ഉപദേശം – എഴുത്ത്: രമ്യ വിജീഷ്
“അശോകേട്ടാ എനിക്കിത്തിരി പൈസ വേണാരുന്നു”… ഗായത്രി മടിച്ചു മടിച്ചാണ് അശോകനോടതു പറഞ്ഞത്…
“എന്തിനാ ഗായു നിനക്കിപ്പോൾ ക്യാഷ് “?
“അതു അശോകേട്ടാ എന്റെ നെറ്റ് ഓഫർ തീർന്നു “
“ആഹാ അതിനാണോ…നിനക്കെന്താ നെറ്റ് ചെയ്തിട്ടു ഇത്ര അത്യാവശ്യം… വേണമെങ്കിൽ എന്റെ ഫോൺ ഉണ്ടല്ലോ “
“അതു അശോകേട്ടാ നിങ്ങളും മക്കളും പോയി കഴിഞ്ഞാൽ പിന്നെ എനിക്ക് നേരംപോക്ക് ഈ ഫോണിൽ എന്തെങ്കിലും ഒക്കെ കണ്ടോണ്ടിരിക്കുന്നതാ… കഥകൾ ഒക്കെ വരുന്ന ഒരുപാട് നല്ല ഗ്രൂപ്പുകൾ ഉണ്ട്… നല്ല രസമാ അതൊക്കെ വായിക്കാൻ “
“നീയൊന്നു പോയെ എന്റെ ഗായുവേ.. ഇന്നു ശനിയാഴ്ച ആണ്. ഇന്ന് പണികാർക്കൊക്കെ കൂലി കൊടുക്കേണ്ടതാ.. അതെങ്ങനെ കൊടുക്കുന്നു ആലോചിച്ചു തല പുകയ്ക്കുവാ ഞാൻ “
ഗായത്രി പിന്നെ ഒന്നും മിണ്ടിയില്ല.. സ്വന്തം ആയി വരുമാനം ഒന്നും ഇല്ലാത്തത് കൊണ്ടല്ലേ ഭർത്താവിന്റെ മുന്നിൽ ഇങ്ങനെ കെഞ്ചേണ്ടി വരുന്നത്…. മറ്റുള്ള പെണ്ണുങ്ങൾ നല്ല ഡ്രസ്സ് ഒക്കെ ഇട്ടു നടക്കുന്നത് കാണുമ്പോൾ കൊതി വരും…അശോകേട്ടൻ പറയും നീ പുറത്തേക്കൊന്നും പോണില്ലല്ലോ എന്തിനാ ഡ്രസ്സ് എന്നു… എന്തിനു അധികം പറയണം ഒരു പാഡ് വാങ്ങണെങ്കിൽ പറയും കഴിഞ്ഞ മാസം വാങ്ങിച്ചത് ഇത്ര പെട്ടെന്ന് തീർന്നൊന്ന്… അവൾക്കു ദേഷ്യവും ഒപ്പം ചിരിയും വന്നു.
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുവായിരുന്നു അമ്മ.
അമ്മ അവളോടായി പറഞ്ഞു… “ഗായു ഡിഗ്രി വരെ പഠിച്ച പെണ്ണല്ലേ നീയു… നിനക്കു കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൂടെ…അപ്പുറത്തെ സതീശന്റെ മോളെ ട്യൂഷൻ എടുക്കാമോന്നു ചോദിച്ചു അവരെത്ര ചോദിച്ചിരുന്നു നിന്നോട്.. ഓരോ കാര്യങ്ങൾ പറഞ്ഞു നീയതു ഒഴിവാക്കി…രാവിലെയും വൈകിട്ടും കുറച്ചു നേരത്തെ പണികൾ ഒക്കെ തീർത്താൽ നിനക്കതു കഴിയുമല്ലോ…പത്തു പിള്ളേരെ പഠിപ്പിച്ചാൽ നിന്റേതായ അത്യാവശ്യ കാര്യങ്ങൾക്ക് ഇങ്ങനെ അവന്റെ പുറകേ നടന്നു നാണം കെടണോ?
അമ്മയത് പറഞ്ഞപ്പോൾ ആണ് അതിൽ കാര്യമുണ്ടല്ലോ എന്നവളും ചിന്തിച്ചത്… എന്തായാലും അവൾ നല്ലൊരു തീരുമാനം എടുക്കകയും ചെയ്തു…. കയ്യിൽ നല്ലൊരു ഡിഗ്രി വച്ചിട്ട് ചുമ്മാ നടന്ന ഞാനൊരു മണ്ടി തന്നെ… അവളുടെ ആത്മവിശ്വാസം കണ്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി….
ശരിയാണ് ചില നല്ല തീരുമാനം എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്…