ബിസിനസ്‌മാൻ
Story written by Arun Karthik
===============
“എനിക്ക് ബിസിനസ്‌കാരൻ ആവണം ” എന്ന എന്റെ ആഗ്രഹം കേട്ടപ്പോൾ അടുക്കളയിൽ ജോലി ചെയ്ത്‌കൊണ്ടിരുന്ന അമ്മ ഒരു വെട്ടുകത്തിയും തേങ്ങായും കയ്യിൽ തന്നിട്ട് പറഞ്ഞു, നീ ആദ്യം പോയി ഈ തേങ്ങാ പൊതിച്ചിട്ടു വാ, എന്നിട്ട് പോയി ബിസിനസ് ചെയ്തോന്ന്…
അതിലൊരു പരിഹാസചുവ ഫീൽ ചെയ്തോന്നു തോന്നിയത്കൊണ്ടാവാം എന്റെ അടുത്ത സമീപനം അച്ഛന്റെ അടുക്കലേക്കായിരുന്നു..
അല്ലെങ്കിലും ജീവിതനിലപാടുകൾ വ്യക്തമാക്കാനും തീരുമാനങ്ങൾ കൈകൊള്ളാനും അച്ഛനാണല്ലോ കുറേകൂടി അഭികാമ്യം..
നിത്യവേതനം കൊണ്ടു മാത്രം ഞാനും പെങ്ങളുമടക്കം മൂന്നു പേരെ തീറ്റിപോറ്റുന്ന അച്ഛൻ, “അതിനു മൂലധനം എവിടെയെന്നു” ചോദിച്ചു കൊണ്ട് ഷർട്ടിന്റെ ഒഴിഞ്ഞ കീശയെന്നെയൊന്നു വിടർത്തി കാണിച്ചു.
മൂലധനത്തിന്റെ കാര്യത്തിൽ എന്തുചെയ്യണമെന്ന് ആലോചിച്ചുനിൽക്കുമ്പോഴാണ് പെങ്ങളുടെ കൈവിരലിലെ വട്ടമോതിരം എന്നെനോക്കി വെട്ടിതിളങ്ങുന്നത് കണ്ടത്.
ആ വിരൽതുമ്പിലേക്ക് എന്റെ കൈവിരലുകൾ പരതിചെന്നപ്പോഴാണ് അമ്മയുടെ കൈവന്ന് എന്റെ കൈ തട്ടി മാറ്റിയത്. കൂടെ ഒരു ഉപദേശം കൂടി..മര്യാദക്ക് കോളേജ്പഠനം പൂർത്തിയാക്കി വല്ല ജോലിയും മേടിക്കാൻ…
വീട്ടുകാരും കൂട്ടുകാരും എന്റെ ബിസിനസ് മോഹത്തെ പാടെ തള്ളികളയുമ്പോഴും മനസ്സിൽ ഒരു പ്രേതീക്ഷ ബാക്കി നില്പുണ്ടായിരുന്നു, എന്റെ ഗൗരി, എന്റെ പ്രണയിനി…
ഞാനെന്റെ ആവശ്യം അവളെ അറിയിച്ചപ്പോൾ നിന്നെപ്പോലൊരു നിഷ്കളങ്കന് ബിസിനസ്സൊക്കെ ശരിയാവുമോയെന്ന സംശയമാണ് അവളും മുന്നോട്ടു വച്ചത്.
കടിച്ചമർത്തിയ ദേഷ്യവും എന്റെ മുഖത്തെ നിരാശഭാവവും കണ്ടത്കൊണ്ടാവും നിന്റെ ആഗ്രെഹമൊക്കെ നല്ലതാ, പക്ഷേ അതിനുള്ള മൂലധനം എവിടെയെന്നു അവൾ അനുനയിപ്പിക്കാൻ തിരിച്ചുചോദിച്ചത്.
അച്ഛൻ ചോദിച്ച അതേ ചോദ്യം അവളുടെ നാവിൽ നിന്നും ആവർത്തിച്ച്കേട്ടത് കൊണ്ടാവാം ഗൗരി എന്നെ സഹായിച്ചാൽ ഞാനത് തിരിച്ചു തരാമെന്ന് എനിക്ക് അപ്പോൾ പറയാൻ തോന്നിയത്.
പണം തരുന്നതിനു മുൻപ് നിനക്ക് ബിസിനസ് നടത്താനുള്ള സ്കിൽ ഉണ്ടോയെന്നു ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെയെന്നവൾ പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെയാണ് ഞാനാ പരീക്ഷണത്തെ അഭിമുഖീകരിക്കാൻ തയ്യാറായത്.
ദേഹത്ത് ചെളി പറ്റിക്കാതെ ആരോടും വായ്പ മേടിക്കാതെ ഞാൻ തരുന്ന 400രൂപ
ഒരു മണിക്കൂറിനുള്ളിൽ 500രൂപയാക്കി ഈ നൂറുമീറ്റർ പരിധിയിൽ നിന്ന് ബിസിനസ് ചെയ്തു കൊണ്ടു വരാൻസാധിക്കുമെങ്കിൽ നിനക്ക് ഞാൻ പണം തരാം..
ഇതൊരുമാതിരി കോ-പ്പിലെ പരീക്ഷണം ആയിപ്പോയി ‘ന്ന് മനസ്സിൽ പറഞ്ഞെങ്കിലും എന്നിലെ ബിസിനസ് മാൻ അവൾക്കു മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
കോളേജ് ബസ്‌സ്റ്റോപ്പിലിരുന്ന് കൗണ്ട്വണ് സ്റ്റാർട്ട് ന്ന് പറഞ്ഞ് നട്ടുച്ച 12 മണിക്ക് അവൾ സമയം കുറിക്കുമ്പോൾ ആദ്യപത്തു മിനിറ്റോളം എന്ത്ചെയ്യണമെന്നറിയാതെ ഞാനതിലെ തേരാപാരാ നടക്കുന്നുണ്ടായിരുന്നു.
അയൽവാസി ഷാജിയേട്ടന്റെ ലോട്ടറികട കണ്ടപ്പോൾ ആപ്പിൾ വീണ് ഗുരുത്വാകർഷണം കണ്ടുപിടിച്ച ഐസക് ന്യൂട്ടണെ പോലെ എന്റെ തലയിലും മിന്നായം പോലെ ഒരു ബൾബ് കത്തി.
കയ്യിലുള്ള 400രൂപ ഷാജിയേട്ടന് കൊടുത്തു ലോട്ടറിടിക്കറ്റ് ഏറ്റു വാങ്ങുമ്പോൾ 100രൂപ ലാഭം കിട്ടുമെന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
ഐശ്വര്യമായിട്ടു ആദ്യത്തെ ടിക്കറ്റ് ഞാൻ വച്ചുനീട്ടുമ്പോൾ” ഉടായിപ്പ് പണിയുമായി നടക്കാതെ വേറെ വല്ല പണിക്കും പോടെ” എന്നാണ് ഒരാൾ പറഞ്ഞത്. വീണ്ടുമൊരു ഇരുപതോളം പേരോട് കൂടി ചോദിച്ചപ്പോൾ ഒരു ടിക്കറ്റാണ് വിറ്റു പോയത്.
സമയം കടന്നു പോകുന്തോറും ആശങ്കയും ഏറിവന്നു. കോളേജ് ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർ പഠനം നിർത്തി ലോട്ടറികച്ചവടം തുടങ്ങിയോന്ന് കളിയാക്കി ചോദിച്ചെങ്കിലും നാല് ടിക്കറ്റ് എടുത്തു അവർ സഹകരിച്ചു.
അന്നത്തെ സൂര്യന്റെ വെയിലിനു കാഠിന്യമേറി തൊണ്ട വരളുമ്പോഴും ഒരു നാരങ്ങാവെള്ളത്തിനായി മനസ്സ് ആഗ്രെഹിച്ചപ്പോഴും 100രൂപയെന്ന ടാർഗറ്റ് കൈവിടാൻ ഞാൻ തയാറായിരുന്നില്ല.
12.30 യോടെ ആളുകളുടെ വരവ് തീർത്തും കുറഞ്ഞപ്പോളാണ് കടകൾ വഴി വിറ്റു പോയാലോന്നുള്ള ചിന്ത മനസ്സിൽ ഉദിച്ചത്.
പന്ത്രണ്ടെമുകാൽ ആയപ്പോഴേക്കും കയ്യിലുള്ള ഒമ്പത് ടിക്കറ്റ് വിറ്റ് തീർത്ത എനിക്ക് അവസാന ഒരു ടിക്കറ്റ് വിൽക്കാൻ അവിടെ മറ്റു കടകളോ നടന്നുനീങ്ങുന്ന ജനങ്ങളോ ഉണ്ടായിരുന്നില്ല.
പരീക്ഷണത്തിൽ പരാജയപ്പെടുമെന്ന് ഓർത്തു വിഷമിച്ചു നിൽക്കുമ്പോഴാണ് ഷാജിയേട്ടന്റെ കടന്നു വരവും ഐശ്വര്യമായിട്ടു അവസാനടിക്കറ്റ് ഇങ്ങു തരാൻ പറയുന്നതും..
കച്ചവടം പൊടിച്ചില്ലെന്നുള്ള ഷാജിയേട്ടന്റെ ചോദ്യവും കേട്ട് നൂറു രൂപ ലാഭവുമായി ഗൗരിയുടെ അടുത്തേക്ക് വിജയശ്രീലാളിതനായി നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു.. ബിസിനസ് എനിക്കും വഴങ്ങുമെന്ന്…
മുന്നോട്ടു നടന്നു നീങ്ങുന്ന എന്റെ കൈകളിൽ, പെട്ടെന്നാണ് പ്രായം ചെന്ന കുറച്ചു അവശത തോന്നിപ്പിക്കുന്ന ഒരമ്മ പിടുത്തമിടുന്നത്.
“ഒരു പായക്കറ്റ് ഉണ്ണിയപ്പം എടുക്കാവോ മോനെ ഇരുപതു രൂപയെയുള്ളൂ”യെന്നു പറഞ്ഞുകൊണ്ടു ഒരു ബിക്ഷ്പേപ്പറിനുള്ളിലേക്ക് കയ്യിടുന്ന ആ അമ്മയുടെ മുഖത്തു, എന്നെകണ്ടപ്പോൾ വല്ലാത്ത പ്രേതീക്ഷ അനുഭവപ്പെട്ടപോലെ എനിക്കു തോന്നുന്നുണ്ടായിരുന്നു..
അവരെ സഹായിക്കാനായി പൈസയെടുക്കാൻ പോക്കറ്റിൽ കയ്യിട്ടപ്പോഴാണ് പണവുമായി വരാമെന്നു ഗൗരിക്ക് വാക്ക് കൊടുത്തത് ഓർമ്മവന്നത്.
എന്റെ കയ്യിലുള്ള പണം മറ്റൊരാവശ്യത്തിനു നീക്കി വച്ചതാണെന്നു പറഞ്ഞു ആ അമ്മയുടെ കയ്യിലെ പിടുത്തം വിടുവിച്ചു ഞാൻ നടന്നകലുമ്പോഴും “മോനെ ഒരു ഉണ്ണിയപ്പം എടുക്കണേ”ന്നുള്ള വിളി എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു.
പരീക്ഷണത്തിലും വലുതല്ലേ ആ അമ്മയെ സഹായിക്കേണ്ടത് എന്നെന്റെ മനസ്സാക്ഷി എന്നോട് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞപ്പോൾകേൾക്കാതിരിക്കാൻ ആവുമായിരുന്നില്ലെനിക്ക്…
തിരിച്ചു ചെന്ന് ആ അമ്മയുടെ കയ്യിലെ പാക്കറ്റ് ഉണ്ണിയപ്പം ഏറ്റുവാങ്ങുമ്പോൾ ആ അമ്മ പറയുന്നുണ്ടായിരുന്നു രാവിലെ തൊട്ട് ഒന്നും കഴിച്ചില്ലെന്ന്.. വിറ്റു കിട്ടിയ പണം കൊണ്ടു വേണം ഒരു ചായ എങ്കിലും കുടിക്കാനെന്ന്..
ബാക്കി പണവും ഉണ്ണിയപ്പവുമായി തിരിച്ചു നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു കുറച്ചു മുൻപ് എത്രയോ പേർ എന്നെ നിരസിച്ചു കടന്നു പോയി. സത്യത്തിൽ അതു തന്നെയല്ലേ ഞാനും ആ അമ്മയോട് ആദ്യം ചെയ്തത്. ഇത് പോലെ ദിനംപ്രതി എത്ര കച്ചവടക്കാർ മറ്റുള്ളവരെ സമീപിക്കുന്നുണ്ടാവും….
കയ്യിലുള്ള പണം ഗൗരിയെ ഏൽപ്പിക്കുമ്പോൾ ഞാൻ പറയുന്നുണ്ടായിരുന്നു, നീ പറഞ്ഞത് ശരി തന്നെയാ, എനിക്കൊരിക്കലും പണത്തിനു വില കല്പിക്കുന്ന ലാഭനഷ്ടകണക്കുകളുടെ ബിസിനസ്‌മാൻ ആവാൻ കഴിയില്ല…
പണത്തിന്റെ കൂട്ടികുറയ്ക്കലുകളുടെ ബിസിനസ്‌മാനെ എനിക്കും സമൂഹത്തിനും ആവശ്യമില്ല, ആ അമ്മയെ സഹായിച്ച മാനുഷികമൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഈ നിഷ്കളങ്കബിസിനസ്‌മാനെയാ എനിക്കും ഇഷ്ടമെന്ന് പറഞ്ഞെന്റെ ഉള്ളംകയ്യിൽ ഗൗരി ചുംബിക്കുമ്പോൾ ഇവളെങ്ങനെ ഇതറിഞ്ഞു എന്ന ചിന്തയിലായിരിന്നു ഞാൻ……….
~ കാർത്തിക്