അത് തന്നെയാണ് എൻ്റെയും സംശയം, കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുളളു, അതിനുള്ളിൽ ഇങ്ങനെയൊരു സുവർണ്ണാവസരം…

Story written by Saji Thaiparambu

============

നിങ്ങളറിഞ്ഞോ…? നീതുവും ബാലുവും സിംഗപ്പൂർക്കുള്ള ഹണിമൂൺ ട്രിപ്പ് ക്യാൻസല് ചെയ്തെന്ന്…?

ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് സുലോചന ചോദിച്ചു

ങ്ഹേ അതെന്താ അങ്ങനെ? അവര് വേറെ രാജ്യത്തേയ്ക്ക് വല്ലതുമാണോ പോകുന്നത്?

അവര് എങ്ങോട്ടും പോകുന്നില്ലെന്ന് ,തീരുമാനം നീതുവിൻ്റെയാണ്, അവളുടെ അച്ഛൻ കൊടുത്ത് വിട്ട സിംഗപ്പൂരിനുള്ള ഫ്ളെയ്റ്റ് ടിക്കറ്റ്, കൊണ്ട് വന്ന ഡ്രൈവറുടെ കൈയിൽ തന്നെ തിരിച്ച് കൊടുത്ത് വിട്ടു

അതെയോ? എങ്കിൽ നീതുവിൻ്റെയും ബാലുവിൻ്റെയും ഇടയിൽ കാര്യമായ എന്തെങ്കിലും അഭിപ്രായ വ്യത്യസങ്ങളുണ്ടായിക്കാണും

അത് തന്നെയാണ് എൻ്റെയും സംശയം ,കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുളളു ,അതിനുള്ളിൽ ഇങ്ങനെയൊരു സുവർണ്ണാവസരം വേണ്ടെന്ന് വയ്ക്കാനും മാത്രമുള്ള എന്ത് പിണക്കമായിരിക്കും അവർക്കിടയിലുണ്ടായത് ?

മകൻ്റെയും ,മരുമകളുടെയും ഇടയിലുണ്ടായ സൗന്ദര്യപ്പിണക്കം ആ ദമ്പതികളുടെ മനസ്സിൽ ആശങ്കയുണ്ടാക്കി.

****************

ശുദ്ധ മണ്ടത്തരമാണെന്നേ ഞാൻ പറയു, നീതുവിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, എപ്പോൾ സിംഗപ്പൂരെത്തിയെന്ന് ചോദിച്ചാൽ മതി ,ബാക്കി വഴക്കൊക്കെ അവിടെ ചെന്നിട്ടുമാകാമല്ലോ? ഈ ഹണിമൂൺ ട്രിപ്പൊന്നൊക്കെ പറയുന്നത്, കല്യാണം കഴിഞ്ഞ് ആദ്യ കുറെ നാളുകളിൽ വീണ് കിട്ടുന്ന ഒരു സൗഭാഗ്യമാണ് , കുറെ നാള് കഴിഞ്ഞ് കുട്ടികളും പ്രാരാബ്ദവുമൊക്കെ ആയിക്കഴിയുമ്പോൾ, പിന്നെ അതൊന്നും നടന്നെന്ന് വരില്ല, എന്നാലും എൻ്റെ ഈശ്വരാ …എറിയാൻ അറിയുന്നവൻ്റെ കയ്യിൽ നീ വടി കൊടുക്കില്ലല്ലോ ?

ബാലുവിൻ്റെ ചേട്ടത്തി രേഷ്മ ,തൻ്റെ ഭർത്താവ് മനോജിനോട് ,നിരാശയോടെ പറഞ്ഞു

എന്നാലും എന്തായിരിക്കുമെടി, നീതു ഇത്ര കടുത്ത തീരുമാനമെടുക്കാനുള്ള കാരണം?

ആഹ് ആർക്കറിയാം, അത് പോട്ടെ, നമ്മുടെ ഫാമിലി ട്രിപ്പിനുള്ള വണ്ടി , നിങ്ങള് ബുക്ക് ചെയ്തോ ?അവര് സിംഗപ്പൂര് പോകുമ്പോൾ നമുക്കെല്ലാവർക്കും കൂടി മൂന്നാറ് പോകാമെന്ന് നിങ്ങള് പറഞ്ഞതല്ലേ?

ഓഹ് അതൊക്കെ ചെയ്തെടി, ആ രമേശൻ്റെ ടെമ്പോ ട്രാവലറാണ് ബുക്ക് ചെയ്തത് ,ശനിയാഴ്ച രാവിലെ അവൻ വണ്ടിയുമായി ഇങ്ങെത്തും ,അച്ഛനും , അമ്മയും ,യമുനയും ഭർത്താവും, പിന്നെ മുത്തശ്ശിയുമൊക്കെ ആയിട്ട് നമ്മള് പത്ത് പന്ത്രണ്ട് പേരുണ്ടാവില്ലേ? അത് കൊണ്ടാണ് വലിയ വണ്ടി തന്നെ ബുക്ക് ചെയ്തത് അക്കാര്യത്തിൽ നീ വിഷമിക്കണ്ട ,പക്ഷേ ബാലുവും, നീതുവും ഇങ്ങനെ പിണങ്ങി നില്ക്കുമ്പോൾ നമ്മളെങ്ങനെ സന്തോഷത്തോടെ ടൂറ് പോകുമെന്നാണ് എൻ്റെ വിഷമം

ഓഹ് ഇനി അവരുടെ പിണക്കവും നോക്കി നിന്നാൽ നമ്മുടെ പോക്ക് നടക്കില്ല ,എത്ര നാള് കൂടിയിരുന്നാണ് ഒന്ന് കറങ്ങാൻ അവസരം കിട്ടുന്നതെന്നറിയാമോ ?അവരുടെ പിണക്കത്തിന് കാരണം നമ്മളാരുമല്ലല്ലോ?

ഉം അതും ശരിയാണ്

മനോജ് തൻ്റെ ഭാര്യയുടെ അഭിപ്രായത്തോട് യോജിച്ചു.

**********************

പക്ഷേ ,ശനിയാഴ്ച പുലർച്ചെ ടൂറ് പോകാനുള്ള വാഹനം മുറ്റത്തെത്തിയപ്പോൾ അതിൽ ആദ്യം കയറിയിരുന്നത് ബാലുവും നീതുവുമായിരുന്നു. അത് കണ്ട് മറ്റുള്ളവരൊക്കെ അവരെ അമ്പരപ്പോടെ നോക്കി

അല്ലാ നിങ്ങളെന്താ വണ്ടിയിൽ കയറിയിരിക്കുന്നത് ?

രേഷ്മ ജിജ്ഞാസയോടെ ചോദിച്ചു.

അതെന്താ ഞങ്ങള് നിങ്ങളോടൊപ്പം കറങ്ങാൻ വരുന്നത്, ഏട്ടത്തിക്ക് ഇഷ്ടമല്ലേ?

നീതു ,രേഷ്മയോട് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു

അല്ല നിങ്ങളല്ലെ പറഞ്ഞത് എങ്ങോട്ടും ടൂറ് പോകുന്നില്ലന്ന്

മനോജ് ആശ്ചര്യത്തോടെ ചോദിച്ചു.

അത് ഞങ്ങള് മാത്രമായിട്ട് എങ്ങോട്ടും പോകുന്നില്ലെന്നാണ് പറഞ്ഞത്, നിങ്ങളെല്ലാവരുമുണ്ടെങ്കിൽ ലോകത്തിൻ്റെ ഏത് കോണിലേക്ക് വേണമെങ്കിലും ഞങ്ങള് വരും

നീതുവിൻ്റെ മറുപടി കേട്ട് എല്ലാവർക്കും അത്ഭുതമായി

എന്നാലും എൻ്റെ നീതു , ലോകത്താദ്യമായിട്ടായിരിക്കും ഒരു പെൺകുട്ടി ,സ്വന്തം ഭർത്താവിനൊപ്പം ഹണിമൂൺ ട്രിപ്പിന് പോകാൻ താല്പര്യമില്ലെന്നും ,ഭർത്താവിൻ്റെ വീട്ടുകാരുമായി ടൂറ് പോകുന്നതാണിഷ്ടമെന്നും പറയുന്നത്, നിനക്കെന്താ വട്ടുണ്ടോ ?ഞങ്ങളൊക്കെ കരുതിയത്, നീയും ബാലുവും തമ്മിൽ എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായത് കൊണ്ടാണെന്നാണ്

ബാലുവിൻ്റെ അമ്മ അവിശ്വസനീയതയോടെ പറഞ്ഞു .

സ്നേഹമുള്ള ഭാര്യയും ഭർത്താവുമാണെങ്കിൽ ഹണിമൂൺ അലോഷിക്കാൻ സിംഗപ്പൂരോ , സ്വിറ്റ്സർലണ്ടിലോ ഒന്നും പോകണമെന്നില്ല അതിന് , സ്വന്തം കിടപ്പ് മുറി തന്നെ ധാരാളമാണ്, പക്ഷേ ജീവിതത്തിലിന്ന് വരെ , അച്ഛനും , അമ്മയും, മുത്തശ്ശിയും സഹോദരങ്ങളുമൊക്കെയായി ഒരു യാത്ര പോലും പോകാൻ കഴിയാത്ത എന്നെ പോലെയുള്ള, പെൺകുട്ടികൾക്ക്‌ ,ഹണിമൂൺ ട്രിപ്പിനെക്കാൾ സന്തോഷം നല്കുന്നത് ഇത്തരം ട്രിപ്പുകളാണ് ,  നിങ്ങൾക്കറിയുമോ? ബിസ്നസ്മാനായ അച്ഛൻ്റെയും ,ഞായറാഴ്ചകളിൽ മാത്രം വീട്ടിൽ വരുന്ന ഉദ്യോഗസ്ഥയായ അമ്മയുടെയും ഏകമകളായി ജനിച്ച്പോയത് കൊണ്ട് , എനിക്കൊരിക്കലും നീതുവേച്ചിയേയും ,
യമുനേച്ചിയേയും പോലെ കല്യാണത്തിന് മുമ്പ് ഒരു ഫാമിലി ട്രിപ്പ് പോകാനും കഴിഞ്ഞിട്ടില്ല, ആ നഷ്ടം ഇനിയെങ്കിലും എനിക്ക് നികത്തണം , എന്താ ആരും ഒന്നും മിണ്ടാത്തത് , എല്ലാവരും, റെഡിയല്ലേ?

തന്നെ നോക്കി വായും പൊളിച്ച് നില്ക്കുന്നവരോടായി നീതു ചോദിച്ചു .

എന്നാൽ പിന്നെ വണ്ടി എടുക്കെടാ രമേശാ…

മനോജ് ,ഒരു ചിരിയോടെവിളിച്ച് പറഞ്ഞു .

അയ്യോ വണ്ടി വിടല്ലേ? ഞാൻ കൂടി കയറാനുണ്ട്

അത് ,ആ വീട്ടിലെ ജോലിക്കാരിയായിരുന്നു , അവളും വീട് പൂട്ടിയിട്ട് ആ വണ്ടിയിൽ വന്ന് കയറിയപ്പോൾ ഒരു ആർപ്പ് വിളിയോടെ രമേശൻ വാഹനം മുന്നോട്ടെടുത്തു.

ശുഭം

സജി തൈപ്പറമ്പ്