കാണാക്കിനാവ് – ഭാഗം നാല്

എഴുത്ത്: ആൻ.എസ്.ആൻ

മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ജോയിൻ ചെയ്യാൻ ഉച്ചയൂണിന്റെ നേരത്ത് എഴുന്നള്ളൻ ഇത് നിന്റെ കുഞ്ഞമ്മയുടെ വീടല്ല. ഇന്ന് ജോയിൻ ചെയ്യണമായിരുന്നെങ്കിൽ വരേണ്ടത് രാവിലെ 10 മണിക്ക് മുൻപ് ആയിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം തരുന്നത് വീട്ടിലിരിക്കാൻ അല്ല. മറിച്ച് ജോലി ചെയ്യാനാ…അതിന് പറ്റുന്നവരെ ഈ പണിക്കിറങ്ങാവൂ. അല്ലാത്തവർ വന്ന വഴിയെ തന്നെ മടങ്ങുന്നതാവും നല്ലത്…”

അയാളുടെ ഉച്ചത്തിലുള്ള അലറൽ കേട്ട് കഴിഞ്ഞതും ഒന്ന് പൊട്ടിക്കരയാൻ ആണ് എനിക്ക് ആദ്യം തോന്നിയത്. പിന്നെയാണ് ഇറങ്ങാൻ നേരം ടീച്ചറമ്മ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നത് “ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് ഇനിയും എന്റെ കുട്ടിയെന്ന്…”

അതെ ജോലിക്കെത്തിയ എന്നെ ഒരു അധികാരവും ഇല്ലാതെ, കാര്യം പോലുമറിയാതെ ചീത്ത വിളിച്ച് പണത്തിന്റെ ഹുങ്ക് കാണിക്കുന്ന ഈ മനുഷ്യന്റെ മുന്നിൽ തോറ്റു കൊടുത്താൽ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഞാനിനിയും പേടിച്ചു ഓടേണ്ടി വരും. ഇയാളുടെ ധാർഷ്ട്യത്തിനു മുൻപിൽ ഞാൻ വഴിമാറി ചിന്തിച്ചേ പറ്റൂ….ഇയാൾക്കും ഇയാളുടെ ശിങ്കിടികൾക്കും വേണ്ടി മാത്രം ഈ പാർവതിയുടെ പുതിയൊരു മുഖം പുറത്തെടുതേ പറ്റൂ….

എന്റെ വഴക്കാളിയായ നന്ദുവിനെ മനസ്സിൽ ഗുരുവായി ധ്യാനിച്ച് ഞാനയാളെ രണ്ടും കൽപ്പിച്ച് നോക്കി. എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് വാതിൽപ്പടിയിൽ നിൽക്കുകയാണ് ആജാനബാഹുവായ താടികാരൻ…കട്ടകലിപ്പൻ മട്ടിൽ…കാവി കളർ മുണ്ട് മടക്കിക്കുത്തി, കറുപ്പ് കളർ ഷർട്ട്ന്റെ കയ്യൊക്കെ കേറ്റി വച്ചിരിക്കുന്നു.

ശത്രുവാണെങ്കിലും ദോഷം പറയരുതല്ലോ…10 – 35 വയസ്സുള്ള ഈ രൂപം നേരെ ചൊവ്വേ ആയിരുന്നെങ്കിൽ എത്രയോ പെണ്ണുങ്ങൾ ഇതിന്റെ മുന്നിൽ മൂക്കും കുത്തി വീണേനെ…അതിന് എങ്ങനെയാ വായ തുറന്നാൽ തന്നെ തറവാടിത്തം ഒഴുകുകയല്ലേ…കാട്ടാളൻ….

എന്റെ തുറിച്ചുനോട്ടം കണ്ടിട്ടാവും “കുഞ്ഞേ…ഇതാ വലിയ കുഞ്ഞ്…” ഭയഭക്തിബഹുമാനത്തോടെ ഡ്രൈവർ പറഞ്ഞു. ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാനും തുടങ്ങി…”ഞാൻ ജോയിൻ ചെയ്യണോ അതോ മടങ്ങി പോകണോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ലല്ലോ…അതിനൊക്കെ വിവരവും യോഗ്യതയും ഉള്ള ആൾക്കാരെ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഹരിഹരൻ സാർ വരട്ടെ…ഞാൻ അദ്ദേഹത്തെ ബോധിപ്പിച്ചു കൊള്ളാം ഞാൻ ഇതുവരെ കുഞ്ഞമ്മയുടെ വീട്ടിൽ ആയിരുന്നോ അതോ അപ്പച്ചിയുടെ വീട്ടിൽ ആയിരുന്നോന്ന്….”

ഞാനിത് പറഞ്ഞതും കാട്ടാളന്റെ മുഖത്തെ പേശികൾ ഒക്കെ വലിഞ്ഞു മുറുകുന്നുണ്ട്. കനത്തിൽ എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും അയാളുടെ പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. എന്നെ രൂക്ഷമായി നോക്കി കൊണ്ട് ഫോൺ എടുത്തു. പാവം ഫോൺ…എന്നോടുള്ള ദേഷ്യത്തിന് അതിനെ പിടിച്ചു ഞെരിക്കുന്നുണ്ട്. അങ്ങേ തലയ്ക്കൽ നിന്നും പറയുന്നത് കേട്ട് അയാളുടെ മുഖഭാവം മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. നേരിയ ഭയമോ ഭീതിയോ ഒക്കെ വന്നു നിറയുന്നത് കണ്ടു.

മറുവശത്ത് നിന്നും പറഞ്ഞുതീർന്നതും “ഞാനിതാ പെട്ടെന്ന് വരുന്നു” എന്നു പറഞ്ഞ് ഫോൺ വച്ചു. എന്നെ നോക്കിയതും വീണ്ടും കലിപ്പൻ മട്ട് തിരിച്ചെത്തി. “ഓരോന്ന് കുറ്റിയും പറിച്ചു കേറി വന്നപ്പോഴേ വിചാരിച്ചതാ…ഐശ്വര്യം അല്ലാതെന്താ…മനുഷ്യൻ്റെ സമാധാനം കളയാൻ വേണ്ടിയിട്ട്…ഈ ശനിദശ ഒക്കെ വണ്ടിയും പിടിച്ച് ഇങ്ങോട്ട് തന്നെ വേണോ വരാൻ?” എന്നും പറഞ്ഞു ധൃതിപ്പെട്ട് നടന്നു പോയി…

“ടപ്പേ” കയ്യിലിരുന്ന എന്റെ ബാഗ് നിലത്തിട്ട് വാലുപോലെ പോകുന്നു ഡ്രൈവറും…എനിക്ക് ദേഷ്യവും അതിലേറെ സങ്കടവും വരുന്നുണ്ടായിരുന്നു. ഈ കുഗ്രാമത്തിലിങ്ങനെ…എവിടുന്നോ വന്ന ഒരു വലിയ കുഞ്ഞ്…ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ദൈവമേ? ആ പോയ കാട്ടാളന്റെ നല്ലനടപ്പിന് ആരെങ്കിലും എട്ടിന്റെ പണി കൊടുത്തു കാണും. എന്നിട്ട് അയാൾ അത് എടുത്തിട്ടതോ ഇപ്പോൾ ഇങ്ങോട്ട് കേറി വന്ന എന്റെ തലയിൽ…എന്റെ ഐശ്വര്യ കേടത്രേ..!! ഇനി ഈ ഹരിഹരൻ മേനോൻ എന്ന് പറയുന്ന മനുഷ്യനെ ഞാൻ എവിടെ പോയി തപ്പി എടുക്കും ഈശ്വരാ?

സങ്കടപ്പെട്ട് തിണ്ണയിലിരുന്നതും കണ്ടു ഒരു ജിപ്സി പോലത്തെ ജീപ്പിൽ വാലിനു തീ പിടിച്ച പോലെ പോകുന്നു കാട്ടാളൻ…ജിപ്സി പറപ്പിക്കുന്നതിനിടയിലും ദേഷ്യത്തോടെ എന്നെ നോക്കി പേടിപ്പിക്കാൻ മറന്നില്ല അയാൾ…ആ നോട്ടം കണ്ടതും എനിക്കും ബാധ കേറി തുടങ്ങിയിരുന്നു.

‘ഉണ്ടക്കണ്ണും വെച്ച് മുൻപോട്ടു നോക്കി ഓടിക്ക്. റോഡ് ഇരിക്കുന്നത് എന്റെ മുഖത്തല്ല” എന്ന് പറയാൻ തോന്നിയെങ്കിലും വേണ്ട…പോകുന്ന വഴിക്ക് വല്ല ലോറിയും ഇടിച്ചു ചാകുന്നങ്കിൽ ഇതിൻറെയൊക്കെ വീട്ടിൽ ഇരിക്കുന്നവർക്ക് എങ്കിലും സ്വസ്ഥത കിട്ടുമല്ലോ…

കാട്ടാളൻ ദേശം വിട്ടു കഴിഞ്ഞപ്പോൾ ഞാൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ഡ്രൈവർ വരുന്നത് കണ്ടത്. കയ്യിൽ ഒരു പൊതി…വന്നപാടെ പൊതി എന്റെ നേരെ നീട്ടി. “കുഞ്ഞ് ഒന്നും കഴിച്ചു കാണില്ലല്ലോ അല്ലേ?” കത്തുന്ന വിശപ്പുണ്ടായിരുന്നു. അങ്കം കഴിഞ്ഞപ്പോഴേക്കും നേരത്തെ കഴിച്ചതെല്ലാം എരിഞ്ഞു പോയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ഇയാൾക്ക് ഇപ്പോഴും എന്നോട് ഒരു ദേഷ്യവും ഇല്ലേ എന്നോർത്താണ്…

“വാങ്ങിക്കോളൂ…ഇവിടെ അടുത്ത് വേറെ ഹോട്ടൽ ഒന്നുമില്ല. കുഞ്ഞ് ദൂരെയെവിടെയോ നിന്നും വരുന്നതാണ് എന്ന് മനസ്സിലായി.” ഞാൻ പൊതി വാങ്ങി. അടുക്കളയിൽ പോയി കൈ കഴുകി വന്നു. അപ്പോഴേക്കും ഡ്രൈവർ മേശപ്പുറത്ത് ന്യൂസ്പേപ്പർ ഒക്കെ വിരിച്ച് കഴിക്കാൻ റെഡിയാക്കി വെച്ചിട്ടുണ്ട്. വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ മണം മൂക്കിൽ അടിച്ചപ്പോൾ തന്നെ എന്റെ നാവിലെ രസമുകുളങ്ങൾ ഒക്കെ ചാടിയെണീറ്റു.

ചോറും, സാമ്പാറും, വരട്ടു കാളനും, മെഴുക്കുപുരട്ടിയും, ചുട്ടരച്ച ചമ്മന്തിയും പിന്നെ കണ്ണിമാങ്ങ അച്ചാറും…ദിവസവും ഇതുതന്നെ കഴിക്കുന്ന കാട്ടാളന് കഴിച്ചത് എല്ലിനുള്ളിൽ കയറിയിട്ടുണ്ടങ്കിൽ കുറ്റം പറയാനാവില്ല. അസാധ്യമായ രുചി. കഴിക്കുന്നത് ഡ്രൈവർ നോക്കി ഇരിക്കുന്നത് കൊണ്ട് മാത്രം ഇല വടിചില്ല…കൈയും നക്കിയില്ല…കഴിച്ചു കഴിഞ്ഞപ്പോഴേക്കും ചെയ്തതിത്തിരി കൂടിപ്പോയോ എന്ന് എന്റെ പഴയ മനസ്സ് എന്നോട് തന്നെ ചോദിച്ചു തുടങ്ങിയിരുന്നു.

കഴിച്ചു കൈകഴുകി വന്നതും ഫോൺ ബെല്ലടിച്ചു നിന്നിരുന്നു. ഡോക്ടർ ആണ്…നല്ലതൊന്നും പറയാനില്ലാത്തതിനാൽ കുറച്ചുകഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് കരുതി. ഞാൻ മുറിയാകെ നോക്കി. സൈഡിൽ കിടക്കുന്ന തടി അലമാരയിൽ ഫയലുകൾ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു. വൃത്തിയിൽ ചുരുട്ടി വെച്ചിരിക്കുന്ന കുറെയധികം പ്ലാനുകൾ. തൊട്ടടുത്ത മേശയിൽ വച്ചിരുന്ന ഒരു പ്ലാൻ നിവർത്തിയിട്ട് അതിൽ മാർക്കിംഗ് എല്ലാം ചെയ്തിരിക്കുന്നു. അടിയിൽ ഹരിഹരൻ മേനോൻ എന്ന സീലും സൈനും…

ഇവിടെ ജോലിയെല്ലാം നല്ല നിലയിൽ തന്നെ നടക്കുന്നുണ്ടെന്ന് മനസ്സിലായി. ഡ്രൈവറോട് ചോദിച്ചു സാറിനെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം. അദ്ദേഹം വരുമ്പോൾ തന്നെ വൈകാൻ ഉണ്ടായ കാര്യം പറഞ്ഞ് മനസ്സിലാക്കണം. പ്രായമായ ഒരു സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചിട്ട് ആണ് വൈകിയത് എന്ന് പറഞ്ഞാൽ മധ്യവയസ്കനായ അയാൾക്ക് മതിപ്പ് കൂടുകയേ ഉള്ളൂ…ഒരടുപ്പം ഒക്കെ ഉണ്ടാക്കിയിട്ട് വഴിയേ കാട്ടാളനെ അധികം വകവച്ചു കൊടുക്കരുതെന്നും കൂടി അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കികൊടുക്കണം.

അപ്പോഴേക്കും ഡ്രൈവർ വിശേഷം പറയാൻ എന്ന ഭാവേന എന്റെ അടുത്ത് വന്നിരുന്നു. “ഞാൻ ശങ്കരൻ…30 വർഷമായി ഈ നാട്ടിൽ…കുഞ്ഞിനെ പോലെ തന്നെ ജോലി കിട്ടി ഈ നാട്ടിൽ വന്നതാണ്. അന്ന് തൊട്ട് ഈ അമ്പലപാട്ട് തറവാട്ടിൽ ആണ്. വലിയ കുഞ്ഞിന്റെ അച്ഛൻ ആയിട്ടുള്ള പരിചയമാ…ഈ കൈയിൽ ആണ് വലിയ കുഞ്ഞ് കുഞ്ഞ് വളർന്നത്. അയാളുടെ പതിയെ ഉള്ള സംസാരത്തിൽ അയാളോട് എനിക്കൊരു ഇഷ്ടം ഒക്കെ വന്നു തുടങ്ങിയിരുന്നു. അയാളോട് സാറിനെ കുറിച്ച് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ശങ്കരേട്ടാ….ഈ ഹരിഹരൻ സാർ ഇന്ന് ഇനി വരില്ലേ…? അദ്ദേഹം ആള് എങ്ങനെയാ…?”

“കുഞ്ഞിന് ഇനിയും മനസ്സിലായിട്ടില്ല അല്ലേ…വലിയ കുഞ്ഞ് തന്നെയാ ഈ ഹരികുഞ്ഞ്…”

തുടരും