തിരുത്തലുകൾ – എഴുത്ത്: രമ്യ വിജീഷ്
“അയ്യേ അച്ഛമ്മ എന്നെ തൊടണ്ട.. എനിക്കച്ഛമ്മയെ ഇഷ്ടം അല്ല.. അച്ഛമ്മയുടെ മേലാകെ എണ്ണയുടെയും കുഴമ്പിന്റെയും മണമാ….എനിക്കതു വെറുപ്പാണ് “
കൊച്ചുമകൻ നന്ദുവിന്റെ വാക്കുകൾ ഭവാനിയമ്മയെ കുത്തിനോവിച്ചു…
“അങ്ങനെ പറയല്ലേ നന്ദുട്ടാ.. അച്ഛമ്മയുടെ പോന്നു മോൻ അച്ഛമ്മക്ക് ഒരുമ്മ തരുന്നേ “
ഉണ്ടായ വിഷമം മറച്ചു വച്ചുകൊണ്ടവർ വീണ്ടും കെഞ്ചി..
“ഈ അച്ഛമ്മക്ക് പറഞ്ഞാലും മനസിലാവില്ലേ.. എനിക്കു പഠിക്കാൻ ഒരുപാട് ഉണ്ട്.. ഞാൻ പോണു “
അവൻ വീണ്ടും അങ്ങനെ തന്നെ പറഞ്ഞുകൊണ്ടു അകത്തേക്കു പോയി…
എല്ലാം കേട്ടുകൊണ്ട് നിൽക്കുവായിരുന്നു നന്ദുവിന്റെ അമ്മ മാലിനി..
” നന്ദു ” അവൾ നീട്ടി വിളിച്ചു…
അമ്മയുടെ ശബ്ദം കേട്ട് അവൻ ഓടിയെത്തി…
” നന്ദു നീ അച്ഛമ്മയോടെന്തൊക്കെയാണ് പറഞ്ഞത്… “
“അതു… അതു… അമ്മേ “….അവന്റെ വാക്കുകൾ മുറിഞ്ഞു…
” മോനെ അച്ഛമ്മയോട് അങ്ങനെ ഒന്നും പറയരുത് കേട്ടോ….അച്ഛമ്മയാണ് നിന്റെ ഈ അമ്മയെ വിളക്ക് തന്നു ഈ വീട്ടിലേക്കു കയറ്റിയത്… ചെറിയ ചെറിയ ഉപദേശങ്ങൾ തന്നു അമ്മയെ നല്ലൊരു കുടുംബിനി ആക്കിയത്.. നല്ല ഭക്ഷണം ഉണ്ടാക്കാൻ അമ്മയെ പഠിപ്പിച്ചത്… നീയുണ്ടാകാൻ നോമ്പ് നോറ്റത്… നിനക്കു നല്ല ആരോഗ്യം ഉണ്ടാവാൻ നല്ല ഭക്ഷണം ഉണ്ടാക്കി തന്നത്… നിന്നെ ആദ്യമായി കയ്യിൽ വാങ്ങിയത്… അമ്മയ്ക്കും മുന്നേ നിന്നെ താരാട്ട് പാടിയത്…കൈകാലുകൾ വലിച്ചു നീട്ടി നിന്നെ കുളിപ്പിച്ചത്… നിന്നെ കഥകൾ പറഞ്ഞു ഉറക്കിയത്.. അമ്പിളി മാമനെ കാട്ടി തന്നു നിന്നെ ഊട്ടിയത്.. നിനക്കു പനി വന്നപ്പോൾ തല്ലിയലച്ചു കരഞ്ഞത്….. “
മാലിനി അതു പറഞ്ഞു തീരുമ്പോളേക്കും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
അവൻ ഓടിചെന്നു അച്ഛമ്മയെ കെട്ടിപിടിക്കുമ്പോൾ മാലിനിയുടെ കണ്ണുകളും നിറഞ്ഞിരുന്നു….
സ്വന്തം മക്കളുടെ തെറ്റുകൾ തിരുത്തി അവരെ നേർവഴി നടത്തുവാൻ ഒരമ്മക്ക് കഴിയും