ഭാര്യ ~ ഭാഗം 10 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഹലോ “

പതിഞ്ഞ ശബ്ദത്തിലാണ് അവൻ സംസാരിച്ചത്..

“ഞാൻ ഓഫീസിൽ അല്ല.. കുറച്ച് സമയം കഴിഞ്ഞു വിളിക്കാം “

മറുതലയ്ക്കൽ നിന്നും കൂടുതൽ ഒന്നും പറയുന്നതിന് മുൻപ് തന്നെ അഭയ് കാൾ കട്ട്‌ ചെയ്തു.

ശീതൾ ചോദ്യഭാവത്തിൽ അവനെ നോക്കി.. അഭയ് തെല്ലൊരു പതർച്ചയോടെ പറഞ്ഞു..

“എന്റെ ഒരു കസിൻ ആണ്.”

“പിന്നെന്തിനാ കാൾ കട്ട്‌ ചെയ്തത്.. ഇവിടെ വച്ച് സംസാരിക്കാമായിരുന്നല്ലോ”

“നമുക്ക് തമ്മിൽ സംസാരിക്കാൻ കിട്ടിയ ഈ സമയം എന്തിനാ വെറുതെ കളയുന്നത്?

അഭയ് അങ്ങനെ ചോദിച്ചപ്പോൾ ശീതൾ നാണത്തോടെ തലതാഴ്ത്തി..ഭക്ഷണം കഴിഞ്ഞു അവർ പുറത്തേക്ക് പോകുമ്പോൾ ഹരീഷും അവളും മുഖാമുഖം കണ്ടു.. ശീതൾ അവജ്ഞയോടെ അവന്റെ നേർക്ക് നോക്കി .

ഓഫീസിൽ തിരികെ എത്തിയയുടൻ അഭയ് തന്റെ ഫോണെടുത്തു ആ നമ്പർ ഡയൽ ചെയ്തു. മറുവശത്തു നിന്നും പരിഭവത്തോടെയുള്ള സംസാരം കേട്ടു..

“അഭി.. നീ എന്താ എന്നെ അവോയ്ഡ് ചെയ്യാൻ ശ്രമിക്കുവാണോ?”

“നീ അങ്ങനെ പറയല്ലേ കാത്തി.. ഞാൻ ആ ടൈമിൽ കുറച്ച് ബിസി ആയത് കൊണ്ടാണ് സംസാരിക്കാഞ്ഞത് “

“ഓക്കേ.. ഇന്നലെ എന്നോട് സീരിയസ് ആയിട്ടെന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട്.. പിന്നീട് നീ വിളിച്ചില്ലല്ലോ “

“കാത്തി.. വൈകുന്നേരം ഞാൻ വിളിക്കാം.. ഇപ്പോൾ ഓഫീസിൽ കുറച്ച് ബിസിയാണ് “

അഭയ് ഫോൺ വച്ചിട്ട് ദീർഘമായി നിശ്വസിച്ചു.. കോളേജിൽ അവന്റെ ജൂനിയർ ആയിരുന്നു കാർത്തിക.. മലയാളി ആയതിനാലാണ് അവളോട് പെട്ടന്ന് സൗഹൃദം തോന്നിയത്.. ആ സൗഹൃദം പെട്ടന്നാണ് പ്രണയമായി മാറിയത്.. അവളുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരണപെട്ടതിന് ശേഷം അവളുടെ അച്ഛമ്മ ആയിരുന്നു അവളെ വളർത്തിയത്.. അച്ഛമ്മയുടെ മരണശേഷമാണ് കാർത്തികയെ പൂനെയിൽ ഉള്ള അമ്മാവൻ കൂട്ടികൊണ്ട് പോയത്.. അവിടെ വച്ചായിരുന്നു അഭയും കാർത്തികയും തമ്മിലുള്ള പ്രണയം മൊട്ടിട്ടത്..

അമ്മാവന്റെ വീട്ടിൽ ആർക്കും അവളോട് സ്നേഹമുണ്ടായിരുന്നില്ല.. ഒരു പെൺകുട്ടി ആയത് കൊണ്ട് തന്നെ അവൾ തങ്ങൾക്കൊരു ബാധ്യതയാകും എന്ന കാഴ്ചപ്പാട് ആണ് അവിടെ എല്ലാവർക്കും .. അഭയുടെ സ്നേഹം ലഭിച്ചപ്പോൾ അവർ ഏറെ സന്തോഷിച്ചു.. അവളുടെ എല്ലാകാര്യത്തിലും അവനൊപ്പം നിന്നു.. പഠനം കഴിഞ്ഞതിന് ശേഷം പൂനെയിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്യുകയാണ് അവൾ.. അമ്മാവന്റെ വീട്ടിലെ അവഗണന സഹിക്കാൻ കഴിയാത്തത് കൊണ്ട് ഓഫീസിനടുത്തു തന്നെയുള്ള ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിലേക്ക് അവൾ താമസവും മാറിയിരുന്നു.. സാധാരണ കമിതാക്കളെ അപേക്ഷിച്ചു പക്വതയുള്ള പ്രണയം എന്നാണ് കാർത്തിക തന്റെയും അഭയുടെയും പ്രണയത്തിനെ വിലയിരുത്തിയത്.. അവളോട് ശീതളിനെപ്പറ്റി എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് അഭയ് ചിന്തിച്ചു…

വൈകുന്നേരം ഹരീഷ് ഓഫീസിൽ നിന്ന് വന്നപ്പോൾ ദീപ്തി ബാൽക്കണിയിൽ ആയിരുന്നു.. അവിടെ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു അവൾ.. താൻ ആ റൂമിൽ വന്നതൊന്നും അവൾ അറിഞ്ഞില്ലെന്നു തോന്നിയപ്പോൾ ഹരീഷ് ചെറുതായൊന്നു മുരടനക്കി.. അവൾ അവന്റെ നേർക്ക് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും ഭാവഭേദങ്ങൾ ഒന്നുമില്ലാതെ പഴയ നിൽപ് തുടർന്നു… ഹരീഷ് ബാൽക്കണിയിലേക്ക് വന്നിട്ട് ദീപ്തി നോക്കി നിൽക്കുന്ന ദിശയിലേക്ക് നോക്കിയിട്ട് മനസ്സിൽ ചിന്തിച്ചു..

‘ ഇത്രയ്ക്കും കാണാൻ വേണ്ടി എന്താ ഇവിടെയുള്ളത്..’ റോഡിൽക്കൂടി തേരാപാരാ എന്ന് ചീറിപ്പായുന്ന വാഹനങ്ങൾ മാത്രമേ അവനവിടെ നിന്നപ്പോൾ കാണാൻ കഴിഞ്ഞുള്ളൂ..അഞ്ചുമിനിറ്റ് ആ നിൽപ് നിന്നപ്പോൾ തന്നെ ഹരീഷിന് മുഷിച്ചിൽ തോന്നി.. അവൻ റൂമിലേക്ക് തിരികെ പോയി..

അഭയ് തന്റെ ഫ്ലാറ്റിൽ എത്തിയതും കാർത്തികയെ ഫോൺ ചെയ്തു..

” കാത്തി എനിക്ക് നിന്നോട് പറയാനുള്ളത് വളരെ സീരിയസ് ആയ ഒരു കാര്യമാണ്.. അതുകൊണ്ട് തന്നെ ഫോണിൽ സംസാരിച്ചാൽ ശരിയാകുമെന്ന് തോന്നുന്നില്ല “

“അഭി.. ടെൻഷൻ അടിപ്പിക്കാതെ എന്താണെന്നു വച്ചാൽ പറയ്..”

” നേരിട്ട് സംസാരിക്കേണ്ട കാര്യങ്ങൾ നേരിട്ട് തന്നെ പറഞ്ഞാലേ ശരിയാകുള്ളൂ “

“അഭി.. നീയിനിയിപ്പോൾ നമ്മുടെ പ്രണയം മറന്നിട്ട്.. അല്ല… എന്നെ മറന്നിട്ട്.. വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ “

ഒരുനിമിഷം അഭയിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി..

“വേണ്ടാത്തതൊന്നും ആലോചിക്കേണ്ട പെണ്ണെ.. ഈ ജന്മത്തിൽ എനിക്കതിനൊന്നും കഴിയില്ല.. ഇത് അതൊന്നുമല്ല.. വേറെ ഒരു കാര്യമാണ് “

“നീ എന്നാണ് ഇങ്ങോട്ടേക്കു വരുന്നത്?”

“ശനിയാഴ്ച വരാം..”

അഭയ് ഒരാഴ്ചത്തെ ലീവെടുത്തു പൂനെയിലേക്ക് പോയി..

പൂനെയിലെത്തിയയുടനെ അവൻ ആദ്യം പോയത് കാർത്തിക താമസിക്കുന്ന ഹോസ്റ്റലിലെ വിസിറ്റേഴ്സ് റൂമിലിരിക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് വർധിച്ചു.. താൻ പറയാൻ പോകുന്നത് കാർത്തിക എങ്ങനെ സ്വീകരിക്കുമെന്നറിയില്ല..

അഞ്ചുമിനിറ്റ് കാത്തിരുന്നപ്പോൾ കാർത്തിക അവിടേക്ക് വന്നു.. അവളുടെ കരിനീല മിഴികളിൽ പരിഭവം നിഴലിട്ടിരുന്നു.. അവനിരുന്ന സോഫയിൽ തൊട്ടടുത്തിരുന്ന് അവന്റെ വലത് കരം കവർന്നെടുത്തിട്ട് മൃദുവായി ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു..

“നിന്നെ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്തു അഭി.. നിനക്ക് ഇവിടെ ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്താൽ പോരായിരുന്നോ? എന്തിനാ കേരളത്തിലേക്ക് പോയത്?”

“അവരവിടെ നല്ല സാലറി ഓഫർ ചെയ്തത് കൊണ്ട് പോയതല്ലേ കാത്തി “

“ഉം.. അതറിയാം.. എന്നാലും നിന്റെ കൈപിടിച്ച് നടക്കുന്നതും മാസത്തിലൊരിക്കൽ ഒരുമിച്ചുള്ള സിനിമകളും എല്ലാം മിസ്സ്‌ ചെയ്യുന്നുണ്ട് “

“എനിക്കും അങ്ങനെ തന്നെയാണ് പെണ്ണെ..”

“അതൊക്കെ പോട്ടെ.. നീയെന്താ എന്തോ സീരിയസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞത് “

അഭയുടെ മുഖത്തിൽ ഗൗരവം പടർന്നു.. ശീതളിന്റെ അച്ഛൻ തന്നോട് വിവാഹത്തെപ്പറ്റി സംസാരിച്ചപ്പോൾ അവളുടെ സ്വത്തിനെപ്പറ്റി ആലോചിച്ചപ്പോൾ തന്റെ മനസൊന്നിടറിയെങ്കിലും കാർത്തികയുടെ സ്ഥാനത്ത് ശീതളിനെ സങ്കൽപിക്കാൻ തനിക്കൊരിക്കലും കഴിയില്ലയെന്ന് താൻ വൈകാതെ മനസിലാക്കിയിരുന്നു.. ഇനി ചെയ്യാനുള്ളത്, ശീതളും ഹരീഷും കൂടി ദീപ്തിയോട് ചെയ്തത് പോലെ ഒരു കല്യാണനാടകമാണ്.. അതിന് കാർത്തികയുടെ സമ്മതം വാങ്ങാനാണ് തന്റെ ഈ വരവ്..

കാർത്തികയുടെ വലത് കരത്തിൽ മുറുകെ പിടിച്ചു കൊണ്ടാണ് അഭയ് അവളോട് എല്ലാകാര്യങ്ങളും തുറന്ന് പറഞ്ഞത്.. കാർത്തികയുടെ നിറഞ്ഞ മിഴികളിലെ മിഴിനീർ അഭയ് തന്നെയാണ് തുടച്ചത്..

“എന്തിനാ അഭി.. ഇങ്ങനൊരു നാടകം നടത്തുന്നത്? അവളുടെ സ്വത്തിനു വേണ്ടിയോ? എന്തൊക്കെ പറഞ്ഞാലും അവളൊരു പെണ്ണല്ലേ.. ഒരു പെണ്ണിന്റെ കണ്ണുനീർ വീഴ്ത്തി സ്വന്തമാക്കുന്ന ഒന്നിനും ഒരു നിലനിൽപ്പും ഉണ്ടാകില്ല.. അതല്ല ഇനി ശരിക്കും ശീതളിനെ നിന്റെ ഭാര്യയാക്കാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ ഒഴിഞ്ഞു പോയേക്കാം “

പെട്ടന്ന് അവളുടെ വായ് പൊത്തിക്കൊണ്ട് അവൻ പറഞ്ഞു.

“ഇല്ല കാത്തി.. നിന്റെ സ്ഥാനത്ത് ഞാൻ ഒരിക്കലും അവളെ സങ്കല്പിച്ചിട്ടില്ല.. “

“പിന്നേ എന്തിനാണ് നീ ഈ കല്യാണത്തിന് സമ്മതമാണെന്ന് അവളുടെ അച്ഛനോട് സമ്മതിച്ചത്?”

“കാത്തി.. അമ്പാടിയിലെ ഹരീഷ് അവളുടെ ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞ് അവൾ പരിചയപെടുത്തിയ അന്ന് തന്നെ ഓഫീസിലെ മറ്റു സ്റ്റാഫ്‌സ് പറഞ്ഞിട്ട് ഞാൻ എല്ലാകാര്യങ്ങളും അറിഞ്ഞിരുന്നു.. അവളും ഹരീഷും കൂടി ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്തല്ലോ എന്നോർത്തപ്പോൾ ആദ്യം ദേഷ്യം തോന്നി.. പിന്നേ അമ്പാടിയിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ശീതൾ ഹരീഷിനെ തള്ളിപ്പറഞ്ഞു.. ആ അവസരം തക്കം നോക്കിയിരുന്ന അവളുടെ അച്ഛൻ അവളെ വിവാഹം കഴിക്കാമോ എന്നെന്നോട് ചോദിച്ചു.. അവളുടെ സ്വത്തിൽ ഒരുനിമിഷത്തേക്ക് ഭ്രമിച്ചു പോയത് കൊണ്ട് ഞാൻ സമ്മതിച്ചു എന്നുള്ളത് സത്യം തന്നെയാണ്.. അത്‌ നിനക്ക് പകരം അവളെ എന്റെ ഭാര്യ ആക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ല.. അവൾ ചെയ്ത തെറ്റിനുള്ള ശിക്ഷ കൊടുക്കണമെന്ന് എനിക്ക് തോന്നി “

“അഭി….ശിക്ഷ കൊടുക്കാൻ നീയെന്താ ദൈവമാണോ? തന്നെയുമല്ല അവൾ ചെയ്തത് പോലെ തന്നെ തിരിച്ചു ചെയ്യാനാണ് ഭാവമെങ്കിൽ പിന്നേ നീയും അവളും തമ്മിലുള്ള വ്യത്യാസമെന്താണ്? നീയായിട്ട് ആർക്കും ശിക്ഷ കൊടുക്കാനൊന്നും പോകണ്ട… അവൾക്കുള്ള ശിക്ഷ അത്‌ ദൈവം കൊടുത്തോളും..”

“അല്ല കാത്തി.. ഞാൻ…”

“അഭി.. നീ എന്തൊക്കെ പറഞ്ഞാലും ഇതിനൊന്നും ഞാൻ കൂട്ട് നിൽക്കില്ല..ആരുടേയും ശാപം നമ്മുടെ ജീവിതത്തിൽ വേണ്ട.. നീ കേരളത്തിൽ തിരിച്ചു ചെന്നതിന് ശേഷം ശീതളിനോട് എല്ലാകാര്യങ്ങളും നേരിട്ട് പറഞ്ഞിട്ട്, റിസൈൻ ചെയ്തിട്ട് തിരികെ വാ.. ഇനിയിപ്പോൾ നിനക്ക് റിസൈൻ ചെയ്യാനും അവളോടൊന്നും പറയാനും പ്ലാനില്ലെങ്കിൽ ശീതളിനെ കല്യാണം കഴിച്ചു അവിടെത്തന്നെ കൂടിക്കോ.. പിന്നെ ഈ കാത്തിയുടെ നിഴൽ പോലും നിന്റെ ജീവിതത്തിൽ ഉണ്ടാകില്ല “

“കാത്തി.. ഞാൻ പറഞ്ഞത് നിനക്ക് ശരിക്കും മനസിലായില്ലേ? അവളുടെ അഹങ്കാരത്തിനു ചെറിയ രീതിയിൽ ഒരു തിരിച്ചടി കൊടുക്കണമെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ “

“അഭി.. വിവാഹം കഴിച്ചിട്ടു ഉപേക്ഷിക്കുന്നതാണോ ചെറിയ രീതിയിലുള്ള തിരിച്ചടി “

“കാത്തി.. വിവാഹം വരെയൊന്നും കൊണ്ട് പോകാൻ എനിക്ക് പ്ലാനില്ല..എല്ലാവരെയും കല്യാണമൊക്കെ ക്ഷണിച്ചു കഴിയുമ്പോൾ കല്യാണത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞ് പിന്മാറിക്കൊള്ളാം.. അപ്പോൾ അവൾ എല്ലാവരുടെയും മുൻപിൽ അപമാനിക്കപെടില്ലേ.. അപ്പോൾ അവളുടെ അഹങ്കാരം കുറച്ചെങ്കിലും ഒതുങ്ങിയേക്കും “

“അഭി നീ ഈ പറയുന്ന ഒന്നിനോടും എനിക്ക് യോജിപ്പില്ല.. പ്രതികാരം ചെയ്യേണ്ടത് മനുഷ്യനല്ല.. ദൈവമാണ്.. അതുകൊണ്ട് എന്റെ മോൻ ഇതുപോലുള്ള ഭാരിച്ച കാര്യങ്ങളൊന്നും തലയിൽ എടുത്ത് വയ്ക്കണ്ട “

“കാത്തി.. എന്നാലും.. “

“ഒരെന്നാലുമില്ല.. എന്റെ ഓഫീസിൽ വേക്കൻസി ഉണ്ട്.. നമുക്ക് ഒരുമിച്ച് അവിടെ ജോലി ചെയ്യാം.. അതുകൊണ്ട് പോയിട്ട് പെട്ടന്ന് തിരികെ വാ “

അഭയ് വീട്ടിലേക്ക് പോയതിന്റെ മൂന്നാം ദിവസം ആണ് ശീതളിന് ആ അനോണിമസ് കാൾ എത്തിയത്.. അഭയും മറ്റൊരു പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്നും തന്നെ വിവാഹം ചെയ്തതിന് ശേഷം ഉപേക്ഷിക്കാനാണ് അവന്റെ പ്ലാനെന്നും.. ആയിരുന്നു ആ ഫോൺ വിളിച്ചയാൾ അവളോട് പറഞ്ഞത്..

ശീതൾ ഞെട്ടിത്തരിച്ചിരുന്നു പോയി.. താൻ ദീപ്തിയോട് ചെയ്ത അതേ നാണയത്തിൽ തനിക്കും തിരിച്ചടി ഒരുങ്ങിയിരുന്നു എന്നുള്ള ഓർമയിൽ തന്നെ അവളുടെ നെഞ്ചിൽ ഒരാന്തൽ ഉണ്ടായി..

ഇപ്പോൾ തന്നെ അച്ഛന്റെ ബിസിനസ് സുഹൃത്തുക്കളും തന്റെ സുഹൃത്തുക്കളും എല്ലാം വിവരം അറിഞ്ഞിരിക്കുന്നു.. എല്ലാവരുടെയും മുൻപിൽ താൻ നാണം കെടുമല്ലോ എന്ന ചിന്ത തന്നെ അവളെ ഭ്രാന്തിയാക്കി… അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഓഫീസിൽ ഉള്ളവരോട് തന്റെ മനസിലുള്ള ദേഷ്യം പ്രകടിപ്പിച്ചിട്ട് അവൾ വീട്ടിലേക്കെത്തി..താൻ അറിഞ്ഞ വിവരങ്ങൾ അച്ഛനോട് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

തനിക്ക് അഭയിനോട് പ്രണയം ഒന്നുമുണ്ടായിരുന്നില്ല.. പക്ഷേ.. താനും അഭയും തമ്മിലുള്ള വിവാഹവാർത്ത ഹരീഷും അറിഞ്ഞിട്ടുണ്ടായിരുന്നു.. അവരൊക്കെ നിജസ്ഥിതി അറിയുമ്പോൾ എന്താകും അവസ്ഥ.. എല്ലാവരുടെയും മുൻപിൽ താൻ നാണം കെടും.. ഓർക്കുമ്പോൾ തന്നെ ശീതളിന് വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..

‘അഭയ്.. നീ തിരിച്ചു വാ.. നിന്റെ മാനേജർ ഉദ്യോഗം.. കമ്പനി വക ഫ്ലാറ്റ്..എല്ലാം ഞാൻ ശരിയാക്കി തരാം ‘

ശീതൾ ദേഷ്യത്തോടെ പല്ലിറുമ്മി..

രാത്രിയിൽ, ഹരീഷ് ടീവി കണ്ടിട്ട് റൂമിലെത്തുമ്പോൾ ദീപ്തി ഉറങ്ങിയിരുന്നില്ല.. കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വച്ചിരുന്നു അവൾ ഏതോ പുസ്തകം വായിക്കുകയായിരുന്നു..ഹരീഷ് അവളുടെ നേർക്ക് നോക്കിയിട്ട് പറഞ്ഞു.

“എനിക്ക് തന്നോടൊരു കാര്യം സംസാരിക്കാനുണ്ട് “

അവൾ പുസ്തകം മടക്കി മാറ്റി വച്ചതിനു ശേഷം അവന്റെ നേർക്ക് നോക്കിയിട്ട് ചോദിച്ചു..

“എടോ.. എത്രനാൾ താനിങ്ങനെ എന്നെ അവഗണിക്കും?”

ദീപ്തിയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിടർന്നു..

“വിവാഹം കഴിഞ്ഞു ഇവിടെ വന്നതിന് ശേഷം എന്നെങ്കിലും നിങ്ങൾ എന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ? നിങ്ങളുടെ അവഗണനയുടെ കാരണം പോലും അറിയാതെ ആ നൊമ്പരവും പേറിയാണ് ഞാനിവിടെ താമസിച്ചത്.. ഇന്നിപ്പോൾ നിങ്ങൾക്ക് ഞാനെന്തിനാ നിങ്ങളെ അവഗണിക്കുന്നതെന്നെങ്കിലും അറിയാമല്ലോ..ആ സ്ഥിതിയ്ക്ക് ഇതത്ര സങ്കടമുള്ള കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല.. തന്നെയുമല്ല അന്ന് ഞാൻ അനുഭവിച്ച സങ്കടത്തിന്റെ നൂറിലൊന്ന് പോലും നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടുമില്ല “

“എനിക്കൊരു തെറ്റ് പറ്റിപ്പോയി.. അത്‌ തിരുത്താൻ ഞാൻ തയാറുമാണ്..പക്ഷേ താൻ എന്നെയൊന്നു മനസിലാക്കാൻ പോലും ശ്രമിക്കുന്നില്ലല്ലോ…”

“മനസിലാക്കാൻ ശ്രമിച്ചത് കൊണ്ടാണല്ലോ ഞാനെല്ലാം തിരിച്ചറിഞ്ഞത്.. പിന്നെ ഇതെല്ലാം ഒരുനിമിഷം കൊണ്ട് മായ്ച്ചു കളഞ്ഞിട്ട് നിങ്ങളെ പൂർണമായും ഭർത്താവായി സ്വീകരിച്ചു ജീവിക്കാൻ ഞാൻ ടീവി സീരിയലിലെ നായികയല്ല.. എനിക്ക് മെന്റലി പ്രിപ്പയേഡ് ആകാൻ ടൈം വേണം.. അത്‌ ചിലപ്പോൾ ഒരു മാസം ആയിരിക്കും.. ആറു മാസമായിരിക്കും.. ഇനി ചിലപ്പോൾ ഒരു വർഷമായെന്നുമിരിക്കും.. അത് വരെ നിങ്ങൾ കാത്തിരിക്കണം “

ഹരീഷ് മറുപടിയില്ലാതെ നിന്നപ്പോൾ ദീപ്തി തലയിണ നേരെയാക്കി വച്ചിട്ട് അവനെതിരെ മുഖം തിരിച്ചു കിടന്നു…ഇവളിനിയെന്ന് തന്നെ മനസിലാക്കുമെന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവനും കിടന്നു..

രാവിലെ ദീപ്തി ഉണർന്നു നോക്കുമ്പോൾ ഹരീഷിന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നിയെങ്കിലും അത്ര പെട്ടന്നൊന്നും അവനോട് ക്ഷമിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല..

അഭയ് പൂനെയിൽ നിന്ന് തിരികെ വന്നതിന് ശേഷം ഓഫീസിൽ എത്തുമ്പോൾ പൊട്ടിത്തെറിക്കാറായ അഗ്നിപർവതം പോലെ ശീതൾ രോഷാകുലയായി അവിടെ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു..

തുടരും…