പോലീസ് ഡ്രൈവർ രാജേഷിന്റെ കയ്യിൽ നിന്ന് രേഖകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി എസ്.ഐ ക്ക് കൈമാറി…

Story written by Sandra Manikutty

::::::::::::::::::::::::::::

” രാജേഷേട്ടാ….. വൈകുന്നേരം വരുമ്പോൾ അരി വാങ്ങിട്ട് വരണട്ടാ. നാളെ കഞ്ഞി വയ്ക്കാൻ അരി തികയില്ല. “

ഒക്കത്തിരിക്കുന്ന ഇളയ കുഞ്ഞിനെ ചേർത്ത് പിടിച്ച് താഴെ കിടക്കുന്ന വിറക് എടുത്ത് അടുപ്പിൽ വച്ചുകൊണ്ട് സിന്ധു പറഞ്ഞു.

” കുറച്ചു ദിവസം മുന്നേയല്ലേ റേഷൻ വാങ്ങിത് അത് ഇത്ര പെട്ടന്ന് തീർന്നോ? “

കുളിമുറിയുടെ തുരുമ്പ് പിടിച്ച വാതിൽ തുറന്ന് തല തോർത്തി കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന രാജേഷ് അടുക്കളയിൽ നിൽക്കുന്ന ഭാര്യ സിന്ധുവിനോട് ചോദിച്ചു.

“അടുക്കളയിലേ കാര്യം ഏട്ടന് അറിയില്ലല്ലോ…. ഞാൻ ബുദ്ധിമുട്ടിക്കണ്ടല്ലോന്ന് കരുതി ഉള്ളതുകൊണ്ട് പിശുക്കി പിടിച്ച് ഇപ്പോ അരിമാത്രമല്ല എല്ലാതും തീർന്നു. “

ദയനീയവസ്ഥയിൽ ഒഴിഞ്ഞ ഓരോ ടിന്നുകൾ എടുത്ത് ഭർത്താവിനെ കാണിച്ച് അവൾ പറഞ്ഞു.

“മ്മ് നോക്കട്ടെ… രാത്രി വരുമ്പോൾ വാങ്ങിക്കൊണ്ടു വരാം.. ഇന്നലെ കിട്ടിയ മുന്നൂറു രൂപയിൽ ഇരുന്നൂറു രൂപ ആ ബ്രേക്ക്‌ നന്നാക്കിയ സരസന് കൊടുത്തു. ബാക്കി നൂറ് രൂപയിണ്ട്. പെട്രോൾ അടിക്കാണ്ട് വണ്ടി നീങ്ങില്ലലോ…. ഇന്ന് നല്ലോണം ഓട്ടം കിട്ടിയാൽ മതിയാരുന്നു. “

ഇതും പറഞ്ഞ് അവൻ അകത്തേക്ക് കയറിപോയി

വയസ്സായ അച്ഛൻ രാമനും ഭാര്യ സിന്ധുവും അവരുടെ രണ്ടു മക്കൾ (കുഞ്ഞോളും കുഞ്ഞോനും ) ചേർന്നതാണ് രാജേഷിന്റെ ലോകം.ഏഴ് വർഷം മുൻപ് കുടുംബക്കാരുടെ എതിർപ്പിനെ അവഗണിച്ചാണ് അവർ വിവാഹം കഴിച്ചത്.

സിന്ധുവിന്റെ വീട്ടുക്കാരുടെ ദേഷ്യം ഇപ്പോഴും മാറിയിട്ടില്ല. ഓട്ടോ ജീവിതമാർഗമാക്കിയ രാജേഷിന്റെ വരുമാനം കുറവാണെങ്കിലും ആ വരുമാനത്തിൽ ലളിതമായി ജീവിക്കാൻ സിന്ധുവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. തികഞ്ഞ ആത്മാഭിമാനിയാണ് രാജേഷ്.

“സിന്ധു…. ന്റെ ഷർട്ട് ഇങ്ങ് എടുത്തേ… “

പകുതി പൊട്ടിയ കണ്ണാടി ചില്ല് നോക്കി മുടി ഈരുന്ന തിരക്കിൽ അവൻ വിളിച്ചു പറഞ്ഞു.

അടുക്കളയിൽ നിന്ന് ഗ്ലാസ്സിൽ ചായയുമായി സിന്ധു അവന്റെ അടുത്തേക്ക് വരുകയും ചായ ഗ്ലാസ്സ് കയ്യിൽ കൊടുക്കുകയും ചെയ്തു.

“അച്ഛൻ എഴുന്നേറ്റില്ലേ…? “

കട്ടൻ ചായ ഊതി കുടിച്ചുകൊണ്ടിരിക്കെ അവൻ അച്ഛനെ തിരക്കി.

“അച്ഛൻ അവടെ കുഞ്ഞോളുടെ അടുത്ത് ഇണ്ട്… അച്ഛന്റെ കഷായം തീർന്നിട്ട് രണ്ടു ദിവസായിത്രേ ഇന്നലെ മൊത്തം അതിന്റെ പരിഭവത്തിലായിരുന്നു. “

അഴക്കയിൽ നിന്നും ഷർട്ട് എടുത്ത് കുടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

“ഇന്നലെ വണ്ടി പണിയാക്കിയ കാരണം കിട്ടിയ കാശ് ആ വഴി പോയി. അല്ലെങ്കിൽ ഇന്നലെ വാങ്ങാമായിരുന്നു. ഇന്ന് നല്ലോണം ഓട്ടം കിട്ടിയാൽ എല്ലാം നടക്കും…”

ചായ ഗ്ലാസ്സ് ജനൽ തിണ്ടിൽ വച്ചുകൊണ്ട് അവൻ ദീർഘശ്വാസമിട്ടു.

“രാജേഷേട്ടാ ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി.? ഞാൻ പോട്ടേ.. എന്തെങ്കിലും കിട്ടിയാൽ അതായല്ലോ വീട്ടിലെ സാധനങ്ങളെങ്കിലും വാങ്ങലോ..”

അവന്റെ മുഖത്തു നോക്കാതെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.

“അത് ഞാൻ ഇന്നലെ നിന്നോട് പറഞ്ഞില്ലേ വേണ്ടാന്ന്… “

” റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടുണ്ടെന്ന് കരുതി ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും എനിക്കില്ല…. ഇതാവുമ്പോൾ എന്തെങ്കിലും വരുമാനം കിട്ടുമല്ലോന്ന് ഓർത്താണ് പോവാമെന്ന് കരുതിയെ ഇവടെ അടുത്തല്ലേ… കാലത്ത് ഒന്നോ രണ്ടോ മണിക്കൂറ് നേരത്തെ കാര്യമല്ലേ ഉള്ളൂ. “

“നിന്നെ വല്ലവരുടെ വീട്ടിൽ അടുക്കള പണിക്ക് വിട്ടിട്ട് വേണം നമുക്ക് ജീവിക്കാനെന്ന് നിന്റെ വീട്ടുക്കാരെകൊണ്ടും നാട്ടുക്കാരെകൊണ്ടും പറയിപ്പിക്കണോ?? അതൊന്നും വേണ്ട..നീ ആ ഓട്ടോയുടെ ചാവി ഇങ്ങ് എടുത്തേ..”

ഇതും പറഞ്ഞു സിന്ധുവിന്റെ കയ്യിൽ നിന്നും ഷർട്ട് വാങ്ങിട്ട് അവൻ ഇറയത്തേക്ക് ഇറങ്ങി.

നരച്ച അങ്ങിങായി തുളകൾ വീണ ബനിയന്റെ മുകളിലൂടെ അവൻ ഷർട്ട് വലിച്ചുകേറ്റി.

“സിന്ധു… ഈ ഷർട്ടിന് ഒറ്റ കുടുക്കുപോലും ഇല്ലാല്ലോ “

ഷർട്ടിനെ നോക്കികൊണ്ട് അവൻ ഉറക്കെ അകത്തേക്ക് വിഷമത്തോടെ വിളിച്ചു പറഞ്ഞു.

“ഇന്നാ… ഈ സൂചി കുത്തിക്കോ “

അകത്തു നിന്ന് ഓട്ടോയുടെ ചാവിയുമായി വന്ന സിന്ധു ജാക്കറ്റിന്റെ അറ്റത്ത്‌ നിന്നും സൂചി എടുത്ത് രാജേഷിന്റെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

“എന്താടി ഇവനോരു വാട്ടം പോലേ, ചെറിയ ചൂട് ഉണ്ടല്ലോ?”

സൂചി ഷർട്ടിൽ കുത്തിയശേഷം അവൻ സിന്ധുവിന്റെ കയ്യിൽ നിന്നും ചാവി വാങ്ങി. ചെരുപ്പ് ഇടുന്ന സമയത്ത് കുഞ്ഞുമോന്റെ കഴുത്തിൽ കൈ വച്ചുകൊണ്ട് ചോദിച്ചു

“ഏട്ടൻ പൊക്കോളു മരുന്ന് ഇരിപ്പുണ്ട്.”

കുഞ്ഞിനെ ചേർത്ത്‌ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.

” എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന ലോട്ടറി എവിടെ…. ” വെപ്രാളത്തോടെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പികൊണ്ട് അവൻ സിന്ധുവിനോട് തിരക്കി.

“അത് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. ഇപ്പോ കൊണ്ടരാം “

സിന്ധു ധൃതി പിടിച്ചു അകത്തേക്ക് പോയി.

രാജേഷ് അപ്പോഴേക്കും ഓടിപോയി അയൽവാസിയായ തോമാസേട്ടന്റെ വീട്ടിൽ നിന്നും പേപ്പർ വാങ്ങികൊണ്ട് വന്നു.

“ഇത് എന്തിനാ ദിവസവും വാങ്ങി കൂട്ടുന്നേ..”

അകത്തു നിന്ന് ലോട്ടറി ടിക്കറ്റുമായി വന്ന സിന്ധു ചോദിച്ചു. അവൻ അതിന് മറുപടി കൊടുക്കാതെ ലോട്ടറി വാങ്ങി തിണ്ണയിൽ ഇരുന്ന് പേപ്പർ നിവർത്തി വെച്ച് ഫലമറിയാനുള്ള ആവേശത്തിൽ അതിൽ തന്നെ നോക്കി കൊണ്ട് ഇരുന്നു

പതിവുപോലെ ഇന്നും ഒന്നും ഇല്ല നിരാശയോടെ ലോട്ടറി ടിക്കറ്റ് അവൻ കീറികളഞ്ഞു.

“രാജേഷേട്ടന് വട്ടാ… എത്ര നാളായി ഇത് തന്നെ പറയുന്നു ഇത് വരെ ഒരിക്കൽ പോലും അടിച്ചിട്ടില്ല ല്ലോ”

“എന്റെ സിന്ധു..ഈ ഓട്ടോ ഓടിച്ച് നമ്മൾ എന്ന് ഗതിപിടിക്കാനാ ഒരു തവണ ലോട്ടറി അടിച്ചാൽ പിന്നെ നമ്മള് രക്ഷപെട്ടില്ലേ”

“ഉവ്വ്.. ഉവ്വ് “

“അതേ.. ഭാഗ്യം വരുന്നത് എപ്പോഴാണെന്ന് അറിയില്ല മോളെ… നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല.. ഞാൻ പോണു “

“കുഞ്ഞോളെ… അച്ഛൻ പോവാട്ടാ”

രാജേഷിന്റെ ശബ്‌ദം കേട്ട് വടക്കേ പറമ്പിൽ മുത്തച്ഛനോടോപ്പം ഇരിക്കുകയായിരുന്ന മകൾ ഓടി വന്നു.

“അച്ഛാ… വൈകുന്നേരം വരുമ്പോൾ മോൾക്ക് മുട്ടായി വാങ്ങികൊണ്ട് വരണട്ടാ…
ഇന്നലത്തെ പോലെ പറ്റിക്കല്ലേ..”

മുത്തച്ഛൻ ഉണ്ടാക്കികൊടുത്ത ഓല പമ്പരം കറക്കികൊണ്ട് അവൾ പരിഭവത്തോടെ പറഞ്ഞു.

“അച്ഛൻ വണ്ടിയോടിക്കാൻ പോവല്ലേ രാത്രി വരുമ്പോൾ വാങ്ങി കൊണ്ട് വരും മോള് അച്ചന് റ്റാറ്റ കൊടുക്ക്.”

കുഞ്ഞുമോൾടെ വാക്കുകൾ അവന്റെ മനസ്സിൽ വിങ്ങലുണ്ടാക്കി. അവൻ സങ്കടത്തിൽ സിന്ധുവിനെ നോക്കികൊണ്ട് മോൾടെ ചോദ്യത്തിന് തലയനക്കി.

“പൈസ ഉണ്ടെങ്കിൽ കൊറച്ചുമീൻ കൂടി വാങ്ങിക്കോളൂട്ടാ “

ഓട്ടോ മുന്നോട്ട് എടുത്തപ്പോൾ പുറകിൽ നിന്ന് സിന്ധു പറയുന്നത് അവൻ കേട്ടു.

സ്റ്റാൻഡിലേക്കുള്ള യാത്രയിൽ അവന്റെ മനസ്സിൽ മൊത്തം വണ്ടിയുടെ ലോൺ അടവ് മുടങ്ങിയതിനേ കുറിച്ചുള്ള ചിന്തകളായിരുന്നു. അതിനുള്ളിൽ അച്ഛന്റെ പരിഭവവും മോൾടെ ആഗ്രഹവുമെല്ലാം മുങ്ങി പോയിരുന്നു. ഓട്ടോ സ്റ്റാൻഡിലേക്ക് വണ്ടിയുമായി എത്തിയപ്പോൾ പതിവില്ലാതെ നീണ്ട നിരയാണ് അവിടെ കണ്ടത്.

അവന്റെ മനസിൽ വീണ്ടും ആശങ്ക നിറഞ്ഞു. ഇന്നിവിടെന്ന് അനങ്ങാൻ പറ്റുമെന്നു തോന്നണില്ല കയ്യിൽ ഇണ്ടായിരുന്ന നൂറ് രൂപക്ക് പെട്രോൾ അടിച്ചു. ഇനി കയ്യിൽ പൈസ ഇല്ല എന്ത് ചെയ്യും അവൻ അങ്ങനെ ഓരോന്നു ആലോചിരുന്നു.

ഉച്ചയായിട്ടും അവനു പ്രതീക്ഷിച്ച പോലെ ഓട്ടം കിട്ടിയില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാതെ തളർന്നിരിക്കുന്ന അവന്റെ അരികിലേക്ക് ഒരു ആടിന്റെ കയറും പിടിച്ച് ഒരു സഞ്ചിയും തൂക്കി ഒരു യാത്രക്കാരൻ വന്നു.

“ബന്ധുവീട്ടിലേക്ക് വന്നതാ ചാലക്കുടി വരെ പോണം.”

രാജേഷ് തലയാട്ടി അയാൾ ഓട്ടോയിലേക്ക് ആടിനെ വലിച്ച് കയറ്റി.

“ഒരു മിനിറ്റ് ട്ടാ.. ഇപ്പോ പോവാം” രാജേഷ് നേരെ വരിയിൽ കിടക്കുന്ന മറ്റൊരു ഓട്ടോകാരന്റെ അടുത്തേക്ക് ചെന്നു.

“രാഘവേട്ടാ.. എനിക്ക് ഒരു ഓട്ടം കിട്ടി”

“ആടിനേ കൊണ്ട് പോവാനുള്ളതല്ലേ? നിനക്ക് വല്ല വട്ടുമുണ്ടോ.. കാട്ടവും ഇട്ട് മുള്ളി വണ്ടി വൃത്തികേടാക്കും അയാളെ ഞങ്ങളൊക്ക ഒഴിവാക്കി വിട്ടതാണ്..”

“അത് സാരമില്ല ഉൾ ഭാഗം ഒന്ന് കഴുകണമെന്നല്ലേ ഉള്ളു”

“നിനക്ക് എന്തിന്റെ സൂക്കേടാ അയാള് വല്ല പെട്ടി വണ്ടിയും വിളിച്ചു പൊക്കോട്ടെ അതിന്റെ കാശ് ലാഭം നോക്കിയിട്ടാണ് മൃഗങ്ങളേ ഓട്ടോയിൽ കൊണ്ട് പോവുന്നത്.”

” രാഘവേട്ടൻ ഒരു അഞ്ഞൂറ് രൂപ തന്നേ ഞാൻ തിരിച്ചു വന്നിട്ട് തരാം.”

ന്നാ..

രാഘവന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ അഞ്ഞൂറ് രൂപയും പോക്കറ്റിൽ വെച്ച് രാജേഷ് വേഗത്തിൽ വന്ന് ഓട്ടോയിൽ കയറി അത് സ്റ്റാർട്ട്‌ ചെയ്തു.

ഓട്ടോയിൽ നിന്ന് ആട് ഉച്ചത്തിൽ കരയാൻ തുടങ്ങി. ഒരുപാട് നാളുകൾക്ക് ശേഷമാണ് വലിയ ഒരു ഓട്ടം കിട്ടുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് ആശ്വാസമെന്നോണം അവൻ വണ്ടി മുന്നോട്ടെടുത്തു. മനസിലെ സന്തോഷം അവന്റെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

യാത്രക്കാരനെ ഇറക്കി തിരിച്ചു വരുമ്പോഴേക്കും. നേരം ഇരുട്ടി തുടങ്ങി അവന്റെ മനസ്സിൽ ആശ്വാസമായിരുന്നു. റേഷൻ കട അടക്കുന്നതിന് മുൻപ് എത്തണം കിട്ടിയാൽ കുറച്ചധികം അരി വാങ്ങണം. പച്ചക്കറി വാങ്ങണം അച്ഛന്റെ പരിഭവം മാറ്റാൻ കഷായം വാങ്ങണം മോൾക്ക്‌ അവൾ പറഞ്ഞ മിട്ടായി വാങ്ങണം മീൻ വാങ്ങണം അതിനൊക്കെ ഉള്ള പൈസയുടെ കണക്കുകൂട്ടലിലായിരുന്നു. എത്രയും പെട്ടന്ന് എത്താൻ അവൻ വണ്ടിയുടെ വേഗത കുറച്ചു വർദ്ധിപ്പിച്ചു.

ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങി മുന്നോട്ട് വരുമ്പോഴാണ് പെട്ടന്നാണ് പോലീസ് ജീപ്പ് അവിടെ കിടക്കുന്നത് അവൻ കണ്ടത്.

ഹെൽമെറ്റ്‌ ചെക്കിങ് ആവും.

സ്വയം പറഞ്ഞതും പെട്ടന്നായിരുന്നു ഒരു പോലീസുകാരൻ ഓട്ടോക്ക് കൈ കാട്ടി നിർത്താൻ പറഞ്ഞത്

“എന്താ സാറെ…? ” തന്റെ അരികിലേക്ക് വന്ന പോലീസുക്കാരനോട്‌ ഭവ്യതയോടെ ചോദിച്ചു.

“ഇതെന്താടാ നീ വല്ല നാടക കമ്പനി നടത്തുന്നുണ്ടോ..സ്റ്റിക്കറ്, നെറ്റി പട്ടം കൊട വടി പൂരപറമ്പ് മൊത്തം ഉണ്ടല്ലോ?ഇനി വേറെ എന്തെങ്കിലും ഉണ്ടോടാ ഇതിനുള്ളിൽ കെട്ടി തൂക്കി ഇടാൻ.”

വണ്ടിയെയും രാജേഷിനെയും പുച്ഛ ഭാവത്തിൽ നോക്കികൊണ്ട് പോലീസുക്കാരൻ ചോദിച്ചു.

“സാർ.. അത് ഭംഗിക്ക്..”

“വണ്ടി ഒതുക്കിയിട് എന്നിട്ട് ബുക്കും പേപ്പറും ലൈസെൻസും എല്ലാം എടുത്തിട്ട് വാ..”

രാജേഷ് ഓട്ടോ ഒതുക്കിയിട്ട് പ്ലാസ്റ്റിക് കവറിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന രേഖകള്മായി പോലീസ് ജീപ്പിന്റെ അടുത്ത് ചെന്നു.

പോലീസ് ഡ്രൈവർ രാജേഷിന്റെ കയ്യിൽ നിന്ന് രേഖകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി സ്.ഐ ക്ക് കൈമാറി.

എന്താടാ.. വണ്ടിക്ക് പുക ടസ്റ്റ് ആറു മാസം കൂടുമ്പോൾ പുതുക്കണമെന്ന് അറിയില്ലേ.?

“അറിയാം സാർ…”

“പിന്നെ എന്താ ഇത്.?”

“ഓട്ടം കുറവായിരുന്നു അത് കൊണ്ട്.” തല ചൊറിഞ്ഞു കൊണ്ട് രാജേഷ് തുടർന്നു

“നാളെ തന്നെ കാലത്ത് തന്നെ പുക ടേസ്റ്റ് ചെയ്യാം സാർ..”

“ഇവിടെ നിന്റെ അഡ്രസ് എഴുത് താഴെ ഫോൺ നമ്പർ

ന്നാ ഇവിടെ ഒപ്പിട്.”

പോലീസുക്കാരൻ കൊടുത്ത പേപ്പറിൽ രാജേഷ് അഡ്രസ് എഴുതി ഒപ്പിട്ട് കൊടുത്തു.

“ഇത് അടച്ചോ.”

“സാർ.. ആയിരം രൂപ..പ്ലീസ് സാർ.. എന്റെ കയ്യിൽ അത്ര ഇല്ല സാർ പ്ലീസ്.”

“ഇതു കൊണ്ടാണ് നിയമം അനുസരിക്കാൻ പറയുന്നത്, അത് തെറ്റിക്കുന്നവരെ കണ്ട് പിടിച്ച് ഫൈൻ അടപ്പിക്കാനാണ് സർക്കാർ യൂണിഫോമും ജീപ്പും തന്ന് ഞങ്ങളെ നിയമിച്ചിരിക്കുന്നത്. മനസിലായോ?”

“സാറേ പ്ലീസ്.. ഒരു തവണക്ക്. ഭയങ്കര ബുദ്ധിമുട്ടിലാ സാറേ. സിസി അടക്കം മുടങ്ങി കിടക്കുകയാ…പ്ലീസ് ഫൈൻ എഴുതല്ലേ, ഞാൻ വേണേൽ സാറിന്റെ കാല് പിടിക്കാം പ്ലീസ് സാർ.. പ്ലീസ്”

“ഡോ.. അങ്ങട് മാറി നിക്ക് അവന്റെ കരച്ചിലും കള്ളകണീരും, ഓട്ടോയിൽ കെട്ടി തൂക്കി ഇട്ട സാധനങ്ങൾ വാങ്ങാൻ നിനക്ക് കാശുണ്ട്, ഫൈൻ അടച്ചിട്ട് പോയാ മതി.”

നേരത്തെ കൈ കാണിച്ചു ഓട്ടോ നിർത്തിയ പോലീസുകാരനാണ് അത് പറഞ്ഞത്.

“അങ്ങനെ പറയല്ലേ സാർ.. എന്റെ കയ്യിൽ പൈസ ഇല്ല ആകെ ഉള്ളത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങനുള്ളതാ.

“സാറേ.. ഇവന്റെ വണ്ടിയിൽ ഇല്ലാത്ത സാധനങ്ങൾ ഇല്ല മിണ്ടാതെ നിന്റെ വണ്ടി എടുത്ത് പൊക്കോ അല്ലെങ്കി നിന്നെയും നിന്റെ വണ്ടിയെയും പിടിച്ചു അകത്തിടും ഞാൻ….കേട്ടോ “

അയാൾ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞു.

ഓടി കിട്ടിയ പൈസയും രാഘവേട്ടന്റെ കയ്യിൽ നിന്ന് പെട്രോളടിക്കാൻ വേണ്ടി കടം വാങ്ങിയതും കൂടെ ആയിരത്തി ഒരുന്നൂർ രൂപയുണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു. പോലീസിന്റെ മനസ് അലിയില്ലന്ന് അവന് ഉറപ്പായി. ആയിരം രൂപ ഫൈനും അടച്ച് എന്ത് ചെയ്യണമെന്നറിയാതെ അവൻ നിരാശയോടെ വീട്ടിലേക്ക് വണ്ടി എടുത്തു.

സമയം കുറേ കഴിഞ്ഞിരിക്കുന്നു ഇനിയും വൈകിയാൽ റേഷൻ കട അടക്കും. കുറച്ചു ദൂരം പോയപ്പോൾ റോഡ് സൈഡിൽ ഒരു ആക്ടിവ മറിഞ്ഞു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടു. അതുവഴി കടന്നു പോകുന്ന ആരും അപകടത്തിൽപെട്ട വണ്ടിയെ ശ്രദ്ധിക്കുന്നത് പോലും ഇല്ല. അവൻ ഓട്ടോ നിർത്തി. മറിഞ്ഞു കിടക്കുന്ന ആക്ടിവയുടെ അടുത്തേക്ക് ചെന്നു.

അവിടെ ചുറ്റും നോക്കിയപ്പോൾ ചാലിൽ ഒരു വൃദ്ധൻ കിടക്കുന്നു.മറിച്ചോന്നും ആലോചിക്കാതെ അവൻ വൃദ്ധനെ ഒറ്റക്ക് താങ്ങി എടുത്ത് ഓട്ടോയിൽ കയറ്റി. വേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു. വൃദ്ധനെ അവിടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് അരമണിക്കൂർ നേരം ഹോസ്പിറ്റൽ വരാന്തയിൽ തന്നെ നിന്നു.

“നിങ്ങളേ പൊലുള്ളവരാണ് ഈ നാടിന്റെ അഭിമാനം തക്ക സമയത്ത് കൊണ്ട് വന്നത് കൊണ്ട് ആളെ കിട്ടി.” ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രാജേഷിന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.

ആശുപത്രി അധികൃതർ രാജേഷിന്റെ കയ്യിൽ നിന്നും അഡ്രസ് വാങ്ങി പൊയ്ക്കോളാൻ പറഞ്ഞു.സമയം ഒരുപാട് വൈകി രാജേഷ് എത്തുമ്പോഴേക്കും, റേഷൻ കട അടച്ചിരുന്നു. നാളെ കാലത്ത് കഞ്ഞിക്ക് അരി തികയില്ലന്ന്‌ കാലത്ത് സിന്ധു പറഞ്ഞത് അവൻ ഓർത്തു പിന്നെ ഒന്നും നോക്കിയില്ല പലചരക്ക് കടയിലേക്ക് കേറി. പോക്കറ്റിൽ അവശേഷിച്ചിരുന്ന നൂറ് രൂപ കൊടുത്ത് ഒരു കിലോ അരി വാങ്ങി മോൾക്ക് ഒരു മുട്ടായിയും വാങ്ങി ബാക്കി വാങ്ങി പോക്കറ്റിലിട്ട് ഓട്ടോയിലേക്ക് കേറി.

വീട്ടിൽ എത്താറായപ്പോൾ വീടിന്റെ മുറ്റത്തെ പോലീസ് ജീപ്പ് കണ്ട് അവന്റെ കയ്യും കാലും വിറച്ചു. തന്റെ വണ്ടിയാണ് ഇടിച്ചതെന്ന് കരുതി തന്നെ പിടിച്ചു കൊണ്ട് പോവാനാണ് പോലീസ് വന്നതെന്ന് കരുതി പേടിച്ച് വണ്ടി നിർത്തി അരി സഞ്ചിയും എടുത്ത് അവൻ ഓട്ടോയിൽ നിന്ന് ഇറങ്ങി.

“സാറെ…. അതാണ് രാജേഷേട്ടൻ “

രാജേഷ് വരുന്നത് കണ്ടപ്പോൾ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന പോലീസുക്കാരനോട് പരിഭ്രമത്തോടെ സിന്ധു പറഞ്ഞു.

“എന്താ സാറെ…. ” അവൻ പതിഞ്ഞ ശബ്‌ദത്തിൽ പോലീസുക്കാരനോട്‌ ചോദിച്ചു.

രാജേഷിനെ കണ്ടതും കൂടെയുള്ള ഡ്രൈവറോട് അദ്ദേഹം ചോദിച്ചു.

“ഇവന്റെന്നല്ലേ നേരത്തെ നമ്മൾ പിഴ ഈടാക്കിത് “

അതെയെന്ന ഡ്രൈവരുടെ മറുപടി രാജേഷിന്റെ നെഞ്ചിടിപ്പു കൂട്ടി.

“താൻ ഒരു ആക്റ്റീവ മറിഞ്ഞ് ചാലിൽ കിടന്ന വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചിരുന്നോ?? “

ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് അദ്ദേഹം രാജേഷിന്റെ അരികിലേക്ക് വന്ന് ചോദിച്ചു.

രാജേഷിന്റെ കൈയിൽ ഇരുന്ന സഞ്ചി താഴെ വീണു അത് പൊട്ടി അരി മുഴുവനും മുറ്റത്തെ മണ്ണിലേക്ക് തെറിച്ചു.

” സാറെ… എന്റെ വണ്ടി അല്ല തട്ടിയത്. ആക്ടിവ മറിഞ്ഞു കിടക്കുന്നത് കണ്ട് വണ്ടി നിർത്തിയപ്പോഴാണ് ഞാൻ അയാളെ കണ്ടത്.നേരെ ആശുപത്രിയിൽ എത്തിച്ചുവെന്നല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല “

പോലീസിന് നേരെ കൈകൂപ്പികൊണ്ട് അവൻ കരഞ്ഞു പറഞ്ഞു.

“തന്നെ ശിക്ഷിക്കാൻ വേണ്ടി അനേഷിച്ചു വന്നതല്ല ഞാൻ. എന്റെ അച്ഛനെയാണ് താൻ ഇന്ന് രക്ഷിച്ചത്. ആശുപത്രിയിൽ നിന്ന് തന്റെ അഡ്രസ് തന്നപ്പോൾ ഒന്ന് വന്ന് നന്ദി പറയണമെന്ന് കരുതി വന്നതാണ്. താൻ പേടിക്കണ്ട “

രാജേഷിന്റെ രണ്ട് കൈകളും കൂട്ടി പിടിച്ച് തന്റെ നെഞ്ചിൽ വെച്ച് എസ്. ഐ പറഞ്ഞു.

രാജേഷിനെ കെട്ടിപിടിച്ചുകൊണ്ടു അയാൾ ചെയ്ത് തന്ന സഹായത്തിനു നന്ദിയും പിഴ ഈടാക്കിയതിൽ ക്ഷമയും പറഞ്ഞു. പോക്കറ്റിൽ നിന്നും കുറച്ചു പണമെടുത്ത് അദ്ദേഹം സന്തോഷത്തോടെ അവനു നീട്ടി.

“അയ്യോ സാറെ.. ഇതൊന്നും വേണ്ട..”

തന്റെ സന്മനസാൽ ഒരാൾ മരണത്തിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ ആ പണം നിരസിച്ചു.

“രാജേഷ്… നിങ്ങളിത് വാങ്ങിക്കോള്ളൂ… ഇത് ഒരു പ്രതിഫലമായി കരുതണ്ട എന്റെ ഒരു സന്തോഷത്തിന്.. “

അദ്ദേഹം ആ പണം നിർബന്ധപൂർവ്വം രാജേഷിന്റെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചുവെങ്കിലും അവൻ അത് നിരസിച്ചു.

“വേണ്ട സാറെ… ഞങ്ങൾ സത്യം ഉള്ളവരാണ്. ഒരുപാട് പേര് ദിവസവും ഓട്ടോയിൽ കേറാറുണ്ട്. ചിലരുടെ പേഴ്സ്, ഫോൺ, സ്വർണ്ണം, കുട അങ്ങനെ വിലപിടിപ്പുള്ള പലതും അവര് മറന്നുവെക്കും. അതൊക്ക ഉടമസ്ഥന് തിരിചെത്തിച്ചു കൊടുക്കും. അർഹിക്കാത്ത ഒരു രൂപ പോലും ഞാൻ ആരുടെ കയ്യിൽനിന്നും കൂടുതലായി വാങ്ങാറില്ല “. കൈയിലെ ചാവി മുറുകെ നെഞ്ചോട് ചേർത്ത് പിടിച്ച്കൊണ്ട് അവൻ പറഞ്ഞു.

“നിങ്ങളോക്കേ ഭാഗ്യം ചെയ്തവരാണ്. നല്ലൊരു ഭർത്താവിനേ കിട്ടിയില്ലേ… നിങ്ങടെ മകൻ നാടിന് തന്നെ അഭിമാനമാണ് “

സംഭവിച്ച കാര്യങ്ങൾ ഞെട്ടലോടെ അറിഞ്ഞ് രാജേഷിന്റെ വാക്കുകളിൽ മനംനൊന്ത സിന്ധുവിനെയും മക്കളെയും അച്ഛനെയും നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു.

“ജീവിക്കാൻ പണമാണ് അത്യാവശ്യം എന്നുള്ളത് ശരിയാണ്…. പക്ഷെ പണമുണ്ടാക്കുന്ന തിരക്കിൽ ജീവിക്കാൻ മറക്കുന്നവരാണ് പലരും….. നിങ്ങൾ കിട്ടുന്ന വരുമാനത്തിൽ സംതൃപ്തരാണ്. അങ്ങനെ നോക്കുമ്പോൾ പണക്കാരേക്കാൾ സന്തോഷത്തോടെ ജീവിക്കുന്നത് നിങ്ങളാണ്. എന്നാൽ ഞാൻ ഇറങ്ങട്ടെ…. “

പോലീസ് ജീപ്പ് സ്റ്റാർട്ട്‌ ആയതും സിന്ധു വേഗം മുറ്റത്തേക്ക് ഇറങ്ങി വന്ന് താഴെ മണ്ണിൽ കിടക്കുന്ന അരി വാരി കൂട്ടി.

രാജേഷ് അകത്തു പോയി വസ്ത്രം മാറിയിട്ട് നിലത്ത് നീണ്ടു നിവർന്നു കിടന്നു നാളത്തെ കാര്യം എന്ത് ചെയ്യുമെന്ന് ഓർത്ത് അവന്റെ ഇരു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു.

മുറ്റത്തു നിന്നും വാരി കൂട്ടിയ അരി മുറത്തിലിട്ട് ചേറി കല്ലും മണ്ണും വേർതിരിച്ചു കൊണ്ട് ഇരുന്ന സിന്ധു പെട്ടന്നത് താഴെ വെച്ച് അകത്തു പോയി ഒരു കവർ എടുത്ത് കൊണ്ട് വന്നു

“ഏട്ടാ.. “

രാജേഷ് എഴുനേറ്റ് ഇരുന്ന് പരിഭ്രമ്മത്തോടെ ആ കവറിലേക്കും സിന്ധുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി.”

അപ്പോയമെന്റ് ഓഡറാണ്. ഒന്നാം തിയതി മുതൽ ജോയിൻ ചെയ്യണം. ഏട്ടൻ വിഷമിക്കണ്ട അടുക്കളപണിയല്ല ഇനി അഭിമാനത്തോടെ പറഞ്ഞോളൂ എന്റെ ഭാര്യക്ക് ഗവർമെന്റ് ജോലിയാണെന്ന്..

എല്ലാവരും സ്വന്തം ജീവിതത്തിൽ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരാണ്. ചെയുന്ന പ്രവർത്തികൾ വിജയിക്കാൻ ഭാഗ്യവും തുണക്കണം എന്നാൽ ഭാഗ്യം മാത്രം തേടിപോവുന്നവർക്ക് നിരാശയാണ് ഫലം. ഞാൻ മനസിലാക്കിയത് ഭാഗ്യം തേടി പോവുമ്പോഴല്ല അത് നമ്മളെ തേടി വരുമ്പോഴാണ് വിജയമുണ്ടാവുന്നത്. ഇവിടെ ഭാഗ്യദേവത കനിഞ്ഞത് സിന്ധുവിലൂടെയാണ് ഇനി അവരുടെ സ്വപ്നങ്ങൾ കൂടി പൂവണിയട്ടെ…..

ഇത് ഞാൻ എഴുതുന്ന ആദ്യ കഥയാണ്. വായിക്കുക ഒരു വരി അഭിപ്രായം എഴുതുക.