ഭ്രാന്തമായ പ്രണയം
Story written by Achu Achoos
::::::::::::::::::::::
ജീവനെ പോലെ സ്നേഹിച്ചു എന്നു പറയുന്നതിലും നല്ലത് ജീവനേക്കാൾ ഏറെ എന്ന് പറയുന്നതാകും ശരി. അതിലും തീരുമെന്ന് തോന്നുന്നില്ല ആ സ്നേഹം…. അതിനും അപ്പുറം നിർവചിക്കാൻ പറ്റാത്ത എന്തോ ഒന്ന്.
അത്രയ്ക്ക് ആയിരുന്നു അവൾ അവനെ സ്നേഹിച്ചത്, എഴുതിയും പറഞ്ഞും അറിയിക്കാൻ പറ്റാത്ത ഒരു ആത്മബന്ധം. ചിലപ്പോൾ തോന്നും അത് സ്നേഹമല്ല മറ്റെന്തോ ആണെന്ന്. അതേ….. അതാണ് സത്യം …. ഒരു തരം ഭ്രാന്ത് തന്നെ ആയിരുന്നു അവൾക്കു അവനോട്……
ആ പ്രണയം ഒരു അത്ഭുതമായിരുന്നു…… ഇങ്ങനെയും സ്നേഹിക്കാൻ പറ്റുമോ എന്നുള്ള അത്ഭുതം…… അതിനു സ്നേഹമെന്നോ പ്രണയം എന്നോ ഒക്കെ പറയാം. അച്ചൂന്റെ സ്വന്തം കുഞ്ചൂസ്. അതായിരുന്നു അവൾക്കു അവൻ.
ഏകാന്തമായ അവളുടെ ജീവിതയാത്രയിൽ എപ്പോഴോ അവൾ അവനെ കണ്ടുമുട്ടി. അവളുടെ ഏതു ആവശ്യത്തിനും ഓടിയെത്തുന്ന നല്ലൊരു സൗഹൃദം ആയി….. പിന്നീട് എപ്പോഴോ രണ്ടു പേരുടെയും ഉള്ളിലുള്ള ആ സ്നേഹം ഒരു പേമാരി പോലെ പെയ്തിറങ്ങി. രാവും പകലും എല്ലാം അവളുടെ മനസ്സിൽ അവൻ മാത്രം ആയിരുന്നു.
അവൻ അടുത്തുള്ള ഓരോ നിമിഷവും അവളുടെ ലോകം മഴവില്ല് പോലെ വർണങ്ങൾ നിറഞ്ഞതായിരുന്നു. അവൻ ഇല്ലാത്ത ഒരു ലോകം അവൾക്കു സങ്കൽപ്പിക്കുന്നതിലും അപ്പുറമായി മാറി. അവളെ സ്നേഹിക്കാൻ…… അവൾക്കു സ്നേഹിക്കാൻ…… വേറെ ആരും ഇല്ലായിരുന്നു.
ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം അവനിലൂടെ ആണ്. അവനോടു എത്ര സംസാരിച്ചാലും മതിവരില്ലായിരുന്നു അവൾക്ക്. ഒന്ന് അടുത്തു ഇരിക്കാനും ആ മടിയിൽ തല വച്ചു കിടക്കാനും ഒക്കെ വല്ലാത്ത കൊതിയായിരുന്നു. അങ്ങനെ തോന്നുമ്പോൾ അവളുടെ വിളിയിൽ അവൻ ഓടി വരും. അവനെ കാണുമ്പോൾ ഒരു ലോകം വെട്ടിപ്പിടിച്ച പോലെ സന്തോഷിക്കും. അവനെ ആരും ഒന്നും പറയുന്നതും അവനു വേദനിക്കുന്നതും അവൾക്കു താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. സ്നേഹത്തോടെ ഒന്നു നുള്ളിനോവിക്കാൻ പോലും അവൾക്കാകില്ല. അവനു വേദനിച്ചാൽ അവളുടെ ഹൃദയം തകരും. അവൻ ഇല്ലാത്ത ഒരു ലോകം അവൾക്കില്ല. അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുക്കുന്നതിലും…. ഓരോന്ന് കാണുമ്പോൾ അവനു വേണ്ടി വാങ്ങി കൊടുക്കുന്നത്തിലും ഒക്കെ ആയിരുന്നു അവൾ സന്തോഷം കണ്ടെത്തിയത്.
അവന്റെ ജോലിതിരക്കും മറ്റു സൗഹൃദങ്ങളും പതുക്കെ പതുക്കെ അവളെ ഒഴിവാക്കുന്നതായി അവൾക്കു തോന്നിത്തുടങ്ങി. ഒന്നും രണ്ടും മണിക്കൂർ വരെ സംസാരിച്ചു കൊണ്ടിരുന്ന ആൾ ഒരു മിനിറ്റ് പോലും സംസാരിക്കാൻ സമയം ഇല്ലെന്നു പറഞ്ഞു പലപ്പോഴും ഒഴിഞ്ഞു മാറി. അവളുടെ ഓരോ ഫോൺ കോളും മെസേജുകളും അവൻ കണ്ടില്ലെന്നു നടിച്ചു.
വിളിക്കാത്തതിന്റെ പേരിൽ പിണങ്ങി ഇരിക്കാൻ പോലും അവൾക്കായില്ല. ഇടയ്ക്കു വിളിക്കുമെങ്കിലും തന്നോടുള്ള പഴയ സ്നേഹം കുറഞ്ഞ പോലെ അവൾക്കു തോന്നി. വിളിക്കാത്തതിന് പരാതി പറയുമ്പോൾ അവനു പറയാൻ നൂറു കാരണങ്ങൾ ഉണ്ടാകുമായിരുന്നു.
രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥയിലേക്ക് അവൾ പോയി തുടങ്ങി. പല രാത്രികളും അവൾ കരഞ്ഞു തീർത്തു. പതുക്കെ പതുക്കെ ഉറക്കമില്ലായ്മയിൽ നിന്നും ഒരുതരം മാനസിക വിഭ്രാന്തിയിലേക്ക് അവൾ പോയി തുടങ്ങി.
പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് കണ്ടപ്പോൾ ഒരു കൗൺസിലിങ് ആണ് നല്ലതെന്നു സ്വയം ബോധ്യപ്പെട്ടു. അങ്ങനെ ശരീരികമായും മാനസികമായും തളർന്ന അവൾ നല്ല ഒരു കൗൺസിലറുമായി ഒരുപാടു സംസാരിച്ചു. കൗൺസിലിംഗിലൂടെ പോലും അച്ചൂനെ അവനിൽ നിന്നും അടർത്തി മാറ്റുവാൻ കഴിഞ്ഞില്ല.
അവളുടെ മനസിന് താങ്ങാൻ പറ്റുന്നതിലും അപ്പുറം സങ്കടങ്ങൾ വന്നപ്പോൾ ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നി. അവൻ കൂടെയില്ലാത്ത ഈ ലോകം മുഴുവൻ ഇരുട്ടിലായ പോലെ തോന്നി തുടങ്ങി….
എന്നിട്ടും അവൾ അവസാനമായി അവനു വേണ്ടി എഴുതി….. “ഞാൻ ഇല്ലാത്തതാണ് എന്റെ കുഞ്ചൂസിന്റെ സന്തോഷമെങ്കിൽ ആ സന്തോഷമാണ് ഈ അച്ചൂന് വേണ്ടത് “. അങ്ങനെ അവളുടെ കുഞ്ചൂസ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി……..