വേട്ട…
Story written by Jisha Raheesh
==========
“ഡേവിഡ്, ഐ ആം ഹെല്പ്ലെസ്സ്, ഞാൻ സംസാരിച്ചു നോക്കി, അന്വേഷണം അവസാനഘട്ടത്തിലാണെന്ന് അവർക്കും നന്നായറിയാം..പക്ഷെ തന്നെ മാറ്റിയേ പറ്റൂവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുവാണ് മന്ത്രി..”
ഡേവിഡിന്റെ മുഖം കനത്തു തന്നെയിരുന്നു..പക്ഷെ അയാളൊന്നും പറഞ്ഞില്ല..
“തത്കാലം ജയിലിലേയ്ക്കാണ് ട്രാൻസ്ഫർ..പുതിയ ആളെ അവര് ഇറക്കുന്നുണ്ട്, കേസ് ഏറ്റെടുക്കാൻ..ഇതവര് ആരുടെയെങ്കിലുമൊക്കെ തലയിൽ കെട്ടിവെയ്ക്കും…”
“പിന്നെ…പിന്നെ എന്തിനാ സാറെ നമ്മളൊക്കെ ഇങ്ങനെ..?”
പല്ല് ഞെരിച്ചു കൊണ്ടാണ് ഡേവിഡ് പിറുപിറുത്തത്..
“ഭരിക്കുന്നവർ പറയുന്നത് അനുസരിക്കാനേ കഴിയുന്നുള്ളൂ ഡേവിഡ്..എനിക്കും മടുത്തു..”
പ്രഭാകരൻ സാറിന്റെ മുഖത്തെ ഫ്രസ്ട്രേഷൻ ഡേവിഡിന് കാണാമായിരുന്നു..വെറുമൊരു മേലുദ്യോഗസ്ഥൻ മാത്രമായിരുന്നില്ല അദ്ദേഹം ഡേവിഡിന്…
“ആ കുഞ്ഞുങ്ങൾ..അവരനുഭവിച്ച വേദന..എനിക്കും രണ്ടു പെണ്മക്കളാ സാറെ..ആ കാഴ്ച്ച കണ്ടതിൽ പിന്നെ സമാധാനമായിട്ടൊന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല..”
ഡേവിഡ് കൈകൾ കൂട്ടിഞെരിച്ചു കൊണ്ടാണ് പറഞ്ഞത്..
“എന്ത് ചെയ്യാനാടോ, ഭരിക്കുന്നവർക്ക് വേണ്ടപ്പെട്ടവരാണ് പ്രതികൾ…”
“ഛെ…”
തല കുടഞ്ഞു കൊണ്ടു ഡേവിഡ് എഴുന്നേറ്റു, മേലധികാരിയെ സല്യൂട്ട് ചെയ്തു…
==========
“ഇങ്ങനെ ടെൻഷനടിച്ചിട്ട് എന്നാത്തിനാ ഇച്ചായാ..നമ്മക്ക് എന്നാ ചെയ്യാൻ പറ്റും…?പറ്റാവുന്നതൊക്കെ ചെയ്തു..പ്രതികളെയും കണ്ടു പിടിച്ചു..പക്ഷെ….”
വാതിൽക്കൽ നിന്നും നാൻസിയുടെ ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി..
ഉറക്കം ഞെട്ടിയപ്പോൾ, അടുത്ത് കിടന്നയാളെ കാണാഞ്ഞു, തിരഞ്ഞെത്തിയ നാൻസി കണ്ടത്, പാതിരാത്രി മട്ടുപ്പാവിൽ സിഗരറ്റും പുകച്ചു കൊണ്ടു തലങ്ങും വിലങ്ങും നടക്കുന്ന ഡേവിഡിനെയാണ്.
“ആ കൊച്ചുങ്ങളുടെ മുഖം മനസ്സീന്ന് പോവുന്നില്ലെടി..ആ അടഞ്ഞ കണ്ണുകൾക്കുള്ളിലെ ഭയം..അത് പോലും ഉറക്കം കെടുത്തുവാ..ആരോടും പറയാനാവാതെ എത്ര അനുഭവിച്ചിട്ടുണ്ടാവും അതുങ്ങൾ…”
അയാൾ സിഗ്ഗരറ്റ് താഴേയ്ക്കിട്ട് ചവിട്ടിയരച്ചു..
“എല്ലാ തെളിവുകളുമായി ആ പ-ന്നികളെ പൂട്ടിയിട്ട്, ഒന്ന് ചവിട്ടി മെതിക്കണമെന്ന് കരുതിയതാ…അപ്പോഴേക്കും..”
അയാളുടെ മുഖത്തെ നിരാശ നാൻസി കാണുന്നുണ്ടായിരുന്നു..മണിമല ഇരട്ട കൊലപാതകംദിവസങ്ങളുടെ ഇടവേളയിൽ ക്രൂരമായി പീ-ഡിപ്പിക്കപ്പെട്ട്, വീടിനടുത്തുള്ള പുളിമരത്തിൽ കെ ട്ടിത്തൂക്കിയ പതിനൊന്നു വയസ്സുകാരി ചേച്ചിയും, പാറമടയിൽ കൊണ്ടിട്ട എട്ട് വയസ്സുകാരി അനിയത്തിയും..
ഈ കേസന്വേഷണം തുടങ്ങിയതിൽ പിന്നെ ഇച്ചായനു നേരാവണ്ണം ഊണും ഉറക്കവുമൊന്നുമില്ല..അവസാനനിമിഷത്തിൽ ഈ ട്രാൻസ്ഫറും…
നാൻസിയ്‌ക്കൊപ്പം മുറിയിലേയ്ക്ക് നടക്കുന്നതിനിടെ, ഡേവിഡ് പാതി ചാരിയ വാതിലിനിടയിലൂടെ,അപ്പുറത്തെ മുറിയിൽ സുരക്ഷിതമായി ഉറങ്ങുന്ന തന്റെ പെണ്മക്കളെയൊന്നു നോക്കിയിരുന്നു…
ഡേവിഡ് ജയിൽ സൂപ്രണ്ടായി ജോയിൻ ചെയ്ത് ദിവസം രണ്ടു തികയുന്നതിനു മുൻപേ മണിമല ഇരട്ടകൊലപാതകക്കേസിലെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു..
വിലയ്‌ക്കെടുത്ത പ്രതികളെ, തെളിവിന്റെ അഭാവത്തിൽ കോടതി വെറുത വിടുമെന്ന് ഡേവിഡിനറിയാമായിരുന്നു…
ദിവസങ്ങൾ കഴിഞ്ഞു..മാസങ്ങളും..ഡേവിഡ് കരുതിയത് പോലെ തന്നെ മണിമല കേസിലെ പ്രതികളെന്ന് സംശയിക്കപ്പെട്ടവരെ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നത് കൊണ്ടു കോടതി വെറുതെ വിട്ടു…
അതിനെതിരെയുണ്ടായ കോലാഹലങ്ങളും പ്രതിഷേധങ്ങളും ദിവസങ്ങൾ കഴിയവേ കെട്ടടങ്ങി തുടങ്ങിയിരുന്നു…
ഡേവിഡ് പതിയെ പുതിയ സ്ഥലവുമായി ഇങ്ങങ്ങി ചേർന്നു..എങ്കിലും ചില രാത്രികളിൽ, അസ്വസ്ഥതയോടെ അയാൾ മട്ടുപ്പാവിൽ ഉലാത്താറുണ്ടായിരുന്നു..നാൻസി പോലും അറിയാതെ…
പുതിയ വാർത്തകളിൽ പുതിയ ‘ഇരകൾ ‘
സ്ഥാനം പിടിച്ചതോടെ പഴയവർ പതിയെ കാലയവനികയ്ക്കുള്ളിലേയ്ക്ക് നീങ്ങി..
===========
മെമ്പർ കുറുപ്പ്, ഔസേപ്പ് മാപ്പിളയുടെ ചായക്കടയിൽ ഇരുന്ന് ലാത്തിയടിക്കുമ്പോഴാണ് പ്രദീപൻ ഓടിക്കിതച്ച് വന്നത്..
“മെമ്പറെ അറിഞ്ഞോ,മ്മടെ ദാസപ്പനെ കാണാനില്ലാന്നു…രണ്ടു ദെവസായി.. “
“ഓൻ ഏടേലും പോയതാവൂടാ..ഊര് ചുറ്റി നടക്കുന്നോനല്ലേ..”
“എന്റെ മെമ്പറെ, ഇതങ്ങനെയൊന്നുമല്ല..വീട്ടീന്ന് കവലയിൽ പോവാന്ന് പറഞ്ഞു ഇറങ്ങിയയാളെ പിന്നാരും കണ്ടിട്ടും കേട്ടിട്ടുമൊന്നുമില്ലത്രേ..ഫോണാണേൽ സ്വിച്ച്ഡ് ഓഫും..”
മെമ്പർ എഴുന്നേറ്റു..രാഷ്ട്രീയ സ്വാധീനം ഉള്ളവനാണ് ദാസപ്പൻ..
മെമ്പർ പ്രസാദിനൊപ്പം നടന്നു പോവുന്നത് കണ്ടപ്പോൾ, ഹമീദ് ഔസേപ്പ് മാപ്പിളയോട് ശബ്ദം താഴ്ത്തി ചോദിച്ചു..
“ആ ദാസപ്പൻ, ഓനല്ലേ അന്ന് ആ കൊച്ചുങ്ങളെ…”
ഔസേപ്പ് മാപ്പിള ചുറ്റുമൊന്ന് നോക്കി..മെല്ലെ പറഞ്ഞു..
” ഓനും ആ ജോയീം കൂടാ..പറഞ്ഞിട്ടെന്നാ,പണോം സ്വാധീനോം ഉള്ളോർക്ക് എന്നതാ സാധിക്കാത്തെ…?”
പിറ്റേന്ന് അതിരാവിലെ ഔസേപ്പ് മാപ്പിള ചായപ്പീടികയിലേയ്ക്ക് നടക്കുമ്പോഴാണ് മലഞ്ചെരുവിലെ കുഞ്ഞിക്കുടിലിനരികിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടത്….
“ദാസപ്പൻ…ഓനെ ആ പുളിമരത്തിൽ കെട്ടി തൂക്കിയിട്ടുണ്ട്..”
ആരോ പറഞ്ഞത് കേട്ട് ഔസേപ്പ് മാപ്പിള ധ്രുതിയിൽ അങ്ങോട്ട് നടന്നു..
പരിപൂർണ ന-ഗ്നനായി ആ പുളിമരത്തിൽ തൂങ്ങിയാടുന്ന ദാസപ്പന്റെ മൃതദേഹം ആരിലും ഭീതി ജനിപ്പിക്കുന്നതായിരുന്നു..ശരീരമാകെ മുറിപ്പാടുകളും ചോരയും..ലിം ഗം ഛേ ദിക്കപ്പെട്ട നിലയിലും..
ആ കാഴ്ച്ച കണ്ടു നിന്ന ജോയി അടുമുടി വിറയ്ക്കുന്നുണ്ടായിരുന്നു..
അതേ പുളിമരം. ഒരു കുരുന്നിന്റെ അലറി കരച്ചിൽ അയാളുടെ ചെവികളിൽ മുഴങ്ങിയത് പോലെ..
അയാൾക്ക് സപ്തനാഡികളും തളരുന്നത് പോലെ തോന്നി..
“എന്തായാലും കൊണ്ടോയവൻ ഇവന്റെ മേത്ത് നല്ലോണം കേറി മേഞ്ഞിട്ടുണ്ട്..നായ കടിച്ചു പറിച്ചത് പോലെയുണ്ട് മേലാകെ…”
അടുത്ത് കൂടെ പോയ പോലീസുകാർ അടക്കം പറയുന്നത് ജോയി കേട്ടു..അയാൾക്ക് കാലുകൾ കുഴയുന്നത് പോലെ തോന്നി..ഉള്ളിലേയ്ക്ക് അരിച്ചെത്തുന്ന ഭയം…
ദിവസങ്ങൾ കടന്നു പോയി..ദാസപ്പന്റെ കൊലപാതകത്തിൽ പോലീസിന് കൊലയാളികളിലേയ്ക്ക് എത്താവുന്ന ഒരു തുമ്പും കിട്ടിയില്ല…
ജോയി പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി..പക്ഷെ ഒരു രാവിലെ നാടുണർന്നത് ജോയിയുടെ തിരോധാനം അറിഞ്ഞാണ്..വീട്ടിൽ വെച്ച് തന്നെയാണ് ജോയിയെ തട്ടികൊണ്ട് പോയത്…
============
“ഇച്ചായാ, എത്ര നേരമായി ഫോൺ റിങ് ചെയുന്നു..
ഡിജിപി പ്രഭാകരൻ സാറാണ്..”
ഡേവിഡിന് നേരെ ഫോൺ നീട്ടികൊണ്ട് നാൻസി പറഞ്ഞു..അവളോട് ഫോൺ വാങ്ങി, ഡേവിഡ് കോൾ എടുക്കുമ്പോഴേയ്ക്കും നാൻസി ചുറ്റും നിറയുന്ന ആളുകൾക്കിടയിലേയ്ക്ക് നടന്നിരുന്നു..
ഗാർഡനിൽ, ബഹളങ്ങളിൽ നിന്നൊഴിഞ്ഞൊരു സ്ഥലത്തേയ്ക്ക് ഡേവിഡ് നടക്കുമ്പോൾ പ്രഭാകരൻ സാറിന്റെ മുഴക്കമുള്ള ശബ്ദം ചെവിയിൽ മുഴങ്ങി…
“ഡേവിഡ്..താനിത് എവിടെയാടോ..? വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ…?”
“സാർ ഞാൻ..ഞാൻ ലീവിലാണ്..ബാംഗ്ലൂരിൽ…വൈഫിന്റെ അനിയത്തിയുടെ മാര്യേജാണ്..ഞാനന്ന് പറഞ്ഞിരുന്നില്ലേ..”
“ഓ..യെസ് യെസ്…ഞാനത് മറന്നു…പിന്നെ “
അയാൾ ഒന്ന് നിർത്തി തുടർന്നു..
“താനിവിടെ നടക്കുന്ന പുകിലൊന്നും അറിഞ്ഞില്ലേ.?”
“ഉം..ഞാൻ ന്യൂസ് കണ്ടിരുന്നു സാർ..ആ ജോയിയും മിസ്സിംഗ് ആണല്ലേ…?”
“നല്ല പ്രഷർ ഉണ്ടെടോ..ഒരു തെളിവ് പോലും ബാക്കി വെച്ചിട്ടില്ല നമുക്ക്..എന്തായാലും പണി പഠിച്ചവർ തന്നെ..”
“ദൈവത്തെ വരെ സ്വാധീനിക്കുവാൻ കഴിവുള്ളവരല്ലേ സാർ..”
അയാളുടെ സ്വരത്തിലെ പരിഹാസം ഡിജിപി അറിയുന്നുണ്ടായിരുന്നു..
“ഉം…വരട്ടെ…നോക്കാം..തന്റെ കാര്യങ്ങളൊക്കെ നടക്കട്ടെ..”
സംസാരിച്ചു കഴിഞ്ഞു ഫോൺ പോക്കറ്റിലേയ്ക്ക് ഇടുമ്പോൾ ഡേവിഡിന്റെ മുഖത്തൊരു ചിരി തെളിഞ്ഞിരുന്നു..
അടുത്ത നിമിഷം അയാളുടെ ജീൻസിന്റെ പോക്കറ്റിൽ മൊബൈൽ വൈബ്രേറ്റ് ചെയ്തു…കീപാഡുള്ള ആ ചെറിയ ഫോണിൽ നിന്നും ഒരേയൊരു നമ്പറിലേയ്ക്ക് മാത്രമേ കോളുകൾ പോയിട്ടുണ്ടായിരുന്നുള്ളൂ.. സ്വീകരിച്ചിട്ടും..
ചുറ്റുമൊന്ന് നോക്കി ഡേവിഡ് ആ ഫോൺ ചെവിയോട് ചേർത്തു…
“കഴിഞ്ഞു…”
“ഉം…”
“ആ പാറമടയിൽ, അതേ സ്ഥലത്ത് കണ്ണും തുറിച്ചു കിടപ്പുണ്ടവൻ..ആ കൊച്ചുങ്ങളോട് ചെയ്തതൊക്കെ എണ്ണിയെണ്ണി പറയിപ്പിച്ചു..കേട്ടു നിക്കാൻ വയ്യായിരുന്നു സാറെ..വേദനിക്കാത്ത ഒരിഞ്ചു പോലും അവന്റെ ദേഹത്തില്ല…”
“ഉം..അതൊന്ന് കാണണമെന്നുണ്ടായിരുന്നു..പക്ഷെ സേഫ് അല്ല..നിങ്ങൾ ബോർഡർ കഴിഞ്ഞില്ലേ..?”
“കഴിഞ്ഞു സാർ..”
“ഇനി ഈ നമ്പർ നിലവിലുണ്ടാവില്ല…ഇപ്പോൾ തന്നെ,ആ ഫോണും സിമ്മും നശിപ്പിച്ചേരെ..നിങ്ങൾക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്..”
നന്ദിവാക്കുകൾ പരസ്പരം കൈമാറാതെ ആ സംസാരം അവസാനിച്ചു..
ആദ്യത്തെ ബഹളങ്ങൾക്കൊടുവിൽ, ദാസപ്പന്റെയും ജോയിയും കൊലപാതകം, തെളിയാതെ കിടക്കുന്ന അനേകം കേസുകൾക്കിടയിൽ ഒന്നായി മാറി..
============
അന്ന് വിശാഖപട്ടണത്ത് ഒരു ചെറിയ ഹോട്ടലിന്റെ ഉദ്ഘാടനം നടന്നിരുന്നു..
ആൾതിരക്കിനിടയിലൂടെ നടന്നിരുന്ന ഹോട്ടൽ മുതലാളിമാരായിരുന്ന ബാലുവും റഷീദും സുഹൃത്തുക്കളായിരുന്നു..
സൗമ്യമായ ചിരിയോടെ, ഓടിനടക്കുന്ന അവർക്ക് അവിടെയാർക്കും അറിയാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു..
ജയിലിൽ വെച്ച് തുടങ്ങിയ സൗഹൃദം..അനിയത്തിയെ പീ-ഡിപ്പിച്ചവനെ വെട്ടി മ ലർത്തിയ റഷീദും, ഭാര്യയെയും കാമുകനെയും കു ത്തിക്കൊന്ന കേസിൽ അകത്തായ ബാലുവും..
സാഹചര്യവശ്ശാൽ കൊലപാതകികളായ അവർ മനസ്സറിയെ, രണ്ടുകൊലപാതകങ്ങൾ കൂടെ ചെയ്തിരുന്നു..
ചിരിക്കാൻ മറന്നു പോയ ആ മാലാഖക്കുഞ്ഞുങ്ങളന്ന്,അങ്ങകലെ സ്വർഗത്തിൽ, പുഞ്ചിരിച്ചോ ആവോ..? അറിയില്ല….
~ സൂര്യകാന്തി (ജിഷ രഹീഷ് )?