ലഹരി
Story written by Prajith Surendrababu
★★★★★★★
” അളിയാ…, ദേ നിന്റെ ഫോണിൽ ഒരു നന്ദൂട്ടി കോളിംഗ്.. ആരാ ആള് പുതിയ കക്ഷിയാണോഡേയ് .. നമുക്കൂടെ കിട്ടോ..ഇതിനെ “
കീഴ്ച്ചുണ്ട് കടിച്ചു വഷളൻ ചിരിയോടെ റോഷൻ ഫോൺ വച്ചു നീട്ടുമ്പോൾ ല ഹരിയുടെ ആലസ്യത്തിൽ തലയുയർത്തുവാൻ പോലും കഴിയാതെ ചുരുണ്ടു കൂടി ഇരിക്കുകയായിരുന്നു ആനന്ദ്. എങ്കിലും നന്ദൂട്ടി എന്ന പേര് കേൾക്കെ അവൻ പതിയെ തലയുയർത്തി.
” അത് ന്റെ പെങ്ങളാടാ ***** മോനെ… ആ കോൾ എടുക്കേണ്ട “
പതിഞ്ഞ സ്വരത്തിൽ ആനന്ദ് മറുപടി നൽകുമ്പോൾ കോൾ വന്നപ്പോൾ ഡിസ്പ്ലൈയിൽ തെളിഞ്ഞ ഫോട്ടോയിലേക്ക് തന്നെ ചൂഴ്ന്നു നോക്കുകയായിരുന്നു റോഷൻ.
“നന്ദൂട്ടി……. പെങ്ങൾ.. കൊള്ളാലോ ഐറ്റം…..”
നാവൊന്ന് നുണഞ്ഞു കൊണ്ട് അവൻ ആ കോൾ കട്ടാക്കി ഫോൺ ടേബിളിലേക്ക് വച്ചു.
“അളിയാ… ക ള്ളിനേക്കാളും ക ഞ്ചാവിനേക്കാളുമൊക്കെ സുഖല്ലേടാ ഈ പൊടി… ഒരു ഡോസ് ഉള്ളിൽ ചെന്നാലുണ്ടല്ലോ സ്വർഗ്ഗ ലോകത്തെത്തിയ പോലാ… വല്ലാത്ത സുഖം പറന്നിങ്ങനെ നടക്കാം നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ.. “
ചുവരിൽ ചാരിയിരുന്ന ആനന്ദ് പതിയെ നിലത്തേക്ക് ഊർന്നു വീഴുമ്പോൾ റോഷന്റെ മനസ്സിൽ അല്പം ദുഷിച്ച ചിന്തകൾ ഉടലെടുത്തു തുടങ്ങിയിരുന്നു. അല്പസമയം നിശബ്ദനായി എന്തോ ഓർത്തിരുന്ന ശേഷം അവൻ പതിയെ ആനന്ദിനരികിലേക്ക് നിലത്തൂടെ നിരങ്ങി ചെന്നു
” അളിയാ… ആനന്ദെ.. എണീക്കെടാ.. എനിക്ക് വല്ലാത്ത മൂഡ് ആയി … നമുക്ക് ആരേലും ഇങ്ങട് തൂക്കിയാലോ ഈ വൈകുന്നേരം ഒന്ന് ഉഷാറാക്കുവാൻ …… “
ആ ചോദ്യം കേട്ടിട്ടും നിശബ്ദനായി കുറച്ചു സമയം ഒരേ കിടപ്പ് കിടന്ന ശേഷം ആനന്ദ് അല്പം കഴിഞ്ഞു പതിയെ തലയുയർത്തി
” എന്താടാ.. എന്താ പറഞ്ഞേ…. ആരെ തൂക്കാമെന്നാ… “
” ആനന്ദെ എന്തായാലും ഇവിടെ ഇന്ന് അമ്മച്ചി.. ഇല്ല ഇന്നീ വീട്ടിൽ ഞാൻ ഒറ്റയ്ക്കാ അപ്പോൾ പിന്നെ ഈ മൂഡിൽ… ഒരു പെണ്ണും കൂടി ആയാൽ എങ്ങനിരിക്കും..”
റോഷന്റെ ആ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം ചിന്താകുലനായ ആനന്ദിന്റെ മിഴികളിൽ പതിയെ ഒരു തെളിച്ചം കണ്ടു തുടങ്ങി.
” അളിയാ പൊളി.. പക്ഷേ വിളിച്ചാൽ വരുന്ന പറ്റിയ കേസുകൾ ഏതേലും ഉണ്ടോ നിന്റെ കയ്യിൽ.. ഉണ്ടെങ്കിൽ കാറുമായി പോയി ഇപ്പോൾ തന്നെ തൂക്കാം നമുക്ക് “
ആ മറുപടി കേൾക്കെ പുച്ഛഭാവത്തോടെ ആനന്ദിന്റെ മുഖത്തേക്കൊന്നു നോക്കി റോഷൻ
” അത്തരം കേസ് കെട്ടൊന്നും വേണ്ടടെയ്… നമുക്ക് സിറ്റിയിൽ ഒന്ന് ഇറങ്ങി ചുറ്റി അവസരം നോക്കി ഏതേലും ഒരുത്തിയെ തൂക്കാമെടാ എന്നിട്ടിവിടെ കൊണ്ട് വന്നു പൊളിക്കാം…”
അവന്റെ മറുപടി കേട്ട് ഒരു നിമിഷം അവിശ്വസനീയമായി നോക്കിയിരിക്കെ പതിയെ ആനന്ദിന്റെ മിഴികളിൽ വീണ്ടും വജ്ര തിളക്കം തെളിഞ്ഞു .
” അളിയാ റോഷാ… നീ ആള് കോള്ളാലോടോ… സംഭവം നടന്നാൽ സൂപ്പർ..പൊളിക്കാം നമുക്ക്.. തൂക്കി വണ്ടിയിൽ കയറ്റിയാൽ പിന്നെ ഈസിയാണ്… ദേ ഈ പൊടിയിച്ചിരി അവൾക്ക് അങ്ങ് അടിച്ചു കയറ്റിയാൽ പിന്നെ നമ്മടെ ഇഷ്ടത്തിന് നിന്നു തരും ഏതവളായാലും അനങ്ങാണ്ട്. കാര്യം കഴിഞ്ഞു ഒരു വീഡിയോ കൂടി ഉണ്ടേൽ അവളെ തന്നെ പിന്നെ എത്ര വേണേലും കിട്ടും എതിർക്കില്ല പേടിച്ച് പുറത്തും പറയില്ല… ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം വാർത്തയിൽ കണ്ടിരുന്നു “
വഷളൻ ചിരിയോടെ ചാടി പിടഞ്ഞെഴുന്നേൽക്കുമ്പോൾ ആനന്ദ് ആകെ ആവേശത്തിലായിരുന്നു. ആ ആവേശം റോഷന്റെ സിരകളിലും ഊർജ്ജമായി മാറി.
” ഇന്ന് നമ്മൾ പൊളിക്കും… നീ കാറെടുക്ക് അളിയാ.. “
നിമിഷങ്ങൾക്കകം രണ്ടാളും ഉന്മേഷത്തോടെ ചാടി പുറത്തേക്കിറങ്ങി കാറിൽ കയറി. ആ തൃസന്ധ്യ നേരത്ത് ഒരു ഇരയ്ക്കായി അവർ സിറ്റിയിലൂടെ ഇടം വലം പാഞ്ഞു തുടങ്ങി.
ഡ്രൈവിങ് സീറ്റിലിരുന്ന ആനന്ദിനാകട്ടെ അമിത ല ഹരിയാൽ കാഴ്ചപോലും അവ്യക്തമായിരുന്നു. അതിനിടയിൽ നിരന്തരം അമ്മയുടെ കോളുകൾ ഫോണിലേക്ക് വരുന്നത് അവനെ ഏറെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.
“തള്ളയ്ക്ക് എന്തിന്റെ കേടാ മനുഷ്യനെ ശല്യപ്പെടുത്താൻ “
രോഷതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു സീറ്റിലേക്കെറിഞ്ഞു അവൻ.
സിറ്റിയിലൊക്കെ അങ്ങിങ്ങായി കറങ്ങിയെങ്കിലും അമിതമായ തിരക്ക് ആയതിനാൽ നിരാശയായിരുന്നു ഫലം
” അളിയാ… സന്ധ്യ സമയം അല്ലേ മെയിൻ റോഡിൽ നിന്നൊന്നും ഒന്നിനെയും തൂക്കാൻ പറ്റില്ല നീ ആ ക്ഷേത്രത്തിന്റെ പരിസരത്തേക്ക് വിട്.. അവിടാകുമ്പോൾ നല്ല സൂപ്പർ പീസുകളെ കിട്ടും.. റോഡും തിരക്കില്ല.”
നാവ് കടിച്ചു കൊണ്ട് റോഷൻ പിൻസീറ്റിലേക്ക് ചായുമ്പോൾ പതിയെ വീണ്ടും ആക്സിലേറ്ററിലേക്ക് കാലമർത്തി ആനന്ദ്..
” അളിയാ റോഷാ ആ ബി യർ ഒരെണ്ണം പൊട്ടിച്ചിങ്ങ് താടാ..ഒരു ധൈര്യത്തിന് ….”
ഡ്രൈവിങ്ങിനിടെ ആനന്ദ് പിന്നിലേക്ക് ഇടതു കൈ നീട്ടുമ്പോൾ നിമിഷങ്ങൾക്കകം നുരഞ്ഞു പൊങ്ങിയ ഒരു കുപ്പി ബി യർ ആ കൈകളിൽ എത്തിയിരുന്നു. അത് നുണഞ്ഞു തുടങ്ങുമ്പോഴേക്കും പൂർണ്ണമായും ല ഹരിക്ക് അടിമപ്പെട്ടിരുന്നു അവൻ.
ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ ഒരു വട്ടം കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കാർ റോഡിനു ഓരത്തായി പാർക്ക് ചെയ്ത് അക്ഷമരായവർ ചുറ്റും കണ്ണോടിച്ചു കൊണ്ട് ഇരയ്ക്കായി കാത്തിരുന്നു.
” അളിയാ ഒരുത്തിയെ പോലും കാണാനില്ലല്ലോ… “
ബി യർ നുണഞ്ഞു കൊണ്ട് നിരാശയോടെ ആനന്ദ് സീറ്റിലേക്ക് ചാഞ്ഞു
കാത്തിരിപ്പ് തുടരവേ.. ഇരുൾ വീണു തുടങ്ങിയ നേരം പെട്ടെന്ന് ഒരു പെൺകുട്ടി ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് അവ്യക്തമായി റോഷന്റെ ശ്രദ്ധയിൽ പെട്ടു.
” ടാ നോക്കെടാ അങ്ങട് .. ഒരു പെണ്ണ്… നോക്കെടാ…. സൂപ്പർ ഐറ്റം .. അവളെ തൂക്കാം അടുത്തെങ്ങും ആരും ഇല്ല.. വണ്ടി അവളുടെ സൈഡാക്കേടാ ആനന്ദെ…. “
ആവേശത്തോടെ അവൻ പിന്നിൽ നിന്നും വിളിച്ചു കൂവുമ്പോൾ കാഴ്ച മങ്ങി തുടങ്ങിയെങ്കിലും ആനന്ദും കണ്ടിരുന്നു കുറച്ചകലെ ഏകയായി ഒരു പെൺകുട്ടി. അമിതാവേശത്തോടെ ബി യർ കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞു വലതു കാൽ ആക്സിലേറ്ററിൽ ആഞ്ഞു അമർത്തി അവൻ. പെൺകുട്ടിയുടെ അരികിലായി പാഞ്ഞെത്തുമ്പോഴേക്കും പിൻഡോർ വലിച്ചു തുറന്നു റോഷൻ… അപ്രതീക്ഷിതമായി തൊട്ടരികിൽ ഒരു കാർ വന്നത് കണ്ട് ഒന്ന് പരിഭ്രമിച്ചു കൊണ്ടവൾ പിന്നിലേക്ക് മാറിയെങ്കിലും ചിന്തിക്കുവാനോ നിലവിളിക്കുവാനോ അവസരം ലഭിക്കുന്നതിന് മുന്നേ തന്നെ റോഷൻ ബലമായി വലിച്ചു കാറിനുള്ളിലേക്ക് കയറ്റിയിരുന്നു അവളെ. നിമിഷനേരം കൊണ്ട് ആ കാർ അവിടെ നിന്നും പാഞ്ഞു.
“ആരാ നിങ്ങൾ… എന്നെ വിടു…”
ആ കുട്ടിയുടെ നിലവിളിയും ചെറുത്തു നിൽപ്പുകളും റോഷന്റെ കൈക്കരുത്തിനു മുന്നിൽ നിഷ്ഫലമായപ്പോൾ ഇരുൾ മൂടിയ ആ സാഹഹ്നത്തിൽ ദൃസാക്ഷികളൊന്നുമില്ലാതെ തന്നെ ആ കൃത്യം അരങ്ങേറി. ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാദം മാത്രം ഒരു തെളിവായി നിലത്തു ചിതറി കിടന്നു.
” മ്യൂസിക് ഓണാക്കെടാ… അല്ലേൽ ഇവളുടെ നിലവിളി ആൾക്കാര് കേൾക്കും… “
അമിതമായ ല ഹരിയിൽ ഉന്മാദാവസ്ഥയിലായിരുന്ന ആനന്ദിന്റെ കാതുകളിൽ ഒരു മുഴക്കം പോലെയാണ് റോഷന്റെ ആ വാക്കുകൾ പതിച്ചത്.
” എന്താടാ… എന്താന്ന് ഉറക്കെ പറയെടാ… “
തലയൊന്ന് പിന്നിലേക്ക് തിരിക്കവേ ആ പെൺകുട്ടിയെ ഒന്ന് നോക്കുവാൻ മറന്നില്ല ആനന്ദ്. ഇരു കയ്യാലും വായ് മൂടി പിടിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ലെങ്കിലും റോഷന്റെ കരവലയത്തിനുള്ളിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന അവളുടെ മേനിയഴക് അവനെ വല്ലാതെ ആകർഷിച്ചു.
” അളിയാ ഇതൊരു ഒന്നൊന്നര മുതലാടാ.. പൊളിച്ചു “
ആവേശത്തോടെ പിന്നിലേക്ക് തിരിഞ്ഞു കയ്യെത്തിച്ചു അവളുടെ ശരീരത്തിൽ ഒന്ന് തലോടുവാൻ ഒരു ശ്രമം നടത്തവേ ഒരു നിമിഷം വണ്ടിയുടെ നിയന്ത്രണം തന്നിൽ നിന്നും നഷ്ടമാകുന്നത് അറിഞ്ഞില്ല ആനന്ദ്.
” ടാ വണ്ടി തിരിക്കെടാ… “
റോഷന്റെ നിലവിളി ഉയരുമ്പോഴേക്കും ഒരു ഞരക്കത്തോടെ ചീറി പാഞ്ഞു റോഡ് സൈഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാർ വായുവിലേക്കുയർന്നു തലകീഴായി മറിഞ്ഞു…. ഒരു നിമിഷം എല്ലുകൾ നുറുങ്ങുന്ന വേദനയിൽ കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി ആനന്ദിന്. സംഭവിച്ചതെന്തെന്ന് മനസ്സിലായില്ലെങ്കിലും വേദനയാൽ പുളഞ്ഞു അവൻ.പിന്നിൽ ചോരയിൽ കുളിച്ചു നിലവിളിക്കുന്ന റോഷന്റേയും ആ പെൺകുട്ടിയെയും മുഖങ്ങൾ അവ്യക്തമായി മാത്രമൊന്ന് കണ്ടു അവൻ…. പതിയെ പതിയെ ആ മിഴികൾ കൂപ്പിയടഞ്ഞു.
“ടാ ആക്സിഡന്റ് ഓടി വാ… എല്ലാം തീർന്നെന്നു തോന്നുന്നു “
അവ്യക്തമായി ആരുടെയൊക്കെയോ ഒച്ചപ്പാടുകൾ ഉയർന്നു കേൾക്കുമ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലേക്കായിരുന്നു ആനന്ദ്.
*********************
അമിതമായ വേദനയുടെ കാഠിന്യത്തിൽ നെറ്റി ചുളിച്ചുകൊണ്ട് പതിയെ മിഴികൾ തുറക്കുമ്പോൾ കണ്മുന്നിൽ അവ്യക്തമായി ആനന്ദ് ആദ്യം കണ്ടത് അമ്മ ശ്രീദേവിയുടെ മുഖമാണ്. ഒരു നിമിഷം പകച്ചു നോക്കവേ താൻ എവിടെയാണെന്ന ചിന്തയാണ് ആദ്യം അവനെ അലട്ടിയത്. പെട്ടെന്ന് ചാടിയെഴുന്നേൽക്കുവാൻ ശ്രമിച്ചെങ്കിലും എല്ലു ഞുറുങ്ങുന്ന വേദനയാൽ പിടഞ്ഞുകൊണ്ട് അറിയാതെ ബെഡിലേക്ക് തിരികെ വീണു പോയി അവൻ. ശരീരമാസകലം ഒടിവും ചതവുമായാണ് താൻ കിടക്കുന്നത് എന്ന വാസ്തവം അപ്പോഴാണ് ആനന്ദ് തിരിച്ചറിഞ്ഞത്. ആക്സിടന്റിന്റെ നടക്കുക്കുന്ന ഓർമ്മകൾ പതിയെ പതിയെ ഓർമകളിലേക്കോടിയെത്തുമ്പോൾ ഞെട്ടലോടെ അവൻ ചുറ്റും പരതി.
” അമ്മേ… റോഷൻ.. റോഷൻ.. അവനെവിടെ”
പകപ്പോടെ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്ന മകന്റെ മുന്നിൽ വിതുമ്പി പൊട്ടി നിന്ന ശ്രീദേവിയുടെ മിഴികൾ പെട്ടെന്ന് ചുവന്നു തുറിച്ചു.
” റോഷൻ… അവനെ മാത്രമേ എന്റെ മകന് ഓർമയുള്ളോ.. നിങ്ങൾ രണ്ടാൾക്കുമൊപ്പം മറ്റൊരാൾ കൂടി ആ വണ്ടിയിലുണ്ടായിരുന്നത് മറന്നുവോ നീ .. “
അമ്മയുടെ മറു ചോദ്യം ആനന്ദിന്റെ കാതുകളിലേക്ക് തറച്ചു കയറി പെട്ടെന്നു അവരിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു അവൻ …
‘ ശെരിയാണ്… ആ പെൺകുട്ടി… അവൾ.. അവൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും…അമ്മ ഒക്കെയും അറിഞ്ഞിട്ടുണ്ടാകുമോ.. അറിഞ്ഞെങ്കിൽ ആ മുഖത്തേക്ക് ഇനി എങ്ങിനെ നോക്കും താൻ. നന്ദൂട്ടിയെ എങ്ങിനെ ഫേസ് ചെയ്യും.’
വല്ലാത്ത പിരിമുറുക്കത്തോടെ.. മിഴികൾ പൂട്ടി ആനന്ദ്. അൽപ സമയം കൂടി നിശബ്ദനായി കിടക്കുമ്പോൾ അവന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി.
“അമ്മേ.. റോഷൻ… അവന്റെ കാര്യം ഒന്നും പറഞ്ഞില്ലാലോ .. അവനു എന്ത് പറ്റി “
സംശയത്തോടെയുള്ള മകന്റെ ചോദ്യത്തിന് മുന്നിൽ ശ്രീദേവി നിറകണ്ണുകളോടെ തല കുമ്പിടുമ്പോൾ പുറത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞു റോഷന്റെ മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിരുന്നു.
“അവൻ.. അവനിപ്പോൾ ജീവനോടില്ല മോനെ… ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്നേ തന്നെ..”
അമ്മയുടെ ആ വാക്കുകൾ ആനന്ദിന്റെ ഉള്ളിൽ തീക്കനലുകളായി ഭവിച്ചു. ഒരു നിമിഷം ഇടം നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടു അവനു നടുക്കത്താലും കുറ്റബോധത്താലും ഒന്ന് പൊട്ടി കരയുവാൻ പോലും കഴിയാത്ത വിധം ഉരുകി ആനന്ദ്…
” അമ്മാ…. അപ്പോൾ ഞാൻ കാരണം അവൻ ….. തെറ്റ് പറ്റിപ്പോയി പൊറുക്കുവാൻ കഴിയാത്ത തെറ്റ്.. എന്റെ നശിച്ച ശീലം അമിതമായ മയ ക്കുമരുന്നിന്റെ ഉപയോഗം. അതാണ് എല്ലാത്തിനും കാരണമായത് …. എന്റെ ചങ്ങാതിയുടെ ജീവൻ പൊലിയുവാൻ എന്റെയീ കൈകൾ കരണമായല്ലോ ഭഗവാനേ എന്തൊരു പാപിയാണ് ഞാൻ…… “
അമിതമായ ആത്മസംഘർഷത്താൽ തലയുയർത്തി ബെഡിലേക്ക് ആഞ്ഞു ആഞ്ഞു അടിച്ചു ആനന്ദ്.തലയിലെ മുറിവുകളിൽ രക്തത്തുള്ളികൾ കിനിയുമ്പോൾ ഓടിയെത്തിയ നഴ്സുമാർ ബലമായി അവനെ ബെഡിലേക്ക് പിടിച്ചു കിടത്തി.
” ഇയാൾക്ക് എന്താ തലയ്ക്ക് ഭ്രാന്തായോ…..”
ആ പ്രവൃത്തി കണ്ട് നേഴ്സ്മാർ അതിശയിക്കുമ്പോൾ മുറിയുടെ ഓരത്തേക്ക് ചേർന്ന് നിന്ന് അലറി വിളിച്ചു കരയുന്ന മകനെ ഉള്ളു തകർന്ന് നോക്കി നിന്നു ശ്രീദേവി.
” അമ്മാ എന്നെയൊന്നു കൊന്നു തരാവോ.. കുറ്റബോധത്താൽ എന്റെ നെഞ്ച് പിടയുന്നു. പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത് ആ വണ്ടിയിൽ റോഷനെ കൂടാതെ ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. അടങ്ങാത്ത കാ മത്താൽ ദ്രോഹിക്കുവാൻ വേണ്ടി തന്നെയായിരുന്നു ഞങ്ങൾ അവളെ ബലമായി വണ്ടിയിൽ കയറ്റിയത്.. അമിതമായ ല ഹരിയിൽ എന്റെ ബോധം മറഞ്ഞു പോയി ഞാനൊരു ഭ്രാന്തനായി മാറിപ്പോയി… നമ്മുടെ നന്ദൂട്ടിയുടെ പ്രായമുള്ള ഒരു കുട്ടി അവൾ ആരാണെന്ന് പോലും എനിക്കറിയില്ല അവൾക്ക് എന്ത് പറ്റിയെന്നും അറിയില്ല.. എന്റെ തെറ്റ് അത് പൊറുക്കുവാൻ കഴിയുന്നതല്ല എങ്കിലും ജീവിച്ചു കൊതി തീർന്നിട്ടില്ല… കഴിയുമെങ്കിൽ എന്നോട് ദയ കാണിക്കണം… ഏതേലും ഒരു ഡി അഡിക്ഷൻ സെന്ററിലേക്ക് എന്നെ കൊണ്ട് പോണം …. എനിക്ക് മാറണം.. മ ദ്യവും മ യക്കുമരുന്നുമെല്ലാം ഉപേക്ഷിച്ചു അമ്മയുടെ ആ പഴയ ആനന്ദാകണം നന്ദൂട്ടിയുടെ പ്രിയപ്പെട്ട ഏട്ടനാകണം എനിക്ക് .. “
ദയനീയമായി തന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരയുന്ന മകന്റെ മാറ്റം കണ്ടില്ലെന്ന് നടിക്കുവാൻ ആ ശ്രീദേവിക്ക് കഴിഞ്ഞില്ല. നിറകണ്ണുകളോടെ തന്നെ അരികിലേക്കെത്തി അവന്റെ നെറുകയിൽ തലോടി അവർ.
“മോനെ നിന്റെ ശീലങ്ങൾ മാറ്റുവാനുള്ള ആഗ്രഹം ആത്മാർത്ഥമാണ് എങ്കിൽ ഈ അമ്മയുണ്ട് നിനക്കൊപ്പം. നിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ എനിക്കും കല്യാണപ്രായമെത്തിയ നമ്മുടെ നന്ദൂട്ടിക്കും തുണയായി നീ മാത്രമേ ഉള്ളു… ആ നിനക്കെന്തേലും പറ്റിയാൽ പിന്നെ ഞങ്ങളും ജീവിച്ചിരിക്കില്ല.നിന്റെ തെറ്റുകൾ പൊറുക്കുവാൻ എനിക്ക് കഴിയും കാരണം ഞാൻ ഒരു അമ്മയാണ്. പക്ഷേ നിനക്ക് ഈ സംഭവിച്ചതൊന്നും നന്ദൂട്ടി അറിഞ്ഞിട്ടില്ല… ഏട്ടൻ കാട്ടിയ കൊള്ളരുതായ്മകൾ അറിഞ്ഞാൽ ചിലപ്പോൾ ചങ്കു പൊട്ടിപ്പോകും ആ പാവത്തിന്റെ… ഇന്നലെ വൈകുന്നേരം ഹോസ്റ്റലിലേക്ക് തിരികെ പോയ അവളെ ഒന്നും അറിയിക്കുന്നില്ല ഞാൻ… കാരണം തന്റെ പ്രായമുള്ള ഒരു പെൺകുട്ടിയോട് സ്വന്തം ഏട്ടൻ അതിക്രമം കാട്ടാൻ ശ്രമിച്ചു എന്നറിഞ്ഞാൽ ചിലപ്പോൾ ഇനി നിന്റെ അരികിൽ വരുവാൻ പോലും അവൾ അറയ്ക്കും അതുകൊണ്ട് മോൻ മാറണം ഇനി… ഈ ചീത്ത ശീലങ്ങളെല്ലാം മാറ്റണം പുതിയൊരു മനുഷ്യനായി മാറണം.”
അമ്മയുടെ ഓരോ വാക്കുകളും മനസ്സിലേക്കാണ് ആനന്ദ് ആവാഹിച്ചത്. ആ തലോടലിൽ ഉള്ളമൊന്നു തണുക്കുമ്പോഴും റോഷന്റെ വേർപാട് അവനിൽ വലിയൊരു നോവായി തന്നെ ബാക്കി നിന്നു.
കുറച്ചു സമയം കൂടി ആനന്ദിനൊപ്പം ഇരുന്ന ശേഷം മരുന്ന് വാങ്ങുവാനുള്ള തുണ്ടുമായി പുറത്തേക്കിറങ്ങിയ ശ്രീദേവി ഹോസ്പിറ്റൽ ഇടനാഴിയിലെ പുറം ചുവരോട് ചേർന്ന് നിന്ന് പൊട്ടിക്കരഞ്ഞു പോയി.
” സ്വന്തം പെങ്ങളെ പോലും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം എന്ത് വിഷമാടാ മോനെ നീ വലിച്ചു കയറ്റിയത് എങ്ങിനെ കഴിഞ്ഞു നിനക്കിത്ര ക്രൂരനാകാൻ… പാവം ന്റെ നന്ദൂട്ടി….. “
ഉള്ളിൽ അടക്കി വച്ച വേദനകളെല്ലാം മിഴിനീരുകളായി പൊഴിയുമ്പോൾ..തളർച്ചയോടെ അരികിലെ ചെയറിലേക്കിരുന്നു പോയി അവർ. ആ കണ്ണു നീരിന് ശൂന്യമായ ഇടനാഴിയിൽ ദൈവം മാത്രം സാക്ഷിയായി.പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നോണം മിഴിനീർ തുടച്ചു കൊണ്ട് അവർ പതിയെ എഴുന്നേറ്റ് സ്ത്രീകളുടെ വാർഡിലേക്ക് ചുവടു വച്ചു…. അവിടെ ഒരു ഓരത്തായുള്ള ബെഡിൽ നിസാര പരിക്കുകളോടെ അവളുണ്ടായിരുന്നു. നന്ദന എന്ന നന്ദൂട്ടി.. ആനന്ദിന്റെ പെങ്ങൾ..അമ്മയെ കണ്ട മാത്രയിൽ അവളുടെ മിഴികൾ തുളുമ്പി.. ആകാംഷയോടെ അവൾ പതിയെ എഴുന്നേറ്റു.
” അമ്മേ.. ഏട്ടന് എങ്ങിനെ ഉണ്ട്…. “
ആ ചോദ്യത്തിന് മുന്നിൽ കണ്ണീരോടെ തല കുമ്പിട്ടു അൽപനേരം നിന്നുപോയി ശ്രീദേവി. ശേഷം മിഴികൾ തുടച്ചു പതിയെ നന്ദനയ്ക്കരികിലായിരുന്ന് അവളുടെ നെറുകയിൽ തലോടി…
” അവനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു. മോളെ…പക്ഷേ അമ്മയ്ക്ക് നിന്നോട് ഇപ്പോൾ പറയുവാനുള്ളത് മറ്റൊന്നാണ് “
ഒരു നിമിഷം നിശബ്ദയായ ശേഷം തുടർന്നു അവർ…
” ആനന്ദ് നിന്നോട് ചെയ്ത ക്രൂരത എത്രത്തോളം വലുതാണ് എന്ന് അമ്മയ്ക്ക് അറിയാം. അത് എന്റെ കുട്ടിയെ എത്രത്തോളം തളർത്തിയെന്നും അമ്മ മനസിലാക്കുന്നു.വെറുപ്പോടെയാണ് ഞാൻ അവനുണരുവാനായി കാത്തു നിന്നത്…പക്ഷേ ഒരു കാര്യം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.. ഇപ്പോഴും അവനറിയില്ല ആ കാറിൽ ബലമായി അവർ പിടിച്ചു കയറ്റിയത് നിന്നെയായിരുന്നു എന്ന സത്യം. “
അമ്മയുടെ ആ വാക്കുകൾ നന്ദനയുടെ ഉള്ളിൽ ഒരു നടുക്കമായി മാറി ഒരു നീറ്റലായി അവളുടെ ഉള്ളിലേക്ക് ആ നശിച്ച നിമിഷത്തിന്റെ ഓർമ്മകൾ വീണ്ടും കടന്നു വന്നു…നിറഞ്ഞു തുളുമ്പിയ മിഴികൾ പതിയെ തുടച്ചുകൊണ്ടവൾ വീണ്ടും അമ്മയ്ക്കു നേരെ തിരിഞ്ഞു
“അമ്മ പറയൂ…. “
ഒരു നിമിഷം വാക്കുകൾ കിട്ടാതെ ശ്രീദേവിയും പതറി
“മോളെ… ചുറ്റും നടന്നത് പോലും തിരിച്ചറിയുവാൻ കഴിയാത്ത വിധം അബോധാവസ്ഥയിലായിരുന്നു അവൻ. നീയായിരുന്നു അത് എന്ന് ഇപ്പോഴും അവനറിയില്ല സംഭവിച്ചു പോയ തെറ്റുകൾക്ക് ഓർത്ത് ഇപ്പോൾ നീറുന്നുണ്ട് ആ ഉള്ളം. ഒരു മാറ്റം ഇപ്പോൾ അവൻ ഏറെ ആഗ്രഹിക്കുന്നു.നമ്മുടെ ആ പഴയ ആനന്ദാകാൻ അവൻ ഏറെ കൊതിക്കുന്നു . ഈ അവസരത്തിൽ ബോധപൂർവ്വമല്ലാത്ത ആ വലിയ തെറ്റിന് ഒരു തവണത്തേക്ക് മാപ്പ് കൊടുക്കുവാൻ നിനക്ക് കഴിയില്ലേ.. നമുക്ക് രണ്ടാൾക്കും ഒരു തുണയായി അവനല്ലേ ഉള്ളു… ഒരു അവസരം.. ഞാൻ പറഞ്ഞത് തെറ്റാണു എങ്കിൽ ഒരു അമ്മയുടെ സ്വാർത്ഥതയായി കണ്ട് ക്ഷമിക്കു നീ “
അപേക്ഷയോടെ അമ്മ കൈകൾ കൂപ്പുമ്പോൾ ഒരു നിമിഷം നിശബ്ദയായി നന്ദന.
” എനിക്കറിയാം അമ്മ.. ഏട്ടൻ സ്വബോധത്താൽ അത് ചെയ്യില്ല. പക്ഷേ ആ ആക്സിഡസന്റ് നടന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ…. സ്വന്തം ഏട്ടനാൽ ഞാൻ…….. “
പറഞ്ഞു മുഴുവിക്കുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി നന്ദന…..
” സാരമില്ല ഒന്നും സംഭവിച്ചില്ലല്ലോ… എന്റെ ഏട്ടനല്ലേ അമ്മേ… .. ഞാൻ ക്ഷമിച്ചോളാം.. നമുക്ക് പഴയ ആനന്ദേട്ടനെ തിരികെ കൊണ്ട് വരണം. അതിനായി ഈ സംഭവം ഒരു വഴിത്തിരിവാകും എങ്കിലും എനിക്ക് നേരിട്ട ഈ ദുരനുഭവം മറച്ചു വയ്ക്കുവാൻ തയ്യാറാണ് ഞാൻ “
തന്റെ മാറിലേക്ക് ചാഞ്ഞ മകളെ സന്തോഷത്താൽ ചേർത്ത് പുണർന്നു ശ്രീദേവി.
ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ഡോക്ടറുടെ സഹായത്തോടെ ല ഹരിയുടെ ഉപയോഗം പോലീസിൽ നിന്നും മറച്ചു വച്ചു തന്നെ ആനന്ദ് ഹോസ്പിറ്റൽ വാസം വെടിഞ്ഞു വീട്ടിലേക്കെത്തി. അന്ന് കാറിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടി ആര് എന്ന ചോദ്യം മാത്രം അവനെ വല്ലാതെ അലട്ടി.പല പല കള്ളങ്ങൾ പറഞ്ഞു അവൾ ഈ നാട്ടുകാരിയല്ല എന്ന് ആനന്ദിനെ വിശ്വസിപ്പിച്ചു ആ അമ്മ.
നിസാര പരിക്ക് മാത്രമുണ്ടായിരുന്ന നന്ദന മുന്നേ തന്നെ സുഖം പ്രാപിച്ചിരുന്നു. ആദ്യമൊക്കെ ഒന്ന് മടിച്ചുവെങ്കിലും പതിയെ പതിയെ ആനന്ദിന്റെ സ്നേഹത്തിനു മുന്നിൽ എല്ലാം മറന്നു നന്ദന. അമിതമായ ല ഹരി ഉപയോഗത്താൽ തനിക്ക് സംഭവിച്ച ദുരനുഭവങ്ങളും പ്രിയ ചങ്ങാതിയുടെ നഷ്ടവും ഏറെ നാൾ ആനന്ദിനെ വേട്ടയാടി.. ഒടുവിൽ ഡി അഡിക്ഷൻ സെന്ററിലെ ചികിത്സയിൽ പൂർണ്ണമായും ല ഹരിയിൽ നിന്നും വിമുക്തനായി ഒരു പുതിയ ജീവിതം ആരംഭിച്ചു അവൻ.. ഒരു നല്ല മകനായി ഒരു നല്ല ഏട്ടനായി………..
വർഷങ്ങൾ കഴിയുമ്പോഴും ആ സത്യം ആനന്ദ് അറിഞ്ഞിട്ടില്ല…. പഴയ ഏട്ടനെ തിരികെ കിട്ടിയ സന്തോഷത്തിൽ അന്നത്തെ ആ വൈകുന്നേരം സംഭവിച്ചതൊക്കെയും ഒരു ദുസ്വപ്നമായി കണ്ട് മറന്നു നന്ദനയും …..
ലഹരി മരുന്നിന്റെ ഉപയോഗം മൂലം തനിക്ക് സംഭവിച്ച ദുരനുഭവങ്ങളും നഷ്ടങ്ങളും ഇനി മറ്റൊരാൾക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ.. ഒരു ചാരിറ്റി സംഘടനയുമായി ചേർന്ന് സ്കൂളുകളിലും കോളേജികളിലും ഇപ്പോഴും ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിക്കാറുണ്ട് ആനന്ദ്….