ആത്മവിശ്വാസം
Story written by NIJILA ABHINA
:::::::::::::::::::::::::::::::::::
“മോള് കെട്ടാ ചരക്കായി നിക്കാണെങ്കിൽ വല്ല കൊളത്തിലും കൊണ്ടോയി കല്ല് കെട്ടി താഴ്ത്തണം…. അല്ലാതെ നാട്ടുകാരുടെ തലേ കെട്ടി വെക്കാൻ നോക്കരുത് “
“ആരും ഒന്നും അറീലാന്ന് കരുതിയോ അതോ പറ്റിക്കാന്നോ ?
കണ്ണാടിയിലൊട്ടിച്ച പൊട്ടെടുത്ത് നെറ്റിയിൽ കുത്താൻ തുടങ്ങുമ്പോഴാണ് പുറത്തു നിന്നുള്ളയീ വാക്കുകളെന്റെയുള്ളിൽ തറച്ചത്…
ജനലിലൂടെ നോക്കിയപ്പോൾ കണ്ടു.. പ്രണവിന്റെ വീട്ടുകാരാണ്…
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞപ്പോൾ മുതൽ വിവാഹം വാക്കാൽ പറഞ്ഞുറപ്പിക്കുമ്പോൾ വരെ എതിർപ്പായിരുന്നു പ്രണവിന്റ വീട്ടുകാര്ക്ക്…അതുകൊണ്ട് തന്നെ പലതവണ അവനോടു പറഞ്ഞിരുന്നു ഞാൻ നിനക്ക് യോജിച്ച പെണ്ണല്ല പ്രണവ് ന്ന്…
കണ്ണും കാതും കൊട്ടിയടച്ചു പോയിരുന്നെങ്കിലെന്നാഗ്രഹിച്ച നിമിഷങ്ങൾ…
കരയരുതെന്ന് കരുതിയിട്ടും കണ്ണുകൾ കുസൃതി കാണിക്കുന്നുണ്ട്…
നെഞ്ചിലെന്തോ തറച്ചത് പോലെ..തോന്നലാവാം…അല്ലെങ്കിലും ചെറുപ്പം മുതൽ കേൾക്കുന്നതല്ലേയീ കുത്തുവാക്കുകൾ… ഒരു തെറ്റും ചെയ്തിട്ടില്ല ആ വയറ്റിൽ പിറന്നു എന്നുള്ളതല്ലാതെ….
തോളിലിട്ട തോർത്തുകളാൽ കണ്ണീരൊപ്പി എനിക്കായവരുടെ കാല് പിടിക്കാൻ ശ്രമിക്കുന്നയച്ചനെ കണ്ടപ്പോൾ നിന്ന നിൽപിൽ ഇല്ലാതായെങ്കിലെന്ന് പ്രാർത്ഥിച്ചു…
കയ്യിലെടുത്ത ചുവന്ന പൊട്ട് തിരികെ കണ്ണാടിയിലോട്ടിച്ച് അച്ഛനടുത്തേക്ക് നടക്കുമ്പോൾ അന്നെന്തായിരുന്നു മനസ്സിൽ..
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണീ കുറ്റപ്പെടുത്തൽ, പരിഹാസം..
അമ്മയെ കണ്ടതായോ ആ സ്നേഹവും വാത്സല്യവും അനുഭവിച്ചതായോ ഓർമയിലില്ല … പുസ്തകത്താളിൽ വായിച്ചറിഞ്ഞ കേട്ടറിഞ്ഞ കിട്ടാക്കനിയാണെനിക്ക് ഇന്നുമത്….
കൃത്യമായി പറഞ്ഞാൽ അഞ്ചു വയസ് കാണും.. ഒരു നേരിയ ഓർമ അതാണെനിക്കാ ദിനം….
സ്കൂളിൽ നിന്ന് വരുമ്പോഴൊക്കെ അമ്മേന്ന് വിളിച്ചായിരുന്നു ഞാനോടി വരാറെന്ന് അപ്പച്ചി പറഞ്ഞറിവുണ്ട്….
അന്നൊരു വെള്ളിയാഴ്ച…
‘രണ്ടൂസം ക്ലാസ്സില്ലല്ലോ നമ്മക്ക് അമ്മമ്മ വീട്ടിൽ പോവാലോമ്മേന്ന് പറഞ്ഞോടി വന്നയെന്നെ ചേർത്തു പിടിച്ചപ്പച്ചി പറഞ്ഞു….
“പൊന്നൂട്ടി പോയി ഉടുപ്പ് മാറി വാ അപ്പച്ചി ചായ തരാം “
“ദെന്താ പ്പച്ചി അമ്മെവെടെ…. ന്തിനാ ല്ലാരും നമ്മടെ വീട്ടിൽ വന്നേക്കുന്നെ….. എന്തിനാ എല്ലാരും കരയുന്നെ അപ്പച്ചി…. “
“മോള് പോയി ഉടുപ്പ് മാറ്റ് അപ്പച്ചി പറയാലോ “
വേണ്ട അമ്മയെവിടെ ന്ന് പറ എനിക്കമ്മേ കാണണം ന്ന് പറയുമ്പോൾ അച്ഛനെന്നെ നിസ്സഹായതയോടെ നോക്കുന്നുണ്ടായിരുന്നു….
അല്ല അച്ഛന്റെ കണ്ണിലെന്നും നിസ്സഹായത മാത്രമായിരുന്നില്ലേ പിന്നീടിങ്ങോട്ട്…. തോറ്റുപോയവന്റെ നോട്ടം.
വൈകുന്നേരമായിട്ടുമമ്മയെ കാണാതെ വന്നപ്പോൾ കരഞ്ഞു കരഞ്ഞു തളർന്നയെന്നെ ചേർത്തു പിടിച്ചന്നുറക്കിയത് അപ്പച്ചിയാണ്…..
അവിടെയും അച്ഛൻ നിസ്സഹായനായിരുന്നു.. ഗൗരവക്കാരന്റെ വേഷമത്രയും നാളണിഞ്ഞത് കൊണ്ടാവാം പേടിയായിരുന്നു അന്നൊക്കെയച്ഛനോട്….
പക്ഷെ അന്നും പിറ്റേന്നും അതിന്റെ പിറ്റേന്നുമമ്മ വരാതെയിരുന്നപ്പോൾ സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചു… അച്ഛൻ പറഞ്ഞത് പോലെ പൊന്നൂസിനമ്മയില്ല അച്ഛൻ മാത്രേ ഉള്ളൂയെന്ന്…
അമ്മെപ്പറ്റി പലരും പറഞ്ഞപ്പോഴും കാണാൻ പോലും തോന്നിയിരുന്നില്ല… ഇന്നും അങ്ങനെ തന്നെ…
ഗൗരവക്കാരനായ അച്ഛൻ പൊന്നൂന്റെ ജീവനായത്, ഈ പൊന്നൂന്റെ സ്വരവും സാമീപ്യവും പോലും അച്ഛന്റെ ഹൃദയമിടിപ്പായത് എത്ര പെട്ടെന്നായിരുന്നു….
പതിയെ പതിയെ വളർച്ചയുടെ കാലഘട്ടങ്ങളിലറിഞ്ഞു പ്രേമം മൂത്ത് കാമുകനോടൊപ്പം പോയതാണമ്മയെന്ന്…
ഓരോ ദിവസവും ചതിക്കുകയാണെന്നറിഞ്ഞിട്ടും എനിക്കുവേണ്ടി അമ്മയെ സഹിച്ച, താലി കെട്ടിയതിന്റെ പേരിലും മകളെ തന്നെ വിശ്വസിച്ചേൽപ്പിച്ചയൊരച്ഛനോടുള്ള സ്നേഹത്തിന്റെ പേരിലും കണ്മുന്നിൽ തെറ്റുകൾ കണ്ടിട്ടും പറഞ്ഞു തിരുത്തി മുന്നോട്ട് പോവാൻ ശ്രമിച്ച അച്ഛനെപ്പറ്റി അപ്പച്ചി തന്നെയാണ് പറഞ്ഞു തന്നത്….
“ഇത്രയൊക്കെ നോക്കീട്ടും തെറ്റുകൾ ക്ഷെമിക്കാനവൻ തയ്യാറായിട്ടും അവളങ്ങു പോയി മോളെ “
അന്നത് പറയുമ്പോൾ അപ്പച്ചിയുടെ കണ്ണും നിറയുന്നുണ്ടാരുന്നു…ഷാളിന്റെ തുമ്പുയർത്തി ഞാനാ കണ്ണുകൾ തുടയ്ക്കുമ്പോൾ പറഞ്ഞിരുന്നു..
“ഇനിയി കണ്ണുകളാ പേര് പറഞ്ഞു നിറയ്ക്കരുത് കാരണം ഈ കണ്ണുകൾ നിറഞ്ഞാൽ അപ്പച്ചിയുടെയീ മോള്ടെ ചങ്കാണിടിക്കുന്നതെന്ന്..
മോളേന്ന് വിളിച്ചെന്നെ ചേർത്തു പിടിക്കുമ്പോൾ ആ നെഞ്ചിലെ ചൂടും തേങ്ങലും ഞാനറിയുന്നുണ്ടായിരുന്നു…
മൂന്നു വര്ഷത്തെ സന്തോഷം നിറഞ്ഞ ദാമ്പത്യത്തിനൊടുവിൽ അവരെ തനിച്ചാക്കിയകലേക്ക് പോയ കുഞ്ഞു മാലാഖയെയും ഭർത്താവിനെയും ഓർത്താണോ അതോ അമ്മയെന്ന സ്ഥാനം നൽകി ചേർന്ന് നിന്നെയെന്നെ ഓർത്താണോ ആ തേങ്ങലെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല…
‘തള്ള വേലി ചാടിയാൽ മോള് മതില് ചാടുമെന്നും, ദേ ആ മറ്റോളില്ലേ ആരണ്ടടയോ കൂടെ ഒളിച്ചോടിയ മിനീടെ മോളാ അത്….. കണ്ടാലൊരു പാവം എന്നാ വിത്തുഗുണം കാണിക്കാതിരിക്കോയെന്ന കുത്തുവാക്കുകൾ കേട്ട് കണ്ണ് നിറച്ചിട്ടുണ്ട് പലപ്പോഴും.. അപ്പച്ചിയോട് ചേർന്നിരുന്ന് സങ്കടം പറഞ്ഞിട്ടുണ്ട്..
അന്നൊക്കെ ചേർത്തു നിർത്തിയൊരു ചുംബനം തന്നപ്പച്ചി പറയാറുണ്ട് ‘മോള്ടെയമ്മയതിനു ഞാനല്ലേ, മോളേ വേണ്ടാത്തവരെ പറ്റി പറഞ്ഞാ മൈൻഡ് ചെയ്യണ്ട ഇനിയെന്ന് ‘ അതായിരുന്നു എന്നുമെന്റെ ആശ്വാസം വെറുതെയെങ്കിലും…
പ്രണയം പറഞ്ഞു പുറകെ നടന്ന പ്രണവിനെ അകറ്റി നിർത്തി പഠനത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഇനി ഞാൻ കാരണം കൂടിയച്ഛൻ ഒരു ചീത്തപ്പേര് കേൾക്കരുത് എന്നായിരുന്നു മനസിൽ..
അഞ്ചു വർഷങ്ങൾക്കിപ്പുറവും അവനിലാ സ്നേഹം അവശേഷിക്കുന്നു എന്ന് തോന്നിയതിനാലാണ്
“ഞാനായിട്ട് ഒരഭിപ്രായവും പറയില്ല പ്രണവ് വീട്ടിൽ വന്നു സംസാരിച്ചോളൂ എനിക്കെന്റെയച്ഛനും അമ്മേടെ സ്ഥാനത്ത് അപ്പച്ചിയും മാത്രേയുള്ളൂ. അവരുടെ ഇഷ്ടം അതാണെന്റെയും ഇഷ്ടം എന്ന് പറഞ്ഞതും….
“പ്രണവ്…..പിന്നീട് വഴി പി ഴച്ച തള്ളേടെ മോളാണെന്നൊരു കുറവ് തോന്നരുതെന്ന് പറഞ്ഞു തന്നെയാണ് കഥകളൊക്കെ അവനോടു പറയുന്നതും
“ഈ അഞ്ചു വർഷത്തിനുള്ളിൽ ഞാനറിയാത്ത കഥകളൊന്നും നിനക്കില്ല
നിന്റെ ബാക്ക്ഗ്രൗണ്ട് അല്ല നീയെന്ന വ്യക്തിയെയാണ് ഞാൻ സ്നേഹിച്ചതെന്നവൻ പറയുമ്പോൾ മനസ് നിറഞ്ഞിരുന്നു അന്ന്…
ഹാളിൽ നിന്ന് വരാന്തയിലേക്കിറങ്ങുമ്പോൾ തന്നെ കണ്ടു പ്രണവിന്റ മുന്നിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അപേക്ഷിക്കുന്ന അച്ഛനെ…
ചങ്ക് പിടയുകയായിരുന്നു.
“എല്ലാമറിഞ്ഞിട്ടല്ലേ മോനെ നീയിതിനു സമ്മതിച്ചത്… ഒരുപാട് നാൾ കൂടീട്ടാ ന്റെ പൊന്നു അവളൊന്നു സന്തോഷിച്ചു കണ്ടത്..
ഞാനും ദേ ഇവളും അവളുടെ ചിരിച്ച മുഖം കാണുന്നത്..
അപ്പോഴാണ് തളര്ന്ന ഭാവത്തിലപ്പച്ചിയെ കണ്ടതും….
അപ്പച്ചിക്കറിയാം കഴിഞ്ഞ അഞ്ചു മാസമായി ഞാനെത്ര മാത്രം അവനെ സ്നേഹിക്കുന്നു എന്ന് ഞാനെത്ര മാത്രം സന്തോഷിക്കുന്നു എന്ന്…
അത്… പോന്നൂന്റച്ചാ ഇവളെ നഷ്ടപ്പെടുമോ എന്നുള്ള പേടിയിൽ ഞാനൊന്നുo പറഞ്ഞിരുന്നില്ല ഇവരോട് പക്ഷെ അമ്മ അച്ഛൻ അമ്മാവൻ… ഇവരൊക്കെ പറയുന്നതിനപ്പുറം എനിക്കൊന്നും ചെയ്യാൻ പറ്റില്ലായെന്നവൻ പറയുമ്പോൾ ഇന്നലെ വരെ കണ്ട പ്രണവിന്റ മറ്റൊരു മുഖം ഞാനറിയുകയായിരുന്നു… ഇന്നലെ വരെ ഞാനറിഞ്ഞ പ്രണവിനെ നഷ്ടപ്പെട്ട ആഘാതത്തിലായിരുന്നു ഞാൻ..
ഇന്നലെ വരെ കണ്ട പ്രണവല്ല ഇന്ന് നിസ്സഹായതയുടെ മുഖം മൂടിയണിഞ്ഞു തന്നെ കയ്യോഴിയാൻ നിൽക്കുന്ന പ്രണവ്….
ചിരിയാണ് വന്നത് ആ ഭാവം കണ്ടപ്പോൾ… അല്ലെങ്കിലും കരഞ്ഞു കണ്ണീരു വറ്റിയവൾക്ക് മറ്റെന്തു തോന്നാൻ…
മുഖമമര്ത്തി തുടച്ച് പ്രണവിന്റെ മുന്നില് നിന്ന് അച്ഛനെ ചേർത്തു പിടിക്കുമ്പോൾ ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. അല്ലെങ്കിലും ചില സമയങ്ങളിൽ മൌനത്തേക്കാൾ നല്ല ഭാഷയില്ലല്ലോ…
വാക്ക് പറഞ്ഞുഉറപ്പിച്ചയന്നവർ കൈയ്യിലണിയിച്ച വളയുരി അവന്റെ കയ്യിൽ കൊടുക്കുമ്പോൾ മുഖം കുനിച്ചു പിടിച്ചിരിക്കുകയായിരുന്നവൻ…
ഇനിയെന്റെ കയ്യിലുള്ളത് കുറച്ചോർമ്മകളാണ് .. സമയമെടുക്കും. എങ്കിലും പതിയെ അതും തിരിച്ചു നല്കാമെന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ പിന്നീടൊരു കൂടിക്കാഴ്ച്ച ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല…
രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്നവനെ കണ്ടതും ഒരു നിമിത്തമാവാം…
ഒരുപാട് മാറ്റങ്ങളവനിൽ സംഭവിച്ചത് കൊണ്ടാവാം പെട്ടന്ന് മനസിലാവാതെ പോയത്. അതോ ആ ഓർമകളെപ്പോലും ചിതയിലടക്കിയതിനാലോ…
” പൊന്നു നിനക്കെന്നെ മനസ്സിലായോ എന്നവൻ ചോദിച്ചപ്പോൾ ആദ്യമൊന്ന് പതറി കണ്ണൊന്നു നനഞ്ഞു…
“ഈ മുഖം അത് പറയുന്നുണ്ട് നീയെന്നെ മറന്നില്ലയെന്ന്..എനിക്ക് എനിക്കത് മതി പൊന്നു…
മനസിലായി ടാ നീയില്ലെങ്കിൽ ഈ ഞാനില്ല ന്ന് നീയായിരുന്നു ശെരിയെന്ന്….തെറ്റാണെങ്കിലും ചോദിക്കട്ടെ ഒരിക്കൽ കൂടി ഞാൻ വന്നോട്ടെ നിന്റെ വീട്ടിലേക്ക്…
നിനക്ക് മാത്രം നികത്താൻ പറ്റുന്നൊരു വിടവ്… അതാ ഇന്നെന്റെ കുറവ് പൊന്നു… എതിർക്കില്ല ഇനിയാരുo….
വല്ലാത്തൊരു പ്രതീക്ഷയാ കണ്ണുകളിൽ നിറയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..
“പ്രണവ്…. ചെറുപ്പത്തിലെപ്പഴോ പഠിച്ചിട്ടുണ്ട് അർഹത നോക്കി വേണം ദയ കാണിക്കാനെന്ന്…
അന്ന് നീയെനിക്ക് വച്ചു നീട്ടിയത് അങ്ങനെയൊരു ജീവിതമായിരുന്നു എനിക്കർഹതയില്ലാത്തത്.. ആരുടെയൊക്കെയോ വാക്കുകൾക്കും ആജ്ഞകൾക്കും മുന്നിൽ നീയെന്നെയും എന്റെ സ്വപ്നങ്ങളെയും ചവിട്ടി മെതിച്ച് കടന്നു പോകുമ്പോൾ ഞാനും പഠിക്കുകയായിരുന്നു അർഹതപ്പെട്ടത് മാത്രേ ആഗ്രഹിക്കാവൂയെന്ന്..
ഇന്നെന്റെ സന്തോഷം അതെനിക്കൊപ്പമുണ്ട് എന്റെ ജീവനും ജീവിതവുമായ എന്റച്ഛന്റെ സന്തോഷം പുഞ്ചിരി എന്റപ്പച്ചിയുടെ സ്നേഹം….അതിനപ്പുറം എനിക്കർഹതപ്പെട്ട ജീവിതം അതെന്നെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷ…
ഞാൻ പോകുന്നു ഇനിയും കാണാമെന്ന് ചൊല്ലി മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.ജീവിതത്തിൽ ആദ്യമായ് വിജയിച്ചതിന്റെ ആത്മവിശ്വാസം…
നിജില