മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഒരു തണുത്ത കരസ്പർശം തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ കരഞ്ഞു. വാടിതളർന്നുകിടന്ന നന്ദ കണ്ണുകൾ തുറന്ന് നോക്കിയതും അരികിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിയെഴുനേറ്റു..”ശ്രീയേട്ടൻ”….നന്ദയുടെ ചുണ്ടുകൾ പറഞ്ഞു..അതും വാടിത്തളർന്ന ശബ്ദത്തോടെ….തന്റെ മുന്നിലിരിക്കുന്ന ആളെ കണ്ടിട്ട് വിശ്വാസം വരാതെ അവനെ തന്നെ മിഴിച്ചുനോക്കി അവൾ ഇരുന്നു.
“നന്ദുട്ടി”…… അവൻ അവളെ ആർദ്രമായി വിളിച്ചു. പെട്ടന്നുള്ള അവന്റ വിളി അവളുടെ കാതിൽ പതിച്ചതും പിടിച്ചുനിർത്താനാകാത്ത വിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അതുകണ്ട ശ്രീനാഥിന് വല്ലാത്ത വിഷമം വന്നു. “എന്താ നന്ദുട്ടി ഇത്….ആകെ വല്ലാണ്ടായല്ലോ” ഇങ്ങനെ ഇരുന്നു കരഞ്ഞാൽ പോയവർ തിരിച്ചുവരുമോ ?.കരഞ്ഞു വാടിത്തളർന്ന മുഖം കണ്ട ശ്രീനാഥ് അവളെ നോക്കി ചോദിച്ചു. അവനതു പറഞ്ഞതും ശ്രീയേട്ടാ…എന്നുവിളിച്ചുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവനോന്നു ഞെട്ടിയെങ്കിലും അതവളുടെ ഒരാശ്വാസത്തിന് ചെയ്തതാണെന്നോർത് അവൻ അവളെ മാറോട് ചേർത്തുപിടിച്ചു അവളുടെ തലയിലൂടെ തഴുകികൊണ്ടിരുന്നു. എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കണമെന്ന് അവനറിയിലായിരുന്നു.
ഒന്നോർത്താൽ രണ്ടുപേരും ഇപ്പോൾ തുല്യ ദുഃഖിതർ ആണ്. കുറച്ചു നാളുകൾക്കു മുൻപ് അച്ഛനെ നഷ്ടപെട്ട ശ്രീനാഥും ഇപ്പോൾ അമ്മയെ നഷ്ടപെട്ട നന്ദയും. അവളുടെ വിഷമം മുഴുവനും ഈ നെഞ്ചിൽ കിടന്നു കരഞ്ഞു തീർക്കണമെങ്കിൽ അങ്ങനെ ആകട്ടെ എന്ന് അവനും കരുതി. കുറച്ചുനേരം അവൾ അവന്റ നെഞ്ചിൽ അങ്ങനെ ചേർന്നിരുന്നു. അപ്പോഴാണ് ദേവകിയമ്മ മുറിയിലേക്ക് കയറിവന്നത്. നന്ദയെ മാറോടടക്കി പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന ശ്രീനാഥിനെ കണ്ടപ്പോൾ അവർക്കൊരാശ്വാസമായി. ദേവകിയമ്മ അവരുടെ അടുത്തേക്ക് ചെന്നു. “ഉണ്ണി……..അവന്റെ തോളിൽ ഒരു കൈ വച്ചുകൊണ്ട് അമ്മ വിളിച്ചു”. പെട്ടന്നമ്മയെ കണ്ടതും അവൻ നന്ദയെ അവനിൽനിന്നും അടർത്തിമാറ്റി.
അപ്പോഴാണ് താൻ ശ്രീയേട്ടന്റെ മാറിൽ ചേർന്നിരുന്ന കാര്യം നന്ദക്കും ഓർമവന്നത്. പെട്ടന്നു തന്നെ അവളും അവനിൽ നിന്നും മാറിയിരുന്നു. രണ്ടുപേർക്കും ദേവകിയമ്മയെ കണ്ടപ്പോൾ ഒരു ചമ്മൽ വന്നു. മോനെ….നന്ദമോള് ഇതുവരെയും ഒന്നും കഴിച്ചിട്ടില്ല. ഒരുപാട് നിർബന്ധിച്ചിട്ടും ഒന്നും കഴിക്കാതെ ഇവിടെ ഒരേ കിടപ്പാ ….നിയെങ്കിലും ഒന്ന് പറ ദേവകിയമ്മ അവനോട് പറഞ്ഞു. അതേസമയം പെട്ടന്ന് തന്റെ ഉള്ളിലുള്ള സങ്കടത്തിന്റെ മേലെ ശ്രീയേട്ടനെ കണ്ടപ്പോൾ ഒരാശ്വാസത്തിനെന്നോണം അറിയാതെ ആ മാറിലേക്ക് ചേർന്നിരുന്നുപോയതിന്റെ ചമ്മലിൽ നന്ദ ദേവകിയമ്മയെ നോക്കിയില്ല. അതുമനസിലാക്കിയെന്നോണം അവൻ അവളെ ഒളികണ്ണിട്ട് നോക്കി എന്നിട്ട് അമ്മയോടായി അവൻ പറഞ്ഞു. “അമ്മ പോയി നന്ദക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് വാ …അവൾ കഴിക്കും.”
എനിക്കിപ്പോൾ ഒന്നും വേണ്ട എന്നുള്ള രീതിയിൽ അവൾ അവനെ ദയനീയമായി നോക്കി. വേണം ……. അവൻ അവളെ നോക്കി കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു. “അത്……ശ്രീയേട്ടാ ഞാൻ പെട്ടന്ന്…കണ്ടപ്പോൾ”…ദേവകിയമ്മ നന്ദക്ക് കഴിക്കാൻ ഭക്ഷണം എടുക്കാൻ പോയപ്പോൾ നന്ദ ശ്രീനാഥിനോട് പറഞ്ഞു. എന്ത് പെട്ടന്ന് ….ഒരു കുസൃതിപുറത്ത് അവൻ അവളെ നോക്കി ചോദിച്ചു. അതുചോദിച്ചതും പെണ്ണിന്റ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.”ദേ…… നന്ദുട്ടി ഇനി ഇങ്ങനെ ഇരുന്ന് കരയല്ലേ . ജാനകിയമ്മായിക്ക് ഇത്രയും ആയുസ്സ് വിധിച്ചട്ടുള്ളു , ഒന്നോർത്താൽ നല്ലൊരു മരണം അല്ലേ അമ്മയുടേത് ., ആരെയും ബുന്ധിമുട്ടിക്കാതെ….ഇനി അതോർത്തിരുന്ന് കരഞ്ഞാൽ അമ്മയുടെ ആൽമാവിന് ശാന്തി കിട്ടില്ല…..
നീയും , ദേവും ഇങ്ങനെ തുടങ്ങിയാൽ പിന്നെ അച്ഛന്റെ കാര്യമോ? ഒന്നാലോചിച്ചു നോക്ക് . ഈ അവസ്ഥയിൽ നിങ്ങളുടെ സങ്കടം കൂടി കണ്ട് വാസുമ്മാമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ….. അതുകൊണ്ട് എന്റെ മോള് നല്ല കുട്ടിയായി ഈ കരച്ചിലൊക്ക് ഒന്ന് നിർത്തിക്കേ”..അതു പറയുമ്പോൾ അവന്റെ സ്വരം കുറച്ച് ഗൗരവത്തിലാണെന്ന് അവൾക്ക് മനസിലായി. അപ്പോഴേക്കും ഒരു പാത്രത്തിൽ നന്ദക്കുള്ള കഞ്ഞിയുമായി ദേവകിയമ്മ അവിടേക്ക് വന്നു. ശ്രീനാഥ് അത് അമ്മയിൽ നിന്നും വാങ്ങി അതിൽ നിന്ന് ഒരു ടിസ്പൂൺ കഞ്ഞി കോരി അവൻ അവൾക്ക് നേരെ നീട്ടി.
വേണ്ട എന്ന് തലയനക്കി അവൾ കാണിച്ചെങ്കിലും അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾ അറിയാതെ വാ തുറന്ന് അത് കുടിച്ചു . അവൻ തന്നെ കഞ്ഞി മുഴുവനും അവൾക്ക് വാരിക്കൊടുത്തു . കഞ്ഞികുടിക്കുന്നതിനിടയിൽ അവളുടെ കവിളിൽ കൂടി ഒഴുകി വന്ന കണ്ണുനീര്തുള്ളികളെ അവന്റെ വിരലുകൾ തുടച്ചുനീക്കിയിരുന്നു. എല്ലാം കണ്ടുകൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ ദേവകിയമ്മ അവരുടെ അടുത്ത് നിന്നു. “ദേവു”….കഞ്ഞികുടിക്കുന്നതിനിടയിൽ അവൾ ദേവകിയമ്മയെ നോക്കി ചോദിച്ചു. കരച്ചിലാ….കഞ്ഞി കുടിച്ചു . അമ്മയുടെ മുറിയിൽ കിടക്കുന്നുണ്ട് കൂടെ കീർത്തിയുമുണ്ട് .
നന്ദയുടെ കഞ്ഞികുടികഴിഞ്ഞപ്പോൾ ശ്രീനാഥ് തിരികെ പോകാൻ നേരം അവൾ അവന്റെ കയ്യിൽ പിടിച്ചു .”എന്തേ? …… അവൻ തിരിഞ്ഞു കണ്ണുകൾ കൊണ്ട് ചോദിച്ചു. “മ്മ്…… ഒന്നുല്ല അവൾ മുഖം താഴ്ത്തി പിടിച്ചുകൊണ്ടു പറഞ്ഞു. ഇവിടെ ഉണ്ട്. ഇന്ന് പോകുന്നില്ല…. ഞാൻ ദേവൂനെ കണ്ടിട്ടുവരാം. ആ പിന്നെ കരയണ്ട…കിടന്നോളു … നന്ദയോട് അവിടെ കിടന്നോളാൻ പറഞ്ഞു കൊണ്ടവൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയി. അവൻ പോകുന്നതും നോക്കി നന്ദ ഇരിക്കുമ്പോൾ ആ നിമിഷം തന്നെ വാതിൽക്കൽ എത്തിയ അവനും തിരിഞ്ഞുനോക്കി. പെട്ടന്ന് രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഒന്നുടക്കിയതും ഒരു വെപ്രാളത്തോടെ നന്ദ നോട്ടം മാറ്റി വേഗം കട്ടിലിലേക്ക് കിടന്നു. അതുകണ്ട ശ്രീനാഥിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഈ സമയം അമ്മയുടെ മുറിയിൽ കീർത്തിയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയായിരുന്ന ദേവൂന്റെ അടുത്തേക്ക് ശ്രീനാഥ് ചെന്നു. “ദേവു….മോളെ”…..ശ്രീനാഥ് അവളുടെ അടുത്തേക്ക് ചെന്നു വിളിച്ചു . വിളികേട്ട് തലയുയർത്തി നോക്കിയ ദേവു ശ്രീനാഥിനെ കണ്ടപ്പോൾ …ഉണ്ണിയേട്ടാ….. അമ്മ…..എന്നും പറഞ്ഞുകൊണ്ടവൾ അവനെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു. “മതി മോളെ ഇങ്ങനെ കരഞ്ഞത്. നിങ്ങൾ രണ്ടാളും കൂടി ഇങ്ങനെ തുടങ്ങിയാൽ…പിന്നെ അച്ഛന്റെ കാര്യം ആലോചിച്ചുനോക്കിയേ….പാവം…ഒന്നുകരയ്യാൻ പോലും ആകാതെ അതവിടെ ഇരിക്കുന്നുണ്ട് “. എല്ലാം ഈശ്വര നിശ്ചയം . അങ്ങനെ വിചാരിച്ഛ് ഏട്ടന്റെ മോള് സമാധാനിക്കണം , കരയല്ല… ഇനിയും കരഞ്ഞുകൊണ്ടിരുന്നാൽ മരിച്ചവരുടെ ആൽമാവിന് ശാന്തി കിട്ടില്ല. അതുംപറഞ്ഞുകൊണ്ടവൻ അവളുടെ കണ്ണുകൾ തുടച്ചു .
“ഉണ്ണിയേട്ടൻ ഇപ്പൊ പോകുമോ ? “ഇല്ല “…..ഞാനും ടീച്ചറമ്മയും നാളെ പോകുന്നുള്ളൂ . എന്താ കാര്യം അവൻ ചോദിച്ചു. ഒന്നും ഇല്ല….. എന്നവൾ തലയാട്ടി പറഞ്ഞുവെങ്കിലും അവൻ വീണ്ടും ചോദിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു. അതാണോ കാര്യം. വാ….ഏട്ടനിരിക്കാലോ..ശ്രീനാഥിന്റെ മടിയിൽ തലചായ്ച്ചു കിടക്കുന്ന ദേവൂന്റെ തലയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടാണ് കിരൺ മുറിയിലേക്ക് കടന്നുവന്നത്.
“ആ…..ഉറങ്ങിയോ ഉണ്ണി”….? അവരുടെ അടുത്തേക്ക് വന്ന കിരൺ ചോദിച്ചു. “മ്മ്….. ഉറങ്ങി” . ദേവൂനെ ബെഡിലേക്ക് കിടത്തി , ഒരു പുതപ്പെടുത്ത് പുതപ്പിച്ചു എഴുനേറ്റ്‌കൊണ്ടവൻ പറഞ്ഞു. “എല്ലാം പെട്ടന്ന് ആയില്ലേ അതിന്റെ ഒരു ഷോക്ക് കാണും രണ്ടാൾക്കും. ഇന്നല്ലെ വരെയും കൂടെയുണ്ടായതാ……. ഇന്ന് “….പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ച കിരണിന്റെ തോളിൽ തട്ടി ശ്രീനാഥ് അവനെ ആശ്വസിപ്പിച്ചു. ഉറങ്ങിക്കോട്ടെ നമുക്ക് പോകാം നല്ല ക്ഷീണം കാണുന്നുണ്ട്. ദേവൂനെ നോക്കി ശ്രീനാഥ് പറഞ്ഞു .
ഹാളിലേക്ക് വന്ന കിരണും , ശ്രീനാഥും അവിടെ അലക്ക്സിനെ മാത്രം കണ്ടതും, “വാസുമ്മാമ്മ എന്തിയെ അലക്സ്” ? മുറിയിലുണ്ട് ഒരുപാട് നിർബന്ധിച്ചപ്പോൾ പോയതാ. ആ ….. ശ്രീ….. വണ്ടി വെയ്റ്റിംഗിൽ ആണ് . ഞാൻ എന്നാൽ….”ഉണ്ണി…… ഈ രാത്രിയിൽ പോകണോ?” നാളെ രാവിലെ പോയാൽ പോരെ….അലക്സ് പറയുന്നത് കേട്ടപ്പോൾ കിരൺ ശ്രീനാഥിനോട് ചോദിച്ചു…ഇല്ല കിരൺ…… അലക്സ് മാത്രം…”അമ്മക്ക് രാത്രി യാത്ര പറ്റില്ലാലോ അതുകൊണ്ട് നീയും അമ്മയും നാളെ വന്നാൽ മതി . പിന്നെ…നീയിപ്പോൾ ഇവിടെ നില്കുന്നത് അവർക്ക് ഒരാശ്വാസമാകും , ആ പിന്നെ അമ്മയെ വിളിക്കണ്ട. നീ പറഞ്ഞാൽ മതി ….അതും പറഞ്ഞവൻ രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി.
അലക്സ് പോയിക്കഴിഞ്ഞതും രണ്ടാളും അകത്തേക്ക് കയറി. “കിരൺ ….എന്താ …. എന്താ…. അമ്മായിക്ക് പറ്റിയത്. ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാനും മാത്രം ഇവിടെ എന്താ നടന്നത്? ശ്രീനാഥ് സോഫയിലേക്ക് ഇരുന്ന് കൊണ്ട് കിരണിനോട് ചോദിച്ചു. “അറ്റാക്കായിരുന്നു അതും സൈലന്റ് ‘”. രാത്രിയിൽ എപ്പോഴോ അത് സംഭവിച്ചു . ആരും അറിഞ്ഞില്ല. മുൻപൊരിക്കൽ വന്നിട്ടുണ്ടെന്നും അതും ഇതുപോലെ അറിയാതെ പോയി എന്ന് ഹോസ്പിറ്റലിൽ കൊണ്ടുചെന്നപ്പോൾ ഡോക്ടർ പറഞ്ഞു. സുഖമരണം….ആരെയും ബുദ്ധിമുട്ടിക്കാതെ….അമ്മാവൻ….അതോർക്കുമ്പോഴാ….ഇടറുന്ന സ്വരത്തോടെ അവനതുപറയുമ്പോൾ അവന്റ കണ്ണുകൾ നിറയുന്നത് ശ്രീനാഥ് കണ്ടു. കിരൺ അമ്മായിക്ക് ഇത്രയും ആയുസ്സേ ഈശ്വരൻ നല്കിയിരുന്നുള്ളു അങ്ങനെ വിശ്വസിച്ചു സമാധാനിക്കാം. പിന്നെയും എന്തെക്കെയോ പറഞ്ഞുകൊണ്ട് രണ്ടാളും ഹാളിലെ സോഫയിൽ തന്നെ കിടന്നുറങ്ങി.
പിറ്റേന്ന്…ഉച്ചകഴിഞ്ഞാണ് ശ്രീനാഥും, അമ്മയും ചെമ്പകശ്ശേരിയിൽ നിന്നും മടങ്ങിയത് . തിരിച് പോകാൻ നേരം ശ്രീനാഥിന്റെ കണ്ണുകൾ തേടിയത് നന്ദയെ ആയിരുന്നു. അവളെ കണ്ട നിമിഷം അവന്റെ നെഞ്ചിലേക്ക് എന്തോ ഭാരം എടുത്തുവച്ച പോലെ തോന്നി. തലേന്നത്തെ കരച്ചലിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ടായിരുന്നു. കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന നന്ദയെ നോക്കി കണ്ണുകൾ അടച്ചു സമാധാനമായിരിക്കണം എന്ന് ആശ്വസിപ്പിച്ചാണ് അവർ അവിടന്ന് മടങ്ങിയത്. അവർ പോയതും അടക്കിപിടിച്ചിരുന്ന കണ്ണുനീർത്തുള്ളികൾ നിയന്ത്രണമില്ലാതെ നന്ദയുടെ കണ്ണുകളിൽ നിന്നും പുറത്തേക്കൊഴുകി.
****************************
ഇതേ സമയം നന്ദയുടെ ഓർമ്മകൾ പുറകിലോട്ട് സഞ്ചരിച്ചതുപോലെ തന്നെ ശ്രീനാഥിന്റെ ഓർമകളും സഞ്ചരിച്ചു…
അന്ന് ബാങ്കുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ശ്രീനാഥ് തിരുവനന്തപുരത്തേക്ക് പോയ ദിവസമാണ് ജാനകി മരിച്ച വിവരം ദേവകിയമ്മ അറിയുന്നത്. വിവരം അറിഞ്ഞ ഉടനെ അവർ ശ്രീനാഥിനെ വിളിച്ചറിയിക്കാൻ നോക്കിയെങ്കിലും അവനെ അറിയിക്കാൻ പറ്റിയില്ല. മീറ്റിംഗിനിടയിൽ ഡിസ്റ്റർബ് ആകാതിരിക്കാൻ ഫോൺ സൈലന്റ് ആക്കിയതിനാൽ അമ്മ വിളിച്ചതൊന്നും ശ്രീനാഥും അറിഞ്ഞില്ല. എല്ലാം കഴിഞ്ഞു ഫോണെടുത്തു നോക്കിയപ്പോൾ അത് ഓഫ് ആയിരിക്കുന്നു. തിരികെ വീട്ടിൽ വന്നപ്പോൾ അമ്മയെ കണ്ടില്ല. അമ്മയെ കാണാത്തതുകൊണ്ട് അവനാകെ ടെൻഷൻ ആയി.
അപ്പോഴാണ് ഫോൺ നോക്കിയത്. ഒരുപാട് തവണ അമ്മ എന്നെ വിളിച്ചിരിക്കുന്നു. അപ്പോൾ തന്നെ അമ്മയെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. അമ്മ…അമ്മക്കെന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു അവന്റെ മനസ്സിൽ…വേഗം തന്നെ അവൻ അലക്ക്സിനെ വിളിച്ചു. പിന്നീടുള്ള കാര്യങ്ങൾ എല്ലാം അലക്സ് വഴിയാണ് അവൻ അറിഞ്ഞത്. ആ രാത്രിയിൽ തന്നെ അവർ അവിടന്ന് പുറപ്പെട്ടു.
********************
ശ്രീനാഥിന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തപ്പോളാണ് രണ്ടുപേരുടെയും ചിന്താൾക്ക് വിരാമം ഇട്ടത്…ശ്രീനാഥ് ഫോണെടുത്തു ഇപ്പോൾ വരാം എന്നുപറഞ്ഞു കാൾ കട്ട് ചെയ്തു , ഫോൺ പോക്കറ്റിലേക്ക് ഇട്ട് അവൻ നന്ദയെ നോക്കി. അവളുടെ മുഖത്തെ വിഷാദം കണ്ടപ്പോൾ അമ്മയുടെ ഓർമകളിൽ നിന്നും ആളു തിരിച്ചു വന്നില്ലെന്ന് മനസിലാക്കിയ ശ്രീനാഥ് അവളെ വിളിച്ചു.
“നന്ദുട്ടി”…..നമുക്ക് കുറച്ചുനേരം ഈ തീരത്തുകൂടെ കുറച്ചുനേരം നടക്കാം …അവളുടെ മനസ്സിന് ഒരാശ്വാസം കിട്ടാൻ വേണ്ടി അവൻ ചോദിച്ചു . അവൾ അവനെ ഒന്ന് നോക്കി. തന്റെ മനസ്സിലെ ഇപ്പോഴത്തെ ഓർമകളെ നീക്കിനിർത്താൻ വേണ്ടിയാണ് അതെന്ന് മനസിലാക്കിയ അവൾ സമതമെന്നോണം പതിയെ തല ചലിപ്പിച്ചു. രണ്ടുപേരും ഇരിന്നിടത്തുനിന്നും എഴുനേറ്റു.
കരയിലേക്ക് വീശിയടിക്കുന്ന തിരമാലകളിലൂടെ അവളുടെ കൈ കോർത്തുനടക്കുമ്പോൾ അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്താനുള്ള രണ്ടു കണ്ണുകൾ അവരെ പിന്തുടരുന്നതറിയാതെ കരയെ തഴുകിയൊഴുകുന്ന തിരമാലകളിലൂടെ അവർ രണ്ടുപേരും കൈ കോർത്തു നടന്നു…..
തുടരും…