ഒരു പെണ്ണിന്റെ കഥ….
Story written by Aswathy Joy Arakkal
===============
ഞായറാഴ്ച വെളുപ്പിനുള്ള കുർബ്ബാനയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ഉച്ചക്കത്തേക്കുള്ള ബീ ഫ് ഉലർത്തുന്ന തിരക്കിലായിരുന്നു ഞാനും അമ്മച്ചിയും..പള്ളിയിൽ പോവാൻ വെളുപ്പിനെ ഏണിച്ചെന്നും പറഞ്ഞു പാലപ്പവും മട്ടൻ സ്റ്റുവും വയറ്റിലെത്തിയ പാടെ എബിയും ഞങ്ങടെ കുരുട്ടടക്കയും ഉറക്കം പിടിച്ചിരുന്നു..
ഉച്ചക്കത്തേക്കുള്ള ഭക്ഷണം തയ്യാറാക്കിയ ശേഷം അമ്മച്ചി ഒന്ന് നടു ചായ്ക്കട്ടെടി ആനിപ്പെണ്ണേ.. ഉച്ച കഴിഞ്ഞു ബേബിച്ചായന്റെ വീട്ടില് കുടുംബപ്രാർത്ഥനക്കു പോകണ്ടായോ എന്നും ചോദിച്ചു അമ്മച്ചി റൂമിലേക്ക് പോയി. പകല് കിടന്നാ ഉറക്കം വരാത്തത് കൊണ്ടും, പൊതുവെ tv കാണാൻ വല്യ താല്പര്യം ഇല്ലാത്തതു കൊണ്ടും ഞാനൊരു ബുക്കും എടുത്തു ബാല്കണിയിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് നിർത്താതെയുള്ള കാളിങ് ബെൽ കേൾക്കുന്നത്…
ഇതാരാണപ്പാ ഇത്ര അത്യാവശ്യക്കാരെന്നു മനസ്സിൽ കരുതി വാതിൽ തുറക്കുമ്പോൾ മുന്നിൽ തൊട്ടടുത്ത വീട്ടിൽ വാടകക്ക് പുതുതായി താമസിക്കാൻ വന്ന വീട്ടിലെ പെങ്കൊച്ചാണ് … അവര് ഭാര്യയും ഭർത്താവും രണ്ടു പെൺകുട്ടികളും അവിടെ താമസിക്കാൻ എത്തിയിട്ട് രണ്ടുമാസം ആകുന്നേയുള്ളു… സ്റ്റേറ്റ് ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ് ആ സ്ത്രീ (നാൻസി ചേച്ചി )… ഭർത്താവു റോയി ചേട്ടന് ബിസിനസ് ആണെന്നാണ് പറഞ്ഞതെങ്കിലും മിക്കപ്പോഴും വീട്ടിൽ തന്നെ കാണും. കൊച്ചുങ്ങൾ ഒരാൾ പത്തിലും ചെറിയവൾ ഒമ്പതിലും… ആരോടും അധികം അടുപ്പം കാണിക്കാറും, മിണ്ടാറുമൊന്നും ഇല്ലാത്തതു കൊണ്ട് അവരുടെ കാര്യം അന്വേഷിക്കാനും ആരും പോകാറില്ല…
റോയി ചേട്ടൻ പാവാ…അങ്ങേരു കാണുമ്പോ ചിരിക്കുകയും, മിണ്ടുകയും ഒക്കെ ചെയ്യും… എന്നാ ആ സ്ത്രീ വല്ലാത്തൊരു സാധനാ.. ബാങ്ക് ജോലീടെ തണ്ടാ അവർക്കെന്ന ഒരു കുശുകുശുപ്പു ഞങ്ങള് പെണ്ണുങ്ങടെ ഇടേല് ഉണ്ട് താനും…
എന്നാലും കാശ്മീരി ആപ്പിൾ പോലെ ഇരിക്കണ റോയിച്ചൻ എങ്ങനെയാ കാട്ടാന പോലെ ഇരിക്കണ മൊതലിനെ കെട്ടിയെന്നു നെടുവീർപ്പോടെ അയൽവക്കത്തെ ജിനി പറയാറുമുണ്ട്… അത്രയ്ക്ക് രൂപവ്യത്യാസമുണ്ടായിരുന്നു അവര് തമ്മിൽ..
“എന്തുപറ്റി മോളെ ” ചിന്തകൾക്ക് വിരാമമിട്ടു പേടിച്ചരണ്ടപോലെ നിൽക്കുന്ന കുഞ്ഞിനെ നോക്കി ഞാൻ ചോദിച്ചു..
” ആന്റി… അങ്കിൾനോടൊന്നു വീടുവരെ വരാൻ പറയോ.പപ്പക്ക് വയ്യ ” തപ്പി തടഞ്ഞവൾ പറഞ്ഞൊപ്പിച്ചു.
അപ്പോഴേക്കും എബിയും അമ്മച്ചിയും എണിറ്റു വന്നിരുന്നു…
എബി തനിച്ചു പോകുന്നതു ശെരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാനും കൂടെ പോയി, മുട്ട് വേദനിച്ചു നടക്കാൻ വയ്യെങ്കിലും അമ്മച്ചിയും പുറകെ വന്നു…
വല്ലാത്തൊരു കാഴ്ചയായിരുന്നു അവിടെ.. ആ വീട്ടിൽ ഞങ്ങൾ കണ്ടത്…
വീടാകെ വാരി വലിച്ചിട്ടിരിക്കുന്നു… കോമൺ ബാത്‌റൂമിൽ നിന്ന് ആ മനുഷ്യൻ നിർത്താതെ ശർദ്ധിക്കുകയാണ്.. തൊട്ടടുത്തു കരഞ്ഞു കൊണ്ട് ആ സ്ത്രീയും..അടികൊണ്ടിട്ടെന്ന പോലെ അവരുടെ മുഖത്താകെ പാടും ര ക്തവും… പേടിച്ചരണ്ട കണ്ണുകളുമായി രണ്ടു പെൺകുഞ്ഞുങ്ങളും…
അവിടുത്തെ പന്തിയല്ലാത്ത അന്തരീക്ഷം കണ്ടപാടെ അമ്മച്ചി ആ കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്കു പോയി…
എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ ആദ്യം ഒന്ന് പകച്ചെങ്കിലും എബി പെട്ടന്ന് കാറെടുത്തു വന്നു അയാളുമായി ഹോസ്പിറ്റലിലേക്ക് പോയി… ഒപ്പം പോകാൻ നാൻസി ചേച്ചി തയ്യാറായെങ്കിലും അവരുടെ അവസ്ഥ കണ്ടു ഞങ്ങൾ തടഞ്ഞു…
മിനിറ്റുകൾ നീണ്ട നിശബ്ദതയ്ക്കു ശേഷം “എന്നതാ ചേച്ചി ഇതൊക്ക ” എന്നു ചോദിച്ചു സംസാരത്തിനു തുടക്കമിട്ടത് ഞാൻ തന്നെയാണ്..
നീണ്ട മൗനത്തിനു ശേഷം അവർ പറഞ്ഞു തുടങ്ങി…
അന്നത്തെ കാലത്തു ബോട്ടണി പോസ്റ്റ് ഗ്രാഡുവേറ്റ് ആയ അപ്പൻ മ ദ്യത്തിന് അടിമപ്പെട്ടു മുഴുകുടിയനായി അമ്മയെയും രണ്ടുപെൺമക്കളെയും തനിച്ചാക്കി ആത്മഹത്യ ചെയ്തിടത്തു നിന്നായിരുന്നു അവർ പറഞ്ഞു തുടങ്ങിയത്… അതിനു ശേഷം പശു വളർത്തിയും, ഉള്ള സ്ഥലത്തു അത്യാവശ്യം കൃഷിപ്പണി നടത്തിയും വളരെ കഷ്ടപ്പെട്ട് അമ്മ രണ്ടു മക്കളെയും പഠിപ്പിച്ചു… മൂത്തമോള് കോളേജ് അധ്യാപിക ഭർത്താവും കുഞ്ഞുങ്ങളുമായി സുഖായി ജീവിക്കുന്നു…രണ്ടാമത്തെ മോളാണ് ഇവർ നാൻസി..
അപ്പന്റെ എണ്ണക്കറുപ്പും തടിച്ച ശരീരവും ഒരുമിച്ചു കിട്ടിയപ്പോൾ പഠിച്ചു ബാങ്കിൽ ജോലി നേടിയിട്ട് കൂടിയവർ വിവാഹകമ്പോളത്തിൽ മുടക്കാച്ചരക്കായി.. എത്ര വല്യ വർത്തമാനങ്ങൾ നാവുകൊണ്ട് പറഞ്ഞാലും കാര്യത്തോടടുക്കുമ്പോൾ കറുപ്പ് നിറവും, തടിയും പലർക്കും രണ്ടാം തരമാണല്ലോ.. അവിടെ കറുപ്പിന് ഏഴഴകും ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനുമാണല്ലോ…
അങ്ങനെ ഇരിക്കെയാണ് ഗൾഫിൽ ജോലിയുള്ള റോയിയുടെ ആലോചന വരുന്നത്…റോയിയുടെ വീട്ടിൽ മൂന്ന് പെങ്ങന്മാരും അനിയനും… പെങ്ങമ്മാരൊക്കെ വിവാഹിതർ.. അനിയൻ കൂടെ പഠിച്ച കുട്ടിയെ പ്രേമിച്ചു നേരത്തെ വിവാഹിതനായി…വർഷങ്ങൾക്കു മുന്നേ അമ്മയും, അടുത്തിടെ അപ്പനും മരിച്ചു.
വെളുത്തു തുടുത്തു സുന്ദരനായ റോയി, തന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നത് തന്റെ ജോലിയും രണ്ടു പെണ്മക്കൾ ആയതു കൊണ്ട് കിട്ടാൻ പോകുന്ന ഭൂസ്വത്തിലും കണ്ണു വെച്ചാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നാൻസി കുറെ ശ്രമിച്ചെങ്കിലും വിവാഹം കഴിയാതെ പ്രായം തികഞ്ഞു നിൽക്കുന്ന മകൾ വീട്ടുകാരുടെ നെഞ്ചിലെ കനലാണെന്നു പറഞ്ഞു കരഞ്ഞും പിഴിഞ്ഞും വീട്ടുകാർ കല്യാണം നടത്തി.. എങ്കിലും റോയി തന്നെ സ്നേഹിക്കും.. നല്ലൊരു ജീവിതം തരും എന്ന വിദൂര പ്രതിക്ഷ നാൻസിയിൽ ഉണ്ടായിരുന്നു…
വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ഗൾഫ് ജീവിതം മതിയാക്കി റോയി നാട്ടിലെത്തി…സമ്പാദിച്ചത് മുഴുവൻ വീട്ടിലേക്കു കൊടുത്തതിനാൽ സീറോ ബാലൻസ് ഉള്ള ബാങ്ക് അക്കൗണ്ട്മായിട്ടായിരുന്നു റോയിയുടെ മടക്കം… അതിലൊന്നും ഭാര്യ പരാതിപ്പെട്ടില്ല. അദ്ദേഹം നാട്ടിലെത്തി ജോലിക്ക് കയറി അതിനിടയിൽ രണ്ടുപെൺമക്കളും പിറന്നു…
അതിനിടയിൽ ഭാര്യ വീട്ടിൽ അമ്മ തനിച്ചാണെന്ന് ന്യായം പറഞ്ഞു സ്വന്തം വീട്ടിൽ തനിക്കു കിട്ടേണ്ട വീതം പോലും അനിയനും പെങ്ങൻമാർക്കും എഴുതിക്കൊടുത്തു റോയി ഭാര്യ വീട്ടീലേക്ക് താമസം മാറി..
നാട്ടിലും വീട്ടിലും തങ്കപ്പെട്ട ഭർത്താവിനെ കിട്ടിയ നാൻസി ഭാഗ്യവതി.. പക്ഷെ..
നമുക്ക് രണ്ടു പെൺമക്കളല്ലേ റോയേട്ടാ.. ആ വീതം അവിടെ കിടന്നാൽ അവർക്കു നാളെയെന്തിനെങ്കിലും ഉപകാരപ്പെടില്ലായിരുന്നോ എന്ന നാൻസിയുടെ ചോദ്യം അനിയന്റെയും പെങ്ങന്മാരുടെയും കഷ്ടപ്പാട് പറഞ്ഞു അയാൾ ഒതുക്കി..
നാൻസിയുടെ പേരിൽ ബാങ്ക് ലോൺ എടുത്തു അവർ വീട് പുതുക്കി പണിതപ്പോൾ… ഗൾഫിൽ നിന്ന് കൊണ്ടുവന്ന പണം മുഴുവൻ അവൻ ഭാര്യ വീട്ടിലേക്കു മുടക്കിയെന്നു പറഞ്ഞു റോയിയുടെ വീട്ടുകാർ കെർവിച്ചു… അവിടെയും നാട്ടുകാർക്ക് നാൻസി ഭാഗ്യവതി.. അവളുടെ സാലറിയിൽ നിന്ന് മാസം മാസം അടഞ്ഞു പോകുന്ന ലോണിൽ നിന്നാണ് അവിടെയാ വീടുയർന്നതെന്നു ആരും അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ലെന്നു വേണം പറയാൻ…
പിന്നീടോരോരോ പ്രശ്നങ്ങൾ പറഞ്ഞു റോയി ജോലിക്ക് പോകാതായി… ഒപ്പം ചെറുതായി മദ്യപാനവും വീട്ടിൽ പ്രശ്നങ്ങളും തുടങ്ങി.
ഇങ്ങനെ പോയാൽ ശെരിയാകില്ല എന്ന തിരിച്ചറിവിൽ നാൻസിയുടെ സഹോദരിയുടെ കൂടെ സമ്മതത്തോടെ അവരുടെ ഭൂസ്വത്തു പണയപ്പെടുത്തി ബിസിനസ് തുടങ്ങി… ദിനംപ്രതി കൂടിവന്ന മ ദ്യപാനവും, കൂട്ടുകെട്ടും പതുക്കെ ബിസിനസ് തകർത്തു.. ലക്ഷങ്ങളുടെ ബാധ്യതയായി… ഒരുവിധം കുറച്ചു സ്ഥലം വിറ്റും മറ്റും ബാധ്യത തീർത്തെങ്കിലും മദ്യം അപ്പോഴേക്കും അയാളെ വിഴുങ്ങിയിരുന്നു..
ഭാര്യയെയോ മക്കളെയോ കുറിച്ച് ചിന്തയില്ലാതെ അയാൾ ആഘോഷിച്ചു നടന്നു…മകളുടെ അവസ്ഥ കണ്ടു സഹിക്ക വയ്യാതെ സ്വന്തം വീടുപേക്ഷിച്ചു നാൻസിയുടെ അമ്മ മൂത്ത മകളുടെ അടുത്തേക്ക് താമസം മാറി..
ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും എന്ന ഭാര്യയുടെ ചോദ്യത്തെ അയാൾ പരിഹാസത്തോടെ നേരിട്ടു.. ” പിന്നെ കാട്ടാനയെ പോലെ ഇരിക്കണ മുടക്കാചരക്കായ നിന്നെ കെട്ടിയതെന്തിനാന്നാ നീ കരുതിയെ… നിന്റെ ജോലിയും, ഭൂസ്വത്തും കണ്ടു തന്നെയാ… “
അയാളോടൊപ്പം ജീവിക്കാൻ സാധിക്കില്ല എന്നറിയിച്ച അവളെ സ്വന്തം അമ്മ പോലും വിലക്കി… രണ്ടു പെണ്മക്കളാണ്… നാളെ അവരുടെ കാര്യത്തിന് അപ്പൻ വേണ്ടേ… അവിടെയും അവർ നിസ്സഹായയായി..
റോയിയോടടുത്താൽ സാമ്പത്തികനഷ്ടം ഉറപ്പാണെന്ന് മനസ്സിലായ കൂടപ്പിറപ്പുകൾ അയാളെ അങ്ങോട്ട് അടുപ്പിക്കാതായി… അപ്പോഴും കുറ്റം ഭാര്യക്കായിരുന്നു… കല്യാണം കഴിക്കുന്ന വരെ എങ്ങനെ നടന്നിരുന്നവനാ അവളെ കെട്ടിയതോടെ അവന്റെ നാശം തുടങ്ങി… അതെ അഭിപ്രായം തന്നെ ആയിരുന്നു നാട്ടുകാർക്കും… എല്ലാവരോടും അയാൾ ചിരിച്ചു പെരുമാറും, പക്ഷെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന നാൻസിയ്ക്കതു സാധിക്കുമോ… മറ്റുള്ളവരുടെ മുന്നിൽ അവർ അഹങ്കാരിയും റോയിയെ നശിപ്പിച്ചവളുമായി…
ഒടുവിൽ ആരൊക്കെയോ പറഞ്ഞു ധ്യാനവും കൂടി ആ നാട്ടിൽ നിന്നു ട്രാൻസ്ഫർ ആയി വന്നതാണിവിടെ.. ആദ്യത്തെ കുറച്ചു ദിവസം കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീടങ്ങോട്ടും എല്ലാം പഴയപടി… രണ്ടു പെണ്മക്കളാണ് വളർന്നു വരുന്നതെന്ന് പോലും ചിന്തിക്കാതെ കൂട്ടുകാരെയും കൂട്ടി വീട്ടിൽ വന്നു കുടി… കുടിയൻമാർക്ക് ഏതു നാട്ടിലും എളുപ്പത്തില് ചങ്ങാതിമാരെ കിട്ടുമല്ലോ…
വീട്ടിൽ വീണ്ടും പ്രശ്നമായി.. കുടിക്കാൻ കാശിനായി മർദ്ദനം.. കുഞ്ഞുങ്ങളെ പഠിക്കാൻ പോലും സമ്മതിക്കാതെ.. ഇന്ന് അമ്മയും മക്കളും പള്ളിയിൽ പോയ് വന്നപ്പോൾ വീടാകെ വലിച്ചു വാരി ഇട്ടേക്കുന്നു.. കാശിനായി സെർചിങ് ആയിരുന്നെന്നു വ്യക്തം.. ചോദ്യം ചെയ്തതിനു ഭാര്യയെ തല്ലി… കുടിച്ചിരുന്നയാൾ വീണ്ടും പോയ് കുപ്പി വാങ്ങി വന്നു ബഹളവും കുടിച്ചു ശർദ്ധിയും… പരിധി വിട്ടുള്ള ശര്ദ്ധി കണ്ടപ്പോഴാണ് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഒരു സഹായത്തിനു മോളെ വിട്ടത്..
മടുത്തു ആനി ഈ ജീവിതം… മക്കളുള്ളത് കൊണ്ട് മാത്രാ മരിക്കാത്തതു…എനിക്കറിയാം എല്ലാവരുടെ മുന്നിലും ഞാൻ അഹങ്കാരിയാ… അങ്ങേരു നല്ലതും.. എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ… ബുദ്ധിമുട്ടും കഷ്ടപ്പാടും പാടി നടക്കാൻ എനിക്കറിയില്ല…
നാൻസി പറഞ്ഞു നിർത്തിയപ്പോൾ കുറ്റബോധത്തോടെ ഞാനവരെ നോക്കി.. ഒന്നുമറിയാതെ ഇത്രയും നാൾ ഞാനും അങ്ങനെയൊക്കെ തന്നെയാണല്ലോ അവരെപ്പറ്റി കരുതിയതു എന്നൊരു വിങ്ങൽ ഉള്ളിൽ നിന്ന് തികട്ടി വന്നു…
” അവനെ കളഞ്ഞേച്ചു നിന്റെ മക്കളെയും കൊണ്ട് അന്തസായി ജീവിക്കെടി കൊച്ചേ..നീ പഠിച്ചവളല്ലേ.. നല്ലൊരു ജോലി ഇല്ലേ, മക്കളെ കുറിച്ച് പോലും കരുതലില്ലാത്തവനെ നിനക്കെന്തിനാ.. കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറ.. “
നോക്കുമ്പോൾ അമ്മച്ചിയാണ്.. അവിടെ ഒന്നും കഴിക്കാൻ വെച്ചിട്ടില്ലെന്നു കുഞ്ഞുങ്ങളിൽ നിന്നറിഞ്ഞ അമ്മച്ചി ഭക്ഷണവുമായി വന്നതാണ്..
കരച്ചിലും, സമാധാനിപ്പിക്കലുമൊക്കെ ആയി നാൻസി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി.. വൃത്തിയാക്കാനും അടിക്കാനും വാരാനുമൊക്കെ ഞങ്ങളും കൂടി..
” ഇവിടെയും ഞാൻ ആരോടും ഒന്നും പറയാത്തത് മനഃപൂർവാ ആനി…കേൾക്കുന്നവർ നമ്മുടെ മുന്നിൽ സഹതാപം കാണിക്കുമെങ്കിലും മാറി നിന്ന് ചിരിക്കുമെന്നു എനിക്കറിയാം.. പിന്നെന്തിനു ഞാൻ സ്വന്തം പല്ലിട കുത്തി നാറ്റിക്കണം”
ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു..
അതു സത്യം തന്നെയാണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ ചോദിക്കാനും പറയാനുമൊന്നും നിൽക്കാതെ ഞങ്ങൾ ജോലികൾ തുടർന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും എബി റോയിയുമായി എത്തി… കുഴപ്പം ഒന്നുമില്ല കുറച്ചധികം മ ദ്യപിച്ചതു കൊണ്ടുണ്ടായതാണെന്നു അവിടെയും ഇവിടെയും തൊടാതെ എബി പറഞ്ഞു.. തുടർന്നുള്ള കൂട്ടി ചോദിക്കലിൽ നിന്ന് നാൻസി പറഞ്ഞത് മുഴുവൻ സത്യമാണെന്നു റോയിയുടെ നാവിൽ നിന്ന് തന്നെ വന്നു..
“നാണമുണ്ടോടാ നിനക്ക് ” അമ്മച്ചി റോയിക്കു നേരെ തിരിഞ്ഞു.. അമ്മച്ചിയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഞാൻ പെട്ടന്നാ കയ്യിൽ കയറി പിടിച്ചു..
“വിടടി എന്നെ.. ” അമ്മച്ചിയുടെ ശബ്ദമുയർന്നപ്പോൾ ഞാൻ പേടിച്ചു പിന്നോട്ട് മാറി..
“കൊച്ചുങ്ങളെ ഒണ്ടാക്കാൻ മാത്രം പഠിച്ചാൽ പോരെടാ.. അന്തസ്സായി വളർത്താനും പഠിക്കണം.. ” അറുത്തു മുറിച്ചു തന്നെ അമ്മച്ചി പറഞ്ഞത് കേട്ടു ഞാനും എബിയും പകച്ചു പോയി… നാൻസിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല..
നീയൊക്കെ ഒരു നസ്രാണി ചെറുക്കൻ ആണെന്ന് പറയാൻ പോലും നാണക്കേടാണല്ലോടാ … വിവാഹം കഴിഞ്ഞാൽ അപ്പനമ്മമാരെ വിട്ടു ഭാര്യയോട് ചേരാൻ മിന്നുകെട്ടുന്ന സമയത്ത് തന്നെ സഭ പഠിപ്പിക്കുന്നത് അപ്പനെയും അമ്മയെയും കളഞ്ഞു ഭാര്യയെ പൊക്കി പിടിച്ചു നടക്കണം എന്നല്ല മറിച്ചു ഭാര്യക്ക് നിന്റെ ജീവിതത്തിൽ അത്ര പ്രാധാന്യം ഉണ്ടെന്നാ… എന്നിട്ടവൻ ഔദാര്യം ചെയ്യുന്ന പോലെ പെണ്ണും കെട്ടി മക്കൾക്കും ജന്മം കൊടുത്തു ആ പെങ്കൊച്ചിനെയും പിള്ളേരേം കണ്ണീരും കുടിപ്പിച്ചു നടക്കാണ് നാട്ടുകാരുടെ മുന്നിൽ പകൽ മാന്യനായി..
അത്രയും പറഞ്ഞു അമ്മച്ചി നാൻസിക്ക് നേരെ തിരിഞ്ഞു..
ഡി പെൺകൊച്ചെ നിനക്കും, നിന്റെ മക്കൾക്കും അന്തസ്സായി ജീവിക്കാനൊരു തൊഴിലും പ്രാപ്തിയും നിനക്കുണ്ട്… നാട്ടുകാരെന്തു പറയും എന്നു കരുതി ഇവനെ പോലൊരുത്തനെ ചുമക്കണ്ട കാര്യം നിനക്കില്ല.. നീ ആലോചിച്ചു തീരുമാനിക്ക്.. ഇനിയും ഇവനിതു തന്നെ തുടരാനാണ് ഭാവമെങ്കിൽ കളഞ്ഞേച്ചു അന്തസ്സായി ജീവിക്കെടി…
പറഞ്ഞു തീർത്തു അമ്മച്ചി ഞങ്ങൾക്കൊപ്പം പുറത്തേക്കു ഇറങ്ങി..
“പെൺപിള്ളേരെ പഠിപ്പിച്ചൊരു കരക്കെത്തിക്കുമ്പോ നമ്മള് കരുതും അവർക്കൊരു ജീവിതമായല്ലോ.. നാളെ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനൊരു മാർഗം ആയല്ലോ എന്നൊക്കെ… പക്ഷെ ആളും തരോം നോക്കാതെ ഇത് പോലൊരുത്തന്റെ കൈയിൽ പെട്ടാൽ തീർന്നില്ലേ എല്ലാം… എന്തു സംഭവിച്ചാലും കാര്യോം കാരണോം അന്വേഷിക്കാതെ പള്ളൂ പറയാൻ കൊറേ മാന്യന്മാരും.. ഇത്രേയൊക്കെ ആ പെണ്ണിനേയും പിള്ളേരെയും ദ്രോഹിച്ചിട്ടാ അവനിങ്ങനെ നടക്കുന്നേന്നു ഞാൻ കരുതിയില്ല..നാട്ടുകാരുടെ മുന്നിൽ അവൻ നല്ലത്… അവള് ചീത്ത… സത്യം മറ്റൊന്നും.. വിദ്യ നേടികൊടുക്കുന്നതിനൊപ്പം സഹിക്കാൻ പറ്റാതായാൽ ഒറ്റയ്ക്ക് ജീവിക്കാനും പറഞ്ഞു കൊടുക്കണം മക്കൾക്ക്… അതിപ്പോ ആണിനായാലും, പെണ്ണിനായാലും.. അതും പറഞ്ഞു അമ്മച്ചി തളർന്നു സോഫയിലേക്കിരുന്നു.. ” മൂന്ന് പെണ്മക്കളെ പെറ്റു പോറ്റി ഒരു നിലയിലാക്കിയ അമ്മച്ചിയുടെ മനസ്സും ആകെ കലങ്ങിയിരുന്നെന്നു വ്യക്തം..
എന്റെ മനസ്സിലപ്പോഴും കാര്യം അറിയാതെ മറ്റുള്ളവരുടെ കൂട്ടത്തിൽ കൂടി ആ പാവം സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിച്ച നീറ്റലായിരുന്നു… ഒപ്പം എത്ര കാലം പുരോഗമിച്ചിട്ടും, വിദ്യാസമ്പന്നരെന്നു അഹങ്കരിച്ചിട്ടും വിവാഹം എന്തെ ചിലർക്കെങ്കിലുമൊരു ശിക്ഷയായി തീരുന്നു എന്ന വിങ്ങലും…
മോനെ കളിപ്പിച്ചു മുറ്റത്തു കൂടെ നടന്നിരുന്ന ആ പെങ്കൊച്ചുങ്ങളെ നോക്കുമ്പോൾ അവർക്കെങ്കിലും ശ്വാസം മുട്ടി ജീവിക്കാൻ ഇടവരുത്തല്ലേ കർത്താവേ എന്നൊരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു… ജീവിതം അവർക്കെങ്കിലും ഒരു ശിക്ഷയായി മാറാതിരിക്കട്ടെ.. മറ്റുള്ളവർ എന്തു പറയും എന്നു കരുതി ജീവിച്ചു മരിക്കുന്ന കളിപ്പാവകൾ ആയിത്തീരാതിരിക്കട്ടെ അവരെങ്കിലും.