വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു…..

ചുവന്നുടുപ്പ്

Story written by Nijila Abhina

:::::::::::::::::::::::::::::::::

“അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… “

കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്…..

“എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. “

“അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ആണോമ്മേ….”

വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു…..

“അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ ഉടുപ്പാ നന്ദിനിക്കുട്ടിക്ക് മാറി പോയതാവും… മോൾക്കിഷ്ടല്ലേ കുഞ്ഞേച്ചിയെ പിന്നെന്ത….ഇനീപ്പോ എന്റെ മോള് കരയണ്ടാട്ടോ നമുക്ക് അക്കരെ കാവിലെ ഉത്സവത്തിന് പുത്യടുപ്പ് വാങ്ങാ”

“എന്നാ ചൊമന്നുടുപ്പ് വാങ്ങിച്ചു തരണേ…. നന്ദിനിക്കുട്ടിക്ക് ഒരുപാട് ചൊമന്നൂടുപ്പുണ്ട് അവൾടച്ചന് ഒരുപാടിഷ്ടാത്രെ അത്.. എന്റച്ഛനും ഇഷ്ടാവും അല്ലെമ്മേ…..

” ഉം “

മൂളാൻ മാത്രമേ എനിക്കായുള്ളു….

അല്ലെങ്കിലും അച്ഛനെപ്പറ്റിയവൾ ചോദിക്കുമ്പോഴൊക്കെയും തനിക്ക് ഉത്തരം മുട്ടാറാണല്ലോ പതിവ്…..

പിന്നീടും പല തവണയവൾ ചോദിച്ചിട്ടുണ്ട് അച്ഛനെപ്പറ്റി. അപ്പോഴൊക്കെയും അച്ഛൻ മോള്ടെ കുഞ്ഞേച്ചീടെ ഒപ്പമാണെന്നും പിന്നീടൊരിക്കൽ മോളെ കാണാൻ വരുമെന്നും പറഞ്ഞൊഴിഞ്ഞു…..

കുഞ്ഞേച്ചിയോടുള്ളയിഷ്ടമെന്താമ്മേ എന്നോടില്ലാത്തെ എന്റടുത്തു മാത്രമെന്താ അച്ഛൻ വരാത്തെയെന്നയവളുടെ ചോദ്യത്തിന് ചേർത്തു പിടിച്ചൊരു മുത്തം കൊടുക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ….

അല്ലെങ്കിലും എന്ത് പറയാനാണ്….. ഞാൻ കുഞ്ഞേച്ചിയെന്ന പേരിൽ വാക്കുകളാൽ കോറിയിട്ട അവളുടെ കൂടപ്പിറപ്പ്, നാലാളറിഞ്ഞവളുടെച്ഛൻ താലി കെട്ടിയവളിൽ ഉണ്ടായതാണെന്നും നിന്നെയെനിക്ക് കിട്ടിയത് ആരുമറിയാതെ അയാളുടെ കാ മം തീർത്തതിന്റെ ഫലമായണെന്നുമൊ……

ഓരോ തവണയും അച്ഛനെ ചോദിക്കുമ്പോഴുള്ള എന്റെ കണ്ണിലെ പിടപ്പ് കണ്ടിട്ടാവാം പിന്നീടവളും ഒന്നും ചോദിച്ചു വിഷമിപ്പിച്ചിട്ടില്ല… കേവലം എട്ടു വയസിന്റെ പക്വത….

ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞയാൾ വന്നിരുന്നു വഴിയിൽ വച്ചെപ്പോഴോ മോളേ കണ്ടെന്നും ഇടയ്ക്കവളെ കാണാൻ വരട്ടെയെന്നുമുളള ചോദ്യവുമായി….

കണ്മുന്നിൽ പോലും വരരുതെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ട വേദന….അച്ഛനെയന്വേഷിച്ചിത്ര നാളും ആമിയെന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാനനുഭവിച്ചതിനേക്കാൾ കൂടുതലായിരുന്നു….

അന്ന് പെയ്ത പെരുമഴയിൽ വടക്കേ കാവിൽ വച്ചയാളെന്നെ ആക്രമിച്ചപ്പോൾ അത്ര നാൾ മനസ്സിൽ കരുതിയിരുന്ന വലിയേടത്തെ ശേഖറിന്റെ വിലയിടിയുകയായിരുന്നു…. അന്ന് മനസിന്റെ വാതിൽ കൊട്ടിയടച്ചതാണ്…

വീർത്തു വരുന്ന വയറിനെ നോക്കിയോരോരുത്തരും പുച്ഛിച്ചപ്പോഴും എന്റെയവസ്ഥ മനസിലാക്കി കൂടെ നിന്നത് ആകെയുള്ള മുത്തശ്ശി മാത്രം….

പിന്നീടും വന്നിരുന്നയാൾ… വീർത്തു വരുന്ന രഹസ്യത്തെ പരസ്യമാക്കരുതെന്ന് പറയാൻ…. കാല് പിടിക്കാൻ……

പുച്ഛമായിരുന്നന്ന്…. ആട്ടിയകറ്റും മുത്തശിയെന്നാണ് കരുതിയത്… പക്ഷെ എന്റെ നിറവയറും മുഴുപ്പട്ടിണിയും കൂട്ടുണ്ടായിരുന്ന മുത്തശ്ശിക്ക് അയാൾ ചുരുട്ടി നൽകിയ പച്ചനോട്ട് കണ്ടില്ലെന്നു നടിക്കാനായില്ല…..

ഞാൻ രണ്ടാമതും പരാചയപ്പെട്ടിടം… വീണ്ടും മരിക്കാതെ മരിച്ച നിമിഷം….

അല്ലെങ്കിലും താൻ പലപ്പോഴും നിസ്സഹായയായിട്ടുണ്ടല്ലോ… താനേറെ വിശ്വസിച്ച നാഗത്താരുടെ മുന്നിൽ വെച്ചയാളെന്റെ ശരീരം പിച്ചിച്ചീന്തിയപ്പോഴും നാടിനും വീടിനും പരിഹാസമായെന്റെ വയർ വീർത്തു വീർത്തു വന്നപ്പോഴും ഞാൻ നിസ്സഹായയായിരുന്നു…

കാലത്തിന്റെ കുസൃതിയോ വിധിയുടെ വിളയാട്ടമോ ആവാം അതേ നാഗത്തറയിലയാൾ നീലച്ചു കിടക്കുന്നതും എനിക്ക് കാണേണ്ടി വന്നത്….

ഞാൻ പോയിരുന്നു മോളെയും കൊണ്ട്… അയാളുടെയവസാനത്തെ അവകാശം… മോളുടെയും… ഒരു നോക്ക് കാണിക്കാൻ…

കരഞ്ഞു തളര്ന്നയയാളുടെ ഭാര്യ ആ ആൾക്കൂട്ടത്തിനിടയിലുമെന്നെ തിരിച്ചറിഞ്ഞിരുന്നു…. പറഞ്ഞു കേട്ട കഥയിലെ നായികയെ നേരിട്ട് കണ്ടപ്പോഴുള്ള ഭാവമോ ഒരു തവണയെങ്കിലും തന്റെ ഭർത്താവിന്റെ ഗന്ധവും ശരീരവും പങ്കിട്ടെടുത്തവളോടുള്ള പകയോ ആയിരുന്നില്ല മറിച്ച് തന്നെപ്പോലെ തന്നെ തന്റെ മകളുടെയച്ഛനെ നഷ്ടപ്പെട്ടവളോടുള്ള സഹതാപമായിരുന്നു ആ കണ്ണുകളിൽ…..

ഒരു മാസത്തിനു ശേഷം അടുക്കളയിൽ ഒരു സഹായി വേണം പറ്റുമെങ്കിൽ വന്നോളുയെന്നവർ വീട്ടിൽ വന്നു പറയുമ്പോൾ അത്ഭുതമായിരുന്നു… ഒരു സ്ത്രീക്കിത്രമാത്രം പാവമാവാൻ പറ്റുമോ എന്നുള്ളയത്ഭുതം….

എന്റെ ചോദ്യത്തിനുള്ളയുത്തരം ചോദിക്കാതെയവർ തന്നിരുന്നു… സ്ത്രീ പലപ്പോഴും നിസ്സഹായയാണ് ജയാ… അന്നെതിർക്കാൻ പറ്റാതെ നീയും എല്ലാമറിഞ്ഞിട്ടും ആ കൈകൾക്ക് മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വന്ന ഞാനും…. നീയോ ഞാനോ തെറ്റുകാരല്ല… ഒന്നുമറിയാത്ത ഈ മക്കളും….

മകൾക്കായി കരുതുന്നതിൽ ഒരു പങ്കവൾ മാറ്റിവെച്ച് ആമിക്ക് നല്കണമെന്ന് പറയുമ്പോൾ…., മകളുടെ വസ്ത്രങ്ങൾ പലതുമെന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ട് ആ സ്നേഹത്തിനു മുന്നിൽ ആ വലിയ മനസിന്‌ മുന്നിൽ….

സ്വന്തം ചോരയാണെന്നോ താൻ പറഞ്ഞതിന്റെ വ്യാപ്‌തി എത്രയെന്നോ അറിയാതെ നന്ദിനിക്കുട്ടി അന്ന് പറഞ്ഞത് ആമിയെയെന്ന പോലെ എന്നെയും വേദനിപ്പിച്ചിരുന്നു…. എന്നാൽ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ പറഞ്ഞു മറന്നൊരു തമാശ മാത്രമാണതെന്ന്, എന്നോടൊപ്പം ആ വീട്ടിലെത്തിയ ആമിയെയവൾ കൂടെയിരുത്തി തന്റെ പാത്രത്തിലെ ദോശയുടെ പാതി നിര്ബന്ധിപ്പിച്ചു കഴിപ്പിക്കുന്നത് കണ്ടപ്പോൾ മനസ്സിലായിരുന്നു…

അന്നാമിയുടെ വായിലവൾ വച്ചു നൽകിയ ദോശ വയറു നിറച്ചത് എന്റെയും കതകിനു പിന്നിലിരുന്ന് ഇത് നോക്കിക്കണ്ട ആ സ്ത്രീയുടേയുമായിരുന്നു……

ആ വലിയ വീടിന്റെ പടി കയറിച്ചെല്ലുമ്പോൾ ഒരു വാല്യക്കാരിയുടെ സ്ഥാനവും അടുക്കള ഭാഗത്ത് ചുരുണ്ടുകൂടാൻ ആറടി ഇറയവും മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു, ഒപ്പം അടിമപ്പണിക്കൊപ്പം ആട്ടും തുപ്പും കുരയും കേൾക്കേണ്ടി വരും എന്നാ കരുതിയിരുന്നതും ….

പക്ഷെ ആ സ്ത്രീ അയാളുടെ ഭാര്യ എന്നെ അമ്പരപ്പെടുത്തിയിട്ടേ ഉള്ളു ഇന്നോളം വരെ, ഇതു വരെ ഒരു വാക്കു കൊണ്ടു പോലും നോവിച്ചില്ലാത്ത അവരുടെ കണ്ണുകളിൽ നിറയെ ഞങ്ങളോടുള്ള നിറഞ്ഞ സ്നേഹം മാത്രമാണ് ഞാൻ കണ്ടത്….

എന്റെ മോളെ അവരുടെ മടിയിലിരുത്തി അക്ഷരങ്ങളോതി പഠിപ്പിക്കുമ്പോൾ എന്റെ കണ്ണുകൾ പലപ്പോഴും നിറഞ്ഞിട്ടുണ്ട് , എന്നേപ്പോലെത്തന്നെ അവരും ചതിക്കപ്പെടുകയായിരുന്നില്ലെ? ആ ആഭാസന് ഇങ്ങനെയൊരു പുണ്യത്തെ ലഭിക്കാൻ യാതൊരു അർഹതയുമില്ലെന്ന് തമ്പുരാന് മനസ്സിലായിരിക്കണം, അറപ്പും വെറുപ്പും വിദ്വേഷവും ഉണ്ടായിട്ടും അകാല ചരമമടഞ്ഞ ആ മനുഷ്യന്റെ ചിതയ്ക്കരികിലിരുന്ന് അവർ പൊട്ടിക്കരയുന്നത് കണ്ടപ്പോൾ മാത്രമാണ് ഒരു തുളളി കണ്ണുനീരുകൊണ്ട് എന്റെ കവിൾത്തടമൊന്ന് നനഞ്ഞതും….

ഒരു സ്ത്രീയ്ക്ക് ഇത്രയും ത്യാഗം ചെയ്യാൻ സാധിക്കുമോ എന്ന എന്റെ ഉള്ളിലെ ചോദ്യത്തിനവർ ഉത്തരം തന്നത് പ്രവർത്തിച്ചു കാണിച്ചു കൊണ്ടാണ്, അതെ ഒരു സ്ത്രീയുടെ മനസ്സു മറ്റൊരു സ്ത്രീക്കെ മനസ്സിലാക്കാൻ സാധിക്കൂ….

ഇന്നലെ ആമി മോള് ചുവന്ന ഉടുപ്പണിഞ്ഞ് എന്റെയടുക്കലേക്ക് ഓടി വന്നു ചോദിച്ചു അമ്മേ എങ്ങനെയുണ്ട് ഈ ഉടുപ്പ് എന്ന്, ആരാണിത് വാങ്ങിത്തന്നത് എന്ന മറുചോദ്യത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു , കാരണം നിറകണ്ണുകളോടെയാ സ്ത്രീ എന്റെ കൈകൾ കൂട്ടിപ്പിടിച്ചെന്നോട് ഒന്നേ പറഞ്ഞുള്ളൂ , എന്റെ മോൾടെ ശരീരത്തിലോടുന്ന രക്തം തന്നെയാണ് ആമിയുടെ ശരീരത്തിലും ഓടുന്നത് , എനിക്ക് ജീവനുള്ളിടത്തോളം കാലം അവൾക്കിവിടെ ഒരു കുറവും വരില്ലെന്നവർ പറയുമ്പോൾ എന്റെ കവിൾത്തടം കവിഞ്ഞൊഴുകുകയായിരുന്നു,

അയാളെന്നെ കാ മം കൊണ്ട് കീഴ്പ്പെടുത്തിയപ്പോൾ അവരെന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കുകയായിരുന്നു എനിക്കു സ്വപ്നം കൂടെ കാണാൻ പറ്റാത്തത്രത്തോളം വിധത്തിൽ……

നിജില അഭിന