മുട്ടത്ത് കോഴി – എഴുത്ത്: ആദർശ് മോഹനൻ
” പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? ഇങ്ങനെ നോക്കല്ലെ അമ്മാവോ ദേ വായീന്ന് തേനൊലിച്ച് വരുന്നു, ആ തൊള്ളയൊന്ന് അടച്ച് വെക്ക് വല്ല ഈച്ചയും കേറിപ്പോകും ഉള്ളിലേക്ക് “
എന്റെ മുഖത്ത് നോക്കിയവളത് പറയുമ്പോ പൂരപ്പറമ്പാകെ മൊത്തം ശാന്തമായിരുന്നു, എല്ലാവരും എന്നെത്തന്നെയിങ്ങനെ കടുപ്പിച്ചിങ്ങനെ നോക്കി നിക്കണ കണ്ടപ്പോൾ ഞാനാകെ ചമ്മിച്ചൂളിപ്പോയതാണ്
പ്രായം മുപ്പത്തെട്ടായി എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായി തോന്നിയിട്ടില്ല , പൂരപ്പറമ്പിലിങ്ങനെ വായനോക്കി ഒലിപ്പിച്ച് നടക്കാതെ ഒരു പെണ്ണ് കെട്ടാൻ നോക്കിക്കോടെ എന്നമ്മ പറഞ്ഞപ്പോൾ ആ വാക്കുകളെ അപ്പാടെ തട്ടിയകറ്റുകയായിരുന്നു ഞാനും ചെയ്തത്
സ്വന്തമായി ഒരു ഗവൺമെന്റ് ജോലി ഉള്ള എനിക്ക് പെണ്ണ് കിട്ടാഞ്ഞിട്ടോ ,പെണ്ണ് കെട്ടണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടോ അല്ല, എനിക്ക് താഴെ നാല് പെങ്ങൾമാർ ആയിരിന്നു ഒക്കേത്തിനേം നല്ല തറവാടുകളിലേക്ക് കെട്ടിച്ചയച്ച് പറഞ്ഞു വിട്ടപ്പോഴേയ്ക്കും താടീലും മുടീലും നര വീണു തുടങ്ങിയിരുന്നു
മുട്ടത്ത് പെണ്ണ് കാണാൻ കേറിയിറങ്ങാത്ത വീടുകളില്ല എന്നതാണ് പരമമായ സത്യവും, കേറിച്ചെന്ന വീട്ടിലെ പെണ്ണൊരുത്തി ഈ കാർന്നോരെ കെട്ടണേലും ഭേതം എന്നെ ഈ വീടിന്റെ ഫാനില് കെട്ടിത്തൂക്കണതാണെന്നെന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോ പല്ലിളിച്ചവിടെ നിന്നും തല താഴ്ത്തി എണീറ്റ് പോരുകയാണ് ഞാനും ചെയ്തത്
എങ്കിലും അങ്ങനെ തോറ്റു പിൻമാറാൻ മനസ്സനുവദിച്ചില്ല, പെണ്ണുകാണൽ യജ്ഞം വീണ്ടും വീണ്ടും ഞാൻ തുടർന്നു കൊണ്ടിരുന്നു, അങ്ങനെ നിലയ്ക്കും വിലയ്ക്കും ചേർന്നൊരു ബന്ധം ഒത്തുവന്നപ്പോൾ പെണ്ണിനെന്റെ പേര് ഇഷ്ട്ടപ്പെട്ടില്ല, മുട്ടം സുധി ഇതൊരു മാതിരി ഒലക്കേമലെ പേരായി ന്ന് അവൾ പതിയെയെന്റെ മുഖത്ത് നോക്കാതെ പറഞ്ഞപ്പോ, എനിക്കാ പേര് ഇട്ട വേലു മുത്തശ്ശനെ എണ്ണമില്ലാതെ പ്രാകിയതാണ്. പേര് മാറ്റി വീണ്ടും പെണ്ണ് ചോദിക്കാൻ വരും വരെ കാത്തിരിക്കോ എന്നവളോട് ചോദിച്ചപ്പോൾ മൗനസ്സമ്മതത്തിലും ആ നീട്ടി മൂളലിലും ദൃഢാംഗപുളകിതനായതായിരുന്നു ഞാൻ
അങ്ങനെ പേരു മാറ്റാൻ അപേക്ഷ കൊടുക്കാനായി നല്ലൊരു പേര് അന്വേഷിച്ച് നടക്കണതിന്റെ ഇടയിലാണ് മാർക്കറ്റ് വാല്യു ഉള്ള ആ സാഹിത്യാകാരന്റെ പേരെന്റെ കണ്ണിലുടക്കുന്നത് രക്തബന്ധങ്ങളുടെ കഥയെഴുതി കരളലിയിപ്പിക്കുന്ന അയാളുടെ പേര്,
‘അരുൺ കാർത്തിക് ‘ ആഹാ ഇത് കൊള്ളാം, ഈ പേര് തന്നെ മതിയെന്ന് മനസ്സിലുറപ്പിച്ച് മൂന്നും കൽപ്പിച്ച് ഞാനാ ദൗത്യം ഞാനങ്ങ് നിറവേറ്റി, പുതിയ വസ്ത്രം അണിഞ്ഞ് പുത്തൻ റൈബാൻ ഗ്ലാസ് വച്ച് , ഇന്ന് നാട്ടിൽ നടക്കണ ഫോഗ് എന്ന പേരുള്ള പുതിയ ബോഡീസ്പ്രേയും മേലാസകലം പൂശി , ‘അരുൺ കാർത്തിക് ‘ എന്ന എന്റെ പുതിയ പേരിൽ ഞാനവളെ വീണ്ടും പെണ്ണ് കാണാനായി ചെന്നപ്പോൾ ആദ്യമെന്റെ കണ്ണൊന്നു തള്ളിയതാണ്
വീടിന്റെ ഉമ്മറത്ത് വലിയൊരു കവാടത്തിനു മുകളിൽ വെൽക്കം ബോർഡും രണ്ടറ്റത്തും കുലയോട് കൂടിയ കണ്ണൻ വാഴയും കണ്ടപ്പോൾ എന്റെ ചങ്കൊന്ന് പിടഞ്ഞു
തൊട്ടപ്പറുത്തുള്ള ബോർഡിൽ ‘അരുൺ കാർത്തിക് ‘ Weds ‘തേൻ മൊഴി ‘ എന്ന് കണ്ടപ്പൊത്തന്നെ ഓടിച്ചെന്ന് ഞാനാ മണ്ഡപത്തിലേക്ക് കണ്ണിറുമ്മിയൊന്ന് നോക്കി
അതെ ഇതവൻ തന്നെ ആ സാഹിത്യാകാരൻ തെണ്ടി , ശരിക്കും കണ്ണു നിറഞ്ഞത് അപ്പോഴാണ് അവന്റെ പേര് ഞാൻ സ്വന്തമാക്കിയപ്പോ എന്റെ പെണ്ണിനെയവൻ പുല്ല് പോലെ തട്ടിയെടുത്തു
അന്ന് കുടിച്ച് തീർത്ത വവ്വാലിന്റെ ലേബലുള്ള മദ്യക്കുപ്പിയിലെ ചുണ്ടിൽ തേനൂറും ലഹരിക്ക് പോലും എന്റെയാ കണ്ണീരിനെ അടക്കി നിർത്താനായില്ല എന്നതാണ് യാഥാർത്യവും
ശരിക്ക് പ്രാന്ത് പിടിച്ചത് അപ്പോളൊന്നുമല്ലായിരുന്നു, അയലക്കത്തുള്ള 24 വയസ്സുള്ള ആ പൊടിപ്പയ്യൻ ഗോവിന്ദനുണ്ണി പാലക്കാടുള്ള ഏതോ പട്ടര് പെണ്ണിനെ അടിച്ചോണ്ട് വന്നു എന്ന് കേട്ടപ്പോ തന്നെ എന്റെ മനസ്സ് ചത്തതാണ്
നിരാശ പൂണ്ട മുഖവുമായിയാ നവദമ്പതികളെ കാണാൻ ചെന്ന എന്റെ മുഖത്ത് നോക്കി തുടയുഴിഞ്ഞവനാ ചോദ്യം ചോദിച്ചു ,എന്റെ ചത്ത മനസ്സിനെ കുത്തിനോവിക്കാൻ പാകത്തിലുള്ളയാ ചോദ്യം
” എന്താ കാർന്നോരെ തേരാ പാരാ ഇങ്ങനെ തെണ്ടി നടന്നാ മതിയോ? ഒരു പെണ്ണൊക്കെ കെട്ടണ്ടെ “എന്നയാ ചോദ്യം
മറുപടി കൊടുക്കാതെ അവിടെ നിന്നും ഇറങ്ങിപ്പോന്ന അന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു, ഏതെങ്കിലും ഒരുത്തിയെ കണ്ണെറിഞ്ഞ് വീഴ്ത്തി കല്യാണം കഴിക്കണം എന്ന്, നാൽപ്പത്തഞ്ചാo വയസ്സിൽ പതിനെട്ടുകാരിയെ പ്രേമിച്ചുകെട്ടിയ മാതാ ബസ്സിലെ കണ്ടക്ടറ് മധുവേട്ടനെ മനസ്സിൽ ധ്യാനിച്ച് ഊട്ടിയുറപ്പിച്ചിറങ്ങിത്തിരിച്ചതാണ്
ചെണ്ടപ്പുറത്ത് കോല് വീഴുന്നിടത്തെല്ലാം ചെന്ന് വായും പൊളിച്ച് തരുണീമണികളുടെ എണ്ണം പിടിച്ച് തേനൊലിപ്പിച്ച് നടന്നപ്പോൾ വീണ പേരാണ് മുട്ടത്ത് കോഴി എന്ന പേര്
അങ്ങനെയാ പൂരപ്പറമ്പില് വെച്ച് എന്റെ മുഖത്ത് നോക്കി മാരക ഡയലോഗ് വച്ച് കാച്ചിയവളെ പിൻതുടരാൻ ഞാനും തീരുമാനിച്ചു
പേര് സൗമ്യ, വയസ്സ് ഇത്തിരി കുറവാ 26 ആയേ ഉള്ളോ ആളിത്തിരി കാന്താരി കടിച്ച കൂട്ടത്തിലായോണ്ട് കൂടുതലങ്ങോട്ട് കേറി കൊത്താൻ പറ്റില്ല
അതു കൊണ്ട് വീടിന്റെ ഉമ്മറത്ത് ഞാനെന്റെ നമ്പർ എഴുതിയിട്ട് പോരുമ്പോഴും പ്രതീക്ഷകളൊന്നും തന്നെയുണ്ടായിരുന്നില്ല, ഒരാഴ്ച കഴിഞ്ഞിട്ടാണ് റെസ്പോൺസ് ഉണ്ടാകുന്നതും
വാട്ട്സ് ആപ്പിൽ ഒരൊറ്റ ദിവസം തിമർത്ത് ചാറ്റി, പിറ്റേ ദിവസം പാർക്കിൽ മീറ്റ് ചെയ്യാൻ വരാമെന്നും അവൾ സമ്മതിച്ചു
അന്ന് വാങ്ങിച്ച പുത്തനുടുപ്പ് പൊടി തട്ടിയെടുത്ത് ഒന്ന് തേച്ച് നിവർത്തിയുടുത്തു, പുത്തൻ റൈബാൻ ഗ്ലാസ് തുടച്ചു മിനുക്കി വെച്ചു, ഉപ്പുറ്റി മുതൽ ഉച്ചി വരെ ഫോഗിന്റെ ബോഡീസ്പ്രേയും പൂശി പാർക്കിൽ ചെന്നപ്പോൾ വരവേറ്റത് സ്ഥലത്തെ പോലീസുദ്യോഗസ്ഥന്മാരായിരുന്നു
തൂക്കിയെടുത്തെന്നെ ജീപ്പിൽ കേറ്റിക്കൊണ്ട് പോകുമ്പോഴും കാര്യം എന്താണെന്നറിയാതെ കുഴങ്ങിയിരുന്നതേ ഉള്ളോ ഞാൻ
സ്റ്റേഷനിൽ കേറി ചെന്നപ്പോൾ അവിടുത്തെ CI ഒരു പെണ്ണായിരുന്നു, കുനിച്ചു നിർത്തിയുള്ള കുമ്പസാരം കഴിഞ്ഞിട്ടാണ് അവർ കാര്യം പറഞ്ഞതും
” നീ പെണ്ണങ്ങളെ ശല്യം ചെയ്യുന്നതും പോരാഞ്ഞിട്ട് വീട്ടിൽ ഫോൺ നമ്പറും ഇട്ടിട്ട് പോകും അല്ലേടാ നാറി ”
കാര്യം മനസ്സിലായ ഞാൻ കൈകൂപ്പിയവരോട് കേണപേക്ഷിച്ചു ഇനി തല്ലരുത് എന്ന്, എന്റെ ജീവിത കഥ കണ്ണീരൊടെ ഞാനവർക്ക് വിളമ്പിക്കൊടുക്കുമ്പോൾ ആ കണ്ണിൽ ഞാൻ കണ്ടത് എന്നോടുള്ള ദയ മാത്രമായിരുന്നു
ആ പെൺകുട്ടിക്ക് ദോഷ ജാതകമാണെന്നും വിവാഹാലോചനകൾ മുട്ടി നിൽക്കുന്നത് അറിയായിരുന്നിട്ടുo അവളെ വിവാഹം കഴിച്ച് കൂടെ കൂട്ടാം എന്ന ആഗ്രഹത്താലാണ് ഞാനങ്ങനെ ചെയ്തതെന്നുo അവരോട് പറഞ്ഞപ്പോൾ എന്നെ വെറുതെ വിടുകയായിരുന്നു അവർ
അന്ന് നിർത്തിയതാണ് സകല ഇടപാടുകളും പിന്നീട് വീട്ട് കാര്യങ്ങൾ നോക്കി എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും എന്ന രീതിയിൽ ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് അമ്മയാ ആലോചനയും പൊക്കിപ്പിടിച്ചോണ്ട് വീണ്ടും വന്നത്
നൂറു നൂറ്റമ്പത് തവണ ഞാൻ പറഞ്ഞതാ ഇനീം നാണം കെടാൻ വയ്യാ, ഇനിയീ ജീവിതത്തിലൊരു പെണ്ണില്ല എന്ന്,
അവർ ഇങ്ങോട്ട് ആലോചിച്ചു വന്നതാണെന്നും പ്രായം കൊണ്ടുo എല്ലാം കൊണ്ടും നിനക്ക് ചേരണ ബന്ധമാണെന്നും നീയൊരു പെണ്ണുകെട്ടീട്ട് വേണം എനിക്ക് സമാധാനായിട്ട് ഒന്നു കണ്ണടയ്ക്കാൻ എന്നു കൂടെ പറഞ്ഞ് കുറച്ച് പൂങ്കണ്ണീര് കൂടെയൊഴുക്കിയപ്പോൾ അമ്മേടെയാ നിർബന്ധത്തിന് വഴങ്ങിക്കൊടുക്കയായിരുന്നു ഞാനും ചെയ്തത്
പെണ്ണ് വീട്ടിൽ ചെന്നു വീട്ടുകാരക്കെ നല്ല രീതിയിൽ തന്നെയാണ് സൽക്കരിച്ചത്, ഒറ്റമോളാണ് എന്ന് പറഞ്ഞപ്പോ അമ്മേടെ മുഖമെന്ന് തെളിഞ്ഞു, അവസാനം അവൾ ചായയുമായി മുൻപിലേക്ക് കടന്നു വന്നപ്പോൾ പെട്ടൊന്ന് ഞെട്ടി. എനിക്കവിടെ നിന്ന് എണീറ്റോടാനാണ് തോന്നിയതും
കാരണം പെണ്ണ് വേറെ ആയിരുന്നില്ല, എന്നെ കുനിച്ച് നിർത്തി കുമ്പസരിച്ച Cl മാഡം ആയിരുന്നു അത്, സെറ്റ് സാരിയുടുത്ത് നാണിച്ചെന്റെ മുൻപിലവരങ്ങനെ നിൽക്കുമ്പോഴും എന്റെ കയ്യിലിരുന്നാ ചായ ഗ്ലാസ് കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു
ഞങ്ങൾക്ക് ഒറ്റയ്ക്ക് സംസാരിക്കാൻ കാരണവൻമാർ അവസരമൊരുക്കി തന്നപ്പോൾ ഞാനവളോട് ചോദിച്ചു
” എന്നെക്കുറിച്ച് ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ?”
പുഞ്ചിരിച്ചു കൊണ്ടവർ തിരിച്ചവളിങ്ങനെയാണ് മറുപടി പറഞ്ഞത്
ഞാനും ഒരു ദോഷ ജാതകക്കാരിയാണ് എന്നെ കെട്ടാൻ ഇയാൾക്ക് സമ്മതണെങ്കിൽ അന്ന് ഞാൻ ചെയ്തതെറ്റിന് ജീവിതം കൊണ്ട് ഞാൻ പരിഹാരം ചെയ്യാo എന്ന മറുപടി
“ആഹ അടിച്ചത് ഓണം ബംബർ തന്നെ ” ഞാൻ മനസ്സിൽപ്പറഞ്ഞു
ബോധം വെച്ച കാലത്ത് അമ്മേടെ മുക്കാലടുപ്പിൽ ഞാൻ വിറകു കൂട്ടി കത്തിച്ച് വെണ്ണീറാക്കിയ എന്റെ ജാതകത്തെ കുറിച്ചോർത്തപ്പോൾ ആദ്യമായെനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി
ബന്ധം ഉറപ്പിച്ച് പടിയിറങ്ങിയ എന്നെ നീട്ടിയൊരു പിൻവിളി കൊണ്ടെന്നെ അവൾ തടഞ്ഞു, കാതുകൂർപ്പിച്ചപ്പോൾ എന്റെ കാതിനെ പുളകം കൊള്ളിക്കുന്ന ആ വാക്കുകൾ ഞാൻ കേട്ടു
” അതേയ് നമ്മുടെ കല്യാണക്കുറിയിൽ നിങ്ങടെ പേര് ‘അരുൺ കാർത്തിക് ‘ എന്ന് ഇടരുത്, സുധി മതി, അതാ എനിക്കും ഇഷ്ട്ടം ” എന്ന്
ഓഹ് ഒരു പേരിലൊക്കെ എന്തിരിക്കുന്നു? അങ്ങനെ വിവാഹ നിശ്ചയം കഴിഞ്ഞ് കല്യാണക്കുറിയും അടിച്ച് അതിന്റെ പുറംചട്ടനോക്കി ഞാനിങ്ങനെ പുഞ്ചിരിച്ചു നിന്നു
സുധി wedട ദാക്ഷായണി Cl
ഓഹ് അതിങ്ങനെ ആവർത്തിച്ചാവർത്തിച്ചിങ്ങെനെ വായിക്കുമ്പോ തന്നെ മനസ്സിലൊരു ഉൾപ്പുളകമുണ്ടായപ്പോൾ പതിയെ ഞാനെന്റെ മനസ്സിൽ മൊഴിഞ്ഞു
“അങ്ങനെ ഈ മുട്ടത്ത് കോഴിക്കും പെണ്ണ് കിട്ടി ” എന്ന്