തനിക്കും പറ്റുമെടോ ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ ഭൂമിയിൽ എല്ലോരും സ്നേഹിച്ചവരെയ കെട്ടിയേക്കണേ…

അവൾ…

Story written by Indu Rejith

==========

മീരേ…താനിനിയും ഒരു വിവാഹത്തിന് സമ്മതിക്കില്ലെന്നാണെങ്കിൽ ഞാൻ എന്താ പറയേണ്ടത്…ഒരുപാട് സ്നേഹിച്ചിരുന്നവരാ നമ്മൾ…പക്ഷേ ഇന്നെനിക്കൊരു ഭാര്യ ഉണ്ട് ഒരു കുഞ്ഞുണ്ട് അവരെ ഉപേക്ഷിച്ചിട്ട് അന്ന് നമ്മൾ സ്വപ്നം കണ്ട ജീവിതം ഇനി ഈ ജന്മത്തിൽ…..ഇല്ല അതൊന്നും നടക്കാത്ത കാര്യമാണ്…തന്നോട് എനിക്കിന്നും സ്നേഹാ…എന്നാൽ എന്റെ സുരഭി…അവളോളം ഇന്ന് ഞാൻ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയില്ല…വഴിതെറ്റി വന്നു കേറിയതാണ് അവൾ എന്റെ ജീവിതത്തിലേക്ക്…എന്നാൽ ഇന്നവൾ എനിക്ക് എന്റെ ജീവനോളം വിലപ്പെട്ടവൾ ആണ്…തനിക്കും പറ്റുമെടോ ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ ഭൂമിയിൽ എല്ലോരും സ്നേഹിച്ചവരെയ കെട്ടിയേക്കണേ…

ഇത് പറയുമ്പോഴും എന്റെ ഉള്ള് പൊള്ളുന്നുണ്ട്…പക്ഷേ തന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ…എനിക്കിവേണ്ടി എങ്കിലും ആ കഴുത്തിൽ ഒരു താലി അണിയെടോ….

ഹരി പറഞ്ഞു നിർത്തിയതും കണ്ണിൽ നിന്നോഴുകി ഇറങ്ങിയ കണ്ണുനീർ അവളുടെ കഴുത്തു നനച്ചിരുന്നു…

ദാ ഇവിടെ ആണോ ഹരി ഞാൻ മറ്റൊരുത്തന്റെ താലി അണിയേണ്ടത്…എനിക്ക് മടിയില്ല ഹരി…പക്ഷേ നിനക്കുവേണ്ടി ഇന്നും ഒലിച്ചിറങ്ങുന്ന കണ്ണീരു വീണ് മറ്റൊരാണിന്റെ പ്രണയമുദ്ര കളങ്കപെട്ടുപോകുമോ എന്ന് ഭയക്കുന്ന ഒരു പൊട്ടിപെണ്ണാ ഞാൻ…ഹരി പറഞ്ഞില്ലേ എന്റെ സുരഭി എന്ന്…നന്നായി ഹരി ഭാര്യ എത്ര മോശപ്പെട്ട സ്ത്രീ ആണെങ്കിലും നേരുള്ള ആണിന് അവളെ തള്ളിപ്പറയാൻ നല്ല പ്രയാസം ഉണ്ടാവും..അതെല്ലാം ഞാൻ മനസിലാക്കുന്നു…പക്ഷേ അറിയാത്തതിന്നും മറ്റൊന്ന….എനിക്കൊപ്പം നടന്ന് നമ്മുടെ പ്രണയത്തിനു കൂട്ട് നിന്നവളെ ഹരിക്ക് എത്രപെട്ടന്നാണ് ഭാര്യയായി സ്വീകരിക്കാൻ കഴിഞ്ഞത്…എന്നെ കൂട്ടികൊണ്ട് പോകാൻ വരുമെന്ന് പറഞ്ഞ ദിവസം തന്നെ ഹരി അവളെ സ്വന്തമാക്കിയില്ലേ…വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ അപമാനിത ആയി ഞാൻ അനുഭവിച്ച വേദന…

സ്വന്തക്കാരെയെല്ലാം വെറുപ്പിച്ചിറങ്ങിയത് നിന്നോടൊപ്പം കഴിയമെന്ന അഹങ്കാരത്തിൽ ആയിരുന്നു..എന്നാൽ നീ ചതിച്ചെന്നറിഞ്ഞപ്പോൾ തിരികെ ആ വീട്ടിലേക്ക് കേറി ചെന്ന എന്റെ ഗതികേടിനെ നീ ഓർത്തോ…അന്ന് തൊട്ടിന്നു വരെ മനസ്സിനും ശരീരത്തിനും കിട്ടുന്ന സമ്മാനങ്ങളുടെ നീറ്റൽ നീയറിയുന്നുണ്ടോ…പുറംലോകം കാണാതെ നരകിച്ച ദിവസങ്ങളിലും എനിക്ക് കൂട്ട് ഹരിയുടെ എഴുത്തുകളായിരുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…മനസ്സ് എന്നോ മരിച്ചു കഴിഞ്ഞു ഹരി ഇനി ബാക്കിയുള്ളത് ഈ ശരീരമാ…അതിലാണെങ്കിൽ ഇടിയും ചതവും ഏൽക്കാത്ത ഭാഗം ഇല്ലെന്നു തന്നെ പറയാം…തുറന്നു പറഞ്ഞാൽ ഒരു പുരുഷനൊപ്പം ജീവിക്കാനുള്ള ശക്തി ഇന്നീ ശരീരത്തിനില്ല…പിന്നെ ഒരു വിവാഹത്തിനായിട്ട് ഇന്നെന്നെ ആരും നിർബന്ധിക്കാറില്ല ഹരി…ഏട്ടന്റെ കുട്ടികളുടെ തുണി അലക്കാനും വീട് തൂക്കാനും തുടയ്ക്കാനും ഏട്ടത്തിക്ക് തെ റി വിളിക്കാനുമൊക്കെ ആയിട്ട് ഇങ്ങനെ ജീവിച്ചിരിക്കുന്നു എന്ന് മാത്രം..

മരിക്കാനുള്ള ധൈര്യം ഇല്ല ഹരി എനിക്ക്…സാരമില്ല…ചുമക്കാനാകാത്ത ഭാരം ആയിന്നാകുമ്പോൾ എന്റെ ഏട്ടൻ തന്നെ അത് ചെയ്തോളുമെന്ന് എനിക്ക് ഉറപ്പാ…അതിനി അധികം വൈകില്ല…

ഞാൻ പോകുന്നു ഹരി…തമ്മിൽ കണ്ടുന്നറിഞ്ഞാൽ ദാ ഇന്ന് തീരും എന്റെയീ ആയുസ്സ്…..

മീരേ താൻ സുരഭിയെ തെറ്റിദ്ധരിചിരിക്കുവാ…അന്ന് നടന്നതൊന്നും തനിക്ക് അറിയില്ല…തന്റെ ഏട്ടൻ ആയിരുന്നു ഇതിനെല്ലാം പിന്നിൽ…എനിക്ക് മറ്റുമാർഗം ഉണ്ടായിരുന്നില്ല മീരേ…

തന്നെ ഞാൻ ചതിച്ചു എന്ന് പറയരുത്…ആർക്കു കൊടുത്താലും തന്നെ എനിക്ക് തരില്ലെന്ന വാശി ആയിരുന്നു അയാൾക്ക്..ഞാനീ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിന്റെ ഏട്ടത്തിയുടെ സഹോദരനെ കൊണ്ട് അയാൾ നിന്റെ മാനത്തിന് വിലയിടുമെന്ന് പറഞ്ഞു…ഒരിക്കലും ഒരു സഹോദരന് ചേരാത്ത സംസാരം ആയിരുന്നു അത്…അയാളെ തല്ലാൻ എന്റെ കൈ ഉയർന്നത് മാത്ര മാണ് ഓർമയിലുള്ളത്…ബോധം വീണപ്പോൾ ഞാനെതോ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു…തൊട്ടടുത്തു നിന്നും തന്റെ ന-ഗ്നത മറയ്ക്കാൻ പാടുപെടുന്ന സുരഭിയെ ആണ് കണ്ടത്…അതിന്റെ ശരീരത്തിൽ ര ക്തം പൊടിഞ്ഞിരുന്നു…നമ്മുടെ പ്രണയത്തിനുകൂട്ട് നിന്നതിനു തന്റെ ചേട്ടനും കൂട്ടുകാരും അതിനെ കൊത്തിതിന്നിരുന്നു…ഞാൻ ഉടുത്തിരുന്ന മുണ്ട് കൊണ്ടവളെ പുതപ്പിച്ചു..അപ്പോഴും അവൾ പറഞ്ഞത് സുരഭി ഇതൊന്നും അറിയരുത്, അവളുടെ ഏട്ടനെ അവൾക്ക് ജീവനാണ് എന്നാ…

പിന്നെ രാത്രി മുഴുവനും അവളെന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു…എങ്ങനെ എങ്കിലും തന്നെ രക്ഷിക്കാൻ…പക്ഷേ എനിക്ക് സാധിച്ചില്ല…

ഒരു കൂട്ടം നാ യ്ക്കൾ കടിച്ചു തുപ്പിയ അവളുടെ ശരീരം എന്റെ കണ്ണിലും പതിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഞാനവളെ ഉപേക്ഷിച്ചില്ല. സ്നേഹമായിരുന്നില്ല ഒരു തരം സഹതാപം അതായിരിന്നു മനസ്സിൽ…ഞാൻ ഇനിയും പ്രതികരിച്ചാൽ അടുത്തത് താൻ ആയിരിക്കും ഈ സ്ഥാനത്ത്‌ എന്നോർത്ത് ക്ഷമിച്ചു സഹിച്ചു….

പിന്നെ അവളെയും കൂട്ടി എങ്ങനെയൊക്കെയോ കാവിലെത്തി…ഒന്ന് നിവർന്നു നിൽക്കാൻ പോലും ശക്തിയില്ലാത്ത അവൾ താലി കെട്ടുന്നതിനു തൊട്ട് മുൻപ് വരെ അരുതെന്ന് ഒരായിരം തവണ തൊഴുതെന്നോട് പറഞ്ഞതാ…നമ്മുടെ പ്രണയത്തിന്റെ പേരിൽ ആ പെൺകുട്ടിയെ പി-ഴയെന്നാരും വിളിക്കരുത് എന്നത് മാത്രം ആയിരുന്നു മനസ്സിൽ….തന്റെ ഏട്ടന്റെ ഭാഷയിൽ പറഞ്ഞാൽ എ ച്ചില് തിന്നുന്ന പ ട്ടി ആണെന്ന് അറിഞ്ഞിട്ടു തന്നെയാ ആ പാവം പെണ്ണിനെ സ്വീകരിച്ചത് അല്ലാതെ തന്നോട് ഒരു തരി ഇഷ്ടം കുറഞ്ഞിട്ടല്ല….

നിങ്ങൾ എനിക്കുവേണ്ടി ത്യാഗം ചെയ്തു. എന്നിട്ട്…..

അവൾ പുഞ്ചിരിച്ചു…തെറ്റുപറ്റിയത് മുഴുവൻ എനിക്കാണ് എവിടുന്നു തിരുത്തി തുടങ്ങണം ഞാൻ….അറിയില്ലെനിക്കൊന്നും…..

അടുത്ത നിമിഷം അവൾ തിരിഞ്ഞു നടന്നു………

ഹരി…..

എന്താ മീരേ…..

എനിക്ക് നിറയെ സ്നേഹം തോന്നുന്നുണ്ട് നിങ്ങളോട് എന്നാലും ഒത്തിരി ഇഷ്ടം ഇന്നും മനസ്സിൽ ഉണ്ടായത് കൊണ്ട് ചോദിച്ചു പോവാ ഞാൻ….

അവൾക്കുവേണ്ടി വാദിക്കാൻ ഹരി ഉണ്ട് ഈ ഭൂമിയിൽ അന്നും ഇന്നും എനിക്കാരുണ്ട് ഹരി…ഇനി നിൽക്കുന്നില്ല പോവാ ഞാൻ……

മറുപടി കാത്തുനിൽക്കാതെ അവൾ ഓടി മറഞ്ഞു…..

അവളുടെ ചോദ്യത്തിന് തനിക്ക് ഉത്തരമില്ല..ഒന്ന് നെഞ്ചുപൊട്ടികരയാൻ പോലും ആകാതെ അയാളും തളർന്നിരുന്നു….

സന്ധ്യമയങ്ങുന്നതിന് മുൻപ് അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവൾതന്നെ കണ്ടെത്തി…തറവാട്ടു കുളത്തിൽ ചാടിയ മീരയ്ക്കായി പേരിനുവേണ്ടി ഒരു തിരച്ചിൽ…ഒടുവിൽ എല്ലാം നേടിയവളെ പോലെ അവൾ ആ കുളക്കടവിന്റെ പടികളിൽ മിഴികൾ അടച്ചു കിടന്നു…പായലിനു മുകളിൽ നീട്ടികിടന്ന അവളുടെ കൈകളിൽ അവന്റെ പേര് പണ്ടെന്നോ പച്ചകുത്തിയിരുന്നു..

“ഹരി”

ശുഭം…