നിങ്ങളെന്ത് ഭാവിച്ചാ മനുഷ്യാ… നാണക്കേടുകൊണ്ട് മനുഷ്യന്റെ തൊലിയുരിയുന്നു….അത്രയും ആൾക്കാർക്ക് മുൻപിൽ യാതൊരു നാണവുമില്ലാതെ…..

മസ്സിൽമാന്റെ ഭാര്യ

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

“അയ്യോ…. ഈ കാലമാടൻ എന്നെ കൊല്ലുന്നേ…. ഓടി വരണേ… “

രാധികയുടെ കരച്ചിൽ മുറ്റവും ഗേറ്റും കടന്ന് റോഡിലേക്ക് ഇരച്ചു കയറിയതും നാട്ടുകാരെല്ലാം പേടിച്ചരണ്ട് അവളുടെ വീട്ടിലേക്ക് ഓടിവരാൻ തുടങ്ങി.

“എന്താ എന്ത് പറ്റിക്കാണും ??…പ്രകാശൻ ആ കുട്ടിയെ മർദിക്കാനും തുടങ്ങിയോ ??…. അവന്റെ കയ്യിൽ നിന്നൊന്ന് കിട്ടിയാൽ അവൾ പമ്പരം കറങ്ങി നിലത്ത് വീഴും…. “

അവരെല്ലാം വാതിൽ തള്ളിത്തുറന്ന് ശബ്ദം കേട്ട അടുക്കള ഭാഗത്തേക്ക്‌ പാഞ്ഞു.അടുപ്പിലൂതാനുള്ള കുഴലും പിടിച്ചുകൊണ്ട് ഇഞ്ചികടിച്ച കുരങ്ങിനെപ്പോലെ അടുക്കളയിൽ നിന്നുകൊണ്ട് പല്ലിളിച്ചു നിൽക്കുന്ന അവളെ കണ്ടതും ബീരാൻ ഹാജി ചോദിച്ചു

“എന്തുപറ്റി മോളെ… നിന്റെ കരച്ചിൽ കേട്ടതുകൊണ്ടാണ് ഞങ്ങളെല്ലാം ഓടി വന്നത് “

“അത് ഒന്നൂല്ല ഇക്കാ… ഞാൻ അടുപ്പിൽ ഊതുകയായിരുന്നു… അപ്പോൾ പ്രകാശേട്ടൻ വന്നു പിറകിൽ നിന്നൊരു പിടി… എന്നെ പേടിപ്പിക്കാൻ പിടിച്ചതാ… പക്ഷേ എനിക്കത് നന്നായി വേദനിച്ചു.. അപ്പോൾ ഏട്ടനോടുള്ള അപ്പോഴത്തെ ദേഷ്യംകൊണ്ട് അറിയാതെ നിലവിളിച്ചതാ… നിങ്ങളാരും ഇങ്ങനെ പേടിക്കുമെന്ന് കരുതീല്ല… “

“എന്നിട്ടവനെവിടെ ??”

“ഞാൻ ശബ്ദം വെച്ചതും ഏട്ടനാകെ പരിഭ്രമിച്ച് അടുക്കളവഴി ഓടി “

അവൾ ഒരുവിധം മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചതും ആമിന താത്തയുടെ മുഖത്ത് പുഞ്ചിരി പടർന്നു

“അതൊന്നൂല്ലന്നെ… അവൻ അവളെയൊന്ന് പേടിപ്പിക്കാൻ നോക്കിയതാ… നിങ്ങളെല്ലാം വന്നേ… “

ഓടിക്കൂടിയ നാട്ടുകാരെല്ലാം കാര്യം മനസ്സിലായതും അവിടെ നിന്ന് മടങ്ങാൻ തുടങ്ങി. അപ്പോഴും പുതുതായി വന്ന പോസ്റ്റ്മാൻ ഷെരീഫിന് മാത്രം ചെറിയ ഒരു സംശയം ബാക്കിയായി.

“അല്ല ഇക്കാ… ഓന് ഓളെ കെട്ടിയോൻ… കെട്ടിയോൻ പിടിച്ചാൽ കെട്ടിയോൾ ഇങ്ങനെ കരയേണ്ട ആവശ്യമുണ്ടോ ???”

“ഡാ… ഒനാരാണെന്ന് അനക്ക് അറിയോ… ജിമ്മനാ… ജിമ്മൻ…. ഓന്റെ ഒരു കൈ എന്ന പറഞ്ഞാൽ ജെ സി ബി ന്റെ പല്ലുപോലിരിക്കും… അവൻ ആ പാവത്തിനെ പ്രേമം മൂത്ത് ചുറ്റിപ്പിടിച്ചു കാണും…. അതോടെ ഓളെ നട്ടെല്ല് നുറുക്ക് പൊടിയണപോലെ പൊടിഞ്ഞു കാണും “

ഇതാണ് നമ്മുടെ രാധികയും ഭർത്താവ് പ്രകാശനും. ചൊവ്വാദോഷക്കാരനായിരുന്ന പ്രകാശൻ ഒരുപാട് അലച്ചിലിനു ശേഷമാണ് രാധികയെ കാണുന്നതും അവളെ വിവാഹം കഴിക്കുന്നതും. ഭർത്താവ് നല്ല മാസിൽമാനാണെന്ന് ആദ്യം അവളോട്‌ പറഞ്ഞപ്പോൾ അവൾക്ക് സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അങ്ങനെ അവരുടെ കല്യാണവും കെങ്കേമമായി നടന്നു.

ആദ്യ രാത്രിയിലെ കൊച്ചുവർത്തമാനത്തിനിടെ അവനവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു

“രാധികേ… ഞാനൊരു ബോഡി ബിൽഡർ ആണെന്ന് അറിയാല്ലോ ???..നിനക്കെന്റെ ബോഡി കാണേണ്ടേ… “

ആകാംഷ മുഴുവൻ കണ്ണിൽ പുരട്ടി അവൾ തലയാട്ടി സമ്മതിച്ചതും അവൻ ഉടുത്തിരുന്ന ഷർട്ടും മുണ്ടും അഴിച്ചുവെച്ച് നെഞ്ചിൻകൂട് മുഴുവൻ പരത്തി വെച്ച് ഒരു ഒന്നൊന്നര നിൽപ്പ്.

ഒറ്റനോട്ടത്തിൽ ഇറച്ചിക്കടയിലേക്ക് നോക്കിയപോലെ. ശരീരം മുഴവൻ മാംസക്കഷ്ണങ്ങൾ വെട്ടിത്തിളങ്ങുന്നത് കണ്ട് അവൾ കണ്മിഴിച്ചു നിന്നു. അൽപ്പ സമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അമ്മേ എന്ന് നിലവിളിച്ചുകൊണ്ട് അവൾ ബോധംകെട്ട് കിടക്കയിലേക്ക് വീണു.

പിറ്റേദിവസം അതിരാവിലെ തന്നെ പ്രകാശൻ കസർത്തു തുടങ്ങി. ശരീരം മുഴുവൻ എണ്ണയും തേച്ച് അടുക്കള മുറ്റത്ത് നിന്ന് എന്തൊക്കെയോ അഭ്യാസങ്ങൾ കാണിക്കുന്നു.ഓരോ അഭ്യാസവും കഴിയുന്ന മുറക്ക് എണ്ണപാത്രത്തിൽ നിന്നും എണ്ണ കയ്യിലേക്കൊഴിച്ച് ശരീരം മുഴുവൻ പുരട്ടുന്നുമുണ്ട്. എല്ലാം കഴിഞ്ഞതും നാല് കോഴിമുട്ടയെടുത്ത് വിരലുകൊണ്ട് തെറ്റി പൊട്ടിച്ചതിന് ശേഷം വായയിലേക്ക് ആർത്തിയോടെ ഒഴിക്കുന്നുമുണ്ട് .അത്കൂടെ കണ്ടതോടെ അവൾ വലിയ ശബ്ദത്തിൽ ഓക്കാനിച്ചുകൊണ്ട് തെങ്ങിൻ തടത്തിലേക്ക് ഓടി.

അന്ന് തന്നെ പ്രകാശന് കാര്യം മനസ്സിലായി.തന്റെ ഈ മസ്സിൽ പ്രേമം ഭാര്യക്കത്ര പിടിക്കുന്നില്ലെന്ന്. അത്കൊണ്ട് തന്നെ പിന്നീടുള്ള ദിവസങ്ങളിലെ അഭ്യാസങ്ങളെല്ലാം അയാൾ ടെറസിന് മുകളിലേക്ക് മാറ്റി.

ദിവസങ്ങൾ കഴിയുന്തോറും പ്രകാശനും അയാളുടെ മസിലും നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും വലിയ ചർച്ചയാകുന്നത് അവൾ അത്ഭുതത്തോടെ കാണാൻ തുടങ്ങി.ഒരു കല്യാണ ചടങ്ങിന് പോയാലും ചെറുപ്പക്കാരെല്ലാം പ്രകാശിന് പിന്നാലെ കൂടും. അയാളുടെ ഭക്ഷണ ശീലത്തെ കുറിച്ചും അഭ്യാസ രീതിയെ കുറിച്ചും വാതോരാതെ ചോദിക്കുന്നവരോട് പ്രകാശൻ സൗമ്യമായി മറുപടി പറയുന്നത് കേൾക്കുമ്പോൾ അവൾ പുച്ഛത്തോടെ മുഖം തിരിക്കും.

പെണ്കുട്ടികളെല്ലാം ഇമ വെട്ടാതെ അയാളുടെ ശരീരം മുഴുവൻ പരതുന്നത് കാണുമ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു തുടങ്ങും.

ഒരിക്കൽ ടൗണിൽ നിന്ന് വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയിലാണ് ഒരു പരസ്യ ബോർഡ് അവളുടെ കണ്ണിൽ തടഞ്ഞത്. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ടി എം ടി കമ്പിയുടെ ബലം കാണിക്കാൻ പ്രകാശൻ അതാ മസിലും കാണിച്ച് ഒരു ഷെഡ്‌ഡി മാത്രം ഇട്ടുകൊണ്ട് നിൽക്കുന്നു.

“അയ്യേ… എത്രായിരം ആൾക്കാർ സഞ്ചരിക്കുന്ന റോഡാണ്…. അവരുടെയൊക്കെ മുൻപിൽ ഇങ്ങനെ ഷെഡ്‌ഡിയിട്ടൊണ്ട് നിൽക്കാൻ ഇയാൾക്ക് നാണമില്ലേ ???…വീട്ടിലെത്തട്ടെ, പറഞ്ഞിട്ട് തന്നെ കാര്യം…. “…അവൾ മനസ്സിൽ കരുതി.

അവൾ വീട്ടിലെത്തിയതും പ്രകാശന്റെ നേരെ കയർത്തു.

“നിങ്ങളെന്ത് ഭാവിച്ചാ മനുഷ്യാ… നാണക്കേടുകൊണ്ട് മനുഷ്യന്റെ തൊലിയുരിയുന്നു….അത്രയും ആൾക്കാർക്ക് മുൻപിൽ യാതൊരു നാണവുമില്ലാതെ ഷെഡ്‌ഡി പുറത്ത് നിൽക്കുമ്പോൾ നിങ്ങൾ എന്നെകുറിച്ച് ഓർത്തോ… എന്റെ അച്ഛെനെയോർത്തോ… കുടുംബക്കാർ ആരെങ്കിലും ഇത് കണ്ടാലുള്ള അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയോ ???….”

പ്രകാശൻ അവളോടൊന്നും മിണ്ടാതെ റൂമിലേക്ക് നടന്നു. അവൾ അരിശം തീരാതെ അടുക്കളയിലേക്കും നടന്നു.

പിറ്റേ ദിവസം അതി രാവിലെ തന്നെ പ്രകാശൻ ടെറസിന് മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടു . മസ്സിൽ പെരുപ്പിക്കാൻ ഉപയോഗിചിരുന്ന ഉപകരണങ്ങൾ ഓരോന്നും അയാൾ മുറ്റത്തേക്ക് കൊണ്ടുവന്നതിന് ശേഷം ഒരു കവറിൽ പൊതിഞ്ഞ് ചായ്പ്പിലേക്ക് നടക്കുന്നു.

പ്രകാശന്റെ മുഖം മങ്ങിയിരുന്നു. കുട്ടിക്കാലം മുതൽ കൂടെകൂട്ടിയ ഓരോ ഉപകരണങ്ങളും ചായ്പ്പിൽ ഉപക്ഷിക്കുമ്പോൾ അയാളുടെ മിഴികൾ നനയുന്നത് രാധിക അടുക്കളയിൽ നിന്ന് കാണുന്നുണ്ടായിരുന്നു.

“അൽപ്പം നൊന്താലും വേണ്ടീല്ല…. അയാളുടെ ഈ മസ്സിൽ ഭ്രാന്ത് അവസാനിച്ചല്ലോ”…. എന്ന നിർവൃതിയിലായിരുന്നു അവളപ്പോൾ.

ദിവസങ്ങളോരോന്നും കടന്നുപോയി. പ്രകാശന്റെ മസിലുകൾ ഓരോന്നും ഇടിഞ്ഞു തുടങ്ങി. പക്ഷേ അയാൾക്കവളോടുള്ള സ്നേഹത്തിന് യാതൊരു ഇടിവും സംഭവിച്ചില്ല.

ഒരിക്കൽ ഒരു മഴക്കാലത്ത്, അടുക്കളയിൽ നിന്ന് മുറ്റത്തേക്കിറങുന്നതിനിടെ അവളുടെ കാലൊന്ന് വഴുക്കി. നിയന്ത്രണം കിട്ടാതെ ചെന്ന് വീണതാകട്ടെ തൊട്ടപ്പുറത്തുള്ള അലക്കു കല്ലിൽ. പ്രകാശൻ ശബ്ദം കേട്ട് പുറത്തേക്ക് ഓടിവന്നതും അവളതാ ചോരയിൽ മുങ്ങിക്കിടക്കുന്നു. അയാൾ ഉച്ചത്തിൽ അലറി വിളിച്ചു. അവളെ കയ്യിൽ കോരിയെടുത്ത് അയാൾ റോഡിലേക്ക് ഓടിച്ചെന്നു.ആദ്യം കിട്ടിയ ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

കണ്ണ് തുറന്ന അവളാദ്യം കണ്ടത് കലങ്ങിയ കണ്ണുമായി പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന പ്രകാശനെയാണ്.അയാൾ അവളുടെ നെറ്റിയിൽ പതിയെ തലോടിയതും ശരീരത്തിലെ വേദനകളെല്ലാം ഒഴുകിപ്പോകുന്നത്പോലെ അവൾക്ക് തോന്നി.

“നിങ്ങൾ ബോഡി ബിൽഡർ പ്രകാശല്ലേ ??..”

“അതേ…. ഞാൻ ഡോക്ടർ ജോൺ… നിങ്ങളുടെ വലിയ ഫാനാണ്…എന്തുകൊണ്ടാണ് നിങ്ങൾ mr കേരള മത്സരത്തിൽ നിന്ന് പിന്മാറിയത്…. മത്സരിച്ചിരുന്നെങ്കിൽ എന്തായാലും ഒന്നാം സ്ഥാനം അടിച്ചേനെ…”

“ഒന്നൂല്ല…. ചില പേർസണൽ പ്രോബ്ലെംസ് “

“ഞാൻ ചോദിച്ചെന്നെ ഒള്ളൂ… ഭാര്യക്ക് കുഴപ്പമൊന്നുമില്ല… നാളെ തന്നെ പോകാം… പിന്നെ, ഒരു സെൽഫി എടുക്കുന്നതിൽ വിരോധമുണ്ടോ ??”

പ്രകാശൻ അവളുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കിയതും അവൾ മുഖം കറുപ്പിച്ച് തല തിരിച്ചു.

“സോറി… ഇന്ന് വേണ്ട… “

ഡോക്ടർ പോയിക്കഴിഞ്ഞതും അവൾ തിരിച്ചുവെച്ചിരുന്ന മുഖം നേരെയാക്കി .പഴയ പുഞ്ചിരി വീണ്ടും മുഖത്ത് പുരട്ടി. അയാളെ തന്നെ സൂക്ഷിച്ചു നോക്കി. പ്രകാശൻ അപ്പോഴും സംതൃപ്തിയോടെ അവളെ തലോടുന്നുണ്ടായിരുന്നു .

രണ്ട്‌ ദിവസങ്ങൾക്ക് ശേഷമുള്ള ഒരു പ്രഭാതം, ടെറസിൽ നിന്നും ചില കോലാഹല ശബ്ദങ്ങൾ കേട്ടുകൊണ്ടാണ് പ്രകാശൻ കണ്ണ് തുറന്നത്.രാധികയെ തിരഞ്ഞു അയാളുടെ കൈകൾ ആ കട്ടിലിൽ മുഴുവൻ പരതി നടന്നു. അയാൾ അവളെ വിളിച്ചു അടുക്കളയിലേക്കു ചെന്നു. അവൾ അവിടെ ഇല്ലാ എന്ന് ബോധ്യമായതും കോണികേറി മുകളിലെത്തി.

മാസങ്ങൾക്ക് മുൻപ് ചായ്പ്പിൽ ഉപേക്ഷിച്ചിരുന്ന എല്ലാ ഉപകരണങ്ങളും അവൾ ടെറസിൽ മുഴുവൻ തയ്യാറാക്കി വെക്കുന്നു. ഓരോ ഉപകരണങ്ങളും എടുത്ത് പൊക്കുമ്പോഴും അവളുടെ നടുവ് കുനിയുന്നുണ്ട്.ഡോക്ടർമാർ കെട്ടിവെച്ച പ്ലാസ്റ്ററിനുള്ളിൽ നിന്നും ചോര പൊടിഞ്ഞ് പുറത്തേക്ക് ഒഴുകുന്നുണ്ട്.

അയാൾ തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അലറി വിളിച്ചു

“രാധികേ… നീ എന്താണ് ചെയ്യുന്നത്… ഇത്രയും ഭാരമുള്ള വസ്തുക്കൾ ഉയർത്താനുള്ള ശേഷി നിനക്കിപ്പോൾ ഉണ്ടോ ???…”

അവൾ പതിയെ മുഖം തിരിച്ചുകൊണ്ടു അയാളുടെ നേരെ നോക്കി. നെറ്റിയിൽ നിന്നും പൊടിയുന്ന വിയർപ്പ് കണങ്ങൾ ഓരോന്നും അവൾ വിരലുകൊണ്ട് തുടച്ചെടുത്തു.പ്രകാശന് നേരെ അവൾ പതിയെ നടന്നുവന്നു.

“ഏട്ടാ… ഈ പൊട്ടിപ്പെണ്ണിന്റെ വാക്കും കേട്ട് എന്തിനാണ് ഏട്ടന്റെ ഇഷ്ടങ്ങളൊക്കെ വേണ്ടാന്ന് വെച്ചത്… ആ ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ??…ഏട്ടൻ കുറേ ഉയരത്തിലെത്തേണ്ട ആളായിരുന്നു.. ഞാൻ കാരണമല്ലേ ഏട്ടന്റെ സ്വപ്‌നങ്ങൾ തകർന്നത്….എന്നിട്ടും ഏട്ടനെന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ??…

എന്റെ ഏട്ടനെ മനസ്സിലാക്കാൻ ഞാലപ്പം വൈകിപ്പോയി.. ഇനി ഞാനുമുണ്ട് ഈ മസ്സിൽമാന്റെ സ്വപ്നത്തിന്റെ കൂടെ… നല്ലൊരു ഭാര്യയായി… ഈ പൊട്ടിപെണ്ണിനോട് ക്ഷമിക്കണേ ഏട്ടാ…”

രാധിക ഏങ്ങിക്കരഞ്ഞുകൊണ്ട് പ്രകാശന്റെ നെഞ്ചിൽ തലവെച്ചതും അയാൾ അവളുടെ ശിരസ്സിൽ പതിയെ തലോടി….

“ഈ മസ്സിൽ നിറയെ എന്നോടുള്ള സ്നേഹമാണല്ലേ???….കള്ളൻ…. ഈ മസിലുകൾ ഓരോന്നും ഇനിയും നമുക്ക് വളർത്തിയെടുക്കണം…നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നേടണം “

അവളുടെ കണ്ണുനീർ തുള്ളികൾ ഓരോന്നും അയാളുടെ നെഞ്ചിനെ തണുപ്പിക്കുന്നുണ്ടായിരുന്നു…

“പിന്നേ… ആ ഷഡ്ഢി ഇട്ടുകൊണ്ടുള്ള പരസ്യം നമുക്ക് വേണ്ടാട്ടോ???”

പതിയെ പതിയെ അയാൾ പതിഞ്ഞ ശബ്ദത്തിൽ പൊട്ടിചിരിചിരിക്കാൻ തുടങ്ങി….