വീട്ടിലെ വേലക്കാരിയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ഉണ്ണിയെ നോക്കി അലറുകയായിരുന്നു അച്ഛനായ സഹദേവൻ…

എഴുത്ത്: മഹാ ദേവൻ

============

വീട്ടിലെ വേലക്കാരിയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ഉണ്ണിയെ നോക്കി അലറുകയായിരുന്നു അച്ഛനായ സഹദേവൻ.

” നിനക്ക് പ്രേമിക്കാനും കല്യാണം കഴിക്കാനുമൊക്ക ഇവളെ കിട്ടിയുള്ളോ?

അതും വീട്ടിലെ അടിച്ചുതളിക്കാരിയുടെ മകൾ. കൊള്ളാം കണ്ടുപിടുത്തം. മുറ്റത്തു നിന്ന് തൊഴുത് നിൽക്കാൻ മാത്രം യോഗ്യത ഉള്ളവളെ പിടിച്ച് ഈ വീടിന്റ ഭാവിമരുമകളാക്കണം അല്ലെ ഞാൻ. കൊള്ളാം നിന്റെ പൂതി. അതിലും ഭേദം നീ പോയി ചാവുന്നതാ. ന്നാലും ഇത്രത്തോളം മാനക്കേട് ഉണ്ടാകില്ലല്ലോ. “

അച്ഛൻ ദേഷ്യത്തോടെ പറയുന്ന ഓരോ വാക്കിലും പുച്ഛം നിറഞ്ഞ് നിൽക്കുന്നത് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. എതിർത്തു പറയാൻ ഉളള ധൈര്യം അവനില്ലതാനും.

” അച്ഛാ… ഒരാളെ ഇഷ്ട്ടപ്പെടുന്നത് അത്ര വലിയ തെറ്റാണോ? അമ്മയില്ലാതെ വളർന്നത് കൊണ്ടാവാം അടിച്ചുതളിക്കാരി ആണ് ഈ വീട്ടിൽ അവരുടെ സ്ഥാനമെങ്കിലും ശാരദാമ്മയുടെ സ്നേഹം ആയിരുന്നു എന്നും എനിക്ക് ലഭിച്ചത്. അവരുടെ ആ സ്നേഹത്തിൽ ഞാൻ കണ്ടത് എനിക്ക് നഷ്ട്ടപ്പെട്ട അമ്മയുടെ സ്നേഹം തന്നെ ആയിരുന്നു. അതുപോലെ എന്നെ സ്നേഹിക്കാൻ മാളുവിനും കഴിയുമെന്ന് തോന്നിയതിൽ എന്താണ് അച്ഛാ തെറ്റ്. ഈ വീട്ടിലെ അടിച്ചുതളിക്കാരിയുടെ മകൾ എന്നൊരു കുറവല്ലേ ഉളളൂ. മറ്റുകാര്യങ്ങളിൽ എല്ലാം അവൾ മുന്നിൽ അല്ലെ. നന്നായി പഠിക്കുന്ന കുട്ടി ! നല്ല സ്വഭാവം… ! ആരും മോശമായി ഒരു വാക്ക് അവളെ കുറിച്ച് പറയില്ല. എല്ലാവർക്കും പ്രിയപ്പെട്ടവൾ. അങ്ങനെ ഒരു കുട്ടിയെ അല്ലെ അച്ഛാ ജീവിതത്തിലേക്ക് കൂട്ടേണ്ടതും. അല്ലാതെ പണവും പത്രാസും മാത്രമല്ലല്ലോ ജീവിതത്തിൽ വലുത്. “

ഉണ്ണി വളരെ വിനയത്തോടെ അച്ഛന് മുന്നിൽ അവളെ കുറിച്ച് മതിപ്പ് തോനുന്ന രീതിയിൽ കാര്യം അവതരിപ്പിക്കുമ്പോൾ സഹദേവൻ അവനെ പുച്ഛത്തോടെ ഒന്ന് നോക്കി,

” സത്യത്തിൽ നിനക്ക് നാണം ഉണ്ടോടാ ഇങ്ങനെ ആ പീറ പെണ്ണിന് വേണ്ടി വാദിക്കാൻ ? ഒന്നുല്ലെങ്കിൽ നിന്റെ നിലയും വിലയും എന്താണെന്ന് സ്വയം മനസ്സിലാക്കാനുള്ള ബോധമെങ്കിലും നിനക്ക് ഉണ്ടോ? ഒരു മാളുവും അവന്റെ…….. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട നീ. അവൾക്കിനി എന്ത് യോഗ്യത ഉണ്ടെന്ന് പറഞ്ഞാലും, അവളിനി മറ്റുള്ളവർക്കൊക്കെ ദേവത ആണെന്ന് പറഞ്ഞാലും എനിക്ക് അവൾ അടിച്ചുതളിക്കാരി ശാരദയുടെ മകൾ തന്നെ ആണ്. അങ്ങനെ ഉളള ഒരുവൾ ഈ വീട്ടിന്റെ വാതിൽ വലതുകാല് വെച്ചു കേറണമെങ്കിൽ ഈ സഹദേവൻ മരിക്കണം. അതുകൊണ്ട് എന്റെ മോൻ ഈ ആഗ്രഹം അങ്ങ് കളഞ്ഞേക്ക്. എന്നിട്ട് നമ്മുടെ നിലക്കും വിലക്കും പറ്റിയ ഒരാളെ കാണിച്ചു താ. ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കാം. കേട്ടലോ. അപ്പോ ഇനി എന്റെ മോൻ ഈ കാര്യം പറയാനായി എന്റെ മുന്നിൽ വന്ന് സമയം കളയരുത്. നിന്റെ അല്ല. എന്റെ സമയം “

ഇനി ഇക്കാര്യവും പറഞ്ഞ് അച്ഛന് മുന്നിൽ ചെല്ലുന്നതിൽ അർത്ഥമില്ലെന്ന് അവനു മനസ്സിലായി. മനസ്സിൽ ഒരു ഇഷ്ട്ടം തോന്നി മാളുവിനോട്. അവൾക്ക് പോലും അറിയില്ല അങ്ങനെ ഒരിഷ്ടം മനസ്സിൽ ഉണ്ടെന്ന്. വെറുതെ അവൾക്കൊരു ആശ കൊടുത്തിട്ട് അച്ഛൻ എതിർത്താൽ എന്ന പേടി തന്നെ ആയിരുന്നു കാരണം.

അതുകൊണ്ട് തന്നെ ആണ് അച്ഛനോട് ആദ്യം ഇക്കാര്യം അവതരിപ്പിച്ചതും. പ്രതീക്ഷിച്ച പോലെ തന്നെ ആയിരുന്നു പ്രതികരണം. ഒരിക്കലും നടക്കാത്ത ആഗ്രഹം. അത് അവളോട് പറയാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോനുന്നു. “

അവൻ ഓരോ കാര്യങ്ങളും മനസ്സിൽ ചിന്തിച്ചുകൊണ്ട് ഉളിലേക്ക് പോകാൻ തിരിയുമ്പോൾ ആയിരുന്നു ശാരദയും മാളുവും പടി കടന്ന് വരുന്നത് കണ്ടത്. അവളെ കണ്ടപ്പോൾ തന്നെ ഉണ്ണിയുടെ മനസ്സിൽ ഒരു സന്തോഷം തോന്നിയെങ്കിലും അച്ഛന്റെ വാക്കുകൾ ഓർത്തപ്പോൾ ആ സന്തോഷം ആ നിമിഷം തന്നെ ഇല്ലാതാകുകയും ചെയ്തു.

” എന്താ ഉണ്ണിയേട്ടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് ” എന്ന് ചോദിച്ചുകൊണ്ട് ചിരിക്കുന്ന മാളുവായിരുന്നു അവന്റെ ചിന്തകളിൽ നിന്നും അവനെ ഉണർത്തിയത്.

” എന്ത് പറ്റി മോനെ ” എന്ന് ചോദിക്കുന്ന ശാരദാമ്മയും.

രണ്ട് പേരെയും നോക്കി ഒന്നുമില്ലെന്ന് തലയാട്ടുമ്പോൾ അവൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ നിഷ്ക്കളങ്കമായ ചിരിക്ക് എന്തൊരു ഭംഗിയാണ്… !

” ഇന്നെന്താ നീയും കൂടി പോന്നത് അമ്മയുടെ കൂടെ. അല്ലെങ്കിൽ പഠിപ്പിസ്റ്റ് വീട്ടിൽ ഇരുന്ന് പഠിപ്പ് തന്നെ ആയിരിക്കുമല്ലോ ” എന്ന് ചിരിയോടെ ചോദിക്കുന്ന അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു,

” ഇത്രയൊക്കെ പഠിച്ചാലും വന്ന വഴി മറക്കാൻ പാടില്ലല്ലോ ഉണ്ണിയേട്ടാ ” എന്ന്.

പെട്ടന്നായിരുന്നു ദേഷ്യത്തോടെ ഉളള ആ ശബ്ദം അവരെ മൂന്ന് പേരെയും ഞെട്ടിച്ചത്.

” അതേടി.. എത്രയൊക്കെ വലുതായാലും വന്ന വഴി മറക്കരുത്. അടിച്ചുതളിക്കാരിയുടെ മകൾ എന്നും അങ്ങനെ തന്നെ ആണ്. അല്ലാതെ ആളെ മയക്കുന്ന സൗന്ദര്യവും കുറച്ച് പഠിപ്പും ഉണ്ടെന്ന് കരുതി പൂത്ത കാശുള്ള ചെക്കന്മാരെ ചാക്കിട്ടു പിടിക്കുന്ന ഈ സൂക്കേട് ഉണ്ടല്ലോ. തനി അഴിഞ്ഞാട്ടകാരിയുടെ സ്വഭാവം. അത് പഴങ്കഞ്ഞിക്ക് വേണ്ടി കാത്തു നിന്ന വീട്ടിലെ ചെക്കനോട് തന്നെ വേണ്ട. മനസ്സിലായോ മോൾക്ക്. ശാരദേ. ഒന്ന് പറഞ്ഞ് മനസ്സിലാക്കികൊടുക്ക് “

എന്നും പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വരുന്ന സഹദേവൻ.

പക്ഷേ, അയാൾ പറഞ്ഞതിന്റെ പൊരുൾ മാത്രം രണ്ട് പേർക്കും മനസ്സിലായില്ല. ഉണ്ണി മാത്രം ഒരു പരുങ്ങലോടെ അവർക്ക് മുന്നിൽ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു.

” അല്ല, സഹദേവേട്ടൻ എന്താണ് പറയുന്നത്. ഞങ്ങൾ എന്ത് ചെയ്തെന്ന.? ആരെ വളച്ചെടുത്തെന്നാ. ഒന്നും മനസ്സിലായില്ല. ” എന്ന് കാര്യമറിയാതെ നിന്ന്കൊണ്ട് ആരായുന്ന ശാരദയെ ഒന്ന് തറപ്പിച്ചു നോക്കി സഹദേവൻ.

” നിനക്ക് ഒന്നും അറിയില്ലായിരിക്കും. പക്ഷേ, നിന്റെ മോൾക്ക് അറിയാം ഞാൻ പറഞ്ഞത്. അവൾക്ക് എന്റെ മോനോട് പ്രേമം. പഴങ്കഞ്ഞിക്ക് വകയില്ലാത്തവൾക്ക് ഈ വീടിന്റ കെട്ടിലമ്മയാകാൻ ഒരു മോഹം. അതിന് വേണ്ടി ഈ വിവരമില്ലാത്തവനെ വളച്ചെടുക്കാൻ നോക്കുവാ നിന്റെ പെണ്ണ്. അങ്ങനെ വല്ല മോഹവും ഉണ്ടേൽ കളഞ്ഞേക്കാൻ പറ. മതി നിന്റെ ഇവിടുത്തെ സേവനം ഒക്കെ. തിന്ന് എല്ലിന്റെ ഇടയിൽ കേറുമ്പോൾ ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. അത് എന്റെ വീട്ടിൽ തന്നെ ഇറക്കാൻ നിൽക്കണ്ട തള്ളയും മോളും. “

അയാൾ വാശിയോടെ പറയുന്ന ഓരോ വാക്കും കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു മാളുവും. എല്ലാം കേട്ട് വല്ലാത്തൊരു ഭയത്തോടെ അവളെ നോക്കുന്ന അമ്മയോട് %തനിക്ക് ഒന്നും അറിയില്ലെന്ന് ” തല കൊണ്ട് ആംഗ്യം കാണിക്കുമ്പോൾ അവളുടെ കണ്ണുകൾ ഉണ്ണിയിലായിരുന്നു.

അങ്ങനെ ഒരിഷ്ടം തനിക്ക് ഉണ്ണിയേട്ടനോട് തോന്നിയിട്ടില്ല. ഉണ്ണിയേട്ടൻ അങ്ങനെ ഒന്ന് തന്നോട് പറഞ്ഞിട്ടും ഇല്ല. പക്ഷേ, ഉണ്ണിയേട്ടന്റെ അച്ഛൻ പറയുന്നത് ഞാൻ എല്ലാം അറിഞ്ഞുകൊണ്ട് ചെയ്യുന്നപോലെ ആണല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടവും കരച്ചിലും വന്നിരുന്നു.

പക്ഷേ ആ കണ്ണുനീർ ആരും കാണാതെ തുടച്ചുമാറ്റുമ്പോൾ അവളുടെ മനസ്സിൽ അയാൾ പറഞ്ഞ ആ വാക്കായിരുന്നു തറച്ചു നിന്നത്,

” അഴിഞ്ഞാട്ടക്കാരി “

” അല്ല മൊതലാളി. ഞാൻ എപ്പഴാ നിങ്ങളുടെ വീട്ടിൽ വന്ന് അഴിഞ്ഞാടിയിട്ടുള്ളത്? ഒന്ന് പറയാമോ. നിങ്ങൾ പറഞ്ഞല്ലോ ഞാൻ അഴിഞ്ഞാട്ടക്കാരി ആണെന്ന്. “.

അവളുടെ എതിർപ്പ് പോലുള്ള ആ ചോദ്യം ശരിക്കും അയാളെ ഞെട്ടിച്ചിരുന്നു. കൂടെ ശാരദയെയും.

ആ ഞെട്ടലോടെ തന്നെ അവളുടെ കയ്യിൽ പിടിക്കുമ്പോൾ അവൾ അമ്മയെ നോക്കി കൊണ്ട് പറഞ്ഞു,

” അമ്മേ. നമ്മൾ അടിച്ചുതളിക്കാരികൾ ആണ് എന്നും വെച്ച് മുതലാളിമാർക്ക് എന്തും പറയാനുള്ളതല്ല. എനിക്ക് അറിയണം ഞാൻ എപ്പഴാ അഴിഞ്ഞാടിയത് എന്ന് ” എന്നും പറഞ്ഞ് അമ്മയുടെ കൈ വിടുവിച്ചുകൊണ്ട് അവൾ അയാളെ നോക്കി,

“മുതലാളി ഒന്നും പറഞ്ഞില്ല “

അവളുടെ ആ ചോദ്യവും നോട്ടവും ഭാവവും സഹദേവനെ അരിശം പിടിപ്പിച്ചു.

” എടി. എന്റെ മോനെ വലിച്ചെടുക്കാൻ നോക്കിയ നീ പിന്നെ ആരാടി. എന്നിട്ട് ഒന്നും അറിയാത്ത പോലെ എന്റെ വീട്ടിൽ വന്ന് കുരക്കുന്നോ…ഈ വീട്ടിലെ പട്ടിയുടെ വില പോലും ഇല്ലാത്ത നീ. “

അയാൾ അവൾക്ക് നേരെ അലറിക്കൊണ്ട് ഒന്നുകൂടി മുന്നോട്ട് വന്നതും അവളുടെ മറുപടിയും ഒരുമിച്ചായിരുന്നു.

” ഇയാൾ കുറെ നേരം ആയല്ലോ വളച്ചു, ഓടിച്ചു എന്നൊക്ക പറയാൻ തുടങ്ങിയിട്ട്. അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഇങ്ങനെ തലയും താഴ്ത്തി നിൽക്കുന്ന ഒരാളെ പ്രേമിക്കാൻ എനിക്കെന്താ പ്രാന്തുണ്ടൊ? ആദ്യം നിങ്ങളുടെ മകന് നിങ്ങൾ ഒരു സ്വാതന്ത്ര്യം കൊടുക്ക്. എന്നിട്ടു പ്രസംഗിക്ക് അന്തസ്സും ആഭിജാത്യവും.

ആർക്ക് മുന്നിലും പ്രതികരിക്കാൻ കഴിയാതെ തല കുനിച്ചു മാത്രം ജീവിക്കാൻ മകനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോട് സഹതാപം മാത്രം. പിന്നെ എന്റെ നിലയും വിലയും എനിക്ക് നന്നായി അറിയാം. അതിൽ കവിഞ്ഞൊന്നും ആഗ്രഹിക്കാതിരിക്കാനും എനിക്ക് ബുദ്ധിയുണ്ട്. ആ ബുദ്ധി നിങ്ങൾ തന്ന പഴഞ്ചൊറിന്റെ തന്നെ ആണ്. അതുകൊണ്ട് വന്ന വഴി മറക്കാതിരിക്കനും അറിയാം. എന്ന് കരുതി എന്തും പറഞ്ഞ് കളയാം എന്നുള്ള ഈ ധാർഷ്ട്യം ഉണ്ടല്ലോ. അത് മുതലാളി മടക്കി പോക്കറ്റിൽ തന്നെ വെച്ചേക്ക്. കാലം കുറേ മാറി. അതൊന്നും അറിഞ്ഞില്ലേ? പിന്നെ ഉണ്ണിയേട്ടനോട് എനിക്ക് ഇതുവരെ അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയിട്ടില്ല. ഇനി തോന്നിയാൽ തന്നെ അച്ഛനെയും പേടിച്ച് തല കുമ്പിട്ടും ഓച്ഛാനിച്ചും നിൽക്കുന്ന ഒരാൾക്കൊപ്പം ജീവിക്കാൻ ഇന്നത്തെ കാലത്ത് ഒരു പെണ്ണും കൊതിക്കില്ല. അതുകൊണ്ട് ആദ്യം നിങ്ങൾ ഉണ്ണിയേട്ടന്റെ കഴുത്തിൽ കെട്ടിയ തുടൽ അഴിച്ചുവിട്. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്ക്. “

അതും പറഞ്ഞവൾ പിന്നെ ഉണ്ണിക്ക് നേരെ തിരിഞ്ഞു,

” എന്റെ ഉണ്ണിയേട്ടാ… ഈ ഇഷ്ട്ടം എന്നൊക്ക പറയുന്നത് പരസ്പരം തോന്നേണ്ടതാണ്. അതിന് നമ്മൾ മറ്റുള്ളവരിൽ എന്തെങ്കിലും പ്രത്യേകത കാണണം. എനിക്ക് അങ്ങനെ ഒന്നും ഉണ്ണിയേട്ടനിൽ കാണാൻ കഴിയുന്നില്ല. ഒന്നുല്ലെങ്കിൽ നിങ്ങൾ ഒരു ആൺകുട്ടി ആണെന്ന് ആദ്യം സ്വയം ബോധ്യപ്പെടൂ. അച്ഛന്റെ മുന്നിൽ തല കുമ്പിട്ട് മാത്രം നിന്ന ജീവിതം ആണ് നിങ്ങളുടെ. അവിടേക്ക് ഒരു പെണ്ണിനെ കൂട്ടി അവളുടെ ജീവിതം കൂടി ഇയാളുടെ അഹന്തക്ക് മുന്നിൽ തല കുനിപ്പിക്കരുത്. ഏതൊരു പെണ്ണ് വന്ന് കേറിയാലും ആഗ്രഹിക്കുക തന്റെ ഭർത്താവ് ഒരു നട്ടെല്ല് ഉള്ളവൻ ആയി കാണാൻ ആണ്. അതുകൊണ്ട് ആദ്യം ആ നട്ടല്ലിന്റ ബലം കാണിക്ക് തല ഉയർത്തിപ്പിടിച്ചുകൊണ്ട്. എന്നിട്ട് നല്ല ഒരു പെണ്ണിനെ കെട്ടു. പക്ഷേ, അവൾ അന്നുമുതൽ നിങ്ങളുടെ ഭാര്യ ആയിട്ടാകണം നിങ്ങൾക്കൊപ്പം കഴിയേണ്ടത്, അല്ലാതെ അച്ഛന്റെ ആജ്ഞ അനുസരിക്കാൻ മാത്രമുള്ള ഒരു വിഴുപ്പ് ആവരുത് .

അതിന് ആദ്യം ഈ തല ഒന്ന് ഉയർത്തൂ.. “

എന്നും പറഞ്ഞവൾ അമ്മയുടെ കയ്യും പിടിച്ച്കൊണ്ട് പോകാൻ തിരിയുമ്പോൾ സഹദേവനെ നോക്കി ഒന്നുകൂടി പറഞ്ഞു,

” നിങ്ങൾ തന്ന പഴങ്കഞ്ഞി ആണ് ഇങ്ങനെ പ്രതികരിക്കാനുള്ള പവറു തന്നത്. അതിന് നന്ദിയുണ്ട്. മറക്കില്ല അതൊരിക്കലും. പക്ഷേ, അടിമയുടെ കാലം കഴിഞ്ഞെന്നു കൂടി അറിയണം. പെണ്ണുങ്ങൾ പ്രതികരിക്കുന്ന ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത് എന്നും ! പിന്നെഞങ്ങൾക്ക് തന്ന ആ പഴങ്കഞ്ഞിയിൽ നിന്ന് കുറച്ച് മകനും കൊടുക്കണം നാളെ മുതൽ. നിങ്ങൾക്ക് നേരെ നിങ്ങൾ നശിപ്പിച്ച ജീവിതത്തെ ഓർത്തു പ്രതികരിക്കുന്ന ഒരു ദിവസം വരുന്നുണ്ട്. അന്നത്തേക്ക് കുറച്ച് പവർ കിട്ടാൻ പഴങ്കഞ്ഞി ആണ് ബെസ്റ്റ് ” എന്ന്.

അതും പറഞ്ഞവൾഅമ്മയുടെ കൈ പിടിച്ച് പടിപ്പുരയും കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ഉമ്മറത്ത് തന്നെ അനക്കമേറ്റു നിൽക്കുകയായിരുന്നു സഹദേവനും ഉണ്ണിയും.

✍️ദേവൻ