അവൾ മനസ്സിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ നിൽക്കുമ്പോൾ അവൾക്കരികിലെത്തി…

എഴുത്ത്: മഹാ ദേവൻ

===========

“എങ്ങോട്ടാ ഈ പാതിരാനേരത്ത് ഒരുങ്ങിക്കെട്ടി.  മറ്റേ പണിക്ക് ഇറങ്ങിയതാകും അല്ലെ ചേച്ചി. ഇതിപ്പോ കൊണ്ടോവാൻ കാറ് വരോ അതോ ബസ്സിനാണോ. ന്തായാലും കാശ് കിട്ടുന്ന ഏർപ്പാട് അല്ലെ. ചിലവൊ ഒരു സോപ്പിന്റെയും. “

സതി കവലയിലെ ബസ്റ്റോപ്പിൽ അവസാനബസ്സും കാത്ത്  നിൽക്കുമ്പോഴാണ് സതീശൻ അവളെ കണ്ണുകൾ കൊണ്ട് ആകെമൊത്തമൊന്ന് അളന്ന് അരികിലേക്ക് വന്നതും ഒരു ആക്കിയ പോലെ ഉളള ചോദ്യവും.

അവന്റെ ചോദ്യവും വഷളൻചിരിയും എല്ലാം മനസ്സിലായെങ്കിലും അതൊന്നും ശ്രദ്ധിക്കത്തെ സതി ബസ്സ് വരാറുള്ള ദിക്കിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ അവൻ മുണ്ടൊന്നു മടക്കിക്കുത്തി കാൽവണ്ണയിൽ കൈ ചേർത്ത് ഉഴിഞ്ഞുകൊണ്ട്  അവൾക്ക് മുന്നിലൂടെ രണ്ട് ചാൽ നടന്ന് ഒന്ന് അടിമുതൽ മുടി വരെ അവളെ നോക്കി വെള്ളമിറക്കുകയായിരുന്നു.

“ഇനിപ്പോ പ്രതീക്ഷിച്ച ആള് വരില്ലെങ്കിൽ എന്റെ കൂടെ വരാട്ടോ. കൊണ്ടോവാൻ കാറൊന്നും ഇല്ല. മ്മക്ക് ഒരു കുറ്റികാടിന്റെ മറവൊക്കെ മതി. പിന്നെ പ്രതീക്ഷിക്കുന്ന കാശിൽ നിന്ന് ഇച്ചിരി കുറഞ്ഞാലും ഉള്ളത് വിലപേശാതെ തരും. ചില മൊതലാളിമാരെ പോലെ കാര്യം കഴിഞ്ഞാൽ ഡ്രോയറും കുടഞ്ഞുകൊണ്ട് നക്കാപ്പിച്ച തന്ന് എഴുനേറ്റ് പോകില്ല.” എന്നൊക്ക അവൾക്ക് മുന്നിൽ നിന്ന് വീമ്പ് പറയുന്ന അവന് മുന്നിൽ നിൽക്കാൻ മടി തോന്നുന്നുണ്ടെങ്കിലും ഈ രാത്രി അവസാനബസ്സ് വരുന്ന വരെ അവിടെ കാത്തു നിന്നെ മതിയാകൂ എന്ന് അറിയാവുന്നത് കൊണ്ട് മനസ്സിൽ ധൈര്യം സംഭരിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ.

അവന്റെ ചോദ്യങ്ങൾ കേട്ട് കണ്ണുകൾ നിറയുന്നുണ്ടെങ്കിലും അവനത് കാണാതിരിക്കാൻ ശ്രമിക്കുന്ന അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു “പെണ്ണിന്റ കണ്ണൊന്നു നിറയുന്നത് കണ്ടാൽ ചിലപ്പോൾ തീരെ ധൈര്യമില്ലാത്ത പെണ്ണാണെന്ന് കരുതി ആക്രമിക്കാനോ വേറെ എന്തെങ്കിലും ചെയ്യാനോ ശ്രമിക്കുമെന്ന്…”

അപ്പോഴെല്ലാം അവളുടെ മനസ്സിൽ ആശുപത്രിയിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം ആയിരുന്നു. കുഞ്ഞിനൊപ്പം ആശുപത്രിയിൽ കൂടെ ഉള്ളത് അമ്മ മാത്രമാണ്. മരുന്നിനു പോലും കാശ് തികയാത്ത അവസ്ഥയിൽ ഒരു ദിവസത്തെ ജോലി കൂടി മുടക്കിയാൽ ഉളള അവസ്ഥ പിന്നെയും ദയനീയമാകും എന്ന് അറിയാവുന്നത് കൊണ്ട് അമ്മയെ മോൾക്കരികിലാക്കി ജോലിക്ക് പോയതാണ്. കയ്യിൽ അവർകുള്ള ചോറുണ്ട്. ഇതുമായി അവസാന ബസ്സും പിടിച്ച് അവിടെ എത്തിയിട്ട് വേണം അവർക്കും വല്ലതും കഴിക്കാൻ. അവിടെ കാന്റീൻ ഉണ്ടെങ്കിലും കയ്യിലുള്ള നീക്കിയിരിപ്പിന്റെ അവസ്ഥ ഓർത്ത് എത്ര വൈകിയാലും വീട്ടിൽ നിന്ന് കൊണ്ടുപോകും.

അതിനെ കുറിച്ചുള്ള വേവലാതിയും വിഷമവുമായി ഓരോ ചിന്തയോടെ നിൽക്കുമ്പോൾ ആണ് ഇങ്ങനെ ഓരോരുത്തരുടെ വരവ്.

പെണ്ണ് ഒന്ന് രാത്രി ഒരുങ്ങിയാൽ, വഴിയരികിൽ ഒന്ന് നിന്നാൽ, ബസ്സ്സ്റ്റോപ്പിൽ ബസ്സ് കാത്തു നിന്നാൽ, ഇനി അഥവാ ബസ്സ് കിട്ടിയില്ലെങ്കിൽ വല്ല ഓട്ടോയിലും കയറിയാൽ അപ്പൊ ഉണ്ടാകും ഇതുപോലെ ഓരോരുത്തർ “രാത്രി എങ്ങോട്ടാ, മറ്റേ പണിക്കാണോ, കാറ് വരുമോ, കൂടെ പോരുന്നോ, റേറ്റ് എത്രയാ…” എന്നൊക്കെ ചോദിച്ചുകൊണ്ട്.

അവൾ മനസ്സിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ നിൽക്കുമ്പോൾ അവൾക്കരികിലെത്തി ഒരു വഷളൻചിരിയോടെ അവളുടെ ഇടുപ്പിൽ മെല്ലെ കൈവെച്ചുകൊണ്ട് “പോയാലോ…” എന്ന് ചോദിച്ചതും അവന്റെ കരണം നോക്കി അവൾ ഒന്ന് പൊടിച്ചതും ഒരുമിച്ചായിരുന്നു.

കിട്ടിയ അടിയിൽ ഒന്ന് കറങ്ങിയ അവന് സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു. തിരികെ വന്ന ബോധത്തിൽ മുഖത്തു കിട്ടിയ അടിയുടെ വേദനയിൽ കവിൾ പൊത്തിപ്പിടിക്കുമ്പോൾ അവൻ അവൾക്ക് നേരെ  ചീറി, “എടി…മറ്റവളെ…നീ എന്നെ അടിച്ചു അല്ലെ…ആണിന്റെ കരുത്ത് എന്താണെന്ന് നിനക്ക് ഞാൻ കാണിച്ചു താരാടി  പൊ**** മോളെ  എന്ന് പറഞ്ഞതും അവൾ ഒന്നുകൂടി കൊടുത്തു അവന്റെ മുഖത്തിനിട്ടു തന്നെ.

“നീ നിന്റെ കു ണവധികാരം കൊണ്ട് പെറ്റ തള്ളയേയും കൂടെ പിറന്നവൾ മാരെയും വിളിക്കുന്ന പോലെ എന്നെ വിളിച്ചാൽ ഉണ്ടല്ലോ നാളെ വീട്ടിൽ ചെന്ന് തെറി വിളിക്കുബോൾ തുപ്പല് തെറിക്കും. മുന്നില് പല്ലില്ലാത്തത് കൊണ്ട്. അത് ഞാൻ അടിച്ചു തെറിപ്പിക്കും. കേട്ടോടാ….

നീ എന്താടാ കരുതിയത് രാത്രി ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്നാൽ, അതെല്ലാം മറ്റേ പണിക്ക് ആണെന്നോ? അങ്ങനെ നിൽക്കുന്ന പെണ്ണുങ്ങൾ എല്ലാം പോക്ക് കേസുകൾ ആണെന്നോ. ? ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്നാൽ പൊങ്ങുന്ന നിന്റെ മറ്റേ സൂക്കേടുണ്ടല്ലോ,  അമ്മേം പെങ്ങളേം തിരിച്ചറിയാത്ത തരം കിട്ടിയാൽ തടവാൻ നോക്കുന്ന നീ ഇപ്പോൾ കാണിച്ച പോലുള്ള രണ്ടും കേട്ട സൂക്കേട്, നിനക്ക് അത്രക്ക് തരിപ്പ് ഉണ്ടെങ്കിൽ അതിന് മരുന്ന് വീട്ടിൽ വാഴ ഉണ്ടെങ്കിൽ വെട്ടി റൂമിൽ കൊണ്ട് വെക്കുന്നതാ. അതാകുമ്പോൾ മുട്ടുമ്പോൾ മുട്ട് തീർക്കാലോ. അല്ലാതെ മുട്ട് തീർക്കാൻ രാത്രി ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്ക് നിൽക്കുമ്പോൾ  ഇട്ട ട്രൗസറിന്റെ അറ്റം പിടിച്ച് ചൊറിഞ്ഞുകൊണ്ട് വിലയിടാൻ വന്നാൽ ഉണ്ടല്ലോ പിന്നെ വാഴ പോലും നിനക്ക് ഉപകരിക്കാത്ത രീതിയിലെ നാളെ നിന്റെ നേരം വെളുക്കൂ….പറഞ്ഞത് എന്താണെന്ന് മനസ്സിലായല്ലോ….

എടാ…നിന്നെക്കാൾ ഒക്കെ അന്തസ്സ് ഉണ്ട് തെരുവ്നായ്ക്കൾക്ക് പോലും. ഛെ….

ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്നാൽ അവർക്ക് ആപത്തു വരാതെ സംരക്ഷിക്കേണ്ട നീയൊക്കെ ഒറ്റക്ക് കിട്ടിയത് വേണം അന്തിക്കൂട്ടിനു ക്ഷണിക്കാൻ എന്ന് കരുതിന്നിടത്തു തോൽക്കുന്നത് നിന്നെ പോലെ ഉളള ചെറുപ്പക്കാരിൽ കുറെ നല്ല മനസ്സുള്ളവർ ഉണ്ട്..അവരൊക്കെ ആണ്.

അതുകൊണ്ടു നീ ഇപ്പോൾ ചെല്ല്..ഇതിപ്പോ ആരും കണ്ടിട്ടില്ല. ഇനിയും ഇവിടെ നിന്ന് കുരക്കാനോ കു ണവധികാരം കാണിക്കാനോ ആണ് ശ്രമമെങ്കിൽ ഞാൻ ഒന്നുടെ പറയുന്നു പിന്നെ വാഴ വെട്ടി റൂമിൽ വെച്ചിട്ടും പ്രയോജനം ഉണ്ടാകില്ല..മനസ്സിലായല്ലോ”

അവളുടെ ആ നിൽപ്പും ഭാവവും അവനെ ശരിക്കും പേടിപ്പിച്ചിരുന്നു. എന്തും ചെയ്യാനുള്ള ധൈര്യം അവളിലുണ്ടെന്ന് മനസ്സിലായപ്പോൾ പല്ലുകൾ ഞെരിച്ചുകൊണ്ട് അവൻ തിരികെ നടക്കുമ്പോൾ പറയുന്നുണ്ടായിരുന്നു “നിന്നെ ഞാൻ കാണിച്ചുതരാമെടി…” എന്ന്.

അത് കേട്ടതും അതേ പോലെ അവൾക്ക് ഉണ്ടായിരുന്നു മറുപടിയും, “ഇനി ഇതിന്റെ പേരിൽ നീ എന്നെ കാണിച്ചേ അടങ്ങൂ എങ്കിൽ പിന്നെ നിനക്ക് പോലും അത് കാണാൻ പറ്റാത്ത അവസ്ഥ ആകും, പറഞ്ഞില്ലെന്ന് വേണ്ട…” എന്ന്.

അത് കേട്ട് കൊണ്ട് പിൻവാങ്ങുന്ന അവനെ തന്നെ നോക്കി നിൽക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അതോടൊപ്പം അത്ര നേരം പിടിച്ച് നിന്ന മനസ്സ് പറയുന്നുണ്ടായിരുന്നു “മനസ്സിൽ പേടി ഉണ്ടെങ്കിലും, പതറാതെ, പരിഭ്രമിക്കാതെ  വാക്കുകളിൽ ധൈര്യം സംഭരിക്കാൻ കഴിഞ്ഞാൽ മതി ഇതുപോലെ ഉളള ചിലതിനെ എങ്കിലും ഏതൊരു പെണ്ണിനും നേരിടാൻ…എന്ന്…

✍️ദേവൻ