അച്ഛൻ
എഴുത്ത്: ഹക്കീം മൊറയൂർ
===============
‘ആ തെ ണ്ടി ഇന്നും അവിടെ ഇരിപ്പുണ്ട് ‘.
ബസ് കാത്തു നിൽക്കുന്ന തങ്ങളെ തന്നെ നോക്കി ഇരിക്കുന്ന ആ മധ്യ വയസ്കനെ നോക്കി കൊണ്ട് രാധിക ജാസ്മിയോട് പറഞ്ഞു. അയാൾ ഇടക്കിടെ നാലു ഭാഗത്തേക്കും അലക്ഷ്യമെന്ന ഭാവത്തിൽ നോക്കുന്നുണ്ട്.
‘ഇങ്ങനെയും ഓരോ കാ മ ഭ്രാന്തന്മാർ. അടുത്തൊന്നും ആരുമില്ലെങ്കിൽ കാണാമായിരുന്നു അയാളുടെ തനി സ്വഭാവം’.
പേടിയോടെ ജാസ്മി പറഞ്ഞു. ടൗണിലെ പ്രശസ്തമായ ഒരു സൂപ്പർ മാർക്കറ്റിലാണ് അവർ ജോലി ചെയ്യുന്നത്. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് ജോലി. എട്ട് മണിക്ക് ഇറങ്ങിയാൽ ബസ്സ്റ്റോപ്പിലേക്ക് നൂറു മീറ്ററോളം നടക്കാനുണ്ട്. ആ ഭാഗങ്ങളിൽ ആളുകൾ കുറവാണ്. പലപ്പോഴും ആ സമയത്ത് നാലോ അഞ്ചോ യാത്രക്കാർ മാത്രമാണ് അവിടെ ഉണ്ടാവുക.
ഒന്നര വർഷത്തോളമായി അവർ അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ആ ഒന്നര വർഷവും ബസ് സ്റ്റോപ്പിന് തൊട്ടപ്പുറത്തെ കടത്തിണ്ണയിൽ യാത്രക്കാരെ നോക്കി കൊണ്ട് അയാൾ ഇരിക്കുന്നത് അവർ കാണാറുണ്ട്. ആദ്യമൊക്കെ അയാളുടെ നോട്ടം അവർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. പിന്നീട് അത് ഒരു ശീലമായി. എങ്കിലും ആരും ഇല്ലാത്ത ഒരു അവസ്ഥയിൽ അയാൾ കയ്യേറ്റത്തിന് മുതിരുമോ എന്നൊരു പേടി അവർക്ക് ഉണ്ടായിരുന്നു.
പിറ്റേന്നു രാധിക തനിച്ചായിരുന്നു. ജാസ്മി എന്തോ അത്യാവശ്യമായി വൈകുന്നേരം തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ആദ്യമായാണ് രാധിക തനിച്ചു ആ നേരത്ത് തിരിച്ചു പോവുന്നത്.
അന്ന് പക്ഷെ ബസ് സ്റ്റോപ്പും പരിസരവും വിജനമായിരുന്നു. ബസ് സ്റ്റോപ്പിന് സമീപം അയാളും ഉണ്ടായിരുന്നില്ല. രാധികക്ക് എന്തോ അകാരണമായ ഒരു ഭീതി ഉള്ളിൽ നിറഞ്ഞു.
പെട്ടെന്നാണ് അവളെ കടന്നു പോയ ഒരു കാർ കുറച്ചു മുന്നിലായി നിർത്തിയത്. അത് സാവധാനം പിന്നോട്ട് വന്നു ബസ് സ്റ്റോപ്പിന് മുന്നിലായി നിർത്തി.
‘വരുന്നോ?’.
ഒരു വഷളൻ ചിരിയോടെ ഡ്രൈവർ തല പുറത്തേക്കിട്ട് അവളോട് ചോദിച്ചു. അയാളുടെ കണ്ണുകൾ നിമിഷ നേരം കൊണ്ട് തന്നെ കോരി കുടിക്കുന്നത് അവൾ അറിഞ്ഞു. ഡ്രൈവറുടെ പിന്നാലെ രണ്ട് പേര് കൂടെ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു.
‘എത്രയാ മോളുടെ റേറ്റ്?’.
ദേഹമാസകലം പുഴുവരിക്കുന്നത് പോലെയാണ് രാധികക്ക് തോന്നിയത്. അലറി കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ആരുമില്ലെന്ന സത്യം അവളെ പ്രകമ്പനം കൊള്ളിച്ചു.
അവൾ പതിയെ പിന്നോട്ട് മാറി. കുറച്ചു ദൂരെ വെളിച്ചം കാണുന്ന കെട്ടിടത്തിന് നേരെ ഓടാനായിരുന്നു അവളുടെ തീരുമാനം. അത് മനസ്സിലാക്കിയ പോലെ ഒരാൾ ഓടാനാഞ്ഞ അവളുടെ കയ്യിൽ പിടികൂടി. അലറി കരയാൻ തുടങ്ങിയ അവളുടെ വായ അയാൾ പൊത്തി പിടിച്ചു. ശ്വാസം കിട്ടാതെ പിടയുന്ന അവളെ അവർ കാറിലേക്ക് വലിച്ചു കയറ്റി.
അപ്പോഴാണ് ഇരുട്ടിൽ നിന്നും ഒരു കരിങ്കൽ കഷ്ണം പറന്നു വന്നു മുൻവശത്തെ ഗ്ലാസ് തകർത്തത്. തൊട്ട് പിന്നാലെ ഭ്രാന്തനെ പോലെ ഒരാൾ അലറി കൊണ്ട് ഓടി വന്നു. അയാളുടെ കയ്യിൽ ഒരു ഇരുമ്പ് വടി ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് അയാൾ എല്ലാവരുടെയും തല ആ ദണ്ഡ് കൊണ്ട് അടിച്ചു പൊളിച്ചു. അത് എന്നും തങ്ങളെ നോക്കി നിൽക്കുന്ന അയാളാണെന്നു രാധികക്ക് മനസ്സിലായി.
അപ്പോഴേക്കും അത് വഴി വന്ന രണ്ട് മൂന്ന് വാഹനങ്ങൾ നിർത്തി. കാര്യം അറിഞ്ഞപ്പോൾ അവർ എല്ലാവരും കൂടെ അവരെ കൈകാര്യം ചെയ്തു. പോലീസിന്റെ സഹായത്തോടെ രാധിക വീട്ടിലെത്തി.
പിന്നീട് രണ്ട് മൂന്ന് ദിവസത്തേക്ക് രാധികയും ജാസ്മിയും അയാളെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോഴാണ് അയാളെ കുറിച്ചുള്ള കാര്യങ്ങൾ അവർക്ക് മനസ്സിലായത്.
അഞ്ചു വർഷമായി മാനസിക വിഭ്രാന്തിയുള്ള അയാൾ എല്ലാ രാത്രിയിലും ഉറങ്ങാതെ ആ കടത്തിണ്ണയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരെ ഉറ്റു നോക്കി കൊണ്ട് ഇരിക്കാറുണ്ട്.
അതിനൊരു കാരണവും ഉണ്ട്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് അത് പോലുള്ള ഒരു രാത്രിയിലാണ് അതെ സ്ഥലത്തു വെച്ച് അയാളുടെ ഏക മകളെ ആരോ തട്ടി കൊണ്ട് പോയത്. ഭാര്യയുടെ മരണ ശേഷം അവൾക്കു വേണ്ടി ഒരു കല്യാണം പോലും കഴിക്കാതെ അയാൾ ജീവിക്കുകയായിരുന്നു. പിന്നീട് അവളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അത് പക്ഷെ അയാളുടെ ഉപബോധ മനസ്സ് അംഗീകരിച്ചിട്ടില്ല. ഇന്നും ഒരിക്കലും തിരിച്ചു വരാത്ത മോൾക്ക് വേണ്ടി അയാൾ രാത്രി മുഴുവൻ ആ കടത്തിണ്ണയിൽ ഉറക്കമൊഴിച്ചു കാത്തിരിക്കുന്നു.
അറിയാതെ അയാളെ തെറ്റിദ്ധരിച്ചു പോയതിൽ രാധികയുടെ കണ്ണുകൾ നിറഞ്ഞു. പിറ്റേന്നു ജോലി കഴിഞ്ഞു പോരുമ്പോൾ രാധിക അയാളെ കണ്ടു. രാധികയെ കണ്ടപ്പോൾ കൊച്ചു കുട്ടികളെ പോലെ അയാൾ പുഞ്ചിരിച്ചു. രാധികയുടെ ചോദ്യങ്ങൾ ഒന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല.
അന്ന് പക്ഷെ രാധികക്ക് അയാളെ കണ്ടപ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം തോന്നി. അയാളുടെ നോട്ടത്തിന്റെ അർത്ഥം അവളുടെ ഹൃദയം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
ഹക്കീം മൊറയൂർ