എന്റെ ഹ്യദയം തകര്‍ന്നൂ പോയി.
“അവനൊന്നും പറഞ്ഞില്ല, ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല എന്നുള്ളതാണ് സത്യം…” ഞാന്‍ അവളോട് പറഞ്ഞു. ഞാന്‍ തെറ്റുകാരിയല്ല ചേട്ടാ…ചേട്ടനെന്നെ വെറുക്കരുത്. അവള് നിര്‍ബാധം കരയുവാണ്. അവള് കയറികിടന്നു. ഞാനും…വീട് ശരിക്കും ശ്മശാന മൂകതയിലായി.
പിറ്റേ ദിവസം അവള്‍ക്ക് കലശലായ പനി വന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കൂട്ടിരുന്ന ഞാന്‍ കേട്ടു അവള് അര്ദ്ദബോധാവസ്ഥയില് പുലമ്പുന്നത്….”ഞാന്‍ തെറ്റുകാരിയല്ല , ഞാന്‍ തെറ്റുകാരിയല്ലെന്ന്…” പനി കുറഞ്ഞതോടെ അവളെ ഒരു കൗണ്‍സിലിംങ്ങ് കഴിഞ്ഞു കൊണ്ടു പോയാല്‍ മതിയെന്നു ഡോക്ടര്‍ പറഞ്ഞു. അവളുടെ മാനസിക നിലയ്ക്കെന്തോ പറ്റുന്നതായി എനിക്കും തോന്നീ.
ഡോക്ടര്‍ അവളെ മാത്രം അകത്തേക്ക് വിളിച്ചു. അവളോട് ഒറ്റയ്കു സംസാരിച്ചശേഷം ഡോക്ടര്‍ എന്നെ മാത്രം അകത്തിരുത്തി. എന്നിട്ട് പറഞ്ഞു…. “നിങ്ങളില്‍ അവള് ഒരുപാട് സന്തുഷ്ടയാണ്. ഒരു സ്ത്രീയും ഓര്‍ക്കാന്‍ ഇടയാകാത്തത് അവള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഏഴുവയസ്സുള്ളപ്പോള്‍ അവള്‍ക്ക് അയല്‍വക്കത്തുള്ള ഒരാളില്‍ നിന്ന് ലൈംഗിക പീഡനമേറ്റിട്ടുണ്ട്. അതിന്റെ കേസ്സ് കോടതീയില്‍ നടക്കുകയൂം അയാളെ ശിക്ഷിക്കുകയും ചെയ്തതാണ്. അയാളുടെ ശിക്ഷാ കാലാവധീ തീര്‍ന്നതോടെ അയാളതില്‍ നിന്ന വിമുക്തി നേടി. ഇരയാക്കപ്പെട്ടവള്‍ അന്നുമുതല്‍ ഇന്നു വരെ ക്രൂശിക്കപ്പെടുന്നു. ഇപ്പോള്‍ അവള് എറ്റവും ഇഷ്ടപ്പെടുന്ന നിങ്ങളില്‍ നിന്നു കൂടി കാര്യം അറിയാതെ സംശയിക്കപ്പെട്ടതിന്റെ ഒരു ആഘാതമാണ് പേടിക്കണ്ട…”
സത്യത്തില്‍ ഞാന്‍ അവിടെയിരുന്ന് പൊട്ടികരഞ്ഞുപോയി. ഡോക്ടര്‍ രഞ്ചുവിനെ അകത്തേക്ക് വിളിച്ചു. ഞാന്‍ അവളെ കെട്ടിപ്പീടിച്ചു നിലവിളിച്ചു. എന്നോട് ക്ഷമിക്കണമെന്നവളോട് കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു. കാര്യം എന്താണെന്നു പോലും തിരക്കാതെ സമൂഹം ചെയ്ത ഒരു തെറ്റ് ഞാനും ആവര്‍ത്തിച്ചു.
ഡോക്ടര്‍ പറഞ്ഞു….”ഈ സമൂഹം ഇങ്ങനെയാണ്. ഇരയ്ക്കു നീതി നല്‍കില്ല. നിങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രണയിക്കുക, നിങ്ങളുടെ കണ്ണീരിലുണ്ട് നിങ്ങള്‍ തമ്മിലുള്ള പ്രണയം…”