രചന: Dil Bin Abu
സമയം ഉച്ച സ്ഥാനിയിൽ എത്തി . വയറിനകത്തൊരു കാളൽ ഉണ്ടോ എന്നൊരു സംശയം , അങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് വയറിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി . രാവിലെ പത്തുമണിക്കാണ് എഴുന്നേറ്റതെങ്കിലും പിന്നെ പ്രാതലിന് ശേഷം മൊബൈലും പിടിച്ചു ഒരേ കിടപ്പായിരുന്നുവെങ്കിലും വിശപ്പിന് ഭക്ഷണമാണെല്ലോ മരുന്ന് എന്ന് കരുതി നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു.അവിടെ ഉമ്മയും കെട്oട്യോളും നരകിക്കുകയാണ് , ഈ lockdown അവരെ ബാധിച്ചിട്ടേ ഇല്ല എന്ന് തോന്നുന്നു. വീടിനുള്ളിലും അവർ നരകിക്കുകയാണ് എന്ന് ഇന്നാണ് എനിക്കാദ്യമായ് തോന്നിയത് . എന്നിട്ടും ഞാൻ അവരെ സഹായിക്കാൻ നിന്നില്ല . കാരണം , ഗ്രൂപ് വീഡിയോ കോളുമായി എന്നെ എന്റെ വർഗ്ഗത്തിൽ പെട്ട ഒരു സംഘം കാത്തിരിക്കുന്നുണ്ടായിരുന്നു .
“ഉമ്മാ ചോർ ” എന്ന് പറഞ്ഞായിരുന്നു ഞാൻ അടുക്കളയിൽ കയറിയത് . ഉമ്മാടെ നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയപ്പോൾ കെട്ടിയോളെ സോപ്പിട്ട് ചോർ വിളമ്പാൻ പറഞ്ഞു . “അങ്ങട് വിളമ്പി തിന്നടാ ” എന്ന ഉമ്മയുടെ അലർച്ചയിൽ എന്റെ സോപ്പ് അലിഞ്ഞുപോയി . ഒരു പ്ലേറ്റ് എടുത്ത് ചോർ എന്റെ പാത്രത്തിലേക്ക് ഇടുമ്പോൾ താഴേക്ക് ചാടി രണ്ട് വറ്റുകൾ ആത്മാഹത്യ ചെയ്തു . അല്ലെങ്കിലും അവര് പ്ലേറ്റിലേക്ക് തന്നെ വീണിരുന്നെങ്കിലും ഞാൻ അവരെ കൊല്ലുമായിരുന്നല്ലോ . ചോർ വിളമ്പി തിരിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു ഇവനിപ്പോഴും ഒന്നും മര്യാദക്ക് ചെയ്യാൻ അറിയില്ലെന്ന് . അപ്പോൾ എന്റെ ഭാര്യയുടെ മുഖത്തൊരു കള്ളച്ചിരി. ഇനിയെങ്ങാനും അതിനും….അതിനും….അല്ലെങ്കിൽ വേണ്ട, അതിനെക്കുറിച്ചൊന്നും ഇപ്പൊ ആലോചിക്കാതിരിക്കുന്നതാ നല്ലത് , വെറുതെ ഒരു പണിയും ഇല്ലാതിരിക്കുന്നതല്ലേ…
ഞാൻ ചോർ വിളമ്പിയിടത്തു വറ്റുകളുടെ ഒരു കൂട്ട ആത്മാഹുതി , അതിന് എന്റെ ഉമ്മയിട്ട പേര് അശ്രദ്ധ, എന്താല്ലേ. ആ ചോർ തിന്നാനുള്ള ഒരു മൂഡ് പോയി , പക്ഷെ അത് തീറ്റയുടെ കാര്യത്തിൽ പ്രതിഫലിച്ചില്ല. ഞാൻ ചോർ തിന്നുന്നതും നോക്കി ഒരു പൂച്ച എന്റെയടുത്തു വന്നിരുന്നു , പാവം അതിന് വിശക്കുന്നുണ്ടാവും . അപ്പോഴും അകത്തു നരകിക്കുന്ന രണ്ടാത്മാക്കളുടെ വിശപ്പിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല . എന്റെ വീടിനെ വീടാക്കി നിറുത്തുന്നവരുടെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ ചോദിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങളെ മാനിക്കുന്ന ഒരുപാട് സുമനസ്സുകളെ ഞാൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തു , അതെന്റെ ഹൃദയനന്മയായി ഞാൻ സ്വയം സംതൃപ്തി അടഞ്ഞു. എനിക്ക് ആ സുമനസ്സുകളെ പോലെ ഒന്നും ചെയ്യാൻ കഴിയാത്തത് lockdown ആയത് കൊണ്ടാണെന്ന് ഞാൻ ആശ്വസിച്ചു , അതിന് മുൻപ് ഞാൻ ആരെയൊക്കെ സഹായിച്ചിരുന്നു എന്ന ചോദ്യം സൗകര്യപൂർവം വിസ്മരിച്ചു കൊണ്ട് . അടുക്കളയിൽ കണ്ട ആ രണ്ട് സ്ത്രീജനങ്ങൾ കഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും കൂടിയാണെന്നുള്ള നന്മ കാണാനുള്ള ഹൃദയവിശാലതയും എനിക്കുണ്ടായില്ല . .അവർ ഏതോ സന്നദ്ധ പ്രവർത്തകരെ ഏൽപ്പിച്ച രണ്ടു പൊതി ചോറിനെ കുറിച് ഞാൻ അറിഞ്ഞതേ ഇല്ല…
എന്റെ ഭക്ഷണശേഷം എന്റെ എച്ചിലിനായി കാത്തിരുന്ന പൂച്ചയുടെ സ്വാതന്ത്ര്യത്തെ കുറിച് ഞാൻ ഓർത്തുപോയി . ഏപ്രിൽ പതിനാലിന് ഞങ്ങൾ പുറത്തിറങ്ങമ്പോൾ ഞങ്ങളെ സ്വീകരിക്കാൻ വഴി നീളെ തോരണങ്ങൾ കെട്ടണം എന്നെനിക്ക് അതിനോട് പറയാൻ തോന്നി, ഞങ്ങൾക്ക് ഒരു കാര്യവും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പായാനുള്ളതാണ് . അതുവരെ പിടിച്ചു നിറുത്തിയ സമൂഹവ്യാപനത്തെ കൊറോണക്ക് ഉത്തരവാദിത്തം ഏൽപ്പിച്ചു കൊടുക്കാനുള്ളതാണ് . വീട്ടിൽ അനിശ്ചിത കാലത്തേക്ക് lockdown ൽ അടച്ചവർക്കും കൊറോണാനുഭൂതികൾ നൽകാനുള്ളതാണ്…..