ദേവിക – എഴുത്ത് – ആൻ . എസ്
“വഴിപാടും പ്രാർത്ഥനയുമായി കാത്തിരുന്ന ആളിങ്ങ് എത്തിയല്ലോ…? കാര്യമായ ചിലവ് തന്നെ ഉണ്ട് ട്ടോ ടീച്ചറെ…”
ഡോക്ടറുടെ വാക്കുകൾ കേട്ടതും വലിഞ്ഞുമുറുകി ഇരുന്നിരുന്ന ഹരിയേട്ടനിൽ നിന്നും ഉയർന്ന ആശ്വാസത്തിന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്കും എത്തിയിരുന്നു. എന്റെ കണ്ണിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവക്ക് തടയിടാൻ എന്നോണം ഹരിയേട്ടന്റെ കൈകൾ എന്റെ കൈകളെ മുറുകെ പൊതിഞ്ഞു പിടിച്ചിരുന്നു.
“കരഞ്ഞു മതിയായില്ലേ ടോ തനിക്ക് ? ഇനിയെങ്കിലും കുത്തുവാക്കുകൾ കൊണ്ട് തളർത്തിയവരുടെയും പരിഹാസച്ചിരിയോടെ നോവിച്ചവരുടെയും മുന്നിൽ തലയുയർത്തി നിൽക്ക് എന്റെ രേണു…”
ഒരു വിജയിയുടെ ഭാവാദികളോടെ നട്ടെല്ല് നിവർത്തി ഹരിയേട്ടൻ എഴുന്നേറ്റു നിന്നത് പറയുമ്പോഴും ഒരു കുഴപ്പവുമില്ലാതെ എന്റെ കുഞ്ഞിനെ ഞങ്ങളുടെ കയ്യിലേക്ക് എത്തിച്ച് തന്നേക്കണേ ദൈവങ്ങളെ എന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളൂ.
നീണ്ട ആറു വർഷത്തെ പ്രാർത്ഥനയും വഴിപാടും ആയുള്ള കാത്തിരിപ്പ്. ഓരോ മാസങ്ങളിലും ശരീരത്തിൽ ചുവപ്പ് രാശി പടരുമ്പോൾ ദുഃഖവും നിരാശയും നിസ്സഹായതയും കൂട്ടിന് എത്തുമ്പോൾ പരിഭവങ്ങളില്ലാതെ നെഞ്ചോട് ചേർത്ത് പിടിച്ചത് ഹരിയേട്ടൻ ആയിരുന്നു.
“മച്ചിയായവളെ ചുമക്കേണ്ട ഗതികേട് നിനക്ക് ഉണ്ടോ ടാ” എന്ന് അമ്മയും മുത്തശ്ശിയും സഹോദരങ്ങളും ഒക്കെ ചോദിച്ചിട്ടും ഒരു കണിക പോലും ഇഷ്ടക്കേട് കാണിച്ചിട്ടില്ല എന്നോട് ഈ നിമിഷം വരെ.
പലപ്പോഴായി ഇല്ലാത്ത വഴക്കുണ്ടാക്കിയെടുത്ത് എല്ലാം ഇട്ടിട്ടു പോകാൻ നോക്കിയ എന്റെ കാലിൽ വീണു “ഓരോരുത്തര് പറയുന്ന വിവരക്കേടിന് ഓരോ കാരണം ഉണ്ടാക്കി എന്നെ തനിച്ചാക്കി പോകല്ലേ രേണു” എന്ന് പറഞ്ഞു നെഞ്ചോട് ചേർത്തിട്ടേ ഉള്ളൂ. ഈ ജന്മത്തിൽ തീർത്താൽ തീരാത്ത നന്ദിയും സ്നേഹവും ഉണ്ട് ആ മനുഷ്യനോട് എനിക്ക്.
ഓജസ്സും തേജസ്സും ഉള്ള ഒരു കുഞ്ഞിനെ ആ കയ്യിലേക്ക് വെച്ച് കൊടുത്തിട്ട് എന്റെ ജീവൻ എടുത്താലും പരാതിയില്ലെന്ന് എത്രയോ തവണ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ദേവിയുടെ നടയിൽ…എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് ഒരു കുഞ്ഞിനെ നൽകാൻ ദേവി എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
അധ്യാപികയായ ഞാൻ സ്കൂളിൽ നീണ്ട അവധിയെടുത്തു ആരോഗ്യം സൂക്ഷിച്ചു, ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ടും നൃത്തങ്ങൾ ആസ്വദിച്ചും നല്ലത് മാത്രം വായിച്ചും അമ്പലങ്ങൾ കയറിയിറങ്ങിയും വിഷമില്ലാത്ത ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിച്ചും സ്വസ്ഥമായി ഒരു തപസ്യ എന്ന പോലെ ആത്മാവ് അർപ്പിച്ച് ഗർഭകാലം കഴിച്ചുകൂട്ടി.
മുപ്പത്തിരണ്ടാമത്തെ വയസ്സിലെ പ്രസവം. അതും പല പല ആരോഗ്യപ്രശ്നങ്ങളും…ചിലപ്പോൾ എന്റെ കുഞ്ഞ് ഭൂമുഖത്തു എത്തുമ്പോൾ ഞാൻ ഇല്ലാതെ പോയാലോ…?
അതിൽ എനിക്ക് പരിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും എന്റെ കുഞ്ഞിനോട് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു തീർത്തു കൊണ്ടേയിരുന്നു. ഒരായുസ്സ് മുഴുവൻ ഒരുകുഞ്ഞ് കേൾക്കേണ്ട വർത്തമാനങ്ങളും കൊഞ്ചലും ഇക്കാലം കൊണ്ട് ഞാൻ എന്റെ വയറ്റിൽ ഒട്ടിക്കിടക്കുന്ന ജീവനോട് പറഞ്ഞു തീർത്തിട്ടുണ്ട്.
ദേഹത്തെ നീരും, ഇടയ്ക്കിടെയുള്ള മസില് കയറ്റവും, കാലിന്റെ കഴപ്പും, ചൊറിച്ചിലും ഒക്കെയായി ഗർഭകാല വേദനകൾ ദിനംപ്രതി കൂടി വന്നെങ്കിലും ഒരു അമ്മയാകുക എന്ന സ്വപ്ന സാഫല്യത്തിന്റെ ലഹരിയിൽ മറ്റെല്ലാ വേദനയും മറന്നു പോയിരുന്നു എന്നതാവും സത്യം.
കാത്തിരിപ്പിനൊടുവിൽ എണ്ണമറിയാത്തത്ര അസ്ഥികൾ ഒരുമിച്ച് നുറുങ്ങുന്നത്ര വേദന തന്ന് എന്നെ കീറിമുറിച്ച് എന്റെ കുഞ്ഞ് ഒരു കരച്ചിൽ പോലുമില്ലാതെ പുറം ലോകത്തെത്തിയതും സ്വർഗം വെട്ടിപ്പിടിച്ചവരെ പോലെ നിലത്ത് ഒന്നുമായിരുന്നില്ല ഞാനും ഹരിയേട്ടനും.
വെള്ളത്തുണിയിൽ പൊതിഞ്ഞു പിടിച്ചൊരു തങ്കക്കുടം…ദേവിയുടെ വരദാനം ആയതിനാൽ ദേവിക എന്ന് തന്നെയായിരുന്നു അവൾക്കായി ഞങ്ങൾ കരുതി വച്ചിരുന്ന പേര്.
കുഞ്ഞിനെ കുളിപ്പിച്ച്, കരിമഷി കൊണ്ട് കണ്ണും പുരികവും എഴുതി പൊട്ടുതൊട്ട്, പൗഡർ ഇടുവിച്ച്, പാലൂട്ടുന്നതിനിടയിൽ ഹരിയേട്ടനെയും വീടിനെയും ഈ ലോകത്തെ തന്നെയും മറന്നു തുടങ്ങിയിരുന്നു ഞാൻ.
കാൽ അനങ്ങുന്നുണ്ടോ കൈ വളരുന്നുണ്ടോ എന്നും നോക്കി എന്നെക്കാളും ശ്രദ്ധയോടെ ഹരിയേട്ടനും ഉണ്ടായിരുന്നു എന്റെ നിഴലുപോലെ….ഓഫീസും വായനശാലയും ഒക്കെ ആളും മറന്നു തുടങ്ങിയിരുന്നു.
ഹരിയേട്ടന്റെ എന്നോടുള്ള സ്നേഹം ഒരു ഭാര്യയിൽ നിന്നും തന്റെ കുഞ്ഞിന്റെ അമ്മയോടുള്ള ബഹുമാനം ആയി മാറുന്നതും ഞാൻ അറിഞ്ഞു. ഹരിയേട്ടന്റെ അമ്മയും എന്റെ വീട്ടുകാരും ഒക്കെ സമ്മാനങ്ങളും, അനുഗ്രഹങ്ങളും, ഉപദേശങ്ങളുമായി ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു.
ഞങ്ങളുടെ ലോകം ദേവൂട്ടിയുടെ കുഞ്ഞു ചിരിയിലേക്ക് മാത്രം ഒതുങ്ങിയത് പോലെയായിരുന്നു. ദേവൂട്ടി കമിഴ്ന്ന് കിടക്കാനും നടക്കാനും സംസാരിക്കാനും ഒക്കെ സാധാരണ കുട്ടികളെക്കാളും കാലതാമസം വന്നു.
ഒന്നര വയസ്സ് കഴിഞ്ഞു തുടങ്ങിയതും കുഞ്ഞിന് ദൃഷ്ടി ഉറക്കുന്നതിനും ഒരിടത്ത് ഇരിപ്പു ഉറക്കാത്ത പോലെ കൈകളിട്ടടിച്ചുള്ള ഓട്ടപാച്ചിലുകൾ കൂടി വന്നതും “നമുക്ക് ദേവുനെയൊന്നു ഡോക്ടറെ കാണിച്ചാലോ രേണു” എന്ന് ചോദിച്ച ഹരിയേട്ടനോട് ദേഷ്യപ്പെട്ടത് ഞാനായിരുന്നു.
പക്ഷേ പിന്നീടങ്ങോട്ട് സംസാരിക്കുന്നതിനും കാര്യങ്ങൾ ഗ്രഹിച്ച് എടുക്കുന്നതിനും ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ വിമുഖത കാണിക്കുന്നതും ഒരേ കളിപ്പാട്ടം വെച്ച് മണിക്കൂറുകളോളം ഒരേ കളി തന്നെ കളിച്ചു കൊണ്ടിരിക്കുന്നതും ഒക്കെ ആയി എന്റെ ദേവൂട്ടി ജീവിതത്തോട് തോറ്റു തുടങ്ങിയപ്പോൾ ഡോക്ടർമാരുടെ വായിൽനിന്നും കേൾക്കാൻ ഭയപ്പെട്ടിരുന്ന ആ വലിയ സത്യം പുറത്തുവന്നു.
എന്റെ പ്രാർത്ഥനാ നിവേദ്യങ്ങൾക്ക് സമ്മാനമായി ദേവി എനിക്ക് മകളായി തന്നിരിക്കുന്നത് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രസാദം തന്നെയാണ്. ഓട്ടിസം ബാധിച്ച ഒരു കുഞ്ഞാണ് എൻറെ ദേവൂട്ടി…ഞാൻ ഒരു സ്പെഷ്യൽ ചൈൽഡിന്റെ അമ്മയാണ്.
അധ്യാപന ജീവിതത്തിനിടയിൽ സ്കൂളിലെ കുരുത്തംകെട്ട കുഞ്ഞുങ്ങളെ നേർവഴിക്ക് ആക്കാൻ എന്റെ ക്ലാസിലേക്ക് ആക്കുകയായിരുന്നു ചെയ്യാറ്. തിരുനടയിൽ കരഞ്ഞു പ്രാർത്ഥിച്ച ദേവിയും അതുതന്നെ ചെയ്തിരിക്കുന്നു. ഒത്തിരി സംയമനത്തോടെയും കരുതലോടെയും ക്ഷമയോടെയും സംരക്ഷിക്കേണ്ട ഒരു പൂമൊട്ടാണ് എന്റെ കയ്യിൽ എത്തിയിരിക്കുന്നത്.
പാവം ഹരിയേട്ടൻ…ഒന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല പാവത്തിന്. അന്നാദ്യമായി ഹരിയേട്ടൻ തളർന്ന് തോറ്റുപോയവനെപ്പോലെ കരയുന്നത് ഞാൻ കണ്ടു. എന്നും തളർന്നു നിൽക്കാറുള്ള എന്നിലേക്ക് വല്ലാത്തൊരു ശക്തി വന്നു നിറയുന്നത് ഞാൻ അറിഞ്ഞു.
ഞാനൊരു അമ്മയാണ്. എന്റെ ദേവൂട്ടിയുടെ അമ്മ….അമ്മയോളം ശക്തി ഒരു ദേവിക്കും ഇല്ലെന്ന് കേട്ടിട്ടുണ്ട്. അവൾക്ക് വേണ്ടി പൊരുതേണ്ട ഞാൻ തളർന്നു പോയാൽ നിസ്സഹായയായ എന്റെ കുഞ്ഞിനെ ആര് സംരക്ഷിക്കും. എന്റെ കുഞ്ഞിനെ ഒരു വിധിക്കും വിട്ടുകൊടുക്കില്ലെന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു.
വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും എന്റെയോ ഹരിയേട്ടന്റെയോ തലമുറയിൽ എവിടെയെങ്കിലും മന്ദബുദ്ധികൾ ആയി ആരെങ്കിലും ഉണ്ടോ എന്ന് കണക്കെടുക്കുന്ന തിരക്കിലായിരുന്നു. ഹരിയേട്ടന്റെ അമ്മ പിന്നീട് ഒരിക്കലും എന്റെ ദേവൂട്ടിയെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കാഞ്ഞിട്ടും അതൊന്നും തന്നെ എന്നെ ബാധിച്ചില്ല.
പല പല തെറാപ്പികൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, വിവിധ ഡോക്ടർമാരുടെയും ട്രെയിനർമാരുടെയും സഹായം…ഒത്തിരി നാൾ കഷ്ടപ്പെട്ട് ആനയും കുതിരയും കോമാളിയും കളിച്ചതിന്റെ ഫലമായി മൂന്നാം വയസ്സിൽ ദേവൂട്ടിയുടെ വായിൽ നിന്നും “മ്മ” എന്നൊരു വാക്ക് പുറത്തുവന്നതും ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.
ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റ് താഴെയിട്ട് പൊട്ടിക്കുന്നതും ചില കളികൾക്കിടയിൽ അവൾ സ്വയം മുറിവേൽപ്പിക്കുന്നതും ഫ്ലവർവെയ്സൊ കയ്യിൽ കിട്ടിയ വേറെ എന്തെങ്കിലും സാധനങ്ങൾ കൊണ്ട് എന്നെ വേദനിപ്പിച്ച് തുടങ്ങിയതും ഹരിയേട്ടനും അവളെ മടുത്തു തുടങ്ങിയിരുന്നു.
“ഇതിലും ഭേദം കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുകയായിരുന്നു രേണു. ഇക്കണ്ട വഴിപാടും പ്രാർത്ഥനയും ഒക്കെ നടത്തിയത് ഇതിനുവേണ്ടി ആയിരുന്നല്ലോന്ന് ഓർക്കുമ്പോളാ” പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അന്നാദ്യമായി ഹരി ഏട്ടനോട് ഉയർന്ന ശബ്ദത്തിൽ ദേഷ്യപ്പെട്ടിരുന്നു ഞാൻ. പിന്നീടങ്ങോട്ട് മറ്റൊരു കുഞ്ഞ് എന്ന് പറഞ്ഞു വന്ന ഹരി ഏട്ടനോട് മറുത്തു പറയേണ്ടിയും വന്നു.
അവളെ നേരിയ ഇഷ്ടക്കേടിന്റെ രൂപത്തിൽ നോക്കുന്ന ഹരിയേട്ടനെ ഞാൻ വെറുത്ത് പോകുമോ എന്നു വരെ ഞാൻ ഭയപ്പെട്ടിരുന്നു. എന്റെ പരിശ്രമത്തിന് ഫലമായി ദേവൂട്ടി ഇന്ന് കുറച്ചൊക്കെ സംസാരിച്ച് തുടങ്ങിയിരിക്കുന്നു.
സ്പെഷ്യൽ സ്കൂളിൽ അവൾക്ക് അഡ്മിഷൻ ശരിയാക്കിയ കൂട്ടത്തിൽ അവിടുത്തെ ടീച്ചർമാരുടെ അനുവാദം വാങ്ങി ഞാനും ആ സ്കൂളിൽ ജോലിക്ക് ചേർന്നു. എന്റെ കുഞ്ഞിനെ ഏതു നേരവും കൺമുന്നിൽ തന്നെ കണ്ടു കൊണ്ടിരിക്കാൻ വേറെ ഒരു വഴിയും കണ്ടില്ല.
ഒരുതരത്തിൽ പറഞ്ഞാൽ പേടിയാണ് എനിക്ക്. ചതിയും വഞ്ചനയും നിറഞ്ഞ ഈ കപട ലോകത്ത് എന്റെ ഈ പൊട്ടി കുഞ്ഞിന് എന്തും സംഭവിക്കാം. പ്രായത്തിൽ ഏറെ വളർച്ചയുള്ള അവളുടെ പെൺശരീരം എന്നിലെ അമ്മയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് നാളുകളേറെയായി.
എങ്കിലും പോകുന്ന സ്ഥലത്തെല്ലാം ദേവൂട്ടിയെയും ഞാൻ കൂടെക്കൂട്ടി. കല്യാണവീടുകളിലും ബസ് യാത്രകളിലും ഒക്കെ ആളുകളുമായി വലിയ കുഴപ്പമില്ലാതെ പെരുമാറി പഠിക്കാൻ അവൾക്കായി. അറിയാത്തവരെ പോലും നോക്കി എല്ലാം പല്ലുകളും കാട്ടി ചിരിച്ചു കൊണ്ടിരുന്ന നിഷ്കളങ്കയായ അവളോടുള്ള ആളുകളുടെ ഇഷ്ടം മിഠായിയുടെ രൂപത്തിലും വിശേഷങ്ങൾ ചോദിച്ചും പലതരം സമ്മാനങ്ങളായും അവളിലേക്ക് എത്തിച്ചേർന്നിരുന്നു.
സ്പെഷ്യൽ സ്കൂളിലെ ടീച്ചർമാരുടെയും കണ്ണിലുണ്ണി ആയിരുന്നു അവൾ. അവൾക്ക് നൃത്തത്തിനോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളത് എന്നെപ്പോലെ തന്നെ അവിടുത്തെ ടീച്ചർമാരും ശ്രദ്ധിച്ചിരുന്നു.
അവരുടെ ശിക്ഷണത്തിൽ സ്കൂൾ വാർഷികത്തിന് അവൾ കളിച്ചുകൂട്ടിയത് കണ്ട ഞങ്ങളുടെ നാട്ടുകാരിൽ ചിലർ അമ്പലത്തിലെ ഉത്സവത്തിന് അവളുടെ നൃത്തം നിർബന്ധമായും വേണമെന്ന് ഇങ്ങോട്ട് വന്ന് പറഞ്ഞപ്പോൾ ആണ് എന്റെ മോളെ ഒരു നാട് മുഴുവനും ഇത്രത്തോളം സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന് എനിക്കും മനസ്സിലായത്.
അവളെ പ്രാക്ടീസിന് കൊണ്ടുപോകാൻ ഹരിയേട്ടനും ഒപ്പം കൂടിയത് എനിക്ക് അത്ഭുതവും ആശ്വാസവുമായിരുന്നു. നിറം കെട്ടുപോയ ജീവിതത്തിന് വീണ്ടും ചിറകു വെച്ച് തുടങ്ങിയിരിക്കുന്നു. ഉത്സവദിവസം മേക്കപ്പിട്ട് ആടയാഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞു വന്ന എന്റെ ദേവൂട്ടി ഒരു ദേവതയെ പോലെ സുന്ദരിയായിരുന്നു.
അവളെ സ്റ്റേജിലേക്ക് കയറ്റി വിടുമ്പോൾ പറയാനാവാത്ത സമ്മിശ്ര വികാരങ്ങൾ കൊണ്ട് നെഞ്ചകം പെരുമ്പറ കൊട്ടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. നടനത്തിനിടയിൽ ഇടയ്ക്കൊക്കെ അവളുടെ ചില ചുവടുകൾ പിഴച്ചതൊന്നും എന്റെ കണ്ണിൽ പെട്ടതെ ഇല്ല…അല്ലെങ്കിൽ കണ്ണുനീർ കാഴ്ച മറച്ചു എന്ന് പറയുന്നതാവും ശരി.
“ഒരു അസുഖമുള്ള കുഞ്ഞാണെന്ന് പറയുകയേയില്ല…”
“രേണുക ടീച്ചറെ സമ്മതിക്കണം. ടീച്ചറെ കൊണ്ടേ ഇതൊക്കെ പറ്റൂ…”
“ഈ കുഞ്ഞിന് അസുഖം ഉണ്ടെന്നോ…? കളിക്കുന്നത് കണ്ടാൽ ഒരു കുറ്റവും പറയാനില്ല അല്ലേ ടീ…”
പിന്നിൽ നിന്നും ആളുകൾ അടക്കം പറയുന്നത് കേട്ടതും മനസ്സ് നിറഞ്ഞു തന്നെ ദേവിയോട് നന്ദി പറഞ്ഞു. ഒരുപാട് പോരായ്മകൾക്കിടയിൽ ഈ ഒരു കഴിവ് എങ്കിലും എന്റെ കുഞ്ഞിന് കൊടുത്തല്ലോ എന്നതിന്.
ഹരിയേട്ടന്റെ അമ്മ ബാക്ക്സ്റ്റേജിലേക്ക് വന്ന് എന്റെ മോളെ കെട്ടിപ്പിടിച്ച് നെറുകയിൽ മുത്തിയതും എന്റെ മനസ്സും കണ്ണും നിറഞ്ഞുപോയിരുന്നു. ഒരു നാടിന്റെയും കുടുംബത്തിന്റെയും ഒക്കെ സ്നേഹം എന്റെ ദേവൂട്ടിക്ക് കിട്ടാൻ പോകുന്നു.
ദേവസ്വം കെട്ടിടത്തിന്റെ റൂഫ് ടോപ്പിലെ ചെറിയ മുറിയിലായിരുന്നു മേക്കപ്പ് സൗകര്യം സജ്ജീകരിച്ചത്. അവിടെ വെച്ച് അവളുടെ ഡ്രസ്സ് ഒക്കെ മാറ്റി ഒരു പട്ടുപാവാടയും ബ്ലൗസും ഇട്ട് കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.
“അമ്മ എന്തിനാണ് കരയുന്നത്…?” എന്ന് ചോദിക്കാനുള്ള ബുദ്ധി എന്റെ ദേവൂട്ടിക്ക് കൊടുക്കാതിരുന്നത് നന്നായെന്നാണ് അന്നേരം തോന്നിയത്.
അവളെ ഹരിയേട്ടന്റെ കയ്യിൽ ഏൽപ്പിച്ച് മുഖം കഴുകാനായി ബാത്റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ അവൾ എന്റെ കൈത്തണ്ടയിൽ പിടിച്ചതും “അമ്മ ഇപ്പോൾ വരാം…കുരുത്തക്കേട് ഉണ്ടാക്കി അച്ഛനെ ബുദ്ധിമുട്ടിക്കരുത്…” എന്ന് പറഞ്ഞതും എന്റെ ശബ്ദത്തിന് പ്രതികരിച്ച് “ഉം”എന്ന അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി അവൾ ഒന്ന് മൂളിയത് എനിക്ക് പ്രതീക്ഷിക്കാവുന്നതിലും ഒക്കെ എത്രയോ വലിയ ഒരു പ്രതികരണമായിരുന്നു.
സന്തോഷം നിറഞ്ഞ മനസ്സുമായി മുഖം കഴുകി എന്നു വരുത്തി വേഗത്തിൽ അവളുടെ അടുത്തേക്ക് ഓടി വരുന്നതിനിടയിൽ എന്തോ ഒരു വലിയ ശബ്ദം കേട്ടിരുന്നു.
എന്റെ ദേവൂട്ടി എന്തെങ്കിലും പന്തികേട് ഒപ്പിച്ച് വെച്ചതായിരിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഓടിയെത്തിയ എന്നെ ആരൊക്കെയോ ചേർന്ന് മുറുക്കിപ്പിടിച്ചു വെച്ചിരുന്നു. എന്റെ സന്തോഷങ്ങൾക്ക് ഒന്നും ഒരു നിമിഷത്തിന്റെ പോലും ആയുസ്സ് ഇല്ലല്ലോ ദേവീ എന്ന് മനസ്സിൽ വിചാരിച്ചു ഹരിയേട്ടനെയും ദേവൂട്ടിയെയും ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഹരിയേട്ടൻ എന്റെ തോളിൽ പിടിച്ചതും ഒന്നേ ചോദിച്ചുള്ളൂ.
“എന്താ ഹരിയേട്ടാ…? ദേവു എന്ത് കുസൃതിയാ ഒപ്പിച്ചത്…?”
“തന്റെ കഷ്ടപ്പാട് ഒക്കെ വെറുതെ ആക്കിയിട്ട്….അവള്…ദേവൂട്ടി നമ്മളെ വിട്ടു പോയെടാ..”
മറഞ്ഞു പോകുന്ന ബോധത്തിന് ഇടയിലും ഒന്നുമറിയാത്ത എന്റെ ദേവൂട്ടിയെ തനിച്ചാക്കി പോകാൻ തോന്നിയ നിമിഷത്തെ പഴിക്കാൻ അല്ലാതെ എനിക്ക് വേറൊന്നിനും കഴിഞ്ഞില്ല.
എത്ര നേരം കഴിഞ്ഞു എന്നറിയില്ല…എപ്പോഴോ കണ്ണു തുറന്നു നോക്കിയതും ഞാൻ വീട്ടിലാണ്. ചുറ്റും ഇരുട്ട് ആണെങ്കിലും മുറിയിൽ കൂടി നിൽക്കുന്ന പെണ്ണുങ്ങളിൽ ചിലരുടെ അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നുണ്ട്…
“എന്തോ കണ്ടിട്ട് എന്ന പോലെ ഓടി ഒരു പോക്കായിരുന്നു. ആർക്കും പിടിക്കാൻ പറ്റിയില്ല. ടീച്ചറുടെ കാര്യമാ ഓർക്കാൻ പറ്റാത്തത്. ഒരു കണക്കിന് നന്നായി ടീച്ചറുടെ കഷ്ടപ്പാട് കണ്ടിട്ട് ദൈവം തിരിച്ചെടുത്തത് ആവും അതിനെ…”
“ടെറസ്സിന്ന് വീണതുകൊണ്ട് ചിന്നിച്ചിതറി പോയെന്നാ കേട്ടത്. ആശുപത്രിന്ന് തുന്നി കൂട്ടുന്നുണ്ടെങ്കിലും അവസാനമായി ഒന്ന് കുളിപ്പിക്കാൻ പോലും പറ്റില്ല എന്നാ പറയണത്. നേരം പുലർന്നു ബോധം വരുമ്പോൾ ആ ടീച്ചർ ഇതെങ്ങനെ സഹിക്കും എന്നാ അറിയാത്തത് എൻറെ ദൈവങ്ങളെ…”
ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് കരച്ചിൽ പോലും വന്നില്ല. മനസ്സൊരു പാറകല്ലു പോലെ ഉറച്ചു പോയിരിക്കുന്നു. ദേവൂട്ടിയുടെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഹരിയേട്ടനെ എങ്ങും കാണാനില്ല. ഹോസ്പിറ്റലിൽ തന്നെയാകും അവളുടെ തുന്നി ചേർക്കുന്ന ശരീരത്തിന് കാവൽ ആയിട്ട്…
ഇടയ്ക്കെപ്പോഴോ മുറിയിൽ നിന്നും ആളുകൾ മാറി കിട്ടിയ സമയത്ത് ധൃതിപ്പെട്ട് അലമാരിയിൽ പരതി തുടങ്ങി. ദേവൂട്ടിക്ക് ഉറക്കമില്ലാത്ത രാത്രികളിൽ ആശ്വാസം സമ്മാനിച്ച് ഉറക്കം കൊടുക്കുന്ന ഗുളികകൾ ഇട്ടു വയ്ക്കുന്ന കുപ്പി തപ്പിയെടുത്തു. നിറഞ്ഞു നിൽക്കുന്ന കുപ്പിയിൽ ഉള്ളത് മുഴുവനും എടുത്തു…
എന്റെ കുഞ്ഞിന്റെ മുഖം മാത്രമേ ഓർത്തുള്ളൂ…ഒരു പേപ്പറും പേനയും എടുത്ത് ഒരിക്കലും തനിച്ചാക്കി പോകില്ല എന്ന് വാക്ക് കൊടുത്ത ഹരിയേട്ടനായി രണ്ടു വരി കുറിച്ചു.
പ്രിയപ്പെട്ട ഹരിയേട്ടന്…
നമ്മുടെ ദേവൂട്ടി സ്വർഗ്ഗലോകത്തേക്ക് ഉള്ള യാത്രയിൽ ആകും ഇപ്പോൾ. അവിടെ അവൾക്ക് കാവലായി തൂവെള്ള ചിറകുകളുള്ള മാലാഖമാർ ഉണ്ടാകാം. എങ്കിലും വിശന്നാൽ ഭക്ഷണം വേണമെന്ന് പറയാൻ അറിയാത്ത, വാരി കൊടുക്കുന്ന ഭക്ഷണം മുഖത്തേക്ക് തുപ്പുന്ന, സ്വന്തം ശരീരം കടിച്ചു മുറിവേൽപ്പിക്കുന്ന, ഉറക്കത്തിൽ കൂടെ കിടക്കുന്നവരെ ഉപദ്രവിക്കുന്ന എന്റെ ദേവുട്ടിയെ അവർക്കും ഒരു ദിവസം മടുക്കില്ലേ…? അവരെങ്ങാനും എന്റെ കുഞ്ഞിനെ ഉപദ്രവിച്ചാലോ…? പട്ടിണിക്കിട്ടാലോ…? എനിക്ക് പേടിയാണ് ഹരിയേട്ടാ…ഞാനില്ലാതെ നമ്മുടെ മോൾക്ക് പറ്റില്ല. അവളില്ലാത്ത എന്റെയീ ലോകവും ശൂന്യം ആണ് ഹരിയേട്ടാ…അവളെക്കാൾ മുൻപേ എനിക്ക് അവിടെ എത്തണം. മറ്റൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല. ഹരിയേട്ടൻ വിഷമിക്കരുത്. പറ്റുമെങ്കിൽ എന്റെ സ്വാർത്ഥതയ്ക്ക് മാപ്പുനൽകി എന്നോട് ക്ഷമിക്കുക…
ഹരിയേട്ടന്റെ സ്വന്തം രേണുക…