കതകിനു പിന്നിലേക്ക് മുഖം ഒതുക്കിയ അവരിൽ നിന്ന് അടക്കിപ്പിടിച്ച ഒരു തേങ്ങൽ മാത്രമാണ് പുറത്തു വന്നത്…..

തെരുവ്പെണ്ണ്

Story written by Indu Rejith

::::::::::::::::::::::::::::::::::

എന്നാൽ പിന്നെ എടുക്കുവല്ലേ സജീവാ….

ഇപ്പോഴേ എന്തിനാ…തിടുക്കമുള്ളവരൊക്കെ പോട്ടെ…..കുറേ നേരോടെ കാണാനുള്ള അവകാശം എനിക്കില്ലേ…….കണ്ടു കൊതി തീരുമ്പോൾ ഞാൻ പറയും അപ്പോൾ മതി എന്റെ പെണ്ണിനെ…..എന്നാലും നീ എന്തിനാ ഈ കടുംകൈ ചെയ്തത്….

പറഞ്ഞ് മുഴുപ്പിക്കുന്നതിനു മുൻപ് കണ്ണീർ തുള്ളികൾ അയാളുടെ വാക്കുകളെ ഒഴുക്കി നീങ്ങിയിരുന്നു….മുറിക്കുള്ളിൽ എവിടെയോ നിന്ന് കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു അപ്പോൾ…

ആരെടുത്തിട്ടും കാര്യമില്ലന്നെ… ദാ ഈ കിടക്കുന്നവൾ കൈ നീട്ടി ചെല്ലണം അപ്പോഴേ തീരു അവളുടെ വാശി..,..

ഏട്ടത്തി കുഞ്ഞിനെ ഇങ്ങ് എടുത്തിട്ട് വരോ…? ചിലപ്പോൾ ഇവളുടെ മുഖം കണ്ടാൽ ഒന്ന് അടങ്ങി എന്ന് വരും…..

കതകിനു പിന്നിലേക്ക് മുഖം ഒതുക്കിയ അവരിൽ നിന്ന് അടക്കിപ്പിടിച്ച ഒരു തേങ്ങൽ മാത്രമാണ് പുറത്തു വന്നത്…..

ഉള്ളത് പറഞ്ഞതിന് നിങ്ങൾ എന്തിനാ കരയണേ ഏട്ടത്തി…..എടുത്തിട്ട് വാ അവളെ….എനിക്ക് പൊയ് എടുക്കാൻ പറ്റണില്ല കാലൊക്കെ വേച്ചു പോവാ…ദേഹമാകെ തളർച്ച പോലെ….

രേഖേ എനിക്ക് വയ്യെന്ന് പറഞ്ഞാൽ നീ ഇങ്ങനെ ഒരു കിടത്തകിടക്കാറില്ല ഇന്ന് നീ ആ പതിവും തെറ്റിക്കുവാണോ….ഒരൊറ്റ തവണ….ഉണരടി പെണ്ണെ….

പുറത്ത് ചെറിയ ചാറ്റൽ മഴ പൊടിക്കുന്നുണ്ടായിരുന്നു അപ്പോൾ……കാലത്തവൾ അയയിൽ കഴുകി വിരിച്ച മഴവിൽ വർണ്ണമുള്ള കുഞ്ഞു കുപ്പായങ്ങൾ മാനത്തു കാറ് കൊണ്ടപ്പോഴേ ഈ പെണ്ണൊരുത്തിയെ നോക്കി കിടപ്പായിരുന്നു….

കൊണ്ട് വിരിക്കാനെ വിധിച്ചുള്ളൂ തിരികെ എടുക്കാൻ അവൾ വിരില്ലെന്ന്…. എന്നോട് മാത്രമല്ല…. എല്ലാരോടും പിണക്കമാ അവൾ…ഒരു പൊട്ടിപ്പെണ്ണ് ആയിരുന്നു….പോയില്ലേ ഇനി പറഞ്ഞിട്ട് എന്ത്….ഞാനും എന്റെ കുഞ്ഞും തനിച്ചായില്ലേ ഇനിയുള്ള കാലം……

വെള്ളമുണ്ട് പുതപ്പിച്ച അവളുടെ ശരീരത്തിന് കുറുകെ കൈ ചേർത്തു പിടിച്ച് പൊട്ടികരഞ്ഞയാൾ പിന്നേം ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു……

തനിക്ക് ഈ ഷോ മതിയാക്കാറായില്ലേ സജീവാ……

കൂടി നിന്നവരാകെ ആ ചോദ്യത്തിന് നേരെ കണ്ണു തിരിച്ചിരുന്നു…..

എവിടുന്ന് വന്നെടോ അവളോട് നിനക്കിത്രസ്നേഹം…. നിന്റെ അഭിനയം എവിടെ വരെ പോകും എന്ന് നോക്കിയിട്ട് നിനക്കൊരു മെഡൽ തരാൻ തന്നെയാ ഞാൻ ഇവിടെ നിക്കണേ….

സജീവ് മുഖം ഉയർത്തി നോക്കിയതും അവനൊന്നു നടുങ്ങിയിരുന്നു…..

നിഷ ഇവളെന്തിന് ഇവിടെ വന്നു….

ഈ കുട്ടി ആത്മഹത്യ ചെയ്‌തെന്ന് ഞാൻ വിശ്വസിക്കൂല….ഇവൻ കൊന്നതാ…..നിങ്ങൾക്ക് അറിയോ കാലം കുറേ ആയി ഞാനും ഈ ചതിയനുമായിട്ട് പ്രേമത്തിലായിരുന്നു….ഇയാൾ വിവാഹിതൻ ആണെന്ന് ഈശ്വരനാണെ എനിക്ക് അറിയില്ലായിരുന്നു…..നാടും വീടുമൊക്കെ അന്യോഷിക്കുമ്പോൾ ഒഴിഞ്ഞു മറിയുള്ള സംസാരം ആയിരുന്നു പലപ്പോഴും….ഇഷ്ടമല്ലാത്തതൊന്നും ചോദിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതി കൂടെ കൂടി….ഒരു കോവിലിൽ വെച്ച് ഒരു താലി കെട്ടി ഞാൻ ഇയാളുടെ ഭാര്യയായി…. ഇന്ന് ഈ വീട്ടിനകത്തുള്ളത് പോലൊരു കുഞ്ഞ് എനിക്കുമുണ്ട്….. ഇവിടെ അവന് കുഞ്ഞ് പിറക്കാൻ വൈകിയപ്പോൾ അവൻ എന്റെ ശരീരത്തിൽ ജന്മം കൊടുത്തവൻ….എന്റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം ആ കുഞ്ഞിന്റെ നാവ് കൊണ്ട് നിന്നെ ഞാൻ അച്ഛായെന്നു വിളിപ്പിക്കില്ല ഞാൻ …..മുലകുടി മാറാത്ത ഒരു കുരുന്നിന്റെ അന്നം മുടക്കിയവനാ നീ… ഇന്ന് ഇവിടെ വെച്ച് വലിച്ചു കീറും ഞാൻ നിന്റെ ഈ നാറിയ മുഖം….

നിഷേ നീ പോ…..വായിൽ വരുന്നത് വിളിച്ചു പറയുന്നത് നിനക്ക് നല്ലതല്ല….

അപ്പോൾ പേര് നീ മറന്നില്ല…. ഞാൻ വലിഞ്ഞു കേറി വന്നതല്ലെന്ന് മനസിലായി കാണുമല്ലോ എല്ലാർക്കും…പുതിയ ആരോ കൂടിയപ്പോൾ എന്നോടും ഇവന് മടുപ്പ് തുടങ്ങി…. ഒന്നും അറിയാത്തവളെ പോലെ കൂടെ നടന്ന് നിന്റെ ഓരോ ചലനവും ശ്രെദ്ധിക്കുവായിരുന്നു ഞാൻ….

എനിക്കല്പം വൈകി ഒരു രാത്രിയ്ക്ക് മുൻപെ ഇവിടെ എത്താനായിരുന്നെങ്കിൽ ഈ ഉമ്മറത്ത് ഈ പെണ്ണിങ്ങനെ വെള്ളപ്പുതച്ച് കിടക്കില്ലായിരുന്നു…ഊരും പേരും അറിയാത്തവന്റെ കൊച്ചിനെ ചുമന്നവൾക്ക് പി ഴച്ചവൾ എന്നതിനപ്പുറം ഇനിയൊന്നും കേൾക്കാനില്ല….അപ്പോൾ നീ മാത്രമായിട്ട് നല്ലപിള്ള ചമയണ്ട അതും ഒന്നും അറിയാത്ത ഒരു പാവത്തിനെ കെട്ടി തൂക്കിട്ട്……കൊന്നു തിന്നുന്നതിനു മുൻപ് നീ അതിനോട് ഇതൊക്കെ പറഞ്ഞിരുന്നോ…ഉണ്ടാവില്ല…..പറഞ്ഞിരുന്നെങ്കിൽ അവൾ തോറ്റുതരില്ലായിരുന്നു നിന്നെ പോലെ ഒരുത്തന്റെ മുൻപിൽ….. അവളൊരു അമ്മകൂടി ആയിരുന്നു ചിലപ്പോൾ ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ….അവളുടെ കുഞ്ഞിനെ ഓർത്തവൾ നിന്നെ ഒന്ന് കരുതി ജീവിച്ചേനെ അല്ലെങ്കിൽ എല്ലാം ഇട്ടെറിഞ്ഞു പോയേനേ….ഒരു സംശയത്തിന് ഇട നൽകാതെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടാവും നീ…പുതിയ ആരോ ചൂണ്ടയിൽ കൊളുത്തി അതിനല്ലേ നീ ഈ പാവത്തിനെ….

നിർത്തടി ശീലാവതി…. നീ ഇവന്റെ ഭാര്യയാണ് എന്ന് പറഞ്ഞ് ഇവിടെ വന്നിരുന്നെങ്കിൽ ആദ്യം ചൂലെടുത്തടിക്കുന്നത് ദാ ഈ ചത്തു മലച്ചു കിടക്കുന്നവളാകുമായിരുന്നു…..

സജീവിന്റെ അമ്മയുടെ ചോര കണ്ണുകൾ നിഷയുടെ മേലെ പതിഞ്ഞിരുന്നു…ആയിരിക്കാം… പക്ഷേ ഞാൻ ഒരു ദിവസം മുൻപ് എത്തിയിരുന്നെങ്കിൽ ഈ മരണത്തിന്റെ പിന്നിലെ കറുത്ത കൈ ആരുടേതാണെന്ന് ഒന്നുകൂടി വ്യക്തമായേനെ….അടുത്തത് ഇവൻ നിങ്ങളെ കെട്ടിത്തൂക്കും ഒന്ന് സൂക്ഷിച്ചോ….നിങ്ങളും കൂടി ചേർന്നാവും ഇതിനെ…..

അപ്പോളേക്കും സജീവിന്റെ കൈകൾ പിന്നിൽ നിന്നവളുടെ മുടിയിൽ കുത്തി പിടിച്ചിട്ടുണ്ടായിരുന്നു മുന്നിലെ ഭിത്തിയിൽ ചേർത്തവളുടെ തലയവൻ ആഞ്ഞിടിച്ചു….മരണവീട്ടിൽ കേറി തോന്യാസം പറയുന്നോടി പി ഴച്ചവളെ…..

കൂടി നിന്നവർ എന്ത് വേണമെന്നറിയാതെ അന്യോന്യം നോക്കി പിറുപിറുത്തു….

നിന്റെ ഭാര്യ അല്ലേ സജീവാ ആ കിടക്കണേ നീ ഒന്ന് ക്ഷമിക്ക് ഇവിടെ പോലീസും കോടതിയുമൊക്കെ ഉണ്ടല്ലോ സത്യം എന്താണെന്ന് അറിഞ്ഞേ തീരു…..

എന്തിനാ പോലീസ് ഞാൻ ആണാ ഒറ്റ ചവിട്ടിന് ഇവളെ കൊണ്ട് ഞാൻ പറയിക്കും….നാട്ടുകാരുടെ മുന്നിൽ മാന്യന്മാരെ കരി വാരി തെയ്ക്കുന്നോ അതും എല്ലാം നഷ്ടപ്പെട്ടു നിക്കുന്ന ഒരുത്തനെ…..

നീ നട്ടെല്ലുള്ളവൻ ആണെങ്കിൽ ഒന്ന് ചവിട്ടി നോക്ക്…. അതിന് പറ്റിയ ഇടം ഞാൻ കാട്ടിത്തരാം ദാ ഇവിടെ…. നിന്റെ മോന്റെ നെഞ്ചത്ത്‌…. ഇത് നിന്റെ ചോരയല്ല എങ്കിൽ ചവിട്ടെടാ നീ…ആൾക്കൂട്ടത്തിൽ നിന്നും നിഷ അവളുടെ മോനേ വലിച്ചു സജീവിന് മുന്നിലിട്ടു…..അവനെ കണ്ടതും ആ പിഞ്ചു നാവ് അച്ഛാ എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…….

വേണ്ടാ മിണ്ടി പോകരുത് നിഷ അവന്റെ വായ അവളുടെ കൈപ്പത്തി കൊണ്ട് പൊത്തി പിടിച്ചു…. ഇനി അങ്ങനെ വിളിക്കരുത് നിനക്കിനി അച്ഛനില്ല…. അയാൾ ചത്തു….എന്താ നിനക്കു ചവിട്ടണ്ടേ….. കണ്ടവന് പിറന്നതാണെങ്കിൽ നിനക്കെന്താണ് ഇത്ര മടി……

സജീവിന്റെ ശരീരം വിയർത്തൊലിക്കാൻ തുടങ്ങി കണ്ണുകളിൽ അവളോടുള്ള പക ചോരക്കനലായി തുറിച്ചു നോക്കി നിന്നു…..

എന്നേ പി ഴച്ചവളെന്നു ആര് വിളിച്ചാലും എനിക്ക് പുല്ലാ….. പക്ഷേ നീ വിളിച്ചാൽ ആ നാവ് അരിഞ്ഞു നുറുക്കും ഞാൻ……അറിഞ്ഞു കൊണ്ട് ഒരുത്തിയുടെയും ജീവിതത്തിൽ ദുരന്തം വിതറിയിട്ടില്ലാത്ത എനിക്ക് ദൈവം ഇതൊക്കെയാ പറഞ്ഞ് വെച്ചത്….എനിക്ക് തോക്കാൻ മനസില്ല നിന്റെ അടിവേരറുത്തിട്ടെ ഞാൻ അടങ്ങു….. പിന്നെ ഈ കുഞ്ഞ്….. അവൻ എന്റെ ശരീരത്തിൽ കുരുത്തവൻ ആണെങ്കിൽ നിന്റെ ചോരയുടെ മഹത്വം കാട്ടില്ല…നിന്നെ ഏൽപ്പിക്കണ്ട സ്ഥലത്ത്‌ നിനക്ക് സീറ്റ്‌ പറഞ്ഞ് വെച്ചിട്ടാ ഞാൻ വന്നത് ഉടനെ അവര് വരും ഇനി പോകാം നിനക്ക്…..ഗതി പിടിക്കില്ല നീ അതിന് അനുവദിക്കില്ല ഞാൻ…..

അവിടെ നിന്ന് ഓടി രക്ഷപെടാൻ നോക്കിയ സജീവിനെ കൂടി നിന്നവർ പിടിച്ചു വലിച്ചു മുറ്റത്തെ പ്ലാവിൽ കെട്ടി….മരത്തിൽ കെട്ടാനുള്ള യോഗ്യത നാൾക്കാലിക്കെ ഉള്ളു ഇവന്റെ കാലിൽ പഴുത്ത ഇരുമ്പ് ചങ്ങലയാണ് ബന്ധിക്കേണ്ടത്…..

എന്നെ അഴിച്ച് വിട് അവൾക്ക് ഭ്രാന്താ……

എന്തായാലും പോലീസ് വരട്ടെ എന്നിട്ട് മതി ഇനി എല്ലാം….. അവർ ഒന്നടങ്കം തീരുമാനിച്ചു..,..

കൂടി നിന്നവരെ തള്ളി മാറ്റി രേഖയുടെ ശരീരത്തിനടുത്തേക്ക് അവൾ നടന്നു.,..കൂപ്പുകൈകളോടവൾ ഒന്ന് പൊട്ടിക്കരഞ്ഞു…..

എനിക്ക് ഒന്നും അറിയില്ലായിരുന്നു….. എന്നോട് ക്ഷമിച്ചേക്കണം…അതും ഈ ദിവസം ഇവിടെ വന്നു കേറിയതിന്……മറ്റൊരു ലോകത്ത് നമ്മൾ കണ്ടു മുട്ടും അന്ന് അറിയാതെ ആണെങ്കിലും നിന്റെ താലിയുടെ പങ്ക് പറ്റിയതിന് ഞാൻ കാലിൽ വീണ് ഞാൻ മാപ്പിരക്കും ഈ ജന്മം നിന്റെ ശരീരത്തിൽ സ്പർശിക്കാൻ പോലും എനിക്ക് യോഗ്യതയില്ലെന്ന് കരുതുന്നവളാ ഞാൻ…..അതുകൊണ്ട് മാത്രം തൊട്ട് അശുദ്ധമാക്കുന്നില്ല ഞാൻ..

തിണ്ണയിലെ തൂണിന്റെ മറവുപറ്റി നെഞ്ചിൽ കൈകൾ അമർത്തി കരയുന്ന രേഖയുടെ അമ്മയുടെ അടുത്തേക്കവൾ നടന്നു…..

അമ്മേ….. അമ്മയുടെ മോളോട് അറിഞ്ഞു കൊണ്ടല്ലെങ്കിലും തെറ്റ്‌ ചെയ്തവള ഞാൻ…. ഈ നായ്‌ക്കൾക്ക് മുന്നിൽ അവളുടെ മോളേ എറിഞ്ഞു കൊടുത്തിട്ട് പോയേക്കരുത്….. അതിനെ കൂടി ഇവർ…..എനിക്കവളെ കൂടെ കൊണ്ട് പോകാൻ മോഹമുണ്ട് രേഖയോട് ചെയ്ത പാപം അവളുടെ മകളെ സ്നേഹിച്ചു തീർക്കണമെന്നുണ്ട് പക്ഷേ ഇന്നേ വരെ കണ്ടിട്ടില്ലാത്ത എന്നെ വിശ്വസിച്ച് നിങ്ങൾ അവളെ തന്നയക്കില്ലല്ലോ…

ദാ ഇവൻ അവളുടെ ചേട്ടനാണ്….. അങ്ങനെയെ ഞാൻ വളർത്തു……ഇവളുടെ കാലിൽ ഒരു മുള്ളു കൊള്ളാതെ ഒന്ന് കാലിടറാതെ കാക്കാൻ അവൾ പോലും അറിയാതെ അവളുടെ നിഴലാക്കി ഞാൻ വളർത്തും…..ഒരു വിളിപ്പാടകലെ അവൾക്ക് ഞാനും എന്റെ മോനും ഉണ്ടാവും…. അമ്മ ഒന്നും ഓർത്ത് സങ്കടപ്പെടരുത്…. അവൾക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടപ്പോൾ തെറ്റായ വഴിയിലൂടെ ആണെങ്കിലും ഒരു ഏട്ടനെ ദൈവം കൊടുത്തിട്ടുണ്ട് എന്ന് മറക്കണ്ട…

വഴിപി ഴച്ചവന് പിറന്നവർ മറ്റുള്ളവർക്ക് വഴിവിളക്കായ ചരിത്രവും ഉണ്ടാവണ്ടേ…..എന്റെ പേര് മറക്കണ്ട ” നിഷ ”….

മോനേ ഇത് നിന്റെ കുഞ്ഞാവയ….അവൻ അവളുടെ കുഞ്ഞ് വിരലുകളിൽ പിടിത്തം ഇട്ടിരുന്നു….

കരഞ്ഞു തളർന്ന ആ പിഞ്ചു മുഖത്തവൾ അമർത്തി ചുംബിച്ചു……ആ ഇളം ശരീരത്തിൽ ഒരു അമ്മസ്നേഹത്തോടെ കൈകൾ ഓടിച്ചു……

അമ്മേടെ മുത്ത് കരയല്ലേ അമ്മയും ഏട്ടനും നിനക്കു കൂട്ടായിട്ട് ഈ ലോകത്തുണ്ട്….തെരുവിൽ ജീവിച്ചവളാ ആ തന്റേടം മതി ഒരു പോറൽ പോലും ഏൽക്കാതെ നിന്നെ കാത്തു വെയ്ക്കാൻ….

അമ്മ വരും…..

ഇത്രയും പറഞ്ഞവൾ ഇറങ്ങി നടന്നു…..സജീവിന്റെ നേർക്കൊന്ന് നീട്ടി തുപ്പി തല ഉയർത്തി പിടിച്ചങ്ങനെ..

ശുഭം……..?