എഴുത്ത്: സമീർ ചെങ്ങമ്പള്ളി
“കല്യാണം കഴിഞ്ഞാലും പഠിപ്പിക്കും “
അടിപൊളി ഒരു പരസ്യ വാചകമാണിത്.
ഈ പരസ്യ വാചകത്തിൽ ആകൃഷ്ടരായി കണ്ണുമടച്ചു വീണുപോയ പല പെൺകുട്ടികളും ഇപ്പോൾ ഏതോ വീടിന്റെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാകും.
ചിലപ്പോൾ കുഞ്ഞിനെ ഊട്ടി ഉറക്കാൻ വേണ്ടിയുള്ള തിരക്കിലാകും. അതുമല്ലെങ്കിൽ അലക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും നുള്ളിപ്പെറുക്കി ബാത്റൂമിലേക്ക് നടക്കുന്നുണ്ടാകും.
ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.
എത്ര പെൺകുട്ടികളുടെ എത്ര ആയിരം സ്വപ്നങ്ങളാണ് നിങ്ങളുടെ ഒരു നിസ്സാര നുണയിൽ ഇങ്ങനെ കൊ ല ചെയ്യപ്പെട്ടത്?
പറഞ്ഞു പറ്റിച്ചതും പോരാഞ്ഞിട്ട് ആ നാല് മതിലിനുള്ളിലെ ചെറിയ ലോകത്ത് അവളുടെ ജീവിതം നിങ്ങൾ തളച്ചിട്ടില്ലേ??
എന്നിട്ടും അവൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ? നിങ്ങളുടെ തളർച്ചയിലും തോൽവിയിലും കൂടെ നിൽക്കുന്നില്ലേ?
എന്നിട്ടെന്തേ നിങ്ങൾക്ക് പരാതി തീരുന്നുണ്ടോ?
ചായക്ക് മധുരം പോരാ…ചോറിന് വേവ് പോരാ…വീടിന് വൃത്തി പോരാ….വീട്ടുകാരോട് സ്നേഹം പോരാ…കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധ പോരാ…തന്ന സ്ത്രീധനം പോരാ….
എന്താല്ലാം പരാതികളാണ്…
നിങ്ങൾ അവളെ വല്ലാതെ പേടിക്കുന്നുണ്ട്. അവൾ നിങ്ങളെക്കാൾ കൂടുതൽ സമ്പാദിക്കുമോ എന്ന പേടി. നിങ്ങൾക്ക് ഭക്ഷണം വിളമ്പി തരാനും നിങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാനും അവൾക്ക് സമയം തികയുമോ എന്ന പേടി. കുടുംബത്തിന്റെ നിയന്ത്രണം നിങ്ങൾക്ക് നഷ്ടമാകുമോ എന്ന പേടി.
അതുകൊണ്ടല്ലേ പഠനം തുടരണമെന്ന് അവൾ ആവശ്യപ്പെടുമ്പോഴെല്ലാം നിങ്ങൾ മുഖം തിരിക്കുന്നത്. കയർത്തു സംസാരിക്കുന്നത്.
അവളുടെ മുൻപിൽ ഇത്രയൊക്കെ ജയിക്കാൻ നോക്കീട്ടും തോറ്റു പോകുകയാണല്ലോ നിങ്ങൾ…
ഇനിയെങ്കിലും ഈ ദുരഭിമാനം മാറ്റിവെച്ചൂടെ അവളുടെ അടുത്തേക്ക് ചെന്നുകൂടെ..
മാറാല പിടിച്ചു നിറം കേട്ടുപോയ ചില മോഹങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞൂടെ. എന്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞു ഉത്തേചിപ്പിച്ചുകൂടെ…
ചില കൊടും ചതികൾക്ക് പ്രായശ്ചിതമെന്നോണം അത്രയെങ്കിലും ചെയ്യേണ്ടേ നിങ്ങൾ?