പ്രണയനിലാമഴ

രചന -Rosily joseph

പുലർച്ചെ നാലുമണി. ഒരിക്കൽ കൂടിയവൾ നന്ദനെ നോക്കി. അവൾക്ക് അവന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വളരെ സഹതാപം തോന്നി. പാവം ഒരുപാട് സഹിച്ചു. അച്ഛനെയും അമ്മയെയും വിട്ട് എനിക്കുവേണ്ടി ഇവിടെ……. പ്രണയവിവാഹം ആയിരുന്നത് കൊണ്ട് നന്ദന്റെ വീട്ടുകാർക്ക് താല്പര്യം ഇല്ലായിരുന്നു. അവനവൾടെ കയ്യ് പിടിച്ചാവീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ കണ്ടിരുന്നു. ഇനിയിവിടെ നിന്നാൽ ശരിയാവില്ല. ഞാൻ കാരണം എന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.നന്ദനും കരുതി. അവിടെനിന്നും ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു താമസം മാറി. ഓർത്തോ നീ ഇതിനെല്ലാം അനുഭവിക്കും. അവസാനമായി പറഞ്ഞ അമ്മയുടെ വാക്കുകൾ നെഞ്ചിൽ തറഞ്ഞുനിന്നു. കണ്ണുകൾ തുടച്ചവൾ അവനെ നോക്കി. എത്ര കണ്ടിട്ടും മതിയാവുന്നില്ല. നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു. പുതപ്പെടുത്തു ഒന്നുകൂടി നല്ലോണം പുതപ്പിച്ചവൾ കുളിമുറിയിലേക്ക് നടന്നു. മുറിയിൽ ലൈറ്റിട്ടില്ല. ചിലപ്പോ നന്ദേട്ടൻ ഉണർന്നാലോ എമർജൻസി ലൈറ്റ് കത്തിച്ചു നന്ദന്റെ മുഖത്തേയ്ക്ക് വെട്ടമടിക്കാതെ ഒരിടത്തൊതുക്കിവെച്ചു നടന്നു. കുളികഴിഞ്ഞു, തലമുടിയിൽ നിന്നൂർന്നിറങ്ങിയ വെള്ളത്തെ അവൾ തോർത്തുകൊണ്ട് ഒപ്പിക്കളഞ് ആ തോർത്ത്‌ കൊണ്ട് തന്നെ മുടി വാരികെട്ടി അലമാരയിൽ നിന്നും നന്ദേട്ടനൊരുപാടിഷ്ടമുള്ള ചുവന്നപൂക്കൾ ഉള്ള സാരി എടുത്തുടുത്തു. നെറുകയിൽ സിന്ദൂരവും തൊട്ട് നന്ദന്റെ അരികു ചേർന്നിരുന്നു നെറ്റിയിൽ ചെറുതായ് ഒന്ന് ചുംബിച്ചു മെല്ലെ ഉണർത്താതെ അടുക്കളയിലേയ്ക്ക് പോയി. പഴയകാല സ്‌മൃതികളിൽ മുഴുകിനിന്നു അൽപ്പനേരം. പാൽ തിളച്ചുതൂവി. ……………. ……………………………….നന്ദേട്ടാ എഴുന്നേൽക്ക് സമയം എന്തായിന്നറിയോ. അവൾ അവനെ കുലുക്കിവിളിച്ചു. പ്ലീസ് അച്ചൂ ഞാനൊന്നുറങ്ങട്ടെ . അയ്യടാ മതി ഉറങ്ങിയത് എണീക്ക് ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ . അച്ചൂ പിണങ്ങല്ലേടാ . നീയും വാ നമ്മുക്ക് കെട്ടിപിടിച്ചു കിടക്കാം. അയ്യടാ എന്തൊരു ആഗ്രഹം. ഇങ്ങോട്ട് എണീക്കാനാ പറഞ്ഞെ. അവൾ അവന്റെ ദേഹത്തുനിന്നും പുതപ്പ് വലിച്ചുമാറ്റി. ഛെ നാണമില്ലാത്ത മനുഷ്യൻ. തറയിൽ കിടന്ന കൈലിമുണ്ടെടുത്തു അയാള്ടെ ദേഹത്തേയ്ക്കിട്ടുകൊടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങവേ , പിന്നിൽ നിന്നും നന്ദന്റെ കയ്യ്കൾ അവളെ വലിച്ചു മാറിലേയ്ക്കിട്ടു. നന്ദേട്ടാ എന്നെ വിട്, വിട് നന്ദേട്ടാ. അയാള്ടെ കരവലയത്തിൽ അവൾ കിടന്നു പിടഞ്ഞു. നന്ദേട്ടാ…….കുപ്പിവളകൾ പൊട്ടിച്ചിതറി . രക്തം ഒഴുകുന്ന അവള്ടെ കയ്യിലേക്കവൻ സങ്കടത്തോടെ നോക്കി. സോറി അച്ചൂ….. അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചവന്റെ അരികിൽ നിന്നെഴുന്നേറ്റ് പോയി. നന്ദന് കുറ്റബോധം തോന്നി. അവൻ വേഗം കുളിച്ച് റെഡിയായി അടുക്കളയിലേയ്ക്ക് വന്നു. അവൾ അവിടെ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കയ്യിൽ ഒരു വെളുത്ത കെട്ടും അവള്ടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് തിരിഞ്ഞു നടന്നു . അതുകണ്ടിട്ടാവണം അവൾ വേഗം ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്നു മേശപ്പുറത്തു വെച്ചു . അച്ചൂ….. കുറെ നാളായി വിചാരിക്കുന്നു. നമ്മുക്കൊരു സിനിമയ്ക്ക് പോയാലോ. അവൾ ഒന്നും മിണ്ടിയില്ല. കഴിക്കാൻ എടുത്തു വെച്ച് അവൾ അടുക്കളയിലേയ്ക്ക് പോയി. ആഹാ എന്റെ അച്ചു ഉണ്ടാക്കുന്ന ഭക്ഷണത്തിനൊക്കെ എന്ത് രുചിയാ. അതും പറഞ്ഞു അവളെ ഒന്ന് കൂടി ശ്രദ്ധിച്ചു. ഓ നടക്കില്ല എന്റച്ചുന്റെ മുഖം കടന്നൽ കുത്തിയതുപോലെതന്നെ ഒരു മാറ്റവും ഇല്ല. ഭക്ഷണം പാതി കഴിച്ചയാൾ എഴുന്നേറ്റു കയ്യ് കഴുകി. അച്ചൂ ഞാൻ പോകുന്നു. മിണ്ടാതെ മുഖം തിരിഞ്ഞു നിൽക്കുന്ന അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു പറഞ്ഞു. സോറി അച്ചൂ….. വേണ്ട എന്റെ ഏട്ടൻ സോറി പറയരുത്. അപ്പൊ പിണക്കം ഇലല്ലേ. ശരി അച്ചൂ സമയായി. ഞാൻ നേരത്തെ വരാം റെഡിയായി ഇരിക്ക്. നമ്മുക്കിന്നൊരു സിനിമയ്ക്ക് പോവാം നീ ഒരുപാട് നാളായിട്ട് പറയുന്നതല്ലേ. വൈകിട്ടത്തേയ്ക്ക് ഒന്നും ഉണ്ടാക്കണ്ട പുറത്തുനിന്ന് കഴിക്കാം. കേട്ടോടി വായാടി. അവള്ടെ മുടിയിൽ തഴുകി ചുണ്ടിൽ ഒരു ഉമ്മയും കൊടുത്തു നന്ദൻ തിരിഞ്ഞു നടന്നു. നന്ദനെ യാത്രയാക്കി അവൾ ഡൈനിങ് ടേബിളിനരികിൽ നന്ദേട്ടൻ ഇരുന്ന കസേരയിൽ വന്നിരുന്നു. അയാൾ കഴിച്ചിട്ട് ബാക്കി വെച്ച ഭക്ഷണം മുഴുവൻ അവൾ കഴിച്ചു. അതങ്ങനെയാണ്. അവൾക്ക് നന്ദേട്ടൻ കഴിച്ചതിന്റെ ബാക്കി തന്നെ വേണം. കല്യാണം കഴിഞ്ഞീവീട്ടിൽ വന്നപ്പോൾ മുതൽ അവളിൽ ഈ സ്വഭാവം കണ്ട് നന്ദൻ കുറെ ശാസിച്ചു. ആരു കേൾക്കാൻ. പിന്നീടങ്ങോട്ട് നന്ദൻ ഒന്നും പറഞ്ഞില്ല. അവൾക്കിഷ്ടമുള്ളത് ചെയ്യട്ടെന്നു കരുതി. പിന്നീടുള്ള ദിവസങ്ങളിൽ അവൾക്കായി ഒരു വിഹിതം മാറ്റിവെച്ചു. അതവൾ സന്തോഷത്തോടെ കഴിക്കുന്നത് നോക്കി നിൽക്കാൻ തന്നെ രസമാണ്. പ്ളേറ്റുകൾ എല്ലാം കഴുകിവെച്ചു ഉച്ചയ്കതേയ്ക്കുള്ള ഭക്ഷണവും ഉണ്ടാക്കിവെച്ചു പുറത്തേയ്ക്കിറങ്ങി. പാവം ചെടികൾ ഒക്കെ വാടികരിഞ്ഞു. കുറച്ചു നേരം ചെടികളോട് കിന്നാരം ചൊല്ലി, വാതിൽപ്പടിയിൽ ഇരുന്നു. ചെറുതായ് ഒരു നീറ്റൽ. മുറിവിലേയ്ക്ക് നോക്കിയപ്പോൾ അവൾക്ക് തെല്ലു നാണം വന്നു നുണക്കുഴി കവിളിൽ പുഞ്ചിരി തെളിഞ്ഞു. തന്നെ നന്ദൻ ബലമായി കീഴ്പെടുത്തുമ്പോൾ അത് നന്നായി ആസ്വദിക്കാറുണ്ട്. അവൾ ഓർത്തു. ഓരോന്നാലോചിച്ചങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല. ഉച്ചവെയിൽ മങ്ങിയപ്പോഴാണ് സ്വപ്നങ്ങളിൽ നിന്നും ഉണർന്നത്. വേഗം കുളിച്ചു റെഡിയായി ഉമ്മറത്ത് വന്നിരുന്നു നന്ദന്റെ വരവും കാത്ത്. സമയം ഒരുപാടുണ്ട്. എന്നാലും വരുമ്പോ പിണങ്ങിയതുപോലെ ഇരിക്കണം വൈകിയെന്നു പറഞ്ഞു . കാത്തിരുന്നു മുഷിഞ്ഞപ്പോൾ ഫോണെടുത്തു വിളിക്കാന്നു കരുതി. നന്ദന്റെ നമ്പറിൽ വിരലമർത്തി. രണ്ടുമൂന്നു വട്ടം വിളിച്ചുകഴിഞ്ഞപ്പോൾ അങ്ങേത്തലയ്ക്കൽ നിന്നും, ഹലോ….. നന്ദേട്ടാ എന്താ ഫോണെടുക്കാൻ ഇത്ര താമസം. എത്ര വട്ടം ഞാൻ വിളിച്ചു. അച്ചൂ നീ ഫോൺ വെയ്ക്ക് . ഇവിടെ ഒരുപാട് ജോലിയുണ്ട് . നന്ദേട്ടാ നന്ദേട്ടാ ഫോൺ വയ്ക്കല്ലേ….. എന്താ പെണ്ണെ. നന്ദേട്ടൻ വേഗം വരില്ലേ ഞാൻ റെഡിയായിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. അല്ലച്ചു നീ എവിടെ പോകുന്നു. നന്ദേട്ടൻ എന്താ ഒന്നും അറിയാത്തപോലെ. വേഗം വാ നന്ദേട്ടാ സിനിമയ്ക്ക് പോവണ്ടേ . സിനിമയ്‌ക്കോ നിനക്കെന്താ പെണ്ണെ വട്ടായോ. നന്ദേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടേ. നീ ഫോൺ വയ്ക്ക് അച്ചു. അരിശത്തോടെ അവൾ കാൾ കട്ട് ചെയ്തു. ഉടുത്തിരുന്ന സാരി മാറ്റി കട്ടിലിലേക്ക് കമഴ്ന്നു കിടന്നു കരഞ്ഞു. ശോ അച്ചൂന് വിഷമം ആയിക്കാണും. അവളെ ഒന്ന് പറ്റിക്കാൻ ചെയ്തതാ. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. വേഗം ചെല്ലണം. ഇല്ലെങ്കിൽ അവളെന്നെ ശരിയാക്കും. ദേഷ്യം കേറിയാൽ എന്റെ പെണ്ണ് വേറെ ലെവലാ . എന്നാലും പാവമാ . ഒരു പൊട്ടിപ്പെണ്ണ്. ഓഫീസിൽ ഫയലുകൾ എല്ലാം മടക്കിവെച്ചു ബൈക്കിന്റെ ചാവിയുമെടുത്തു പുറത്തേയ്ക്ക് നടന്നു . നന്ദൻ പോവാണോ. അതെ ശരത്. വീട്ടിലേയ്ക്ക് ചെല്ലേണ്ട ഒരത്യാവശ്യം ഉണ്ട്. ഇനിയിപ്പോ സമയം നാലായില്ലേ.കുറച്ചു സമയം കൂടിയല്ലേ ഉള്ളു. നീ തന്നെ മാനേജ് ചെയ്യ്. ശരിഡാ നാളെ കാണാം. വീട്ടിലെത്തി കാളിങ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു. അൽപ്പം കഴിഞ്ഞപ്പോൾ അവൾ വന്നു വാതിൽ തുറന്നു തന്നേച്ചു കട്ടിലിൽ പോയി കിടന്നു. അച്ചൂ എനിക്ക് നല്ലോണം വിശക്കുന്നു. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റു മേശപ്പുറത്തു കഴിക്കാൻ ഉള്ളത് എടുത്തു വെച്ചു. നന്ദൻ കയ്യ് കഴുകി ഇരുന്നു. അച്ചൂ നീയെന്തേലും കഴിച്ചോ. വാ ഇവിടെ ഇരിക്ക്. അയാൾ കസേര നീക്കിയിട്ടു കൊടുത്തു. ഒന്നും മിണ്ടാതെ അവൾ അവിടെയിരുന്നു. വാ തുറക്ക്. എന്റെ പൊന്നിന് ഏട്ടൻ വാരിത്തരാം. എനിക്ക് വേണ്ട. അത് പറ്റില്ല. നിന്റെ നന്ദേട്ടൻ അല്ലെ. ഹും അവൾ അരിശത്തോടെ അവനെ നോക്കി. അയ്യോ നോക്കിപ്പേടിപ്പിക്കല്ലേ പൊന്നേ. ഈ ഒരൊറ്റവട്ടം പ്ലീസ്. അവൻ ഒരുരുള ചോറ് അവള്ടെ വായ്ക്ക് നേരെ കൊണ്ടുവന്നു. അവൾ വാ തുറന്ന് ചോറിനോടൊപ്പം അവന്റെ കയ്യ്വിരലിന്മേലും മെല്ലെ ഒരു കടി കടിച്ചു. ആ…. പെട്ടന്നവൻ കയ്യ് പിന്നിലേയ്ക്ക് വലിച്ച് ഹ്മ്മ്…….എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന മട്ടിൽ അവൾ ഇരുന്നു. രണ്ടുപേരും കൂടി ഭക്ഷണം മുഴുവൻ കഴിച്ചു കയ്യ് കഴുകി എഴുന്നേറ്റു. വേഗം റെഡിയാവ്. സമയമില്ല. എവിടെ പോകാൻ. അവൾ ചോദിച്ചു. സിനിമയ്ക്ക് പോവണ്ടേ. വേണ്ട. അങ്ങനെ പറയല്ലേ പൊന്നേ. ചെല്ല് റെഡിയാവ്. അയ്യടാ കൊഞ്ചാൻ വന്നേയ്ക്കുന്നു. അങ്ങോട്ട്‌ മാറിനിൽക്ക് മനുഷ്യാ. അവൾ അവനെ ഒരു കയ്യ് കൊണ്ട് മാറ്റിനിർത്തി മുറിയിലേയ്ക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ അവൾ ഒരുങ്ങിവന്നു. ഒരു ഓറഞ്ചുകളർ സാരിയാണവൾ ഉടുത്തിരുന്നത്. നന്ദേട്ടാ ഈ സാരിയെങ്ങനെയുണ്ട്. സൂപ്പർ. നീ സുന്ദരി അല്ലേടി. മം അല്ലേലും ഞാൻ സുന്ദരിയാ. നിങ്ങള് പറയാതെനിക്കറിയാം. നന്ദേട്ടൻ അവിടെ എന്തുചെയ്യുവ. ഫോണിൽ കുത്തികൊണ്ടിരുന്ന നന്ദനോടവൾ ചോദിച്ചു. ഏയ് ഞാൻ വെറുതെ ഫേസ്ബുക്കിൽ…….. ഹ്മ്മ് നിങ്ങള്ടെ ഒരു ഫേസ്ബുക്. വരുന്നുണ്ടോ മനുഷ്യ ഞാൻ റെഡിയായി. വരുന്നു പെണ്ണെ. ദേ ഇന്ന് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ഉണ്ടല്ലോ…… ഹോ ഭീഷണി തുടങ്ങി ഇനി നിന്നാൽ ശരിയാവില്ല. അവൻ വേഗം ഫോൺ ഷർട്ടിന്റെ പോക്കറ്റിലിട്ട് പുറത്തേയ്ക്കിറങ്ങി……………………………………………… തിയറ്ററിൽ എത്തിയപ്പോൾ സിനിമ തുടങ്ങിയിരുന്നു. അശ്വതിയുടെ മുഖം ദേഷ്യത്താൽ ചുവന്നു. ഭാഗ്യം ടിക്കറ്റ് കിട്ടി. ഇല്ലെങ്കിൽ ഇന്നവളെന്നെ കൊന്നേനെ. നന്ദന്റെ നെഞ്ചിലേയ്ക്ക് തലചേർത്തുവെച്ചു അവൾ ഇരുന്നു. തമിഴ് മൂവിയാണ്. സിനിമ കണ്ടിറങ്ങിയപ്പോഴേയ്ക്കും നേരം ഒരുപാട് വൈകി. അച്ചൂ എഴുന്നേൽക്ക്… ഡീ എഴുന്നേൽക്കാൻ. ഓ ഈ പെണ്ണ്. ആളുകൾ ഒക്കെ നോക്കുന്നു. ഡീ, എന്താ നന്ദേട്ടാ ഡീ സിനിമ തീർന്നു. വാ. അവൻ അവള്ടെ കൈയ്ക്ക് പിടിച്ചു പുറത്തേയ്ക്കിറങ്ങി. നന്ദേട്ടാ തണുക്കുന്നു. പിന്നെ തണുപ്പ്. വാ കേറു. അവൾ അവന്റെ പിന്നിലായി ഇരുന്നു. ആ തിരക്ക് കുറഞ്ഞ വീഥിയിലൂടെ ഇരുചക്ര വാഹനം മെല്ലെ നീങ്ങി. ഒരു തട്ടുകടയുടെ മുന്നിലായി വണ്ടി നിർത്തി. ഇറങ്. അവൻ പറഞ്ഞു. ചേട്ടോ ഇവിടെ കഴിക്കാൻ എന്താണെന്ന് വെച്ചാൽ എടുത്തു കൊടുക്ക്. അല്ലെങ്കിൽ ഇവളീ കടയെടുത്തു വിഴുങ്ങും. ഛെ മിണ്ടാതിരിക്ക് മനുഷ്യാ. ഡീ നീ നാണിക്കണ്ട. ഇത് നമ്മുടെ സ്വന്തം കടയാ. അല്ലാ രണ്ടുപേരും കൂടി എവിടെ പോയി. ഒന്നും പറയണ്ട ചേട്ടാ. കുറെ നാളോടുകൂടി എന്റെ ഭാര്യേനെ ഒരു സിനിമയ്ക്ക് കൊണ്ടുപോയതാ. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം പുള്ളിക്കാരി അവിടിരുന്നു നല്ല ഒരുറക്കം ഉറങ്ങി. ഈ മനുഷ്യൻ.. അവൾ അവന്റെ മുഖത്തേയ്ക്ക് അരിശത്തോടെ നോക്കി. ചമ്മൽ മാറ്റാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ സൂത്രത്തിൽ നന്ദന്റെ തുടയിൽ ഒരു നുള്ളും കൊടുത്തു. അവൻ വേദന കൊണ്ട് ഇരുന്നയിരുപ്പില് ചാടിപോയി. വീട്ടിൽ വാ കേട്ടോ വെച്ചിട്ടുണ്ട് ഞാൻ… അവൾ മുറുമുറുത്തു. അപ്പോഴേക്കും കൃഷ്ണേട്ടൻ മൂന്നുദോശയും ചമ്മന്തിയും ഒരു ഗ്ലാസ്‌ ചായയും മേശപ്പുറത്തു വെച്ചു. മോനെന്താ കഴിക്കാൻ വേണ്ടേ. എനിക്കും ഇത് തന്നെ മതി കൃഷ്ണേട്ടാ. നന്ദേട്ടാ…….. മം എന്താ . എനിക്ക് മതി. മുഴുവൻ കഴിച്ചില്ലല്ലോ നീ. വയറു നിറഞ്ഞു നന്ദേട്ടാ. പ്ലീസ്….. ഓ ഈ പെണ്ണ്. ഒരു വക കഴിക്കില്ല. കണ്ടില്ലേ കോലം. അരിശത്തോടെ അവൻ അവള്ടെ പ്ളേറ്റിൽ ഇരുന്ന ദോശ മുഴുവൻ കഴിച്ചു തീർത്തു. വാ എഴുന്നേൽക്ക്. രണ്ടുപേരും കയ്യ് കഴുകി പൈസയും കൊടുത്തു പുറത്തിറങ്ങി. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോൾ. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. വാ കേറു. അവൾ അവനോട് ചേർന്നിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ വീടിനു മുന്നിലെത്തി, ഓ നിന്റെ ധൃതി കാരണം ലൈറ്റും ഇടാൻ മറന്നു. മം ധൃതി. ഞാൻ ധൃതി വെച്ചത് കൊണ്ട് ടിക്കറ്റ് കിട്ടി. മം ചെല്ല് വാതിൽ തുറക്ക്. ബൈക്കിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ അവൾ വാതിൽ തുറന്നു. മുറിയ്ക്കകത്തു കയറി ലൈറ്റ് ഇട്ടു. ബാത്‌റൂമിൽ ചെന്നു കയ്യും മുഖവും കഴുകി, കുടിക്കാനുള്ള വെള്ളം ഒരു ജഗ്ഗിൽ എടുത്തു മേശപ്പുറത്തു വെച്ചു. നീ വന്നു കിടക്ക് പെണ്ണെ. അയ്യടാ എന്റെ മോൻ കിടന്നുറങ്ങാൻ നോക്ക്. ലൈറ്റ് ഓഫ്‌ ചെയ്തു അവൾ കിടന്നു. ബെഡ്ലാമ്പ് വെളിച്ചം മുറിയിൽ നിറഞ്ഞുനിന്നു. നന്ദേട്ടൻ എന്താ ഫോണിൽ നോക്കുന്നെ. ഒന്നുല്ലെടി. ആഹ്…. എന്താ.. കയ്യ് വേദനിക്കുന്നു. നോക്കട്ടെ. അയ്യടാ അങ്ങോട്ട്‌ മാറിക്കെ. അവൾ അവനെ തള്ളിമാറ്റി. ശേ ഇതെന്തു പെണ്ണാ. അവൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തലയിണയും കെട്ടിപിടിച്ചു കിടന്നു. ഉറക്കം കണ്ണുകളിൽ തേടിയെത്തി. മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു. കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും വാശിയുമായ് നന്ദനും അശ്വതിയും വീണ്ടും അവരുടെ കുഞ്ഞു ലോകത്തേയ്ക്ക്……….ഞാൻ എന്റെ ലോകത്തേക്കും…