ഇതുവരെ മുഖത്ത് നോക്കാത്തവൾ എന്ത് നന്നായി സംസാരിക്കുന്നു. ഇങ്ങനെ ഇവൾ സംസാരിക്കാറുണ്ടോ…

മൗനരാഗത്തിൻ നോവോർമ്മകൾ

എഴുത്ത്: സിമിരൂപിക

==============

മാമനെ കാണാൻ പോകാറില്ലായിരുന്നു. ഉമയുടെ ഓർമ്മകളുള്ള വീട്ടിൽ കാലുകുത്താൻ മടിയായത് കൊണ്ട് തന്നെ. അവളുടെ വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു. എന്നാലും അവിടെയ്ക്കു ചെന്നാൽ വല്ലാത്തൊരു വേദന ചുറ്റിപ്പിടിക്കും.

മരുഭൂമിയിൽ നിന്ന് പച്ചപ്പിന്റെ നാട്ടിലേയ്ക്ക് ചേക്കേറിയത് മുതൽ മാമന്റെ വീട്ടിൽ പോകാൻ അമ്മ നിർബന്ധിക്കുന്നുണ്ട്. മാമൻ മരിച്ച വിവരം ഫോണിലൂടെ വിളിച്ചറിയിക്കുമ്പോൾ പ്രിയയ്ക്കു നൊമ്പരമൊന്നും ഉള്ളതായി തോന്നിയില്ല. താലിക്കെട്ടി കൊണ്ട് വരുന്ന പെണ്ണിനു ഭർത്താവിന്റെ ബന്ധുക്കൾ അന്യർ തന്നെയാണ്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ വീണ്ടും പറഞ്ഞു. “എടാ ശ്യാമേ എത്ര തവണ നിന്നോട് പറയണം, ഏട്ടന്റെ വീട്ടിലൊന്നു പോയി വരാൻ.”

“നിങ്ങൾ പോയല്ലോ. ഇനി ഞാൻ പോയി ആരെ കാണാനാ.”

“ഓ നീയങ്ങു വലുതായല്ലോ. ഇനി ബന്ധുക്കൾ എന്തിനാ.”

“അമ്മ എന്താ പറയണേ.”

“നീ പോയി ഒന്ന് നോക്ക്. ഏട്ടൻ മരിച്ചു നാളെ ഒരു മാസമാകുന്നു.”

പ്രിയ ജോലിക്ക് പോയതിനു ശേഷം നാലു വയസ്സുള്ള മകൾ അല്ലിക്കുട്ടിയുമായി മാമന്റെ വീടിനടുത്തെത്തി. പ്രകൃതി സൗന്ദര്യം വാരി വിതറിയ പ്രദേശം മഞ്ഞളിച്ചു നിൽക്കുന്നത് പോലെ. മകൾ കൂടെയുണ്ടെങ്കിലും നെഞ്ചിടിപ്പു വല്ലാതെ കൂടി. അന്ന് ഉമയെ കാണാൻ വരുമ്പോഴുള്ള അനുഭൂതി ഏഴു വർഷത്തിന് ശേഷം അയാൾ വീണ്ടും അനുഭവിച്ചു.

കാർ ഒതുക്കിയിട്ടു. ആയാളും മകളും ചെമ്പരത്തി വേലിക്കരികിലൂടെ നടന്നു.

“എവിടെ അച്ഛാ നമ്മൾ പോകുന്നത്.”

“ഒരമ്മുമ്മയെ കാണാൻ.”

പുഞ്ചിരി തൂകി വാത്സല്യത്തോടെ തലോടുന്ന ആ മഹാമനുഷ്യൻ മണ്ണോടലിഞ്ഞിരിക്കുന്നു. തന്റെ ഓരോ വളർച്ചയിലും താങ്ങായി കൂടെ ഉണ്ടായിരുന്ന മനുഷ്യൻ. പൊട്ടി പൊളിഞ്ഞു തുടങ്ങിയ വീട്. തിളക്കം കെട്ട പൂമുഖം. പലതിന്റെയും തുടക്കത്തിനും ഒടുക്കത്തിനും സാക്ഷിയായ ചുവരുകൾ. അയാൾ ചുറ്റും നോക്കി.

“പുറത്താരെയും കാണുന്നില്ലല്ലോ.”

പൂട്ടികിടക്കുന്ന വാതിൽ തട്ടി അയാൾ ഉറക്കെ ചോദിച്ചു “ആരുമില്ലേ ഇവിടെ.”

വാതിൽ തുറന്നവളെ  കണ്ട് അയാൾ അറിയാതെ പറഞ്ഞു പോയി.”ഉമ “

“ഇതാരാ വന്നിരിക്കുന്നത്. കയറിവരൂ.” നിറഞ്ഞ പുഞ്ചിരിയോടെ അവൾ നിന്നു.

ഇതുവരെ മുഖത്ത് നോക്കാത്തവൾ എന്ത് നന്നായി സംസാരിക്കുന്നു. ഇങ്ങനെ ഇവൾ സംസാരിക്കാറുണ്ടോ?.

“എന്താ ആലോചിക്കുന്നത്.”

“ഒന്നുമില്ല “

“അമ്മ അകത്തുണ്ട്, വന്നു കാണു.”

“ഉം “

ആയാളും മോളും അകത്തേയ്ക്ക് കയറി. “മോളുടെ പേരെന്താ “

“അല്ലിക്കുട്ടി.” അല്ലികുട്ടി അച്ഛന്റെ പുറകിലൊളിച്ചു.

“അല്ലിക്കുട്ടി, മോള് വന്നേ. നമുക്ക് ചായ എടുക്കാൻ പോകാമോ.”

അല്ലിക്കുട്ടിയെയും ഒക്കത്ത് വച്ചു നടന്നു പോയ അവളെ കണ്ടപ്പോൾ മനസ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. തന്നോട് ചേർന്ന് നടക്കേണ്ടവൾ, അല്ലിക്കുട്ടിയുടെ അമ്മയാകേണ്ടവൾ. ചുടു ചുംബനത്താൽ കുളിരുതരേണ്ടവൾ. വിധി അടർത്തി മാറ്റിക്കളഞ്ഞു.

വിധവയായ മാമിയോട് സംസാരിക്കുമ്പോഴും മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു.

“നീ ഇപ്പോഴെങ്കിലും എന്നെ ഓർത്തല്ലോ മോനെ. ” എന്ത് പറയണമെന്നറിയാതെ അയാൾ തലകുനിച്ചു.

“എത്ര കാലമായി മോനെ ഇവിടെ വന്നിട്ട്.”

“ജോലി തിരക്കല്ലേ മാമി. “

“ഉം “

“പ്രശാന്ത് വരാറില്ലേ.”

“ഭാര്യ വീട്ടിൽ താമസമായേ പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വരും. മകനും മകളും രണ്ടിടത്തായി. ഞാൻ ഒറ്റയ്ക്ക് ആയി.”

“കിരൺ വരാറില്ലേ.”

“വരും തങ്ങാറില്ല, അവനു ഇവിടത്തെ സൗകര്യങ്ങൾ പിടിക്കില്ല.”

“എന്ത് ചെയ്യാനാ മാമി.  ഇതെല്ലാം വിധിയെന്നു കരുതി സമാധാനിക്ക്. “

“ഉം “

“ഞാനിറങ്ങട്ടെ, ഒരുപാട് തിരക്കുണ്ട്.”

“ഉം “

തിരക്കഭിനയിച്ചു അല്ലിക്കുട്ടിയെയും വാരിയെടുത്തു പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴും ഉമ പുഞ്ചിരിയോടെ നോക്കി നിന്നു.

‘ഞാൻ വെറുമൊരു വിരുന്നുകാരൻ, അവളെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല, സ്നേഹിച്ചിരുന്ന ഒരു ഭാവവും കണ്ടില്ല. ഞാൻ വെറും മണ്ടൻ’ അയാളുടെ ഹൃദയം തേങ്ങി.

യാത്രയിലുടനീളം ചുരുളൻ മുടിയുള്ള, വെള്ളി ചിലമ്പണിഞ്ഞ ആറാം ക്ലാസ്സുകാരി ഉമയായിരുന്നു മനസ്സിൽ. അധികമാരോടും അടുക്കാത്തവൾ.

മാമന്റെ കൈയും പിടിച്ചു വീട്ടിലേയ്ക്ക് വരുമ്പോൾ ആ പത്താം ക്ലാസ്സ്‌കാരൻ മതിമറന്നു അവളെ നോക്കി നിൽക്കും. കെട്ടിപിടിച്ചു മുത്തം കൊടുക്കാൻ തോന്നിയിട്ടുണ്ട്. മാമനെയും അച്ഛനെയും ഓർക്കുമ്പോൾ മുട്ടു വിറയ്ക്കും. അവിവേകം കാണിക്കുമ്പോൾ കിട്ടുന്ന അച്ഛന്റെ ശിക്ഷ രീതികൾ ഓർക്കുമ്പോൾ വേണ്ടെന്നു വെയ്ക്കും. മനസിലുള്ളത് തുറന്നു പറഞ്ഞാൽ കേൾക്കാനും അച്ഛൻ തയ്യാറാകില്ല. അങ്ങനെ പ്രണയം ഹൃദയത്തിലൊതുങ്ങി.

ചേച്ചിയുടെ വിവാഹത്തിനെടുത്ത ഫോട്ടോയിൽ നിന്ന് ഉമയുടെ ഫോട്ടോ മുറിച്ചെടുത്തു പോക്കറ്റിൽ സൂക്ഷിച്ചു. സങ്കടം വരുമ്പോൾ അവളെ നെഞ്ചോടു ചേർത്തു പൊട്ടിക്കരയാൻ, സന്തോഷം വരുമ്പോൾ കെട്ടിപുണരാൻ. ഉറക്കത്തിലും ഫോട്ടോയെ നെഞ്ചോടു ചേർത്തു. അവളോട്‌ സ്നേഹം തുറന്നു  പറയാൻ വേണ്ടി പല തവണ മാമന്റെ വീട്ടിൽ പോയി. അവൾ ഒരിക്കലും ഒന്ന് നോക്കുക പോലും ചെയ്തില്ല. അങ്ങനെ ഒരിക്കൽ ഗൾഫിൽ ജോലി ശരിയാകുന്നത്. പോകുന്നതിന് മുൻപും അവളെ കാണാൻ പോയി. അവൾ മിണ്ടിയില്ല.

അടുത്ത ലീവിന് വന്നപ്പോൾ അവൾ വളർന്നു സുന്ദരിയായി. ജീവിതത്തിലേയ്ക് വരാൻ ഒരുങ്ങി നിൽക്കുന്നത് പോലെ അവനു തോന്നി.

“അമ്മേ ഉമയെ കെട്ടിത്തരാൻ മാമനോട് പറയണം.”

“കൊള്ളാം നിങ്ങൾക്ക് അതിനുള്ള പ്രായമായോ. സമയമാകട്ടെ ആലോചിക്കാം.”

അമ്മയുടെ വാക്കുകൾ അവനിൽ വിഷമമുണ്ടാക്കി. അവളെ സ്വന്തമാക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. വീണ്ടും നരകഭൂമിയിൽ ജോലി. കഷ്ടപാടിനിടയിലും അവളെ മുഖമായിരുന്നു ആശ്വാസം.

ഒരിക്കൽ അമ്മയെ ഫോണിൽ വിളിച്ചപ്പോഴാണ് ഉമയുടെ വിവാഹം നിശ്ചയിച്ച വിവരം അറിയുന്നത്. വരൻ ഒരു സ്കൂൾ മാഷാണെന്നും അറിയുന്നത്. അവന്റെ ഇഷ്ടം തുറന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. .

വിരഹത്തിന്റെ അഗ്നിയിൽ വർഷങ്ങൾ പഴകിയ പ്രണയം എരിഞ്ഞമർന്നു. ഒരാഴ്ച ജോലിക്ക് പോകാതെ റൂമിലിരുന്നു. സ്വന്തമായവൾ മറ്റൊരുവനുമായി കെട്ടി പുണരുന്നതോർത്തപ്പോൾ അവളോട് വെറുപ്പ് തോന്നി. മാമനെ ശപിച്ചു. ചത്തു മണ്ണടിയാൻ പ്രാത്ഥിച്ചു. മ ദ്യത്തിന്റെ ലഹരിയിൽ അവൻ ഉറങ്ങിയ പകലിൽ ഉമ കിരൺ മാഷിന് സ്വന്തമായി. പിന്നീട് കുറെ നാൾ നാട്ടിലെത്തിയില്ല.

വീട്ടുകാർ കണ്ടെത്തിയ പ്രിയയുടെ കഴുത്തിൽ മിന്നു കെട്ടിയ നേരവും മാമനെ ശപിച്ചു. പ്രിയയെ വെറുപ്പോടെ മാത്രമേ ഇന്നും കാണാൻ കഴിഞ്ഞുള്ളു. പ്രിയയെ മാത്രമല്ല പെൺവർഗത്തെ  മുഴുവൻ വെറുപ്പാണ്. കിടപ്പറയിലെ കാ മനയ്ക്കായുള്ള സ്വകാര്യ സ്വത്ത് മാത്രമാണ് പ്രിയ. അവളെ പ്രണയത്തിന്റെ ചിറകിനുള്ളിൽ ഒതുക്കിയില്ല, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചോദിച്ചറിഞ്ഞില്ല.

“അച്ഛാ… അച്ഛാ ” അല്ലിക്കുട്ടി അയാളെ ചിന്തയിൽ നിന്നുണർത്തി.

“എന്താ “

“ഐക്രീം വേണം.”

“വേണ്ട, അതൊന്നും വാങ്ങി കഴിക്കേണ്ട. പനിവരും.”

“അമ്മ വാങ്ങിത്തരുമ്പോൾ പനി വരില്ലല്ലോ?”

“നിന്റെ അമ്മയല്ലേ. ആവശ്യമില്ലാത്തല്ലേ വാങ്ങിത്തരു.”

“ഈ അച്ഛൻ ചീത്തയാ. ഒന്നും വാങ്ങി തരില്ല.”

“അച്ഛൻ ചീത്തയെങ്കിൽ നല്ല അച്ഛനെ വാങ്ങി തരാൻ അമ്മയോട് പറ. “

പിന്നീട് അല്ലിക്കുട്ടി ഒന്നും മിണ്ടിയില്ല.

വീട്ടിലെത്തിയ ശ്യാം ഷെൽഫിൽ സൂക്ഷിച്ച മ ദ്യ ക്കുപ്പിയിൽ നോക്കി. ആവശ്യത്തിന് മ ദ്യമില്ലെന്ന് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം സഹിക്കാനായില്ല. കുപ്പിയെ അയാൾ തറയിലടിച്ചുകൊണ്ട് പറഞ്ഞു.

“നാശം. അവളെടുത്തു കളഞ്ഞു. ജീവിക്കാൻ സമ്മതിക്കില്ല.”

പൊട്ടി ചിതറിയ ചില്ലുകഷണങ്ങളിൽ അയാളുടെ മനസിലെ നോവോർമ്മകൾ പ്രതിഫലിക്കുന്നത് പോലെ. മനസിനിണങ്ങിയ രൂപമോ, ചുറ്റുപാടുകളോ സ്വന്തമാക്കണമെങ്കിൽ ഭാഗ്യം വേണം. ഇഷ്ടപ്പെട്ടത് നേടാൻ കഴിയാത്തവർ ആത്മനിന്ദയോടെ ജീവിതം ഹോമിക്കേണ്ടിവരും.

“ചേട്ടാ എന്തായിതു.” മുറിയിലെ കുപ്പിച്ചില്ലിൽ നോക്കി പ്രിയ ചോദിച്ചു.

“കണ്ടില്ലേ… നീ വീണ്ടും അതെടുത്തു കളഞ്ഞു അല്ലേ.”

“കളയും ഇതിവിടെ പറ്റില്ല.”

“ഓഹോ. നിനക്കൊക്കെ കാണിച്ചു തരാം”

“ചേട്ടാ, ഒന്ന് ദേഷ്യമടക്ക്, ചേട്ടൻ ഉള്ളത് കൊണ്ടാ ഞാൻ ഹാഫ് ഡേ ലീവ് എടുത്ത് ഇങ്ങു പോന്നെ.”

“മനുഷ്യന് സമാധാനം തരാതെ വന്നിരിക്കുന്നു.”

“ചേട്ടാ ” അവൾ അയാളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു

“മോളുമായി പുറത്തേയ്ക്ക് പോകണ്ടേ.”

“പലതവണ പറഞ്ഞിട്ടില്ലേ, ഇങ്ങനെയുള്ള അവശ്യവുമായി മുന്നിൽ വന്നേയ്ക്കരുതെന്ന്. നിനക്ക് നിന്റെ കാര്യം, എനിക്ക് എന്റെ കാര്യം. “

അയാൾ അലറി. “ഇത്ര ദേഷ്യപ്പെടാൻ ചേട്ടനോട് ഞാൻ എന്ത് തെറ്റാ ചെയ്തത്?”

“നീയൊരു തെറ്റും ചെയ്തില്ല. എന്നെ ഒന്ന് വെറുതെ വിടുമോ. ” അയാൾ കിടക്കയിലേയ്ക്ക് ചാഞ്ഞു.

പ്രിയയുടെ കണ്ണീർ ആ വീടിനെ സങ്കടക്കടലാക്കി.

********************

വർഷങ്ങൾക്ക് ശേഷമായിരുന്നു ഉമ വീടിന്റെ ചുറ്റുപാടുകൾ വീക്ഷിച്ചത്. സ്വന്തം വീട്ടിലേയ്ക്കു കിരൺ മാഷ് അധികം അവളെ വിടാറില്ല. വന്നാലും അല്പനേരം കഴിഞ്ഞു തിരിച്ചു പോകണം. വീട്ടിലെ സ്ത്രീകൾ മറ്റു വീട്ടിൽ പോയി നിന്നാൽ വീട്ടിലെ വെളിച്ചം കെട്ടുപോകുമെന്ന് അയാൾ വിശ്വസിച്ചു. അച്ഛൻ മരിച്ചതിനു ശേഷം കുറച്ചു നാൾ അമ്മയോടപ്പം നിൽക്കാൻ അയാൾ തന്നെ അവളോട്‌ പറഞ്ഞു.

ഓണവും തൃകാർത്തികയും തിരുവാതിരയും കൊണ്ടാടി ഓർമകൾക്ക് സുഗന്ധം തരുന്ന വീടും പരിസരവും. ഒരുപാട് പേരയ്ക്ക പിടിച്ചിരുന്ന പേരയും മരവിച്ചു നിൽക്കുന്നു. ഒരിക്കൽ പേരമരച്ചുവട്ടിലെ കൊഴിഞ്ഞ പേരയ്ക്ക പെറുക്കിയെടുക്കുന്ന തിരക്കിനിടെയാണ് ശ്യാമിന്റെയും ഉമയുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞത്. അവന്റെ കണ്ണിലെ പ്രേമഗ്നി അവളുടെ ദേഹം ചൂട് പിടിപ്പിച്ചു. ആദ്യനുരാഗത്തിന്റെ വാകപ്പൂക്കൾ പൂത്തുലഞ്ഞു. ആരും കാണാതെ മനസിന്റെ മണിച്ചെപ്പിൽ മുത്ത് പോലെ അവനെ ഒളിപ്പിച്ചു. അവന്റെ കാലൊച്ചയ്ക്കായി ദിവസങ്ങൾ കാത്തിരിക്കും. അവൻ വരുന്ന ദിവസം അവൾക്ക് ഓണമായിരുന്നു. എങ്കിലും അവൾ അതൊന്നും പുറത്തുകാട്ടിയില്ല. പ്രശാന്തിനു ശ്യാമിനെ ഇഷ്ടമായിരുന്നില്ല. അവൻ വരുന്ന ദിവസം പ്രശാന്ത് ഉമയോടു പറയും

” ഇവൻ കറങ്ങുന്നത് എന്തിനാണെന്നു എനിക്കറിയാം. മനസിൽ വല്ലതുമുണ്ടെങ്കിൽ മാറ്റിവച്ചേയ്ക്ക്.”

“നീ പോടാ ചേട്ടാ നിന്റെ കാര്യം എനിക്കറിയാം.”

“പോടീ “. അങ്ങനെ ആ സംഭാഷണം അവിടെ തീരും.

ചുട്ടു പൊള്ളുന്ന വെയിലിനു പോലും അന്ന് വളരെ സുഖം തോന്നിയിരുന്നു. അതു പ്രണയമുള്ളിൽ മഴ പെയ്യിക്കുന്നതിനാലാവാം.

കിരൺ മാഷിന്റെ ആലോചന വീട്ടിൽ എല്ലാവർക്കും സന്തോഷം പകർന്നു. അവൾ എരിയാൻ തുടങ്ങി. വിവാഹത്തിന് മുൻപേ ശ്യം വന്നു അവളെ വിളിച്ചിറക്കി കൊണ്ട് പോകുമെന്ന് വെറുതെ കിനാവ് കണ്ടു .

എന്നാൽ ശ്യാം ഒരിക്കലും അവളെ തേടി വന്നില്ല. ഒരു വാക്ക് പോലും പറയാത്ത പ്രണയത്തിന് എന്തു വില.

കിരൺ മാഷിൽ നിന്ന് പ്രണയത്തിനു പകരം വിവേചനമായിരുന്നു കൂടുതൽ കിട്ടിയത്. അയാൾ കുട്ടികളെ പഠിപ്പിക്കുന്നു. പുസ്തകം വായിക്കുന്നു. അലസമായി കുടുംബ കാര്യങ്ങൾ അന്വേഷിക്കുന്നു. പണത്തിനു വില മതിക്കുന്ന ദാമ്പത്യം അസുഖകരമായത് തന്നെയാണ്.

എത്ര മറക്കാൻ ശ്രമിച്ചാലും ചിലപ്പോൾ ശ്യാമിന്റെ രൂപം മുന്നിൽ വന്നു നിൽക്കും. മറ്റൊരാളിന്റെ താലിയും കഴുത്തിലിട്ട് കാമുകനെ കുറിച്ച് ചിന്തിയ്ക്കുന്നത് കാപലികത്വം തന്നെയാണ്. കെട്ടുതാലിയുടെയും മുദ്ര മോതിരത്തിന്റെയും സംരക്ഷണത്തിനപ്പുറം മറ്റൊരാളെ മനസിൽ മായാതെ സൂക്ഷിക്കണമെങ്കിൽ അയാൾ ജീവനിരിൽ അലിഞ്ഞു ചേർന്നിരിക്കും.

സ്നേഹിച്ചവരും സന്തോഷിപ്പിച്ചവരും പടിയിറങ്ങി പോകുന്നു. ഇനി ഏകാകിനിയായി കാലം കഴിക്കണം. പടിഞ്ഞാറ് സൂര്യൻ മടങ്ങാൻ തയ്യാറെടുക്കുന്നു. മുഖത്തു മഞ്ഞ തേയ്ച്ചു, ചുണ്ട് ചുവപ്പിച്ചു കച്ച കെട്ടിയാടുന്ന രൂപങ്ങൾ പോലെ മേഘങ്ങൾ ഒഴുകുന്നു. അവൾ അതിൽ നോക്കി നിന്നു.

“ഉമേ ” അമ്മ വിളിക്കുന്നത് കേട്ടു.

“എന്താ അമ്മേ “

“കിരൺ വന്നിരിക്കുന്നു.”

“കിരണേട്ടൻ, ദൈവമേ എന്റെ മനസിന്റെ അഴുക്കിനെ മാറ്റാൻ കഴിയണേ.”

അവൾ കിരണിന്റെ അടുത്തേയ്ക്ക് പോയി.

***************

വീട്ടിലാകെ മൂകത. കളിചിരിയില്ല. അല്ലിക്കുട്ടി പോലും മൗനം നടിക്കുന്നു. ശ്യാം പുറത്തു നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നു. അവ ഓരോന്നും അവനെ നോക്കി ചിരിക്കുന്നത് പോലെ.

‘അവൾക്ക് എല്ലാം ആ സ്കൂൾ മാഷാണ്. ഞാനാരാ. ഒരന്യൻ. മറ്റുള്ളവരെ സ്വത്തിനു വേണ്ടി ആഗ്രഹിച്ചിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. എല്ലാം പോട്ടെ ‘

“അച്ഛാ “അല്ലിക്കുട്ടി ഓടി വന്നു.

“അച്ഛനെ അമ്മ ആഹാരം കഴിക്കാൻ വിളിക്കുന്നു.”

“എനിക്ക് വേണ്ട “

“എന്താ അച്ഛാ എപ്പോഴും പിണങ്ങുന്നേ.”

“അച്ഛന് പിണക്കമില്ല.”

“എന്നാൽ വാ ആഹാരം കഴിക്കാം.”

“ഉം “

“അമ്മയോടു മിണ്ടോ. “

“മിണ്ടാം “

“അച്ഛൻ വരാം .”

“അച്ഛൻ അമ്മയോട് മിണ്ടുമല്ലോ” അല്ലിക്കുട്ടി തുള്ളിച്ചാടി.

അയാൾ മകളുടെ ആഹ്ലാദം നോക്കി ചിരിക്കാൻ തുടങ്ങി. പൂമുഖ വാതിലിൽ നിൽക്കുന്ന പ്രിയയുടെ കണ്ണുകളും തിളങ്ങി.

~ സിമിരൂപിക