പത്തിൽ പത്തു പൊരുത്തവുമായി വിനുവിന്റെ ജീവിതത്തിൽ കയറി ചെന്നവളല്ലേ സുമി…എന്നിട്ടും സംഭവിച്ചതെന്താ

എഴുത്ത്: രമ്യ വിജീഷ്

” വിധവ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നത് ശരിയല്ല സുമിത്രേ…മന്ത്രകോടി കൊടുക്കാൻ വരണ്ട… അവന്റെ പെങ്ങളുടെ സ്ഥാനത്തു വേറെയും പെണ്ണുങ്ങൾ ഇവിടെ ഉണ്ടല്ലോ”

സുഭദ്ര അമ്മായി അതു പറഞ്ഞപ്പോൾ ആണ് അവൾ ആ കാര്യം ഓർത്തത്…

തൊട്ടടുത്തു അമ്മ അവളെ നോക്കാതെ മുഖം കുനിച്ചിരുന്നു…

“അമ്മേ ഒരുങ്ങുന്നില്ലേ… അമ്മേ ദേ നമുക്ക് പോകാനുള്ള വണ്ടി വന്നിട്ടുണ്ട്”എന്ന് പറഞ്ഞുകൊണ്ട് അവളുടെ മക്കൾ ഓടി വന്നു..

“അമ്മ വരുന്നില്ലാട്ടോ മക്കൾ പോയിട്ടു വാ.. അമ്മക്കു നല്ല തലവേദന ” അതും പറഞ്ഞവൾ മുറിയിലേക്കോടി…

ശരിയാണ് താനൊരു വിധവ ആണെന്ന് മറന്നു… സ്വന്തം ഏട്ടൻ വിവാഹം കഴിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാ… തന്നെ കെട്ടിച്ച വകയിലും വീട് വച്ച വകയിലും ഒക്കെ നല്ല ബാധ്യത ഉണ്ടായിരുന്നു ഏട്ടന്… എല്ലാം ഒന്നൊതുക്കി വന്നപ്പോൾ കല്യാണപ്രായവും കഴിഞ്ഞു… അതിനിടക്ക് വിനുവേട്ടന്റെ മരണവും.. ഞാനും മക്കളും വീണ്ടും ബാധ്യത ആയി.. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ഇപ്പോൾ ഒരു ആലോചന ഒത്തു വന്നതാ… ഏട്ടനൊരു ജീവിതം കിട്ടുന്നതിന്റെ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു… അതിനിടയിൽ താനിതൊക്കെ മറന്നല്ലോ എന്റെ കൃഷ്ണാ…. അവൾ തലയിണയിൽ മുഖമമർത്തി കരഞ്ഞു…

“സുമി…. മോളു വരുന്നില്ലേ “…. ഏട്ടന്റെ ചോദ്യം കേട്ടവൾ പെട്ടെന്ന് കണ്ണീരു തുടച്ചെണീറ്റു….

“ഇല്ല ഏട്ടാ ഒരു തലവേദന… നിങ്ങൾ പോയാൽ മതി ” അവൾ ചിരിക്കാൻ ശ്രമിച്ചു…

അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു മുറിക്കു പുറത്തേക്കു വന്നു…

“സുമിത്ര എന്റെ കുഞ്ഞിപ്പെങ്ങൾ ആണ്… അവൾ കൂടെയില്ലാത്ത ഒരു സന്തോഷവും എനിക്കു വേണ്ട… അവൾ വിധവ ആയതു അവളുടെ വിധി… അവൾ കൂടെവന്നതുകൊണ്ട് എനിക്കു ആപത്തു സംഭവിക്കുമെന്ന് ഞാൻ കരുതുന്നുമില്ല… പത്തിൽ പത്തു പൊരുത്തവുമായി വിനുവിന്റെ ജീവിതത്തിൽ കയറി ചെന്നവളല്ലേ സുമി…. എന്നിട്ടും സംഭവിച്ചതെന്താ… ഞാൻ ഈശ്വരനെ വിശ്വസിക്കുന്നു… എന്നു കരുതി എനിക്കു അന്ധവിശ്വാസം തീരെയില്ല കേട്ടോ “

അയാൾ അതു പറയുമ്പോൾ അമ്മയുടെ മുഖത്തു പുഞ്ചിരി പടർന്നു…

ഏട്ടനെ കെട്ടിപിടിച്ചു നെഞ്ചിൽ തലചേർത്ത് പൊട്ടിക്കരയുമ്പോൾ അവൾ അറിയുക ആയിരുന്നു രക്തബന്ധത്തിന്റെ വില…

ശരിയല്ലേ രക്തബന്ധം പവിത്രമല്ലേ …