ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അത് തുറന്നു പറഞ്ഞതാണ്…

എഴുത്ത്: മണ്ടശിരോമണി

==========

“എനിക്ക് ഇഷ്ടമല്ല. ഇനി ഇങ്ങനെ അവിടേം ഇവിടേം വന്നു നിന്നു  ബുദ്ധിമുട്ട് ഉണ്ടാക്കരുത്”

അതായിരുന്നു ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേ പൂജയുടെ മറുപടി. എന്റെ നിറത്തെ വെറുത്തു തുടങ്ങിയതും അന്നാണ്. എന്റെ നിറമാണ് അങ്ങനൊരു മറുപടി തരാൻ അവളെ പ്രേരിപ്പിച്ചത് എന്നായിരുന്നു എന്റെ മനസ് നിറയെ…

“കരിഞ്ചൻ” അതായിരുന്നു ചെറുപ്പത്തിൽ കൂട്ടുകാർക്കിടയിൽ എന്റെ പേര്. കാലക്രമേണ അത് പരിണമിച്ച്  “കരിഞ്ചൻ സജിത്ത്” എന്നായി മാറി. ഇന്നാണ് ആ വിളിയേയും നിറത്തേയും കൂടുതൽ വെറുത്തു പോയത്.

ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അത് തുറന്നു പറഞ്ഞതാണ്. മുഖത്തടി കിട്ടിയത് പോലെ ആയി. ഈ കാര്യം എന്റെ അനിയത്തി മാളു അറിയുമോ എന്ന ഭയം വേറെയും ഉണ്ട്. അങ്ങനെ വല്ലോം ഉണ്ടായാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. പൂജയും മാളുവും ഒരുമിച്ചാണ് പഠിക്കുന്നത്. ഡിഗ്രി ഫൈനൽ ഇയർ. അതു മാത്രം അല്ല പൂജയുടെ ഒരു ആന്റിയുടെ വീട് ഞങ്ങളുടെ വീടിനടുത്തു തന്നെയാണ്. അവരൊക്കെ അറിഞ്ഞാൽ പിന്നെയുള്ള നാണക്കേട്…

ഓർക്കുംബോഴേ ഒന്നും വേണ്ടായിരുന്നു എന്ന ചിന്ത ആയി. ഇനി പറഞ്ഞിട് കാര്യമില്ല. ഏതു നേരത്താണാവോ ഇങ്ങനൊന്ന് തോന്നിയത്.

ആലോചനകളിൽ മുഴുകിക്കൊണ്ടിരിക്കെ വീടെത്തി. ബൈക്ക് സ്റ്റാന്റിൽ വെച്ച് ഞാൻ ഇറങ്ങി. മാളു എത്തിയിട്ടില്ല.

“നീ സാധനം ഒന്നും വാങ്ങീലേ?” അമ്മ പുറത്തേക്ക് വന്നു നിന്നു ചോദിച്ചു.

വാങ്ങിയെന്നോ ഇല്ലെന്നോ പറയാതെ അകത്തേക്ക് കയറി. കുറച്ചു നേരം കിടന്നു.

പതിവില്ലാത്തത് ആയത് കൊണ്ടാവും ഇടയ്ക്ക് അമ്മ വന്നു തലവേദനയുണ്ടോ എന്ന് അന്വേഷിച്ചു. മറുപടി ഒന്നും പറയാതെ ഞാൻ ചിന്തകളിൽ മുഴുകി. പൂജ ഈ കാര്യം മാളുവിനോട് പറഞ്ഞിട്ടുണ്ടേ മാളുവിനെ എങ്ങനെ ഫെയ്സ് ചെയ്യും എന്നുള്ളത് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെ ഉണ്ടാക്കി.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും മാളുവിന്റെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഒന്നും ഇല്ലാതിരുന്നത് ആശ്വാസമായി

ഇതിനിടെ മാളുവിന്റെ ഫൈനൽ ഇയർ പരീക്ഷ കഴിയുകയും പൂജയും അവളും പാസ്സാവുകയും  ചെയ്തു. ഇനി എന്താണ് എന്നതിന് മാളുവിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു പി ജി. അതു കഴിഞ്ഞ് ടീച്ചർ ആകണം. സംസാരത്തിനിടയ്ക്ക് പൂജ എന്ന പേര് വരുംബൊഴൊക്കെയും എന്റെ ശ്രദ്ധ അറിയാതെ അവളിലേക്ക് നീങ്ങുകയായിരുന്നു. അവളും ടീച്ചറാകാനുള്ള തയ്യാറെടുപ്പിലാണത്രെ…

ഒരു മാസം കഴിഞ്ഞു കാണും…ആൻറിയുടെ വീട്ടിൽ താമസിക്കാൻ വന്ന പൂജ വീടിനു മുന്നിലെ റോഡിലൂടെ ബൈക്കിൽ പോകുന്ന സജിത്തിനെ കാണുകയും ആന്റിയിൽ നിന്നും പതുക്കെ പതുക്കെ അവനെ പറ്റി മനസിലാക്കുകയും ആയിരുന്നു…

പത്താം ക്ലാസിൽ പഠിത്തം നിർത്തിയ അവൻ ചെയ്യാത്ത ജോലികൾ ഇല്ല. “അവനെ ഉണ്ടല്ലോ രാവിലെ പാടത്തു കണ്ടിട്ടുണ്ടെ കുറച്ച് കഴിയുംബോ തെങ്ങിന്റെ മേലെ ആകും കാണുക, പിന്നെ നോക്കുംബോ പശുവിനേം കൊണ്ട് തീറ്റിക്കുന്നുണ്ടാകും. വൈകുന്നേരം ആകുംബോ ക്ലബിലും കാണാം, പിന്നെ ഓട്ടോയുമായി രാത്രി ഓട്ടം…എന്നാ പണി ചെയ്താലും അവൻ അവൻ്റെ അമ്മയെയും പെങ്ങളെയും പട്ടിണിക്കിട്ടില്ല…” അവനെ പറ്റി പറയുമ്പോൾ ആൻറിക്ക് നൂറ് നാവാണ്

“എല്ലാകാര്യത്തിനും പറ്റും, പക്ഷേ എന്തെങ്കിലും ഒരാവിശ്യത്തിനു വിളിച്ചാൽ കിട്ടില്ല” ആൻ്റി പറഞ്ഞു നിർത്തി.

കോളേജിൽ വച്ച് സജിത്തിനെ പറ്റി മാളു പറയുമ്പോൾ പൂജയ്ക്ക്  തൻ്റെ മനസിൽ സജിത്തിന് ഉണ്ടാവുന്ന സ്ഥാനകയറ്റം അതിശയിപ്പിച്ചിരുന്നെങ്കിലും ടീച്ചർ ആവുക എന്ന ലക്ഷ്യം മനസിലുറപ്പിച്ച് ഉള്ളിലെ ഇഷ്ടത്തെ കുഴിച്ചു മൂടുകയായിരുന്നു അവൾ.

ഇതിനിടെ പി ജി കഴിഞ്ഞ മാളുവിന്റെ കല്യാണം ഏറെകുറേ സജിത്ത് ഉറപ്പിച്ചു. നിശ്ച്ചയം നടത്തുകയും ആറ് മാസങ്ങൾക്ക് ശേഷം കല്യാണം…കല്യണ ശേഷവും അവർ തുടർന്ന്  പഠിപ്പിക്കുകയും ചെയ്യാം അതായിരുന്നു നിശ്ചയിച്ചത്. അച്ഛനില്ലാത്തത് കൊണ്ട് തന്നെ എല്ലാറ്റിനും ഓടാനും പൈസ കണ്ടെത്താനും സജിത്ത് തന്നെയാണ് മുന്നിൽ.

“ആ ചെക്കൻ ഓടി ഓടി തളർന്നിട്ടുണ്ടാകും. ഒറ്റയ്ക്കല്ലെ ഉള്ളൂ എല്ലാത്തിനും” ഇടയ്ക്ക് ആന്റിയുടെ വീട്ടിലെത്തിയ പൂജയോട് മാളുവിന്റെ കല്യാണകാര്യം പറയുന്നതിനിടയിൽ ആൻറി പറഞ്ഞു

“ഏത് ആ കരിഞ്ചൻ സജിത്താട്ടനോ?” എട്ടിൽ പഠിക്കുന്ന ആന്റിയുടെ മോനാണ് അത് പറഞ്ഞത്.

“നീ എന്ത് വർത്താനം ആണെടാ ഈ പറഞ്ഞെ. നിന്നെ ആരാ ഇതൊക്കെ പറയാൻ പഠിപ്പിച്ചെ?എവിടുന്നാ ഇത് പറയാൻ പഠിച്ചെ” ആന്റി അവനെ നല്ല വഴക്ക് പറയുകയും സജിത്തിന് അങ്ങനൊരു പേരുള്ളതിനെ പറ്റി പറയുകയും ചെയ്തു. അവന്റെ കുടുംബക്കാർ തന്നാ അവന് അങ്ങനൊരു പേര് ചാർത്തി കൊടുത്തത്.

“ഇനി മേലിൽ അങ്ങനെ വല്ലോം വിളിക്കുന്നത് ഞാൻ കേൾക്കട്ടെ അപ്പൊ നിനക്ക് ഞാൻ തരാം.” ആന്റി അവന് വാണിങ്ങ് കൊടുത്തു.

“നമുക്കൊന്നും വേണ്ടി ഇങ്ങനെ ഓടി നടക്കാൻ ആരും ഇല്ലല്ലോ ആന്റി ” ഇത്തിരി കഴിഞ്ഞപ്പോൾ പൂജ പറഞ്ഞു.

“നിനക്ക് നിന്റെ അച്ഛൻ ഇല്ലേ. പിന്നെ എന്താ ഞങ്ങളൊക്കെ വെറുതേ ആണോ. നീ ഞങ്ങൾടേം മോളല്ലെടീ…” ആന്റിയുടെ സംസാരത്തിൽ അവൾ ചിരിച്ചു.

“ആ കല്യാണ ആലോചന എന്തായി. ഉറപ്പിക്കുമോ?” അവൾക്ക് വന്ന കല്യാണ ആലോചനയെ പറ്റിയാണ് സംസാരം. ഒരു അദ്ധ്യാപകന്റെ തന്നെ ആലോചനയാണ്. സാമ്പത്തികമായും നല്ല കൂട്ടരാണ്

“അറിയില്ല. എനിക്കു ഇപ്പൊ വേണ്ട എന്നാ” താൽപര്യമില്ലാത്ത മട്ടിൽ പൂജ പറഞ്ഞു.

“അവർ മറ്റന്നാൾ വരുന്നുണ്ട് എന്ന് ഏട്ടൻ പറയുന്നുണ്ടായിരുന്നു. അവിടത്തെ കാർന്നോമാർക്ക് ഒക്കെ നമ്മുടെവീടൊക്കെ കാണണം എന്ന്…ഞാൻ പോകില്ല.” പൂജ പറഞ്ഞു.

“നീ പോകാതെ പിന്നെങ്ങനാ. അവർ നിന്നെ കാണാൻ കൂടി വരുന്നതല്ലെ…” ആന്റി അതും പറഞ്ഞ് ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ഗൗരവം ആയിരുന്നു.

ഒടുവിൽ അന്നേ ദിവസം അവളുടെ അച്ഛന്റെ കാറിൽ തന്നെ അവൾ വീട്ടിലേക്ക് നിർബന്ധപൂർവം ആൻ്റി പറഞ്ഞു വിടേണ്ടി വന്നു. അന്നേ ദിവസം തന്നെയാണ് മാളുവിന്റെ കല്യാണ കാര്യം പറയാൻ സജിത്ത് ആന്റിയുടെ വീട്ടിൽ വന്നതും.

“അതിപ്പൊ നീ പറഞ്ഞില്ലേലും ഞാൻ വരും” കാര്യം പറയുംബൊഴേക്കും സ്വതസിന്തമായ രീതിയിൽ ആന്റി ചിരിച്ചു.

“നിനക്ക് കുറച്ച് നേരത്തെ വരാൻ പാടില്ലായിരുന്നോ. പൂജ ഉണ്ടായിരുന്നു. അവർ ഒന്നിച്ച് പഠിക്കുന്നവരല്ലെ ” ആൻറി ഓർമ്മിപ്പിച്ചു.

“എന്നിട്ട് അവളെവിടെ?” സജിത്ത് ചോദിച്ചു.

“അവളുടെ കല്യാണവും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇന്ന് ചെക്കൻ വീട്ടുകാർ വരുന്നുണ്ട്. അതു കൊണ്ട് രാവിലെ അവളുടെ അച്ഛൻ വന്നു കൊണ്ടുപോയതാ..”

“എനിക്ക് പണ്ട് അവളെ ഇഷ്ടായിരുന്നു” ചിരിച്ചു കൊണ്ടാണ് സജിത്ത് പൂജയെ പറ്റി പറഞ്ഞത്. പണ്ട് അവളോട് ഇഷ്ടം പറഞ്ഞതും അവളത് നിരസിച്ചതും ഒക്കെ ചിരിയോടെ അവൻ പറഞ്ഞു.

“അമ്പടി കള്ളീ. ഇത്രേം കാലം അവളെന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല കെട്ടോ. വല്ലാത്ത സാധനം തന്നെ അത് ” ആന്റിയിൽ അതിശയം !!!

“എന്റെ സജിത്തേ നിനക്കെനോടൊരു വാക്ക് പറഞ്ഞുടാരുന്നോ ഞാൻ എങ്ങനേലും പറഞ്ഞു ശെരിയാക്കുമായിരുന്നല്ലോ” അവർ തുടർന്നു.

“ഏയ് അതൊക്കെ അപ്പൊഴത്തെ ഒരോ ചോ ര തിളപ്പ് അല്ലെ സജിതേച്ചീ. അതൊക്കെ ഞാൻ അപ്പൊഴേ വിട്ടു”  ഒരു ചിരിയോടെ അവനത് തള്ളിക്കളഞ്ഞു.

“അതു പോട്ടെ നിനക്കിപ്പൊ അവളോട് ഇഷ്ടം ഇല്ലേ?”

“ഞാൻ പറഞ്ഞല്ലോ അതൊക്കെ അപ്പൊഴേ വിട്ടു എന്ന്…”  മുഖത്തെ ചിരി ഒരു മറയാക്കി അവൻ പറഞ്ഞു.

“ദേ ചെക്കാ നുണ പറഞ്ഞാലുണ്ടല്ലോ ഒറ്റക്കുത്തു വെച്ചു തരും ഞാൻ മാധവീടെ മോനാണെന്നൊന്നും നോക്കൂല്ല” അവരും ചിരിച്ചു.

**********

“ഡീ നീ എവിടെയാ…” മാളു ഫോൺ എടുത്ത ഉടനെ പൂജ ചോദിച്ചു.

“ഞാൻ  വീട്ടിൽ…എന്തേ?” ഇവളോട് കല്യാണകാര്യം കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞതാണല്ലോ എന്നോർത്ത് കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ നിന്റെ നാത്തൂനായാൽ നിനക്ക് വല്ല കുഴപ്പോം ഉണ്ടോ?” പെട്ടെന്നായിരുന്നു പൂജയുടെ ചോദ്യം.

“ൻന്ത്?”  കാര്യം മനസിലാവാതെ മാളു ഫോൺ ചെവിയോടു ചേർത്തു പിടിച്ചു.

“കു ന്തം…” അവൾക്ക് കലി വന്നു.

“നിനക്കെന്താടി വട്ടായോ? എന്താ കാര്യം എന്നു പറ” മാളുവിന് ഒന്നും മനസിലായില്ല.

“നീ നിന്റെ ഏട്ടനോട് പറയണം മര്യാദയ്ക്ക് എന്റെ വീട്ടിൽ വന്നു പെണ്ണു ആലോചിക്കാൻ. വെറുതേ എന്റെ ക്ഷമയെ പരിശോധിക്കരുത് ആങ്ങളേം പെങ്ങളും”

“എന്തോന്നാ….എന്തോന്നാ?” മാളു ചിരിച്ചു.

“ആ അതുതന്നെ…” കോൾ കട്ടായി.

മാളു വേഗം ഉമ്മറത്തേക്കിരുന്നു. രാവിലെ ജോലിക്കു പോയതാണ് സജിത്ത്. ഒരു അര മണിക്കൂർ മുന്നേ വന്നു കുളത്തിൽ കുളിക്കാൻ എന്നും പറഞ്ഞ് തോർത്തും എടുത്തു പോയതാണ്. കയ്യോടെ പിടിക്കണം. അവൾ മനസിലുറപ്പിച്ചു.

“ഏട്ടോ..”

സോപ്പ് പെട്ടി മുറ്റത്തേ പൈപ്പിനടുത്തേക്ക് വെക്കുന്നത് കണ്ടപ്പോഴേ അവൾ വിളിച്ചു. ഇത്തിരി നീട്ടിയാണ് അവൾ വിളിച്ചത്.

“മാളൂന്റെ കുട്ടി ഇങ്ങടുത്ത് വന്നേ ” അവന്റെ മൂളൽ കേട്ടപ്പോൾ അവൾ ഒന്നൂടെ പറഞ്ഞു.

“അങ്ങനെ പോകാൻ വരട്ടെ” അവൾ അടുത്തേക്കു വിളിച്ചിട്ടും ഇതിനു വട്ടാണെന്ന മട്ടിൽ മൈന്റ് ചെയ്യാതെ അകത്തേക്ക് നടക്കുന്ന അവന്റെ കൈയ്യിൽ മാളു പിടിച്ചു. ഇരുത്തിയിലേക്ക് ഇരുന്ന അവൾ അവന്റെ കണ്ണിലേക്ക് നോക്കി.

”നോട്ടം മാറ്റിയാൽ കൊ ല്ലും ഞാൻ ” മാളു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി.

“അമ്മേ ഏട്ടൻ കള്ളനാ കെട്ടോ. ഇവന്റ കണ്ണിൽ ഞാൻ മാത്രല്ല വേറൊരു പെണ്ണുടെ ഉണ്ട്.” അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“എന്റെ കല്യാണത്തിന്റെ അന്നു തന്നെ കല്യാണം. പെണ്ണു വീട്ടിലേക്ക് ഇവിടുന്ന് നൂറു പേർ. മുഹൂർത്തം രാവിലെ 11.30 നും 12 നും ഇടേൽ പിന്നെ…പെൺകുട്ടി പണ്ട് ഏട്ടൻ ഇഷ്ടാണൂന്ന് പറഞ്ഞ പൂജ….” മാളു അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു..

“ഉറപ്പിച്ചോ?” സജിത്ത് അവളുടേ മുഖത്തേക്ക് നോക്കി ചോദിച്ചൂ

“ആ ഉറപ്പിച്ച്…” എന്ന് പറഞ്ഞു കൊണ്ട് മാളു ഒരു പുഞ്ചിരിയോടെ സജിത്തിൻ്റെ നെറ്റിയിൽ അവളുടെ നെറ്റിമുട്ടിച്ചു

~മണ്ടശിരോമണി