അവിചാരിതം ~ ഭാഗം 02 , എഴുത്ത്: ദീപ്‌തി പ്രവീൺ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കോളേജില്‍ എല്ലാവരും ഇതറിഞ്ഞപ്പോള്‍ എന്തോ നാണക്കേട് തോന്നി അതാണ് കുറേ നാള്‍ ലീവെടുത്തത്‌…”

പരസ്പരം സങ്കടങ്ങള്‍ പങ്കുവെച്ചു അന്ന് പിരിയുമ്പോഴേക്കും ഞങ്ങള്‍ക്കിടയില്‍ ഒരു അടുപ്പം രൂപപെട്ടിരുന്നു….. ഒരേ തോണിയിലെ യാത്രക്കാരായതു കൊണ്ടായിരിക്കാം മറ്റുള്ളവര്‍ക്ക് നിസാരമെന്നു തോന്നുന്ന ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്..

എക്സാം കഴിഞ്ഞു .. എല്ലാവരും വീട്ടിലേക്ക് മടങ്ങി… ഞാനും മടിയോടെ ആണെങ്കിലും വീട്ടിലേക്ക് മടങ്ങി… വിശ്വന്‍ സാറും ആശയും കോണ്ടാക്ട് ചെയ്യാന്‍ നമ്പര്‍ ചോദിച്ചെങ്കിലും കൊടുത്തില്ല.. അവര്‍ വിളിക്കുമ്പോള്‍ ഇളയമ്മ ഏതുരീതിയില്‍ പ്രതികരിക്കും എന്ന് ഭയമായിരുന്നു ..

” വിളിക്കാന്‍ കഴിയുമോന്ന് അറിയില്ല… പ്രതീക്ഷിക്കരുത്… ”

അവരുടെ കൈയ്യില്‍ നിന്നും നമ്പര്‍ മേടിക്കുമ്പോഴും മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു…

വീട്ടിലെത്തിയപ്പോള്‍ ഇളയമ്മയുടെ മുഖം പതിവില്ലാതെ കനത്തിരുന്നു. കാര്യമറിയാതെ ഞാനും വേവലാതിപെട്ടു…

” പണ്ട് അമ്മ പോയ വഴി മോള്‍ക്ക് വല്ലതും സമ്പാദിച്ചു വെച്ചിരുന്നോയെന്തോ.. അച്ഛന്‍ കെട്ടിക്കാന്‍ നടക്കുന്നു. ”

രണ്ടു ദിവസങ്ങള്‍ കൊണ്ട് ഇളയമ്മയുടെ മുറുമുറുപ്പുകളില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായി… ജോലി കഴിഞ്ഞു വന്നു പറമ്പിലൂടെ നടന്നിരുന്ന അച്ഛന്റെ പുറകില്‍ ചെന്നു ചുമച്ചു.

” ഉം… ” .അതൊരു ചോദ്യമോ ഉത്തരമോ ആയിരുന്നു…

” അച്ഛാ.. എനിക്ക് ഇപ്പോള്‍ കല്യാണം ഒന്നും വേണ്ട.. എനിക്ക് പഠിക്കണം .. സ്വന്തം കാലില്‍ നില്‍ക്കണം.. ഒരു ദിവസമെങ്കിലും കുറ്റപെടുത്തലില്ലാതെ ഉറങ്ങണം. ബാധ്യതയാണെന്നുള്ള മുറുമുറുപ്പുകളെ ഭയക്കാതെ ജീവിക്കണം… ” എങ്ങനെ പറഞ്ഞൊപ്പിച്ചു എന്നറിയില്ല.

”ആര് പറഞ്ഞു കല്യാണം നോക്കുന്നൂന്ന്. ” ബാക്കി ചോദ്യങ്ങള്‍ അച്ഛന്റെ തൊണ്ടയില്‍ കുരുങ്ങി കിടന്നിരുന്നൂന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..കണ്‍മുന്നില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണടച്ചു മറയ്ക്കുന്ന അച്ഛനോളം അറിയുന്നവര്‍ ആരുമില്ലല്ലോ…

” എനിക്ക് തോന്നീ…എന്തായാലും തല്‍ക്കാലം വേണ്ട.. ഡിഗ്രി കഴിഞ്ഞു പിജി ചെയ്യണം.. ബിഎഡ് എടുക്കണം … എവിടെയെങ്കിലും ജോലി ചെയ്തു ജീവിക്കണം..”

തിരിഞ്ഞു നടക്കുമ്പോള്‍ ചോദിക്കാന്‍ തുനിഞ്ഞ ഒരു കൂട്ടം ചോദ്യങ്ങള്‍ ആശയക്കുഴപ്പത്തില്‍ കിടന്നു ഞെരിയുന്നത് അറിഞ്ഞിരുന്നു…

വീണ്ടും കോളേജിലേക്ക് … വെക്കേഷന്‍ സമയത്ത് വിളിക്കാത്തതിന്റെ പരിഭവം ആശയ്ക്ക് ഉണ്ടായിരുന്നു… വിശ്വന്‍ സാറും ഒരു അകലം ഇട്ടാണ് ഇടപെട്ടത്‌. എന്തും നല്ലതിനാണെന്നു കരുതി പഠിത്തത്തില്‍ ശ്രദ്ധിച്ചു..

” മീനാക്ഷി .. ഞാന്‍ തന്നെ മനപൂര്‍വ്വം അവഗണിക്കുകയായിരുന്നു.. വെക്കേഷന്‍ സമയത്ത് തന്നെ കാണാതെ വല്ലാത്ത അസ്വസ്ഥത ആയിരുന്നു .. അത് ശരിയല്ലല്ലോന്നു കരുതി മനപൂര്‍വ്വം ഒന്നു മാറി നടക്കാന്‍ ശ്രമിച്ചതാണ്.. പക്ഷെ കഴിയുന്നില്ല.. എന്റെ അത്യാഗ്രഹം എന്നൊക്കെ പറയാമെങ്കിലും തന്നെ മറക്കാനോ അവഗണിക്കാനോ കഴിയുന്നില്ല.. തെറ്റാണെങ്കില്‍ ക്ഷമിക്കുക .. ”

മുഖവുരയൊന്നും കൂടാതെ വിശ്വന്‍സാര്‍ അത് പറയുമ്പോള്‍ പ്രത്യേകിച്ചും ഞെട്ടലൊന്നും തോന്നിയില്ല.. ക്ലാസ് മുറിയില്‍ ഞാനും സാറും മാത്രമേ ഉണ്ടായിരുന്നുള്ളു..

മറുപടി ഒരു പുഞ്ചിരിയിലൊതുക്കി പതിയെ എഴുന്നേറ്റു..

” താനൊന്നും പറഞ്ഞില്ലല്ലോ.. ” കൈയ്യില്‍ പിടിച്ചു നിര്‍ത്തി കൊണ്ടാണ് ചോദിച്ചത്.. കൈയ്യിലേക്ക് നോക്കിയപ്പോള്‍ സാര്‍ കൈയ്യെടുത്തു സോറി പറഞ്ഞു..

” സാധാരണ കുട്ടികളെ പോലെ ഒരു കോളേജ് റൊമാന്‍സിന് പറ്റിയ സാഹചര്യം അല്ല എന്റേതെന്ന് സാറിന് അറിയാലോ..പ്രണയിച്ചു നടക്കാന്‍ സമയമില്ല.,പഠിക്കണം ജോലി നേടണം.. ഒന്നും എന്റേതെന്നു പറഞ്ഞു ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് നഷ്ടപെട്ടാല്‍ സഹിക്കാനും കഴിയില്ല. അതുകൊണ്ട് സാര്‍ നല്ലതുപോലെ ഒന്നു കൂടി ആലോചിക്കു.. ”

ദിവസങ്ങള്‍ പൊഴിഞ്ഞു തീര്‍ന്നു കൊണ്ടിരുന്നു .. വിശ്വന്‍ സാറിന്റെ നോട്ടങ്ങളെ നേരിടാന്‍ പഠിച്ചു തുടങ്ങി…

ആശ ഇടയ്ക്കിടെ വിശ്വന്‍ സാറിന്റെ കാര്യങ്ങള്‍ പറഞ്ഞും ചോദിച്ചും വന്നാലും ഒന്നോ രണ്ടോ വാക്കില്‍ പറഞ്ഞൊഴിയും..

” ഡീ വിശ്വന്‍ സാറിന് എന്താ കുഴപ്പം..സാറിനെ കണ്ടാല്‍ ഒന്നു കെട്ടിയതാണെന്ന് ആരെങ്കിലും പറയുമോ.. സാറ് പാവം അല്ലേ”

കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് ആശ പതിയെ സംസാരം തുടങ്ങി വെച്ചത്..

” ഇല്ല..സാറിനെ കണ്ടാല്‍ കല്യാണം കഴിച്ചതാണെന്ന് ആരും പറയില്ല .. കല്യാണം കഴിച്ചൂന്ന് മാത്രമല്ലല്ലോ..ഒരു കുട്ടിയും ഇല്ലേ.. കുടുംബം ആകുമ്പോള്‍ വഴക്കും പരിഭവവും പതിവാണ്.. ഇന്നല്ലെങ്കില്‍ നാളെ അവര്‍ ഒന്നാകും.. അപ്പോള്‍ എന്റെ സ്ഥാനം എന്താകും..നീയൊന്നു ചിന്തിച്ചേ.”

” ഇനി അവര്‍ ഒന്നാകാനോ..” തമാശ കേട്ടതുപോലെ ആശ ചിരിച്ചു തുടങ്ങി..

” അവര്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ആയെന്നാണ് അറിഞ്ഞത്.. കുട്ടിക്ക് ഇഷ്ടമുള്ളവരുടെ കൂടെ താമസിക്കാം.. നീ നിന്റെ തീരുമാനമെടുക്കു..”

രാത്രിയില്‍ ഉറക്കം കാത്തു കിടക്കുമ്പോഴും ആശയുടെ വാക്കുകളായിരുന്നു മനസ്സില്‍..

വിശ്വന്‍ സാര്‍ ഒരിക്കല്‍ കൂടി എന്റെ മുന്നില്‍ വന്നപ്പോള്‍ പറയാന്‍ ഒഴുവ് ന്യയങ്ങളൊന്നും ഇല്ലായിരുന്നു എന്നതാണ് സത്യം…. അല്ലെങ്കില്‍ ഉണ്ടായിരുന്ന ന്യായങ്ങളൊക്കെ ആശയുടെ വാചകകസര്‍ത്തില്‍ തകര്‍ന്നു പോയിരുന്നു ..

ഡിഗ്രിയും കംപ്ലീറ്റ് ചെയ്തു പിജിക്ക് അഡ്മിഷന്‍ എടുത്തപ്പോള്‍ ആശയും കൂടെ കൂടിയിരുന്നു.. മനസ്സില്‍ പ്രണയം കൂടുകൂട്ടിയിരുന്നെങ്കിലും ലക്ഷ്യം വലുതായിരുന്നു.. പിജി പകുതിയായപ്പോഴാണ് ആശയുടെ വിവാഹം ..

ഇപ്പോള്‍ ഡിവോഴ്സ് വാങ്ങിപ്പോയ സാറിന്റെ ഭാര്യ തിരികെ വരണമെന്ന ആവശ്യവുമായി വന്നിട്ടുണ്ട്… പിജി കഴിയാറായി… ഇനി കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങേണ്ടിവരും… സാറിന്റെ ഭാര്യ മടങ്ങി വരുമ്പോള്‍ തന്റെ അവസ്ഥ എന്തായിരിക്കും … അതുകൊണ്ട് ആണ് തന്നെ കൂടെ കൂട്ടണമെന്ന് ,സാറിനോട് ആവശ്യപെട്ടത്.. പക്ഷേ സാറ് മുഖം തിരിച്ചു നില്‍ക്കുന്നു… ഓരോന്ന് ഓര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല… ,

എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് വീണ അവസ്ഥ.. ഇനിയും മൂന്ന് എക്സാം കൂടിയെയുള്ളു…വിശ്വേട്ടന്‍ ഒരു തീരുമാനവും എടുക്കാനാവാതെ പതറുന്നു….

രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകുമ്പോള്‍ ആശയെ വിളിച്ചു സംസാരിക്കണമെന്നുറപ്പിച്ചിരുന്നു…

കോളേജിലേക്ക് പോകുന്ന വഴിയില്‍ അവളെ വിളിച്ചു.. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അവള്‍ അമ്പരന്നു..

” അവര് ഡിവോഴ്സ് വാങ്ങി പോയിട്ട് രണ്ടുവര്‍ഷത്തോളം ആയതല്ലേ..ഇനിയും എന്തിനാകും വരുന്നത്… കുട്ടിയെ കാട്ടി വീണ്ടും സാറിന്റെ ജീവിതത്തിലേക്ക് കയറാനാണോ…?. ”

അവളുടെ ചോദ്യത്തിനൊന്നും എന്റെ കൈയ്യില്‍ ഉത്തരം ഇല്ലായിരുന്നു എന്നതാണ് സത്യം.. അവര്‍ ഡിവോഴ്സായി എന്നതും മോനേ അവര്‍ക്കൊപ്പം വിട്ടു എന്നതും മാത്രമേ തനിക്ക് അറിയു.. കൂടുതലൊന്നും ചോദിച്ചിട്ടില്ല.. ഇടയ്ക്കിടെ വിശ്വേട്ടന്റെ അച്ഛന്‍ പോയാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നിരുന്നത്.. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നോ ഒന്നും പിടിയില്ല..

” വിദ്യ വിളിച്ചു… മോനെയും കൂട്ടി വന്നു ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞു.. ”

ഇത്രയും പറഞ്ഞതേയുള്ളൂ… കൂടുതല്‍ ചോദിക്കാന്‍ ഭയമായിരുന്നു … എങ്ങനെയും വിശ്വേട്ടനെ സ്വന്തമാക്കണമെന്നു മാത്രമായിരുന്നു അപ്പോള്‍ മുതല്‍ ചിന്ത…

കോളേജിലേക്ക് പോകാന്‍ തോന്നിയില്ല…തിരികെ ഹോസ്റ്റലില്‍ വന്നു കട്ടിലിലേക്ക് വീഴുമ്പോള്‍ മനസ്സ് കൈവിട്ടു പോകുന്നത് അറിയുന്നുണ്ടായിരുന്നു….

വിശ്വേട്ടന് ഭാര്യയെയും മകനെയും കൈവിടാന്‍ കഴിയില്ലെന്നു ഉറപ്പായി…. അതാണ് മൗനം.. താനും വിശ്വേട്ടനുമായുള്ള ബന്ധത്തിന് എന്താണ് ഉറപ്പുള്ളത്… അതുപോലെ യാണോ കുടുംബം .. ഭാര്യ പിരിഞ്ഞു പോയെങ്കിലും കുഞ്ഞു അവരെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തും..

തുടക്കത്തില്‍ ഇതൊക്കെ ആലോചിച്ചു പിന്‍തിരിഞ്ഞു നിന്ന താനെന്തിനാണ് ഈ ഒരു ബന്ധത്തിലേക്ക് ആഴ്ന്നിറങ്ങിയത്… ചിന്തകള്‍ ഭ്രാന്തു പിടിച്ചു തുടങ്ങിയിരുന്നു …

ഇനിയെന്ത് എന്ന ചോദ്യത്തോടെ നാളെകള്‍ പല്ലിളിച്ചു കാട്ടി…തിരിച്ചും മറിച്ചും ചിന്തിച്ചു കൊണ്ട് അങ്ങനെ കിടന്നു..

” മീനാക്ഷി ,തനിക്കൊരു ഫോണുണ്ട് .. ”

പുറത്താരോ വിളിക്കുന്നു… വിശ്വേട്ടനാകും… അല്ലാതെ ആര് വിളിക്കാനാണ്.. ആശ വല്ലപ്പോഴും വിളിക്കും..,ഇന്ന് അവളേ വിളിച്ചതു കൊണ്ട് അവളാകാന്‍ വഴിയില്ല..

വിശ്വേട്ടന്‍ എന്താകും പറയാനുണ്ടാകുക.. തന്നെ കൂടെ കൂട്ടാന്‍ കഴിയില്ലെന്നല്ലേ. പിന്നെങ്ങനെ ഒരുമിച്ചു ജീവിക്കും..

വേണ്ട..!!!

ഇനിയും ആ നാവില്‍ നിന്നും അതു കേള്‍ക്കാന്‍ വയ്യ… സഹിക്കാന്‍ കഴിയില്ല..

” മീനാക്ഷി …”

വീണ്ടും വാതിലില്‍ മുട്ടി..

” എനിക്ക് നല്ല തലവേദന … കിടക്കുകയാണെന്നു പറയൂ… ”

അകന്നു പോകുന്ന കാലടി ശബ്ദം കേട്ടു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നി.

വിശ്വേട്ടന്റെ ഒരു കോളിനായി മണിക്കൂറുകളോളം പോയി കാത്തിരുന്ന ഞാനാണ് കള്ളം പറഞ്ഞു ഇപ്പോള്‍ ഒഴിവാക്കുന്നത്..

രാത്രിയില്‍ ഭക്ഷണം കഴിച്ചു വന്നു പുസ്തകം തുറന്നു മനസ്സിനെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു …

അക്ഷരങ്ങള്‍ മങ്ങി തുടങ്ങിയപ്പോള്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു .. പതിയെ എഴുന്നേറ്റു ജനാലയുടെ അരികിലേക്ക് നടന്നു…

വിശ്വേട്ടനെയും ഫാമിലിയെയും പറ്റി ആലോചിച്ചു … താന്‍ അവര്‍ക്കൊരു അധികപറ്റാണ്…… ആ കുഞ്ഞിനെ പറ്റി ഓര്‍ത്തപ്പോള്‍ തന്റെ മുഖം ഓര്‍മ്മ വന്നു.. അമ്മയോ അച്ഛനോ അടുത്തില്ലാതെ വളരുന്ന കുഞ്ഞിന്റെ അവസ്ഥ തന്നോളം ആര്‍ക്കാണ് മനസ്സിലാകുക….. മറ്റൊരാളിന് അധികപറ്റായി ജീവിക്കേണ്ടി വന്നാല്‍ ആ കുഞ്ഞ് തന്നേപോലെ ഉരുകി ജീവിക്കേണ്ടി വരില്ലേ.. ചിന്തകള്‍ കാടുപിടിച്ചു തുടങ്ങി…

താന്‍ തന്നെയാണ് പിന്‍മാറേണ്ടത്… തന്നെ ഒഴിവാക്കും മുന്‍പ് സ്വയം ഒഴിവായി പോകണം…. വലിച്ചെറിഞ്ഞാല്‍ ആ വീഴ്ചയില്‍ നിന്നും ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞൂന്ന് വരില്ല.. സ്വയം മനസ്സിലാക്കി മാറിയാല്‍ മനസ്സിനെ വരുതിയിലാക്കാന്‍ കഴിയും…

ഉറങ്ങുവാന്‍ ഏറെ വൈകിയിരുന്നു…. തിരിച്ചും മറിച്ചും ചിന്തിച്ചു.. ഒടുവില്‍ ആരുടെയും ജീവിതത്തിലേക്ക് അധികപറ്റായി കടന്നു ചെല്ലേണ്ടെന്നുറപ്പിച്ചാണ് ഉറങ്ങിയത്….

രാവിലെ ഉണര്‍ന്നു അല്‍പസമയം തലേന്നത്തെ സംഭവങ്ങളെ കുറിച്ചോര്‍ത്തു… അല്ലെങ്കിലും ഇവിടെ വരുമ്പോള്‍ ഒരു പ്രണയമല്ലായിരുന്നെല്ലോ ലക്ഷ്യം… എങ്ങനെയും പഠിച്ചു മുന്നേറുക… ഇളയമ്മയുടെ കനത്ത മുഖം ഓര്‍ത്തപ്പോള്‍ മനസ്സിന്റെ വിങ്ങലൊക്കെ ഒന്നടങ്ങി..ഝ

കുളിച്ചു കോളേജില്‍ പോകാന്‍ ഇറങ്ങിയപ്പോഴും വിശ്വന്‍ സാറിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു …

ബാക്കിയുള്ള പരീക്ഷകള്‍ എഴുതാന്‍ കോളേജില്‍ എത്തിയപ്പോഴും വിശ്വന്‍ സാറിന്റെ മുന്നില്‍ പെടാതെയിരിക്കാന്‍ ശ്രമിച്ചിരുന്നു… ഒന്നു രണ്ടു തവണ മിന്നായം പോലെയൊന്നു കണ്ടപ്പോഴെല്ലാം മുഖംതിരിച്ചാണ് നടന്നത്.. രണ്ടു തവണ കൂടി ഫോണ്‍ വന്നെങ്കിലും എടുക്കാന്‍ കൂട്ടാക്കിയില്ല…. അടഞ്ഞ അധ്യായങ്ങള്‍ അങ്ങനെതന്നെ ഇരിക്കട്ടെ …. താണ്ടുവാന്‍ ഇനിയും ഏറെദൂരമുണ്ട് ലക്ഷ്യത്തിലേക്ക്…

എക്സാം എല്ലാം തീര്‍ന്നു. നാളെ വീട്ടിലേക്ക് മടങ്ങണം… വീട്ടില്‍ നില്‍ക്കുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ വല്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപെട്ടു..

ഇളയമ്മയുടെ മകള്‍ക്ക് നല്ല രണ്ടുമൂന്ന് വിവാഹാലോചനകള്‍ ആരോ പറഞ്ഞൂത്രേ… അവള്‍ക്ക് പതിനെട്ട് തികയാന്‍ ഇനിയും ആറേഴ് മാസം കൂടിയുണ്ട്.

” ഇളയതും ഒരു പെണ്‍കുട്ടിയായതു കൊണ്ട് എങ്ങനേലും ഇവളെയൊന്നു പറഞ്ഞു വിട്ടാല്‍ മതിയാരുന്നു. അതെങ്ങനെയാ ഒരു കെട്ടാചരക്ക് ഇങ്ങനെ വീട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ കൊച്ചുങ്ങള്‍ക്കൊരു ജീവിതം എങ്ങനെയുണ്ടാകാനാ…

ഈ നശൂലം എങ്ങോട്ടെങ്കിലും ഒന്നിറങ്ങി പോയിരുന്നെങ്കില്‍ എന്റെ കൊച്ചുങ്ങള്‍ രക്ഷപെട്ടേനേ… ”

കഴിഞ്ഞ തവണ ചെന്നപ്പോള്‍ മുതല്‍ ഇളയമ്മയുടെ പതിവു പല്ലവിയായിരുന്നു ഇത്. ഇനിയെങ്ങനേ അവരുടെ മുന്നിലേക്ക് ചെല്ലും..

കോളേജില്‍ നിന്നും പോകുന്ന വഴി ആശയെ വിളിച്ചു.. ആരുമില്ലാത്ത തനിക്ക് അവള് മാത്രമേയുള്ളു ഒരു സഹായത്തിന്..

” ഹലോ.. ആശ ഞാനാടീ.. ”

പറയ് മീനാക്ഷി …

” ഞാന്‍ പറഞ്ഞ കാര്യം എന്തായി…തിരക്കിയോ..ശരിയാകുമോ.. ”

” ഡീ അത് ഏകദേശം ശരിയായി… ഒരാഴ്ച കഴിഞ്ഞാല്‍ ജോയിന്‍ ചെയ്യാം. തുടക്കമായതു കൊണ്ട് ശമ്പളം കുറവായിരിക്കും. ”

” അത് സാരമില്ല. തല്‍ക്കാലം പിടിച്ചു നില്‍ക്കണം .. നിനക്ക് അറിയാമെല്ലോ വീട്ടില്‍ അധികം നില്‍ക്കാന്‍ പറ്റില്ല. ഒരാഴ്ച വീട്ടില്‍ പോയി നില്‍ക്കാം. അതു കഴിഞ്ഞ് നിന്റെ അടുത്തേക്ക് വരാം. താമസിക്കാന്‍ ഹോസ്റ്റലോ മറ്റോ ശരിയാക്കണ്ടേ. ”

താമസസൗകര്യമൊക്കെ ശരിയാക്കാം ഇവിടെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുണ്ട്. നീ ധൈര്യായി പോയിട്ടു വാ..

ഫോണ്‍ ഡിസ്കണക്ട് ചെയ്യുമ്പോള്‍ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞിരുന്നു .. ഒരു ജോലി അത്രയേറേ ആവശ്യമാണെന്നു തോന്നിയ സമയമാണിത്. വീട്ടില്‍ നിന്നും മാറി നില്‍ക്കാനും മനസ്സൊന്നു റിലാക്സ് ആകാനും ഒരു മാറ്റം ആവശ്യമാണ്…

” മീനാക്ഷി ” ഓരോന്ന് ചിന്തിച്ചു കൊണ്ട് ഹോസ്റ്റലിലേക്ക് കയറുമ്പോഴാണ് പിന്നില്‍ നിന്നും വിളി കേട്ടത്..

” താനെന്താ താമസിച്ചത്..നാളെ പോകുന്നതിന്റെ ഒരുക്കമാണോ… ”

തൊട്ടടുത്ത റൂമിലെ കുട്ടിയാണ്..

” ഞാന്‍ ആശയെ ഒന്നു വിളിക്കാന്‍ കയറിയതാണ്‌. . എന്തേ”

” തനിക്കൊരു കോളുണ്ടായിരുന്നു.. ഇപ്പോള്‍ വിളിക്കുമായിരിക്കും..താന്‍ എത്തീട്ടില്ലെന്നു പറഞ്ഞപ്പോള്‍ കട്ടാക്കിയിരുന്നു.. ”

ശരിയെന്നു പറഞ്ഞു തിരിയുമ്പോള്‍ ആ കോള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതാണെല്ലോന്നൂ ഓര്‍ത്തു.

അവസാനമായി ഒന്നു പറയേണ്ടേ.. വേണം.. ഇനി പിന്‍തുടരരുതെന്ന് പറയണം..

ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് അങ്ങോട്ടു ചെന്നത്…

” മീനാക്ഷി .. ”

നീട്ടി വിളിച്ചപ്പോഴേക്കും പോയി ഫോണ്‍ വാങ്ങിയിരുന്നു..

” ഹലോ.. ”

ഏറെദിവസങ്ങള്‍ക്ക് ശേഷം ആ സ്വരം കേട്ടപ്പോള്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടി… തീരുമാനങ്ങളെ ഒന്നു കൂടീ ഉറപ്പിച്ചു കൊണ്ട് മനസ്സിനെയടക്കി നിര്‍ത്തി.

” പറഞ്ഞോളൂ.. ”

” മീനാക്ഷി നീ എന്തിനാണെന്നെ അവഗണിക്കുന്നത്.. ”

” ഞാന്‍ ആരെയും അവഗണിച്ചില്ലല്ലോ.. സാര്‍ ഒരു ഭര്‍ത്താവ് മാത്രമല്ല അച്ഛന്‍ ആണെന്നതു കൂടി ഞാന്‍ ഓര്‍ക്കണമായിരുന്നു.. അത് ഓര്‍ക്കാത്തത് എന്റെ തെറ്റ് ആ തെറ്റ് ഞാന്‍ തിരുത്തി. അത്രേയുള്ളു . എല്ലാവരും ജീവിതത്തില്‍ കുടുംബത്തിനാണ് ഒന്നാം സ്ഥാനം.അങ്ങനെയാണ് വേണ്ടതും.

പരസ്പരം തോന്നുന്ന ആകര്‍ഷണങ്ങള്‍ക്കൊക്കെ ഒരു പരിധിയുണ്ട്. ആ പരിധിയ്ക്ക് അപ്പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മതി..

സാറിനോട് എനിക്ക് പിണക്കമോ പരിഭവമോ ഇല്ല.. അമ്മയോ അച്ഛനോ കൂടെയില്ലാതെ വളരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ എന്നോളം ആര്‍ക്കും മനസ്സിലാകില്ല. സാറ് എന്റെ ജീവിതത്തില്‍ നിന്നും പോയെന്നു കരുതി എന്റെ ജീവിതത്തിന് ഒന്നും സംഭവിക്കില്ല..

ഞാനൊരു ജോലി ശരിയാക്കിയിട്ടുണ്ട്.റിസര്‍ട്ട് വന്ന ശേഷം പഠിത്തം തുടരും.. അതുകൊണ്ട് എന്റെ ഭാവിയെ കരുതിയൊന്നും സാറ് വിഷമിക്കേണ്ട.

ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി പറയുന്നത് സാറിന് ഏതെങ്കിലും തരത്തില്‍ എന്നെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന. അറിയിക്കാനാണ്..”

അവള്‍ പറയുന്നത് നിശബ്ദം കേട്ടു കൊണ്ടിരിക്കുമ്പോളും അവളിലെ മാറ്റമാണ് വിശ്വന്‍ ശ്രദ്ധിച്ചിരുന്നത്.. വിശ്വേട്ടന്‍ എന്ന വിളിയില്‍ നിന്നും പഴയതു പോലെ സാര്‍ എന്ന വിളിയിലേക്ക് അവള്‍ മടങ്ങിയിരിക്കുന്നു. മീനാക്ഷി അങ്ങനെയാണ് വളരെ ചിന്തിച്ചേ തീരുമാനിക്കൂ..

” മീനാക്ഷി ..നീ എന്നെയൊന്നു പറയാന്‍ അനുവദിക്കുമോ.. ” അവസാന ചാന്‍സെന്ന നിലയിലാണ് ചോദിച്ചത്..

” വേണ്ട.. എനിക്ക് സാറിന്റെതായി ഒന്നും തന്നെ കേള്‍ക്കാന്‍ ഇല്ല. എനിക്ക് പറയാനുള്ളത് പറയാന്‍ മാത്രമാണ് കോള്‍ അറ്റന്‍റ് ചെയ്തത്..

സാറിന്റെ മകനെയൊര്‍ത്ത് നല്ലയൊരു ജീവിതത്തിനായി ഒരുങ്ങണം..അത്ര മാത്രമേ പറയാനുള്ളു. ഭാര്യ മടങ്ങി വരണമെന്നു പറഞ്ഞപ്പോള്‍ എനിക്കൊരു വിഭ്രാന്തിയായി രുന്നു..

ജീവിത ത്തില്‍ ഒന്നും സ്വന്തമല്ലാത്ത എനിക്ക് സാര്‍ സ്വന്തമായിരുന്നൂ എന്നായിരുന്നു വിശ്വാസം ..അതുകൊണ്ട് എങ്ങനെയും ,നിങ്ങളെ സ്വന്തമാക്കമെന്നു തോന്നിയതു കൊണ്ടാണ് കൂടെ കൂട്ടാന്‍ നിര്‍ബന്ധിച്ചത്. സാറിന്റെ അവസ്ഥ ഓര്‍ത്തില്ല. ക്ഷമിക്കണം.

പിന്നീട് ഞാന്‍ ആലോചിച്ചു.. തീരുമാനമെടുത്തു. ഈ തീരുമാനം തന്നെയാണ് നല്ലത്. അപ്പോള്‍ ശരി. ഇനി മനസ്സിനെ കുത്തിമുറിവേല്പ്പിക്കാതെ ഇരിക്കാന്‍ പരസ്പരം കാണാതെയിരിക്കട്ടെ.. എല്ലാ ആശംസകളും..”

മറുപടി പ്രതീക്ഷിക്കാതെ കോള്‍ കട്ട് ചെയ്യുമ്പോള്‍ നെഞ്ചിലോരു നിലവിളി ആര്‍ത്തലച്ചു തുടങ്ങിയിരുന്നു .

എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും വിശ്വന്‍ സാര്‍ മനസ്സിന്റെ തീരാദുഃഖമാണെന്നു തിരിച്ചറിയുകയായിരുന്നൂ.

വേണ്ട.. ഇനിയൊരു തിരിഞ്ഞു നോട്ടം വേണ്ട.. നഷ്ടങ്ങളുടെ ചിതയില്‍ വിശ്വന് എന്ന പേരു കൂടി എഴുതി ചേര്‍ക്കുമ്പോള്‍ കണ്ണീരുപ്പിനാല്‍ എന്നും അത് പുകഞ്ഞു കൊണ്ടിരിക്കുമെന്ന് അറിയാമായിരുന്നു.

ഓടിയൊളിക്കുന്നതു പോലെയാണ് ആ നഗരത്തിനോട് വിട പറഞ്ഞത്.

എരിതീയില്‍ നിന്നും വറച്ചട്ടിയിലേക്ക് എന്ന പോലെ വീട്ടിലേക്കുള്ള യാത്രയില്‍ തീര്‍ത്തും ക്ഷീണിതയായിരുന്നു..ഇളയമ്മയുടെ മുഖവും പ്രവൃത്തിയും ഓര്‍ത്തപ്പോള്‍ പോകാനും തോന്നുന്നില്ല. ഒരാഴ്ച എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം ..

വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ തന്നെ കണ്ടു കനത്ത മുഖവുമായി ഇളയമ്മ ..

” നിങ്ങള്‍ അവളോട് സംസാരിക്കുന്നുണ്ടോ അതോ ഞാന്‍ പറയണോ..”

വൈകുന്നേരം ഇളയമ്മ അച്ഛനോട് പറയുന്നതു കേട്ടു കൊണ്ടാണ് റൂമിന് പുറത്തേക്ക് വന്നത്..

” മീനാക്ഷി ഒരു കല്യാണാലോചന വന്നിട്ടുണ്ട് .. ഞാനത് ഉറപ്പിക്കാന്‍ പോകുകയാണ്..”

അച്ഛന്‍ തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് അത് പറഞ്ഞത്‌

” അച്ഛനോട് ഞാന്‍ മുന്‍പ് പറഞ്ഞതല്ലേ..എനിക്ക് പഠിക്കണം. ഞാന്‍ ആര്‍ക്കും ബാധ്യതയാകില്ല. ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ പോയിക്കോളാം. ഒരു ജോലി ശരിയായിട്ടുണ്ട്. ”

” നീ എവിടെ പോകാന്‍.. എന്നിട്ട് വേണം നിന്നെ ഇറക്കി വിട്ടെന്നു നാട്ടുകാര് പറയാന്‍.. ഇവിടുന്ന് എവിടെയും പോകാന്‍ പറ്റില്ല. അമ്മ പോയതു പോലെ മകളും ഒരുങ്ങി ഇറങ്ങുകയാകും… എനിക്ക് എന്റെ മക്കളുടെ ജീവിതം നോക്കണം.. അഴിഞ്ഞാടി നടക്കാന്‍ ഇവിടെ നടപ്പില്ല..”

ഇളയമ്മയുടെ അട്ടഹാസം പെട്ടെന്ന് നിന്നതു കൊണ്ടാണ് തലയുയര്‍ത്തി നോക്കിയത്.. കവിളും പൊത്തി നില്‍ക്കുന്ന ഇളയമ്മയെയും ദേഷ്യത്തോടെ അവരെ നോക്കി നില്‍ക്കുന്ന അച്ഛനെയും കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്..

ആദ്യമായാണ് അച്ഛന്‍ അവരെ തല്ലുന്നത് കാണുന്നത്..

” മീനാക്ഷി , നിന്നെ അറിയാവുന്ന പയ്യനാണ്. നിനക്ക് നന്നായി ചേരും..

ആ പയ്യന്‍ ആദ്യമൊന്നു കല്യാണം കഴിച്ചതാണ്‌… ഒരു കുട്ടിയുണ്ട്.. നിന്നെ കോളേജില്‍ വെച്ച് കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്… അവിടെയാണ് പഠിപ്പിക്കുന്നത്.. ആ കുഞ്ഞിനെ നോക്കുന്ന പാവപ്പെട്ട ഒരു പെണ്‍കുട്ടിയെയാണ് അവര്‍ക്ക് വേണ്ടത്..

അമ്മയില്ലാത്ത ഒരു കുഞ്ഞിനെ നിന്നോളം നല്ലതു പോലെവളര്‍ത്താന്‍ മാറ്റാര്‍ക്കും പറ്റില്ലെന്ന് എനിക്ക് അറിയാഃ.. അത്രത്തോളം നീയിവിടെ അനുഭവിച്ചിട്ടുണ്ടെല്ലോ…

നല്ല ബന്ധമാണ്.. രണ്ടാം വിവാഹം ആണെന്നത് മോളൊരു പോരായ്മയായി കാണേണ്ട..

വൈകുന്നേരം ആ പയ്യന്‍ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്.. പയ്യന്റെ ഫോട്ടോ ഇവള്‍ തരും..മോളൊന്ന് സംസാരിച്ചു നോക്കു.. ”

അങ്ങനെ പറഞ്ഞു അച്ഛന്‍ പുറത്തേക്ക് ഇറങ്ങുമ്പോഴും സ്വപ്നലോകത്തെന്ന വണ്ണം നില്‍ക്കുകയായിരുന്നു ഞാന്‍..

ഇളയമ്മ നീട്ടിയ ഫോട്ടോയിലേക്ക് കണ്ണിടയ്ക്കാതെ നോക്കി നില്‍ക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്..

ഹൃദയം പടപടാന്ന് മിടിക്കാന്‍ തുടങ്ങി..വിറയ്ക്കുന്ന കൈകളോടെ ഫോണെടുക്കുമ്പോഴും എന്തു സംസാരിക്കുമെന്ന ചിന്ത അലട്ടിയിരുന്നു..

ഹലോ…

ഇന്നലെ ഇങ്ങോട്ടു പറഞ്ഞതൊക്കെ ഞാന്‍ മിണ്ടാതെ ഇരുന്നു കേട്ടില്ലേ..ഇനി ഞാന്‍ പറയുന്നത് കേള്‍ക്കു..

വിദ്യ തിരികെ എന്റെ ജീവിതത്തിലേക്ക് വരണമെന്നു പറഞ്ഞതു ശരിയാണ്.. അവള്‍ക്ക് പുതിയ ജീവിതത്തിലേക്ക് പോകാന്‍ മോനായിരുന്നു തടസം… മോനേ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചതു കൊണ്ട് അവള്‍ തിരികെ പോയി.. അല്ലെങ്കിലും അവള്‍ എന്നോടു കൂടെ ജീവിക്കാന്‍ ആയിരുന്നെങ്കില്‍ നേരത്തേ ജീവിക്കുകയില്ലേ.. അവള്‍ക്ക് മോനേ കാണേണ്ടപ്പോഴെല്ലാം കാണാന്‍ അനുവാദം കൊടുത്തിട്ടുണ്ട് ..

ഒരിക്കല്‍ വേണ്ടേന്നു പറഞ്ഞു വലിച്ചെറിഞ്ഞു പോയവളെ തിരികെ കൂട്ടാനും മാത്രം മഹാമനസ്കത ഇല്ലെന്നു കൂട്ടിക്കോളു.. ഇതൊക്കെ തന്നോടു പറയാന്‍ കുറേ ശ്രമിച്ചു..

പിന്നെ കരുതി ഇനി നേരിട്ട് വീട്ടുകാരോട് ആലോചനയാകാമെന്ന്..

തന്റെ വീട്ടില്‍ സമ്മതിക്കുമോന്ന് ഭയമുണ്ടായിരുന്നു..തന്നെ പരിചയമുണ്ടെന്നേ പറഞ്ഞിട്ടുള്ളു.. അഥവാ ഈ ആലോചന വേണ്ടെന്നു വെച്ചാലും ഞാന്‍ കാരണം തനിക്കൊരു ചീത്തപേര് വേണ്ടെല്ലോന്നു കരുതി.

തന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് പറഞ്ഞത്.. തന്നേക്കാള്‍ നല്ലയൊരു അമ്മയെ എന്റെ മോന് കിട്ടില്ല… അതെനിക്ക് ഉറപ്പായി..

അപ്പോള്‍ ഇനി എന്തു പറയുന്നു.. ”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു ഞാന്‍..

” അത്..വിശ്വേട്ടാ… ഞാന്‍.. ”

വാക്കുകള്‍ പുറത്തേക്ക് വന്നില്ല..

” താന്‍ പറയേണ്ട.. ഉത്തരം എനിക്ക് കിട്ടി..

പാതിവഴിയില്‍ ഉപേക്ഷിക്കാനല്ല ഞാന്‍ കൂടെ കൂട്ടിയത്… തന്റെ സ്വന്തമായി തന്നെ കൂടെ കൂട്ടാന്‍ ഞാന്‍ വരുന്നുണ്ട്..”

ജീവിതത്തില്‍ ആദ്യമായി മനസ്സു നിറഞ്ഞു ചിരിക്കുമ്പോള്‍ പിന്നില്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛന്‍ ഉണ്ടായിരുന്നു…

അവസാനിച്ചു…