ഭാര്യ ~ ഭാഗം 08 & 09, എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം 08

ടീവിയിൽ വാർത്ത കണ്ടപ്പോളാണ് ദീപ്തി ആ വിവരം അറിഞ്ഞത്. അവൾ അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിട്ട് അപ്പോൾ തന്നെ അമ്പാടിയിലെത്തി.

ദീപ്തി എത്തുമ്പോൾ ഗീത കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു. ദീപ്തിയെ കണ്ടതും അവർ ആശ്വാസത്തിനായി അവളെ കെട്ടിപിടിച്ചു കരഞ്ഞു. ദീപ്തി അവരെ ആശ്വസിപ്പിച്ചു.

“അമ്മ വിഷമിക്കണ്ട.. അച്ഛനൊരു തെറ്റും ചെയ്യില്ലെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ.. അത് പോലീസിനും മനസിലായിട്ടുണ്ടാകും.. അതുകൊണ്ട് അച്ഛനെ അവർ ഉപദ്രവിക്കുകയൊന്നുമില്ല.. എത്രയും വേഗം അച്ഛൻ ഇങ്ങോട്ടേക്ക് വരും അമ്മേ “

ദീപ്തിയുടെ ആശ്വാസവാക്കുകൾ ഗീതയുടെ നെഞ്ചിലെ തീയണയ്ക്കാൻ ഉതകുന്നതായിരുന്നില്ല.. രാജാവിനെപോലെ പ്രൗഡിയോടെ തലയുയർത്തി പിടിച്ചാണ് തന്റെ ഭർത്താവ് നടന്നിരുന്നത്.. അങ്ങനെയുള്ള ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് ടീവിയിലൂടെ ഈ നാട്ടുകാർ മുഴുവൻ കണ്ടത്..

ഹരീഷ് കേസിന്റെ ആവശ്യമായ പണത്തിനു വേണ്ടിയാണ് ശീതളിനെ വിളിച്ചതു. തനിക്കൊരാവശ്യം വരുമ്പോൾ അവൾ കൂടെയുണ്ടാകുമെന്ന് അവൻ വിശ്വസിച്ചിരുന്നു. നിരന്തരം വിളിച്ചിട്ടും അവളുടെ ഫോൺ സ്വിച്ചഡ് ഓഫ് ആയത് കൊണ്ട് അവൻ ഓഫീസിൽ അന്വേഷിച്ചു ചെന്നു.

ഹരീഷിനെ കണ്ടതും ശീതൾ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.

“സോറി ഹരീഷ്, അച്ഛൻ ഇപ്പോൾ കുറച്ചു സാമ്പത്തിക ഞെരുക്കത്തിലാണ്…നിനക്കറിയാല്ലോ.. ഈയിടെയായിട്ട് ബിസിനസ് കുറച്ച് ഡള്ളാണ്.. കാഷിന്റെ ആവശ്യത്തിന് വേണ്ടിയാണ് വന്നതെങ്കിൽ നീ മറ്റാരോടെങ്കിലും ചോദിക്ക് “

“ശീതു.. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു പോയത് ഈ നാട്ടിലെ മിക്കവാറും എല്ലാവരും അറിഞ്ഞതാണ്.. അതുകൊണ്ട് തന്നെ ഞാൻ ചെന്ന് ചോദിച്ചാൽ പൈസ തരാൻ എല്ലാവരും ഒന്ന് മടിക്കും.. നിന്റെ അച്ഛന്റെ കയ്യിൽ പൈസ ഇല്ലെങ്കിലും അദേഹത്തിന്റെ ബിസിനസ് ബന്ധം ഉപയോഗിച്ച് ആരുടെയെങ്കിലും കയ്യിൽ നിന്ന് അഡ്ജസ്റ്റ് ചെയ്തു തരാമല്ലോ.. ഈ കേസ് ഒന്ന് ഒതുക്കി തീർത്തിട്ട് ഞാൻ ഉടനെ തന്നെ പൈസ തിരികെ കൊടുക്കുകയും ചെയ്യും “

“ഹരീഷ്.. നിങ്ങളുടെ കമ്പനിയിൽ ഉണ്ടായ പ്രശ്നത്തിന് എന്റെ അച്ഛനെന്തിനാ നാട്ടുകാരോട് കടം ചോദിക്കുന്നത്? തന്നെയുമല്ല നിങ്ങൾക്ക് അത്‌ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ബാധ്യത കൂടി എന്റെ അച്ഛന്റെ തലയിലാകും.. അറിഞ്ഞു കൊണ്ട് ഇത്രയും വല്യ റിസ്ക് എടുത്തു തലയിൽ വയ്ക്കാനൊന്നും ഞാനോ അച്ഛനോ ഒരുക്കമല്ല “

“എനിക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കേണ്ടവളല്ലേ നീ, എന്നിട്ടെന്താ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?”

ശീതളിന്റെ മുഖത്ത് പുച്ഛഭാവത്തിൽ ഒരു പുഞ്ചിരി വിടർന്നു.

“പ്രശ്നം വരുമ്പോൾ കൂടെ നിൽക്കേണ്ടതു ഞാനല്ല നിന്റെ ഭാര്യ ആണ് .. നീ ഒരു കാര്യം ചെയ്യ് ദീപ്തിയെ പോയി വിളിക്ക്. എന്നിട്ട് നിന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാൻ പറയ്….”

ശീതളിന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഹരീഷ് അമ്പരപ്പോടെ ചോദിച്ചു.

“ഓഹോ അപ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം വെറും അഭിനയമായിരുന്നോ? ഇന്നലെ നീ കാട്ടികൂട്ടിയതെല്ലാം വെറും നാടകമായിരുന്നോ?”

“ബി പ്രാക്ടിക്കൽ ഹരീഷ്, ദിവ്യപ്രണയം തോന്നി നശിപ്പിച്ചു കളയാൻ ഉള്ളതല്ല എന്റെ ജീവിതം… നിന്നെ എനിക്ക് ഇഷ്ടമായിരുന്നു.. പക്ഷേ അതിന്റെപേരിൽ എന്റെ ജീവിതം കൂടി അപകടത്തിലാക്കാൻ വയ്യ “

അവൻ മറുപടിയില്ലാതെ നിന്നു.ശീതളിന്റെ പ്രണയം അഭിനയമായിരുന്നു എന്ന തിരിച്ചറിവ് അവനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു..

ശീതൾ അവന്റെ നേർക്ക് നോക്കിയിട്ട് ദയവില്ലാതെ പറഞ്ഞു.

“ഒക്കെ ഹരീഷ്, എനിക്കൊരു മീറ്റിംഗ് ഉണ്ട്. യൂ ക്യാൻ ലീവ് നൗ “

അവൻ ഒരു സ്വപ്നത്തിലെന്ന പോലെ പുറത്തേക്ക് നടന്നു.. ശീതളിന്റെ മുഖംമൂടി അവന്റെ മുൻപിൽ അഴിഞ്ഞു വീണെങ്കിലും അത്‌ വിശ്വസിക്കാൻ അവന് പ്രയാസം തോന്നി..

ഹരീഷ് തന്റെ സുഹൃത്തുക്കളെ കണ്ട് പണത്തിനു വേണ്ട ഏർപ്പാടുകളെല്ലാം ചെയ്തിട്ട് അമ്പാടിയിലേക്ക് ചെന്നു.

ഹരീഷ് അമ്പാടിയിൽ എത്തിയപ്പോൾ അമ്മയോടൊപ്പം ദീപ്തിയെ കണ്ടപ്പോൾ അവന് ഒരാശ്വാസം തോന്നി. പക്ഷേ അവൾ ഹരീഷിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അച്ഛന് പിറ്റേന്ന് ജാമ്യം കിട്ടുമെന്ന് പറഞ്ഞു അവൻ അമ്മയെ സമാധാനിപ്പിച്ചു. ദീപ്തി നിർബന്ധിച്ചു ഗീതയെ ഭക്ഷണം കഴിപ്പിച്ചു.. ആ വീട്ടിൽ ആകെ ഒരു ശ്മശാന മൂകത തളം കെട്ടി നിന്നു.. ദീപ്തി ഏറെ നിർബന്ധിച്ചപ്പോൾ ഗിരീഷും വന്ന് ആഹാരം കഴിച്ചു… അപ്പോളും അവൾ ഹരീഷിന്റെ നേർക്ക് നോക്കാതെ ഒഴിഞ്ഞു മാറി നടന്നു.. രാമചന്ദ്രൻ ജയിലിലായതിന്റെ ടെൻഷനിൽ നിൽക്കുന്നതിനാൽ ഗീതയോ ഗിരീഷോ ദീപ്തിയുടെ ഒളിച്ചുകളി ശ്രദ്ധിച്ചില്ല…

ഹരീഷ് ദീപ്തിയെ ശ്രദ്ധിക്കുകയായിരുന്നു. എത്ര പക്വതയോട് കൂടിയാണ് അവൾ പെരുമാറുന്നത്, തന്റെ അമ്മയെ സ്നേഹത്തോടെ പരിചരിക്കുന്നു. അനിയനെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നു.. എല്ലാ അർത്ഥത്തിലും ഒരു നല്ല മരുമകളുടെ കടമ അവൾ നിറവേറ്റുന്നു…കുറ്റബോധം കൊണ്ട് അവന്റെ നെഞ്ച് നീറി. അവളോട്‌ മാപ്പ് പറയാൻ അവൻ റൂമിൽ കാത്തിരുന്നു. എന്നാൽ ദീപ്തി അവനടുക്കലേക്കു വന്നില്ല, രാത്രിയിൽ ഗീതയോടൊപ്പം അവരുടെ റൂമിലാണ് ഉറങ്ങിയത്. ഏറെ നേരം അവളെ കാത്തിരുന്നിട്ടും കാണാതിരുന്നത് കൊണ്ട് അവൻ നിരാശയോടെ ഉറങ്ങാൻ കിടന്നു..

രാവിലെ ഉണർന്നു അടുക്കളയിലേക്ക് വന്നപ്പോൾ അവന്റെ നേർക്ക് നോക്കാതെ അവൾ ഒരു ചായ നീട്ടി.. ദീപ്തിയോട് മനസ് തുറന്നു സംസാരിക്കണമെന്നുണ്ടായിരുന്നുവെങ്കിൽ പോലും അതിനുള്ള സാഹചര്യം അല്ലാത്തതിനാൽ ഹരീഷ് അവൾ നീട്ടിയ ചായ വാങ്ങി കുടിച്ചിട്ട് അടുക്കളയിൽ നിന്നും പോയി..

കോടതിയിൽ ഹരീഷും ഗിരീഷും കൂടിയെത്തി.. ആ നാട്ടിലെ തന്നെ അറിയപ്പെടുന്ന ഒരു വക്കീലിനെയാണ് അച്ഛന് വേണ്ടി വാദിക്കാൻ അവർ ഏർപ്പാടാക്കിയത്..

കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നു.. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന രാമചന്ദ്രന്റെ പേരിൽ ഇതുവരെ ഒരു കളങ്കവും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ഉപാധികളോടെ കോടതി രാമചന്ദ്രന് ജാമ്യം അനുവദിച്ചു..

അയാൾ അമ്പാടിയിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ഉത്സാഹത്തിലായി.ഗീത കണ്ണുനീരോടെ അയാളുടെ നെഞ്ചിലേക്ക് വീണു.. അയാൾ തന്റെ പ്രിയതമയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“എനിക്കൊന്നൂല്ല ഗീതേ.. നീ ചുമ്മാ കരയാതെ “

അച്ഛനും അമ്മയും പരസ്പരം പരിഭവങ്ങൾ പങ്കിടുമ്പോൾ ബാക്കി എല്ലാവരും അവിടുന്ന് ഒഴിഞ്ഞു മാറി..

ഈ അവസരത്തിൽ ഹരീഷ് റൂമിലെത്തി ദീപ്തിയെ തനിച്ചു കിട്ടാൻ അവൻ കാത്തിരുന്നു. ഏറെ നേരം കാത്തിരുന്നപ്പോൾ അവൾ റൂമിലെത്തി. ഹരീഷിന്റെ മുഖത്തേക്ക് നോക്കിയിട്ട് മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.

“ഏട്ടൻ വിഷമിക്കണ്ട, ഞാൻ സ്ഥിരതാമസത്തിനു വന്നതല്ല ഇവിടേക്ക്, ഞാൻ വന്നതിൽ ഏട്ടന് മുഷിച്ചിൽ ഉണ്ടാകുമെന്നു എനിക്കറിയാം.. ടീവിയിൽ വാർത്ത കണ്ടപ്പോൾ വരാതിരിക്കാൻ തോന്നിയില്ല.. ഇപ്പോൾ ഇവിടെ എന്റെ ആവശ്യം കഴിഞ്ഞു.. ഇനി തിരിച്ചു പോവാ ഞാൻ.. ആരുടെയും ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്താൻ ഞാനായിട്ട് ശ്രമിക്കുന്നില്ല “

അവൾ കൂടുതൽ ഒന്നും പറയുന്നതിന് മുൻപ് അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“നീ എന്നോട് ക്ഷമിക്കണം, നിന്നെ ഞാൻ വേദനിപ്പിച്ചു. നിന്റെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചു..അതിനുള്ള ശിക്ഷ ദൈവം എനിക്ക് നൽകി. ഇനിയുള്ള ജീവിതം നീ എന്നോടൊപ്പം വേണം “

ദീപ്തിയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഇനി ഇതും ഇയാളുടെ മറ്റൊരു നാടകമാണോ എന്ന് ചിന്തിച്ചു കൊണ്ട് അവൾ ഹരീഷിന്റെ നേർക്ക് നോക്കി..അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“ദീപ്തി ഞാൻ പറഞ്ഞതെല്ലാം സത്യമാണ്… ഞാൻ നിന്നോട് ചെയ്ത തെറ്റ് എനിക്ക് തിരുത്തണം… അതിനുള്ള പ്രായശ്ചിത്തം എനിക്ക് ചെയ്യണം “

ദീപ്തി അപ്പോളും മറുപടിയില്ലാതെ നിന്നതേയുള്ളു.. എന്താ അയാളോട് പറയേണ്ടതെന്ന് അവൾ മനസ്സിൽ ആലോചിച്ചു… അയാൾ പറയുന്നത് പോലെ നിമിഷനേരം കൊണ്ട് തന്റെ മനസ് മാറ്റാൻ കഴിയില്ലെന്ന് പറയണോ.. അതോ ഇതിനോടൊക്കെ പൊരുത്തപ്പെടാൻ കുറച്ച് കൂടി സമയം ചോദിക്കണോ.. ദീപ്തി മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഹരീഷ് വീണ്ടും അവളോട് പറഞ്ഞു.

“നമ്മൾ ഒരുമിച്ചു ജീവിതം ആരംഭിക്കുന്നതിന് മുൻപ് ഒരു ചെറിയ കാര്യം ചെയ്യാനുണ്ട്, വൈകുന്നേരം നമുക്ക് ക്ഷേത്രം വരെ പോകാം “

ദീപ്തി സ്വപ്നത്തിലെന്ന പോലെ തലയാട്ടി..

****

ശീതൾ ജയദേവന്റെ റൂമിലെത്തിയിട്ട് പറഞ്ഞു.

“അച്ഛാ.. നമ്മൾ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങൾ നടന്നത്.. ഹരീഷിന്റെ അച്ഛന് ജാമ്യം കിട്ടി.. ആ കേസിൽ മരണപെട്ടവർക്കും അപകടപ്പെട്ടവർക്കും അവർ ആവശ്യപ്പെട്ടതിലും കൂടുതൽ നഷ്ടപരിഹാരം നൽകി അവർ ആ കേസ് ഒതുക്കി തീർക്കാൻ പോവാണെന്നാണ് കേട്ടത്.. ജനങ്ങൾക്ക് അമ്പടിക്കാരോട് വർഷങ്ങളായിട്ടുള്ള വിശ്വാസം ഇതുപോലെ ഒരു ചെറിയ സംഭവം കൊണ്ടൊന്നും നഷ്ടപ്പെട്ട് പോകില്ലെന്ന് എനിക്കിപ്പോൾ മനസിലായി.. ചെറുതായി ഒരു വീഴ്ച ഉണ്ടായെന്നേയുള്ളു.. പക്ഷേ ശക്തമായി തന്നെ അവർ ഇതിനെ നേരിടും “

“ഇതൊക്കെ നിന്നോടാരു പറഞ്ഞു?”

“അമ്പാടി കൺസ്ട്രക്ഷൻസിൽ എന്റെ പരിചയത്തിലുള്ളവർ ഉണ്ടല്ലോ?”

“നീ പറഞ്ഞതൊക്കെ സത്യമാണ്.. പക്ഷേ ഇന്നലെ ഹരീഷിനെ നീ അപമാനിച്ചു ഇറക്കി വിടാതെ നമ്മൾ പൈസ കൊടുത്തു സഹായിച്ചിരുന്നുവെങ്കിൽ നിനക്ക് അവനോട് ഒരു സൗഹൃദമെങ്കിലും നിലനിർത്താമായിരുന്നു..”

“അതിന് ഞാനറിഞ്ഞോ ഹരീഷിന്റെ അച്ഛൻ ഷെയർ മാർക്കറ്റിലൊക്കെ പണം മുടക്കി ഇട്ടിട്ടുണ്ടായിരുന്നുവെന്ന്.. ആ ഷെയറൊക്കെ വിറ്റിട്ടല്ലേ അയാൾ ഈ നഷ്ടപരിഹാരം ഒക്കെ കൊടുക്കാൻ പോകുന്നത്.. എന്തൊക്കെ പറഞ്ഞാലും അയാൾ എല്ലാ അർത്ഥത്തിലും നല്ലൊരു ബിസിനസ്‌കാരൻ ആണെന്ന് ഇപ്പോൾ എനിക്ക് മനസിലായി.. അയാളുടെ പകുതി ബുദ്ധി പോലും ആ രണ്ട് ആണ്മക്കൾക്കും ഇല്ല “

“മോളെ.. നോക്ക്.. അവന്റെ വിവാഹം കഴിഞ്ഞതിന് ശേഷം നീയും ഹരീഷും തമ്മിലുള്ള വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിയിരുന്നു.. നിനക്ക് നന്നായിണങ്ങുന്നത് അഭയ് ആണ്.. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അവനോട് സംസാരിക്കാം “

“ഇനിയിപ്പോൾ വേറെ നിവൃത്തിയില്ലല്ലോ.. ഇനിയും ഹരീഷിന്റെ പിന്നാലെ ചെല്ലാൻ പറ്റില്ലല്ലോ.. അവൻ എന്നെ ആട്ടിപ്പായിക്കും.. ഇനി അഭയ് എങ്കിൽ അഭയ്.. പക്ഷേ അവന്റെ മുന്നിൽ ആളാകാൻ വേണ്ടി ഹരീഷ് എന്റെ ബോയ്ഫ്രണ്ട് ആണെന്ന് പരിചയപ്പെടുത്തികൊടുത്തിട്ടുണ്ട്.. ഇനി അഭയ് അതൊക്കെ മനസ്സിൽ വച്ച് പെരുമാറുമോ?”

“മോളെ.. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നാണ് പ്രമാണം.. അഭയ് അതൊന്നും മനസ്സിൽ വയ്ക്കാതെ ഈ വിവാഹത്തിന് സമ്മതിക്കും എനിക്കുറപ്പാണ്..”

ശീതൾ സമ്മതം മൂളി.. അവളുടെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു.. അമ്പാടിയുടെ സ്വത്തും പണവും സൽപേരും എല്ലാം നശിച്ചിട്ടായിരുന്നു താനും അഭയും തമ്മിലുള്ള വിവാഹമെങ്കിൽ താനേറെ സന്തോഷിച്ചേനെ.. ഇതിപ്പോൾ താൻ വല്യ സൗഭാഗ്യം നഷ്ടപ്പെടുത്തി എന്നൊരു തോന്നൽ നെഞ്ചിൽ അലയടിക്കുന്നു..

*********

വൈകുന്നേരം ദീപ്തിയും ഹരീഷും ഒരുമിച്ചു ക്ഷേത്രത്തിൽ പോയി. അവിടെ ദേവിയുടെ മുന്നിൽ വച്ചു അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തികൊടുത്തു കൊണ്ട് അവൻ പറഞ്ഞു..

“ഇത് വരെ ഞാൻ നിന്റെ ഭർത്താവായി അഭിനയിക്കുകയായിരുന്നു. ഇന്ന് മുതൽ നിന്റെ ഭർത്താവായി എനിക്ക് ജീവിക്കണം”

അവളുടെ മിഴികൾ നിറഞ്ഞു, അവൻ ആ മിഴിനീർ തുടച്ചു,അവളുടെ കരങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേക്കു അവൻ നടന്നു കയറി.

ഹരീഷ് ആ സത്യം മനസിലാക്കിയിരുന്നു..

‘പണവും പ്രതാപവും നോക്കി നമ്മളെ തേടി വരുന്ന ബന്ധങ്ങൾ, നമ്മുടെ കയ്യിൽ പണമില്ലാതെ വരുമ്പോൾ ഉപേക്ഷിച്ചു പോകും, എന്നാൽ ഒന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ഏതു പ്രതിസന്ധിയിലും നമ്മുടെ കൂടെ ഉണ്ടാകുമെന്ന സത്യം ‘

അന്ന് രാത്രിയിൽ ദീപ്തി റൂമിലേക്ക് ചെല്ലുമ്പോൾ ഹരീഷ് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.. അവളെ കണ്ടതും അവൻ റൂമിലേക്ക് വന്നു.. ഹരീഷ് വലതുകരം അവളുടെ ചുമലിലേക്ക് വച്ചതും അവൾ പറഞ്ഞു..

“ഏട്ടാ.. എനിക്ക് കുറച്ച് സമയം വേണം.. ഈ യഥാർഥ്യങ്ങളുമായി എന്റെ മനസിന് പൊരുത്തപ്പെടാൻ കുറച്ച് സമയം കൂടി വേണം “

ഹരീഷ് ഞെട്ടലോടെ കൈ പിൻവലിച്ചു..

ദീപ്തിയുടെ മനസിലെ ചിന്ത മറ്റു പലതും ആയിരുന്നു..

‘ഒരു നാടകത്തിലൂടെ തന്നെ സ്വന്തമാക്കിയവനാണ്, വീണ്ടും ശീതളിന്റെ വാക്ക് കേട്ട് പോകില്ലെന്ന് എന്തുറപ്പാണുള്ളത്.. തന്നെ ഭാര്യയായി കൊണ്ട് വന്നതിന് ശേഷവും തന്റെ മുന്നിൽ അഭിനയിച്ചവനാണ്.. അതുകൊണ്ട് ഈ സ്നേഹം അഭിനയമല്ല, സത്യമാണെന്നു ഉറപ്പായതിന് ശേഷം മാത്രം മതി… എല്ലാ അർത്ഥത്തിലും അയാളുടെ ഭാര്യ ആകുന്നത്.. അതിന് തനിക്കു കുറച്ച് കൂടി സമയം വേണം….ഇനിയും വിഡ്ഢിയാകാൻ തനിക്ക് കഴിയില്ല ‘

ഹരീഷ് ഉറക്കം വരാതെ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ദീപ്തി സമാധാനത്തോടെ ഉറങ്ങി.. അവളുടെ മുഖത്തേക്ക് നോക്കിയിട്ട് അവൻ ചിന്തിച്ചു..

‘എന്തായിരിക്കും ഇവളുടെ ഉദ്ദേശ്യം.. തന്നോട് പകരം വീട്ടാനായിരിക്കുമോ?’

ഭാഗം 09

രാവിലെ ഹരീഷ് ഉണരുമ്പോൾ ദീപ്തി റൂമിൽ ഉണ്ടായിരുന്നില്ല.. അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവന്റെ നേർക്ക് വല്യ ശ്രദ്ധ കൊടുക്കാതെ അവൾ ചായ നീട്ടി.. പതിവിന് വിപരീതമായി അമ്മയിന്നു അടുക്കളയിലില്ലെന്ന് ഹരീഷ് അപ്പോളാണ് ശ്രദ്ധിച്ചത്.. അവൻ ദീപ്തിയുടെ അടുത്തേക്ക് മെല്ലെയെത്തി, അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർക്കാൻ ശ്രമിച്ചു.. അവന്റെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ദീപ്തി ആദ്യമൊന്ന് പതറിയെങ്കിലും പെട്ടന്ന് അവൾ സമനില വീണ്ടെടുത്തു.. കുതറി മാറിയിട്ട് അവന്റെ നേർക്ക് രോഷത്തോടെ നോക്കികൊണ്ട് അവൾ പറഞ്ഞു..

“സ്വന്തം ഭാര്യയുടെ മനസ്സിൽ ഇടം നേടേണ്ടത് ബലപ്രയോഗത്തിലൂടെ അവളെ കീഴടക്കിയോ, അവളുടെ സമ്മതമില്ലാതെ തൊട്ടും തലോടിയും അവളെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുമല്ല.”

ഹരീഷ് ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു.

“എനിക്ക് കുറച്ച് കൂടി സമയം വേണമെന്ന് ഇന്നലെ തന്നെ ഞാൻ പറഞ്ഞിരുന്നുവല്ലോ.. എന്റെ മനസൊന്നു ശരിയാകാൻ എനിക്ക് സമയം വേണം.. അതിനിടയിൽ ഇനിയും ഇതുപോലെ കോമാളിത്തരവുമായി വരരുത്.. പ്ലീസ് “

അവനെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ അവിടെ നിന്ന് പോയി..

എല്ലാവർക്കും ബ്രേക്ഫാസ്റ്റ് വിളമ്പി കൊടുക്കുമ്പോളും ദീപ്തിയുടെ മുഖത്ത് തെളിച്ചം ഇല്ലായിരുന്നു.. എല്ലാവരും ഓഫീസിലേക്ക് പോയതും ഗീത അവളോട് ചോദിച്ചു.

“എന്ത് പറ്റി മോളെ? നിന്റെ മുഖം എന്താ വല്ലാതെ?”

ഒരുനിമിഷം അവൾ മൗനം പാലിച്ചു.. ഗീത അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“മോളെ.. നിന്നെ ഞാൻ മരുമകളായിട്ടല്ല മകളായിട്ടാണ് കണ്ടിട്ടുള്ളത്.. നീയും ഹരിക്കുട്ടനും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ എനിക്ക് നേരത്തെയും തോന്നിയിട്ടുണ്ട്.. നിന്റെ മനസ്സ് വേദനിപ്പിക്കരുതെന്ന് കരുതിയാണ് ഇതുവരെ ഞാനൊന്നും ചോദിക്കാതിരുന്നത്.. ഇനിയും നിന്റെ സങ്കടം കണ്ടിട്ട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ല.. അതുകൊണ്ട് എന്തായാലും എന്നോട് പറയ് മോളെ “

മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.. തേങ്ങൽ അടക്കാൻ പാടുപെട്ടു കൊണ്ട് അവൾ ഗീതയോട് എല്ലാകാര്യങ്ങളും പറഞ്ഞു.. ശീതളിന്റെയും ഹരീഷിന്റെയും നാടകമായിരുന്നു ഈ വിവാഹമെന്ന് ഗീതയോട് പറയുമ്പോൾ ദീപ്തിയുടെ മിഴികൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.. മനസ്സിൽ അടക്കി വച്ചതെല്ലാം അവൾ ഗീതയെ അറിയിച്ചു.

ഗീത അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“മോളെ.. ഹരിക്കുട്ടൻ ചെയ്ത തെറ്റിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു…ഒരു പെണ്ണിനോടും ആരും ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്നെനിക്കറിയാം.. ചതിക്കാൻ വേണ്ടിയായിരുന്നു വിവാഹം കഴിച്ചതെങ്കിലും ഇപ്പോൾ അവന്റെ മനസിന് മാറ്റമുണ്ടെന്ന് നീ തന്നെയല്ലേ പറഞ്ഞത്.. കഴിഞ്ഞതെല്ലാം മറന്ന് നിനക്ക് അവനെ സ്നേഹിക്കാൻ ശ്രമിച്ചു കൂടെ?”

“എനിക്ക് പേടിയാണമ്മേ.. വീണ്ടും ശീതൾ ഏട്ടന്റെ ജീവിതത്തിലേക്ക് വരില്ലെന്ന് എന്താണുറപ്പുള്ളത്? ഇതുവരെ മനസിനേറ്റ മുറിവുകൾ തന്നെ ധാരാളം.. ഇനിയും മോഹിച്ചിട്ട് ആ മുറിവിന്റെ ആഴം കൂട്ടാൻ എനിക്ക് സാധിക്കില്ലമ്മേ “

“നോക്ക് മോളെ.. ശീതളിന്റെ യഥാർത്ഥ സ്വഭാവം ഹരിക്കുട്ടൻ മനസിലാക്കിയത് കൊണ്ടായിരിക്കുമല്ലോ അവനിപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങിയത്? അതുകൊണ്ട് തന്നെ സ്വാർത്ഥയായ ഒരു അമ്മയെന്ന നിലയിൽ നീ അവനോട് ക്ഷമിക്കാനേ ഈ അമ്മയ്ക്ക് പറയാൻ കഴിയൂ മോളെ.. നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണാൻ ഞാൻ അത്രകണ്ടു ആഗ്രഹിക്കുന്നുണ്ട് മോളെ “

“ഞാൻ പറഞ്ഞില്ലേ അമ്മേ എനിക്ക് കുറച്ചു സമയം കൂടി വേണം.. തന്നെയുമല്ല ശീതൾ എന്റെ ജാതകത്തിൽ എന്തെങ്കിലും കൃത്രിമത്വം കാട്ടിയാണോ ഈ വിവാഹത്തിന് തീയതി കുറിപ്പിച്ചതെന്നറിയില്ലല്ലോ?”

ഗീതയുടെ മുഖം ചുളിഞ്ഞു..

“നിനക്കെന്താ മോളെ ഇപ്പോൾ ഇങ്ങനെയൊരു സംശയം?”

“എന്തായാലും എന്റെ നന്മയ്ക്കു വേണ്ടിയല്ലല്ലോ അവർ ഈ വിവാഹം നടത്തിയത്.. അപ്പോൾ ഈ വിവാഹം നടത്താൻ വേണ്ടി എന്തൊക്കെ വളഞ്ഞ വഴികൾ വേണമെങ്കിലും അവർ സ്വീകരിച്ചിട്ടുണ്ടാകും.. അതുകൊണ്ട് എനിക്ക് നല്ല സംശയമുണ്ട് “

ഗീത പെട്ടന്ന് തന്റെ മുറിയിലെ അലമാരയിൽ നിന്നും ആ രണ്ട് ജാതകങ്ങളും എടുത്തു കൊണ്ട് വന്നു.. പണിക്കരെക്കൊണ്ട് മുഹൂർത്തം കുറിപ്പിക്കാനായി ശീതൾ അവരെ ഏല്പിച്ച ദീപ്തിയുടെ ജാതകവും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.. അവളുടെ നേർക്ക് അത്‌ നീട്ടികൊണ്ട് ഗീത വേവലാതിയോടെ ചോദിച്ചു.

“നോക്ക് മോളെ.. എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോന്ന്?”

“അമ്മേ.. ജാതകത്തിൽ ചെറുതായി വരുത്തുന്ന മാറ്റങ്ങളൊന്നും നമുക്ക് ഇങ്ങനെ നോക്കിയാൽ കണ്ടുപിടിക്കാൻ പറ്റില്ല.. അതിന് ഒരു ജ്യോത്സന്റെ സഹായം വേണം… എന്റെ ഒറിജിനൽ ജാതകവും വേണം.. എന്റെ വീട്ടിൽ നിന്നും ശീതൾ അത്‌ വാങ്ങിക്കൊണ്ടു പോയിരുന്നു, അവളുടെ സ്വഭാവം അനുസരിച്ചു അവൾ ഉറപ്പായിട്ടും ആ ജാതകത്തിൽ മാറ്റം വരുത്തിക്കാണും.. ജാതകത്തിന്റെ കോപ്പി എന്റെ വീട്ടിലിരിപ്പുണ്ട് അമ്മയോട് ചോദിച്ചാൽ കിട്ടും.. പക്ഷേ, ഇപ്പോൾ വീണ്ടും പോയി ജാതകം ചോദിച്ചാൽ ഞാനിത് വരെ അവരിൽ നിന്ന് മറച്ച് വച്ചതെല്ലാം പറയേണ്ടി വരും.. “

“മോളെ.. അതിന്റെയൊന്നും ആവശ്യമില്ല..നമുക്ക് പണിക്കരുടെ അടുത്തേക്ക് പോകാം.. ജനിച്ച തീയതിയും സമയവും പറഞ്ഞു കൊടുത്താൽ പണിക്കർ കൃത്യമായി ജാതകം കുറിച്ച് തരും “

“ഞാൻ ജനിച്ച തീയതി എനിക്കറിയാം പക്ഷേ സമയമൊന്നും എനിക്ക് കൃത്യമായിട്ട് അറിയില്ലമ്മേ “

“അതിനൊക്കെ വഴിയുണ്ട്.. മോൾ റെഡിയാക്.. പണിക്കരുടെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് നിന്റെ വീട്ടിൽ കയറാം.. അമ്മയോട് തഞ്ചത്തിൽ ചോദിച്ചു മനസിലാക്കാം.. ഇല്ലെങ്കിൽ തഞ്ചത്തിൽ ചോദിച്ചു ജാതകം വാങ്ങാം “

ദീപ്തി പെട്ടന്ന് റെഡിയായി വന്നു.. ഗീത അപ്പോളേക്കും പരിചയത്തിലുള്ള ഒരു ടാക്സി വിളിച്ചിരുന്നു.. ആദ്യം അവർ ദീപ്തിയുടെ വീട്ടിലേക്കാണ് പോയത്.. അവർ ചെല്ലുമ്പോൾ ദീപ്തിയുടെ അനിയത്തി കോളേജിൽ പോയിരിക്കുകയായിരുന്നു. ദീപ്തിയുടെ അമ്മ ലളിത അവളെയും ഗീതയെയും സന്തോഷത്തോടെ സ്വീകരിച്ചിരുത്തി..

ലളിത അവർക്ക് രണ്ടു ഗ്ലാസിൽ നാരങ്ങാവെള്ളം കൊണ്ട് വന്ന് കൊടുത്തു.. ഗീത അത്‌ വാങ്ങിക്കൊണ്ട് പറഞ്ഞു..

” കേട്ടോ ദീപ്തി മോളുടെ അമ്മേ.. ഞങ്ങൾ പണിക്കരുടെ വീട്ടിലേക്ക് ഇറങ്ങിയതായിരുന്നു.. ഈയിടെ കുടുംബത്തിൽ കുറേ അനിഷ്ടങ്ങൾ സംഭവിച്ചത് കൊണ്ട് പണിക്കരെ കണ്ടോന്ന് പ്രശ്നം വയ്പ്പിക്കാമെന്ന് കരുതി.. കൂട്ടത്തിൽ എല്ലാവരുടെയും ജാതകങ്ങളും ഒന്ന് പരിശോധിപ്പിക്കാമെന്ന് കരുതി.. ഇനി ആരെക്കെങ്കിലും എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പരിഹാരക്രിയ കഴിപ്പിക്കാമല്ലോ “

“അതെന്തായാലും നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.. ദോഷങ്ങൾ ഉണ്ടെങ്കിൽ അതിന് പരിഹാരക്രിയ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് “

“പണിക്കരുടെ വീട്ടിൽ പോകാൻ ഇറങ്ങിയപ്പോളാണ് ദീപ്തിയുടെ ജാതകത്തിന്റെ കോപ്പി ഞങ്ങളുടെ കയ്യിൽ ഇല്ലെന്ന് മനസിലായത് “

“അന്നിവിടെ വിവാഹാലോചനയായിട്ട് വന്ന കുട്ടിയുടെ കയ്യിൽ ജാതകത്തിന്റെ ഒരു കോപ്പി കൊടുത്തു വിട്ടതായിരുന്നല്ലോ.. “

“ആ തിരക്കിലെവിടെയോ നഷ്ടപ്പെട്ടു.. ഇവിടെ ജാതകത്തിന്റെ കോപ്പി ഇല്ലെങ്കിൽ ദീപ്തി മോളുടെ ജനനസമയം പറഞ്ഞാലും മതി “

“മോളുടെ ജാതകത്തിന്റെ കോപ്പി ഇവിടെയുണ്ട്.. ഞാൻ തരാം “

ലളിത ഉടനെ തന്നെ ജാതകം എടുത്ത് നൽകി.

അവർ ഇരുവരും പണിക്കരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.. പണിക്കരോട് ഗീത നേരത്തെ തന്നെ ഫോൺ ചെയ്തിട്ട് തങ്ങൾ ചെല്ലുന്ന വിവരം അറിയിച്ചിരുന്നു.. അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി..

ഗീത പണിക്കരോട് നടന്ന സംഭവങ്ങൾ എല്ലാം അറിയിച്ചു.. പണിക്കർ ചിന്തിച്ചിരുന്നതിന് ശേഷം ആ ജാതകങ്ങൾ വാങ്ങി പരിശോധിച്ചു.. കവടി നിരത്തിയതിനു ശേഷം ഗീതയുടെ നേർക്ക് നോക്കി ഗൗരവത്തിൽ പറഞ്ഞു..

“ദീപ്തിയുടെ ജാതകം തിരുത്തിയിട്ടാണ് മുഹൂർത്തം കുറിപ്പിക്കാനായി തന്നിരിക്കുന്നത് “

ഗീതയുടെ മുഖത്ത് ഞെട്ടൽ പ്രകടമായി.. ദീപ്തി അത്‌ പ്രതീക്ഷിച്ചിരുന്നതിനാൽ അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും തന്നെ ഉണ്ടായില്ല..

ദീപ്തിയുടെ യഥാർത്ഥ ജാതകവും ഹരീഷിന്റെ ജാതകവും വച്ചു നോക്കിയിട്ട് പണിക്കർ അവരോടായി പറഞ്ഞു.

“ഈ ജാതകങ്ങൾ തമ്മിൽ പത്തിൽ ആറു പൊരുത്തങ്ങളാണുള്ളത്.. വിവാഹശേഷം ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതായിട്ടാണ് കാണിക്കുന്നത് “

ഒരു നിമിഷം ആലോചനയോടെ നിന്നിട്ട് ദീപ്തി ചോദിച്ചു.

“ഹരിയേട്ടന്റെ ജീവിതത്തിൽ രണ്ട് വിവാഹയോഗം ഉണ്ടെന്നല്ലേ അന്ന് പറഞ്ഞിരുന്നത്?”

“അന്ന് മറ്റൊരു പെൺകുട്ടിയുമായിട്ടുള്ള ജാതകം പരിശോധിപ്പിച്ചില്ലേ.. ആ ജാതകക്കാരിയെ വിവാഹം കഴിച്ചാൽ ആ ദാമ്പത്യത്തിന് ആയുസ് അധികമില്ലെന്നും മറ്റൊരു വിവാഹയോഗം ഉണ്ടെന്നുമാണ് കാണുന്നത് എന്നാണ് ഞാൻ അന്ന് പറഞ്ഞിരുന്നത് “

ദീപ്തിയുടെ മുഖത്ത് പിന്നെയും സംശയം നിഴലിട്ടിരിക്കുന്നത് കണ്ടു പണിക്കർ അവളോട് പറഞ്ഞു..

“പേടിക്കണ്ട കുട്ടി.. നിങ്ങളുടെ ജീവിതത്തിൽ തുടക്കത്തിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും പിന്നീട് എല്ലാം ശരിയാകും…”

പെട്ടന്ന് ഗീത അദ്ദേഹത്തോട് ചോദിച്ചു…

“പണിക്കരെ.. ഹരിക്കുട്ടന്റെ വിവാഹം കുടുംബക്ഷേത്രത്തിൽ വച്ച് നടത്തണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു…..പക്ഷേ അന്നത്തെ സാഹചര്യത്തിൽ അത്‌ സാധിച്ചില്ല….. ഇപ്പോൾ ദീപ്തി മോളുടെ മനസ്സിൽ ഇങ്ങനെയൊരു ഭീതി നിലനിൽക്കുന്നത് കൊണ്ട് നമുക്കിവരുടെ വിവാഹം കുടുംബക്ഷേത്രത്തിൽ വച്ച് ഒരിക്കൽ കൂടി നടത്തിയാലോ?”

“നിങ്ങൾക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ.. പരദൈവങ്ങളുടെ അനുഗ്രഹമുള്ളത് നല്ലത് തന്നെയാണ്”

അതിനു യോജിച്ച കുറച്ചു മുഹൂർത്തങ്ങളും പണിക്കർ കുറിച്ച് കൊടുത്തു.

പണിക്കരുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ദീപ്തിയുടെ മുഖത്ത് ആശ്വാസത്തിന്റെ വെള്ളിവെളിച്ചം പരന്നിരുന്നു.

രാത്രിയിൽ, ഗീത തന്റെ ഭർത്താവിനോട് എല്ലാ വിവരങ്ങളും ധരിപ്പിച്ചു. ശ്രദ്ധയോടെ എല്ലാം കെട്ടിരുന്നതിന് ശേഷം അദ്ദേഹം പറഞ്ഞു.

“എന്തായാലും നമ്മുടെ മോൻ ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും അവൾ അവനൊരു അപകടം ഉണ്ടായപ്പോൾ അവനെ ഉപേക്ഷിച്ചു പോകാതെ കൂടെ നിന്നില്ലേ? അത്‌ തന്നെ വല്യ കാര്യം.. ഇനിയിപ്പോൾ അവൾ പറഞ്ഞത് പോലെ അവളുടെ മനസ് കൊണ്ട് ഹരിക്കുട്ടനെ ഭർത്താവായി അംഗീകരിക്കാൻ കുറച്ചു സമയം കൂടി കൊടുക്കാം.. എന്നിട്ട് മതി കുടുംബക്ഷേത്രത്തിൽ വച്ചുള്ള കല്യാണമൊക്കെ “

ദീപ്തി ഹരീഷിനെ ശ്രദ്ധിക്കാതെ കട്ടിലിന്റെ മറുവശത്തേക്ക് ചരിഞ്ഞു കിടന്നു ഉറക്കമായിരുന്നു.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഹരീഷിനോട് തന്നോട് തന്നെ പുച്ഛം തോന്നി.. തന്റെ കുറ്റം കൊണ്ട് മാത്രമാണ് ജീവിതത്തിലെ ഈ നല്ല നിമിഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് മനസിലായി.. അവൻ അവളുടെ നേർക്ക് തിരിഞ്ഞു.. നിറുകയിൽ ഒരു ചുംബനം കൊടുക്കാൻ മനസ്സിൽ ആഗ്രഹം തോന്നുന്നു.. എങ്കിലും രാവിലത്തെ ദീപ്തിയുടെ പ്രതികരണം മനസിലോർത്തപ്പോൾ ആ ആഗ്രഹത്തിന് കടിഞ്ഞാണിട്ടു..

അവളുടെ ശരീരമല്ല, മനസാണ് തനിക്ക് ആദ്യം സ്വന്തമാക്കേണ്ടതെന്ന ഓർമ വന്നതും അവൻ കിടക്കയിൽ അവളിൽ നിന്നും ഒരല്പം കൂടി അകലം പാലിച്ചു കിടന്നു..

ഉറക്കത്തിൽ മനോഹരമായൊരു സ്വപ്നത്തിലായിരുന്നു ദീപ്തി..

കുടുംബക്ഷേത്രത്തിലെ ദൈവങ്ങളുടെ മുന്നിൽ വച്ച് ഹരീഷ് തന്റെ കഴുത്തിൽ താലി ചാർത്തുന്നു.. അവനോടുള്ള പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ മറന്ന് താൻ സന്തോഷവതിയായിട്ടാണ് നിൽക്കുന്നത്.. ഹരീഷ് തന്നെ ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു, എന്നിട്ട് ആ കരവലയത്തിന്റെ സുരക്ഷയിൽ സ്വന്തം നെഞ്ചോട് തന്നെ ചേർത്ത് നിർത്തിയിരിക്കുന്നു….

രാവിലെ ഉണർന്നപ്പോൾ രാത്രിയിലെ സ്വപ്നം അവൾക്കോർമ്മ വന്നു.. സ്വപ്നത്തിൽ മാത്രമല്ല, ഉറക്കത്തിനിടയിൽ എപ്പോളോ അവൾ ആ കരവലയത്തിനുള്ളിൽ ആയിരുന്നു എന്നവൾ മനസിലാക്കി.. ചമ്മലോടെ അവൾ കിടക്കയിൽ നിന്നെഴുന്നേറ്റ് കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

‘ എനിക്ക് നിങ്ങളോട് വേണമെങ്കിൽ ക്ഷമിക്കാം.. പക്ഷേ ഞാനത് ചെയ്യാത്തത്, ഞാൻ അന്ന് അനുഭവിച്ച സങ്കടത്തിന്റെ നൂറിലൊന്നെങ്കിലും നിങ്ങൾക്ക് മനസിലാകണം.. എന്നിട്ട് മതി നിങ്ങളൊരുമിച്ചുള്ള ജീവിതം… അവഗണിക്കപെടുമ്പോൾ ഉള്ള വേദന….ഇവിടെ വന്നപ്പോൾ ആദ്യ കാലങ്ങളിൽ ഞാൻ അനുഭവിച്ച സങ്കടത്തിന്റെ ആഴം… ഇതൊക്കെ നിങ്ങൾ മനസിലാക്കിയെന്ന് എനിക്ക് തോന്നുമ്പോൾ.. ഞാൻ എന്റെ തീരുമാനം മാറ്റികൊള്ളാം “

ദീപ്തി അടുക്കളയിൽ ചെന്നപ്പോളും തലേദിവസത്തിലെ സ്വപ്നത്തിൽ ഹരീഷിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന തന്റെ മുഖം അവളുടെ മനസിലേക്കോടി വന്നു.. അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു..

ഹരീഷ് ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ യാത്ര ചോദിക്കാനെന്ന ഭാവത്തിൽ ദീപ്തിയ്ക്ക് നേരെ നോക്കി.. അവൾ അവനെ ശ്രദ്ധിക്കാത്ത രീതിയിൽ മുറ്റത്തെ ചെടികൾ നനയ്ക്കാനായി ഇറങ്ങിപ്പോയി.

‘ഇവൾക്കെന്താ ഈ ചെടി നനയ്ക്കുന്ന ജോലിയിൽ കൈവിഷം കൊടുത്തിട്ടുണ്ടോ? എപ്പോൾ നോക്കിയാലും ഇത് തന്നെയാണല്ലോ പണി? എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഹരീഷ് കാർ സ്റ്റാർട്ട്‌ ചെയ്തു..

ജയദേവൻ അഭയിനോട് ശീതളിനെ വിവാഹം കഴിക്കുന്നതിനെ പറ്റി സംസാരിച്ചപ്പോൾ അഭയ് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി.. ഇത്രയും കോടീശ്വരിയായ പെണ്ണിന്റെ ആലോചന കൈവിട്ടു കളയുന്നത് ബുദ്ധിയല്ലെന്ന് അവനറിയാമായിരുന്നു….

ശീതൾ അഭയിനെയും കൂട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ റെസ്റ്ററന്റിൽ ഹരീഷ് ഉണ്ടായിരുന്നു.. അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ ശീതൾ അവിടെയിരുന്നു.. ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോൾ അഭയുടെ മൊബൈൽ റിങ് ചെയ്തു.. മൊബൈൽ എടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖം വിളറി.. തന്റെ മുഖത്തിന്റെ ഭാവമാറ്റം ശീതൾ മനസിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് അവൻ ആ കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു..

തുടരും…