പുറത്തു വന്നപ്പോൾ കൊണ്ട് വന്ന ആളുകൾ പോയി കഴിഞ്ഞിരുന്നു. പിന്നെ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്…

“ദണ്ഡപർവ്വം”

Story written by Mini George

::::::::::::::::::::::::::::::::

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങിയപ്പോഴാണ്,ഒരു ഓട്ടോ o.p. ക്കു മുൻപിൽ വന്നു നിന്നത്.രണ്ടുമൂന്നു പേരു കൂടി ഒരാളെ താങ്ങി പിടിച്ചു ഇറക്കാൻ തുടങ്ങി.

ഡ്യൂട്ടിയിൽ ഉള്ള അറ്റൻഡർ ഓടി പ്പോയി സ്റ്റ്റെക്ചർ എടുത്തു കൊണ്ട് വന്നു, അയാളെ കട്ടിലിൽ കിടത്തി.

അയാളുടെ തലയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വേഗം സ്കാനിംഗ് റൂമിലേക്ക് കയറ്റി എമർജൻസി സ്കാൻ ചെയ്തു പുറത്തിറക്കി മുറിവ് തുന്നികെട്ടി,ബാക്കി ടെസ്റ്റുകൾക്ക് എഴുതി കൊടുത്തു.

പുറത്തു വന്നപ്പോൾ കൊണ്ട് വന്ന ആളുകൾ പോയി കഴിഞ്ഞിരുന്നു.പിന്നെ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്. ഭാര്യ ആയിരിക്കും.

റൂമിലേക്ക് കേറി ,അവരെ വിളിപ്പിച്ചു.

നിർവികാരത നിറഞ്ഞ മുഖം,കണ്ണീർ ഒഴുകി ഉണങ്ങിപ്പിടിച്ചിരിക്കുന്നു.ഏകദേശം രണ്ടു വയസ്സ് തോന്നുന്ന ഒരു കുട്ടി തോളിൽ കിടന്നു ഉറങ്ങുന്നുണ്ട്.

“തലയിൽ ആഴത്തിൽ പൊട്ടലുണ്ട്. ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും.കുറെ ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്,എന്നിട്ടേ എന്തെങ്കിലും പറയാൻ പറ്റൂ.”

ആ സ്ത്രീ നിശബ്ദയായി കേട്ടു നിന്നു.

” നിങ്ങളുടെ ആരാണ്”

“ഭർത്താവ്.”

ആ പറച്ചിലിൽ പോലും ഒരു വികാരവും അവരിൽ കണ്ടില്ല.

“O.k…… ഇനി പറയൂ,എന്ത് പറ്റിയതാണ”

“ഞാൻ തളളിയിട്ടതാണ് “

ഒന്ന് ഞെട്ടി,എന്തോ പന്തികേടു തോന്നി, എങ്കിലും ആ ഉത്തരം പ്രതീക്ഷിച്ചില്ല.

“അപ്പോൾ കേസ് ആക്കേണ്ടി വരുമല്ലോ” അവരെ ആകെ അളന്നു കൊണ്ടാണ് ഞാൻ ചോദിച്ചത്.

“മേഡത്തിന് എന്ത് വേണമെങ്കിലും ചെയ്യാം.ഞാൻ.. ഞാൻ….”

പെട്ടെന്ന് ഒരു പൊട്ടികരച്ചിൽ.അത് കെട്ടുണർന്ന കുഞ്ഞും കരയാൻ തുടങ്ങി.

“ഏയ്,ഇത് ആശുപത്രിയാണ്.ഇങ്ങനെ ഉറക്കെ ബഹളം ഉണ്ടാക്കരുത്.”

കേസ് ഷീറ്റും പിടിച്ചു കടന്നു വന്ന സിസ്റ്റർ ഒച്ചയിട്ടു.

“സാരമില്ല,അവരിത്തിരി കരയട്ടെ സിസ്റ്റർ”അത് കേട്ട് സിസ്റ്റർ പുറത്തേക്ക് പോയി.

അല്പം സമാധാനം കിട്ടിയപ്പോൾ അവർ കരച്ചിൽ നിർത്തി.കുട്ടി പക്ഷേ കരഞ്ഞുകൊണ്ടേ ഇരുന്നു..പക്ഷേ ആ കരച്ചിലിന് പട്ടിണിയുടെ ക്ഷീണം ഉണ്ടെന്ന് തോന്നി.

നിങൾ എന്തിനാണ് ഇത് ചെയ്തത്.

അതിനുതരമായി അവർ കതകു മെല്ലെ ചാരി വലതു കൈകൊണ്ട് സാരിതലപ്പു, അടിയിൽ നിന്നും ഉയർത്തി.

ഞെട്ടിപ്പോയി.ഒരു ബ്രെഡ് പീസിൻ്റെ കനത്തിൽ താഴെ നിന്നും മുകളിൽ വരെ കരിനീലിച്ച് കിടക്കുന്ന പാട്.

“ഇന്നലെ തെങ്ങിൻ്റെ മടൽ വച്ചു തല്ലിയതാണ് അയാൾ.എന്തിനാണെന്ന് അറിയാമോ,ഈ കുട്ടിയുടെ മോളിൽ രണ്ടു കുട്ടികളുണ്ട് അതിലെ ഇളയ കുട്ടി,അയാള് വാങ്ങി കൊണ്ട് വന്ന ബിരിയാണിയിൽ നിന്നും കുറച്ചെടുക്കാൻ ചെന്നു.കുട്ടിയെ തല്ലാൻ എണീറ്റപ്പോൾ ഞാൻ കുട്ടിയെ വലിച്ചു കൊണ്ടോടി.അതിനു കിട്ടിയതാണ്.

അയാളായിട്ട് ഒന്നും ചിലവിനു തരില്ല.രണ്ടു ആങ്ങളമാർ ഉള്ളത് കൊണ്ടാണ് ഞാനും കുട്ടികളും ജീവിക്കുന്നത്.

കല്ല്യാണം കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ തുടങ്ങിയതാണ് ഇതെല്ലാം.”

തൊണ്ട വിറച്ചു, അവർക്ക് പറയാൻ പറ്റാതായി.തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ എനിക്കും തോന്നിത്തുടങ്ങി.

“പുലർച്ചയ്ക്ക് കേറി വരും. ഏതൊക്കെയോ പെൺചങ്ങാതിമാർ ഉണ്ട്.അവരുടെ അരികിൽ പോയ കഥകൾ ഞാൻ കേട്ടിരിക്കണം. ഇല്ലെങ്കിൽ അടികിട്ടും.

ചൂടുവെള്ളം ഉണ്ടാക്കി വയ്കണം കഥ കഴിയുമ്പോഴേക്കും ആ വെള്ളം ചൂടാറും…അപ്പോൾ അതിനും അടി.

മൂക്കിനൊപ്പം മോന്തിയിടുണ്ടാകും.കയ്യിലൊരു പൊതിയും.ഈ കുട്ടികളുടെ മുൻപിൽ വച്ച് കഴിക്കും.പാവങ്ങൾ….നോക്കിയിരിക്കും.”

ഞാൻ സഹിക്കും പക്ഷേ കുട്ടികൾ….അവർക്ക് അറിയില്ലല്ലോ.ഇന്നലെ എന്നെ തല്ലിയതിനെ ശേഷം കുട്ടികളെ അടിക്കാൻ പിടിച്ചു.ഞാൻ അവരെ കൊണ്ടോടി.നേരം വെളുക്കുന്നതുവരെ ഞങ്ങൾ വീടിനരുകിലെ ചാലിൽ പതുങ്ങിയിരുന്നു….അയാൾ ഉറങ്ങിയ ശേഷമാണ് തിരിച്ചു കയറിയത്.”

എനിക്ക് ഇതൊക്കെ ശീലമായി.എങ്ങനേലും ആകട്ടെ എന്നോർക്കും

“ഇന്ന് രാവിലെ അയാള് ഭക്ഷണ പൊതി തുറന്നപ്പോൾ, ഒരു കുഞ്ഞു പൂച്ചയുണ്ട് വീട്ടിൽ അത് മണം പിടിച്ചു ചെന്നു.അയാൾ ഒറ്റച്ചവിട്ട്.പാവം കരഞ്ഞു കൊണ്ട് ഓടിപ്പോയി.ഒരു മാസം പോലും ആവാത്ത പൂച്ച കുഞ്ഞ്…..ഞാനതിനെ കുറെ തിരഞ്ഞു.കണ്ടില്ല.കരയുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ….”

ആ സ്ത്രീ വാവിട്ടു കരഞ്ഞു

“അമ്മിക്കല്ലിൻ്റെ അടിയിൽ കിടക്കുന്നു ,ഒറ്റച്ചവിട്ടിന് കുടല് മൊത്തം വെളിയിൽ വന്നിരിക്കുന്നു.ഉറുമ്പുകൾ മൊത്തം പൊതിഞ്ഞിരികുന്നു.ചാവാതെ കുഞ്ഞികണ്ണു മിഴിച്, അതെന്ന് വേദനയോടെ നോക്കി.സഹിച്ചില്ല മാഡം,ഞാനൊരമ്മയല്ലെ…ഒരു കുഞ്ഞു ജീവൻ പിടയുന്നത് കാണാൻ വയ്യ.”

“ഞാൻ ഓടിച്ചെന്നു അര തിണ്ണയിൽ ബീഡി വലിച്ചിരുന്ന അയാളെ ഒറ്റ തള്ളു കൊടുത്തു.അയാൾ മറിഞ്ഞടിച്ചു വീണു., ശബ്ദം കേട്ട് വന്നവർ കുടിച്ചിട്ടു വീണു എന്നാണു കരുതിയത്.അവർ ആണ് കൂടെ വന്നത്.”

ആ സ്ത്രീ ആകെ അവശ ആയതു പോലെ തോന്നി.കരയട്ടെ..പാവം…

“അയാൾ ഇനി എണീറ്റു നടക്കും എന്ന് തോന്നുന്നില്ല”.

“വേണ്ട മാഡം,അങ്ങനെ കിടന്നോട്ടെ ഞാൻ നോക്കിക്കോളാം.എന്നാലും സമാധാനം കിട്ടുമല്ലോ.അടികൊള്ളാതെ കിടക്കാമല്ലോ.”

ആ കണ്ണുകൾ പ്രതീക്ഷയോടെ എന്നെ നോക്കി.തീരാത്ത ഉൾനോവോടെ ഞാനും…………..