നിനക്കായ് – ഭാഗം 3 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മാനേജർ രഞ്ജിത്ത് സാറിൻറെ റൂമിലേക്ക് നടക്കുമ്പോൾ കാലുകൾ പിന്നിലേക്ക് സഞ്ചരിക്കുന്നത് പോലെ. ഹൈസ്കൂൾ സെക്ഷനിലെ ദീപടീച്ചറെ ഒരു കാരണവുമില്ലാതെ പറഞ്ഞു വിട്ട കഥ ഇന്നലെ സ്റ്റാഫ് റൂമിലെ ചൂടുള്ള വാർത്തയായിരുന്നു. അയാളുടെ സ്വന്തം മോളുടെ ക്ലാസ് ടീച്ചർ ആയിരുന്നിട്ടുകൂടി അവരോട് യാതൊരു കരുണയും കാണിച്ചിട്ടില്ല. ഞാനാണെങ്കിൽ പലരെ പോലെയും പ്രിയം പിടിച്ചുപറ്റാനായി അയാളോട് സംസാരിക്കാൻ പോകാറില്ല. മാസാവസാനം നുള്ളിപ്പെറുക്കി തരുന്നത് നക്കാപിച്ച ആണെങ്കിലും ഇതുകൊണ്ട് ആരുടെയും മുന്നിൽ തലകുനിക്കാതെ അന്തസ്സോടെ കുഞ്ഞിനെ പോറ്റാൻ കഴിയുന്നുണ്ട്.. ഇതും കൂടി ഇല്ലാതായാൽ ആശ്രയത്തിന് പോലും സ്വന്തമെന്ന് പറയാൻ ആരുമില്ല. അയാളൊരു തലയും വാലുമില്ലാത്ത ചൂടൻ ആണെന്നറിയാം.. എങ്കിലും അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് വേണ്ടിവന്നാൽ കാലിൽ വീണു കരയും ഞാൻ..

“മെയ് ഐ കം ഇൻ സർ”

“കേറി പോര് ടീച്ചറെ… വലിയ ചടങ്ങ് ഒന്നും വേണ്ട ” സിഗരറ്റിൻറെ ദുർഗന്ധവും മുഖത്ത് നോക്കാതെയുള്ള സംസാരവും ..മുറിയിലേക്ക് കടന്നതും മനസ്സ് മടുത്തു.

“ടീച്ചറിരിക്ക്..” പൊട്ടിത്തെറിക്ക് പകരം സൽക്കാരം കണ്ടതും വിറയൽ കൂടിവന്നു. ഒരിടത്ത് ഇരിക്കുന്നത് തന്നെയാവും ആരോഗ്യത്തിന് നല്ലത് എന്ന് മനസ്സിലാക്കിയത് കൊണ്ട് പെട്ടെന്ന് ചെന്നിരുന്നു. അയാൾ തിടുക്കത്തിൽ എന്തൊക്കെയോ പേപ്പറുകൾ തപ്പിയെടുത്തു. എൻറെ ജോലിയുടെ ക്ലൈമാക്സ്സായി ‘ ശുഭം’ എന്ന ബോർഡ് മനസ്സിൽ കണ്ടു .

“നാളെ തൊട്ട് 6th Aയിലെ ചാർജ് ടീച്ചർക്കാണ്..” ഏതോ പേപ്പറിൽ കണ്ണോടിച്ചു കൊണ്ട് പ്രസ്താവന വന്നു

ജോലി പോയിട്ടില്ലെന്ന ആശ്വാസം ഉണ്ടെങ്കിലും ഹയർസെക്കൻഡറിയിൽ നിന്നും തരംതാഴ്ത്തൽ ആണ്

“അയ്യോ സാർ” അറിയാതെ ഒരു ഗദ്ഗദം ഉയർന്നു പോയി

” ശമ്പളം ഒന്നും കുറക്കുന്നില്ല ടീച്ചറേ….കുട്ടികളെ പഠിപ്പിച്ചങ്ങ് മല മറിയ്ക്കാനുള്ള നിലവിളി ഒന്നും അല്ല ഇതെന്നൊക്കെ എനിക്കും അറിയാം.അല്ലേലുംപെണ്ണെന്ന വർഗ്ഗത്തിന് എന്നാ പണം തികഞ്ഞിട്ടുള്ളത് അല്ലേ ?..” ഇത്തവണ കൃത്യമായി എൻറെ മുഖത്തേക്ക് നോക്കി തന്നെയാണത് പറഞ്ഞത്.

മറുപടി നാവിൻതുമ്പിൽ വന്നെങ്കിലും ആദിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നത് കൊണ്ട് തല കുമ്പിട്ടു നിലത്തേക്ക് നോക്കിയിരുന്നു. തൽക്കാലം പണം തന്നെയാണ് എൻറെയും വിഷയം.

“എൻറെ മോളുടെ ക്ലാസ് ആണത്… അവൾ ഒരു പ്രത്യേക ടൈപ്പാണ്….”
അയാളുടെ ശബ്ദത്തിൽ വന്ന പതർച്ചയിൽ നിന്നും ബാക്കി പറയാൻ അയാൾ വല്ലാതെ ബുദ്ധിമുട്ടുന്നതായി തോന്നി..

“ടീച്ചർ അവളെ ഒന്നു നന്നാക്കി എടുക്കണം..അഥർവിനെ പോലെ.. .സിംഗിൾ പാരൻറിംങ്ങിൻറെ ബുദ്ധിമുട്ട് മറ്റാരെക്കാളും ടീച്ചർക്ക് മനസ്സിലാകുമല്ലോ…പണം എത്ര വേണമെങ്കിലും കൂട്ടി തരാം. .”

കേട്ട് കഴിഞ്ഞതും ഇതിലും ഭേദം ഡിസ്മിസ്സൽ ആയിരുന്നു എന്ന് തോന്നി. ടീച്ചർമാരുടെ ഇടയിലെ പേടിസ്വപ്നമാണ് അയാളുടെ തലതെറിച്ച മകൾ. അതിനെയൊന്ന് വഴക്ക് പറയുന്നത് പോയിട്ട് നേരെ നോക്കിയാൽ തന്നെ പരാതിപെട്ടിയുമായി ഇങ്ങേരുടെ അടുത്തേക്ക് ഓടും.. ഇയാൾ ആണെങ്കിൽ അതിനെ എടുത്ത് തലയിൽ കയറ്റി വെച്ചിരിക്കുകയാണ്. ആ കുട്ടിയെ എൻറെ ആദിയെ പോലെ ആക്കി എടുക്കാൻ നൂറു ജന്മം മതിയാവില്ല..

“അവളുടെ പഴയ ക്ലാസ് ടീച്ചർ ദീപയുടെ കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലേ.. ടീച്ചർക്ക്പറ്റില്ല എന്നുണ്ടോ?”..ഭീഷണിയുടെ സ്വരം… നയം വ്യക്തമാണ്.

സമ്മതം എന്നമട്ടിൽ തലകുലുക്കി. എത്രയും പെട്ടെന്ന് എന്തെങ്കിലുമൊരു പുതിയ ജോലി തേടേണ്ടി വരും എന്ന് മനസ്സിൽ കരുതി.

“എന്നാൽ ടീച്ചർക്ക് ഇന്ന് ഡ്യൂട്ടി എൻറെ വീട്ടിലാണ്. രണ്ട് ദിവസമായി മോള് സ്കൂളിൽ വരാൻ മടി കാണിക്കുന്നു..എന്തേലും പറഞ്ഞു ടീച്ചർ അവളെ സ്കൂളിൽ എത്തിക്കണം.. അതുകഴിഞ്ഞേ ടീച്ചറുടെ ശമ്പളം തരൂ”

“ശരി സാർ” കൂടുതൽ ഒന്നും പറയാതെ ഇറങ്ങി.

ക്ലാസിലെ ഓരോ കുട്ടികളുടെയും മുഖം ഓർമ്മ വന്നതും നിസ്സഹായത തോന്നി.. ആദിയെ പോലെതന്നെ പ്രിയപ്പെട്ടവരാണ് ഓരോരുത്തരും. രാത്രിയിലിരുന്നു കുത്തിക്കുറിച്ച നോട്ട്സുകൾ ഒക്കെ വെറുതെയായിരിക്കുന്നു.. ആരോട് പറയാൻ..പണത്തിലും വലിയതാണ് മനുഷ്യൻറെ ഹൃദയ വികാരങ്ങൾ എന്ന തിരിച്ചറിവുണ്ടാകുന്ന ഒരു ദിവസം ഇയാൾക്ക് വരട്ടെ .. ബാഗുമെടുത്ത് അയാളുടെ ബംഗ്ലാവിന് നേരെ നടന്നു. വിവരം പറഞ്ഞു ഷോളി ടീച്ചർക്ക് ഒരു മെസ്സേജ് അയച്ചു കൂട്ടത്തിൽ ആദിയുടെ മേലെ ഒരു കണ്ണ് വെക്കാനും..

മുന്നോട്ട് ശൂന്യത.ഒന്നോ രണ്ടോ പ്രാവശ്യം ദൂരെനിന്നും കണ്ടതല്ലാതെ ആ കുട്ടിയെ കുറിച്ച് അധികമൊന്നും അറിയില്ല.. എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു ധാരണയും ഇല്ലല്ലോ എന്നോർത്ത് നടന്നപ്പോഴാണ് ബസ്റ്റോപ്പിൽ ദീപ ടീച്ചർ നിൽക്കുന്നത് കണ്ടത്.. വലിയ പരിചയം ഒന്നും ഇല്ലെങ്കിലും അങ്ങോട്ടേക്ക് തന്നെ വെച്ച് പിടിച്ചു..

“ദീപ ടീച്ചറെ.. ഇതെന്താ പെട്ടിയും ഒക്കെ ആയിട്ട്..”

” ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്.. അടുത്തമാസം എൻറെ കല്യാണമാണ്..വിചാരിച്ചതിലും നേരത്തെ പോകാൻ പറ്റി…വിശേഷമൊക്കെ ടീച്ചർ അറിഞ്ഞില്ലേ .”

“ഞാൻ കേട്ടു..ആ കുട്ടി എങ്ങനെയാ.. അതിൻറെ സ്വഭാവം ഒക്കെ ഒന്ന് പറഞ്ഞു തരുമോ?..”

“ആഹാ.. ടീച്ചറുടെ തലയിലേക്ക് ആണോ മുൾക്കിരീടം ചാർത്തി തന്നത്.. എൻറെ ടീച്ചറെ ആ കൊച്ചിന് തലയ്ക്ക് സുഖമില്ല.. അല്ലേലും അതെങ്ങനെ നന്നാവാനാ. അങ്ങേരുടെതല്ലേ വിത്ത്.. രണ്ടും കൂടി എൻറെ തല തിന്നാൻ തുടങ്ങിയതിൽ പിന്നെ ഞാനെൻറെ ഫിയാൻ സിയോട് നന്നായിട്ട് ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല.. അതുകൊണ്ട് ഞാനവരെ രണ്ടിനെയും ഈ സ്കൂളിനെയും എല്ലാം മനസ്സിൽ നിന്നും ഇറക്കിവിട്ടു കഴിഞ്ഞു. ഏട്ടൻ ഇപ്പോൾ എന്നെ കൂട്ടാൻ വരും.. ടീച്ചർ മോനെയും ഹസ്ബൻഡ്നെയും കൂട്ടി കല്യാണത്തിന് വരണം..” തിരക്കിൽ ബാഗിൽ നിന്നും ഒരു കത്ത് എടുത്തു എൻറെ നേരെ നീട്ടുമ്പോൾ ടീച്ചറുടെ മുഖത്ത് പൗർണമി പോലെ നിലാവ് പടർന്നിരുന്നു..

കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അതെ ആശംസയർപ്പിച്ചു മുന്നോട്ടു നടക്കുമ്പോൾ അവരുടെ സന്തോഷം എന്നിലേക്കും പകർന്നു കിട്ടിയത് പോലെ.വിവാഹത്തിനായുള്ള ഒരുക്കങ്ങൾ.. മണവാട്ടിയുടെ നിറമുള്ള സ്വപ്നങ്ങൾ.. കഴിഞ്ഞുപോയ വസന്തത്തിൻറെ നനുത്ത ഓർമ്മകൾ എന്നെ വന്നു മൂടി.

********************************

“നിശ്ചയം ഒന്നും വേണ്ടെന്ന്…. എത്രയും പെട്ടെന്ന് കല്യാണം ആയിട്ട് നടത്തിയാൽ മതിയെന്നാണ് മാഷിനും ടീച്ചർക്കും.നമ്മൾക്കതങ്ങ് ഉറപ്പിക്കാം അല്ലേ അമ്മേ.”

“ആയ്ക്കോട്ടെ.. എത്രയും പെട്ടെന്ന് മീനുവിനെ ആ കുട്ടിയുടെ കയ്യിൽ ഏൽപ്പിക്കണം. ഒത്തിരി സങ്കടപ്പെടുത്തിയത എല്ലാരും കൂടി അവളെ.. അതിനൊരു പരിഹാരം ഈശ്വരൻ കണ്ടത് ഇങ്ങനെയാവും.. എല്ലാം വിധി.. അല്ലാതെന്താ.. നാളെത്തന്നെ കണിയാനെ കണ്ട് നാളും മുഹൂർത്തവും ഒക്കെ നോക്കാം..”

ചർച്ചകൾ പുരോഗമിച്ചതും ഒന്നും മിണ്ടാതെ മീനു ചേച്ചി അകത്തേക്ക് നടന്നു . ഞാനും പിന്നാലെ ചെന്നു.

“വിവാഹത്തിന് കുറച്ചുകൂടി സമയം വേണോ ചേച്ചീ…ഞാൻ സംസാരിക്കാം അച്ഛനോട്.. രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കാൻ സമയം കൊടുക്കണം എന്ന് .”

“എനിക്കയാളെ മനസ്സിലായി മാളൂ.. സംസാരിച്ചത് വെറും 10 മിനിറ്റ് ആയിരുന്നെങ്കിലും അയാളിൽ നിന്നും വന്ന വാക്കുകളിൽ സത്യം ഉണ്ടായിരുന്നു.. കണ്ണുകളിൽ സ്നേഹമുണ്ടായിരുന്നു.. എന്നെ കേൾക്കാൻ തിടുക്കം ഉണ്ടായിരുന്നു.. അയാൾക്ക് എൻറെ നല്ലപാതി ആകാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…

നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല..നിന്നോട് സംസാരിക്കുമ്പോൾ കണ്ണൻറെ മുഖത്ത് വിടരുന്നതും ഇതേ ഭാവങ്ങളാണ് മാളൂ..”

ചേച്ചി തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന മട്ടിൽ അതിശയത്തോടെ നോക്കി നിന്നു.

“രാവിലെ പോയിട്ട് പിറന്നാളുകാരനെ കണ്ടോ?..” കുസൃതിയോടെ ചോദ്യം വന്നു.

“നീ എഴുന്നേറ്റത് ഞാനറിഞ്ഞിരുന്നു..സഹായത്തിന് വരാതിരുന്നത് നിൻറെ അവകാശത്തിൽ കൈ കടത്തേണ്ട എന്ന് വെച്ചിട്ടാണ്. അവനു ഇഷ്ടപ്പെട്ടോ നിൻറെ പായസം..”

“അത് കൊടുക്കാൻ പറ്റിയില്ല ചേച്ചി.. ഇറങ്ങാൻ നേരത്ത് മുത്തശ്ശി എഴുന്നേറ്റ് വന്നു എല്ലാം കുളമാക്കി ..”

“കഷ്ടായിലോ… സങ്കടം ആയോ നിനക്ക്..”

“ഇന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ് ചേച്ചി. കണ്ണേട്ടന് ജോലി ശരിയായി. കൂടാതെ വൈകീട്ട് ഞങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാൻ അപ്പച്ചി അടക്കം എല്ലാരും കൂടി ഇങ്ങോട്ടേക്ക് വരും എന്നാണ് പറഞ്ഞത്…പിന്നെ ..അപ്പുവേട്ടനും കാണും കൂടെ.. അത് നിനക്ക് വീണ്ടും സങ്കടം ആവില്ലേ ചേച്ചി..”

“എനിക്കിപ്പോ വിഷമങ്ങൾ ഒന്നുമില്ല മാളു ..അച്ഛനും മുത്തശ്ശിയും നിങ്ങളുടെ കാര്യത്തിൽ തടസ്സം പറയാഞ്ഞാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയെ ഉള്ളൂ ..”

സത്യം പറഞ്ഞാൽ ആ ഒരു ഭാഗം ഞാൻ ഇതുവരെ ചിന്തിച്ചിരുന്നില്ല. തടസ്സം അപ്പച്ചിയുടെ ഭാഗത്തുനിന്ന് മാത്രമേ കണക്കുകൂട്ടിയിരുന്നുള്ളൂ.. വീണ്ടും ആധിയായി..

കാറ് ഗേറ്റ് കടന്നു വരുന്ന ശബ്ദം കേട്ടു. വരാന്തയിലേക്ക് ഓടിയെത്തിയതും വന്നവരെ കണ്ട് ഞെട്ടി നിൽക്കുന്ന അച്ഛനെയും മുത്തശ്ശിയെയും കണ്ടു. അപ്പച്ചി പക്ഷേ കൂസൽ ഒന്നും ഇല്ലാതെ നിറചിരിയോടെ കയറിവന്നു. അപ്പുവേട്ടനും ഭാര്യയും പരുങ്ങലോടെ ശങ്കിച്ച് പടിക്കൽ തന്നെ നിൽക്കുന്നത് കണ്ടു. കണ്ണേട്ടൻ വണ്ടി പാർക്ക് ചെയ്യുകയാണ്.

“അമൃത ആദ്യമായിട്ട് വരികയല്ലേ തറവാട്ടിലേക്ക്.. വലതുകാല് വെച്ചിട്ട് തന്നെ ആയിക്കോട്ടെ.. “മീനു ചേച്ചി ചിരിയോടെ വന്ന് അവരുടെ കൈ പിടിച്ചിരുത്തി . അത് കണ്ടതും അച്ഛൻറെയും മുത്തശ്ശിയുടെയും മുഖത്തെ സംഘർഷ ഭാവം നേരിയ തോതിൽ അയഞ്ഞു .

“മീനുവിൻറെ പെണ്ണുകാണൽ ചടങ്ങ് എന്തായി ഏട്ടാ.. ഒരു കൂട്ടര് വരുന്നുണ്ടെന്ന് ബ്രോക്കർ ഗോപാലേട്ടൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞിരുന്നു..” അപ്പച്ചി ആയിട്ട് സംഭാഷണത്തിനു തുടക്കമിട്ടു.

അച്ഛൻറെ മുഖത്ത് ഊർജ്ജം നിറയുന്നത് കണ്ടു. “എത്രയും അടുത്ത മുഹൂർത്തത്തിൽ വേണമെന്നാണ് അവർക്ക്…. നീ അറിയില്ലേ സാവിത്രി ടീച്ചറിനെ.. തറവാടിത്തത്തിൻറെ കാര്യത്തിൽ നമ്മളൊക്കെ അവരുടെ മുന്നിൽ എത്രയോ പിറകോട്ടാണ്..ഗവൺമെൻറ് കോളേജ് ലക്ചറർ ആണ് മൂത്ത മോൻ കൃതാർത്ഥ് .. അതായത് മീനുവിൻറെ ചെക്കൻ.. രണ്ടാമത്തെ മോൻ സിദ്ധാർത്ഥ് ഡോക്ടറാണ്..”

അച്ഛൻ അഭിമാനത്തോടെ പൊലിപ്പിച്ച് ആണ് പറയുന്നത്. എല്ലാം കേട്ടുകൊണ്ട് കണ്ണേട്ടൻ കയറിവന്ന് മുത്തശ്ശിയുടെ അടുത്തായി തിണ്ണയിലിരുന്നു. അടുത്തു നിൽക്കുന്ന എന്നെ ഒന്ന് നോക്കിയത് കൂടിയില്ല..

“സിദ്ധുവിനെ എനിക്ക് നന്നായറിയാം .. ഞങ്ങളുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്… പോരാത്തതിന് അവൻറെ ട്രീറ്റ്മെൻറ്ലാണ് അമൃത.. ആള് മിടുക്കനാ..” അപ്പുവേട്ടൻ സന്തോഷത്തോടെ കൂട്ടിച്ചേർത്തു.

കേട്ട് കഴിഞ്ഞതും അപ്പച്ചിയുടെ മുഖത്ത് നേരിയൊരു മങ്ങൽ വന്നു. “കണ്ണന് ബാങ്കിൽ ജോലി ശരിയായി അമ്മേ.. തിങ്കളാഴ്ച മുതൽ പോയി തുടങ്ങണം അവന് ..” പറഞ്ഞത് മുത്തശ്ശിയോട് ആണെങ്കിലും അപ്പച്ചി ഒളികണ്ണിട്ട് ഒപ്പിയെടുക്കുന്നത് അച്ഛൻറെ പ്രതികരണങ്ങളാണ്..

“നന്നായി കണ്ണാ.. അല്ലെങ്കിലും ഇവൾക്ക് ഇല്ലാത്ത ഗുരുത്വം നിനക്കുണ്ട്. എന്തൊക്കെ സംഭവിച്ചിട്ടും നീ ഒരുത്തൻ മാത്രമേ ഇങ്ങോട്ടേക്ക് ഉള്ള വഴി മറക്കാതിരുന്നിട്ടുള്ളൂ.” മുത്തശ്ശി അപ്പച്ചിയെ കിട്ടിയ ചാൻസിൽ തളർത്തുകയാണ്..

“മീനുവിൻറെ കാര്യങ്ങളൊക്കെ ശരിയായ സ്ഥിതിക്ക് കണ്ണൻറെയും മാളുവിൻറെതും കൂടെ ഇക്കൂട്ടത്തിൽ നടത്തിയാലോ അളിയാ…പണ്ടേ നമ്മൾ പറഞ്ഞു വെച്ചതല്ലേ ഇവരുടെ കാര്യം…” അപ്പച്ചി ഏറ്റെടുത്ത് കുളമാക്കണ്ട എന്ന് കരുതിയാവും ചന്ദ്രൻ മാമ നേരിട്ട് ചോദിച്ചത്..

അച്ഛൻറെ മുഖത്ത് സമ്മിശ്ര വികാരങ്ങൾ തെളിഞ്ഞുവന്നു. മാമനോട് മറുപടി പറയാൻ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.

“പഴയതൊക്കെ അങ്ങനെ തന്നെ വേണമോ എന്ന് അമ്മ തീരുമാനിക്കട്ടെ..” ഇത്തിരി നേരം കഴിഞ്ഞ് മറുപടി വന്നു.

എൻറെയും കണ്ണേട്ടൻറെയും നോട്ടങ്ങൾ തമ്മിൽ കൊരുത്തു.. വാശി തീർക്കാൻ ആണെങ്കിൽ നഷ്ടങ്ങൾ ഞങ്ങൾക്ക് മാത്രമാകും. യാചനയോടെ ഞങ്ങൾ ഇരുവരും മുത്തശ്ശിയെ നോക്കി. എല്ലാ കണ്ണുകളും മുത്തശ്ശിയിലേക്ക് തന്നെ..

“കുട്ടികളെ സങ്കടപ്പെടുത്താതെ അതങ്ങ് നടത്തി കൊടുത്തേക്ക് വാസു. രണ്ടാളും എൻറെ മടിയിൽ കിടന്ന് വളർന്ന കുട്ടികളല്ലേ. അവരുടെ കൂടെ കണ്ണീര് കാണാൻ വയ്യ…”

അച്ഛൻറെ മുഖത്തെ ആശ്വാസം കണ്ടതും അച്ഛന് വേണ്ടി യിരുന്ന മറുപടി തന്നെയാണ് മുത്തശ്ശി കൊടുത്തത് എന്ന് മനസ്സിലായി. പിണക്കങ്ങൾ ഒക്കെ മാറി എല്ലാവരിലും പണ്ട് ഉണ്ടായിരുന്നത് പോലെ സന്തോഷം. അറിയാവുന്ന ഈശ്വരന്മാരെയൊക്കെ വിളിച്ചു മനസ്സുകൊണ്ട് നന്ദിപറഞ്ഞു.

“പോയി ചായ കൊണ്ട് വരൂ മാളൂ..” അത് പറഞ്ഞു മുഖം തരാതെ മുറ്റത്തേക്കിറങ്ങിയതും അച്ഛന് കരച്ചിൽ വരുന്നു എന്ന് തോന്നി.. ചന്ദ്രൻ മാമയും അച്ഛൻറെ പുറകേ പോകുന്നത് കണ്ടു.

“ചായ ഞാൻ ഉണ്ടാക്കാം.. മോൾ അവൻറെ അടുത്തു ചെന്ന് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്ക്…” എന്നെയൊന്ന് വാത്സല്യത്തോടെ തലോടിയിട്ട് അപ്പച്ചി അടുക്കളയിലേക്ക് നടന്നു.. മിനു ചേച്ചിയും അപ്പച്ചിയുടെ പുറകെ ചെന്നു..

അപ്പുവേട്ടൻ ഭാര്യയെ മുത്തശ്ശിക്ക് പരിചയപ്പെടുത്തുന്നുണ്ട്. മുത്തശ്ശി തലയിൽ കൈവച്ച് അനുഗ്രഹിച്ച് വിശേഷങ്ങളൊക്കെ ചോദിക്കുന്നു . എല്ലായിടത്തും മഞ്ഞ് ഉരുകുന്ന കാഴ്ചകൾ .

ഞാൻ കണ്ണേട്ടൻറെ അടുത്തേക്ക് സന്തോഷത്തോടെ ചെന്നതും ദേഷ്യത്തിൽ അവിടെ കിടന്ന പത്രമെടുത്ത് നിവർത്തി അതിലേക്ക് മുഖം താഴ്ത്തി കളഞ്ഞു..രാവിലെ ചോദിച്ചത് കൊടുക്കാത്തതിന് പകരം വീട്ടിയതാണ് ..

പിണക്കം ആണെങ്കിൽ അവിടെയിരുന്നു പത്രത്തിലുള്ളത് പഠിക്കട്ട… രാവിലെ യാത്ര പറയാതെ ഓടിപ്പോന്നത് മനപൂർവ്വം ആയിരുന്നില്ല എന്ന് മനസ്സിലാക്കി കൂടെ..ചെറുപ്പം മുതലേ ഉള്ളതാ.. എന്തെങ്കിലും ഒന്ന് മനസ്സിൽ കണ്ടാൽ പിന്നെ അത് നടത്തി കിട്ടുന്നതുവരെ എന്നോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നത്..എനിക്കും ഉണ്ട് സങ്കടവും വികാരങ്ങളും.. നോക്കിക്കോ ഞാനിനി പിറകേ വരില്ല..

അപ്പച്ചി ചായകുടിക്കാൻ വിളിച്ചിട്ടും പോകാൻ തോന്നിയില്ല. വേണ്ടെന്നു പറഞ്ഞു .മിനു ചേച്ചിയും അമൃത ചേച്ചിയും നല്ല കൂട്ടായതുപോലെ സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞതും അപ്പുവേട്ടൻ അകത്തേക്ക് വന്നു കിച്ചു ഏട്ടനെ പറ്റിയൊക്കെ അവളോട് ചോദിക്കുന്നത് കേട്ടു. അവളാണെങ്കിൽ കുടുംബക്കാരെ പറ്റി മൊത്തം വിശേഷവും പറയുന്നുണ്ട്.എനിക്കെന്തോ മീനു ചേച്ചിയോട് വല്ലാത്ത ദേഷ്യം തോന്നി.. എത്ര പെട്ടെന്നാണ് അവൾ അവരോട് പൊറുത്തു കൊടുത്തത്.

ചേച്ചിയും ഞാനും ഒരേ വീട്ടിലേക്ക് ആണല്ലോ വിവാഹം കഴിച്ച് എത്തുന്നത് എന്നതായിരുന്നു പണ്ടേയുള്ള ആശ്വാസം. അപ്പച്ചിയോടൊത്ത് അവളും ചേർന്നായിരുന്നു എൻറെ സ്വപ്നങ്ങളിൽ എല്ലാം ആരതി ഉഴിഞ്ഞ് എന്നെ കയറ്റാറുള്ളത് .അവളുടെ സ്ഥാനത്ത് ഏടത്തി അമ്മയായി അമൃത ചേച്ചിയെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല . അവരില്ലായിരുന്നുവെങ്കിൽ വിവാഹത്തോടെ ചേച്ചിയും ഞാനും രണ്ടിടത്തായി രണ്ട് വീടുകളിലേക്ക് പോകേണ്ടി വരില്ലായിരുന്നു .. ചേച്ചിയെ പിരിയേണ്ടി വരുന്നതോർത്ത് മനസ്സിൽ സങ്കടം നിറഞ്ഞു വന്നു…

കുറച്ചുനേരം അങ്ങനെ നിന്നതും പുറകിൽ ആളനക്കം തിരിച്ചറിഞ്ഞു. തിരിഞ്ഞു നോക്കാൻ തോന്നിയില്ല.

“ടീ പെണ്ണേ.. ഇനിയെങ്കിലും ഒരു പൊടിക്ക് ബഹുമാനം തന്നൂടെ നിനക്ക്.. എത്ര കാലത്തിനു ശേഷമാണ് ഞാനീ മുറിയിൽ മുട്ടു വിറക്കാതെ കയറുന്നത് എന്നറിയോ നിനക്ക് ? . ഇനിയും എന്നെ ഇങ്ങനെ പിറകിൽ നിർത്തണോ.. “

“ഞാൻ മിണ്ടാൻ വന്നപ്പോൾ കണ്ണേട്ടൻ ചുമ്മാ ഷോ കാണിച്ചതിനു കുഴപ്പമൊന്നുമില്ല.. എപ്പോഴും തോറ്റു തരുന്നതിൻറെ കുഴപ്പമാണിത്.. ഒരു കാര്യം നല്ല പോലെ കേട്ടോ.. അങ്ങോട്ട് വന്ന് പിണക്കം തീർക്കുന്ന പരിപാടിയൊക്കെ മാളു ഇന്നത്തോടെ നിർത്തി.”

“ആഹാ.. കെട്ടുറപ്പിച്ചതും ഇങ്ങനെയൊക്കെ ആയോ കാര്യങ്ങൾ .. അപ്പൊ പിന്നെ കെട്ടി കഴിഞ്ഞാൽ എൻറെ അവസ്ഥ എന്താകും ദൈവമേ..”

“ഇതിലും ഭീകരമായിരിക്കും.. ആ ഒരു പേടി ഇപ്പോഴേ ഉണ്ടാകുന്നത് നല്ലതാ…”

“ആർക്കാ പേടി വേണ്ടതെന്ന് ഞാൻ ഇപ്പോൾ കാണിച്ചുതരാം…” അതും പറഞ്ഞു കണ്ണേട്ടൻ എൻറെ അടുത്തേക്ക് നീങ്ങി വന്നു. തമ്മിലുള്ള അകലം കുറഞ്ഞു വന്നതും ധൈര്യമൊക്കെ ചോർന്നുപോയി.

“മാളൂട്ടി..” ആർദ്രതയുള്ള വിളിയെത്തി. പിന്തിരിഞ്ഞ് നോക്കിയതും കണ്ണുകളിലെ കറുത്ത ഗോളങ്ങളിൽ ഞാൻ നിറഞ്ഞു നിൽക്കുന്നു. ചെവിയോരം വന്ന് പതിയെ പറഞ്ഞു തുടങ്ങി.

“നാളെ രാവിലെ ഞാൻ പോകും.. രണ്ടാഴ്ച കഴിയും തിരിച്ചു വരാൻ.. ആദ്യമായിട്ടല്ലേ നമ്മൾ ഇത്രയും ദിവസം പിരിഞ്ഞു നിൽക്കേണ്ടി വരുന്നത്. . എല്ലാവരെയും ഇങ്ങനെ സന്തോഷത്തോടെ ഒരുമിച്ചു കാണുമ്പോൾ എന്തോ.. നിങ്ങളെയൊന്നും വിട്ടുപോകാൻ മനസ്സ് വരുന്നില്ല…”

“നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ ഒന്നൊന്നായി നടന്നു കിട്ടുകയല്ലേ കണ്ണേട്ടാ.. ഇത്രയും കാലം ജോലി ഇല്ലാഞ്ഞിട്ട് ആയിരുന്നു സങ്കടം.. പിന്നെന്താ ഇപ്പോൾ ഇങ്ങനെ ?..എൻറെ എക്സാം കഴിയുന്നതുവരെ കണ്ണേട്ടൻ വിട്ടു നിൽക്കുന്നത് തന്നെയാണ് നമ്മൾ രണ്ടാൾക്കും നല്ലത്.. അങ്ങനെ കരുതിയാൽ മതി… പിന്നെ നാളെ രാവിലെ നമ്മുടെ അമ്പലത്തിൽ തൊഴുതിട്ടെ പോകാവൂ..”

” എല്ലാം ഉത്തരവു പോലെ ചെയ്തേക്കാം.. സ്വപ്നം കാണാതെ ഇരുന്ന് പഠിച്ചോളണം..പിന്നെ ഒരു കാര്യം ..നിൻറെ ആഗ്രഹങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ.എൻറെതും നടന്ന് കിട്ടുന്ന ഒരു ദിവസം വരും.”

കണ്ണേട്ടൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും ഞാൻ കയ്യിൽ പിടിച്ചു. പെരുവിരലിൽ ഊന്നി നിന്ന് മുഖം താഴ്ത്തി കവിളിൽ ചുണ്ടുകൾ ചേർത്തു.

ഭ്രാന്തമായ ആവേശത്തോടെ കണ്ണേട്ടനെൻറെ മുഖം കൈകളിൽ കോരിയെടുത്തു..നെറ്റിതടങ്ങളിൽ.. കണ്ണുകളിൽ.. കവിളുകളിൽ.. അധരങ്ങളിൽ..ഉയർന്നുതാഴുന്ന ശ്വാസ നിശ്വാസങ്ങളിലൂടെ ഞങ്ങൾ പ്രണയത്തിൻറെ പുതു ഭാവങ്ങളറിഞ്ഞു.

തുടരും…