എഴുത്ത്: രമ്യ വിജീഷ്
” എന്റെ ആങ്ങള ഒരു പെൺകോന്തൻ ആയതു സ്നേഹചേച്ചിയുടെ ഭാഗ്യം..ഒരു ചെറിയ പനി വന്നതിനാണോ ഏട്ടൻ ലീവ് എടുത്തു ഭാര്യക്ക് കൂട്ടിരിക്കുന്നെ… നാണക്കേട്.. എന്റെ ബാലേട്ടൻ എങ്ങാനും ആയിരിക്കണം ഈ സ്ഥാനത്തു..താങ്ങാൻ ആളുണ്ടെങ്കിൽ തളർച്ചയും ഉണ്ടാകും “
പുച്ഛം നിറഞ്ഞ ചിരിയോടെ അമല അതു പറഞ്ഞപ്പോൾ സ്നേഹയുടെ കണ്ണുകൾ നിറഞ്ഞു
” എന്താ സ്നേഹാ എന്താ നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നേ… എന്തു പറ്റി ” മക്കളെ സ്കൂൾ ബസിൽ കയറ്റി അയക്കാൻ പോയതായിരുന്നു സന്ദീപ്
“ഒന്നുമില്ല സന്ദീപേട്ടാ ജലദോഷം ഉള്ളതല്ലേ അതാണ് കണ്ണുകൾ നിറയുന്നത് “
” നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ട് എണീറ്റു വന്നത്.. റസ്റ്റ് എടുക്കണം എന്നു ഡോക്ടർ പറഞ്ഞതല്ലേ.. നീ റൂമിലേക്കു ചെല്ലൂ.. ഭക്ഷണം ഞാൻ അങ്ങോട്ട് കൊണ്ടു വരാം “
“സന്ദീപേട്ടാ അതു”
“നീ ചെല്ലൂ സ്നേഹാ ” അവൻ അവളെ സ്നേഹത്തോടെ പറഞ്ഞയച്ചു…
സന്ദീപ് നേരെ ചെന്നത് അമ്മയുടെ അടുത്തേക്കാണ്.. അമ്മയോടൊപ്പം അമലയും ഉണ്ടായിരുന്നു…
“അമല നീ ഇവിടെ വന്നതെന്തിനാ അമ്മയെ നോക്കാനോ അതോ മറ്റെന്തിനെങ്കിലും ആണോ? അമ്മയുടെ കാര്യങ്ങൾ ഒന്നും നീയിതു വരെ നോക്കി കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.. പിന്നെ അമലാ ഭാര്യക്ക് സുഖമില്ലാത്തപ്പോൾ അവളെ പരിചരിക്കുന്നതും അവൾക്കു ഒരു നേരത്തെ ആഹാരം ഉണ്ടാക്കി കൊടുക്കുന്നതും ഒന്നും എനിക്കൊരു കുറച്ചിൽ അല്ല കേട്ടോ.. സ്നേഹ എന്റെ ഭാര്യ ആണ്.. എന്റെ മക്കളുടെ അമ്മ.. എന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നവൾ … അവൾക്കു ഞാനെ ഉള്ളു.. അവളുടെ കണ്ണു നിറയാൻ ഞാൻ അനുവദിക്കില്ല കേട്ടോ.. അതു ഞാനൊരു പെൺകോന്തൻ ആയതു കൊണ്ടല്ല…നട്ടെല്ലുള്ള ആണായതു കൊണ്ടാണ്… പിന്നെയെ നീ വന്നിട്ടിപ്പോൾ കുറേ ദിവസം ആയില്ലേ.. നാളെ തന്നെ നിന്റെ ഭർത്താവിന്റെ അടുത്തേക്ക് പൊക്കൊളു…അതാണ് നല്ലത് “
തൊട്ടടുത്തുള്ള മുറിയിൽ ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സ്നേഹക്കു മനസ്സിൽ ഒരു കുളിർക്കാറ്റു വീശി… അവൾക്കു സന്ദീപിനെ ഓർത്തു അഭിമാനം തോന്നി.
ഏതവസ്ഥയിലും തന്നെ കൈവിടാതെ നെഞ്ചോട് ചേർക്കുന്ന ഭർത്താവ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം തന്നെ ആണ്..