ചായയുമായി പെണ്ണെത്തി. വർഷങ്ങളായുള്ള ഈ ചടങ്ങ് മാറ്റിപിടിക്കേണ്ടതാണ്….

Story written by AMMU SANTHOSH

പെണ്ണുകാണാൻ പോകണം. ഒറ്റയ്ക്ക്. ഈശ്വര !അതോർത്തപ്പോൾ നെഞ്ചിൽ തൃശൂർ പൂരം.. ഇതിലും ഭേദം ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലോട്ട് ചാടുന്നതല്ലേ?

ഒറ്റമകൻ ആയതു കൊണ്ട് ഒരു പാടു ദോഷങ്ങൾ ഉണ്ട് (ഗുണങ്ങളും ഉണ്ട് കേട്ടോ ). അച്ഛൻ ദുബായിലാണ്. അമ്മക്ക് പെട്ടെന്നൊരു പനി. കൂട്ടുകാരെ വിളിച്ചപ്പോൾ ഓരോത്തർക്കും ഓരോ കാരണങ്ങൾ. ഹോ !ഒരുത്തനും ഒരാൾക്ക് ഒരു നല്ല കാര്യം വരുമ്പോൾ സഹിക്കില്ലല്ലോ ! വല്ല കോഫി ഷോപ്പിലും കണ്ടാൽ പോരെ എന്ന് ചോദിച്ചതാ. ഇപ്പോൾ അതാണല്ലോ ട്രെൻഡ്. അവർക്കു അത് താല്പര്യം ഇല്ലത്രെ. ചെക്കൻ തനിയെ വന്നാലും മതിയത്രെ. പെൺകുട്ടിയുടെ അമ്മാവന്മാരൊക്ക ഇതിന് വേണ്ടി മാത്രമാണത്രെ മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും വരുന്നതത്രെ.

തനിക്കു ബന്ധുക്കൾ കുറവാണ്.. ആ രസങ്ങൾ ഒന്നും അറിയില്ല.

കാർ ഡ്രൈവ് ചെയുമ്പോൾ വെറുതെ ആ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ഒരു ഫോട്ടോ മാത്രമാണ് കണ്ടത്. ഓർമ വരുന്നില്ല.

വീടിനു മുന്നിൽ തന്നെയുണ്ട് ഒരു പട. ദൈവമേ !ഇവിടെ യുദ്ധം വല്ലോം നടക്കാൻ പോവണോ ?

കുശലാന്വേഷണങ്ങൾ. നോക്കുന്ന നോട്ടം കണ്ടാൽ ഇനി താനാണോ പെണ്ണെന്നു തോന്നും.

മേശപ്പുറത്തു ഒരു ബേക്കറി. ഇത് മുഴുവനും തിന്നാൽ പെണ്ണ് കെട്ടാൻ ബോഡി ഉണ്ടാവില്ല.

ചായയുമായി പെണ്ണെത്തി….വർഷങ്ങളായുള്ള ഈ ചടങ്ങ് മാറ്റിപിടിക്കേണ്ടതാണ്. ചായയാണോ ഇത് ?കുടിച്ചും പോയി. ചായ ഇവളാണോ ഇട്ടത് ?ദൈവമേ !

ഒറ്റയ്ക്കായപ്പോൾ അവളെ നോക്കി.

“പേര് ഞാൻ മറന്നു “

“അഞ്ജലി “

“എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ ?” അവൾ ഇല്ല എന്ന് തലയാട്ടി.

സത്യത്തിൽ എനിക്ക് അവളെ ഇഷ്ടം ആയില്ല. ഒരു നാട്ടിൻപുറത്തെ പെണ്ണിനെ പോലെ. എനിക്ക് ചീനിമുളക് പോലെയുള്ള പെണ്ണിനെ ആണിഷ്ടം. “എന്താടീ “എന്ന് ചോദിച്ചാൽ “നീ പോടാ “എന്ന് പറയണം.. ഇതൊരു മാതിരി കഞ്ഞി വെള്ളം പോലെ വാഴുവാഴാന്ന്‌.

ഞാൻ എന്റെ ജോലി തീർത്തു വേഗം തിരികെ പോരുന്നു.

“എനിക്കിഷ്ടയില്ലമ്മേ ” എന്ന് പറഞ്ഞു ഞാൻ മുറിയിലേക്കു പോരുന്നു

“ആ കുട്ടിക്ക് നിന്നെ ഇഷ്ടം ആയി “

അമ്മ പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു.

“അവളോട്‌ പോകാൻ പറ. എനിക്കിഷ്ടം ആയില്ല “

അതങ്ങനെ തീർന്നു.

രാത്രി പരിചയം ഇല്ലാത്ത നമ്പറിൽ നിന്നോരൂ കാൾ

“എന്നെ ഓർത്തെടുക്കാൻ പറ്റിയില്ലേടാ മരമാക്രി ?”

ഒരു നിമിഷം ഒന്ന് ഞെട്ടി.”മരമാക്രി “

അഞ്ജു….

“ടാ മരമാക്രി… “

അഞ്ജുവായിരുന്നോ അത് ?

നാലാം ക്ലാസ്സ്‌ വരെ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചതാണ്. പിന്നേ താൻ സ്കൂൾ മാറി. ഏറ്റവും പ്രിയമുള്ള കൂട്ടുകാരി. കാന്താരി പെണ്ണ്.

“സോറി എനിക്ക്… “

“സാരോല്ലടാ നിനക്ക് ഇഷ്ടം ആയില്ലെന്നു ഇവിടെ വിളിച്ചു പറഞ്ഞു.അപ്പോൾ സസ്പെൻസ് പൊളിച്ചേക്കാം എന്ന് കരുതി. ശരിയെട ബൈ “

ദൈവമേ….അഞ്ജു ആയിരുന്നോ അത്….കയ്യിൽ നിന്ന് പോയി

“അമ്മ ഉടനെ വിളിച്ചു പറഞ്ഞതെന്തിനാ എന്തൊരു ശുഷ്‌കാന്തി “

“നീ എന്നോട് കിടന്ന് ചാടുന്നതെന്തിനാ ??നീ പറഞ്ഞിട്ടല്ലേ ?

ശരിയാണ്. പക്ഷെ അതവൾ ആണെന്ന് അറിയില്ലായിരുന്നു.

ദിവസങ്ങൾ കഴിയവേ കാരണമില്ലാതെ ഒരു വിങ്ങൽ

എന്ത്‌ സമാധാനം ആയി ജീവിച്ചോണ്ടിരുന്നത് ആണ്

ഒടുവിൽ അവളെ വിളിച്ചു

“ഒന്ന് കാണാൻ പറ്റുമോ ?”

“അയ്യോ മാഷേ എന്റെ കല്യാണം നിശ്ചയിച്ചു. ഇനി പുറത്തേക്കു വിടില്ല… സോറി ട്ടാ “

ഫോൺ കട്ട്‌ ആയി.

വൈകിട്ടു വീട്ടിൽ വരുമ്പോൾ അവൾ

“കല്യാണം വിളിക്കാൻ വന്നതാ …നീ വരണം…”

“ഞാൻ വരികേല.നീ പോയെ “

എനിക്ക് തല പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി

“നീ വരാതെങ്ങനെയാടാ നടക്കുന്നെ ?”

അവൾ പൊട്ടിച്ചിരിക്കുന്നു. അമ്മയുടെ മുഖം നിറയെ ചിരി.

ഇത്രയും വർഷം എന്നെ മാത്രം ഓർത്തുകൊണ്ടിരുന്നവളോട് പറയാൻ എന്റെ ഉള്ളിൽ ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല.

ഇനി മുതൽ ഒറ്റക്കല്ല എന്ന് മാത്രം അറിയാം.

“എടുത്തു ചാട്ടം”ഞാൻ എന്റെ നിഘണ്ടുവിൽ നിന്ന് എടുത്തു കളഞ്ഞു.