Written by Tina Tnz
===========
“ഇപ്പൊ ഇറങ്ങിക്കോണം ഇതിനെയും കൊണ്ട് ഇവിടുന്ന് .. “
കലിതുള്ളി അമ്മയത് പറഞ്ഞതും ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി.
“അമ്മേ….” ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു.
“ഒന്നും പറയേണ്ട..ഒന്നുകിൽ നീ ഒറ്റയ്ക്ക് അകത്തേക്ക് കയറിക്കോ…അല്ലെങ്കിൽ രണ്ടാളും കൂടി പുറത്തേക്ക്..എന്താണെന്ന് വെച്ചാൽ പെട്ടന്ന് ആയിക്കോ….” അമ്മ വാതിൽക്കൽ കയ്യും കെട്ടി തടസ്സം നിന്നുകൊണ്ട് പറഞ്ഞു.
“അമ്മേ…ഇവൾ അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല..ഒരു ശല്യത്തിനും വരാതെ അടങ്ങി ഒതുങ്ങി ഇവിടെ എവിടെയെങ്കിലും നിന്നോളും…ഇത്തിരി ആഹാരം കൊടുത്താൽ മാത്രം മതി.. ” ഞാൻ വീണ്ടും പറഞ്ഞു.
“അഖീ..നീ എന്തൊക്കെ പറഞ്ഞാലും ഞാനിതിനു സമ്മതിക്കാൻ പോണില്ല…എനിക്ക് ഇഷ്ടല്ല…” അമ്മ മുഖം തിരിച്ചു കൊണ്ട് അകത്തേക്ക് കയറി.
“എന്താ ഭാമേ ഇത്…അവൻ യാത്ര ചെയ്തു ക്ഷീണിച്ചു വന്നതല്ലേ ഉള്ളു. വീട്ടിലേക്ക് കയറാൻ പോലും സമ്മതിക്കാതെ നീയെന്താ ഈ കാണിക്കുന്നേ…” ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് അച്ഛൻ സിറ്റ്ഔട്ടിലേക്ക് ഇറങ്ങി വന്നു ചോദിച്ചു.
“പുന്നാര മോൻ ഒറ്റയ്ക്ക് അല്ല വന്നേക്കുന്നത്..കൂട്ടിനു ഒരെണ്ണം കൂടിയുണ്ട്. ” അമ്മ മുഖം വീർപ്പിച്ചു പറഞ്ഞതും അച്ഛൻ എന്നെയും അവളെയും മാറി മാറി നോക്കി. അച്ഛന്റെ നോട്ടം കണ്ടതും അവൾ എന്റെ പിറകിൽ ഒളിച്ചു നിന്നു.
“ഇങ്ങു വന്നേ… ” അച്ഛൻ കൈ നീട്ടി വാത്സല്യത്തോടെ വിളിച്ചിട്ടും പോവാൻ കൂട്ടാക്കാതെ അവൾ എന്റെ പിന്നിൽ തന്നെ നിന്നു.
“ദേ സുകുവേട്ടാ…ഇപ്പൊ തന്നെ എവിടെയാണെന്ന് വെച്ചാൽ അതിനെ കൊണ്ടാക്കിയിട്ടു വരാൻ അവനോട് പറ…” അമ്മ അച്ഛനോടായി പറഞ്ഞു.
“ഈ രാത്രിയിൽ എവിടെ കൊണ്ട് വിടാൻ ആണ്…നീയൊന്നടങ്ങു ഭാമേ..ആദ്യം അവനൊന്നു അകത്തേക്ക് കയറട്ടെ..ബാക്കിയൊക്കെ പിന്നെ ആലോചിക്കാം….” അച്ഛൻ എന്റെ ബാഗും വാങ്ങി അകത്തേക്ക് കയറിയതും, അമ്മയുടെ താടിതുമ്പിൽ ചെറുതായി നുള്ളിക്കൊണ്ട് ഞാനും അകത്തേക്ക് കയറി. എന്നാൽ എന്റെ പിന്നാലെ അവളും അകത്തേക്ക് കയറിയത്കൊണ്ടാകും അമ്മയുടെ മുഖം അത്ര തെളിഞ്ഞിട്ടില്ലായിരുന്നു.
രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും അമ്മയുടെ മുഖത്തിന് മാറ്റമൊന്നും ഇല്ല. സാധാരണ ഞാൻ വീട്ടിൽ വന്നു കഴിഞ്ഞാൽ വിശേഷങ്ങൾ ചോദിച്ചും, ഓരോന്നൊക്കെ വെച്ചുണ്ടാക്കി എന്നെ നിർബന്ധിച്ചു കഴിപ്പിച്ചും പിന്നാലെ തന്നെ നടക്കുന്നതാണ്. ഞാൻ അങ്ങോട്ട് ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട് എന്നല്ലാതെ അധികം മിണ്ടാട്ടം ഇല്ല.
“നിനക്ക് എത്ര ദിവസം ലീവ് ഉണ്ട്…” അത്താഴം അച്ഛൻ ചോദിച്ചു.
“3 ദിവസം ഉണ്ട്. ഞായറാഴ്ച വൈകിട്ടു തിരിച്ചു പോണം ” ഞാൻ പറഞ്ഞു.
“പോകുമ്പോൾ അതിനെക്കൂടി കൊണ്ടോയ്ക്കോ..ഇവിടെ നിർത്തേണ്ട…” അത്രേം നേരം മിണ്ടാതെ ഇരുന്ന അമ്മ ഇടയ്ക്ക് കയറി പറഞ്ഞു.
“അമ്മേ…അതൊരു പാവമാ… “
“എന്താണേലും ഇവിടെ വേണ്ട…” അമ്മ തീർത്തു പറഞ്ഞുകൊണ്ട് പാത്രങ്ങളും എടുത്തു അടുക്കളയിലേക്ക് പോയി. അമ്മയുടെ ഭാവമാറ്റം കണ്ടു അമ്പരന്ന് ഞാനും അച്ഛനും പരസ്പരം നോക്കി ഇരുന്നു.
രാത്രി ഉറങ്ങാനായി മുറിയിലേക്ക് എന്നോടൊപ്പം കയറിവന്ന അവളെ അമ്മ നിർബന്ധിച്ചു അടുക്കളപ്പുറത്തു കൊണ്ട് പോയി കിടത്തി. ഇടയ്ക്ക് ഫ്രിഡ്ജിൽ നിന്ന് വെള്ളം കുടിക്കാനായി ചെന്നപ്പോൾ കണ്ടു ഒരു പഴംതുണിയിൽ ചുരുണ്ടുകൂടി കിടക്കുന്നത്. എന്നെ കണ്ടതും തല പൊക്കി നോക്കി, ദയനീയമായി കരഞ്ഞു.
എനിക്കെന്തോ അവളുടെ കിടപ്പ് കണ്ടു പാവം തോന്നി. ഞാൻ മെല്ലെ അവൾക്കരികിൽ ചെന്ന് ദേഹത്തു ഒന്ന് തലോടി.
“മ്യാവൂ…. ” അവൾ ചെറുതായി ശബ്ദം ഉണ്ടാക്കി.
“ഇവിടെ കിടക്കുന്നതൊക്കെ കൊള്ളാം…വെറുതെ കരഞ്ഞു ബഹളം ഉണ്ടാക്കി ബാക്കി ഉള്ളവരുടെ ഉറക്കം കളയരുത്..” അങ്ങോട്ടേക്ക് വന്ന അമ്മ ദേഷ്യത്തിൽ ഞങ്ങളെ നോക്കി. ഞാനൊന്നും പറയാതെ അവളെ നോക്കിയ ശേഷം മുറിയിലേക്ക് പോയി.
യാത്രക്ഷീണം കാരണം കിടന്ന ഉടനെ തന്നെ ഞാൻ ഉറങ്ങിപോയി. പിറ്റേന്ന് രാവിലെ എന്തൊക്കെയോ ബഹളം കേട്ടാണ് ഞാൻ എണീറ്റത്. ചെന്നു നോക്കുമ്പോൾ അമ്മയാണ്. തൊട്ടടുത്തു അവളുമുണ്ട്.
“നീയിത് കണ്ടോടാ…കലത്തിൽ വെള്ളം എടുത്തു തിരിഞ്ഞതും ഈ പൂച്ച എന്റെ കാലിലേക്ക് ഓടി കയറി. കയ്യിലിരുന്ന കലവും വെള്ളവും താഴെ വീണു. അടുക്കള മുഴുവൻ നാശമായി.. ” അമ്മയുടെ കലി തുള്ളിയുള്ള സംസാരം കേട്ടതും ഞാൻ അവളെ നോക്കി. അവളാണെൽ ഒന്നും അറിയാത്ത പോലെ അടുക്കളയിൽ ചുറ്റി പറ്റി നില്കുന്നുണ്ട്.
“ഇന്ന് തന്നെ എവിടാണെന്ന് വെച്ചാൽ കൊണ്ട് കളഞ്ഞോണം.. ” കാലു കൊണ്ട് അവൾക്ക് ചെറിയൊരു തട്ട് കൊടുത്തു അമ്മ അവസാന താക്കീത് പോലെ പറഞ്ഞു. അവൾ ഒന്ന് ഞരങ്ങികൊണ്ട് അടുക്കളയുടെ ഒരു മൂലയിലേക്ക് നീങ്ങി നിന്നു.
“ഡി കല്ലൂ… നീയെന്ത് പണിയാ കാണിച്ചേ.. ” ഞാനവളെഎടുത്ത് മടിയിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു. അവൾ കരഞ്ഞുകൊണ്ട് എന്റെ മടിയിൽ ചുരുണ്ടു കൂടി കിടന്നു.
“കുഞ്ഞുനാളിൽ എപഴോ വീട്ടിൽ വളർത്തിയ പൂച്ചയുടെ കയ്യിൽ നിന്ന് എനിക്ക് നല്ല മാന്ത് കിട്ടിയിട്ടുണ്ട്..അന്ന് ഞാൻ കുറെ കരഞ്ഞു ബഹളം വെച്ചു. അന്ന് എന്റെ കരച്ചിൽ കണ്ടിട്ടാണെന്ന് തോന്നുന്നു പിന്നീട് അങ്ങോട്ട് പ ട്ടി, പൂച്ച, തുടങ്ങിയ മൃഗങ്ങളെ ഒന്നും അമ്മയ്ക്ക് അത്ര ഇഷ്ടം അല്ല..അവരോട് അടുക്കാൻ എന്നെ സമ്മതിക്കയും ഇല്ല…” ഞാനവളുടെ തലയിൽ തലോടി.
“പക്ഷെ ഇന്നലെ മഴയത്തു നനഞ്ഞു കുതിർന്നു നീയാ വഴിയരികിൽ കിടക്കുന്നത് കണ്ടപ്പോ എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നിപോയി. അതാ അമ്മയ്ക്ക് ദേഷ്യം ആകുമെന്ന് അറിയാമായിരുന്നിട്ടും നിന്നെ കൂടെ കൂട്ടിയത്..!അമ്മയൊരു പാവമാ..ഇച്ചിരി ദേഷ്യം ഉണ്ടെന്നേ ഉള്ളു..നീ അധികം കുരുത്തക്കേടൊന്നും കാണിക്കാതെ ഇവിടെ നിന്നാൽ മതി..കേട്ടോ… ” ഞാൻ അവളോടായി പറഞ്ഞിട്ട് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.
രാവിലത്തെ ആഹാരമൊക്കെ കഴിഞ്ഞ ശേഷം അവൾ വീടിനുള്ളിലൂടെ ചുറ്റികറങ്ങി നടന്നു. എന്നോടും അച്ഛനോടും വേഗത്തിൽ ഇണങ്ങി. എന്നാൽ അമ്മ മാത്രം അവളെ കാണുമ്പോഴൊക്കെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുഖം തിരിച്ചു കളഞ്ഞു.
പിറ്റേദിവസമാണ് അച്ഛൻ ആ കാര്യം കണ്ടു പിടിച്ചത്. അവളുടെ പിൻകാലിനു ചെറിയൊരു മുടന്തുണ്ട്. അവളെ എടുത്തു മടിയിലിരുത്തി പരിശോധിച്ചപ്പോൾ കാൽ ഭാഗത്തു മുറിവ് ഉള്ളതായും കണ്ടെത്തി.
“ഇതിനെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നാ തോന്നുന്നേ ” അച്ഛനവളെ പരിശോധിച്ചിട്ട് പറഞ്ഞു.
“എവിടെ നോക്കട്ടെ…” ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് വന്ന അമ്മ അച്ഛന്റെ കണ്ണടയുമെടുത്തു വെച്ച് അവളുടെ കാലിലേക്ക് സൂക്ഷിച്ചു നോക്കി.
“ഇത് ഒന്നുമില്ലടാ..ചെറിയ മുറിവാ..ഇത്തിരി ഹൈമേക്സ് തേച്ചാൽ മതി.. ” അമ്മ നിസ്സാരമായി പറഞ്ഞു.
പണ്ട് പ ട്ടിയെ വളർത്തിക്കൊണ്ടിരുന്ന സമയത്ത് അതിന്റെ ദേഹത്തു ഉണ്ടാകുന്ന മുറിവുകൾക്കും മറ്റും ഉപയോഗിച്ച്കൊണ്ടിരുന്നതാണ് HIMEX എന്ന ഓയിൻമെന്റ്.
“അതൊന്നും ശെരിയാവില്ലമ്മേ..ആശുപത്രിയിൽ പോണം.. ” ഞാൻ വാശി പിടിച്ചു. അച്ഛന് മറ്റെവിടെയോ പോകാൻ അത്യാവശ്യം ഉള്ളത് കൊണ്ട് അച്ഛനെ കൂട്ടാതെ ഞാൻ സ്കൂട്ടറുമെടുത്തു അടുത്തുള്ള മൃഗാശുപത്രിയിൽ പോകാൻ തുടങ്ങി. ഒറ്റയ്ക്ക് പോവേണ്ടന്ന് പറഞ്ഞു അമ്മയും എന്നോടൊപ്പം വന്നു.
ആശുപത്രിയിൽ ചെന്നു കാണിച്ചപ്പോൾ അമ്മ പറഞ്ഞ അതേ വാചകമാണ് ഡോക്ടറും പറഞ്ഞത്. മുറിവിൽ തേക്കാനായി HIMEX ഓയിൻമെന്റും കൂടി തന്നപ്പോഴേക്ക്, ഞാനപ്പോഴേ ഇത് പറഞ്ഞതല്ലേ എന്നൊരു ഭാവം അമ്മയുടെ മുഖത്തു നിന്നു ഞാൻ വായിച്ചെടുത്തു. വീട്ടിലെത്തുന്നത് വരെ രണ്ടാളും മിണ്ടിയില്ല. വീട്ടിലെത്തി അവളുടെ മുറിവിൽ മരുന്നും തേച്ചു കുടിക്കാനായി പാലും കൊടുത്തിട്ട് ഞാൻ അകത്തെ മുറിയിലേക്ക് പോയി.
ലീവ് തീർന്ന് പിറ്റേന്ന് വൈകിട്ട് തന്നെ ഞാൻ ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു..അവളെ അമ്മയുടെ അടുത്താക്കി പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും അച്ഛനുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം. പണ്ടൊരിക്കൽ ഇതേപോലെ ഞാൻ കൊണ്ടുവന്നൊരു പൂച്ചകുഞ്ഞിനെ രണ്ടുദിവസം വീട്ടിൽ നിർതിയിട്ട് ഞാൻ ഡ്യൂട്ടിക്ക് തിരികെ പോയ സമയം നോക്കി അമ്മ എവിടെയോ കൊണ്ടു കളഞ്ഞത് പെട്ടന്നോർമ്മ വന്നു. ഇത്തവണ അങ്ങനെയൊന്നും ഉണ്ടാവില്ലന്ന് സമാധാനിച്ചു കൊണ്ട് ഞാൻ തിരികെ ഡ്യൂട്ടിക്ക് കയറി!
രണ്ടാഴ്ച കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുമ്പോൾ ഉള്ളിൽ ചെറിയൊരു പേടി ഇല്ലാതെയിരുന്നില്ല. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കല്ലു വരാന്തയിലൂടെ ഓടികളിക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിയോടെ അവളെയും തലോടി അകത്തേക്ക് കയറി.
അവളാകെയൊന്നു മിനുങ്ങിയ പോലെയുണ്ട്. ചെറുതായി തടിച്ചുരുണ്ട് ഒരു സുന്ദരിപൂച്ചകുഞ്ഞായി ഇപ്പോൾ. അച്ഛനോട് വിശേഷങ്ങൾ പറഞ്ഞു ഇരിക്കുമ്പോഴാണ് “കിങ്ങിണി ” എന്നുച്ചത്തിൽ വിളിച്ചു കൊണ്ട് അമ്മ അകത്തേക്ക് വന്നത്.
അമ്മയുടെ ശബ്ദം കേട്ടതും അവൾ ഉടനടി ഓടി അടുത്തേക്ക് ചെന്നു അമ്മയുടെ കാലിൽ ചുറ്റിപ്പറ്റി നിന്നു.
ഒന്നും മനസിലാക്കാതെ അമ്മയെയും കല്ലുവിനെയും മാറി മാറി നോക്കുന്ന എന്നോട് “ഇവളിപ്പോ നിന്റെ കല്ലു അല്ല…അമ്മയുടെ കിങ്ങിണി ആണെന്ന് ” അച്ഛൻ പറഞ്ഞു. മറുപടിയായി ചിരിച്ചു കൊണ്ട് അവളുമായി അമ്മയെന്റെ അരികിലെത്തി ഓരോന്നൊക്കെ സംസാരിച്ചു ഇരുന്നു.
കുറച്ചു കഴിഞ്ഞു എനിക്ക് ചായ എടുക്കാനായി അമ്മ അടുക്കളയിലേക്ക് പോയപ്പോ അവളും പിന്നാലെ പോയി.{അവരുടെ പിന്നാലെ അടുക്കളയിലെത്തിയ ഞാൻ അവരെ നോക്കികൊണ്ട് അവിടെ നിന്നു. അടുക്കളയിലെ ഷെൽഫിൽ അവൾക്ക് കൊടുക്കാനുള്ള ഫുഡും പാലുമൊക്കെ ഇരിക്കുന്നത് ഞാൻ കണ്ടു.
“ഇന്ന് കിങ്ങിണിക്ക് വാക്സിൻ എടുക്കാൻ പോണം…നീയൊന്നവളെ കൊണ്ടു പോയിട്ട് വാ ” എനിക്ക് ചായ തരുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു ഞാൻ വായും പൊളിച്ചു അമ്മയെ നോക്കി നിന്നു പോയി.
അവളെയുംകൊണ്ടുപോയിവാക്സിൻ എടുത്തു മടങ്ങവേ രണ്ടാഴ്ച കൊണ്ട് വീട്ടിൽ കുറെയേറെ മാറ്റങ്ങൾ വന്നത് ഞാനറിഞ്ഞു.
അമ്മയ്ക്കിപ്പോ കിങ്ങിണിയെ വല്യ കാര്യമാണ്. അവൾക്ക് കൊടുക്കാനായി തെക്കേതിലെ വീട്ടിൽ നിന്നും ഒരു തൂക്കു പാത്രത്തിൽ എന്നും പാല് മേടിക്കാറുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ അവളെ കുളിപ്പിക്കുന്നതും നഖം മുറിച്ചു കൊടുക്കുന്നതും അവൾക്ക് വേണ്ടി പുതിയ കൂട് പണിയിച്ചതുമെല്ലാം അമ്മയാണത്രേ.
ഞാൻ കുഞ്ഞായിരുന്നപ്പോ കളിക്കാൻ മേടിച്ച പന്തുകൾ കിങ്ങിണി തട്ടിക്കളിക്കുന്നത് കണ്ടപ്പോ ചെറുതായി എന്നിൽ അസൂയ ഉണർന്നു..എന്നെക്കാളും അച്ഛനെക്കാളും ഡിമാൻഡ് ഇപ്പോൾ അവൾക്കാണ്. അവളാണെൽ പഴയപോലെ എന്നെ മൈൻഡ് ചെയുന്നും ഇല്ല..ഇടയ്ക്കൊക്കെ മാത്രം അടുത്തേക്ക് വരും..മടിയിൽ കയറി ഇരിക്കും..പിന്നേം പഴയ പോലെ അമ്മയുടെ ഒപ്പം നടക്കും. അവളെന്തു മറിമായം കാണിച്ചാണ് അമ്മയെ മെരുക്കിയതെന്ന് എനിക്കറിയാൻ പാടില്ല.
മീൻകാരൻ വഴിയിലൂടെ വരുമ്പോഴേ അവൾ ഓടിചെന്ന് റോഡിൽ നിൽക്കും..അമ്മ ചെന്ന് മീൻ വാങ്ങി തിരികെ വരുമ്പോൾ അവളും കൂടെ പോരും. അമ്മ കടയിൽ പോകുമ്പോ അവളും ഒപ്പം പോകും…അമ്പലത്തിൽ പോകുമ്പോ അവിടെയും പോകും. കുടുംബശ്രീ മീറ്റിംഗിന് അമ്മയുടെ ഒപ്പം ചെല്ലുന്നത് മാത്രം കൂട്ടുകാരികൾക്ക് അത്ര പിടിച്ചില്ല. പിന്നെ അവളും അങ്ങോട്ടേക്ക് പോവാതെ ആയി. അമ്മയ്ക്കണേൽ ഫോൺ വിളിക്കുമ്പോ പറയാൻ അവളുടെ വിശേഷങ്ങൾ മാത്രമേ ഉള്ളു.
പിന്നെ പിന്നെ ഓരോ വാരാന്ത്യത്തിലും ഞാൻ വീട്ടിലേക്ക് വരുമ്പോൾ അവൾക്ക് വേണ്ടി എന്തെങ്കിലും കരുതാൻ തുടങ്ങി. സോഫ്റ്റ് ആയ പന്തുകളും ടോയ്സും ഒക്കെയാണ് കൂടുതലും അവൾക്ക് ഇഷ്ടം.
“ഭാമ വല്ലാതെ മാറിപോയെന്ന് ” ഒരിക്കൽ അച്ഛൻ ചിരിയോടെ പറയുന്നത് കേട്ടപ്പോൾ അതിൽ ചെറിയൊരു സങ്കടം ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കും തോന്നി. പണ്ടൊക്കെ അമ്മ എന്തെങ്കിലും പറയാൻ വരുമ്പോഴേക്കും അത് കേൾക്കാൻ അച്ഛന് സമയം ഉണ്ടായിരുന്നില്ല. ടീവിയും വെച്ച് ഗൗരവത്തിൽ ഇരിക്കും. എന്നോട് എന്തെങ്കിലുമൊക്കെ സംസാരിച്ചു വരുമ്പോഴേക്കും ഫോണുമെടുത്തു ഞാനുമതിൽ മുഴുകി ഇരിക്കും. കുറച്ചു കഴിഞ്ഞു ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അമ്മ അടുക്കളയിലേക്ക് ഉൾവലിയും. എന്നാലിന്ന് അമ്മയ്ക്ക് ഓരോ കാര്യങ്ങളും പറയാൻ കിങ്ങിണി ഉണ്ട്. ഒന്നും മനസിലായില്ലെങ്കിലും അവളത് കേട്ടു അമ്മയോട് ചേർന്നിരിക്കും.
അത് മതിയായിരുന്നു അമ്മയ്ക്ക്..എല്ലാം കേട്ടിരിക്കാൻ ഒരാൾ..അത്രയേ വേണ്ടിയിരുന്നുള്ളൂ..പലപ്പോഴും ഞാനും അച്ഛനും അമ്മയെ കേൾക്കാൻ പോലും ശ്രമിക്കാതെയിരുന്നത് ഓർത്തപ്പോൾ എന്നിലും കുറ്റബോധം നിറഞ്ഞു.
അമ്മയവളേ സ്നേഹിക്കുന്നതു കാണുമ്പോ “എന്നെയിപ്പോ അമ്മയ്ക്ക് വേണ്ടല്ലോയെന്ന് ” ഞാൻ പിണക്കം നടിക്കും.
“എനിക്കെല്ലാരേം വേണം..എന്നെയാ ആർക്കും വേണ്ടാഞ്ഞേ ” എന്നമ്മ പറഞ്ഞത് കേട്ടപ്പോ അറിയാതെ എന്റെയും അച്ഛന്റെയും തല കുനിഞ്ഞിരുന്നു..
ഒരു അവധി ദിവസത്തിൽ വീട്ടിലേക്ക് വന്നപ്പോൾ “എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നെടി ” എന്നും പറഞ്ഞു അമ്മയോടൊപ്പം അടുക്കള വരാന്തയിൽ ചെന്നിരിക്കുന്ന അച്ഛനെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയിരുന്നു..അന്ന് വൈകിട്ടു ഫോൺ മാറ്റിവെച്ച് അമ്മയുടെ മടിയിൽ കിടന്നു വർത്താനം പറയുമ്പോൾ അമ്മ വാത്സല്യത്തോടെ എന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു.
അമ്മയ്ക്ക് പറയാനുള്ള ഓരോ നുറുങ്ങു കാര്യങ്ങളും കേട്ടുകൊണ്ട് ഞാനും അച്ഛനും ഒപ്പമിരിക്കുമ്പോൾ അമ്മയ്ക്കെന്തു സന്തോഷമാണ്…എന്ത് ഭംഗിയാണ് അമ്മയുടെ ആ ചിരി കാണാൻ…
പഴയ പോലെ ഞാനും അച്ഛനും അമ്മയും ഉള്ളോരു ലോകത്തേക്ക് ഞങ്ങൾ ചുരുങ്ങുമ്പോൾ ഞങ്ങൾ മൂവരുടെയും ഇടയിൽ അപ്പോഴും കിങ്ങിണി ഉണ്ടായിരുന്നു. എത്ര വേഗമാണ് കിങ്ങിണി ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയത്.. വീട്ടിലെ ഒരംഗം ആയത്..!
ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം “നമ്മുടെ കിങ്ങിണിക്ക് വയ്യെടാ..അവളെ പാമ്പ് കടിച്ചെന്നും” പറഞ്ഞു നാട്ടിൽ നിന്നും അച്ഛൻ വിളിച്ചപ്പോ ഞാനൊന്ന് ഞെട്ടിപോയിരുന്നു.
പിറ്റേന്നൊരു തിരക്കുള്ള ദിവസം ആയിട്ട്പോലും ലീവ് എടുത്തു നാട്ടിലേക്ക് തിരിക്കുമ്പോൾ അവളുടെയും അമ്മയുടെയും മുഖമായിരുന്നു മനസ്സിൽ.
ഞാൻ വീട്ടിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വിഷം ഉള്ളിൽ ചെന്ന് കിങ്ങിണി മരിച്ചു. “മൂർഖൻ ആയിരുന്നു..നമ്മുടെ വിറക് പുരയിൽ കയറി വന്നതാ..അടുക്കളയിലേക്ക് കയറാൻ നോക്കിയപ്പോ കിങ്ങിണി കടിച്ചു ഓടിക്കാൻ ശ്രമിച്ചതാ..അതിനിടയിൽ അവൾക്ക് കുറെ കൊത്ത് കിട്ടിയെടാ…” അച്ഛൻ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“ആശുപത്രിയിൽ കൊണ്ടു പോയില്ലേ അച്ഛാ.. ” ഞാൻ ചോദിച്ചു
“ആശുപത്രിയിൽ കൊണ്ടു പോയതാ..പക്ഷെ രക്ഷപെടാൻ സാധ്യത ഇല്ലന്ന് ഡോക്ടറും പറഞ്ഞു..ഇന്ന് രാവിലെ തന്നെ തീർന്നു..”
“അമ്മ എവിടെ.. ” എന്റെ ഉള്ളിൽ അമ്മയെ ഓർത്തായിരുന്നു സങ്കടം മുഴുവനും. ഞാനും അച്ഛനും അകത്തേക്ക് ചെന്നതും അടുക്കളപടിയിൽ താടിയ്ക്ക് കൈ കൊടുത്തിരിക്കുന്ന അമ്മയെയാണ് കണ്ടത്.
“അമ്മേ…” എന്ന് ഞാനൊന്ന് നീട്ടി വിളിച്ചു. എന്നെകണ്ടതും അമ്മയൊന്നും മിണ്ടാതെ മുറ്റത്തേക്ക് നോക്കിയിരുന്നു.
“ഇതൊക്കെ കൊണ്ടാ ഞാനീ പ ട്ടിയേം പൂച്ചയേം ഒന്നും വളർത്താൻ സമ്മതിക്കാത്തെ…അവർക്ക് വല്ലതും പറ്റിയാൽ സങ്കടം മുഴുവൻ നമുക്കാ..” അമ്മ പറഞ്ഞത് കേട്ടു ഞാനും അച്ഛനും പരസ്പരം നോക്കി. ഞാൻ അമ്മയുടെ കൈയിൽ മുറുകെ പിടിച്ചു.
“അല്ലേലും നമ്മുടെ വീട്ടിൽ വളർത്തുമൃഗങ്ങൾ വാഴില്ല..പണ്ട് നീയൊരു പ ട്ടിയെ വളർത്തിയിട്ട് എന്തായി..ചത്തു പോയില്ലേ…അത് കഴിഞ്ഞു വന്ന പൂച്ചയും പോയി…ഇപ്പൊ ദേ കിങ്ങിണിയും പോയി…അവരെയൊക്കെ വളർത്തണേലും ഒരു യോഗം വേണം.. ” അമ്മയോന്ന് നെടുവീർപ്പിട്ടു എന്റെ കൈമാറ്റി അകത്തേക്ക് കയറി പോയി.
വീട്ടിൽ നിന്നു തിരിക്കുമ്പോൾ അമ്മയെ ഓർത്തു എനിക്കാകെ വിഷമം ആയിരുന്നു..ആർക്കും ഒന്നും പറഞ്ഞു അശ്വസിപ്പിക്കാൻ ആകാത്ത ഒരവസ്ഥ. വീണ്ടും രണ്ടാഴ്ച കഴിഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷം പാടെ മാറിയിരുന്നു. സിറ്റ്ഔട്ടിലെ കൂട്ടിൽ ലൗ ബർഡ്സ് ബഹളം വെക്കുന്നു. രണ്ടു പ ട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞും വീടിനകത്തു കൂടി ഓടികളിക്കുന്നു. പുതിയ അക്വെറിയം വാങ്ങിയിട്ടുണ്ട്. അത് കൂടാതെ കുറച്ചു ഗോൾഡ് ഫിഷിനെ പ്രത്യേകം ബൗളിൽ ഇട്ടിരിക്കുന്നു.
“അച്ഛൻ വാങ്ങിയതാടാ ഇതൊക്കെ… ” എന്നെ കണ്ടതും അമ്മ സന്തോഷത്തോടെ പറഞ്ഞു. രണ്ടു പേർക്കും ഇപ്പോൾ എല്ലാവരുടെയും കാര്യങ്ങൾ നോക്കി നിന്നു തിരിയാൻ സമയം ഇല്ലത്രെ. പ ട്ടിക്കുഞ്ഞുങ്ങൾക്ക് രണ്ടു പേർക്കും ബ്ലാക്കി എന്നും മിക്കി എന്നും പേരിട്ടു. പൂച്ചയ്ക്ക് കുഞ്ഞി എന്നാണ് പേരിട്ടേക്കുന്നത്. ഓരോ മീനുകൾക്കും ഓരോ പേരാണെന്ന് പറഞ്ഞു എല്ലാത്തിനെയും കാണിച്ചു തരുന്ന അച്ഛനെയും അമ്മയെയും ഞാൻ അത്ഭുതത്തോടെയാണ് നോക്കിയത്.
“ജീവിതം ഒന്നല്ലേടാ ഉള്ളു…അവസാനകാലത്ത് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെയും പറയാതെയും കിങ്ങിണിയുടെ കാര്യം ഓർത്തു വിഷമിച്ചു വെറുതെ മസിലും പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം..ഇവരൊക്കെ വന്നപ്പോ വീട്ടിലൊരു അനക്കമുണ്ട്..ഇവരുടെ കൂടെ ഓടിയും കളിച്ചും എനിക്കും ഭാമയ്ക്കും ഇപ്പൊ ചെറുപ്പം ആയത് പോലെ തോന്നുവാ..മനസിന് ആകെയൊരു സന്തോഷം പോലെ.. ” അച്ഛൻ പുഞ്ചിരിയോടെ എന്റെ തോളിൽ കൈചേർത്തത് പറയവേ അമ്മയും അങ്ങോട്ട് വന്നിരുന്നു.
“അപ്പൊ വളർത്തുമൃഗങ്ങൾ ഇവിടെ വാഴും അല്ലേ.. ” ഞാൻ ചിരിയോടെ അമ്മയെ നോക്കി.
“അവരുടെ സമയം ആകുമ്പോ അവരങ്ങു പോകട്ടെ…അതു വരെ നമുക്ക് അവരും അവർക്ക് നമ്മളും ഉണ്ടല്ലോ…അത് പോരെ… ” അമ്മ എന്റെ തലയിലൊന്നു തട്ടി കുഞ്ഞിയെയും എടുത്തുകൊണ്ടു അകത്തേക്ക് നടന്നു. പിന്നാലെ ചെറുചിരിയോടെ ഞാനും അച്ഛനും..!
(ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുണ്ടെങ്കിൽ കമെന്റ് ചെയ്യണേ ?)