പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് നിലാവുള്ള ഒരു രാത്രിയിൽ കോണിച്ചുവട്ടിൽ വച്ചായിരുന്നു…

ചന്തു

Story written by Medhini krishnan

:::::::::::::::::::::::::::::::::::::::

തിങ്കളാഴ്ച പുലർച്ചെ കണ്ട ഒരു സ്വപ്നമാണ് എന്നെ പാലക്കാട്ടെ രാമശ്ശേരിയിലെ പാടവരമ്പുകൾക്കിടയിലെ ആ ചെറിയ വീട്ടിൽ കൊണ്ടെത്തിച്ചത്.ഞാൻ ചന്തുവിനെ സ്വപ്നം കണ്ടിരിക്കുന്നു.പുലർച്ചെ ഞെട്ടി എഴുന്നേറ്റപ്പോൾ ചുണ്ടുകളിൽ പറ്റിപ്പിടിച്ച മുറുക്കാന്റെ നീരിനൊപ്പം ഉമിനീരിൽ തെങ്ങിൻ ക ള്ളിന്റെ രുചിയുമുണ്ടെന്നു തോന്നിപ്പോയി. മുറുക്കി ചുവന്ന ആ ചുണ്ടുകൾ തന്റെ ചുണ്ടിൽ അമരുമ്പോൾ ചന്തു ഇടർച്ചയോടെ പറയുന്നുണ്ട്. “എനിക്കൊന്നു കാണണം..” പിടച്ചിലോടെ എഴുന്നേറ്റപ്പോൾ ഇരുളിൽ മാഞ്ഞു പോകുന്ന ആ രൂപം. നാവു കൊണ്ടു ചുണ്ട് നനച്ചു.മുറുക്കാന്റെ രുചി. സ്വപ്നം തന്നെയായിരുന്നുവോ..? വല്ലാതെ വിയർത്തുപോയി.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് നിലാവുള്ള ഒരു രാത്രിയിൽ കോണിച്ചുവട്ടിൽ വച്ചായിരുന്നു ചന്തു തന്നെ ചേർത്തു പിടിച്ചത്.അതേ നെഞ്ചിടിപ്പ്.. ഇത്രയും വർഷങ്ങൾക്ക് ശേഷവും..

ഓർമ്മ വരുമ്പോഴെല്ലാം മറക്കാൻ ശ്രമിക്കുന്ന മുഖം. വെറുക്കാൻ തോന്നണേയെന്ന് ആശിച്ചിട്ടും വെറുതെ തോറ്റു പോകാറുണ്ട്.ഇന്നു വരെ ഒരിക്കൽ പോലും തന്റെ സ്വപ്നങ്ങളിൽ അയാൾ കടന്നു വന്നിട്ടില്ല. എന്നിട്ടിപ്പോൾ…. എന്തിനു വേണ്ടി…?

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഏട്ടനൊപ്പം പടി കടന്നെത്തിയ ചന്തു.ഏട്ടന്റെ പ്രിയപ്പെട്ട സുഹൃത്ത്‌.” ആശാരി ചെക്കൻ..”അച്ഛമ്മ അങ്ങനെയാണ് ചന്തുവിനെ വിളിക്കാറുള്ളത്.അന്ന് തറവാട്ടിലെ അമ്പലത്തിലെ കൊത്തുപണിക്കാണ് ചന്തു വീട്ടിലെത്തുന്നത്. കാവിമുണ്ടും നെറ്റിയിലെ ചുവന്ന കുറിയും മുറുക്കി ചുവന്ന ചുണ്ടുകളും കഴുത്തിലെ കറുത്ത ചരടിൽ കോർത്ത രുദ്രാക്ഷവും..ചന്തു അങ്ങനെയായിരുന്നു.

മുറുക്കി ചുവന്ന ചുണ്ടുകളോടെ ചന്തു ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. അയാൾ വീട്ടിൽ വരുന്ന ദിവസം എന്തോ അറിയാതെ മനസ്സിന് വല്ലാത്തൊരു സന്തോഷം.പക്ഷേ അടുത്ത് വരുമ്പോൾ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടന്നു പോകുന്ന ചന്തുവിനെ കാണുമ്പോൾ ദേഷ്യം വരും. ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോകും. വെറുതെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടത്തിന്റെ ഭാരവും ചുമന്നു നടന്നു.ചന്തുവിന്റെ മൗനത്തിലൂടെ ഒഴുകിയുണരുന്ന എന്റെ പ്രണയത്തിന്റെ കാലൊച്ച ഞാൻ കേട്ടു കൊണ്ടിരുന്നു.

ചന്തുവിന്റെ മുറുക്കി ചുവന്ന ചുണ്ടുകൾ കണ്ടാണ് അന്ന് എനിക്ക് മുറുക്കാൻ തോന്നി തുടങ്ങിയത്. അച്ഛമ്മയുടെ മുറുക്കാൻ ചെല്ലത്തിൽ നിന്നും വെറ്റിലയും അടക്കയും ചുണ്ണാമ്പും കൂട്ടി മുറുക്കി ചുവന്ന ചുണ്ടുകളോടെ ചന്തുവിനെ ഓർത്തിരിക്കാറുണ്ട്. തന്നെ കാണുമ്പോൾ ആ കണ്ണുകൾ പിടച്ചിലോടെ ഒഴിഞ്ഞു മാറുന്നതറിയാറുണ്ട്. എന്തോ അന്നൊക്കെ ചന്തുവിനെ എനിക്ക് വല്ലാത്തൊരു ഇഷ്ടമായിരുന്നു.

അന്ന് തറവാട്ടിലെ ഭഗവതി കാവിലെ ഉത്സവത്തിന് ചന്തുവും വന്നിരുന്നു. കാവിലെ പൂജക്ക്‌ വച്ചിരുന്ന മഞ്ഞൾപൊടി തട്ടി മേലൊക്കെ തെറിച്ചു വീണിരുന്നു. പാവാട മാറ്റി മുകളിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് കോണിച്ചുവട്ടിൽ ചന്തു നിൽക്കുന്നത് കണ്ടത്. പടികൾ ഇറങ്ങുമ്പോൾ കാലുകൾ വിറച്ചു . ഹൃദയമിടിപ്പേറി താഴെ വീണു പോകുമോ എന്നു ഭയന്നു.

ചന്തു ആദ്യമായാണ് തന്റെ കണ്ണുകളിലേക്കു അങ്ങനെ സൂക്ഷിച്ചു നോക്കുന്നത്. ഉള്ളിൽ എവിടെയോ അത് കയറിയിറങ്ങി. താൻ ഏതോ മായാലോകത്തു വന്നിരിക്കയാണോ..? തുറന്നിട്ട ജനലിലൂടെ വീശുന്ന കാറ്റിന് പാരിജാതത്തിന്റെ ഗന്ധമുണ്ടായിരുന്നു. കോണിച്ചുവട്ടിലെ വെളിച്ചം അണഞ്ഞപ്പോൾ വല്ലാതെ പരിഭ്രമിച്ചു. ആ കൈകൾ എന്നെ ചേർത്തു പിടിച്ചിരുന്നു. ചുണ്ടുകളിൽ പടരുന്ന മുറുക്കാന്റെ രസം. ഉമിനീരിൽ കലരുന്ന തെങ്ങിൻ ക ള്ളിന്റെ രുചി. എന്നിട്ടും എന്തേ അയാളിൽ നിന്നും അകന്നു മാറാൻ എനിക്ക് തോന്നാഞ്ഞത്..? ചെവിയിൽ ഒരു മന്ത്രണം പോലെ ആ സ്വരം കേട്ടിരുന്നു. “എനിക്ക് നിന്നെ വേണം… ” പുറത്തു വാളും ചിലമ്പും കിലുങ്ങുന്ന സ്വരം. ദേവിയെ ആവാഹിച്ച വെളിച്ചപ്പാടിന്റെ കൽപ്പന.

തെല്ലു പരിഭ്രമത്തോടെ അയാളെ തള്ളി മാറ്റി ഓടി. നീണ്ട ഇടനാഴിയിൽ കാലിടറി വീണു. വാതിൽ പാളിയിൽ തലയിടിച്ചു. കൈയിലെ കുപ്പി വളകൾ ഉടഞ്ഞു താഴെ വീണു.

അവിടുന്ന് ഓടി കാവിനു മുന്നിൽ നിൽക്കുമ്പോൾ വിറച്ചിരുന്നു.ചുണ്ടിൽ ഇപ്പോഴും ആ മുറുക്കാന്റെ രസം. തെങ്ങിൻക ള്ളിന്റെ രുചി.വെളിച്ചപ്പാട് വീശിയെറിഞ്ഞ നെല്ലും അരിയും തലയ്ക്കു മേലെ വന്നു വീണു. അനുഗ്രഹം!..

എല്ലാവരും പോയിട്ടും ഞാൻ അവിടെ തന്നെ നിന്നു. ഇരുട്ടിൽ വീശിയടിക്കുന്ന കാറ്റിന് പാരിജാതത്തിന്റെ ഗന്ധം. ‘ചന്തു.’. ഞാൻ മെല്ലെ ആ പേര് ഉച്ചരിച്ചു കൊണ്ടിരുന്നു.

പിറ്റേന്ന് നോക്കിയപ്പോൾ കാലിലെ പാദസരം ഒന്ന് കാണാതായിരുന്നു. ചെറിയമ്മയാണ് കൊണ്ടുവന്നു തന്നത്. “ഭാമയുടെ പാദസ്വരം..ഇടനാഴിയിൽ അടിച്ചു വാരുമ്പോഴാ കിട്ടിയത്.. കുട്ടിക്ക് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചൂടെ.. “

ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി. ചുണ്ടുകളിൽ പറ്റിപ്പിടിച്ച മുറുക്കാന്റെ രസം..തെല്ലു പരിഭ്രമത്തോടെ അത് വാങ്ങി തിരികെ നടന്നു…

അതെന്തോ പിന്നെ കാലിൽ ഇടാൻ തോന്നിയില്ല.ഒരു സുഖമുള്ള ഓർമ്മയായി ആ ഊരി പോയ പാദസരം കൊണ്ടു നടന്നു.

പിന്നെ ഏറെ നാൾ കഴിഞ്ഞാണ് ചന്തു വീട്ടിൽ വരുന്നത്. എന്തോ അന്ന് അയാളുടെ മുന്നിൽ പോകാൻ മടി തോന്നി. ആ കണ്ണുകൾ പിടച്ചിലോടെ തന്നെ അന്വേഷിച്ചിരുന്നുവോ.? അങ്ങനെ തോന്നാനാണ് മനസ്സ് ആഗ്രഹിച്ചത്.

ചന്തു എനിക്കരുകിൽ മൗനത്തിന്റെ മുഖം മൂടിയണിഞ്ഞു നിന്നു. മൗനത്തിന്റെ മനോഹരമായ പ്രണയം.

“അർത്ഥമറിയാത്ത മൗനത്തിന്റെ വഴികളിലൂടെ പരിചിതമല്ലാത്ത ഒരു ഹൃദയം സഞ്ചരിക്കുമ്പോഴായിരിക്കാം പ്രണയം പുനർജനിക്കുന്നത്..ശരത്കാലത്തിന്റെ കണ്ണുനീരിലേക്കു വസന്തം വഴിതെറ്റി വരുന്നത്..കൊഴിഞ്ഞു വീണ ഇലകൾക്കിടയിൽ പച്ചിലകൾ ഉയിർത്തെഴുന്നേൽക്കുന്നത്..വഴിയരികിലെ പുൽക്കൊടികളിലെല്ലാം മഞ്ഞു കണം ഇറ്റു വീഴുന്നത്..മൗനത്തിൽ നിന്നും പ്രണയം അങ്ങനെ കാലിടറിയും വഴി തെറ്റിയും ആ ഹൃദയത്തിലേക്ക് നടന്നു നീങ്ങുന്നത്..ഒടുവിൽ മൗനം വാചാലമാകുമ്പോൾ പ്രണയം പുഞ്ചിരിക്കുന്നത്…” വെറുതെ അന്ന് ഡയറിയിൽ കുറിച്ചിട്ട വരികൾ.എന്റെ പ്രണയം മുഴുവൻ ചന്തുവായിരുന്നു.

ആ സമയത്താണ് തെങ്ങിൻ ക ള്ളിനോട്‌ ഒരു പ്രിയം തോന്നുന്നത്. തെങ്ങു ചെത്താൻ വരുന്ന കുമാരേട്ടന്റെ കയ്യിൽ നിന്നു ഏട്ടൻ വാങ്ങി വയ്ക്കാറുള്ള ക ള്ള് ആരും അറിയാതെ കുടിച്ചു നോക്കും. പുളിപ്പ് അങ്ങിനെ ഉള്ളിൽ നിന്നും തികട്ടി വന്നാലും വായ പൊത്തി പിടിച്ചു പുതച്ചു മൂടി കിടക്കും. ആ മണം അങ്ങനെ ചുറ്റി നിൽക്കുമ്പോൾ ചന്തു അടുത്തുണ്ടെന്നു തോന്നും. വെറുതെ… വെറുതെ തോന്നുന്ന ഓരോ ഭ്രാന്ത്…

എന്നിട്ടും പരസ്പരം പറയാതെ അറിയാതെ ആ ഇഷ്ടം അങ്ങനെ കടന്നുപോയി. ഒടുവിൽ തന്റെ വിവാഹം നിശ്ചയിക്കുന്ന സമയം വരെ..

അന്ന് ഇടതൂർന്ന കവുങ്ങൻ തോപ്പിൽ വച്ചു ചന്തുവിന്റെ കൈയിൽ അമർത്തി കടിച്ചു. ദേഷ്യം സഹിക്കാതെ..വേറെ വിവാഹം തീരുമാനിക്കാൻ പോകുന്നു പറഞ്ഞപ്പോൾ അയാൾ എന്താ പറഞ്ഞത്.നന്നായിന്ന്..സഹിച്ചില്ല. കൈയിൽ പിടിച്ചു കടിച്ചു. ചന്തു കൈവലിച്ചില്ല.. ചോര പൊടിഞ്ഞു തുടങ്ങിയ മുറിപ്പാടിലേക്കു നോക്കി ഞാൻ ചോദിച്ചു.

“ചന്തുവിന് എന്നെ ഒന്ന് വിളിച്ചൂടെ…ഞാൻ വരാം.. എവിടേക്കാണെങ്കിലും.. “

അയാൾ മുഖം താഴ്ത്തി.. “എനിക്ക് നിന്റെ ഏട്ടനെ വേദനിപ്പിക്കാൻ പറ്റില്ല.. ഞാൻ ചതിച്ചുന്നു തോന്നും വേണുന്..എല്ലാവരെയും വെറുപ്പിച്ചിട്ടു… ” അയാൾ പാതിയിൽ നിർത്തി..

“അപ്പോൾ അന്ന് ചെയ്തത്.. ” എന്റെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല..

“ചന്തുന് ന്നെ ഇഷ്ടല്ലേ..?” അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. കൈയിലുള്ള ഉളി കൊണ്ടു കവുങ്ങിൽ ഭാമ എന്ന് വരച്ചിട്ടു. എന്നിട്ട് പറഞ്ഞു.. “എന്റെ പ്രാണനാണ്.. പക്ഷേ… യ്ക്ക് ഇപ്പൊ പറ്റില്ല.. നിന്നെ കൂട്ടിട്ടു പോകാൻ..”

അയാൾ ഇടറിയ കാലടികളോടെ നടന്നു മറയുന്നതു നോക്കി നിന്നു. എന്തിനായിരുന്നു അങ്ങനെയൊരു മോഹം..കവുങ്ങിൽ വരച്ചിട്ട തന്റെ പേരിൽ മുഖം അമർത്തി കരഞ്ഞു.

പിന്നെ പിന്നെ ചന്തുവിനെ വെറുക്കാൻ ശ്രമിച്ചു. മറക്കാൻ ശ്രമിച്ചു. ചന്തു വീട്ടിലേക്ക് പിന്നീട് വന്നതേയില്ല. അതിനുശേഷം കണ്ടിട്ടുമില്ല.

ചന്തു പാലക്കാട്ടേക്ക് തന്നെ തിരിച്ചു പോയി എന്നു ഏട്ടൻ പറഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം നാട്ടിൽ പോകുമ്പോൾ ഏട്ടനോട് ഒരിക്കൽ പോലും ചന്തുവിനെ കുറിച്ച് ചോദിച്ചിട്ടുമില്ല. മനഃപൂർവം മറന്നു കളഞ്ഞിട്ടും ഉള്ളിലെവിടെയോ ആ കനൽ അങ്ങനെ ജ്വലിക്കുന്നുണ്ടെന്നറിയാം.

വർഷങ്ങൾ എത്രയോ കടന്നുപോയിരിക്കുന്നു. ഇപ്പോൾ എന്തിനു തന്റെ സ്വപ്നത്തിലേക്ക് കടന്നു വന്നത്.കാണണം.. എന്ന് പറഞ്ഞത്.ഉള്ളിൽ അങ്ങനെ ആ വാക്ക് ആഴി പോലെ അലയടിച്ചു കൊണ്ടിരിക്കുന്നു.

ഏട്ടനെ വിളിച്ചു ചോദിച്ചു. ഇത്രയും വർഷങ്ങൾക്കു ശേഷം ഞാൻ ചന്തുവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഏട്ടന് അത്ഭുതം തോന്നിയിട്ടുണ്ടാകും..പക്ഷേ ചന്തുവിനെ കുറിച്ചറിഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി.

“അവനു സുഖമില്ല ഭാമേ… ക്യാൻസർ ആണ്..ഞാൻ ഇടയ്ക്കു കാണാൻ വരട്ടെന്ന് ചോദിച്ചാലും അവൻ സമ്മതിക്കില്ല.. ഈ കോലത്തില് എന്നെ നീ കാണണ്ടാന്ന് പറയും.”

ഏട്ടൻ പറഞ്ഞപ്പോൾ ചന്തുവിന്റെ സുന്ദരമായ ആ രൂപം അങ്ങനെ മുന്നിൽ തെളിഞ്ഞു. മുറുക്കി ചുവന്ന ചുണ്ടുകളിൽ തെളിയുന്ന നിറഞ്ഞ ചിരി.വല്ലാത്ത വേദന തോന്നി. നീയെന്തിനാ ചന്തുവിനെ അന്വേഷിച്ചെതെന്നു ഏട്ടൻ ചോദിച്ചില്ല.സമാധാനം തോന്നി..രാമശ്ശേരിയിലെ ചന്തുവിന്റെ വീടിന്റെ മേൽവിലാസം വാങ്ങി.

പോകണമെന്ന് തന്നെയാണ് മനസ്സ് പറഞ്ഞത്.എന്നെ കാണണം എന്ന് ചന്തു ആഗ്രഹിക്കുന്നുണ്ട്. അല്ലെങ്കിൽ അങ്ങനെ ഒരു സ്വപ്നം തന്നെ തേടി വരണമായിരുന്നോ.? അങ്ങനെ പാടവരമ്പുകൾക്കിടയിലെ ആ ചെറിയ വീട്ടിൽ ഞാനെത്തി.

വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച. അതൊട്ടും സുഖകരമല്ലാത്ത ഒരു അവസ്ഥയിൽ. നെഞ്ചു വിങ്ങിപ്പൊട്ടുന്ന പോലെ.. പലപ്പോഴും കാലിടറി താഴെ വീണു പോകുമോയെന്ന് ഭയന്നു . മുറ്റം നിറയെ വെളുത്ത നിറമുള്ള കാശിത്തുമ്പപ്പൂക്കൾ..മഴ പെയ്തു മുറ്റത്ത്‌ നിറയെ വെള്ളം നിറഞ്ഞിരുന്നു.സാരി തുമ്പ് ഉയർത്തി പിടിച്ചു , മുറ്റത്ത്‌ നിന്നും വീട്ടിലേക്കുള്ള പടികൾ കയറി. വാതിൽ തുറന്നു കിടന്നിരുന്നു. വാതിലിൽ തട്ടിയപ്പോൾ ആരുടെയോ തളർന്ന സ്വരം ഉള്ളിൽ നിന്നും കേട്ടു..

“അകത്തേക്ക് വന്നോളൂ..” ആ സ്വരത്തിന്റെ ഉടമസ്ഥനെ തിരഞ്ഞു ഓർമ്മകൾ പിന്നിലേക്ക് പോയി. ‘ചന്തു….’ വിറയലോടെ ഞാൻ നോക്കി. കട്ടിലിൽ തളർന്നു കിടക്കുന്ന ആ രൂപത്തെ…

പ്രാണന്റെ തേജസ്സില്ലാത്ത ഉണങ്ങിയ രൂപം.കട്ടിലിൽ ചുരുണ്ടു കൂടിയങ്ങനെ..കുഴിഞ്ഞു പോയ കൺതടങ്ങളിൽ ചലിക്കുന്ന കൃഷ്ണ മണികൾ പുറത്തെ കാഴ്ചയിലേക്ക് അത്ഭുതത്തോടെ ഉറ്റു നോക്കി. വന്നിരിക്കുന്നത് ആരെന്നു കാണാൻ അയാളൊന്നു പിടഞ്ഞെണീക്കാൻ നോക്കി. അമ്മ അയാളുടെ അടുത്തുണ്ടായിരുന്നു. ഉയർന്നു വന്ന കരച്ചിൽ അടക്കി ഞാൻ പതുക്കെ ആ കട്ടിലിനു താഴെ തളർന്നിരുന്നു.

“ഭാമേ… “

ആ സ്വരം…ഞാൻ കരഞ്ഞു.ആ അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മെല്ലെ മുഖം പിടിച്ചുയർത്തി. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.” അമ്മ സംസാരിക്കില്ല.. ” ചന്തു പറഞ്ഞപ്പോൾ ഞാൻ വേദനയോടെ അമ്മയുടെ കൈയെടുത്തു നെഞ്ചോട് ചേർത്തു. “അമ്മക്കറിയാം ഭാമേ.. ഞാൻ പറയാറുണ്ട്.. ” എന്റെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചിട്ട് അമ്മ മുറി വിട്ടു പുറത്തേക്ക് പോയി.

ഞാനും ചന്തുവും മാത്രം…ഞാൻ ആ കട്ടിലിൽ ചന്തുവിന് അരികിൽ ഇരുന്നു. ചന്തു എന്റെ കൈകളിൽ മുറുകെ പിടിച്ചു.തേജസ്സില്ലാത്ത ആ കണ്ണുകൾ പിടയുന്നതറിഞ്ഞു. “എനിക്കു തോന്നിയിരുന്നു നീ വരുമെന്ന്…ഇന്നലെ… ഇന്നലെ ഞാൻ വിചാരിച്ചു.. ഭാമയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. മരിക്കുന്നതിന് മുൻപ് ഒന്ന് കണ്ടിട്ട്.. ” ഇടറിയ സ്വരം പാതി വഴിയിൽ നിന്നു.

കണ്ണുകളിൽ നിന്നും തെന്നിയ കണ്ണുനീർ ആ കൈകളിൽ പതിച്ചു കൊണ്ടിരുന്നു.

“ഭാമക്ക് എന്നോട് ദേഷ്യണ്ടോ.? ” ഞാൻ ഇല്ലെന്നു തലയാട്ടി.

അയാൾ എന്റെ കൈകളിൽ മെല്ലെ തലോടി.മുറിഞ്ഞു വീണ വാഴത്തണ്ടിന്റെ തണുപ്പ് പോലെ.. അന്ന് തന്നെ ചേർത്തു പിടിച്ചിരുന്ന ഈ കൈകൾക്കു എന്തു ബലമായിരുന്നു. അങ്ങനെ എന്നും ചേർന്നു നിൽക്കാൻ എത്ര കൊതിച്ചിട്ടുണ്ട്. ഇപ്പോൾ ഈ രൂപം തന്നെ എത്ര മാത്രം വേദനിപ്പിക്കുന്നു.

“നിനക്കു സുഖാണോ ഭാമേ.. ” അതിനും തലയാട്ടി..അയാൾ എന്റെ കൈയിൽ എന്തോ ഒരു അഭയം പോലെ അമർത്തി പിടിച്ചു.

“ഞാൻ അസുഖം വന്ന ശേഷം എപ്പോഴും ആലോചിക്കും.അന്ന് നിന്നെ കൂട്ടി കൊണ്ടു പോകാഞ്ഞത് എത്ര നന്നായിയെന്ന്… അന്നങ്ങനെ ചെയ്തിരുന്നെങ്കിൽ നിന്റെ ജീവിതം… “ഇടറിയ സ്വരം…

ഞാൻ മറുപടി പറഞ്ഞില്ല. അന്നും വിഷമിച്ചു. ദാ… ഇപ്പോഴും വിഷമം തന്നെയാണ്…മനസ്സിലെ മുറിവ് അതങ്ങനെ അമർത്തി പിടിച്ചു. രക്തമൊഴുകുന്നത് അയാൾ കാണണ്ട.

മേശപ്പുറത്തു കഞ്ഞി എടുത്തു വച്ചിരുന്നു. “കഞ്ഞി എടുത്തു തരട്ടെ.”

അയാൾ മെല്ലെ തലയാട്ടി.. എഴുന്നേൽക്കാൻ ശ്രമിച്ചു.ബലമില്ലാത്ത കൈകൾ വഴുതി.ഞാൻ അയാളെ ചേർത്തു പിടിച്ചു തലയണ പിന്നിൽ വച്ചു കട്ടിലിൽ ചേർത്തിരുത്തി.

കഞ്ഞി സ്പൂൺ കൊണ്ടു കോരി വായിൽ കൊടുത്തു. ഭക്ഷണം ഇറക്കാൻ നന്നേ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.പ്ലേറ്റിൽ കണ്ണുനീർ വീണപ്പോൾ നേർത്ത ചിരിയോടെ അയാൾ പറഞ്ഞു.. “നിന്റെ കണ്ണുനീര് വീണ കഞ്ഞിയാ ഞാൻ കുടിക്കണേ.. “

അയാളുടെ കറുപ്പ് നിറമാർന്ന മരവിച്ച ചുണ്ടുകളിലേക്കു ഞാനൊന്നു നോക്കി. ചിരിക്കുമ്പോൾ എത്ര ഭംഗിയായിരുന്നു. മുഖത്തും തലയിലും പടർന്നു കയറിയ കറുപ്പ് നിറം. ആകെ വിഷം ബാധിച്ച പോലെ..പൊള്ളുന്നല്ലോ ഭാഗവാനേ ഈ രൂപം..നെഞ്ചു പിടയുകയാണ് ഈ രൂപത്തിൽ ചന്തുവിനെ കാണുമ്പോൾ..

ഞാൻ പ്ലേറ്റ് മാറ്റി വച്ചു. അയാൾ എന്നെ നോക്കി അങ്ങനെ ഇരുന്നു.

“ചന്തുവിന് മുറുക്കണോ.” എനിക്കു പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ നേർത്ത പ്രകാശം. ചുണ്ടിൽ വിളറിയ ചിരി. “കുറേ കാലമായി. ഇപ്പൊ എന്തോ എനിക്കൊന്നു മുറുക്കാൻ തോന്നുന്നു..അന്ന് ഞാൻ വെറുതെ സ്വപ്നം കാണും.. നീയങ്ങനെ എന്റെ അടുത്തിരുന്നു വെറ്റിലയിൽ ചുണ്ണാമ്പും അടക്കയും എല്ലാം ചേർത്തു വായിൽ വച്ചു തരുന്നത്..ഇന്നത് സത്യമാകട്ടെ..അവിടെ അമ്മയുടെ വെറ്റില ചെല്ലമുണ്ട്..” അയാൾ മേശപ്പുറത്തേക്കു വിരൽ ചൂണ്ടി.

ഞാനതു എടുത്തു കൊണ്ടു വന്നു. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു അടക്ക ചേർത്തു വായിൽ വച്ചു കൊടുത്തു. അറിയാതെ എന്നിൽ വന്നു ചേരുന്ന പ്രണയഭാവം..അന്നത്തെ ഭാമ.. ചന്തുവിനെ കാണുമ്പോൾ… ഓർക്കുമ്പോൾ കയ്യും കാലും തളർന്നു… എല്ലാം മറന്നു അങ്ങനെ നിൽക്കുന്ന ഒരവസ്ഥ. വായിൽ അലിഞ്ഞു ചേരുന്ന വെറ്റില നീരിന്റെ രസം.ചന്തുവിന്റെ ചുണ്ടുകൾ ചുവക്കുന്നു. കറുപ്പ് നിറമാർന്ന ആ മുഖത്ത് പ്രകാശം പരക്കുന്നു.

വിറയാർന്ന ചുണ്ടുകളോടെ ഞാൻ മുഖം താഴ്ത്തി. പെട്ടെന്ന് ചന്തു ചുമച്ചു. വായിൽ നിന്നും ചുവന്ന നീര് പുറത്തേക്ക് തെറിച്ചു. അയാൾ ശ്വാസം കിട്ടാതെ വിഷമിച്ചു. പരിഭ്രമത്തോടെ ഞാൻ അയാളെ നെഞ്ചോട് ചേർത്തു പിടിച്ചു. പുറത്തു തലോടി.എന്റെ സാരിയിലേക്കു പടർന്ന ചുവപ്പ് നിറം. അതിൽ രക്തം കലർന്നിരുന്നുവെന്നു തോന്നി.ചന്തു വേദനയോടെ… നിസ്സഹായതയോടെ എന്റെ മുഖത്തേക്ക് നോക്കി.

ആ നിമിഷം… എനിക്കെന്തോ… ഞാൻ അറിയാതെ അയാളെ മുറുകെ കെട്ടിപ്പിടിച്ചു. നെറ്റിയിലും മുഖത്തും ചുംബിച്ചു. ചുണ്ടുകളിൽ മെല്ലെ ചുണ്ടമർത്തി തേങ്ങിക്കരഞ്ഞു.

ഏറെ നേരം കഴിഞ്ഞിരിക്കുന്നു.. എനിക്ക് തിരിച്ചു പോണം.. എന്റെ ഭർത്താവ്.. മോള്..

“എനിക്കു പോണം ചന്തു…” ചന്തു മെല്ലെ എന്നിൽ നിന്നും അകന്നു മാറി.

കൈകളിലെ പിടി വിട്ടില്ല. “ഞാനൊന്ന് ഉറങ്ങിയിട്ട് പോയാൽ മതിയോ നിനക്ക്.. ഞാൻ ഉറങ്ങി കഴിഞ്ഞിട്ട്… എന്നോട് യാത്ര പറയാതെ…ഉറങ്ങുന്ന വരെ എന്റെ അടുത്ത് ഒന്ന് ഇരിക്കോ നീ..” അയാളുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു.

ചന്തുവിന്റെ ബോധം മറഞ്ഞു പോവുകയാണോ.. അങ്ങനെയും തോന്നി. എനിക്കു ആ അവസ്ഥയിൽ അയാളെ അവിടെ വിട്ടിട്ടു പോകാൻ തോന്നിയില്ല. ചന്തു എന്റെ മടിയിൽ കിടന്നു. കറുപ്പ് നിറം ബാധിച്ച മുടിയില്ലാത്ത ആ തലയിൽ ഞാൻ മെല്ലെ തലോടി.കറുത്തു ചുരുണ്ട എണ്ണ മയം നിറഞ്ഞ മുടി ഓർമ്മയിൽ തെളിഞ്ഞു. അന്ന് മുടിക്ക് നല്ല വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. ഒരു കുഞ്ഞിനെ പോലെ എന്റെ മടിയിൽ ചുരുണ്ടു കിടക്കുന്ന ചന്തു…എന്റെ കൃഷ്ണാ.. നീയെന്തിനായിരുന്നു ഇങ്ങനെ ഒരു കാഴ്ച കാണാൻ എന്നെ വിളിച്ചുവരുത്തിയത്. എനിക്കു സഹിക്കാനാവുന്നില്ല.. ഹൃദയം അങ്ങനെ നോവുകയാണ്.പൊട്ടി പൊട്ടി ഞാനും മരിച്ചു പോകും..

“ചന്തു..”ഞാൻ വിളിച്ചു.

അയാളെന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. പിന്നെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.”ഭാമേ… അടുത്ത ജന്മത്തിൽ നീയന്റേതാകണം… ” ഞാൻ നിറഞ്ഞ കണ്ണുകൾ ഇറുകെ അടച്ചു.ഇനി ഒരു മനുഷ്യജന്മം ഉണ്ടാവരുതേയെന്നു പ്രാർത്ഥിക്കുന്നവളോട് പറയുന്ന അവസാനത്തെ ആഗ്രഹം. ഞാൻ കണ്ണടച്ചിരുന്നു. കണ്ണു തുറന്നപ്പോൾ അയാൾ കണ്ണടച്ചിരുന്നു.

കൈയിലെ പിടി വിട്ടിരുന്നില്ല.ഞാൻ മെല്ലെ അയാളെ കിടക്കയിൽ ചെരിച്ചു കിടത്തി എഴുന്നേറ്റു.കൈകളിൽ നിന്നും അപ്പോഴും പിടി വിടുന്നില്ല. ബലമായി അടർത്തിമാറ്റാൻ വേണ്ടി കൈ വലിച്ചപ്പോൾ കുപ്പിവളകൾ കട്ടിൽ പടിയിൽ കൊണ്ടു ഉടഞ്ഞു വീണു. എന്തിനായിരുന്നു വരുമ്പോൾ കുപ്പി വളകൾ അണിഞ്ഞത്.ഇങ്ങനെ ഉടഞ്ഞു വീഴുമ്പോൾ ചിന്നുന്ന ഒരു ഹൃദയത്തെ ഓർമ്മപ്പെടുത്താനോ…? ചന്തു ഉറങ്ങുകയാണോ… അതോ..നെഞ്ചൊന്നു പിടഞ്ഞു..

എനിക്കു പോണം..കട്ടിലിൽ ചന്തുവിന്റെ കാൽച്ചുവട്ടിൽ എന്റെ പാദസരം അഴിഞ്ഞു വീണിരുന്നു. എടുക്കാൻ തോന്നിയില്ല. അതൊരു ഓർമ്മപ്പെടുത്തലാണ്.. എന്റെ പ്രണയത്തിന്റെ വേദനയാണ്.. അതവിടെ കിടക്കട്ടെ. ആ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ചുണ്ടിൽ അമർത്തി ചുംബിച്ചിട്ടു ഞാൻ പുറത്തേക്കിറങ്ങി. ചുണ്ടിലെ ചുവന്ന നീര്. അതിനിപ്പോൾ ചോരയുടെ രസമാണ്..അകത്തെ മുറിയിലെവിടെയോ അമ്മയുണ്ട്.

ഉള്ളിലെ വിങ്ങൽ അമർത്തി പിടിച്ചു മിണ്ടാൻ പോലും കഴിയാതെ…യാത്ര പറയാൻ തോന്നിയില്ല. അവിടുന്ന് പടിയിറങ്ങി. മുറ്റത്തെ തെങ്ങിൽ തല ചേർത്തു വച്ചു ഉറക്കെ കരഞ്ഞു. ചന്തുവിനെ മറക്കണം…മറന്നു മറന്നു അങ്ങനെ കുറേ ഏറെ സ്നേഹിക്കണം..

ആ മുഖം മറക്കാൻ ശ്രമിച്ചു കൊണ്ട്.. മുറുക്കാന്റെ രസവും തെങ്ങിൻ ക ള്ളിന്റെ രുചിയും മറന്നു കൊണ്ടു… ഞാൻ അങ്ങനെ ആ പാടവരമ്പിലൂടെ വേഗം നടന്നു.

തന്നെ തേടിയെത്തുന്ന കണ്ടില്ലാത്ത ഏറെ പരിചയമുള്ള ഏതോ ഒരു മുഖം മനഃപൂർവം ഓർത്തു കൊണ്ടു ഞാൻ അങ്ങനെ നടന്നു.ഒരു ഭ്രാന്തിയെ പോലെ….