കാണാക്കഥകൾ…
Story written by Jisha Raheesh
=============
വേലിയിറമ്പിൽ നിറയെ പൂത്തു കിടക്കുന്ന ചെമ്പരത്തിച്ചെടിയിൽ ഉടക്കിയ, ദാവണിത്തുമ്പ് വലിച്ചെടുത്തു, പാൽപ്പാത്രം ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച് ധൃതിയിൽ നടക്കുന്നതിനിടെ, വെറുതെയൊന്ന് പിറകിലേക്ക് പാളി നോക്കാതിരിക്കാനായില്ല ഗായത്രിയ്ക്ക്..
അയാൾ അവിടെത്തന്നെയുണ്ട്..കോലായിലെ തൂണിൽ വലത് കൈ വെച്ച്, മുണ്ടിന്റെ കോന്തല പിറകിലേക്ക് പിടിച്ചു, അതേ ചിരിയോടെ..
തെല്ല് ജാള്യതയോടെ നോട്ടം പിൻവലിക്കുമ്പോൾ ഗായത്രിയുടെ മുഖം ചുവന്നിരുന്നു..
പുതുതായി വന്ന കൃഷി ഓഫീസർ മേനോൻ സാറിന്റെ പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് താമസിക്കുന്നതെന്ന് അച്ഛൻ പറഞ്ഞപ്പോൾ ചെറുപ്പക്കാരനായിരിക്കുമെന്ന് കരുതിയതേയില്ല..
രേവുവിനു പരീക്ഷയായത് കൊണ്ടു മാത്രമായിരുന്നു അയാൾക്ക് പാൽ കൊണ്ടു കൊടുക്കുന്ന ഡ്യൂട്ടി തന്റെ ചുമലിൽ ആയത്..
പശുവിനെ വളർത്തലും കൃഷിപ്പണിയും കൂടാതെ മേനോൻ സാറിന്റെ ഗോഡൗണിലെ ചുമട്ടു പണിയും കൂടെയുണ്ട് അച്ഛന്..നേരം പുലരും മുൻപേ എഴുന്നേറ്റു, വീട്ടുജോലികളെല്ലാം തീർത്ത്, ചോറ്റുപാത്രവും കവറിലേക്കെടുത്തിട്ട്, അടുത്തുള്ള ചെമ്മീൻ കമ്പനിയിലേക്ക് ഓടുന്നതിനിടെയാണ്, അമ്മ പശുവിനു കാടി കൊടുക്കാനും കോഴികൾക്ക് തീറ്റ കൊടുക്കാനുമൊക്കെ വിളിച്ച് ഓർമ്മിപ്പിക്കാറ്… ബീ എഡ് പരീക്ഷ ഫലം കാത്തിരിക്കുന്ന തനിക്ക് മാത്രമേ ഇപ്പോൾ വീട്ടിൽ തിരക്കില്ലാതുള്ളു…
രാവിലെ അച്ഛൻ കറന്നെടുത്തു അളന്നൊഴിച്ചു വെച്ച പാൽക്കുപ്പികളുമെടുത്ത് ഇറങ്ങി..ദേവൻ മാഷിന്റെയും കത്രീനച്ചേടത്തിയുടെയും വീട്ടിൽ പാൽ കൊടുത്തിട്ടാണ് പുഴക്കരയിലുള്ള വീട്ടിൽ എത്തിയത്..കാളിംഗ് ബെല്ല് അടിച്ച് അക്ഷമയോടെ അടഞ്ഞ കിടന്ന വാതിലിലേക്ക് നോക്കി നിൽക്കുമ്പോൾ അത് തുറന്നു പുറത്തേക്കിറങ്ങിയ ആൾ തന്നെ ഞെട്ടിച്ചു..
സുന്ദരനായൊരു ചെറുപ്പക്കാരൻ..
“പാ..പാൽ.. “
അയാൾ തലയാട്ടുന്നതിനിടെ പാൽക്കുപ്പി തിണ്ണയിലേക്ക് വെച്ച് ധൃതിയിൽ തിരിഞ്ഞു നടന്നു…
“ഡോ..തനിക്ക് കുപ്പി വേണ്ടേ..? “
“അത് ഞാൻ നാളെ എടുത്തോളാം..സാർ പുറത്തു എടുത്തു വെച്ചാൽ മതി… “
മറുപടിയ്ക്ക് കാക്കാതെ തിരിഞ്ഞു നടന്നു..പിറ്റേന്ന് ചെന്നപ്പോൾ ആൾ പത്രം വായിച്ചു കൊണ്ടു കോലായിൽ ഇരിപ്പുണ്ടായിരുന്നു..ഒരു നേർത്ത ചിരി നൽകി പാൽക്കുപ്പിയുമെടുത്ത് തിരികെ നടന്നു..മൂന്നാം നാളാണ് പിറകിൽ നിന്നും ആ ചോദ്യം വന്നത്…
“തന്റെ പേരെന്താ..? “
“ഗായത്രി.. “
പ്രതീക്ഷിക്കാതെ ആയിരുന്നത് കൊണ്ടു ഒന്ന് ഞെട്ടിയിരുന്നു..
“ഈ മിണ്ടാപ്പൂച്ചയാണോ പിള്ളേരെ പഠിപ്പിക്കാൻ പോണത്..? “
തെല്ല് പകപ്പോടെ തിരിഞ്ഞു നിന്നപ്പോൾ ആൾ പൊട്ടിച്ചിരിച്ചു..
“ഞാൻ യദു…യദുകൃഷ്ണൻ.. “
നേർത്ത ചമ്മലോടെ തലയാട്ടി തിരിയുമ്പോൾ ആൾ ചിരിക്കുന്നുണ്ടായിരുന്നു..ചുണ്ടുകളിലെ ചിരി പലപ്പോഴും നീണ്ടിടതൂർന്ന പീലികളുള്ള കണ്ണുകളിൽ എത്താറുണ്ടായിരുന്നത് കൊണ്ടാവാം ആ ചിരി കാണുമ്പോഴൊക്കെ ഹൃദയമിടിപ്പ് കൂടി തുടങ്ങിയത്..
അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും, കാണാനിത്തിരി ചേലൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് സ്കൂളിലും കോളേജിലും വഴിവക്കിലുമൊക്കെ പലരും ഒപ്പം കൂടാൻ ശ്രെമിച്ചത്..ചിലപ്പോഴൊക്കെ മനസ്സൊന്നു ചാഞ്ചടിയെങ്കിലും..ഒരിക്കൽ ഒൻപതാം ക്ലാസ്സിൽ ഏതോ വിരുതൻ താനറിയാതെ പുസ്തകത്താളിൽ തിരുകി വെച്ച പ്രേമലേഖനം കിട്ടിയത് അമ്മയുടെ കൈയിലാണ്..ചൂടാക്കിയ ചട്ടുകം തുടയിൽ അമരുമ്പോൾ തനിക്കൊന്നും അറിയില്ലെന്ന വാക്കുകൾ അമ്മ ചെവിക്കൊണ്ടില്ല..അതിന്റെ നീറ്റൽ ഉള്ളിലുണ്ടായിരുന്നത് കൊണ്ടാവാം പിന്നീട് അങ്ങനെയുള്ള ചിന്തകൾ ഉള്ളിലുണരും മുൻപേ മനസ്സ് വിലക്കിയത്..
പിന്നീടെപ്പോഴും രാവിലെ പാലുമായി ചെല്ലുമ്പോൾ ആള് കോലായിൽ ഉണ്ടാവും.. എന്നാലും ചോദിച്ചതിന് മാത്രമേ മറുപടി പറയാറുണ്ടായിരുന്നുള്ളു..തന്നിലെത്തുന്ന കാന്തശക്തിയുള്ള കണ്ണുകളെ നോക്കാൻ ശ്രെമിച്ചതേയില്ല..
അന്ന് രാവിലെ ഒരു പ്രൈവറ്റ് സ്കൂളിൽ ഒരൊഴിവുണ്ടെന്ന കേട്ടാണ് ഒരുങ്ങി ഇറങ്ങിയത്…പതിവില്ലാതെ നല്ല മഴയുണ്ടായിരുന്നു..നനഞ്ഞൊലിച്ചാണ് ബസ്സിൽ കയറി സ്കൂളിൽ എത്തിയത്..ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു..ചെറുതെങ്കിലും ഒരു ജോലി, മനസ്സ് തുള്ളി ചാടി…തിരികെ ബസ്സിറങ്ങിയപ്പോൾ മഴ തോർന്നിരുന്നു..ചെമ്മൺപാതയിൽ നിറയെ ചളിയും വെള്ളവും..വെള്ളത്തിൽ ചവിട്ടാതെ കാലുയർത്തിയതും ചാട്ടമൊന്നു പിഴച്ചു..ചളിവെള്ളത്തിൽ നടുവടിച്ചു വീണപ്പോൾ അറിയാതെ അമ്മേയെന്ന് വിളിച്ചു പോയി..ചുറ്റുമൊന്നും പാളി നോക്കിയപ്പോൾ ആരെയും കണ്ടില്ല..ആശ്വാസത്തോടെ എഴുന്നേൽക്കാൻ ശ്രെമിക്കുമ്പോഴാണ് ഒരു കൈ എന്റെ കൈയിലേക്ക് നീണ്ടത്..ഞെട്ടലോടെ മുഖമുയർത്തി നോക്കിയത് ആ കണ്ണുകളിലേക്കായിരുന്നു..കൈ കുത്തി എഴുന്നേൽക്കാൻ വയ്യാത്തത് കൊണ്ടു മുഖത്ത് നോക്കാതെ ആ കൈയിൽ പിടിച്ചു എഴുന്നേറ്റു..സാരിയിൽ മുഴുവനും ചളിയാണ്..
“സാരമില്ല..ഞാനേ കണ്ടുള്ളൂ… “
കാതോരം ആ പതിഞ്ഞ ശബ്ദം കേട്ടതും കൈ വിടുവിച്ച് ഓടുകയായിരുന്നു..
പിറ്റേന്ന് രേവുവിനെ നിർബന്ധിച്ചു പാലുമായി വിട്ടു..അവൾ തിരിച്ചു വന്നപ്പോൾ ഉള്ളിലൊരു വീർപ്പുമുട്ടൽ ഉണ്ടായെങ്കിലും ഒന്നും ചോദിച്ചില്ല..
രേവുവിന് പനിക്കോളുണ്ടെന്ന് അമ്മ പറഞ്ഞത് കേട്ടാണ് പിന്നെയും പാൽക്കുപ്പിയുമായി ഇറങ്ങിയത്..പൂമുഖത്ത് ഇരുന്ന ആളെ നോക്കാതെ പാൽ ചാരുപടിക്കരികെ വെച്ച് തിരിഞ്ഞു നടന്നു..
“ഹാ ഇതെന്തൊരു പോക്കാടോ..ഒന്നുമില്ലേലും തനിക്ക് ഒരു കൈ സഹായം തന്നില്ലേ..അതിനൊരു താങ്ക്സ് പോലും കിട്ടിയില്ല..”
“താങ്ക്സ്.. “
ചമ്മിയ ചിരിയോടെ പറഞ്ഞൊപ്പിക്കുമ്പോൾ ആ കണ്ണുകൾ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അതായിരുന്നു തുടക്കം..മനസ്സിന്റെ ചാഞ്ചാട്ടം പിടിച്ചു വെക്കാൻ താൻ അശക്തയായി പോയിരുന്നു..അന്നത്തെ പൊള്ളലിന്റെ നീറ്റലിനേക്കാൾ ശക്തമായിരുന്നു ആ കണ്ണുകളുടെ ആകർഷണശക്തി..
“എന്നാലും താനെനിക്ക് ഇത് വരെ ഒരു ചായ പോലും ഇട്ട് തന്നില്ലല്ലോടോ.. “
ഒരുദിവസം ആ വാക്കുകളിലെ പരിഭവം അറിഞ്ഞാണ് അടുക്കളയിൽ കയറിയത്..തനിക്കരികെ സ്ലാബിൽ ചാരി നിന്ന ആളുടെ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞാവാം കൈകൾ വിറച്ചത്..
ഒരു വൈകുന്നേരം വിളമ്പി വെച്ച കപ്പപുഴുക്കും കട്ടൻ കാപ്പിയും കഴിക്കുന്നതിനിടയിൽ അച്ഛൻ അമ്മയോട് പറഞ്ഞു..
“ആ പുതിയ കൊച്ചനെ എല്ലാർക്കും വല്യ കാര്യാ..തങ്കം പോലൊരു ചെറുവാല്യക്കാരൻ.. “
“നിങ്ങളിത് ആര്ടെ കാര്യാ പറയണത്..? “
അമ്മ ചോദിക്കുന്നത് കേട്ടു.. “ആ പുതിയ കൃഷിയാപ്പീസർ..എല്ലാർക്കും നൂറു നാവാ യദു സാറിനെ പറ്റി പറയുമ്പോൾ.. “
മനസ്സ് തുള്ളിച്ചാടുകയായിരുന്നു ആ വാക്കുകളിൽ..
പിന്നെയും ഏറെ ദിനങ്ങൾ കഴിഞ്ഞാണ് ഒരു നാൾ ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോൾ പുറകിൽ നിന്നും ആ കൈകൾ ചുറ്റി പിടിച്ചത്..പകച്ചു പോയെങ്കിലും ആ കണ്ണുകൾ കവിളുകളിൽ ചുവപ്പ് രാശി പടർത്തി..
ചെറിയ ചെറിയ കുസൃതികളിൽ നിന്നൊരു ദിനം വാതിൽപ്പടിയിൽ ചേർത്തു നിർത്തി അധരങ്ങൾ സ്വന്തമാക്കിയപ്പോൾ തിരിച്ചൊന്നു എതിർക്കാൻ പോലുമാവാതെ നിന്നു പോയി..
അപ്പോഴേക്കും യദുകൃഷ്ണൻ മനസ്സിൽ വേരുറച്ചു പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു..ഒരിക്കലും പറിച്ചെറിയാൻ ആവാതെ..
സ്കൂളിൽ നിന്നും ആദ്യശമ്പളം കിട്ടിയപ്പോൾ എല്ലാവർക്കും ഡ്രസ്സ് എടുത്ത കൂട്ടത്തിൽ ആൾക്കും ഒരു ഷർട്ട് എടുത്തു..രണ്ടു മാസം കഴിഞ്ഞുള്ള പിറന്നാളിന് കിട്ടിയത് ടച്ച് ഫോണായിരുന്നു..
പാർക്കിലും ബീച്ചിലുമെല്ലാം കൈകോർത്തു നടക്കുമ്പോഴും, ആ ബൈക്കിൽ ആളുടെ പിറകിൽ ചുറ്റി പിടിച്ചിരിക്കുമ്പോഴും മനസ്സ് മറ്റൊന്നും ആലോചിച്ചിരുന്നില്ല..
യദുകൃഷ്ണന്റെ പെണ്ണായ് സ്വയം അവരോധിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞിരുന്നു..കാര്യങ്ങൾ ഏതാണ്ടൊക്കെ പിടി കിട്ടിയിരുന്ന രേവുവിനെ സോപ്പിട്ടാണ് അന്നും പാലുമായി പോയത്.
പതിവ് സ്നേഹപ്രകടനങ്ങൾ അതിരു വിട്ടു തുടങ്ങിയ നിമിഷങ്ങളിലാണ് കാളിംഗ് ബെൽ ശബ്ദിച്ചത്..ആദ്യം അവഗണിച്ചെങ്കിലും തന്റെ നിർബന്ധത്താലാണ് യദുവേട്ടൻ പിന്തിരിഞ്ഞത്..
സ്ഥാനം മാറിയ വസ്ത്രങ്ങൾ ധൃതിയിൽ നേരെയാക്കുമ്പോൾ തന്നിൽ നിന്നും അടർന്നു മാറിയ ആളുടെ മുഖം ചുവന്നിരുന്നു..
പുറത്ത് നിന്നും വന്ന ശബ്ദം കാതിലെത്തിയതും ഉള്ളൊന്നാളി..അച്ഛൻ..
“ഗായത്രി പാൽ തന്ന ഉടനെ പോയല്ലോ.. “
യദുകൃഷ്ണൻ പറഞ്ഞു തീരുന്നതിനു മുൻപേ ഗായത്രി പിൻവാതിലിലൂടെ പുറത്തെത്തിയിരുന്നു..അടുത്ത പറമ്പിലൂടെ പിടിച്ചു കയറി ഇടവഴിയിലേക്ക് ചാടിയിറങ്ങി ഓടിക്കിതച്ച് വീട്ടിലെത്തുമ്പോൾ അമ്മ ഉമ്മറത്തുണ്ടായിരുന്നു..
“നീയ്യ് എവടെയായിരുന്നു ഇത്രേം നേരം..? “
“അത്..അത് വഴിയിൽ വെച്ച് മീരയെ കണ്ടു സംസാരിച്ചു നിന്നു..”
നാവിൽ വന്നത് തട്ടി വിട്ടു..അമ്മ കനപ്പിച്ചൊന്ന് മൂളി അകത്തേക്ക് നടന്നപ്പോൾ അടക്കിപ്പിടിച്ച ശ്വാസം വിട്ടു..
“അച്ഛനും അമ്മയ്ക്കും എന്തോ സംശയം ഉള്ളത് പോലെ.. “
ലഞ്ച് ബ്രേക്കിന് വിളിച്ചപ്പോഴാണ് യദുവേട്ടനോട് പറഞ്ഞത്..
“താൻ ടെൻഷൻ അടിക്കണ്ട..നമുക്ക് നോക്കാം..”
ആ മറുപടി തന്ന ആശ്വാസം ചെറുതായിരുന്നില്ല..
അന്ന് രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ തുടങ്ങുമ്പോഴാണ് അമ്മ പറഞ്ഞത്..
“ഗായൂ, നിയ്യ് നാളെ പോവണ്ട..നിന്നെ കാണാൻ ഒരു കൂട്ടര് വരണുണ്ട്..ആ ചെറുക്കൻ നിന്നെ എവടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാ..നല്ല ആലോചനയാ.. “
ആ കനത്ത ശബ്ദത്തിന് മറുപടി കൊടുക്കാൻ നാവ് ചലിച്ചില്ല..ഇതുവരെ വന്ന ആലോചനകളെല്ലാം പലവിധ ഒഴിവ് കഴിവുകൾ പറഞ്ഞു ഒഴിവാക്കി..പക്ഷേ..
ചുട്ടു പൊള്ളുന്ന മനസ്സുമായി കണ്ണുകളടച്ച് കിടന്നു..എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ഫോണുമായി അടുക്കളയിലേക്ക് നടന്നു..
“ഹലോ.. “
ഉറക്കച്ചടവോടെയുള്ള ശബ്ദം കേട്ടതും കരച്ചിൽ വന്നു..
“യദുവേട്ടാ.. “
“എന്തു പറ്റി ഗായൂ..എന്താ ഈ നേരത്ത്..? “
തേങ്ങലോടെ എല്ലാം പറഞ്ഞു കേൾപ്പിച്ചു..ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് പറഞ്ഞത്..
“താനിങ്ങനെ പരിഭ്രമിക്കാതെ..അച്ഛനോട് ഞാൻ സംസാരിച്ചോളാം..മോള് പോയി സമാധാനത്തോടെ കിടന്നുറങ്ങ്… “
ഫോണിലൂടെ എങ്കിലും ആ സ്നേഹചുംബനങ്ങളുടെ ചൂടിൽ, മനസ്സിനെ സ്വപ്നങ്ങളിൽ അലയാൻ വിട്ട് ഉറക്കത്തിനെ കൂട്ട് പിടിച്ചു..
പിറ്റേന്ന് അമ്മയുടെ കണ്ണുവെട്ടിച്ച് ഒരു തവണയേ വിളിക്കാൻ കഴിഞ്ഞുള്ളു..കൂടുതൽ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ അമ്മ അടുത്തെത്തിയിരുന്നു.
ഉച്ചയ്ക്ക് ശേഷം അവരെത്തി. വേറെ വഴിയില്ലാതെ അമ്മ എടുത്തു വെച്ച സാരിയുടുത്ത്, മുടി പിന്നിയിട്ടപ്പോൾ രേവു നെറ്റിയിലൊരു പൊട്ടെടുത്ത് ഒട്ടിച്ചു വെച്ചു..
അമ്മ കൈയിലേക്ക് വെച്ച ട്രേയുമായി നടക്കുമ്പോൾ മുഖമുയർത്തിയില്ല…ആരെയും കാണാൻ മനസ്സാഗ്രഹിച്ചില്ല…അയാളെ നോക്കിയതേയില്ല..
തനിച്ചു സംസാരിക്കാൻ, അരികിൽ എത്തിയപ്പോൾ അയാളുടെ ചോദ്യങ്ങൾക്കിടയിലെപ്പോഴോ മുഖമുയർത്തിയപ്പോൾ കണ്ടു. കാണാൻ തെറ്റില്ലാത്തൊരു ചെറുപ്പക്കാരൻ..കെഎസ് ആർ ടി സി കണ്ടക്ടർ..ശ്രീകുമാർ..
മുഖത്ത് നോക്കാതെ, അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടെ, ഉള്ളിൽ ഒളിപ്പിച്ചത് വെളിപ്പെടുത്താൻ പലതവണ മനസ്സ് പറഞ്ഞു..
തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ലെടോ എന്ന ചോദ്യത്തിന് വിളറിയ ഒരു ചിരി നൽകിയപ്പോഴേക്കും അയാൾ തിരിഞ്ഞു നടന്നിരുന്നു..
യദുവേട്ടനെ വിളിച്ചിട്ടും കിട്ടാതെ ആയതോടെയാണ് പിറ്റേന്ന് കൃഷിഓഫീസിൽ പോയത്. ആൾ ലീവിലാണ്. കൂടുതൽ ഒന്നും ആർക്കും അറിയില്ല.
സ്കൂളിലേക്ക് പോവാതെ വീട്ടിലെത്തി മുറിയടച്ചിരുന്നു. രാത്രി, ഈ കല്യാണം ഞങ്ങളങ്ങ് ഉറപ്പിക്കുകയാണ് എന്ന അമ്മയുടെ വാക്കുകൾ കേട്ടതും സമനില തെറ്റി..
“ഞാൻ സ്നേഹിക്കുന്നത് യദുകൃഷ്ണനെയാണ്..അയാളല്ലാതെ മറ്റൊരാൾ എൻ്റെ കഴുത്തിൽ താലി കെട്ടില്ല..അതിന് ശ്രെമിച്ചാൽ എന്റെ ശവം നിങ്ങൾ കാണും.. “
അമ്മയുടെ അടിയും ശാപവാക്കുകളുമൊന്നും എന്നെ സപ്ർശിച്ചതേയില്ല. ആരോടും മിണ്ടാതെ, ഒന്നും കഴിക്കാതെ ഇരുന്ന രണ്ടാമത്തെ രാത്രിയിൽ, അരികെ ഇരുന്ന അമ്മ നിറഞ്ഞ കണ്ണുകൾ, നരച്ച കോട്ടൺ സാരിയുടെ തുമ്പ് കൊണ്ടു തുടയ്ക്കുന്നതോ, കോലായിൽ നെഞ്ചത്തെ നരച്ച രോമങ്ങൾ ഉഴിഞ്ഞു കൊണ്ടു നടക്കവെ അച്ഛന്റെ കുഴിഞ്ഞ കണ്ണുകളിൽ തെളിഞ്ഞ നിസ്സഹായതയോ ഞാൻ കാണാൻ ശ്രെമിച്ചില്ല..
“നാളെ ഞാൻ രഘുവിനെയും കൂട്ടി അത്രടം വരെ ഒന്ന് പോയി നോക്കാം. “
നേർത്ത ശബ്ദത്തിൽ അച്ഛന്റെ വാക്കുകൾ മനസ്സിലൊരു തണുപ്പ് വീഴ്ത്തി.
രാവിലെ അച്ഛനും രഘുമാമനും ഇറങ്ങിയത് മുതൽ, ഉച്ച കഴിഞ്ഞു ഇടവഴിയുടെ അറ്റത്തു അച്ഛന്റെ രൂപം പ്രത്യക്ഷപ്പെടുന്നത് വരെ വഴിക്കണ്ണുമായി ഇരിക്കുകയായിരുന്നു ഞാൻ.
കോലയിലേക്ക് ഇരുന്നു, അമ്മ കൊണ്ടു കൊടുത്ത മൊന്തയിലെ വെള്ളം ഒറ്റവലിയ്ക്ക് കുടിച്ച അച്ഛനോട് അമ്മ അറച്ചറച്ച് ചോദിക്കുന്നത് കേട്ടു..
“പോയിട്ട്.. “
“ഗായൂ…”
വാതിലിനു പിറകിൽ നിന്നും ഞാൻ നീങ്ങി നിന്നു..
“യദുകൃഷ്ണൻ എന്നെങ്കിലും നിന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ..? “
ഒരു മിന്നൽ പിണർ ഉള്ളിലൂടെ കടന്നു പോയി..വാക്കുകൾ കിട്ടിയില്ല..
“മൂന്നാണ്മക്കൾ അടങ്ങുന്ന നാട്ടിലെ പ്രമാണി കുടുംബം..മൂത്ത രണ്ടു പേരും വിവാഹം കഴിച്ചത് അങ്ങ് കൊമ്പത്തൂന്ന്…ഇളയവന്റെ കല്യാണം ഉറപ്പിച്ചിട്ട് വർഷം മൂന്നു കഴിഞ്ഞു..അതും അവൻ പ്രേമിച്ച പെണ്ണുമായിട്ട്… “
നിഷേധാർത്ഥത്തിൽ തലയാട്ടുന്ന എന്നെ നോക്കി അച്ഛൻ പതിയെ പറഞ്ഞു.
“ആമ്പിള്ളേരാവുമ്പോൾ ചിലപ്പോൾ ചെളിയിൽ ചവിട്ടിയെന്നിരിക്കും..ഒന്ന് കഴുകിയാൽ അതങ്ങ് പോവും..അതുംകണ്ടു പുളിങ്കൊമ്പിൽ കയറി പിടിക്കാൻ നോക്കിയാൽ നടുവൊടിഞ്ഞു കിടക്കത്തെയുള്ളൂ നിങ്ങടെ മോള്..അവന്റെ അമ്മ പറഞ്ഞത്.. “
“ഇല്ല..ഇല്ല..ഞാൻ ഇതൊന്നും വിശ്വസിക്കില്ല..എനിക്ക് യദുവേട്ടനോട് സംസാരിക്കണം.. “
അലറി പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്കോടി.കട്ടിലിൽ കമിഴ്ന്നു കിടന്ന എൻ്റെ കൈയിൽ ഒരു കടലാസ് കഷ്ണം വെച്ചിട്ട് തിരിഞ്ഞു നടക്കുമ്പോൾ അച്ഛൻ പറഞ്ഞു..
“അവന്റെ പുതിയ നമ്പർ..ഞാൻ തേടി പിടിച്ചത്..മോൾക്ക് വേണ്ടി..”
ചാടിയെഴുന്നേറ്റ്, ശ്വാസം വിടാതെ ആ നമ്പർ ഡയൽ ചെയ്യുമ്പോൾ ഹൃദയം പൊട്ടിപ്പോവുമോയെന്ന് തോന്നിയിരുന്നു..രണ്ടാമത്തെ റിങ്ങിലാണ് ആ ശബ്ദം കേട്ടത്.
“ഹെലോ.. “
ഒരു നിമിഷം കഴിഞ്ഞാണ് ശബ്ദം കിട്ടിയത്..
“യദുവേട്ടാ.. “
“ഗായത്രി.. “
തനിയെ എന്നോണം പറയുന്നത് കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചോദിച്ചത്..
“എന്തിനാ..എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്..ഇതൊക്കെതമാശയാണോ യദുവേട്ടാ..”
കുറച്ചു നേരത്തേക്ക് അപ്പുറത്ത് നിന്നും മറുപടി ഒന്നും ഉണ്ടായില്ല..
“താൻ ഇത്രയ്ക്കും വിഡ്ഢിയാണോ ഗായത്രി..?ഞാൻ എപ്പോഴെങ്കിലും തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ..? വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ..? ഈ കാലത്തും തന്നെ പോലുള്ള പൊട്ടി പെൺപിള്ളേർ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..ഇതൊക്കെ ലൈഫിൽ ഒരു ത്രിൽ ആയി എടുക്കണ്ടേ..? “
ചെവികളെ വിശ്വസിക്കാനാവാതെ നിൽക്കുമ്പോൾ കേട്ടു..
“തനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു..അതങ്ങ് സമ്മതിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്ക്.. “
“എന്നെ..എന്നെ..പറ്റിക്കുകയായിരുന്നല്ലേ..? “
“ഞാനോ..? താനും ഞാനും ഒരുപോലെ എൻജോയ് ചെയ്തില്ലേ..പിന്നെ ഇങ്ങനെയൊക്കെ പറയാൻ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടൊന്നും ഇല്ലാലോ..അവസരങ്ങൾ ഉണ്ടായിട്ടും.. “
ഒന്ന് നിർത്തി അയാൾ തുടർന്നു..
“ലുക്ക് ഗായത്രി..ഇനി എന്നെ പിന്തുടരുത്..അത് തനിക്ക് ദോഷം ചെയ്യും..എന്റെ വിവാഹമാണ് അടുത്ത മാസം.. “
കാൾ കട്ടായത് ഗായത്രി അറിഞ്ഞില്ല.. കണ്ണിൽ ഇരുട്ട് കയറി തുടങ്ങിയപ്പോഴാണ് വേച്ച് വേച്ച് കട്ടിലിലേക്ക് ഇരുന്നത്..വാതിൽക്കൽ നിന്നിരുന്ന അമ്മ കണ്ണുകൾ തുടച്ചു നെടുവീർപ്പിട്ടത് അവളറിഞ്ഞില്ല..
സമനില നഷ്ടപ്പെട്ടു തുടങ്ങിയ അവളുടെ ദിവസങ്ങളിൽ യദുകൃഷ്ണനെ കണ്ടതിനു ശേഷമുള്ള ഓർമ്മകളേ ഉണ്ടായിരുന്നുള്ളൂ..നിധി കാക്കുന്ന ഭൂ തത്തെ പോലെ മകൾക്ക് കാവലിരുന്ന അമ്മയ്ക്ക് ബി പി കുറഞ്ഞത് കൊണ്ടാണ് അച്ഛൻ ആശുപത്രിയിലേക്ക് കൊണ്ടു പോയത്..തന്റെ അരികിലിരുന്ന അനിയത്തി ബാത്‌റൂമിൽ പോയ നിമിഷങ്ങൾ മതിയായിരുന്നു ഗായത്രിയ്ക്ക് ജീവിതം അവസാനിപ്പിക്കാൻ തുനിയാൻ..
ദിവസങ്ങൾക്കൊടുവിൽ തണുത്തുറഞ്ഞ ശാന്തതയിലേക്ക് കണ്ണുകൾ തുറന്നപ്പോൾ, അവൾ ആദ്യം കണ്ടത്, നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു, സങ്കടം സഹിക്കാനാവാതെ തിരികെ നടക്കുന്ന അച്ഛനെയാണ്..ആ മെല്ലിച്ച നെഞ്ചിൻകൂട് തേങ്ങലുകളാൽ ഉലയുന്നതവൾ കണ്ടു..കൊച്ചുകുഞ്ഞിനെ പോലെ അവളെ പരിചരിച്ച അമ്മയുടെ ചുണ്ടുകൾ വിറ കൊള്ളുന്നതവളുടെ കണ്ണിൽ പെട്ടിരുന്നു..രേവുവിന്റെ കൈ അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു..അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് യദുകൃഷ്ണായിരുന്നില്ല..മറ്റൊരു രംഗമായിരുന്നു..
അന്ന് ബി എഡ് അവസാനപരീക്ഷയ്ക്ക് മുൻപ് മടിച്ചു മടിച്ചാണ് പണി കഴിഞ്ഞെത്തിയ അച്ഛന് മുൻപിൽ അവളെത്തിയത്..
“അച്ഛാ..ഫീസ്.. “
തലയിലെ കെട്ടഴിച്ച് മുഖത്തെ പൊടിയും വിയർപ്പും തുടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു..
“മറ്റന്നാളല്ലേ മോൾക്ക് പോവേണ്ടത്..അച്ഛൻ ശരിയാക്കാം.. “
അന്ന് രാത്രി പണിയൊക്കെ കഴിഞ്ഞു അമ്മ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് സംസാരം കേട്ടത്..
“എന്തോ ചെയ്യുമെടി..വിചാരിച്ച പോലെ കാശൊത്തില്ല..മോളുടെ ഫീസടയ്ക്കണ്ടേ..”
കറുത്ത ചരടിൽ കോർത്ത താലി അമ്മ അഴിച്ചെടുക്കുന്നത് കണ്ടു ഒപ്പം കാതിലെ ഇത്തിരി പൊന്നും..വാങ്ങാൻ മടിച്ചു നിന്ന അച്ഛന്റെ കൈയിലേക്ക് ചിരിയോടെ തന്നെയാണ് അമ്മ അത് ചേർത്തു വെച്ചത്..
“നമ്മടെ മക്കൾ പഠിച്ചൊരു നെലേൽ എത്താൻ വേണ്ടീട്ടല്ലേ ഏട്ടാ.. “
ഗായത്രിയുടെ കണ്ണിൽ നിന്നൊരു തുള്ളി ഇറ്റ് വീണു…ഉൾഭയത്തോടെ, വേദനയോടെ തന്നെ നോക്കി നിൽക്കുന്ന മുഖങ്ങളിലേക്ക് നോക്കവേ ഗായത്രിയുടെ ചുണ്ടിലൊരു വരണ്ട ചിരി വിടർന്നു..അവളുടെ മനസ്സിൽ അപ്പോൾ യദുകൃഷ്ണന്റെ മുഖം ഇല്ലായിരുന്നു..
പക്ഷേ മനസ്സിന്റെ അടിത്തട്ടിൽ അപ്പോഴും ആ ശബ്ദം..
“ഒന്ന് കാണണം..ഒരിക്കൽ മാത്രം.. “
**************
“ന്റെ ശ്രീയേട്ടാ ഞാൻ പറഞ്ഞതല്ലേ ഇന്നെനിക്ക് മീറ്റിംഗ് ഉണ്ടെന്ന്..ഇന്ന് എന്തായാലും ലേറ്റ് ആവും..”
“ഒന്ന് പിടയ്ക്കാതെ ഇരിക്ക് പെണ്ണേ..നിന്നെ സമയത്തിന് തന്നെ ഞാൻ അവിടെ എത്തിക്കും.. “
തെല്ല് കുസൃതിയോടെയുള്ള വാക്കുകൾ കേട്ടതും ഗായത്രി മുഖം വീർപ്പിച്ചു അയാളെ ചുറ്റിപ്പിടിച്ചിരുന്നു..
സ്കൂൾ ഗേറ്റിനുള്ളിൽ ബൈക്ക് നിർത്തി അവളോട് യാത്ര പറഞ്ഞു തിരിക്കുമ്പോൾ ശ്രീകുമാർ ഒന്ന് കണ്ണിറുക്കി..ഗായത്രിയുടെ മുഖം തുടുത്തിരുന്നു..വർഷമിത്ര കഴിഞ്ഞു എന്നിട്ടും..
അച്ഛൻ കല്യാണത്തിന് വാക്കുറപ്പിച്ചു മൂന്നാം നാളാണ് പിടിച്ചു നിൽക്കാനാവാതെ ശ്രീയേട്ടനെ കാണണമെന്ന് ആവശ്യപ്പെട്ടത്..യദുകൃഷ്ണനെ പറ്റി വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല..എല്ലാം കേട്ട് കഴിയുമ്പോൾ വിവാഹത്തിൽ നിന്നും ഒഴിവാകുമെന്ന് കരുതി..
“കഴിഞ്ഞതെല്ലാം കഴിഞ്ഞത് തന്നെയാണ് ഗായത്രി…”
ആ മറുപടിയിൽ എല്ലാം ഒതുക്കി കൂടെ കൂട്ടിയിട്ട് വർഷങ്ങളായി..പിണക്കങ്ങളും ഇണക്കങ്ങളും പൊട്ടലും ചീറ്റലുമെല്ലാം ഉണ്ടാവാറുണ്ടെങ്കിലും ഇന്ന് വരെ ആ കാര്യം പറഞ്ഞു ഒരു വാക്ക് കൊണ്ടു പോലും നോവിച്ചിട്ടില്ല..അങ്ങനെ സംഭവിച്ചെങ്കിൽ താൻ തകർന്നു പോയേനെ..
പാർക്കിങ്ങിൽ കാർ നിർത്തി ഇറങ്ങി വരുന്നയാളിൽ കണ്ണുകളുടക്കിയതും ഒരു ഞെട്ടലുണ്ടായി.
“ആരെയാണ് ഗായത്രി നോക്കുന്നത്..? “
അരികിലെത്തിയ മിനി മിസ്സ് തന്റെ നോട്ടം പിന്തുടർന്ന് പറഞ്ഞു..
“അത് യദുകൃഷ്ണൻ..നമ്മുടെ പ്ലസ് ടു വിലെ രോഹിത്ത് ഇല്ലേ..ആ കുരുത്തം കെട്ട ചെക്കൻ..അവന്റെ ഫാദറാ..അയാളുടെ ഭാര്യ വേറൊരുത്തന്റെ കൂടെ പോയി..ആയ കാലത്ത് ഇയാളും മോശമായിരുന്നില്ലെന്നാ കേട്ടത്.. “
തിരിച്ചൊന്നും പറയാൻ തോന്നിയില്ല..പിടിഎ മീറ്റിംഗ് കഴിഞ്ഞു ഫയലുകൾ ഓഫീസിൽ കൊണ്ടു വെക്കാൻ പോയപ്പോഴാണ് പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും ഇറങ്ങി വന്ന അയാൾ എതിരെ വന്നത്..തന്റെ മുഖത്ത് നോക്കിയതും ആ കാലടികൾ ഒരുമാത്ര നിശ്ചലമായത് ഗായത്രി കണ്ടു..പിന്നെ വിളറിയ മുഖം താഴ്ത്തി അയാൾ അവളെ കടന്നു പോയി.
“മിസ്റ്റർ യദുകൃഷ്ണൻ.. “
തിരിഞ്ഞു നോക്കിയ അയാൾക്കരികിലേക്ക് നടന്നു ചെല്ലുമ്പോൾ തന്നെ നോക്കിയ മുഖത്തെ ഭാവങ്ങൾ ഗായത്രി കണ്ടു..
“ചിലപ്പോഴൊക്കെ മനുഷ്യൻ നിസ്സഹായനായി പോവുന്നിടത്ത് കാലം കാത്തു വെയ്ക്കുന്ന ചില തിരിച്ചടികളുണ്ട്..ഇപ്പോൾ എന്റെ മനസ്സിൽ നിങ്ങളോട് പകയോ ദേഷ്യമോ ഒന്നുമില്ല..സഹതാപമാണ്..ദൈവത്തോട് നന്ദിയും.. “
അയാളുടെ മുഖത്തു നോക്കി ചിരിയോടെ പറഞ്ഞു തിരികെ നടക്കുമ്പോൾ, ചിലപ്പോഴൊക്കെ ഗായത്രി ടീച്ചറിന്റെ മനസ്സിന്റെ അടിത്തട്ടിലെവിടെയോ തോന്നിയിരുന്ന ആ അസ്വസ്ഥത ശമിച്ചിരുന്നു..
ചോ രയൂറ്റി കുടിച്ച കൊതുകിനെ കണ്ടിട്ടും, കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും, അടിച്ചു കൊല്ലാൻ കഴിയാതിരിക്കുമ്പോൾ തോന്നുന്നത് പോലൊരു അസ്വസ്ഥത…
**************
സാഹചര്യങ്ങളും സന്ദർഭങ്ങളുമെല്ലാം കൂട്ടി ചേർത്തതെങ്കിലും ഇതുമൊരു അനുഭവകഥ…
ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് ആ ഭർത്താവിനോടാണ്. അവളുടെ ഏറ്റവും വലിയ ദൗർബല്യം അറിഞ്ഞിട്ടും അത് വെച്ച് ടോർച്ചർ ചെയ്യാൻ തുനിയാതിരുന്നത് കൊണ്ട്..
പ്രണയം ചതിച്ചെന്ന് അറിഞ്ഞിട്ടും അവനെ /അവളെ, മറക്കാനും, വെറുക്കാനും കഴിയുന്നില്ലെന്ന ശബ്ദങ്ങൾ ഇപ്പോഴും ചിലയിടങ്ങളിൽ നിന്നും കേൾക്കാറുണ്ട്..കാലത്തിനൊപ്പം മാറാത്ത വിഡ്ഢികളെന്ന് അവർ പഴി കേൾക്കേണ്ടി വന്നത് അത്രമേൽ സ്നേഹിച്ച് പോയത് കൊണ്ടാവാം..
തന്നെ വേണ്ടെന്നു പറയുന്നയാളോട് പോ ടാ /പോ ടീ പു ല്ലേ എന്ന് പറയാനുള്ള ആർജ്ജവം തന്നെയാണ് വേണ്ടത്..
~സൂര്യകാന്തി ?