രുചി – എഴുത്ത്: ചിലങ്ക ചിലങ്ക
രാവിലെ ചോറിനു അരി ഇടാൻ എടുക്കുമ്പോൾ ആണ് അമ്മ പറഞ്ഞേ…”രാജിയും ഭർത്താവും ഇന്ന് വരുന്നുണ്ട് എന്ന്”.
കേട്ടപ്പോൾ ആദ്യം കണ്ണ് പോയത് അരികലത്തിലേക്ക് ആണ്. കഷ്ട്ടിച്ചു ഒരു ആഴ്ചക്കുള്ള അരി ഒള്ളൂ അതിൽ. ഈ ലോക്ക്ഡൌൺ ആയപ്പോൾ പണി ഇല്ലാത്തതു മൂലം നട്ടം തിരിയുന്നത് എന്നേ പോലെ ഉള്ള പാവപെട്ട വീട്ടമ്മമാർ ആണ്. അതിനു ഇടക്ക് ഇതു പോലെ വിരുന്നുക്കാർ വന്നാൽ എന്താ ചെയ്യാ…
രമേശ് ഏട്ടന് പണി ഉണ്ടായിട്ടു എത്ര ദിവസം ആയി. പലരോടും കടം വാങ്ങി ആണ് അന്നന്നു കഴിഞ്ഞു പോവുന്നത്…ഈ വീട്ടിലേക്കു വലതു കാൽ വെച്ച് കയറി വന്നപ്പോൾ അടുക്കളയുടെ താക്കോൽ തന്നതാണ് പിന്നെ അമ്മ ആ വഴിക്ക് വന്നിട്ടില്ല. എന്തൊക്കെ ഉണ്ടെന്നോ ഇല്ലെന്നോ അമ്മക്ക് അറിയില്ല…അവർ ഇപ്പോൾ വരുന്നത് എന്തിനെന്നോ ഒന്നും ഞാൻ ചോദിച്ചില്ല .അല്ലങ്കിലും മകളെക്കാൾ വലുത് അല്ലല്ലോ മരുമകൾ. ഇനി അത് മതിയാവും അമ്മക്ക് ഓരോന്നു പറയാൻ…
“മനോജ് കാലം കൂടി ആണ് വരുന്നത് രമേശ്നോട് എന്തേലും വാങ്ങാൻ പറയണം നീ” എന്നും പറഞ്ഞ് അമ്മ പോയി. നല്ല കാര്യം ആയി ഞാൻ അതും പോയി പറഞ്ഞു വേണം എനിക്ക് ചീത്ത കേൾക്കാൻ. എന്നാലും പറയാതെ വയ്യ. ആകെ ഉള്ളത് രണ്ടു ചെറിയ ഉള്ളിയും, ഒരു പച്ചമുളകും, പകുതി മുറിച്ച സവാളയും, രണ്ടു പച്ചകായയും ആണ്. ഇതു വെച്ച് എന്ത് ഉണ്ടാക്കി കൊടുക്കാനാ….
രമേശ് ഏട്ടനോട് ചോദിച്ചപ്പോൾ “നീ അപ്പുറത്തെ രാഗിയോട് ചോദിക്കു. ഇനി കടയിൽ പോവാൻ പറ്റില്ല. ഒന്നാമത് പോലീസ് ഇറങ്ങി ആളുകളെ ഒക്കെ അടിച്ചെന്ന് പറയുന്നത് കേട്ടു. ഒന്നും ഇല്ലങ്കിലും ചുമ്മാ അങ്ങാടിയിൽ പോയില്ലേൽ ഉറക്കം വരാത്ത ചിലരുണ്ട്. ഇനി ഇപ്പോൾ അവർ പോവാതെ പോവാൻ പറ്റില്ല. പിന്നെ രാമേട്ടൻ ഞാൻ ആയതു കൊണ്ടാണ് ഒന്നും പറയാത്തെ കടം പറയാൻ തുടങ്ങി കുറെ ആയി. നീ ഒന്ന് ചെല്ല്…നാളെ തരാ എന്ന് പറ…”
അന്നന്നു ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിച്ചു പോവുക ആയിരുന്നു. അപ്പോള ഇങ്ങനെ…എന്ത് ഉണ്ടേലും ആരുടേം മുന്നിലും പോയി കൈ നീട്ടി പരിചയം ഇല്ല. എന്നാൽ ചോദിക്കാതെ ഇരിക്കാനും വയ്യ അവർ ഇപ്പോൾ എത്തും. അരി കഴുകി അടുപ്പത്തു ഇട്ടു. ഇട്ടിരുന്ന മാക്സി തട്ടി കുടഞ്ഞു രാഗിയുടെ വീട്ടിലെക്ക് പുറപ്പെട്ടു. ഗൾഫിൽ ജോലി ഉള്ള ബാങ്ക്ബാലൻസ് ഉള്ള അവർക്കുണ്ടോ ലോക്ക്ഡൌൺ പ്രശ്നം…
രാഗിയുടെ അടുക്കള ലക്ഷ്യം ആക്കി പോവുമ്പോൾ തന്നെ അവിടെ അവളുടെ ഭർത്താവും മറ്റും അടുക്കളയിൽ എന്തോ പരീക്ഷണത്തിൽ ആണ്. ചോദിക്കാൻ വന്നത് എന്ത് കൊണ്ടോ ചോദിക്കാൻ തോന്നിയില്ല. ഒരു മടി…നമ്മുടെ ഇല്ലായ്മ നമ്മൾ അറിഞ്ഞാൽ പോരെ…എന്തിനാ മറ്റുള്ളവരെ കൂടി അറിയിക്കുന്നത് എന്ന് തോന്നി. എന്നാൽ പെട്ടന്ന് ആണ് അവൾ എന്നേ കണ്ടേ…പെട്ടന്നു പറയാൻ നാവിൽ കള്ളം ഒന്നും വന്നില്ല. അപ്പൊ ആണ് അവരുടെ വീട്ടിൽ പശു ഉള്ള ഓർമ വന്നേ…
“രമേശ്ഏട്ടന് വായിൽ പുണ്ണ് ഉണ്ട്. എരുവ് ഉള്ളത് ഒന്നും കഴിക്കാൻ വയ്യ. ഞാൻ ഇവിടെ മോര് ഉണ്ടേൽ ഇച്ചിരി വാങ്ങാൻ വന്നത് ആണെന്ന്” പറഞ്ഞു. “അതിനു എന്താ, ഇവിടെ ഉണ്ട്” പാത്രം തരാൻ പറഞ്ഞപ്പോൾ ആണ് അബദ്ധം പറ്റിയത് ഓർമ വന്നേ “അല്ല ഞാൻ ഇവിടെ ഉണ്ടേൽ പാത്രം എടുത്താൽ മതി എന്ന് കരുതി എടുക്കാൻ മറന്നു” എന്ന് പറഞ്ഞു. “അതിന് എന്താ ഇതാ ഇതിൽ കൊണ്ട് പൊക്കോ…” എന്ന് പറഞ്ഞു ഒരു പാത്രത്തിൽ മോര് തന്നു.
“അടുക്കളയിൽ എന്താ പരീക്ഷണം” എന്ന് ചോദിച്ചപ്പോൾ “യൂട്യൂബ് നോക്കി കാരറ്റ് പായസം ഉണ്ടാക്കിനോക്കുവാ” എന്ന് പറഞ്ഞു. അരിഞ്ഞുകൊണ്ട് ഇരിക്കുന്നതിൽ നിന്നും ഒരു കാരറ്റ് എനിക്ക് തന്നു. പാത്രം ഞാൻ തരാം എന്നും പറഞ്ഞു ഞാൻ തിരിച്ചു പോന്നു…
പോരുന്ന വഴിക്കു ആണ് എന്റെ കോഴി കുറച്ച് ദിവസം മുന്നേ ഞാൻ കത്തിക്കാൻ പെറുക്കികൂട്ടി കോട്ടയിൽ വെച്ച കരിയിലയിൽ ഇരിക്കുന്നത് കണ്ടേ…അടുത്ത് ചെന്നപ്പോൾ ആള് സുഗമായി ഇരുന്നു മുട്ട ഇടുവാ…ആള് കുറച്ചു ദിവസം ആയി ഒന്ന് സുന്ദരി ആയിട്ട്…മുട്ട ഇടാൻ ഒക്കെ ആയി എന്ന് അമ്മ പറഞ്ഞത് ഞാൻ അപ്പോള ഓർത്തത്. ആള് മുട്ട ഇട്ടു പോയപ്പോൾ അതാ അന്നത്തെ മുട്ട കൂട്ടി അഞ്ചു മുട്ട. അപ്പോൾ ആൾടെ സ്ഥിരം സ്ഥലം ഇവിടെ ആണല്ലേ….ഇതിപ്പോൾ വല്യ ഒരു കാര്യം ആയല്ലോ എന്നു കരുതി ഒരു കയ്യിൽ മോരും മറ്റേ കൈയിൽ മുട്ടയും ആയി ഞാൻ അടുക്കളയിൽ കേറി….
ഇതു കൊണ്ട് ഇപ്പോൾ ഒന്നും ആവില്ലല്ലോ. അപ്പോൾ ആണ് ആള് ഇല്ലാത്ത അപ്പുറത്തെ പറമ്പിന്റെ കാര്യം ഓർമ വന്നേ അതിൽ നിന്നും എന്തേലും ഉണ്ടാവോ എന്ന് നോക്കാൻ ഇറങ്ങി. ഒരു തേങ്ങയും, കുറച്ച് ചീനമുളകും, കുറച്ച് കറിവേപ്പിലയും കിട്ടി. തിരിച്ചു വരുമ്പോൾ ആണ് സമൃതമായി വേലിയിൽ വളർന്നു നിൽക്കുന്ന ചെമ്പരത്തിചെടിയിൽ കണ്ണുകൾ ഉടക്കിയത്. അമ്മയും ഏട്ടനും കാണാതെ ചെമ്പരത്തിഇലയുടെ തളിർ നോക്കി കുറച്ചു പൊട്ടിച്ച് എടുത്തു. വേഗം അടുക്കളയിലേക്ക് വന്നു.
അപ്പോളേക്കും ചോറ് ആയിട്ടുണ്ടായിരുന്നു. ചോറ് ഊറ്റി വെച്ചു. ഇന്നാള് അമ്മിണിചേച്ചി കഴിക്കാൻ തന്നെ പഴുത്തചക്കയുടെ കുരു എടുത്തു വെച്ചിരുന്നു. ചട്ടി കഴുകി അതിൽ നിന്നും കുറച്ച് എടുത്തു തൊലി കളഞ്ഞു ചട്ടിയിൽ ഇട്ടു കൂടെ ആകെ ഉണ്ടായിരുന്ന രണ്ട് പച്ചക്കായയും രാഗി കഴിക്കാൻ തന്ന കാരറ്റും ഇട്ടു അടുപ്പത്ത് വെച്ചു. വാക്കത്തി എടുത്തു തേങ്ങ പൊളിച്ചു പൊട്ടിച്ച് ചിരവി കുറച്ച് ചെറിയജീരകവും ചെറിയ ഉള്ളിയും ഒരു നുള്ള് മഞ്ഞൾപൊടിയും കൂട്ടി അമ്മിയിൽ അരച്ചു.
അടുപ്പത്ത് കിടക്കുന്നതിൽ രണ്ട്സ്പൂൺ മുളക്പൊടിയും ഉപ്പും ഇട്ടു അടച്ചു വെച്ചു. അത് നന്നായി ആയി വരുമ്പോളെക്കും ഒരു പത്രത്തിലെക്ക് മോര് എടുത്തു അതിലേക്കു ചീനമുളകും കറിവേപ്പിലയും അമ്മിയിൽ കുത്തി ഉപ്പും ചേർത്തു ഇളക്കി മാറ്റി വെച്ചു. പിന്നെ ചെമ്പരത്തിഇല നന്നായി കഴുകി ചെറുതായി അരിഞ്ഞു വെച്ചു. മുട്ട പൊട്ടിച്ച് ചീനമുളകും ചെറിയ ഉള്ളിയും ഉപ്പും ചേർത്തു യോജിപ്പിച്ചു വെച്ചു. കഷ്ണങ്ങൾ വെന്തുവന്നപ്പോൾ അരച്ച് വെച്ച തേങ്ങയുടെ അരപ്പ് എടുത്തു ഒഴിച്ച് തിളയ്ക്കുന്നതിന് മുമ്പ് ഇറക്കി വെച്ചു.
ചീനചട്ടി അടുപ്പത്ത് വെച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും പൊട്ടിച്ച് കറിയിൽ ഒഴിച്ചു ചീനചട്ടിയിൽ തന്നെ വെളിച്ചെണ്ണ ഒഴിച്ചു കലക്കി വെച്ച മുട്ട എടുത്തു നന്നായി ഇളക്കി വട്ടത്തിൽ ചുറ്റി വെന്തു വന്നപ്പോൾ മറിച്ചിട്ട് ഒരു പാത്രത്തിലേക്ക് ഇട്ടു മാറ്റി വെച്ചു. പിന്നെ കടുക് പൊട്ടിച്ച് പകുതി ഉള്ള സവാള അരിഞ്ഞു ഇട്ടു നന്നായി മൂത്തപ്പോൾ ഇച്ചിരി വെള്ളം ഒഴിച്ചു ഉപ്പും ഇട്ടു ഒരു നുള്ള് മഞ്ഞൾപൊടിയും ഇട്ടു അതിലേക്കു അരിഞ്ഞു വെച്ചചെമ്പരത്തിഇലയും ഇട്ടു അടച്ചു വെച്ചു. അത് ആയപ്പോൾ പാത്രത്തിലെക്ക് ആക്കി മാറ്റി വെച്ചു.
എല്ലാം നേരെ എടുത്തു വെച്ചപ്പോളെക്കും വിരുന്നുകാർ വന്നു. അവർക്കു വെള്ളം കൊടുത്തു ഇരുത്തി പറമ്പിൽ പോയി ഇല മുറിച്ചു കഴുകി തുടച്ചുവെച്ചു. “ഊണിനു നേരം ആയി വേഗം വിളമ്പാൻ നോക്ക് ” എന്ന് അമ്മ പറഞ്ഞപ്പോൾ എല്ലാം എടുത്തു ഹാളിൽ കൊണ്ട് പോയി വെച്ചു. ചോറും, കറിയും, ഉപ്പേരിയും, മുട്ടയും, മോരും കൂട്ടി അവർ കഴിക്കുന്നത് ഞാൻ നോക്കി നിന്നു. “ഇതു എന്ത് ഇല ആണ് ഉപ്പേരി വെച്ചത് നല്ല രുചി ഉണ്ടല്ലോ” എന്ന് രാജി ചോദിച്ചപ്പോൾ “അത് ചീര ആണ് വേറെ ഒരു സ്റ്റൈലിൽ ഉണ്ടാക്കിയത് ആണ് “എന്ന് പറഞ്ഞു.
“വായിക്ക് രുചിയായി എന്തേലും കഴിക്കണം എങ്കിൽ ഇങ്ങോട്ടു വരണം “എന്ന് മനോജ് പറഞ്ഞപ്പോൾ രമേശ്ഏട്ടൻ നോക്കിയ നോട്ടത്തിൽ പറയാതെ പലതും ഞാൻ കണ്ടു. അമ്മയുടെ ഭാഗത്തു നിന്നും ഒന്നും പറഞ്ഞില്ല എന്ന് വേണ്ട എന്ന് കരുതി ആണാവോ “പപ്പടം കച്ചിയില്ലേ “എന്നൊരു ചോദ്യം വന്നു. “എന്തിനാ അതൊക്കെ അമ്മേ ഇതെന്ന ധാരാളം” എന്ന മനോജിന്റെ വർത്താനത്തിൽ അമ്മേടെ വാ അടഞ്ഞു.
എല്ലാവരും കഴിച്ചു കഴിഞ്ഞു ഇല കളഞ്ഞു പാത്രവും കഴുകിവെച്ചു ബാക്കി വന്ന പാത്രത്തിലെ അവസാനവറ്റും ഇച്ചിരി മോരും കൂട്ടി ഞാനും കഴിച്ചെന്നു വരുത്തി. കൈ കഴുകി കട്ടനും ഉണ്ടാക്കി അവർക്കു കൊടുത്തു. പിന്നേ ആണ് അവർ വന്ന കാര്യം പറഞ്ഞത്.
“ഞങ്ങൾ ഇപ്പോൾ പോവും ഹോസ്പിറ്റലിലേക്ക് വന്നത് ആണ് അപ്പോൾ ഇങ്ങോട്ടു ഒന്ന് കേറിയതാ. രാജിക്ക് വിശേഷം ഉണ്ട്. ഇന്നലെ ചെറുതായി ഒന്ന് ഛർദിച്ചു ഒരു സംശയം. ഇപ്പോൾ അത് ഉറപ്പിച്ചു. ഇതിപ്പോ നാലാമത്തെ അല്ലെ കുറച്ച് വർഷത്തെ ഗ്യാപ് ഉള്ളത് കൊണ്ട് റസ്റ്റ് വേണം എന്ന ഡോക്ടർ പറഞ്ഞത് ഇപ്പോൾ മക്കൾ ഒന്നും കൂടെ ഇല്ലല്ലോ. ഇനി വേറെ ഒരു ദിവസം വരാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് അന്ന് ഞങ്ങൾ കുറച്ചു ദിവസം നിൽക്കാൻ ആയി വരാം. അപ്പോൾ പിന്നെ അമ്മേടെ പരാതി കൂടെ അങ്ങ് മാറ്റാം”എന്നും.
“അതിനു എന്താ മോനെ സന്തോഷം” എന്ന് അമ്മ പറയുമ്പോൾ അരികലത്തിൽ ആകെ ഉള്ള അരിയും വേലിയിൽ പടർന്നു നിൽക്കുന്ന ചെമ്പരത്തിയും ആണ് എന്റെ കണ്ണിൽ ആകെ തെളിഞ്ഞു കണ്ടത്…..