നീണ്ടു കിടക്കുന്ന കോളേജ് വരാന്തയിലൂടെ വേഗത്തിൽ നടന്ന എന്റെ കൈകളിൽ ബലമായി പിടുത്തമിട്ട്, ആരോ ഇരുട്ടു നിറഞ്ഞൊരു ക്ലാസ്സ് മുറിയിലേക്ക് വലിച്ചിട്ടു…
അകത്തുനിന്നും വാതിലടയ്ക്കുന്ന ശബ്ദത്താൽ ഭയന്ന് വിറച്ചു നിലത്തു നിന്നും ഞാൻ പിടഞ്ഞെഴുനേറ്റു ലക്ഷ്യമില്ലാതെ കുതറി..
നെഞ്ചിൽ അടിഞ്ഞു കൂടിയ ഭയവും ഇരുട്ടു മൂടിയ കാഴ്ചകളും എന്റെ നാവിനെ കുരുക്കിട്ട് നിർത്തി…
നൊടിയിടയിൽ എന്നെ പൊതിഞ്ഞ ബലിഷ്ഠമായ കരങ്ങളാൽ ആരുടെയോ കരുത്തുറ്റ നെഞ്ചിലേക്ക് അമർത്തി ചേർത്തു…
നാസികയിൽ തനിക്ക് പരിചിതമായ പുരുഷഗന്ധം നിറയുന്നു…
കുതറിയകലാൻ ശ്രമിക്കും മുന്നേ അവന്റെ അധരങ്ങൾ എന്റെ കീഴ്ച്ചുണ്ടുകളെ ഗാഢമായി കവർന്നെടുർത്തു…
പൊള്ളുന്ന ചുംബനത്തിന്റെ ചൂടിൽ ഉടലാകെ ഉരുകിയടരുന്നു…
ചെറുത്തു നിൽക്കാനാകാത്ത വിധം എന്റെ ശരീരം തളർന്നു വാടി വീഴാൻ ഒരുങ്ങിയപ്പോൾ വരിഞ്ഞു മുറുക്കിയ അവന്റെ കൈകൾ കൂടുതൽ താങ്ങായി എന്നെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു…
ദീർഘമായ ചുംമ്പനത്തിന്റെ കുളിരിൽ നിന്നും മുക്തമാക്കിയ ചുണ്ടുകളിൽ രക്തം പൊടിഞ്ഞത് ഞാനറിഞ്ഞു…
അനുവാദമില്ലാതെ എന്നെ പുണരാനും ചുംബിക്കാനും മുതിർന്നവനെ എതിർക്കാനാകാത്ത വിധം ദുർബലമായിപ്പോയ എന്റെ മനസ്സിനെ ഞാൻ സ്വയം പഴിച്ചു…
“നീ എന്റെയാ….എന്റെ മാത്രം…വിട്ടുകൊടുക്കില്ല ഒരുത്തനും…”
വീണ്ടും നെറുകയിൽ മുദ്രണം ചെയ്ത അവന്റെ ചുണ്ടുകൾ ഉരുവിട്ട വാക്കുകൾ എന്നിൽ എന്തെന്നില്ലാത്ത വികാരങ്ങൾക്ക് വഴിമാറി…
ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ച എന്റെ വിറയ്ക്കുന്ന ശരീരത്തെ അവൻ തലോടുന്നുണ്ടായിരുന്നു…
“”ഈ ഒരു നിമിഷത്തിനായി നീയും ആഗ്രഹിച്ചിരുന്നില്ലേ…ഈ ഉടലിന്റെ ചൂടിൽ ചേർന്നു നിൽക്കാൻ കൊതിച്ചിരുന്നില്ലേ…നിന്റെ അധരങ്ങൾ അവന്റെ ചുംബനം കൊതിച്ചിരുന്നില്ലേ…””
കരളിൽ ആർത്തിരമ്പുന്ന ചോദ്യങ്ങൾ എനിക്ക് ചുറ്റും വലയം തീർത്തു….
സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു ഞാൻ കണ്ണുകൾ വലിച്ചു തുറന്നു…ജനൽ പാളികളുടെ വിടവിലൂടെ എത്തി നോക്കുന്ന നേരിയ വെളിച്ചത്തിനൊപ്പം വെളുപ്പിനെ കണ്ട സ്വപ്നത്തിന്റെ പൊരുളുകൾ ഞാൻ തേടുകയായിരുന്നു…ചുണ്ടിൽ പുഞ്ചിരി മൊട്ടിടുന്നതും അവ നാണത്തിന്റെ ചുവന്ന കലകൾ എന്റെ കവിളിൽ വിരിയിക്കുന്നതും ഞാൻ അറിഞ്ഞു…
രംഗബോധമില്ലാത്ത കടന്നു വന്ന ഈ ദിവാസ്വപ്നത്തിന് എന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ഞാൻ ആ നിമിഷം ഓർത്തില്ല..
“”പല്ലവി.. മോളെ….””
പതിവ് നേരം വൈകിയതുകൊണ്ടാകാം അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചുകൊണ്ട് അമ്മ എന്നെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്…
കട്ടിലിൽ നിന്നെഴുന്നേറ്റ് പുതപ്പ് കുടഞ്ഞു വിരിച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു…അവിടെ പാത്രങ്ങളുമായും, നനഞ്ഞു കുതിർന്ന വിറകുകളിൽ തീ പിടിക്കാതെ പുറത്തേക്കു വമിക്കുന്ന പുകച്ചുരുളുകളുമായും മൽപ്പിടുത്തം നടത്തുകയാണ് എന്റെ അമ്മ സീത ദേവി….പേരിലെ രാജകീയത്വം ജീവിതത്തിൽ ലഭിക്കാത്ത ഹതഭാഗ്യ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം അമ്മയെ പറ്റി…
കണ്ട പാടെ നേര്യതിന്റെ തലപ്പിൽ കണ്ണ് തുടച്ചു ഒരു ഗ്ലാസ്സിലേക്ക് കട്ടൻ ചായ പകർന്നു അമ്മ എനിക്ക് നേരെ നീട്ടി…
അമ്മയുടെ നനഞ്ഞ കണ്ണുകളുടെ കാരണം അടുപ്പിൽ കത്താത്ത വിറകിന്റെ പുകയല്ല എന്ന സത്യം ഓർത്തുകൊണ്ട് ഞാൻ ഒരു ചിരിയോടെ അത് വാങ്ങി…
ആ ഒരു പുഞ്ചിരിയിൽ ആയിരം ആശ്വാസവാക്കുകൾ തിങ്ങി നിറഞ്ഞതായിരുന്നു…
“”എട്ട് മണിക്കുള്ള ബസിൽ പോയാലല്ലേ മോളെ നിനക്ക് സമയത്തിന് അവിടെ എത്താൻ പറ്റുള്ളൂ…””
അമ്മയുടെ ശബ്ദം എന്റെ ചിന്തകളെ ഉണർത്തി…മടിയോടെ ഞാൻ മുഖം ചുളിച്ചുകൊണ്ടു അമ്മയെ നോക്കവേ ആ കണ്ണുകളിൽ നീരസം തെളിയുന്നത് കണ്ടു…
“”വേണം മോളെ,ഡിഗ്രി പോലുമില്ലാതെ ഇന്നത്തെ കാലത്ത് ഒരു നല്ല ജോലി കിട്ടുവോ നിനക്ക്, എത്ര നാളാ നീയിങ്ങനെ…””
പൂർണ്ണമനസ്സോടെ ഒരു സമ്മതം പറയാനാകാതെ നിന്ന ഞാൻ അമ്മയുടെ പ്രതീക്ഷയാർന്ന മനസ്സിന് മുന്നിൽ അപ്പോളേക്കും കീഴടങ്ങിയിരുന്നു…
ചുവരിൽ തൂക്കിയിട്ട ഒരു സുമുഖനായ ചെറുപ്പക്കാരന്റെ ചിത്രം കാണവേ എന്റെ സ്മ്രിതികൾ സന്തോഷം വിളയാടിയ ആ പഴയകാല ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി…
രണ്ട് വർഷങ്ങൾക്ക് മുൻപൊരു രാത്രിയിൽ വെള്ളപുതപ്പിച്ചു ഈ ഉമ്മറപ്പടിയിൽ കിടത്തിയ എന്റെ ഏട്ടന്റെ ജീവനറ്റ ശരീരം എന്റെ മനസ്സിനെ ഓർമകളാൽ കക്ഷതമേല്പിച്ചു..
അച്ഛനും ഏട്ടനും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടുവന്ന ലോറിക്കയിൽ പെട്ടു…ഏട്ടന് മരണം വിധിച്ചപ്പോൾ തീരാവേദനയോടെ ജീവച്ഛവമായി അച്ഛനെ മാത്രം ഞങ്ങൾക്ക് തിരികെ കിട്ടി…സന്തോഷം കവർന്നെടുത്ത ദുരന്തപൂർണമായ ജീവിതത്തിൽ ആഗ്രഹങ്ങൾ ഞാൻ സ്വയം അടിയറവു വച്ചു…
കണ്ണായ സ്ഥലത്തുള്ള ഈ കൊച്ചു വീടും ചുറ്റുമുള്ള കൃഷിയിടങ്ങളും എല്ലാം ബാങ്കിൽ പണയപ്പെടുത്തേണ്ടിവന്നു അച്ഛനെ ചികിൽസിക്കാൻ…പൊന്നും വിലകൊടുത്തു വാങ്ങാൻ വന്ന പലർക്കും എട്ടനുറങ്ങുന്ന ഈ മണ്ണ് വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് തോന്നിയില്ല…
അച്ഛൻ സ്വയം ഉരുകി ദൈവത്തോട് പ്രാർഥിക്കുന്നുണ്ടാകും ഭാര്യക്കും മകൾക്കും ഇനിയും വേദന നൽകാതെ ഈ ജീവൻ തിരികെ എടുക്കാനായി…
അന്ന് മുതൽ ഞാനും അമ്മയും ഒരുപാട് കഷ്ടതകളിലൂടെയാണ് ഈ കുടുംബത്തെ താങ്ങി നിർത്തുന്നത്…
നാട്ടിലെ പേരുകേട്ട തറവാടായ ദേവർമഠത്തിലെ അടുക്കളയിൽ കൈപ്പുണ്ണ്യമുള്ള ഒരു പാചകക്കാരിയെ വേണമെന്നറിഞ്ഞു അമ്മ അവിടെ വീട്ടുജോലിക്ക് പൊയി തുടങ്ങിയപ്പോൾ,ഞാനും പഠനം പാടെ ഉപേക്ഷിച്ചു അടുത്തൊരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് കയറി…
പട്ടിണിക്കും പ്രാരാബ്ധത്തിനും ഇടയിൽ പെട്ട് അടുക്കളക്കാരി എന്ന ദുരഭിമാനം അമ്മയിൽ കെട്ടുപോയിരുന്നു…
ബാങ്കിൽ പലിശ അടയ്ക്കാനെങ്കിലുമുള്ള വരുമാനം മാസം മാസം കിട്ടുമെന്ന ആശ്വാസത്തിൽ മുന്നോട്ട് ജീവിക്കുകയാണ് ഞാനും അമ്മയും…കൂടെ അച്ഛന്റെ ചികിത്സയും വേറെ…
പ്ലസ് ടു കഴിഞ്ഞ് നിന്നപ്പോൾ ആയിരുന്നു ജീവിതത്തെ മാറ്റിമറിച്ച ഈ സംഭവങ്ങൾ ഒക്കെ ഞങ്ങളുടെ ജീവിതത്തിൽ അരങ്ങേറിയത്…പഠിക്കാൻ പണ്ടേ മോശമായിരുന്നു ഞാൻ കൂടാതെ പഠനത്തോട് തീരെ താല്പര്യവും ഉണ്ടായിരുന്നില്ല എനിക്ക്…
പ്ലസ് ടു സയൻസ് കഷ്ട്ടിച്ചു പാസ്സ് ആയ ഞാൻ വെത്യസ്തമായ ഒരു മേഖലയിൽ ജോലിചെയ്യാൻ ആഗ്രഹിച്ചിരുന്നു…അമ്മയുടെ പാചക നൈപുണ്യം അപ്പാടെ എനിക്കും പകർന്നു കിട്ടിയിരുന്നു…പലതരം വിഭവങ്ങൾ പരീക്ഷിക്കുകയും നാടറിഞ്ഞു നടത്തുന്ന പാചക മത്സരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ആയി വിജയം കൈവരിച്ച ചരിത്രവും ഒക്കെ എന്നിലൂടെ ഈ ഗ്രാമത്തിനു പരിചിതമായിരുന്നു…
പാചക മേഖലയിൽ തുടർപഠനം നടത്തി പുതിയ രുചിക്കൂട്ടുകളുടെ ഒരു ലോകം തന്നെ സൃഷ്ടിക്കണം എന്ന എന്റെ മോഹം, കേൾക്കുന്നവർക്കൊരു തമാശ ആയിരുന്നെങ്കിലും എന്റെയുള്ളിൽ അതൊരു ആഗ്രഹമായി നിലകൊള്ളുന്നുണ്ടായിരുന്നു…
അങ്ങനെയിരിക്കെ വിധിയോട് കിണഞ്ഞു പടവെട്ടി മുന്നോട്ട് കുതിച്ചപ്പോൾ ആണ് എന്റെ അമ്മയിൽ മകളെ ഒരു ഡിഗ്രിക്കാരി എങ്കിലും ആക്കണമെന്നും, ജീവിതത്തിൽ എങ്ങും അവൾ എത്തപ്പെട്ടില്ലല്ലോ എന്ന കുറ്റബോധം ആകാം അമ്മയെ അത്തരം ചിന്തകൾ വേട്ടയാടാൻ തുടങ്ങിയതും…
അങ്ങനെയാണ് ഈ വർഷം മുതൽ തല്ക്കാലം മറ്റൊരു പാർട്ട് ടൈം ജോലി സംഘടിപ്പിക്കാമെന്നും ഡിഗ്രിക്ക് വെറുതെ ഒന്ന് അപേക്ഷിച്ചു നോക്കാം എന്നും അമ്മ എന്നെ നിർബന്ധിച്ചത്…കേട്ടപാടെ ആ ലക്ഷ്യത്തെ നിസ്സാരവത്കരിച്ചു എങ്കിലും അമ്മ എടുത്ത തീരുമാനത്തെ എന്നിലേക്ക് അടിച്ചേൽപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു…
പണ്ടേ പഠിക്കാൻ വളരെ മോശം…ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ് രണ്ട് വർഷവും പിന്നിട്ടിരിക്കുന്നു…കഷ്ടിച്ച് പാസ്സായ എനിക്ക് ഒരൊറ്റ കോളേജിൽ പോലും ഡോനെഷൻ കൊടുക്കാതെ അഡ്മിഷൻ ലഭിക്കില്ല എന്ന വിശ്വാസത്തിൽ അമ്മയുടെ ആഗ്രഹത്തിന് മുന്നിൽ താത്കാലികമായി ഞാൻ സമ്മതം മൂളി…
ആദ്യ അലോട്ട്മെന്റുകളിൽ ഒന്നും അഡ്മിഷൻ ലഭിച്ചില്ല എന്നത് എന്നിൽ ആശ്വാസം ഉളവാക്കി എങ്കിലും അമ്മയുടെ നിരാശയിൽ ആദ്യമായി എന്റെ ഉള്ളം വിങ്ങി…ആ കഴുത്തിൽ അവശേഷിച്ച അച്ഛന്റെ ഓർമ്മയ്ക്ക് ഇന്നും സൂക്ഷിച്ച താലിമാല വിറ്റ കാശുമായി ഡോനെഷൻ കൊടത്ത് സീറ്റ് വാങ്ങാം എന്ന തീരുമാനത്തെ അറിയിച്ചപ്പോൾ അമ്മയുടെ മനസ്സിന് മുന്നിൽ വീണ്ടും ഞാൻ തോറ്റുപോകുകയായിരുന്നു…
മകളെപ്പറ്റിയുള്ള അമ്മയുടെ വേദനയ്ക്ക് മുന്നിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ അവിടെ പ്രവർത്തിച്ചു കാണണം പിന്നീടുള്ള അലോട്ട്മെന്റിൽ എനിക്ക് അഡ്മിഷൻ റെഡിയായി..
എങ്കിലും വീണ്ടും എനിക്ക് ഭീഷണിയായത് ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്” നാണ് അഡ്മിഷൻ നോട്ടീസ് വന്നത് എന്നറിഞ്ഞപ്പോൾ ആണ്…എനിക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള അറിവില്ലാഴ്മകൊണ്ടു സ്വയം വെറുക്കപ്പെട്ടിരുന്നു ഞാൻ അതിനെ…ഇനി ഈ കുഴിയിലേക്ക് അകപ്പെട്ടാൽ എങ്ങനെ കരകയറും എന്ന ചിന്ത എന്നെ വീർപ്പുമുട്ടിച്ചു…
ശ്രമിച്ചാൽ നടക്കാത്തതൊന്നും ഇല്ല എന്ന എന്റെ അമ്മ സീത ദേവിയുടെ കൗൺസിലിങ്ങിന് മുന്നിൽ ഞാൻ ഒരു പരിശ്രമത്തിനു തയ്യാറായി…
ഇന്നാണ് കോളേജിലെ ആദ്യ ദിവസം…ആഡംബര ജീവിതത്തിനോ ആഗ്രഹ സഫലീകരങ്ങൾക്കോ ഒന്നും തന്നെ എന്റെ ജീവിതത്തിൽ സ്ഥാനമില്ലായിരുന്നു…രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന അമ്മയും ഞാനും…
അച്ഛന്റെ വേദനകൾ ഓരോ ദിവസവും ഏറി വരുന്നുണ്ടെങ്കിലും ഇനിയും ചികിൽസിക്കാൻ പണം തേടി മുട്ടാൻ വാതിലുകൾ ഇല്ലതെ പൊയി…
ആക്‌സിഡന്റിൽ ചതഞ്ഞു പോയ ഇരു കാലുകളും മുറിച്ചു മാറ്റിയ കാല്മുട്ടുകൾക്ക് താഴെയുള്ള ശൂന്യതകളെ നോക്കുമ്പോൾ, ചെറുപ്പത്തിൽ എന്നെ ചുമലിൽ ഇരുത്തി ഉത്സവം കാണാൻ പാടവരമ്പത് കൂടി വേഗത്തിൽ നടന്ന അച്ഛനെ ഓർമ്മ വരും…
പാടത്തും വരമ്പിലും ഇരുള് വെളുക്കെ പണി എടുക്കുന്ന മികച്ച കൃഷിക്കാരനും ആരോഗ്യ ദൃഢഗാത്രനുമായ എന്റെ അച്ഛന്റെ ഇന്നത്തെ അവസ്ഥയെ കാണുവാൻ പോലും അസഹനീയമായിരുന്നു…
ചിലപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ ഒന്നുറക്കെ കരഞ്ഞു ആ നെഞ്ചിൽ ചേർന്നു ആശ്വസിക്കാൻ തോന്നും…കരഞ്ഞാൽ അച്ഛന്റെ മോൾക്ക് ധൈര്യമില്ലെന്ന് തോന്നില്ലേ…അടക്കിപ്പിടിക്കും…ബോൾഡായ ഒരു പെണ്ണിന്റെ ചേഷ്ടകൾ അണിഞ്ഞു അച്ഛന് മുന്നിൽ അച്ഛന് മുന്നിൽ നിറഞ്ഞാടും…
ഒരു ക്രീം നിറത്തിലുള്ള ചുരിദാറും ഇട്ട് നനഞ്ഞ മുടി പിന്നിലേക്ക് അഴിച്ചിട്ടു… ദൃതിയിൽ കുളിച്ചപ്പോൾ മുടിയിൽ നിന്നും എണ്ണ മുഴുവൻ കഴുകി കളയാനും വിട്ടുപ്പോയി… നെറ്റിയ്ക്ക് ഇരുവശവും ഒഴുകി ഇറങ്ങുന്ന കാച്ചെണ്ണ ഞാൻ തോർത്തിൽ ഒപ്പിയെടുത്തു…കണ്ണിൽ നീളത്തിൽ കരിമഷി എഴുതി…ആഭരങ്ങളായി ഒന്നും അവശേഷിക്കുന്നില്ല എങ്കിലും കാതിൽ ഏട്ടൻ വാങ്ങി തന്ന ഒരു മൊട്ടു കമ്മലും… കഴുത്തിൽ കറുത്ത ചരടിൽ കോർത്തിട്ട ഒരു ഏലസ്സും എന്നിൽ ശാലീനത ഉണർത്തിയിരുന്നു. ആഗ്രഹങ്ങൾക്ക് മീതെ വിധി കറുപ്പ് പൂശിയപ്പോൾ സ്വന്തം ശരീരം പോലും മറന്നു ഒപ്പം ചമയങ്ങൾ ഒക്കെ അണിഞ്ഞ കാലവും…
എന്നിലേക്ക് തന്നെ എന്റെ കണ്ണുകൾ ഇഴഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു അപകർഷതാ ബോധം മനസ്സിൽ ഭാരമായി മാറി…
നാലാൾ കൂടുന്നിടത് ഈ കോലത്തിൽ..ഇന്നത്തെ കാലമല്ലേ…ഉടുത്തൊരുങ്ങി നടക്കുന്നതാണ് അന്തസ്സ് എന്ന് വിലയിടുന്ന സമൂഹത്തിനു മുന്നിൽ ഞാനൊരു പേക്കോലം ആകുമല്ലോ എന്ന് സ്വയം സഹതപിച്ചു…
ഉറഞ്ഞു കൂടുന്ന അനാവശ്യ ചിന്തകളെ ഞാൻ ശാസിച്ചു നിർത്തി… ഒരുനേരത്തെ ആഹാരഹത്തിനു പഞ്ഞം ഇല്ലാതെ ജീവിക്കാൻ സാധിക്കണെ എന്ന് മാത്രം പ്രാർത്ഥിച്ചു അച്ഛന്റെ മുറിയിലേക്ക് ചെന്നു…
കട്ടിലിൽ ഒരു അസ്ഥികൂടം കണക്കെ കിടക്കുന്ന അച്ഛനെ കാൺകെ സങ്കടം അധികരിച്ചു എങ്കിലും ആ കൈകൾ കവർന്നെടുത്തു ഞാൻ എന്റെ ചുണ്ടിലേക്ക് ചേർത്തു വച്ചു…
ഇന്ന് ആരോഗ്യവാൻ ആയിരുന്നെകിൽ അച്ഛന്റെ രാജകുമാരി ആയിരുന്നേനെ ഞാൻ…കൈകളിൽ എന്റെ കണ്ണീർ തെറിച്ചു വീണതിനാലാകാം അച്ഛൻ പതിയെ കണ്ണ് തുറന്നു…ആ ഒരു നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം…
വാതിൽപ്പടിക്കപ്പുറം ഉയർന്നു കേട്ട അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ എന്നിലെ വേദനയെ ഇരട്ടിപ്പിച്ചു…
സംസാരിക്കാൻ കഴിയില്ലെങ്കിലും അച്ഛന് എല്ലാം മനസ്സിലാകും…അമ്മ മണിക്കൂറുകളോളം അച്ഛനൊപ്പം ഇരുന്ന് സംസാരിക്കും…
യാത്രപറഞ്ഞു പുറത്തേക്ക് വന്നപ്പോളേക്കും അമ്മ ചോറുപാത്രവും അകത്തു വച്ചു ബാഗ് അടച്ച് എനിക്ക് നേരെ നീട്ടി…ഞാൻ അത് കയ്യിൽ വാങ്ങി അമ്മയെ ഇറുകി പുണർന്നു…നെറ്റിയിൽ പതിഞ്ഞ അമ്മയുടെ ചുംബനച്ചൂടിനൊപ്പം ആ കണ്ണുനീർ എന്റെ കവിളിലേക്ക് ഇറ്റുവീണു…
നേര്യതിന്റെ തലപ്പിൽ എന്റെ മുഖത്തെ പടർന്ന കണ്മഷിയെ തുടച്ചു തന്നു…കണ്ണുകൾകൊണ്ട് അമ്മയോട് യാത്ര പറഞ്ഞു ഞാനിറങ്ങി…
ഒതുക്കുകല്ലുകൾ ചവിട്ടി ഇറങ്ങി ഇടവഴിയിലേക്ക് തിരിഞ്ഞതും പല്ലവി എന്ന് പിന്നിൽ നിന്നും അമ്മയുടെ നീട്ടിയുള്ള വിളി കേട്ടു ഞാൻ തിരിഞ്ഞു നിന്നു…ഒരു ഒഴിഞ്ഞ പെപ്സിക്കുപ്പിയിൽ ജീരകവെള്ളവും നിറച്ചു പാവം ഓടി വരുന്നു…
“”ദാ മോളെ, വെള്ളം എടുത്ത് വയ്ക്കാൻ അമ്മ മറന്നുപോയി…പൈപ്പിലെ വെള്ളം കുടിക്കണ്ടാട്ടൊ…””
കിതപ്പുകൾകൊണ്ട് അമ്മയുടെ വാക്കുകൾ അവ്യക്തമായിരുന്നു…വിയർത്തുകുളിച്ചു പരാധീനതകളാൽ മങ്ങിപ്പോയ ആ മുഖം കണ്ട് നെഞ്ചിനുള്ളിൽ മുള്ള് കൊള്ളുന്ന വേദന തോന്നി എനിക്ക്…
അമ്മയെ തന്നെ നോക്കി മടിച്ചു നിൽക്കുന്ന എന്നെ കണ്ടിട്ട് ബാഗിന്റെ സിബ് തുറന്നു കുപ്പി അകത്തു വച്ചു തന്നു അമ്മ…
“എന്റെ അമ്മേ, പണ്ടത്തെ കാലം അല്ല, വലിയ കോളേജിലൊക്കെ നല്ല ഫിൽറ്റർ ചെയ്ത വെള്ളം കിട്ടും… അതും അല്ല ഈ ഒരു ലിറ്റർ വെള്ളത്തിന്റെ ഭാരം കൂടി താങ്ങാൻ ഈ വയസ്സായ ബാഗിന് കെല്പില്ലമ്മേ…”
ചിരിയോടെ ഒരു തമാശ രൂപത്തിൽ ഞാനത് പറഞ്ഞതും ആ മുഖം മങ്ങി സങ്കടം നിറഞ്ഞു…
“അച്ചോടാ അമ്മക്കുട്ടിക്ക് വിഷമമായോ, ഞാൻ ഒന്ന് താമാശിച്ചതല്ലേ…സീതക്കുട്ടി തന്നല്ലേ ബാഗ് വാങ്ങാൻ പൈസ തന്നത്, അത് വേണ്ടാന്നു പറഞ്ഞതും ഞാനാ…അതോണ്ട് ഇപ്പോൾ ഞാൻ ഈ പറഞ്ഞതും ഒരു വലിയ തമാശ ആയി കാണണം..കേട്ടോ..”
കൊച്ചു കുട്ടികളെ പോലെ മിണ്ടാതെ നരച്ചു തുടങ്ങിയ എന്റെ പഴയ ബാഗിലേക്ക് ശ്രദ്ധിച്ചു നിൽക്കുന്ന അമ്മയെ നോക്കി ഞാൻ അത് പറഞ്ഞതും, ആ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടരുന്നത് കണ്ടു എന്റെ മനസ്സും നിറഞ്ഞു…
രാത്രിയിൽ പെയ്ത മഴയിൽ നനഞ്ഞ കരിയിലകൾ ചവിട്ടി ഇടവഴിയിലൂടെ നടന്നു ഞാൻ പാടവരമ്പത്തേക്ക് ഇറങ്ങി…
കുറച്ചകലെ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന ദേവർമഠവും പടിപ്പുരയും മതിൽക്കെട്ടുകളും എന്റെ കാഴ്ചയിൽ വന്നുപോയി…
മകരക്കൊയ്ത് കഴിഞ്ഞ വയലേലകൾ അങ്ങ് കണ്ണെത്താദൂരം പരന്നു കിടക്കുന്നു…ഈ ഗ്രാമത്തിലെ പകുതിയിലധികവും ദേവർമഠത്തിന്റെ സ്വന്തംആണ്…കർഷക കുടുംബങ്ങൾക്കെല്ലാം കൈത്താങ്ങാകുന്നതും ദേവർമഠത്തിന്റെ കനിവ് തന്നെയാണ്…
വയൽരമ്പുകൾ താണ്ടി മൺപാതയിലേക്ക് കടന്നു , ബസ് സ്റ്റോപ്പിലേക്ക് ഞാൻ വേഗത്തിൽ നടന്നു…
റോഡിൽ വശങ്ങളിലെല്ലാം മഴ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു…നനഞ്ഞു കുഴഞ്ഞ മണ്ണും ചളിയും കാരണം നടപ്പാത തീർത്തും മോശപ്പെട്ട അവസ്ഥ…
ചുരിദാറിന്റെ ടോപ്പും പാന്റും അല്പം ഉയർത്തിപ്പിടിച്ചു സൂക്ഷ്മതയോടെ ഞാൻ മുന്നോട്ട് നടക്കവേ.. ഇട്ടു ദിക്കും മുഴക്കി വേഗതയുടെ നിയന്ത്രണങ്ങൾ താണ്ടിക്കടന്നു പോയൊരു ബുള്ളറ്റ് എന്റെ ദേഹത്താകമാനം ചെളിയും അഴുക്കും തെറിപ്പിച്ചു….
മുഖത്തും ചുരിദാറിന്റെ മുൻ ഭാഗങ്ങളിലും എല്ലാം തെറിച്ചു വീണ ചെളി വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നു…ഒരു നിമിഷം ചലനമറ്റു പോയി എനിക്ക്…ഇറുക്കിയടച്ച എന്റെ കണ്ണുകളെ പതിയെ തുറന്നു ഞാൻ നിസ്സഹായതയോടെ ചുറ്റിനും നോക്കി…
അങ്ങിങ്ങായി നടന്നു പോകുന്ന പലരുടയും ചുണ്ടിൽ ചിരിയും സഹതാപവും കൂടടികലർന്ന ഭാവം…
ഇതേ സമയയം ദ്രുതഗതിയിൽ ബുള്ളറ്റുമായി പാഞ്ഞുപോയ ആൾ വേഗത കുറച്ച് എന്റെ അവസ്ഥയെ നോക്കി കാണുന്നതു ഞാൻ അരിശത്തോടെ കണ്ടു നിന്നു…
ഒരു കൈ അകാലത്തിൽ അവനെന്റെ മുന്നിൽ നിന്നിരുന്നെങ്കിൽ എന്റെ ഇതേ അവസ്ഥയിൽ അവനെ ഇന്ന് ഞാൻ നിർത്തിയേനെ…അങ്ങനെ ഒന്നും ചെയ്യാൻ ഈ ജന്മത്തിൽ ഞാൻ ധൈര്യപ്പെടില്ലെങ്കിലും ഈ അവസ്ഥയിൽ അറിയാതെ അങ്ങനെ ചിന്തിച്ചു പോയി..
ഹെൽമെറ്റിന്റെ ഇടയിലൂടെ കണ്ട ആ കൺപീലികൾ നിറഞ്ഞ കണ്ണുകളെ ഞാൻ ഒരിക്കലും മറക്കാത്ത വിധം എന്റെ മാനസ്സിൽ ആഴ്ത്തി വച്ചു……എന്തിന് പ്രതികാരം വീട്ടുവാനോ….എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി…
കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് അവന്റെ വേഷം…ഹെൽമെറ്റ് വച്ചതിനാൽ ആളെ വ്യക്തമല്ല, ആ കണ്ണുകളിലും നോട്ടത്തിലും എന്തോ ഒരു ആകർഷണീയത തോന്നി എനിക്ക്…ചിന്തകൾ വിരാമമിട്ടപ്പോളെക്കും അയാൾ ദൂരേക്ക് പോയി മറഞ്ഞിരുന്നു…
“അയ്യോ മോൾക്കിതെന്ത് പറ്റി…വാ വീട്ടിൽ കയറി ഈ അഴുക്കെല്ലാം കഴുകി കളഞ്ഞിട്ട് പോകാം…”
വായനശാലയുടെ അടുത്ത വീട്ടിലെ ഭാമേച്ചി എന്റെ അവസ്ഥയിൽ പരിതപിച്ചു സഹായ ഹസ്തം നീട്ടി…ഒരു വരണ്ട ചിരിയോടെ ഞാൻ അവർക്കൊപ്പം നടന്നു…
ഏത് നല്ല കാര്യത്തിലും വഴിമുടക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ എല്ലാം കുറ്റം ഞാൻ വീണ്ടും വിധിയുടെ തലയിൽ തന്നെ ചാർത്തി കൊടുത്തു്…
എട്ടര മണിയുടെ ചിത്രശലഭം എന്ന് പേരുള്ള ബസ്, ബസ്റ്റോപ്പിൽ നിന്നും കുറേ ദൂരം മുന്നിലാണ് നിർത്തിയത്…ഡോറിന്റെ അവസാന സ്റ്റെപ്പും കഴിഞ്ഞ് ആളുകൾ തൂങ്ങി കിടന്നു യാത്ര ചെയ്യുന്നു…
ദിവസവും ബസൊക്കെ കയറി യാത്ര ചെയ്തു പോകേണ്ട കാര്യമില്ലായിരുന്നു ഇത്രയും നാൾ… സൂപ്പർമാർക്കറ്റിലെ ജോലിക്ക് നടന്നു പോകേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു…ഇനി ഇതും ശീലമാക്കണം..
എങ്ങനെയൊക്കെയോ കോളേജിലെത്തി. അവസാനത്തെ അലോട്മെന്റ് ആയിരുന്നതിനാൽ ക്ലാസ്സുകൾ ഒക്കെ ദിവസങ്ങൾക്കു മുന്നേ ആരംഭിച്ചിരുന്നു…
പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളും ക്ലാസ്സ്മുറികളും, തണൽ വിരിച്ച ഗുൽമോഹറും നടപ്പാതകളിൽ രക്തവർണം വിരിച്ച പൂക്കളും, ചുവരുകളിൽ പതിഞ്ഞ കലാലയ രാഷ്ട്രീയത്തിന്റെ ഏടുകൾ എടുത്തു കാട്ടുന്ന പോസ്റ്ററുകളും എല്ലാം എന്നൊ വായിച്ചു മറന്ന കലാലയ ഭാവനയുടെ നേർക്കാഴ്ചകൾ എന്നിൽ നിറച്ചു…
ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് കണ്ടുപിടിച്ചു കഴിഞ്ഞപ്പോളേക്കും അവിടെ എത്തിയപ്പോളേക്കും സമയം പത്ത് ആയി…
ബാഗിന്റെ മുൻ അറയിൽ നിന്നും തലങ്ങും വിലങ്ങും റബ്ബർ ബാൻഡ് കെട്ടി വച്ച എന്റെ നോക്കിയയുടെ ഒരു പഴയ ടോർച്ച് മൊബൈൽ ഫോൺ ഞാൻ സൂക്ഷ്മതയോടെ എടുത്ത് സമയം നോക്കിയിട്ട് തിരികെ വച്ചു…പുരാവസ്തു ഗവേഷകർ കണ്ടാൽ ഇനി അതും കൈ വിട്ടു പോയാലോ…അല്ലാതെ ആരേലും കാണുമെന്ന നാണക്കേട് ഭയന്നല്ല കേട്ടോ…
ക്ലാസ്സ്‌മുറിയുടെ വാതിലിന്റെ ഭിത്തിയിൽ ഫസ്റ്റ് ഡി സി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നെഴുതിയ ചെറിയ ബോർഡ് വായിച്ചപ്പോൾ എന്റെ ലക്ഷ്യസ്ഥാനം ഇതാണെന്ന് ഞാൻ അടിവരയിട്ടുറപ്പിച്ചു…
എന്തെന്നറിയാത്ത ഒരു ചെറിയ ഭയം എന്നെ പൊതിയുന്നതായി ഞാനറിഞ്ഞു… വിദ്യാർഥികളാൽ നിബിഡമായ ആ ക്ലാസ്സ്മുറിയിലേക്കും, തീർത്തും അപരിചിതമായ ഈ ചുറ്റുപാടിലേക്കും മനസ്സിനെ ഇഴുകിചേർക്കാൻ പെട്ടന്ന് എനിക്ക് കഴിയാത്ത പോലെ…
ഇത്രയും ആളുകളെ അഭിമുഖികരിക്കാൻ സാധിക്കാത്ത പോലെ എന്നിൽ അപകർഷതാബോധം നിറയുന്നുണ്ടായിരുന്നു…ഒരു ചെറിയ തയ്യാറെടുപ്പുകളോടെ ദീർഘ ശ്വാസമെടുത്ത് ഞാൻ ധൈര്യം കൈവരിച്ചു…
സാർ…
നിശ്ശബ്ദമായ ആ ക്ലാസ്സ്മുറിയിലേക്ക് എന്റെ ദുർബലമായ ശബ്ദം ഒരു ചെറിയ മുഴക്കത്തോടെ ഒഴുകിചെന്നു…
ഏകദേശ അറുപത് ജോഡി കണ്ണുകൾ ഒരു നിമിഷം കൊണ്ടു എന്നിലേക്ക് വന്നു പതിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
ക്ലാസ്സ്മുറിയിലെ മേശയുടെ സൈഡിൽ ചാരി നിന്ന ഒരു യുവഅധ്യാപിക എന്റെ ശബ്ദം കേട്ട് തലചരിച്ചു വാതിലിനടുത്തേക്ക് നോക്കി…
“യെസ് കം ഇൻ….”
പതിയെ പേടിയോടെ ചുവടു വച്ചു അകത്തേക്ക് കയറിയ ഞാൻ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി…ഇത്രയും ആളുകളെ പുതിയതായി അഭിമുഖീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്റെ മുഖത്ത് തെളിഞ്ഞു നിന്നത് മനസ്സിലാക്കിയിട്ട് ആകാം ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചു…
പിന്നീട് ആ പുഞ്ചിരി മായുകയും അടിമുടി അവരുടെ കണ്ണുകൾ എന്നെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു…
ഭാഗീകമായി നനഞ്ഞു കുതിർന്ന ചുരിദാറിന്റെ മുൻവശവും, അങ്ങിങ്ങായി ഇളകി പോകാത്ത ചെളിയും, കണ്ണിൽ പടർന്ന കണ്മഷിയും, നെറ്റിയിലേക്ക് ഒഴുകി ഇറങ്ങിയ കാച്ചെണ്ണയും…ആകെ മൊത്തം വികൃതമായ എന്റെ രൂപത്തെ അവർ നോക്കിക്കാണുന്നത് ഞാൻ അറിഞ്ഞു…
തല ചരിച്ചു നോക്കിയപ്പോൾ മറ്റെല്ലാ വിദ്യാർത്ഥികളുടെയും മുഖത്തും അവജ്ഞയും സഹതാപവും പുച്ഛവും നിറയുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി തല കുനിച്ചു….
ഈ നൂറ്റാണ്ടിലും ഇത്തരം ജന്മങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നും ചിലരുടെ ഭാവങ്ങളിൽ തെളിഞ്ഞു കാണാം. ..
അപകർഷതാബോധം എന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു തുടങ്ങി…
ഞാൻ ഇങ്ങനെയാണ് എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ…ശ്വാസം വലിച്ചു വിട്ട് ഞാൻ സ്വയം ധൈര്യം സംഭരിച്ചു…
ആൺകുട്ടികളുടെ നിരയിൽ അവസാനത്തെ ബഞ്ചിന്റെ അറ്റത്ത് എന്നിലേക്ക് തന്നെ പുച്ഛത്തോടെ നോട്ടമെറിയുന്ന ആ ഗൗരവമാർന്ന മുഖവും കണ്ണുകളും കുറച്ച് മണിക്കൂറുകൾ മുന്നേ തന്റെ ഈ അവസ്ഥയ്ക്ക് അറിയാതെ എങ്കിലും കാരണക്കാരൻ ആയവന്റെതാണെന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു…
ക്ഷതമേറ്റ അഭിമാനത്തിന്റെ വൃണപ്പാടിൽ ഉപ്പുകാറ്റേറ്റ പോലെ ഞാൻ നീറിപ്പുകഞ്ഞു…
തുടരും…