ഇടക്കിടക്ക് സണ്ണി ലിയോണിന്റെ അക്ക ഉയിർ വിഡിയോസും സ്റ്റാറ്റസ് ആയി ഇട്ട്, സോനു കുടുംബക്കാർക്കിടയിൽ നോട്ടപ്പുള്ളിയായി

തല തെറിച്ചവളുടെ SSLC റിസൾട്ട് – എഴുത്ത്: ജിതിൻ ദാസ്

“ഡീ.. സോനു…നീ പാസ്സാവൂലേ..”

നാളെയാണ് പത്താം ക്ലാസ്സുകാരുടെ റിസൾട്ട്‌ അറിയുന്നത്, എന്നറിഞ്ഞപ്പോൾ മുതൽ പരീക്ഷ എഴുതിയ സോനുവിനെക്കാൾ ആധിയാണ് ജെയ്നിക്ക്. ഇതിപ്പോൾ അരമണിക്കൂറിനിടെ ഒരു പതിനഞ്ചു തവണയെങ്കിലും അവൾ ഈ ചോദ്യം സോനുവിനോട് ചോദിച്ചു കഴിഞ്ഞു.

കസേരയിൽ വളഞ്ഞുകൂടിയിരുന്ന് ടീവിയിലെ തമിഴ് പാട്ടിനൊപ്പം ലയിച്ചിരുന്ന് മൂളുന്നതിനിടയിൽ സോനു ജെയ്നിയെ നോക്കി ചിരിച്ചു.

“പാസാവുകയൊക്കെ ചെയ്യും. പക്ഷെ കുറെ മാർക്കൊന്നും ഉണ്ടാവൂലന്നേയുള്ളൂ”.. അവൾ ജെയ്നിയെ നോക്കി കണ്ണിറുക്കി…

ജെയ്നി തെല്ല് ദേഷ്യത്തോടെ അവളെ നോക്കി കണ്ണുരുട്ടി. സോനുവാകട്ടെ വീണ്ടും ടീവിയിൽ നൃത്തത്തിന്റെ ചുവടുകൾക്കൊപ്പം തലയിളക്കിക്കൊണ്ടിരുന്നു..

ആറുവർഷം മുൻപ് ജെയ്നിയെ ആ വീട്ടിലേക്ക് ജോമോൻ വിവാഹം ചെയ്ത് കൊണ്ടുവരുമ്പോൾ അയാളുടെ പെങ്ങളുടെ മകളായ സോനു നാലിൽ പഠിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഭർത്താവ് വിദേശത്തേക്ക് തിരിച്ചുപോയ അന്നുമുതൽ ജെയ്നിയുടെ വാലായതാണ് സോനു. പിന്നീട് രണ്ട് കൊല്ലംകൂടി ജോമോൻ അവധിക്ക് വരുമ്പോൾ മാത്രമാണ് സോനു സ്വന്തം വീട്ടിലേക്ക് പോകാറ്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ആറുകൊല്ലമായിട്ട് ജെയ്നിയുടെ കൂടെത്തന്നെയാണ് സോനു.

എറണാകുളം സിറ്റിയിൽ നിന്നും കോട്ടയത്തെ ഒരു കുഗ്രാമത്തിലേക്ക് കെട്ടിക്കേറിവന്ന ജെയ്നിയെന്ന ഫാഷൻകാരിയുടെ കൂടെ നമ്മുടെ കൊച്ചിനെ നിർത്തിയാൽ ശരിയാവുമോ എന്ന സംശയമില്ലാതിരുന്ന കുടുംബത്തിലെ ഒരേ ഒരു വ്യക്തി സോനുവിന്റെ അമ്മ മാത്രമായിരുന്നു. പക്ഷെ അവരെക്കൊണ്ടും സംശയിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചു തകർത്ത് ഫേമസ് ആക്കിയ ടിക് ടോക്ക് വീഡിയോകൾ.

പ്രണയ സ്റ്റാറ്റസുകളും, വിരഹ സ്റ്റാറ്റസുകളും കൂടാതെ ഇടക്കിടക്ക് സണ്ണി ലിയോണിന്റെ അക്ക ഉയിർ വിഡിയോസും സ്റ്റാറ്റസ് ആയി ഇട്ട്, സോനു കുടുംബക്കാർക്കിടയിൽ നോട്ടപ്പുള്ളിയായി. എറണാകുളംകാരിയുടെ കൂടെ കൂടി കൊച്ച് വഷളായെന്ന് അവർ അടിവരയിട്ട് എഴുതിത്തള്ളുകയും ചെയ്തു. സ്വതവേ തന്റേടിയും പോരാത്തതിന് വല്യ തന്റേടിയുമായ കുഞ്ഞാന്റിയുടെ കട്ടസപ്പോർട്ടും ഉള്ളതുകൊണ്ട് അവളതൊന്നും തീരെ മൈൻഡ് ചെയ്തതുമില്ല.

സമപ്രായക്കാരിയും കുടുംബക്കാരിയുമായ അലീനയെ, സോനുവിനോട് മിണ്ടിയാൽ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് വീട്ടുകാർ ഭീഷണി മുഴക്കിയ അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ച തരത്തിൽ സോനു കുടുംബത്തിലെ തലതെറിച്ച പെൺസന്തതിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.. പുച്ഛത്തിന്റെ നാല് സ്മൈലികൾ വാട്ട്സാപ്പിൽ സ്റ്റാറ്റസായിട്ട് സോനു ആ സംഭവത്തോടുള്ള അവളുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.

ഇടക്ക് അലീനയുടെ അമ്മാമ്മ ജെയ്നിയുടെ വീട്ടിൽ വരും. പള്ളിയും വിദ്യാലയവും എന്ന നേർരേഖയിലൂടെ മാത്രം നടക്കുന്ന അലീനയുടെ ഗുണഗണങ്ങൾ വിളമ്പാനാണ് അവരുടെ വരവ്. കൂട്ടത്തിൽ സോനുവിനെ വഷളാക്കുന്നത് ജെയ്നിയാണെന്ന ആരോപണം സംഭാഷണത്തിലെവിടെയെങ്കിലും പരോക്ഷമായി കുത്തിത്തിരുകാനും അവർ മറക്കാറില്ല. അതുകൊണ്ട് തന്നെ ആ തള്ളയുടെ വരവ് ഇരുവർക്കും തീരെ പിടിക്കാറുമില്ല.ഇടക്കിടക്കുള്ള തള്ളയുടെ വരവ് മൂലം പ്രത്യക്ഷത്തിൽ അവരോട് ഒരു തെറ്റും ചെയ്യുന്നില്ലെങ്കിൽ പോലും അലീന, ഇരുവരുടെയും അപ്രഖ്യാപിത ശത്രുവായി തീരുകയും ചെയ്തു.

അങ്ങനെ സോനുവിനെ വഷളാക്കിയെന്ന ആരോപണം നേരിടുന്ന ജെയ്നിയെ സംബന്ധിച്ചിടത്തോളം സോനുവിന്റെ റിസൾട്ട്‌ നിർണ്ണായകമായിത്തീർന്നു.

“നീയെങ്ങാനും തോറ്റാൽ പിന്നെ ഞാനീ രാജ്യം വിട്ടു പോയാൽ മതി”. ജെയ്നി ആശങ്കയോടെ പറഞ്ഞത് സോനു കേട്ടില്ല. അവൾ ടീവിയിൽ ടിക് ടോക്ക് നിരോധിച്ചു എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിച്ച് ഞെട്ടിത്തരിച്ച് എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ജെയ്നിയെ നോക്കി.. അവസാനം ടിക് ടോക്കും കാലുവാരിയെന്ന് അവർക്കിരുവർക്കും ഏകദേശം മനസിലായി. അസ്വസ്ഥമായ മൗനത്തോടെ ഇരുവരും ഭക്ഷണം പോലും കഴിക്കാതെ കട്ടിലിലേക്ക് വീണു. ടിക് ടോക്ക് നിരോധിച്ച സങ്കടത്താലും, പരീക്ഷാഫലം നാളെയറിയുമെന്ന ആശങ്കയാലും ഇരുവരും പിറ്റേന്നത്തെ പ്രഭാതത്തെയോർത്ത് ഉറക്കമില്ലാതെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി…

***********************

രാവിലെ മുതൽ ജെയ്നി ടീവിയിൽ ന്യൂസ്‌ ശ്രദ്ധിച്ചുകൊണ്ടാണ് അടുക്കളപ്പണി തീർത്തുകൊണ്ടിരുന്നത്. ഇടക്ക് ചാനൽ മാറ്റാൻ വന്ന സോനുവിനെ അവൾ ഓടിച്ചുവിട്ടു. പുട്ടിന് പപ്പടം കാച്ചി കൊണ്ടിരിക്കുമ്പോഴാണ് സോനു ഓടിക്കിതച്ച് അടുക്കളയിലേക്ക് വന്നത്. “റിസൾട്ട് പ്രഖ്യാപിച്ചു. ഇപ്പോൾ ടിവിയിൽ റിസൾട്ട് നോക്കാനുള്ള സൈറ്റ് എഴുതി കാണിക്കുന്നുണ്ട്. വേഗം മൊബൈൽ എടുക്ക്, നമുക്ക് റിസൾട്ട് നോക്കാം.” അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഫോൺ എടുക്കാൻ ആയി ബെഡ്റൂമിലേക്ക് നടക്കുന്നതിനിടയിൽ പത്താംക്ലാസിൽ സ്വന്തം റിസൾട്ട് നോക്കാൻ നേരം തനിക്ക് ഇത്രയും ടെൻഷൻ ഉണ്ടായിരുന്നില്ലെന്ന് ജെയ്നി ഓർത്തു.

ഗൂഗിളിൽ, സൈറ്റ് ടൈപ്പ് ചെയ്ത് ലോഡ് ആയി വന്നപ്പോഴേക്കും സോനു രജിസ്റ്റർ നമ്പറെഴുതിയ കടലാസുമായി വന്നു. സകല ദൈവങ്ങളെയും മനസ്സിൽ സ്മരിച്ചുകൊണ്ട് ജെയ്നി ശ്രദ്ധയോടെ രജിസ്റ്റർ നമ്പർ അടിച്ചു കൊടുത്തു. ഒരു നിമിഷം. ഒന്നാലോചിച്ചു നിന്നിട്ടെന്നപോലെ മാർക്ക്ലിസ്റ്റ് ഡിസ്‌പ്ലേയിൽ തെളിഞ്ഞു വന്നു. ഇരുവരുടെയും ഹൃദയമിടിപ്പിന് വേഗതയേറി. മാർക്ക് ലിസ്റ്റിലേക്ക് ഓടിച്ചെന്നു നോക്കിയശേഷം ഇരുവരും അന്തം വിട്ട് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

“രജിസ്റ്റർ നമ്പർ മാറിപ്പോയിന്നാ തോന്നണേ..ഇതില് മൊത്തം എ പ്ലസ് ആണല്ലോ”. ജെയ്നി സ്വരം താഴ്ത്തി സോനുവിനോട് പറഞ്ഞു. “അങ്ങനെ ആണെങ്കിൽ എന്റെ പേരും, അപ്പന്റെ പേരുമൊക്കെ ഒരേ പോലെ വരുമോ. ദേ വീട്ടുപേര് പോലും കറക്റ്റാണ്. ഇത് എന്റെ റിസൾട്ട് തന്നെയാന്നാ തോന്നണേ”. സോനു ഒരുവിധം ശബ്ദമുറപ്പിച്ചു പറഞ്ഞു. “ഒമ്പത് എ പ്ലസും ഒരു എ യും”.. ജെയ്നി സന്തോഷം കൊണ്ട് സോനുവിനെ വട്ടം കറക്കിക്കൊണ്ട് തുള്ളിച്ചാടി അയൽവക്കത്തേക്ക് ഓടി. അവിടെയുമുണ്ട് ചില ചൊറിച്ചിലുകാർ. ആദ്യം അവരോട് തന്നെ പറയണം.

ഫാമിലി ഗ്രൂപ്പിൽ സോനുവിന്റെ മാർക്ക്‌ ലിസ്റ്റ് കണ്ട് കുടുംബക്കാർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. തലതെറിച്ചവൾക്ക് പത്താം തരത്തിൽ മികച്ച വിജയം. ദുഷിപ്പ് പറഞ്ഞു നടന്നിരുന്ന കുടുംബക്കാരെ ആരെയും ഓൺലൈനിന്റെ പരിസരത്തുപോലും കാണുന്നില്ല.
“എ” ഗ്രേഡ് കിട്ടിയ വിഷയത്തിന് ഉറപ്പായും “എ പ്ലസ്” കിട്ടേണ്ടിയിരുന്നതാണെന്നും, അതുകൊണ്ട് ആ വിഷയം ഉറപ്പായും റീവാല്യൂവേഷൻ ചെയ്യുന്നുണ്ടെന്ന ജെയ്‌നിയുടെ വോയിസ്‌ മെസ്സേജ് കൂടി കേട്ടതോടെ കുശുമ്പുകാരുടെ നെഞ്ചിൽ അവസാനത്തെ ആണിയും തറയ്ക്കപ്പെട്ടു.

അലീനയുടെ റിസൾട്ട്‌ പരിതാപകരമായിരുന്നു. ജയിച്ചോ എന്ന് ചോദിച്ചാൽ കഷ്ടിച്ച് ജയിച്ചു എന്ന് മാത്രം. അതോടെ സോനുവിന്റെ വിജയത്തിന് ഇരട്ടി ലഹരിയായി.

“പഠിപ്പും പള്ളീം മാത്രമായി നടന്നിട്ട് നിനക്കെന്താടീ പറ്റിയത്”. ജെയ്നി അലീനയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവരം തിരക്കി.

“എന്റെ കുഞ്ഞാന്റി… പുസ്തകം വായിച്ചിട്ട് ഒരു വക പോലും മനസിലാവാതോണ്ടല്ലേ ഞാൻ പള്ളീന്ന് ഇറങ്ങാതിരുന്നത്. മുട്ടിപ്പായി പ്രാർത്ഥിച്ചാൽ തമ്പുരാൻ രക്ഷിച്ചാലോന്ന് കരുതി. പക്ഷെ അവസാനം ദൈവവും എന്നെ കൈവിട്ടു”. അലീന സങ്കടപ്പെട്ടു.

“സാരമില്ല കുഞ്ഞേ.. ഇതിലൊന്നും വല്യ കാര്യോന്നുമില്ല…പരീക്ഷയാകുമ്പോ ചിലർക്ക് മാർക്ക് കൂടുതൽ കിട്ടും. ചിലർക്ക് കുറയും. മറ്റുചിലർ തോറ്റും പോകും.. അങ്ങനെ തോറ്റുപോകുന്ന പെമ്പിള്ളേരുടെ കാര്യമാണ് കഷ്ടം.. പതിനെട്ടു തികയുന്നതിനു മുന്നേ ഏതെങ്കിലും ഒരുത്തനേം കെട്ടി ഏതെങ്കിലും കാട്ടുമുക്കിൽ അവന്റെ പിള്ളേരേം നോക്കി ജീവിക്കേണ്ടി വരും. കുഞ്ഞാന്റിക്ക് വന്നപോലെ ഒരവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ ഇനിയുള്ള ക്ലാസ്സുകളിൽ രണ്ടാളും നല്ലപോലെ ശ്രദ്ധിച്ചു പഠിച്ച് നല്ല മാർക്ക് വാങ്ങി പാസാവാൻ നോക്ക്. എന്തിനും ഈ കുഞ്ഞാന്റിയുണ്ടാവും കൂടെ”.. അവൾ സ്നേഹത്തോടെ ഇരുവരെയും ചേർത്തുനിർത്തി മുത്തം നൽകി….

അങ്ങനെ ഫാഷൻകാരിയായ കുഞ്ഞാന്റിയോടൊപ്പം കൂട്ട് കൂടിയാൽ വഷളാവത്തില്ലെന്ന് കുടുംബക്കാർക്ക് തെളിയിച്ചു കൊടുത്ത് തന്റെ അഭിമാനം കാത്തുസൂക്ഷിച്ച സോനുവിനും, സോനുവിന്റെ വിജയത്തിന് മാറ്റ് കൂട്ടിയ അലീനക്കും ഒരേപോലെ അരപ്പവൻ വീതമുള്ള ഒരോ മോതിരങ്ങൾ സമ്മാനമായി നൽകി സ്റ്റാറ്റസ് ഇട്ട്, ജെയ്നി കെട്ട്യോന്റെ കുടുംബക്കാരോട് അതി മധുരമായി പ്രതികാരം ചെയ്തു..