പരസ്പരം എല്ലാം തുറന്ന് പറയണമെന്നും ഒന്നും മറച്ച് വയ്ക്കരുതെന്നും കല്യാണത്തിന് മുമ്പുണ്ടായിട്ടുള്ള എല്ലാ ബന്ധങ്ങളും…

Story written by Saji Thaiparambu

===========

എൻ്റെ കല്യാണം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം ഏട്ടൻ തൊട്ടപ്പുറത്തെ വീട്ടിൽ എന്തോ ആവശ്യത്തിനായി പോയ സമയത്താണ് ഏട്ടൻ്റെ ഫോണിലേക്ക് ഒരു കോള് വന്നത്

ഫോൺ അറ്റൻ്റ് ചെയ്യണോ അതോ അടുക്കളയിൽ നില്ക്കുന്ന അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കണോ എന്ന് ഒരു നിമിഷം ഞാനാലോചിച്ചു

അതെന്തിനാ അമ്മയുടെ കൈയ്യിൽ കൊടുക്കുന്നത് ഇനി മുതൽ ഏട്ടൻ്റെ നോമിനി ഞാനല്ലേ എന്നോർത്തപ്പോൾ അവസാന ബെല്ലിൽ ആ കോൾ ഞാൻ അറ്റൻ്റ് ചെയ്തു

പവിയേട്ടനില്ലേ?അദ്ദേഹത്തിനൊന്ന് ഫോൺ കൊടുക്കുമോ?

അതൊരു സത്രീ ശബ്ദമായിരുന്നു ,അപ്പോൾപിന്നെ സ്വാഭാവികമായും എനിക്ക് ഉത്ക്കണ്ഠ തോന്നുമല്ലോ?

ഏട്ടൻ അപ്പുറത്തേക്ക് പോയിരിക്കുവാ ,ആരാ?

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു

അത് ഞാൻ പവിയേട്ടനോട് പറഞ്ഞോളാം , പുള്ളി വരുമ്പോൾ ഈ നമ്പരിൽ വിളിക്കാൻ പറഞ്ഞാൽ മതി

പെട്ടെന്ന് ഫോൺ കട്ടായി. ഞാനാകെ വിയർത്തു പോയി…

ആരായിരിക്കുമവൾ , പവിയേട്ടനും അവളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവുമോ? എനിക്ക് ചതി പറ്റിയോ ഈശ്വരാ…എനിക്കാകെ വെപ്രാളമായി

ഇന്നലെ രാത്രിയിൽ പാതിരാക്കോഴി കൂവുന്നത് വരെ സംസാരിച്ചിരുന്നിട്ട് പോലും പവിയേട്ടൻ തന്നോട് ഇങ്ങനൊരാളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? പരസ്പരം എല്ലാം തുറന്ന് പറയണമെന്നും ഒന്നും മറച്ച് വയ്ക്കരുതെന്നും കല്യാണത്തിന് മുമ്പുണ്ടായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കണമെന്നും ഇന്ന് മുതൽ നമ്മുടെ ഇടയിലേക്ക് മറ്റൊരാളുടെ നിഴല് പോലും കടന്ന് വരാൻ പാടില്ലെന്നുമൊക്കെ ഇന്നലെ തന്നോട് പറഞ്ഞത് പവിയേട്ടൻ തന്നെയായിരുന്നു, എന്നിട്ടിപ്പോൾ ഏതോ ഒരു പെൺകുട്ടിക്ക് പവിയേട്ടനോട് സംസാരിക്കണമത്രേ?

ഞാൻ വെളിയിലേക്കിറങ്ങി അപ്പുറത്തെ വീട്ടിലേക്ക് എത്തിനോക്കി , പവിയേട്ടൻ പുറംതിരിഞ്ഞു നിന്നിട്ട് ആ വീട്ടുകാരനുമായിട്ട് എന്തോ സംസാരിക്കുകയാണ്, എൻ്റെ നോട്ടം കണ്ട വീട്ടുകാരൻ പവിയേട്ടനോട് ഞാൻ നോക്കുന്ന കാര്യം പറഞ്ഞു. പെട്ടെന്ന് തിരിഞ്ഞ് നോക്കിയ ഏട്ടനെ, ക്ഷമയില്ലാതെ ഞാൻ ഫോൺ ഉയർത്തി കാണിച്ചു

ദാ വരുന്നു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ഏട്ടൻ്റെ വരവും കാത്ത് വെടി കൊണ്ട പന്നിയെ പോലെ ഞാൻ മുറ്റത്ത് തലങ്ങും വിലങ്ങും നടന്നു

ഒടുവിൽ ഏട്ടനെത്തിയപ്പോൾ ഫോൺ കൊടുത്തിട്ട് ഞാൻ വിവരം പറഞ്ഞു

ഏട്ടൻ എൻ്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി, ആ നമ്പരിലേക്ക് വിളിച്ചു , കോൾ കണക്ടായി കുറച്ച് കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ , എൻ്റെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നാണ് സംസാരിച്ചത് .

അത് കണ്ട് എനിക്ക് സംശയം ഇരട്ടിച്ചു , എന്തോ മറച്ച് വയ്ക്കാനുള്ളത് കൊണ്ടല്ലേ അദ്ദേഹം ഫോണുമായി മാറി നിന്ന് വിളിക്കുന്നത്

നാലഞ്ച് മിനുട്ടുകൾ ആ ഫോൺ വിളി തുടർന്നു അതിന് ശേഷം ഫോൺ കട്ട് ചെയ്തിട്ട് പുള്ളിക്കാരൻ തിരിച്ച് വന്നു

ആരാണവൾ എന്തിനാ നിങ്ങളെ വിളിച്ചത് ?

അക്ഷമയോടെ ഞാൻ ചോദിച്ചു.

ആഹ് അതൊരു പെൺകുട്ടിയായിരുന്നു, അല്ലേലും ഇങ്ങനെ കുറെയെണ്ണമുണ്ട് , വിവാഹം കഴിച്ച് മാന്യമായി ജീവിക്കുന്നവരെ തമ്മിൽ തെറ്റിക്കാനായിട്ട്, നമ്മളതൊന്നും മൈൻഡ് ചെയ്യേണ്ട, നീ വാ നമുക്ക് ഊണ് കഴിക്കാം

യാതൊരു കൂസലുമില്ലാതെ ഏടൻ അങ്ങനെ പറഞ്ഞപ്പോൾ ഇതിലെന്തോ കള്ളക്കളിയുണ്ടെന്നും അത് മറച്ച് വയ്ക്കാനുള്ള അങ്ങേരുടെ അടവാണ് ഈ ഒഴിഞ്ഞ് മാറലെന്നും എനിക്ക് തോന്നി, പക്ഷേ എനിക്കത് നിസ്സാരമായി തള്ളിക്കളയാനായില്ല

അങ്ങനങ്ങ് പോകാൻ വരട്ടെ അവള് നിങ്ങടെ പഴയ കാമുകി അല്ലായിരുന്നോ?എന്നിട്ടിപ്പോൾ എന്നെ മണ്ടിയാക്കാനായിട്ട് വലിയൊരു ഡയലോഗും, ഞാനത്ര പൊട്ടിയൊന്നുമല്ല കെട്ടോ? മര്യാദക്ക് സത്യം പറഞ്ഞോ, എന്താ അവളുടെ പേര്?

അഞ്ജൂ…നീ എന്തിനാ ഒച്ചവയ്ക്കുന്നത് അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം , ഇപ്പോൾ മറ്റുള്ളവരൊക്കെ ഊണ് കഴിക്കാതെ നമുക്ക് വേണ്ടി വെയ്റ്റ് ചെയ്യുവല്ലെ?

വേണ്ട , എനിക്കിപ്പോൾ തന്നെ അറിയണം, അവളാരാണെന്നും എന്തിനാ വിളിച്ചതെന്നും ?

ശരി , നീ മുറിയിലേക്ക് വാ മറ്റുള്ളവരെയെന്തിനാ കേൾപ്പിക്കുന്നത്?

തകർന്ന് പോയ ഞാൻ അങ്ങേരോടൊപ്പം മുറിയിലേക്ക് ചെന്നു

വിളിച്ചത് നിൻ്റെ പഴയ കാമുകൻ്റെ മുൻ കാമുകി ലീനയായിരുന്നു,  നീയും രാഹുലും തമ്മിൽ മുടിഞ്ഞ പ്രണയമായിരുന്നെന്നും ബീച്ചിലും പാർക്കിലുമൊക്കെ പോയിട്ടുണ്ടെന്നും അതൊക്കെ മറച്ച് വച്ചിട്ടാണ്, നീയെന്നെ വിവാഹം കഴിച്ചതെന്നുമാണ് അവള് പറഞ്ഞത് , സംശയമുണ്ടെങ്കിൽ ഈ ഫോൺ ഓട്ടോമാറ്റിക് റെക്കോഡിങ്ങുള്ളതാണ്, ദാ പ്ളേ ചെയ്ത് കേട്ടോളു

അതും പറഞ്ഞ് അദ്ദേഹം എൻ്റെ നേരെ ഫോൺ നീട്ടിയപ്പോൾ ഞാൻ വിള റിപ്പോയി

എന്നിട്ട് നിങ്ങളതൊക്കെ വിശ്വസിച്ചോ

പതർച്ചയോടെ ഞാൻ ചോദിച്ചു.

എന്തിന്? ഇതൊക്കെ ഇന്നലെ രാത്രി നീ തന്നെ എന്നോട് തുറന്ന് പറഞ്ഞതല്ലേ?മാത്രമല്ല നീ കാരണമല്ലേ രാഹുല് അവളെ തേച്ചത് , ആ ഒരു വൈരാഗ്യമാണ് ഇതിൻ്റെ പിന്നില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്ന കാര്യമല്ലേയുള്ളു?

അതും പറഞ്ഞ് പുള്ളിക്കാരൻ ഒരു പൊട്ടിച്ചിരിയായിരുന്നു.

എടോ ഭാര്യേ…ഒട്ടുമിക്ക സ്ത്രീ പുരുഷൻമാരും കല്യാണത്തിന് മുൻപ് പ്രണയിച്ചിട്ടുള്ളവരായിരിക്കും. അതിൽ ചിലർ കല്യാണം കഴിക്കും ബാക്കിയുള്ളവർ പിരിയും. എന്ന് വച്ച് അവർക്ക് വേറെ കല്യാണം കഴിക്കാൻ പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ , നമ്മൾ വിവാഹിതരാകുന്നത് വരെ നമുക്ക് രണ്ട് പേർക്കും കാമുകനും കാമുകിയുമൊക്കെ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാവുന്ന കാര്യമല്ലേ? അതിനി മറ്റുള്ളവർ പറഞ്ഞിട്ട് വേണോ നമ്മളറിയാൻ, ഇതൊക്കെ ആ ഒരു സെൻസിലെടുത്താൽ മതി , അത് ഭൂതകാലമാണ്, ആ ബന്ധങ്ങളൊക്കെ അറുത്ത് മുറിച്ച് കളഞ്ഞിട്ടാണ് വിവാഹമെന്ന പവിത്രമായൊരു ബന്ധത്തിലേക്ക് ഇന്നലെ മുതൽ നമ്മൾ കാലെടുത്ത് വച്ചത് , ഇനി അങ്ങോട്ടേക്ക്  തിരിഞ്ഞ് നോക്കാതിരുന്നാൽ മാത്രം മതി, നല്ല ഭാര്യാഭർത്താക്കൻമാരായിട്ട് നമുക്ക് ജീവിക്കാം, എന്ത് പറയുന്നു?

ഇനി ഞാനെന്ത് പറയാനാണ് ? പവിയേട്ടൻ്റെ ഈ വലിയ മനസ്സ് ഞാൻ കാണാതെ പോയല്ലോ ?

അതും പറഞ്ഞ് ഒത്തിരി സ്നേഹത്തോടെ പവിയേട്ടൻ്റെ നെഞ്ചിലേക്ക് ഞാൻ വീഴുകയായിരുന്നു.

ശുഭം

~ സജി തൈപ്പറമ്പ്.