Story written by SHANAVAS JALAL
“നമ്മുക്കിത് വേണ്ട..!!! മൂന്ന് പെൺകുട്ടികളാ ….,കൂട്ടത്തിലെ മൂത്തതിനെ കെട്ടിയാൽ ബാക്കിയുള്ള രണ്ടിന്റെയും കാര്യങ്ങൾ നിന്റെ തലയിലാകും…” എന്ന അമ്മവന്റെ വാക്ക് കേട്ട് മനസ്സ് ഒന്ന് മടിച്ചെങ്കിലും അമ്മയുടെ നിർബന്ധം കൂടിയത് കൊണ്ടാണു പോയി പെണ്ണു കണ്ടത്…
അടക്കവും ഒതുക്കവുമുള്ള ആ ചുറ്റുപാട് മനസ്സിനെ ആദ്യം തന്നെ ആകർഷിച്ചു, വയസ്സായ അച്ഛനെ തന്നാലാവും വിധം സഹായിക്കണമെന്നുള്ളത് കൊണ്ട് ഇപ്പോൾ പോകുന്ന ജോലിക്ക് എന്നെ വിടണം എന്നവൾ പറഞ്ഞപ്പോൾ, പത്ത് പൈസയുടെ ഉപകാരം പോലും സ്വന്തം വീട്ടുകാരോട് കാണിച്ചിട്ടില്ലാത്ത എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി…
വിവാഹ ശേഷം ഞാൻ കഴിക്കുന്നതിന്റെ ബാക്കി കഴിക്കാൻ കാത്ത് നിൽക്കുന്നതിനു വഴക്ക് പറഞ്ഞപ്പോൾ , ചേട്ടായി കളയാൻ വെച്ച ഈ ആഹാരം കാണുമ്പോൾ അച്ചനു ജോലിയില്ലാത്ത ദിനങ്ങളിൽ ഇളയവരെയും കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞത് അമ്മയുടെ വിശപ്പ് കൊണ്ടല്ലായിരുന്നു,മറിച്ച് മക്കളായ ഞങ്ങളുടെ ഒട്ടിയ വയർ കണ്ടിട്ടാണാന്നുള്ള അവളുടെ മറുപടി സത്യത്തിൽ എന്റെ മാത്രമല്ല അമ്മയുടെയും കണ്ണുകൾ നിറച്ചിരുന്നു..
അവളെ ഒന്ന് അമ്പരപ്പിക്കാൻ എടുത്ത വില കൂടിയ ചുരിദാർ , തിരികെ നൽകിയിട്ട് കുറഞ്ഞ ചുരിദാറിനൊപ്പം അച്ഛനൊരു ഷർട്ട് അവൾ വാങ്ങിയിട്ട് , ഈ ഓണത്തിനെങ്കിലും എന്റെ അച്ഛനെ പുതിയാരു ഷർട്ടിൽ കാണണമെന്ന് പറഞ്ഞപ്പോൾ തിളങ്ങിയ അവളുടെ കണ്ണുകളിൽ കണ്ടത് മക്കൾക്കായി മാത്രം ജീവിക്കുന്ന ആ മനുഷ്യനോടുള്ള സ്നേഹമായിരുന്നു…
കിട്ടിയ ശമ്പളം എന്റെ കയ്യിൽ ഏൽപ്പിച്ചെങ്കിലും, വീട്ടിലെക്കുള്ള വഴിയിൽ അവളുടെ കൈകളിലെക്ക് തിരികെ ഏൽപ്പിച്ചിട്ട് ഇതിനു അവകാശപ്പെട്ടവർ അവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ പൊഴിഞ്ഞു വീണ കണ്ണുനീർ തുള്ളി, തന്നെ മനസ്സിലാക്കുന്ന ഒരാളെ തന്നതിനു ദൈവത്തിനോടുള്ള നന്ദി സൂചകമായിരുന്നു…
വീട്ടിലെത്തിയാൽ അനിയത്തിമാരുടെ അദ്ധ്യപികയായി , അമ്മയുടെ മുന്നിൽ വിശേഷങ്ങൾ പറയുന്ന ഒരു വിരുന്നുകാരിയായി, പുകവലിക്കുന്ന അച്ചനെ ശകാരിക്കുന്ന ഒരമ്മയായി അവൾ മാറുമ്പോൾ, എന്റെ കണ്ണുകളിൽ അവൾ ഒരു അത്ഭുതമായിരുന്നു. പടിയിറങ്ങുമ്പോൾ നിശബ്ദമായ, അവളുടെ വീട്ടിലെ സന്തോഷവും സമാധാനവും ആ കൈകളിലാണെന്ന് അറിഞ്ഞപ്പോൾ അറിയാതെ മനസ്സിൽ ഒരു ബഹുമാനം തോന്നി തുടങ്ങിയിരുന്നു അവളോട്…
മൂന്നാമത്തെ പ്രാവശ്യവും അവളുടെ നിറ വയറിൽ എന്റെ കൈകൾ അമർത്തി ആരാകണം ചേട്ടായിക്ക് ഈ വാവയെന്ന് ചോദിക്കുമ്പോൾ മനസ്സിലും വാക്കിലും ഒട്ടും തന്നെ പതർച്ചയില്ലാതെ എനിക്ക് പറയാൻ കഴിഞ്ഞിരുന്നു ഈ വാവയും എന്റെ അമ്മുവായിരിക്കണമെന്ന്……