എഴുത്ത്: രേഷ്മ രാജ്
എന്താ ദിയയുടെ പ്രശ്നം?
എനിക്ക് ഒന്ന് മനസ്സ് തുറന്ന് സന്തോഷിക്കാൻ പറ്റുന്നില്ല….
ഒരു ആക്സിഡന്റ് പറ്റി മാതാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ പേഷ്യന്റ് ആണ് ദിയ. ശാരീകമായി ആരോഗ്യവതി ആണെങ്കിലും മാനസികമായി എന്തോ അലട്ടുന്നുണ്ടെന്ന് കൺസൾട്ട് ചെയ്ത് ഡോക്ടർ പറഞ്ഞത് പ്രകാരം അതേ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റനെ കാണാൻ വന്നത് ആണ് ദിയ.
മൂന്നു തവണ ആവർത്തിച്ചു ചോദിച്ചപ്പോൾ ആണ് ദിയ ഇത്രയും എങ്കിലും സംസാരിച്ചത്.
എന്താടോ വല്ല പ്രേമനൈരാശ്യവും ആണോ??
അല്ല ഡോക്ടർ
പിന്നെ എന്താ?? കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ???
ഇല്ല ഡോക്ടർ…
പിന്നെ എന്തുകൊണ്ട് ആണ് തനിക്ക് സന്തോഷം ഇല്ലാത്തത്???
എന്റെ കല്യാണം ഉറപ്പിച്ചു ഡോക്ടർ.
തന്റെ സമ്മതം ഇല്ലാതെ ആണോ കല്യാണം ഉറപ്പിച്ചത്???
അല്ല ഡോക്ടർ…. ഞങ്ങൾ വളരെകാലമായി പ്രണയത്തിൽ ആയിരുന്നു
പിന്നെ എന്താടോ പ്രശ്നം???
എനിക്ക് പേടിയാണ് ഡോക്ടർ
താൻ ഒരു മെഡിക്കൽ വിദ്യാർത്ഥി അല്ലെ?? വിവാഹം എന്നൊക്കെ കേൾക്കുമ്പോൾ താൻ പിന്നെ എന്തുകൊണ്ട് ആണ് പേടിക്കുന്നത്???
മൗനം ആയിരുന്നു മറുപടി
ദിയ.. താൻ ഒന്ന് കൂൾ ആവൂ…. നമുക്ക് കുറച്ചു നേരം വേറെ എന്തെങ്കിലും വിഷയം സംസാരിക്കാം…. താൻ പറ… തനിക്ക് അടുത്ത ജന്മത്തിൽ ആരാവണം???
കണ്ണ് നിറച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു… പട്ടിണിയും പരിവട്ടവും ആണെങ്കിലും സാരമില്ല എനിക്ക് തമ്മിൽ തല്ലാത്ത ഒരു അമ്മയുടേം അച്ഛന്റെയും മകൾ ആയി ജനിക്കണം….
ആ ഒരു ഉത്തരത്തിൽ തന്നെ ധാരാളം ആയിരുന്നു ഡോക്ടർക്കു അവൾടെ പ്രശ്നങ്ങൾ മനസ്സിലാക്കൻ….
ഡോക്ടർ… എനിക്ക് വിവാഹം പേടിയാണ്… കുടുംബം ആയി ജീവിക്കാൻ പേടിയാണ്….
എന്റെ കുട്ടികൾക്കും എന്റെ ബാല്യവും കൗമാരവും പോലെ ഒന്നാണ് കിട്ടുന്നതെങ്കിലോ???
ഞാൻ ആഗ്രഹിച്ചത് പോലെ ജനിക്കണ്ടായിരുന്നു എന്ന് അവർ ആഗ്രഹിച്ചു പോയാലോ???
ആരോടും വിഷമം തുറന്ന് പറയാൻ ആവാതെ അവർ എല്ലാം ഉള്ളിൽ ഒതുക്കി ചിരിച്ചു നടക്കേണ്ടി വന്നാലോ???
ഭാഗ്യം ഉള്ള കുട്ടിയെന്നു എല്ലാരും പറയുമ്പോൾ അവരെ നോക്കി നിസ്സഹായായി ചിരിച്ചു നിൽക്കേണ്ടി വന്നാലോ???
ഓരോ രാത്രിയും നെഞ്ചിൽ ഒരു ഭാരവുമായി ഉറങ്ങേണ്ടി വന്നാലോ???
വെളുപ്പിനെ അമ്മയും അച്ഛനും തമ്മിൽ വഴക്ക് ഇടുന്നത് കെട്ട് ഉണരേണ്ടി വന്നാലോ???
വഴക്ക് കേൾക്കാൻ ചെവി കൂർപ്പിച്ചു നിൽക്കുന്ന അയൽക്കാരുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വന്നാലോ???
സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും ഒക്കെ അമ്മയുടേം അച്ഛന്റേം വാക്ക് തർക്കങ്ങളിൽ മുങ്ങി പോവുമ്പോൾ തകർന്ന് നിൽക്കേണ്ടി വന്നാലോ???
കൂട്ടുകാരുടെ വീട്ടിൽ പോയി നിൽക്കുമ്പോൾ ഒരു ദിവസം എങ്കിലും ഇത്പോലെ സ്വന്തം വീട്ടിൽ നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയാലോ???
എനിക്ക് പേടിയാണ് ഡോക്ടർ….